close
Sayahna Sayahna
Search

കഥാപീഠം പുരസ്‌കാരം



കഥാപീഠം പുരസ്‌കാരം — 2006

അനിതയുടെ വീട് എന്ന കഥാസമാഹാരത്തിന്


ആലപ്പുഴയിൽനിന്നു കിട്ടുന്ന ഈ പുരസ്‌കാരത്തിന് എനിയ്ക്ക് വൈകാരികമായൊരു ബന്ധമുണ്ട്. ഏകദേശം എൺപത്തഞ്ചു കൊല്ലം മുമ്പാണ് ഒരു പതിനാലു വയസ്സുകാരൻ പയ്യൻ ഒരകന്ന ബന്ധുവായ ശങ്കരേട്ടന്റെ കൈ പിടിച്ച് ഗുമസ്തപ്പണിയുടെ ആദ്യപാഠങ്ങൾ പഠിയ്ക്കുവാൻ ആലപ്പുഴ എത്തിയത്. പയ്യനാകട്ടെ തന്റെ സഹവാസിയായ മാഞ്ഞൂർ പരമേശ്വരൻപിള്ളയുടെ സഹായത്തോടെ കവിതയുടെ ഹരിശ്രീ കുറിയ്ക്കുകയാണ് ചെയ്തത്. സാഹിത്യത്തിൽ മാത്രമല്ല, ജീവിതത്തിലും എന്റെ പ്രഥമഗുരുവായിരുന്ന എന്റെ അച്ഛനായിരുന്നു അദ്ദേഹം, ഇടശ്ശേരി. അച്ഛൻ ആലപ്പുഴയിൽ അധികകാലമൊന്നും ഉണ്ടായിരുന്നില്ല, ഉണ്ടായിരുന്ന കാലത്തപ്പറ്റിത്തന്നെ ഞങ്ങൾ മക്കൾക്ക് ഒന്നും അറിയുകയുമില്ല.

ഞാൻ മുമ്പൊരിയ്ക്കൽ പറഞ്ഞിട്ടുണ്ട്, അച്ഛനെ ഓർത്തല്ലാതെ ഞാനൊരു വരിപോലും എഴുതിയിട്ടില്ല. അതുകൊണ്ട് ഈ പുരസ്‌കാരം സ്വീകരിയ്ക്കുമ്പോഴും ഞാൻ ആദ്യം ഓർത്തത് എന്റെ അച്ഛനെയാണ്. സാഹിത്യത്തിൽ എന്റെ ഗുരു അച്ഛനായിരുന്നു, ശരി. പക്ഷെ സാഹിത്യവാസന കിട്ടിയത് അമ്മയുടെ അടുത്തുനിന്നാണെന്നു തോന്നുന്നു. അച്ഛന്റെ അടുത്തുനിന്നായിരുന്നെങ്കിൽ ഞാൻ കഥയ്ക്കും നോവലിനും പകരം കവിതകളെഴുതുമായിരുന്നു. അമ്മ എഴുതിയിരുന്നത് കൂടുതലും കഥയായിരുന്നു.

അമ്മയുടെ അടുത്തുനിന്നുതന്നെ ജീൻവഴി ലഭിച്ചതാണ് എന്റെ രക്തസമ്മർദ്ദവും. കഥാപീഠം പുരസ്‌കാരം ലഭിച്ച വാർത്ത ഞാൻ അറിഞ്ഞത് ഐ.സി.യു.വിൽ കിടക്കുമ്പോഴാണ്. അതിനുശേഷം ഒരിയ്ക്കൽക്കൂടി ഐ.സി.യു.വിൽ കിടക്കേണ്ടി വന്നു. എനിയ്ക്ക് പൈതൃകമായിട്ടല്ലാതെ സ്വയം ആർജ്ജിച്ച ഒരസുഖവും കൂടി എന്റെ ചിരകാലസുഹൃത്തായി ഒപ്പമുണ്ട്. ട്രൈജമിനൽ നൂറാൽജ്യ, ഇടത്തെ കവിളിനു കഠിനമായ വേദന. ഈ സുഹൃത്ത് ഒന്നോ രണ്ടോ മാസത്തേയ്ക്ക് ഒരു യാത്രയ്ക്കു പോകുന്നു, വീണ്ടും തിരിച്ചു വരാൻ വേണ്ടി മാത്രം. ഇപ്പോൾ അദ്ദേഹം എന്റെ ഒപ്പമുണ്ട്. ഞാനിതൊക്കെ എന്തിനാണ് പറയുന്നതെന്നു വെച്ചാൽ ഇതൊക്കെ കാരണം അധികം സംസാരിയ്ക്കാൻ വയ്യ എനിയ്ക്ക്. കുറച്ചു സംസാരിയ്ക്കുമ്പോഴേയ്ക്ക് ട്രൈജമിനൽ ന്യൂറാൽജ്യ എന്ന സ്‌നേഹിതൻ എന്നെ ശിക്ഷിക്കുന്നു.

തൊള്ളായിരത്തി അറുപതിൽ എഴുത്തു തുടങ്ങി. ആദ്യമായി ശ്രദ്ധിക്കപ്പെട്ട കഥ ‘കൂറകൾ’ ആണ്. (നിങ്ങളെല്ലാം പാറ്റകൾ എന്നു പറയുന്നതിനെ ഞങ്ങൾ മലബാറുകാർ ‘കൂറകൾ’ എന്നാണ് പറയുന്നത്.) അറുപത്തിആറിൽ എഴുതിയ ഈ കഥ ഈയിടെ ദൂരദർശൻ ഒരു ടെലിഫിലിമാക്കി. എം.ടി.യാണ് ഈ കഥ വേണമെന്നു നിർദ്ദേശിച്ചത്. ആറു പേരുടെ കഥകൾ തിരഞ്ഞെടുത്തപ്പോൾ എം.ടി. എന്റെ കാര്യത്തിൽ മാത്രമാണ് ഇന്ന കഥതന്നെ വേണമെന്നു നിഷ്‌കർഷിച്ചത്. അതെനിയ്‌ക്കൊരു പുരസ്‌കാരത്തോളം വലിയ കാര്യമായിരുന്നു. കാരണം എം.ടി.യെപ്പോലുള്ള ഒരു വലിയ എഴുത്തുകാരൻ ഞാൻ അറുപത്തിആറിൽ നാലപതു വർഷങ്ങൾക്കു മുമ്പ് എഴുതിയ ‘കൂറകൾ’ എന്ന കഥ ഓർക്കുകയും അതിന് ഇപ്പോഴും സമകാലീന മൂല്യമുണ്ടെന്നു കണ്ട് അതൊരു ടെലിഫിലിമിനു വേണ്ടി നിർദ്ദേശിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. അതുപോലൊരു സംഭവം കുറച്ചുമുമ്പ് എറണാകുളത്ത് കലാപീഠത്തിൽ കഥ വായിയ്ക്കുമ്പോഴുമുണ്ടായി. ഒരു വായനക്കാരൻ ഞാൻ അറുപത്തഞ്ചിൽ എഴുതിയ ‘ഉണക്കമരങ്ങൾ’ എന്ന കഥ വായിക്കാനാവശ്യപ്പെട്ടപ്പോൾ. എത്രയോ വർഷങ്ങൾക്കു ശേഷം ഒരു വായനക്കാരൻ എന്റെ കഥ ഓർത്തിരിയ്ക്കുന്നു. (ശ്രീ ബാബു കുഴിമറ്റമായിരുന്നു അതെന്ന് ഓർമ്മ) ഈ രണ്ടു കഥകളും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നവയായിരുന്നു, ഉണക്കമരങ്ങൾ 65ലും കൂറകൾ 66ലും.

എഴുതാൻ തുടങ്ങുമ്പോൾ എന്റെ മുമ്പിൽ എപ്പോഴും നിൽക്കുന്നത് വായനക്കാരാണ്. കഥയുടെ അല്ലെങ്കിൽ നോവലിന്റെ നിലവാരത്തെപ്പറ്റി എന്നെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ട് എന്റെ മുമ്പിൽ നിൽക്കുന്ന ആ വായനക്കാരാണ് എന്നെക്കൊണ്ട് നല്ല കഥകൾ മാത്രം എഴുതിയ്ക്കുന്നത്.

കഥാപീഠം പുരസ്‌കാരം എനിയ്ക്ക് വളരെ വിലമതിയ്ക്കുന്ന ഒന്നാണ്. അക്കാദമികൾ തരുന്ന പുരസ്‌കാരങ്ങളേക്കാൾ ഞാൻ ആഗ്രഹിയ്ക്കുന്നത് എന്റെ വായനക്കാർ എന്നിൽ അർപ്പിയ്ക്കുന്ന ഈ വിശ്വാസമാണ്, ഈ ബഹുമതിയാണ്. ഈ പുരസ്‌കാരത്തിനു പിന്നിലുള്ള സംഘടന, അതായത് റൈറ്റേഴ്‌സ് ഫോറത്തിനും എന്റെ ‘അനിതയുടെ വീട്’ എന്ന കഥാസമാഹാരം പുരസ്‌കാരത്തിന് അർഹമാണെന്നു കണ്ടെത്തിയ ജഡ്ജിങ് കമ്മിറ്റി അംഗങ്ങൾക്കും വളരെയധികം നന്ദി. ഈ പുരസ്‌കാരം തീർച്ചയാക്കിയ ശേഷം എന്നെ നിരന്തരം ഫോണിൽ വിളിച്ച് കിട്ടാതെ (ഞാൻ ആശുപത്രിയിലായിരുന്നു.) നിരാശനാവാതെ, യാതൊരു അപ്രീതിയും കാണിക്കാതെ എന്നോടു സ്‌നേഹപൂർവ്വം സംസാരിച്ച റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രസിഡണ്ട് ഡോ. വീട്ടൂരിനും ഞാൻ നന്ദി പറയുന്നു.


6.5.2007