close
Sayahna Sayahna
Search

കനിവിന്റെ സ്പര്‍ശം



ജോമോന്റെ മുറിയിൽ മരപ്പണി നടക്കുകയാണ്. രണ്ട് അലമാറകൾ, ഒരു ഡ്രെസ്സിംഗ് ടേബ്ൾ, പിന്നെ അല്ലറചില്ലറ പണികൾ. അല്ല, ജോസഫേട്ടനല്ല; പുറമേനിന്ന് മരപ്പണിക്കാരെ വച്ചാണ് ചെയ്യിക്കുന്നത്. ജോസും കൃഷ്ണനും. അവർ വന്നു, ചുമരിന്റെ അളവെടുത്തു. അലമാറിയ്ക്കും ഡ്രെസ്സിംഗ് ടേബിളിനും എത്ര വലുപ്പം വേണം, എന്തു മരമാണ് ഉദ്ദേശിക്കുന്നത് മൈക്ക വേണോ എന്നെല്ലാം അന്വേഷിച്ചു. അവർ വിദഗ്ദരാണെന്ന് ത്രേസ്യാമ്മക്ക് ഒറ്റ നോട്ടത്തിൽ മനസ്സിലായി. ജോസഫേട്ടന് പക്ഷെ ആ അഭിപ്രായമുണ്ടായിരുന്നില്ല. ജോസ് ഇപ്പോൾ കൃഷ്ണനെ പുറത്തേയ്ക്കു വിളിപ്പിച്ച് ഗൗരവമായ ചർച്ചയിലായിരുന്നു. കയ്യിൽ മുഷിഞ്ഞ ഒരു കടലാസും ഒന്നര ഇഞ്ച് നീളം വരുന്ന ഒരു പെൻസിലും. ഇടക്കിടക്ക് ഓരോന്ന് കുത്തിക്കുറിക്കുന്നുണ്ട്.

“കൊച്ചു ത്രേസ്യേ, ആ മെലിഞ്ഞ് ക്ഷയരോഗിയെപ്പോലെയുള്ളവൻ ഇല്ലേ, എന്താണയാക്കടെ പേര്?”

“ജോസ്ന്നാ.”

“ആ അത്തന്നെ, അയാളാണ് മാസ്റ്ററ്. അയാക്കടെ കയ്യൊന്ന് നോക്കിയെ, എന്തോരം മെലിഞ്ഞിട്ടാണ്. അയാക്ക്‌ണ്ടോ ഉളി എടുത്ത് പെരുമാറാൻ പറ്റുണു?”

ത്രേസ്യാമ്മക്ക് പക്ഷെ ഒരു സംശയവുമുണ്ടായിരുന്നില്ല. കാരണം ഉണ്ടാക്കാനുദ്ദേശിക്കുന്ന അലമാറിയുടെ സവിശേഷതകൾ ഓരോന്നായി ജോസ് പറഞ്ഞപ്പോഴും തന്റെ മനസ്സിലുണ്ടായിരുന്നതും തനിക്ക് പറഞ്ഞു കൊടുക്കാൻ കഴിയാതിരുന്നതുമായ കാര്യങ്ങളാണ് അയാളുടെ വാക്കുകളിലൂടെ അനാവരണം ചെയ്യപ്പെട്ടിരുന്നത്. അലമാറിക്ക് രണ്ടു വാതിലുകൾ അല്ലെ വേണ്ടത് എന്നു ചോദിച്ചപ്പോഴേയ്ക്ക് ത്രേസ്യാമ്മ അലമാറി തുറന്നു കഴിഞ്ഞു. ഉള്ളിൽ നാലു കള്ളികളുണ്ടാകുമെന്നു പറഞ്ഞപ്പോഴേയ്ക്ക് അവർ ജോമോന്റേയും വിദൂരമല്ലാത്ത ഭാവിയിൽ തന്റെ വീട് ദീപ്തമാക്കാനെത്തുന്ന മരുമകളുടേയും വസ്ത്രങ്ങൾ നിറച്ചു കഴിഞ്ഞു. നാലു കളളിയിൽ ഒരെണ്ണം വലുതായിരിക്കുമെന്നും, അവിടെ സാരിയും ഷർട്ടുമെല്ലാം തൂക്കിയിടാമെന്നും പറഞ്ഞപ്പോൾ, ഒതുക്കിവെച്ച ഷർട്ടുകളും സാരികളും മുഴുവനെടുത്ത് ഹാങ്ങറുകളിൽ തൂക്കിയിടേണ്ടി വന്നു!

ത്രേസ്യാമ്മയുടെ പ്രവചനങ്ങൾ ശരിയായിരുന്നു. ജോസ് ഒരു നല്ല പണിക്കാരനായിരുന്നു. ഉളിയുടെ തലക്ക് ചുറ്റികയെടുത്ത് ഓരോ അടി കൊടുക്കുമ്പോഴും മരത്തിന്റെ വലിയ ചീളുകൾ ആകാശത്തേയ്ക്ക് പറന്നു. ചിന്തേരെടുത്ത് നാലു പ്രാവശ്യം വലിക്കുമ്പോഴേക്ക് പരുപരുത്ത മരം ഒരു കൊച്ചുകുട്ടിയുടെ കവിൾപോലെ മിനുസപ്പെട്ടു. അവരുടെ കൺമുമ്പിൽവച്ച് ഒരു കലാരൂപം ഉയിരെടുക്കുകയാണ്. പ്ലൈവുഡ് പലകകൾ തട്ടുകളായി മാറി, തട്ടുകൾ രണ്ടു ദിവസങ്ങൾക്കുള്ളിൽ ഒരു ഷെൽഫായി ചുമരരുകിൽ നിലകൊണ്ടു.

“രണ്ടു ദിവസം കൊണ്ട് അവര് ഇത്രേം ചെയ്തു അല്ലേ?”

“കൊച്ചു ത്രേസ്യേ, ഇനിയുള്ള പണിക്കാണ് സമയമെടുക്കുക. ഇത്രീം പണി ശരിക്കു പറഞ്ഞാൽ ഒരു ദിവസത്തേക്കേ ഉള്ളു, അവര് വലിച്ച് നീട്ടണതാ. ഇക്കണക്കിന് പോയാൽ ഇനി ഒരു എട്ടു ദിവസത്തെ പണിയെങ്കിലുമുണ്ടാകും. പണിക്കാര് മോശാ.”

ത്രേസ്യാമ്മയ്ക്കതു മുഴുവൻ ബോധ്യമായില്ല. മരപ്പണിക്കാർ ജോലി ചെയ്യാൻ തുടങ്ങിയ അന്നുമുതൽ ജോസഫേട്ടൻ ഒരു പ്രത്യേക മാനസികാവസ്ഥയിലാണെന്ന് അവർ കണ്ടു പിടിച്ചു. അദ്ദേഹം ഇടക്കിടക്ക് തന്റെ മാസ്റ്റർപീസായ കോഴിക്കൂടിന്റെ അടുത്തുപോയിനിൽക്കും. കൂട് ഓരോ കോണിലും നോക്കി പഠിക്കും. അങ്ങിനെ നോക്കിനില്‌ക്കെ അദ്ദേഹം അതൃപ്തനാവും. ജോലിക്കാർ ചായ കുടിക്കാൻ പുറത്തുപോകുന്നതും കാത്തിരിക്കും. അവർ പടി കടന്നു എന്നുറപ്പായാൽ അവരുടെ പണിയായുധങ്ങളിൽ പരതി തനിക്കാവശ്യമുള്ള ഒന്നുരണ്ടായുധങ്ങൾ എടുത്ത് അടുക്കള മുറ്റത്തേക്കിറങ്ങും. അവിടെ ഒരുളിപ്രയോഗം, ഇവിടെ വാളെടുത്ത് ഒരു പലക നീളം കുറക്കൽ, അങ്ങിനെ സമയം പോകുന്നതറിയില്ല. കുറച്ചുകഴിഞ്ഞ് തലയുയർത്തി നോക്കുമ്പോൾ കാണുന്നത് രണ്ടു ജോടി കണ്ണുകൾ തന്നെ പകച്ചു നോക്കുന്നതാണ്. ഒന്ന് ആ വീടിന്റെ ഉടമയായ കോഴിയുടെ, രണ്ട് ആ കോഴിയുടെ ഉടമയായ ത്രേസ്യാമ്മയുടെ.

ആയുധങ്ങൾക്കുവേണ്ടി പരതിനടന്ന പണിക്കാർ വീടുചുറ്റി അടുക്കളമുറ്റത്തെത്തിയിരുന്നു. ജോസഫേട്ടന്റെ കലാശില്പത്തിനു മുമ്പിൽ അവരും തെല്ലുനേരം പകച്ചു നിന്നു.

“ഇത് ചേട്ടൻണ്ടാക്കിയതാ?”

“അതേ ജോസെ, എങ്ങനെണ്ട്?”

“ഞങ്ങളൊക്കെ ആയുധം വച്ച് കീഴടങ്ങേണ്ടിവരുംന്ന് തോന്ന്ണ്.’ ജോസ് ചിരിച്ചുകൊണ്ട് പറഞ്ഞു.

അവർ ആയുധങ്ങളെടുത്ത് പോയപ്പോൾ അച്ചായൻ പറഞ്ഞു. “അവര് നല്ല പണിക്കാരാ കൊച്ചു ത്രേസ്യേ. നല്ല പണിക്കാർ ക്ക് നല്ല പണി പെട്ടെന്ന് മനസ്സിലാവും.”

കോഴി കഴുത്ത് വളച്ച് ഒരു ശബ്ദമുണ്ടാക്കി. ജോസഫേട്ടൻ ശത്രുതയോടെ അതിനെ നോക്കി. “വേണ്ടെടീ.”

മരപ്പണി അവരുടെ, പ്രത്യേകിച്ച് പ്ലേസ്‌കൂളിൽ വരുന്ന കുട്ടികളുടെ താളം തെറ്റിച്ചു. ആദ്യത്തെ രണ്ടുദിവസം അവർ പണിക്കാർ പണിയുന്നിടത്ത് വന്നുനിന്നു. അവർക്കത് പുതുമയായിരുന്നു. മൂന്നാം ദിവസം തൊട്ട് അവർക്കതു മടുത്തു. മാത്രമല്ല ചുറ്റിക കൊണ്ടുള്ള അടിയുടേയും, പലക അറുക്കുന്നതിന്റേയും ശബ്ദം അവരുടെ ഉച്ചയുറക്കത്തെ ബാധിച്ചു. ഒരു മൂന്നുമണിയാകുമ്പോഴേയ്ക്ക് അവരെല്ലാം വാശിക്കാരാകുകയും ചെയ്തു. ഇതു ശരിയാവില്ലെന്ന് ത്രേസ്യാമ്മക്കു തോന്നി. ബിസിനസ്സിനെ ബാധിക്കുന്ന കാര്യമാണ്. ഒരു നല്ല പ്ലേസ്‌കൂളെന്ന പേരുണ്ടാക്കിക്കൊണ്ടുവരികയാണ്. അതിനിടക്ക് അസംതൃപ്തരായ കസ്റ്റമേഴ്‌സ് എല്ലാ ഗുഡ്‌വില്ലും കളഞ്ഞു കുളിക്കും. നല്ല മൂഡിലല്ലെങ്കിൽ പിള്ളേര് വീട്ടിൽ പോയി ഇല്ലാത്തതൊക്കെയാണ് പറഞ്ഞുകൊടുക്കുക. “ആന്റി പിച്ചി”, “ആന്റി വഴക്കു പറഞ്ഞു” എന്നോക്കെ പറഞ്ഞുകളയും.

“നമുക്കൊരു കാര്യം ചെയ്യാം കൊച്ചു ത്രേസ്യേ.” ജോസഫേട്ടൻ പറഞ്ഞു. “ഒരു അലമാറി ഏതായാലും ഉണ്ടാക്കിയില്ലേ. ഇനി മറ്റേ അലമാറിയും ഡ്രെസ്സിങ്ങ്‌ടേബ്‌ളും അവര് വീട്ടീന്ന് ഉണ്ടാക്കിക്കൊണ്ടുവരട്ടെ.’

കാര്യം തരക്കേടില്ലെന്ന് ത്രേസ്യാമ്മക്കും തോന്നി. ഒരളമാറിയുണ്ടാക്കിയ സ്ഥിതിക്ക് രണ്ടാമത് അതേപോലെ ഒരെണ്ണം ഉണ്ടാക്കാൻ വലിയ പ്രയാസമൊന്നുമില്ല. അളവിന്റെ കാര്യത്തിൽ വല്ല സംശയവുമുണ്ടെങ്കിൽ ഒന്നിത്രേടം വരുകയല്ലെ വേണ്ടു. പള്ളുരുത്തിയിൽ നിന്ന് ഇവിടെ വരാൻ എത്ര ദൂരമുണ്ട്.

“അയാള്‌ടെ അഡ്രസ്സ് തന്നിട്ടുണ്ടോ?”

ജോസഫേട്ടൻ പോക്കറ്റിൽനിന്ന് ഒരു തുണ്ടു കടലാസ് പുറത്തെടുത്തു വായിച്ചു.

“മാഞ്ചുവട്ടിൽ ജോസ് വർഗീസ്, .െറ.ു.്യ.ക്കു സമീപം. പള്ളുരുത്തി.”

“ഇങ്ങനെ ഒരഡ്രസ്സൊക്കെ മത്യോ? കണ്ട മാഞ്ചോട്ടിലൊക്കെ പോയാൽ ഇയ്യാളെ കാണാൻ പറ്റ്വോ?”

“മാഞ്ചോട്ടിൽന്നത് ഇയ്യാക്കടെ വീട്ടുപേരാണ്. പിന്നെ മരപ്പണിക്കാരേം രാഷ്ട്രീയക്കാരേം എല്ലാരും അറിയും. എല്ലാരും തെരക്കിപോണ കൂട്ടരല്ലെ.”

ജോസ് പക്ഷെ വലിയ താല്പര്യം കാണിച്ചില്ല.

“വീട്ടിലിരുന്നാല് പണിയൊന്നും നടക്കില്ല.” ജോസ് പറഞ്ഞു. “ഒന്നാമതായി പെമ്പ്രന്നോര് സൈ്വരം തരില്ല. പിന്നെ ആരെങ്കിലും ജോലിയെന്നു പറഞ്ഞു വരീം ചെയ്യും.”

കാര്യത്തിന്റെ ഗൗരവം മനസ്സിലായപ്പോൾ അവസാനം ജോസ് സമ്മതിച്ചു. അയാൾ തന്റെ അസിസ്റ്റന്റിനെയും വിളിച്ചു തല ചൊറിഞ്ഞുകൊണ്ട് സംസാരിച്ചു. ഒരു കുറിയ പെൻസിൽ ഉളികൊണ്ട് മൂർച്ച കൂട്ടി പോക്കറ്റിൽനിന്നെടുത്ത അഴുക്കുപിടിച്ച കടലാസിൽ കണക്കുകൂട്ടാൻ തുടങ്ങി. ഇടക്കിടക്ക് ടേപ്പുമായി അകത്തേക്കു കയറി ചുമരിന്റേയും മറ്റും കണക്കെടുക്കും. മൂന്നുമണിക്കു തുടങ്ങിയ അഭ്യാസം നാലരയായപ്പോഴും തുടരുകതന്നെയായിരുന്നു. ജോസിന്റെ മാന്ത്രികവേലകളിൽ മയങ്ങിനിൽക്കുന്ന ത്രേസ്യാമ്മയെ ജോസഫേട്ടൻ വിളിച്ചു സ്വകാര്യമായി പറഞ്ഞു.

“കൊച്ചുത്രേസ്യേ, അവര് ഇപ്പോ ചെയ്യണ പണിണ്ടല്ലോ, ഈ അളവെടുക്കല്.”

“അതേ...”

“അത് നമ്മടെ സമയത്താ ചെയ്യണത്. നമ്മള് ദെവസക്കൂലി കൊടുക്കണത് പണിയെടുക്കാനാ, അല്ലാതെ ടേപ്പെടുത്ത് അളന്ന് സമയം കളയാനല്ല. വീട്ടീക്കൊണ്ടോയി ചെയ്യണ കാര്യം നീ ഇപ്പോ പറയേണ്ടീര്ന്നില്ല.’

“പോഴത്തായി.” ആത്മസാക്ഷാത്ക്കാരം ത്രേസ്യാമ്മക്ക് എന്നും വൈകിയേ ഉണ്ടാകാറുള്ളു. ഉണ്ടാക്കിത്തുടങ്ങിയ അലമാറിയുടെ പണിതന്നെ മുഴുവനായിട്ടില്ല. എട്ടുദിവസമായി, ഇനി ശരിക്കു പറഞ്ഞാൽ രണ്ടു മണിക്കൂർ നേരത്തെ പണിയും കൂടിയേയുള്ളു. ആ രണ്ടുമണിക്കൂറാണ് ഇപ്പോൾ അളവെടുത്ത് നശിപ്പിച്ചത്. ഇനി അതിന്നായി ഒരു ദിവസത്തെ കൂലി കൊടുക്കേണ്ടിവരും. പിന്നെയാണ് ഓർത്തത്, ജോസ് നല്ല സംസാരപ്രിയനാണ്. എന്തെങ്കിലും ഒരു കാര്യം ചോദിച്ചാൽ മതി, അയാളുടനെ ഉളി നിലത്തുവയ്ക്കും, പിന്നെ ഒരു മണിക്കൂർ സംസാരമാണ്. തന്റെ അത്രതന്നെ വിരളമല്ലാത്ത സംശയങ്ങളുടെ നിവാരണങ്ങൾക്കായി മോശമല്ലാത്തൊരു വില കൊടുത്തിരുന്നുവെന്ന് ത്രേസ്യാമ്മക്ക് മനസ്സിലായി. “കർത്താവേ, അച്ചായൻ അതെങ്ങാനുമറിഞ്ഞാൽ!”

മരവും മൈക്കയും മറ്റും വാങ്ങാൻ രണ്ടായിരം രൂപ അച്ചാരവും കൊടുത്ത് മരപ്പണിക്കാരെ പറഞ്ഞയച്ചു. അവരുടെ അഭാവം കുട്ടികൾ ഉച്ചക്കാണ് മനസ്സിലാക്കിയത്. ഉച്ചഭക്ഷണം കഴിഞ്ഞ് ഉറക്കാൻ കിടത്തിയ കുട്ടികൾ ഉറക്കും വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. കിടത്തിയാൽ ഉടനെ ഉറങ്ങാറുള്ളതാണ് ശൈലജയുടെ മോൾ. അവൾകൂടി ഉറങ്ങാതെ കിടന്നു, മൂത്തവർ എഴുന്നേൽക്കുന്നതു കണ്ട് എഴുന്നേറ്റിരുന്നു.

“എന്താ പിള്ളേരെ ഉറങ്ങാത്തത്?” ത്രേസ്യാമ്മ ചോദിച്ചു.

അവർ ഒന്നും പറയാതെ നടക്കാൻ തുടങ്ങി, ഉമ്മറത്തിന്റെ ചാരിയ വാതിൽ തുറന്ന് ഓരോരുത്തരായി മുറ്റത്തേയ്ക്ക് മാർച്ച് ചെയ്തു. മരപ്പണിക്കാർ തലേന്നുവരെ ജോലി ചെയ്തസ്ഥലത്തെത്തി അവർ നിന്നു. അവിടെ ആരുമുണ്ടായിരുന്നില്ല. അവർ ചോദ്യഭാവത്തോടെ ത്രേസ്യാമ്മയെ നോക്കി. അവർ ഭയത്തോടെ ആ യാഥാർത്ഥ്യം മനസ്സിലാക്കി. പിള്ളേര് ഇനി ഉറങ്ങണമെങ്കിൽ മരപ്പണിക്കാരുടെ ബഹളം കേൾക്കണം! ചുറ്റികയുടെയും അറക്കവാളിന്റെയും ശബ്ദം അവർക്ക് ശീലമായിരിക്കുന്നു.

ജോസഫേട്ടന്റെ അമ്മയെ പ്രഷർ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജോസഫേട്ടൻ പകുതി സമയവും ആശുപത്രിയിൽ കഴിച്ചുകൂട്ടി. അതിനോട് എതിർപ്പുണ്ടായിരുന്നു ത്രേസ്യാമ്മയ്ക്ക്. ഇടയ്ക്ക് വീട്ടിലെ കാര്യങ്ങളും ശ്രദ്ധിക്കാം. അമ്മച്ചിതന്നെ പറയും.

“ജോസേ നീ ഇവിടെ നിക്ക്വാണെങ്കില് എന്റെ പ്ലഷറ് മാറുകേല കേട്ടോ.”

ജോസഫേട്ടൻ പഴയ കാര്യങ്ങൾ ഓർമ്മിപ്പിക്കും. ഓർമ്മിക്കാൻ സുഖമുള്ള കാര്യങ്ങളായിരിക്കണമെന്നില്ല അവ. എന്നിട്ട് ചോദിക്കുകയും ചെയ്യും. “അമ്മച്ചിക്ക് ഓർമ്മണ്ടോ?” അതോടെ അവരുടെ രക്തസമ്മർദ്ദം കൂടുകയും ചെയ്യും.

ആശുപത്രിക്കും വീട്ടിനുമിടയിലുള്ള ജീവിതത്തിനുള്ളിൽ മരപ്പണിക്കാരുടെ കാര്യം തീരെ വിട്ടുപോയി. ഇടക്ക് ഓർമ്മ വരുമ്പോൾ വിചാരിക്കും, മരപ്പണിയല്ലെ, സമയമെടുക്കും. ആവുമ്പോൾ കൊണ്ടുവന്നുതരും. ദിവസങ്ങൾ ആഴ്ചകളും മാസങ്ങളുമായതവർ അറിഞ്ഞില്ല. ഒരു ദിവസം കലണ്ടറെടുത്തുനോക്കുമ്പോഴാണ് മനസ്സിലാവുന്നത് മരപ്പണിക്കാർ അച്ചാരവും വാങ്ങിപ്പോയിട്ട് മാസം രണ്ടായെന്ന്.

“അവര് നമ്മളെ വച്ചു പോയതായിരിക്ക്യോ?” ത്രേസ്യാമ്മ സംശയം പറഞ്ഞു.

“ഏയ്, അങ്ങനൊന്നും ചെയ്യില്ല,” ജോസഫേട്ടൻ പറഞ്ഞു. “ആയാക്ക് വേറെ എന്തെങ്കിലും പണി കിട്ടിയിട്ടുണ്ടാവും.”

“എന്നാലും അയാൾക്ക് ഒന്നിവിടംവരെ വന്ന് പറയരുതോ.”

അതു ശരിയാണെന്ന് ജോസഫേട്ടന് തോന്നിയിരുന്നു. അങ്ങിനെയാണ് കത്തുകളുടെ പ്രവാഹം തുടങ്ങിയത്. ഒരു വഴിക്കുമാത്രം. മറുപടിയൊന്നുമില്ല. ആദ്യത്തെ കത്തിലെ മൃദുവായ സ്വരം പിന്നീടുള്ള കത്തുകളിൽ ക്രമേണ പരുഷമായി. അവസാനത്തെ കത്ത് തികച്ചും ഭീഷണമായിരുന്നു. അച്ചാരമായി തന്ന രണ്ടായിരം രൂപ മൂന്നു മാസത്തെ ഇരുപതു ശതമാനം തോതിൽ പലിശയായിവന്ന നൂറ്റയ്മ്പതുരൂപയടക്കം റൊക്കം രണ്ടായിരത്തി ഒരുനൂറ്റയ്മ്പതു രൂപ ഇന്നേയ്ക്ക് പത്തു ദിവസത്തിന്നുള്ളിൽ തിരിച്ചടച്ചില്ലെങ്കിൽ നിങ്ങൾക്കെതിരായി വഞ്ചനാക്കേസെടുക്കുമെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. എന്ന് വിധേയൻ ജോസഫ് കെ. വഞ്ചിക്കാടൻ. താഴെ ഒരു പി.എസ് കൂടി എഴുതിച്ചേർക്കാൻ അദ്ദേഹം മറന്നില്ല. “കേസ് കൊടുത്താൽ പോലീസുവന്ന് നിങ്ങളെ തല്ലിച്ചതച്ചാൽ അതിന് ഞാൻ ഉത്തരവാദിയല്ലെന്നുകൂടി പറഞ്ഞുകൊള്ളുന്നു.”

കത്ത് ത്രേസ്യാമ്മയ്ക്ക് വായിച്ചുകേൾപ്പിച്ചു. ഓരോ വാചകം കഴിയുമ്പോഴും അവർ ശരിയെന്ന മട്ടിൽ തലയാട്ടി. അവസാനം പി.എസ് വായിച്ചുകേട്ടപ്പോൾ അവർ ചോദിച്ചു.

“കേസു കൊടുത്താല് പോലീസൊക്കെ വന്ന് തല്ലിച്ചതക്കുമോ?”

“ഏയ്, ഒന്നു വെരട്ടാൻവേണ്ടി എഴുതിയതല്ലെ.”

“തീർച്ചയല്ലേ?”

ഈ കത്തിന്നും മറുപടി കിട്ടിയില്ലെങ്കിൽ കേസുകൊടുക്കണമെന്ന് അദ്ദേഹം തീർച്ചയാക്കി.

“അയാൾ വല്ല ഗൾഫിലും പോയിട്ട്‌ണ്ടെങ്കിൽ അയാക്കടെ ഫാര്യയില്ലെ, ആ പെമ്പ്രന്നോർക്ക് ഒരു കാർഡ് എഴുതിയിടായിര്ന്നില്ലെ?”

ജോസഫേട്ടന്റെ ചോദ്യം ന്യായമായിരുന്നു. അതുകൊണ്ട് കത്തയച്ചതിന്റെ എട്ടാംദിവസം രാവിലെ പ്രാതൽ കഴിഞ്ഞ് അലക്കിത്തേച്ച മുണ്ടും ഷർട്ടും ധരിച്ച്, “കൊച്ചുത്രേസ്യേ, ഞാൻ വക്കിലിന്റോടെ പോയേച്ചു വരാം” എന്നു പറഞ്ഞ് ഇറങ്ങിയപ്പോൾ, അവർ ഒന്നും പറയാനാവാതെ നിന്നു. പോലീസുകാർ ജീപ്പിൽ വന്ന് ചാടിയിറങ്ങുന്നതും പുരയ്ക്കകത്ത് ഒളിച്ചിരിക്കുന്ന മെലിഞ്ഞ മനുഷ്യനെ പുറത്തെടുത്ത് ഇടിക്കുന്നതും തൂക്കി ജീപ്പിലേക്കെറിയുന്നതും ഒരു ടിവി സ്‌ക്രീനിലെന്നപോലെ കണ്ടപ്പോൾ അവർ കർത്താവിനെ വിളിച്ചു.

“കർത്താവേ, ഞാൻ ടിവി കാണുന്നത് കുറച്ചു കൂടുതലാവുന്നുണ്ട്ന്ന് തോന്നുന്നു. പോലീസുകാര് ഇങ്ങനെയാക്കെ ഇടിക്കുമോ?”

കുരിശിന്മേൽ തറയ്ക്കപ്പെട്ട് ഷോകേസിനു മുകളിൽ നിലകൊണ്ട യേശു ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന്റെ ആ കിടപ്പ് അധികാരത്തിന്റെ ദാർഷ്ട്യത്തിന്ന് ഏതുവരെ പോകാമെന്നതിന്റെ മൂകസാക്ഷിപത്രമായിരുന്നു. ത്രേസ്യാമ്മയ്ക്ക് പെട്ടെന്ന് ഭയമായി. ഇനി അഥവാ ജോസ് വീട്ടിലില്ലെങ്കിലോ? പാവം പെമ്പ്രന്നോരെ അവർ എന്തെങ്കിലും ചെയ്യുമോ? ത്രേസ്യാമ്മ ഉമ്മറത്തേക്കോടി. ഭാഗ്യത്തിന് ജോസഫേട്ടൻ പടിക്കൽതന്നെയുണ്ടായിരുന്നു. എട്ടുപത്തു വയസ്സു പ്രായമുള്ള ഒരു മെലിഞ്ഞുണങ്ങിയ ചെറുക്കനുമായി സംസാരിച്ചു നില്ക്കുകയായിരുന്നു അദ്ദേഹം.

“ചെക്കാ, നിന്റെ മൊഖത്ത് എന്തോ കള്ളത്തരംണ്ടല്ലോടാ.”

എന്തോ പ്രശ്‌നമായിരിക്കയാണ്. ത്രേസ്യാമ്മ മനസ്സിൽ കരുതി. സ്വന്തം ക്ഷമയെപ്പറ്റി ജോസഫേട്ടനുള്ള അഭിപ്രായമായിരുന്നില്ല ത്രേസ്യാമ്മക്ക്. അവർ ചോദിച്ചു.

“എന്താടാ മോനെ നെന്റെ പേര്?”

“പീറ്റർ.” അവൻ ഭയത്തോടെ പറഞ്ഞു.

“നിനക്കെന്നാ വേണം?”

കുറച്ചു ധൈര്യം കിട്ടിയപ്പോൾ അവൻ പറഞ്ഞു. “എനക്ക് ജോസഫ് മൊതലാളീനെ കാണണം.”

അപ്പോൾ അതാണ് സംഗതി. അവൻ തന്നെ കാണാൻ വന്നിരിക്കയാണ്. മുതലാളി എന്ന മാന്ത്രികപദം അദ്ദേഹത്തിന്റെ വീക്‌നസ്സായിരുന്നു. അദ്ദേഹം ചോദിച്ചു. “നീയെവിടുന്നാ വരണേ?”

“പള്ളുരുത്തീന്നാ.”

“പള്ളുരുത്തീന്നോ?” ചോദിച്ചത് ത്രേസ്യാമ്മയായിരുന്നു.

“അതെ, ഞാൻ മരപ്പണിക്കാരൻ ജോസിന്റെ മകനാ.”

“അപ്പനെവിടെ?” ജോസഫേട്ടൻ ചോദിച്ചു. “രണ്ടായിരം രൂപേംകൊണ്ട് പോയതാ.”

അവന്റെ ഭയന്ന മുഖം കൂടുതൽ ഇരുണ്ടു. ചുണ്ടുകൾ വിറക്കാൻ തുടങ്ങി. കണ്ണിൽ ഊറിവന്നജലം കീറിയ ഷർട്ടിന്റെ കയ്യിൽ തുടച്ചുകൊണ്ട് അവൻ ട്രൗസറിന്റെ പോക്കറ്റിനു മീതെ തിരുപ്പിടിക്കാൻ തുടങ്ങി. പെട്ടെന്ന് അവനെ ഭയം ഗ്രസിച്ചു. അവൻ കരഞ്ഞുകൊണ്ട് പറയാൻ തുടങ്ങി.

“മൊതലാളീ, അമ്മച്ചീനെ പോലീസിനെക്കൊണ്ട് പിടിപ്പിക്കല്ലെ. പണം കൊണ്ടന്ന്ട്ട്ണ്ട്.”

“അമ്മച്ചീനെ പോലീസിനെക്കൊണ്ട് പിടിപ്പിക്ക്യേ? നെന്റെ അപ്പനെവിടെ?”

“അപ്പൻ ചത്തൂ.” അവന്റെ കരച്ചിൽ ഉറക്കെയായി. ട്രൗസറിന്റെ പോക്കറ്റിനുമേൽ കുത്തിയ പിൻ അഴിക്കാൻ ശ്രമിക്കയായിരുന്ന ആ മെലിഞ്ഞിരുണ്ട കുട്ടിയെ നോക്കിനിന്നപ്പോൾ ത്രേസ്യാമ്മക്ക് വിഷമമായി. അവർ അവന്റെ അടുത്തുചെന്ന് അവന്റെ തോളിൽ കയ്യിട്ടു.

“നീ കരയാതെ മോനെ. അപ്പൻ എങ്ങനാ മരിച്ചത്?”

“അപ്പൻ ആശുപത്രീന്നാ മരിച്ചത്.”

“നിയെന്തിനാ പോക്കറ്റില് പിന്ന് കുത്തിയിരിക്കണത്?”

“അത് അമ്മച്ചി കുത്തിത്തന്നതാ, പണം പോവാണ്ടിരിക്കാൻ.”

ത്രേസ്യാമ്മ കുമ്പിട്ടിരുന്ന് ആ പിൻ അഴിച്ചു. അവൻ പോക്കറ്റിൽനിന്ന് ഒരു കടലാസുപൊതിയെടുത്തു ത്രേസ്യാമ്മക്കു കൊടുത്തു. “ആയിരം രൂപണ്ട്, ബാക്കി ആയിരം രൂപേം പലിശേം കൊറച്ച് ദെവസത്തിനുള്ളില് തരാന്ന് പറഞ്ഞു അമ്മച്ചി. കേസ് കൊടുക്കല്ലെ മൊതലാളീ.”

ജോസഫേട്ടൻ കടലാസുപൊതി തുറന്നു. നൂറിന്റെ പത്തു നോട്ടുകൾ.

“എങ്ങനാ ഇത്രേം രൂപണ്ടാക്കീത്?” ജോസഫട്ടൻ ചോദിച്ചു.

“അമ്മച്ചീടെ ചെയിൻ ബാങ്കില് കൊടുത്ത് കിട്ടീതാ.”

ത്രേസ്യാമ്മ ഒന്നും പറയാനാവാതെ നിന്നു. കെട്ടുതാലി ബാങ്കിൽ പണയം വച്ച് കിട്ടിയ പണം മകന്റെ പോക്കറ്റിലിട്ട്, അതു നഷ്ടപ്പെടാതിരിക്കാൻ ഒരു പിന്നും കുത്തിക്കൊടുത്ത് വലിയവരുടെ ദയയും പ്രതീക്ഷിച്ച് മകനെ പറഞ്ഞയക്കുന്ന മെലിഞ്ഞുണങ്ങിയ ഒരമ്മയെ അവർ മനസ്സിൽ കണ്ടു. ജോസഫേട്ടൻ വക്കീലിനെ കാണാൻ പോകുന്നതിനുമുമ്പുതന്നെ അവനെ എത്തിച്ച കർത്താവിന് അവർ നന്ദി പറഞ്ഞു. തലനാരിഴയുടെ ഇടകൊണ്ട് ഒരു മഹാപാപത്തിൽനിന്ന് ദൈവം തന്നെയും കുടുംബത്തേയും രക്ഷിച്ചിരിക്കുന്നു.

“നീ എങ്ങിനെയാണ് വന്നത്?” ജോസഫേട്ടൻ ചോദിച്ചു.

“ഞാന്നടന്നിട്ടാ വന്നത്.’

എട്ടു കിലോമീറ്റർ ദൂരം! എന്താണ് ബസ്സുപിടിച്ചു വരാഞ്ഞതെന്ന ചോദ്യത്തിന് പ്രസക്തിയില്ല. ജോസഫേട്ടൻ വല്ലാതായി. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ് എന്ന് അറിഞ്ഞിരുന്നുവെങ്കിൽ?

വയറു നിറച്ച് ഭക്ഷണം കൊടുത്ത് അവൻ കൊണ്ടുവന്ന പണം പൊതിഞ്ഞ് പോക്കറ്റിലിട്ട് പിന്നുകുത്തിക്കൊടുത്ത് ഷർട്ടിന്റെ പോക്കറ്റിൽ അമ്പതുരൂപയും ബസ്സുകൂലിക്കുള്ള ചില്ലറയും ഇട്ട് ആ പത്തുവയസ്സുകാരനെ പറഞ്ഞയച്ചശേഷം ത്രേസ്യാമ്മ അകത്ത് കർത്താവിന്റെ രൂപത്തിനുമുമ്പിൽ പോയി മുട്ടുകുത്തിനിന്നു. കണ്ണീർ ധാരയായി ഒഴുകി.

ഒരു കുഞ്ഞിക്കൈയ്യിന്റെ സ്പർശമനുഭവപ്പെട്ടപ്പോഴാണ് അവർ ഉണർന്നത്. ശൈലജയുടെ മോൾ മുട്ടുകുത്തി വന്നിരിക്കുന്നു. അവൾ അമ്മച്ചിയെ കാണാതെ അന്വേഷിച്ചുവന്നിരിക്കയാണ്.

“അമ്മച്ചീടെ മോള് വന്നല്ലോ” അവർ മോളെ വാരിയെടുത്തു.