close
Sayahna Sayahna
Search

Difference between revisions of "കാണുമ്പോഴെല്ലാം അപരിചിതർ"


(Created page with " എം.ടി.യെ ഞാൻ ആദ്യമായി കാണുന്നത് തൊള്ളായിരത്തി അറുപത്തിയാറിലാണ്....")
(No difference)

Revision as of 12:58, 28 May 2014


എം.ടി.യെ ഞാൻ ആദ്യമായി കാണുന്നത് തൊള്ളായിരത്തി അറുപത്തിയാറിലാണ്. അച്ഛന്റെ ഷഷ്ടിപൂർത്തി ആഘോഷവേളയിൽ. മൂന്നു ദിവസം നീണ്ടു നിന്ന പരിപാടികളിൽ വളരെയധികം സാഹിത്യകാരന്മാർ പങ്കെടുത്തിരുന്നു. സമ്മേളനത്തിൽ പങ്കുകൊണ്ടിരിക്കെ എം.ടി.യ്ക്ക് അസുഖമായി. വിശ്രമിക്കാനായി അദ്ദേഹത്തെ പൊന്നാനി ടി.ബി.യിലാക്കി. അവിടെ പോയിട്ടാണ് ഞാൻ എം.ടി.യെ ആദ്യമായി കാണുന്നത്. അതിനുമുമ്പ് എന്റെ ‘ഉണക്കമരങ്ങൾ’, ‘കൂറകൾ’ എന്ന രണ്ടു കഥകൾ അദ്ദേഹം മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചിരുന്നു. ആദ്യത്തെ കഥ ‘ഉണക്കമരങ്ങൾ’ കിട്ടിയപ്പോൾ അദ്ദേഹത്തിന്റെ കത്തുണ്ടായിരുന്നു. ‘കഥ കിട്ടി, നന്നായിട്ടുണ്ട്. അടുത്തുതന്നെ പ്രസിദ്ധപ്പെടുത്താം’. മൂന്നാഴ്ചക്കുള്ളിൽ അത് ആഴ്ചപ്പതിപ്പിൽ വരികയും ചെയ്തു. അടുത്ത കഥയെഴുതിയത് ഒരു വർഷം കഴിഞ്ഞിട്ടാണ്. ‘കൂറക’ളെപ്പറ്റി അദ്ദേഹം വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്.

ടി.ബി.യിലെ മുറിയിൽ അദ്ദേഹം കിടക്കുകയായിരുന്നു. തലയിണ വെച്ച് ചാരിയിരുന്നു എം.ടി. സംസാരിച്ചു. കഥകളെപ്പറ്റി, എങ്ങിനെ നല്ല കഥകൾ എഴുതാമെന്ന്. വളരെ കുറച്ചു മാത്രമെഴുതിയാൽ മതി, പക്ഷെ എഴുതുന്നതെന്തും നന്നായിരിയ്ക്കണം എന്ന ഉപദേശവും തന്നു. ഞാനത് അക്ഷരംപ്രതി നടപ്പാക്കി. തൊള്ളായിരത്തി അറുപത്തിരണ്ടു മുതൽ എഴുപത്തൊന്നുവരെയുള്ള പത്തുകൊല്ലത്തിനുള്ളിൽ ആകെ എഴുതിയ കഥകളുടെ എണ്ണം പതിനൊന്ന്. അതിൽത്തന്നെ ഒരു കഥപോലും എഴുതാത്ത വർഷവുമുണ്ട്, 1967. മാതൃഭൂമിയിൽ രണ്ടു കഥകൾ പ്രസിദ്ധീകരിച്ച ശേഷവും ഇത്രയധികം സംയമനം പാലിച്ച ഒരു പുതുകഥാകാരൻ എനിയ്ക്കുതന്നെ അദ്ഭുതമായിരുന്നു. ആ ഉപദേശത്തിന്റെ ഗുണം ഞാൻ വളരെ പിന്നീടാണ് മനസ്സിലാക്കിയത്. തൊണ്ണൂറിലോ മറ്റോ ആണ്, ഞാൻ കേരള കലാപീഠം ഒരുക്കിയ അരങ്ങിൽ കഥകൾ വായിക്കുകയായിരുന്നു. നാലു കഥകൾ വായിക്കാനായിരുന്നു ഉദ്ദേശ്യം. കഥകൾ വായിച്ചു കഴിഞ്ഞപ്പോൾ മുമ്പിൽത്തന്നെ ഇരുന്ന ഒരാൾ എന്നോട് ‘ഉണക്കമരങ്ങൾ’ വായിക്കാൻ ആവശ്യപ്പെട്ടു. എനിയ്ക്ക് അദ്ഭുതമായി. ഞാൻ അറുപത്തഞ്ചിൽ എഴുതിയ കഥ അദ്ദേഹം ഇപ്പോഴും ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷവും ഓർത്തിരിയ്ക്കുന്നു.

അതുപോലെ രണ്ടായിരത്തി ആറിൽ പ്രമുഖരായ എതാനും എഴുത്തുകാരുടെ കഥകൾ ടെലിഫിലിമാക്കാൻ ദൂരദർശൻ തീരുമാനിച്ചു. എം.ടി.യെയായിരുന്നു എഴുത്തുകാരെ തെരഞ്ഞെടുക്കാൻ ഏല്പിച്ചിരുന്നത്. അദ്ദേഹം തെരഞ്ഞെടുത്ത പേരുകളിൽ എന്റേതുമുണ്ടായിരുന്നു. മാത്രമല്ല എന്റെ ‘കൂറകൾ’ ആണ് അദ്ദേഹം നിർദ്ദേശിച്ചത്. മറ്റു പല എഴുത്തുകാരുടെയും പേർ മാത്രം നിർദ്ദേശിച്ചപ്പോൾ എന്റെ ഏതു കഥ വേണമെന്ന കാര്യത്തിലും അദ്ദേഹം നിഷ്‌കർഷ പുലർത്തി. എന്നെ വളരെ അദ്ഭുതപ്പെടുത്തിയ ഒരു കാര്യമായിരുന്നു അത്. ഞാനിതറിഞ്ഞത് ‘കുറകൾ’ ടെലിഫിലിമാക്കിയ ജോതിഷ്‌കുമാർ വഴിയാണ്. ഞാൻ അറുപത്തിയാറിലെഴുതിയ കഥ അദ്ദേഹം നാല്പതുവർഷം കഴിഞ്ഞിട്ടും ഓർമ്മിച്ചിരുന്നു! വളർന്നു വരുന്ന എഴുത്തുകാരെ ശ്രദ്ധിക്കുകയും അവർക്ക് വേണ്ട പ്രോത്സാഹനങ്ങൾ നല്കുകയും ചെയ്ത ഒരേയൊരു പത്രാധിപർ എം.ടി.യായിരുന്നുവെന്നു വേണം പറയാൻ. ഇന്നുമതെ ഏറ്റവും പുതിയ എഴുത്തുകാരെക്കൂടി അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്.

ഞാൻ തിരിച്ച് അറുപതുകളിൽ പോകട്ടെ. എന്റെ ഓരോ കഥ കിട്ടിയാലും ഉടനെ മറുപടി വരാറുണ്ട്. ‘കഥ അടുത്തു തന്നെ ആഴ്ചപ്പതിപ്പിൽ കൊടുക്കുന്നുണ്ട്. അതിൽ ഞാൻ വരുത്തിയ തിരുത്തുകൾ ശ്രദ്ധിക്കുമല്ലൊ.’ കഥ കിട്ടിയ ഉടനെ വായിക്കുകയും അതു കൊള്ളാമെന്നു തോന്നിയാൽ പ്രസിദ്ധീകരിക്കുകയും അതേ സമയം കഥയ്ക്ക് അത്യാവശ്യ തിരുത്തലുകൾ നടത്തുകയും ചെയ്യാറുണ്ടെന്നർത്ഥം. ഒരിക്കൽ എന്റെ ‘പരുന്തുകൾ വട്ടം ചുറ്റുമ്പോൾ’ എന്ന കഥയിൽ ഞാൻ ‘സമയം ചുമരിന്റെ മുലയിലുള്ള എട്ടുകാലിപോലെ നിശ്ചലമായിരുന്നു’ എന്നെഴുതിയത് എം.ടി. ‘സമയം ചുമരിന്റെ മൂലയിലെ വേട്ടാളൻ കൂടുപോലെ നിശ്ചലമായിരുന്നു’ എന്നാക്കി തിരുത്തി. എട്ടുകാലിപോലെ എന്നെഴുതിയപ്പോൾ ഞാനുദ്ദേശിച്ചത് സമയം വലയ്ക്കു നടുവിൽ ഇരയെ പ്രതീക്ഷിച്ച് നിശ്ചലനായി നിൽക്കുന്ന എട്ടുകാലിയെപ്പോലെ എന്നായിരുന്നു. എട്ടുകാലിയും അങ്ങിനെയാണല്ലൊ. ഒരിരയെ കണ്ടാൽ അത് ചാടുന്നു. നിശ്ചലമായി നിലകൊള്ളുന്ന സമയവും അതുപോലെ പെട്ടെന്ന് ചാടുമെന്നും, അങ്ങിനെ സംഭവിച്ചാൽ നാമറിയാതെ നഷ്ടപ്പെട്ടു പോകുന്നത് യുഗങ്ങളായിരിക്കും എന്നും ഒരു വിശ്വാസമുണ്ടായിരുന്നു എനിയ്ക്ക്. ഇന്നുമുണ്ട് ആ വിശ്വാസം. പക്ഷെ ‘വേട്ടാളൻകൂടുപോലെ’ എന്നത് സന്ദർഭത്തിന് കൂടുതൽ യോജിച്ച ഉപമയായിരുന്നു. പഴയ തറവാടുകളിൽ താമസിച്ചവർക്കേ അങ്ങിനെയൊരു ബിംബം സമയത്തിന്റെ നിശ്ചലതയെപ്പറ്റി പറയുമ്പോൾ ഭാവനയിൽ കാണാൻ പറ്റൂ. എം.ടി. മാറ്റിയ ആ വാക്യം വായിച്ചപ്പോൾ എന്റെ മനസ്സിലുണർന്നത് പഴമയുടെ സംഗീതവും ജാലകത്തിലൂടെ അകത്തു കടന്ന് കാവി തേച്ച നിലത്ത് വെയിൽ ഉണ്ടാക്കുന്ന ഉണർവ്വുമാണ്.

ശരിയ്ക്കു പറഞ്ഞാൽ എം.ടി.യുടെ പ്രോത്സാഹനം ലഭിച്ചിട്ടില്ലായിരുന്നുവെങ്കിൽ ഞാനൊരു സാഹിത്യകാരനാകുമായിരുന്നില്ല. കാരണം അന്ന്, അറുപതുകളിൽ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കാനായി മറ്റൊരു എം.ടിയില്ലായിരുന്നു. പിന്നീട് എഴുപതുകളുടെ തുടക്കത്തിൽ എഴുത്തു നിർത്തിയ എന്നെ വീണ്ടും കഥാപ്രപഞ്ചത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നത് മറ്റൊരു പ്രഗല്ഭനായ പത്രാധിപരായിരുന്നു. എസ്. ജയചന്ദ്രൻ നായർ. ‘കലാകൗമുദി’ വാരിക തുടങ്ങിയത് തൊള്ളായിരത്തി എൺപത്തഞ്ചിലാണ്. അതിന്റെ രണ്ടാമത്തെ ലക്കത്തിൽ വന്ന എന്റെ കഥ ‘കുങ്കുമം വിതറിയ വഴികൾ’ രണ്ടു കൊല്ലത്തെ വിടവിനു ശേഷം എഴുതിയതാണ്. അതിനു ശേഷം കുറേക്കാലം അദ്ദേഹത്തിന്റെ പ്രേരണമൂലമാണ് ഞാൻ കഥകളും നോവലുകളുമെഴുതിയിരുന്നത്. എം.ടി.യ്ക്കും ജയചന്ദ്രൻ നായർക്കും നന്ദി.

എം.ടി.യുടെ കഥകൾ വായിക്കാൻ തുടങ്ങിയത് ഞാൻ ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്താണ്. വൈകുന്നേരം സ്‌കൂൾ വിട്ട് വീട്ടിലെത്തിയ ഉടനെ അന്നു വന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കണ്ട എം.ടി. കഥ, അമ്മ ഉണ്ടാക്കി വച്ച ചായപോലും കുടിക്കാതെ, ഉമ്മറത്തെ ഇരുത്തിമേലിരുന്ന് ഒറ്റ വീർപ്പിന് വായിക്കുമായിരുന്നു. പോക്കുവെയിൽ മാഞ്ഞ് ഇരുട്ട് പടരുമ്പോഴും മങ്ങിയ വെളിച്ചത്തിൽ എം.ടി.യുടെ കഥകളോ നോവലോ വായിച്ച് ആകുലമായ മനസ്സുമായി ഇരുന്നത് ഇപ്പോഴുമോർമ്മിക്കുന്നു. ‘വിത്തുകൾ’ ആണ് എന്നെ ഏറെ സ്പർശിച്ച കഥ. എം.ടി.യുടെ പല കഥാപാത്രങ്ങളുമായും താദാത്മ്യം പുലർത്തിയിരുന്നു ആ ചെറുപ്പം പ്രായത്തിൽ.

അച്ഛനും എം.ടി.യുമായുള്ള സൗഹൃദം വളരെ ഊഷ്മളമായിരുന്നു. (ഇടശ്ശേരിയെപ്പറ്റി എം.ടി. എഴുതിയ രണ്ട് ലേഖനങ്ങൾക്ക് ംംം.ലറമലൈൃശ.ീൃഴ/ാമഹമ്യമഹമാ/ലമൈ്യ.െവാേ സന്ദർശിക്കുക) ‘അസുരവിത്ത്’ എന്ന നോവൽ എഴുതുന്ന കാലത്ത് മതം മാറ്റുന്ന ചടങ്ങിനെപ്പറ്റി അറിയാനായി എം.ടി. പൊന്നാനിയിൽ വന്നു. അച്ഛൻ അദ്ദേഹത്തെ വലിയ പള്ളിയിലേയ്ക്ക് കൊണ്ടുപോയി. അച്ഛന് ധാരാളം മുസ്ലീം സ്‌നേഹിതരുണ്ടായിരുന്നതിനാൽ കാര്യം എളുപ്പമായിരുന്നു. അന്ന് ഞങ്ങളുടെ വീട്ടിലാണ് എം.ടി. താമസിച്ചത്. അന്ന് പക്ഷെ ഞാൻ കൽക്കത്തയിലായിരുന്നു, അതോ ദില്ലിയിലോ, ഓർമ്മയില്ല. പിന്നീട് നാട്ടിൽ വരുമ്പോൾ കോഴിക്കോട് പിസിമ്മാമന്റെ വീട്ടിൽ പോകാറുണ്ട്. ഒരിക്കലോ മറ്റോ ഞാൻ എം.ടി.യെ കാണാൻ മാതൃഭൂമിയിൽ പോയിട്ടുണ്ട്. പിന്നെ കുറേക്കാലം അപൂർവ്വമായേ കണ്ടിട്ടുള്ളു. അതിനിടയ്ക്ക് ഞാൻ ദില്ലിയിലായിരുന്നപ്പോൾ അദ്ദേഹം വന്നിട്ടുണ്ട്, ‘കാലം’ എന്ന നോവലിന് അക്കാദമി പുരസ്‌കാരം വാങ്ങാനായി. അന്ന് ഞാനും സ്‌നേഹിതൻ കെ. കുഞ്ഞികൃഷ്ണനും (ഇദ്ദേഹം പിന്നീട് തിരുവനന്തപുരം ദൂരദർശൻ ഡയറക്ടറായി) അദ്ദേഹത്തിന്റെ ഒപ്പം ഒരു പകൽ മുഴുവനും ഉണ്ടായിരുന്നു.

അച്ഛന്റെ സമ്പൂർണ്ണ കവിതകളുടെ രണ്ടാം പതിപ്പ് ഞാനായിരുന്നു ഇറക്കിയത്. എറണാകുളത്ത് പരിഷത്ത് ഹാളിൽ നടന്ന ഇടശ്ശേരി സാഹിത്യ സമ്മേളനത്തിൽവച്ച് അതിന്റെ പ്രകാശനം നിർവ്വഹിച്ചത് എം.ടി.യായിരുന്നു. അദ്ധ്യക്ഷൻ മഹാകവി അക്കിത്തവും. എം.ടി.യുടെ പ്രസംഗം വളരെ മനോഹരമായിരുന്നു. ഇടശ്ശേരിസാഹിത്യത്തെപ്പറ്റി വളരെ ആഴത്തിൽ സംസാരിച്ചതിൽ ഇടശ്ശേരിയുമായി തന്റെ അടുത്ത വ്യക്തിബന്ധവും സ്പർശിച്ചിരുന്നു.

പിന്നീട് 2006—ൽ ഇടശ്ശേരിയുടെ ജന്മശതാബ്ദിയുടെ ഒരുക്കങ്ങളിൽ എം.ടി. ഒരു വഴി കാട്ടിയായിരുന്നു. ഇടശ്ശേരി സ്മരണികയുടെ ചെയർമാനായി വേണ്ട നിർദ്ദേശങ്ങൾ തന്നു. എന്റെ എറണാകുളത്തുള്ള വീട്ടിൽ അദ്ദേഹം രണ്ടു തവണ വന്നിട്ടുണ്ട്. ജന്മശതാബ്ദിയുടെ കാര്യങ്ങൾ സംസാരിക്കാനായി ഞാനും എന്റെ ഗുരുനാഥനും, ഇടശ്ശേരി സ്മാരകസമിതിയുടെ സെക്രട്ടരിയുമായിരുന്ന ശ്രീ. പി. കൃഷ്ണവാരിയരും കൂടി രണ്ടു വട്ടം കോഴിക്കോടു പോയി എം.ടി.യെ കണ്ടിരുന്നു. അതുപോലെ എം.ടി. എറണാകുളത്തു വരുമ്പോൾ ഞാൻ കാണാറുണ്ട്.

ഇത്രയൊക്കെ അടുപ്പമുണ്ടായിട്ടും ഓരോ പ്രാവശ്യം എം.ടി.യെ കാണുമ്പോഴും ഒരു പുതിയ ആളെ കാണുന്നപോലെ സങ്കോചമുണ്ടാകാറുണ്ട്. എന്റെ സ്വഭാവത്തിന്റെ പാകപ്പിഴവു കാരണമാണത്. ആരേയും ഹൃദയത്തിന്റെ ഉള്ളിലേയ്ക്ക് പ്രവേശിപ്പിക്കാതെ പുറത്തുതന്നെ നിർത്തുന്ന സ്വഭാവം. ഇനി അബദ്ധത്തിൽ ആരെങ്കിലും ഉള്ളിൽ കടന്നാൽ അവിടെത്തന്നെ സ്ഥിരതാമസമാക്കിയാലോ എന്ന ഭയം. എം.ടി.യുടെ സ്വഭാവത്തിലും ഇതിന്റെ അംശങ്ങൾ കാണാൻ പറ്റും. ആരെയും ഉള്ളിൽ കടത്താത്ത പ്രകൃതം. അങ്ങിനെയുള്ള രണ്ടുപേർ കണ്ടുമുട്ടുമ്പോൾ ഓരോ പ്രാവശ്യവും അവർ അപരിചിതരാവുന്നു.