close
Sayahna Sayahna
Search

കേരളവും ആര്യ സംസ്കാരവും




കേരളവും ആര്യസംസ്കാരവും

ആദികേരളം

ദക്ഷിണാപഥത്തിൽ ആര്യന്മാരുടെ ആഗമനത്തിനു മുമ്പുതന്നെ ദ്രാവിഡന്മാർ സംസ്കാരവിഷയത്തിൽ ഉൽക്കൃഷ്ടമായ ഒരു സ്ഥാനത്തെ പ്രാപിച്ചിരുന്നു എന്നു പ്രസ്താവിച്ചു കഴിഞ്ഞുവല്ലോ. ഏഷ്യാമൈനർ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളുമായി ദ്രാവിഡന്മാർ ക്രി. മു. നാലായിരം വർഷങ്ങൾക്കു മുമ്പുപോലും വമ്പിച്ച തോതിൽ വാണിജ്യം നടത്തിവന്നിരുന്നു. ആ വാണിജ്യത്തിന്റെ കേന്ദ്രം കേരളമായിരുന്നു എന്നും അവിടത്തെ മുചിരി (കൊടുങ്ങല്ലൂർ), തൊണ്ടി (കടലുണ്ടി) മുതലായ തുറമുഖങ്ങൾ അനന്തരകാലങ്ങളിൽ തദ്വിഷയകമായ പാരമ്പര്യം പ്രശംസാർഹമായ രീതിയിൽ പരിപാലിച്ചു പോന്നു എന്നും ഉള്ളതിനു സംഘഗ്രന്ഥങ്ങളിലും മറ്റും ധാരാളം തെളിവുണ്ട്. ഇൻഡ്യയിൽ അറബിക്കടല്ക്കരയിലുള്ള നൗകാശയങ്ങളിൽ ക്രയവിക്രയങ്ങൾ നടത്തുന്നതിനാണല്ലോ പാശ്ചാത്യരായ വിദേശികൾക്കു കൂടുതൽ സൗകര്യമുള്ളത്. ശ്രീപരശുരാമൻ സമുദ്രത്തിൽനിന്ന് ഉദ്ധരിക്കുന്നതിനുമുമ്പു കേരളമെന്നൊരു ഭൂവിഭാഗമേ ഇല്ലായിരുന്നു എന്നുള്ള ഐതിഹ്യം വിശ്വസ്നീയമായി തോന്നുന്നില്ല. കേരളം പരശുരാമന്റെ ആവിർഭാവത്തിനു വളരെക്കാലം മുമ്പു പ്രകൃതിക്ഷോഭം നിമിത്തം കടൽ നീങ്ങി കരയായ ഒരു ദേശമാണെന്നുള്ള ഭൂഗർഭശാസ്ത്രജ്ഞന്മാരുടെ മതം സർവ്വഥാ അംങ്ഗീകാര്യമാകുന്നു. പുരാണങ്ങളിൽ പ്രതിപാദിക്കുന്നതും പരശുരാമൻ കേരളത്തെ മാത്രമല്ല, സപ്തകൊങ്കണങ്ങളേയും ഉദ്ധരിച്ചു എന്നാണ്. കൂപകം (കന്യാകുമാരി മുതൽ കന്നേറ്റി വരെ), കേരളം (കന്നേറ്റി മുതൽ പുതുപ്പട്ടണം വരെ), മൂഷികം (പുതുപ്പട്ടണം മുതൽ പെരുമ്പുഴ വരെ) അലുവം (ദക്ഷിണകർണ്ണാടകം), പശു (ഉത്തരകർണ്ണാടകം), കൊങ്കണം (രത്നഗിരി വരെ), പരകൊങ്കണം (നാസിക് വരെ) ഇവയെ സപ്തകൊങ്കണങ്ങൾ എന്നു പ്രപഞ്ചഹൃദയത്തിൽ പറയുന്നു. പരശുരാമഭൂമിക്ക് ആകെ നൂറു യോജനയായിരുന്നു അത്രേ ദൈർഘ്യം. കേരളം കരവച്ചു ക്രമേണ വാസയോഗ്യമായപ്പോൾ സഹ്യപർവ്വതത്തിനും കിഴക്കു താമസിച്ചിരുന്ന ദ്രാവിഡർ അവിടെയും കുടിയേറിപ്പാർത്തുതുടങ്ങി. പർവ്വതീയന്മാരായ അപരിഷ്കൃതവർഗ്ഗക്കാർ അതിനും കുറേക്കാലം മുമ്പു് അവിടെ അവരുടെ താമസം ആരംഭിച്ചിരുന്നിരിക്കണം. ‘താഴോട്ട്’ എന്ന് അർത്ഥമുള്ള ‘കിഴക്ക്’ എന്ന പദം പൂർവ്വദിക്കിനേയും ‘മുകളിലോട്ട്’ എന്നർത്ഥമുള്ള ‘മേക്കു്’ എന്നതു പശ്ചിമദിക്കിനേയും ആണല്ലോ തമിഴിലും മലയാളത്തിലും ഒന്നുപോലെ കുറിക്കുന്നത്. ഇത്തരത്തിലുള്ള പദപ്രയോഗം പാണ്ഡ്യരാജ്യത്തിലെ ഭൂസ്ഥിതിക്ക് അനുരൂപമാണെങ്കിലും കേരളത്തിലേതിനു വിപരീതമാണ്. പടിഞ്ഞാറു് (പടു ഞായിർ: സൂര്യന്‍ അസ്തമിക്കുന്ന ദിക്ക്) എന്നുകൂടി മേക്ക് എന്ന പദത്തിനു മലയാളത്തില്‍ ഒരു പര്യായമുണ്ടെങ്കിലും അതു പിന്നീട് വന്നതാണ്. ‘ഉണരല്‍’ എന്നു് അര്‍ത്ഥം കല്പിക്കാവുന്ന (ഉഞറു) ‘ഉഞ്ഞാറു’ എന്നല്ലാതെ കിഴക്കെന്നല്ലായിരുന്നു പണ്ടു മലയാളത്തില്‍ പൂര്‍വ്വദിഗ്വാചിയായ പദം എന്നു പറയുന്നത് അപ്രമാണമാകുന്നു.

നായന്മാര്‍

കേരളത്തില്‍ കുടിയേറിപ്പാര്‍ത്ത നായന്മാര്‍ തമിഴകത്തിലെ ഇതര ദ്രാവിഡന്മാരില്‍നിന്നു വര്‍ഗ്ഗീയദൃഷ്ട്യാഭിന്നന്മാരായിരുന്നുവോ എന്നു നിര്‍ണ്ണയിക്കുവാന്‍ അസന്ദിഗ്ദ്ധമായ ആധാരമൊന്നും ഇല്ല. അവര്‍ ഒരു കാലത്തു ഭാരതത്തില്‍ പല പ്രദേശങ്ങളും താമസിച്ചിരുന്ന നാഗവംശത്തില്‍ പെട്ടവരാണെന്നു ചിലര്‍ അഭ്യൂഹിക്കുന്നു; ആ അഭ്യൂഹം ശരിയാണെന്നുള്ളതിനു തെളിവില്ല. ‘നായര്‍’ എന്ന പദത്തിനു നായുഡു, നായക്കര്‍ മുതലായ ജാതിവാചികളായ പദങ്ങളെപ്പോലെ (നായകന്‍) നേതാവു് എന്ന ദ്രാവിഡത്തില്‍ അര്‍ത്ഥമുള്ള സ്ഥിതിക്ക് ആ അര്‍ത്ഥത്തില്‍ അതു പ്രയുക്തമായി എന്നു വരാന്‍ പാടില്ലായ്കയില്ല; നാഗങ്ങള്‍ അവര്‍ക്കു് ഇഷ്ടദേവതകളായിത്തീര്‍ന്നത് നാഗസങ്കീര്‍ണ്ണമായ കേരളത്തില്‍ വന്നതിനുമേലായിരിക്കണമെന്നും ഉദ്ദേശിക്കാം; തദനുരോധേന അവരെ നാകന്മാരെന്നും ചില പഴയ പാട്ടുകളില്‍ വ്യപദേശിച്ചിരിക്കാം. മരുമക്കത്തായം മുതലായി അതിപ്രാചീനകാലത്തു ദ്രാവിഡദേശത്തില്‍ പ്രചരിച്ചിരുന്ന പല സമുദായാചാരങ്ങളേയും അവര്‍ പുലര്‍ത്തിപ്പോരുകനിമിത്തം അവര്‍ക്കും അന്യദ്രാവിഡര്‍ക്കും തമ്മില്‍ കാലാന്തരത്തില്‍ കൊള്ളക്കൊടുക്കയില്ലാതെയായി. ഒടുവിലത്തെ തമിഴ് സംഘത്തിലെ കവികളില്‍ 17 പേര്‍ നാകന്മാരായിരുന്നതായി പ്രാചീന ദ്രാവിഡഗ്രന്ഥങ്ങളില്‍ കാണുന്നു. അവര്‍ നായന്മാരായിരുന്നിരിക്കാം.ഏതായാലും സാഹിത്യചരിതത്തിന്റെ ആവശ്യത്തിനു് അവരെ ദ്രാവിഡരായി പരിഗണിച്ചാല്‍ മതിയാകുന്നതാണ്. വളരെ പുരാതനമായ ഒരു കാലത്താണ് അവര്‍ കേരളത്തില്‍ കുടിയേറിപ്പാര്‍ത്തുതുടങ്ങിയതെന്നു സംശയംകൂടാതെ സ്ഥാപിക്കാവുന്നതാകുന്നു.

കേരളത്തിലെ ചില ദ്രാവിഡാചാരങ്ങൾ

ദ്രാവിഡദേശത്തിൽ അഭിമതമായ വിവാഹം ഗാന്ധർവ്വമാണെന്നുതൊല്‌കാപ്പിയർ പറയുന്നുണ്ടെങ്കിലും അത് അനുസ്യൂതമായി നിലനിന്നു പോരുന്നത് കേരളത്തിൽ മാത്രമാകുന്നു. അതുപോലെതന്നെ (വേലൻ വെറിയാട്ട്) വേലൻപ്രവൃത്തി. കുരവയിടൽ, രാജാക്കന്മാർ എഴുന്നള്ളുമ്പോൾ പുതുമണൽ വിരിക്കൽ, തുടങ്ങിയ അനേകം ആചാരങ്ങൾ ദ്രാവിഡരെ പൊതുവേ സംബന്ധിക്കുന്നതാണെന്നു പഴയ ദ്രാവിഡഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചുകാണുന്നുണ്ടെങ്കിലും അവയെ ഇന്നും അഭങ്ഗുരമായി പരിപാലിച്ചുപോരുന്നതു കേരളമാകുന്നു. മരുമക്കത്തായമായിരുന്നു ദ്രാവിഡരുടെ പുരാതനമായ ദായക്രമമെന്നും ആ ആചാരം ഒരു കാലത്ത് ഈജിപ്റ്റ്, ഏഷ്യാമൈനർ മുതലായ രാജ്യങ്ങളിലെ ജനതയുടെ ഇടയിലും പ്രചരിച്ചിരുന്നു എന്നും നരശാസ്ത്രഗവേഷകന്മാർ പ്രതിപാദിക്കുന്നു. ക്രി. പി. രണ്ടാംശതകത്തോടടുത്തു ജീവിച്ചിരുന്ന മാങ്കുടി മരുതനാർ രചിച്ച മധുരൈക്കാഞ്ചി എന്ന കൃതിയിൽ വാമനമൂർത്തി അവതരിച്ച ചിങ്ങമാസത്തെ തിരുവോണത്തിൽ അക്കാലത്തു ദ്രാവിഡദേശത്തിൽ നടന്നുവന്ന ആഘോഷങ്ങളേയും അതിന്റെ ഒരു പ്രധാനാങ്ഗമായ (ഓണത്തല്ല്) ചേരിപ്പോരിനേയും പറ്റി വിശദമായി പ്രസ്താവിക്കുന്നുണ്ട്. ഇവയെല്ലാം തമിഴകത്തിന്റെ ഇതരഭാഗങ്ങളിൽ കാലപ്രവാഹത്തിനടിപെട്ടു മൺമറഞ്ഞുപോയെങ്കിലും കേരളത്തിൽ ഇനിയും വേരറ്റു പോയിട്ടില്ല. അന്യവർഗ്ഗക്കാരുടെ സമ്മർദ്ദത്തിനു വിധേയമാകാതെ മിക്കവാറും ഒരു ദ്വീപത്തിന്റെ നിലയിൽ പുലരുവാൻ സാധിച്ച കേരളത്തിന് ഇത്തരത്തിലുള്ള പ്രാചീനാചാരപരിപാലനം സാധ്യമായതിൽ അത്ഭുതത്തിന് അവകാശമില്ലതാനും.

ശ്രീപരശുരാമനും നമ്പൂരിമാരും

ആര്യാവർത്തത്തിൽ നിന്നു ദക്ഷിണാപഥത്തിൽ ആദ്യമായി വന്നുചേർന്ന ബ്രഹ്മർഷിമാരിൽ എല്ലാംകൊണ്ടും പ്രഥമഗണനീയനാണ് ശ്രീപരശുരാമൻ. അദ്ദേഹത്തിന്റെ അനുചരന്മാരായിരുന്നു നമ്പൂരിമാരുടെ പൂർവ്വന്മാർ. അവർ ഏതു കാലത്ത് ഇവിടെ എത്തി എന്നു ക്ലപ്തമായി പറയാൻ നിവൃത്തിയില്ലെങ്കിലും അതു നായന്മാരുടെ അധിനിവേശത്തിനു മേലാണെന്നുള്ളതിനു സംശയമില്ല. എന്നാൽ നമ്പൂരിമാരുടെ ആഗമനത്തിനും വളരെ പഴക്കമുണ്ടെന്നുള്ള വസ്തുത നാം മറക്കരുത്. പരശുരാമാബ്ദം എന്ന പേരിൽ ഒരബ്ദം പണ്ടു കേരളത്തിൽ പ്രചരിച്ചിരുന്നതായി ചിലർ പറയുന്നു. മലബാറിൽ പരശുരാമാബ്ദം അനുസരിച്ചാണ് വർഷഗണനമെന്നു ഡോക്ടർ ബുക്കാനനും ഈ അബ്ദത്തിനു 1000 വർഷങ്ങൾ കഴിയുമ്പോൾ ഒരു പരിവർത്തനമുണ്ടായിരുന്നു എന്നു കാലസങ്കുലിതത്തിൽ വാറനും, ഇതു ക്രി. മു. 1176-ൽ ആരംഭിച്ച് ക്രി. മു. 176-ലും ക്രി. പി. 824-ലും ഓരോ പരിവർത്തനഘട്ടത്തെ തരണംചെയ്തു എന്നു കണ്ണിങ്ങ് ഹാമും രേഖപ്പെടുത്തീട്ടുണ്ട്. വാൾട്ടർ ഹാമിൽട്ടൺ, ഡേ മുതലായ മറ്റുചില ഗ്രന്ഥകാരന്മാരും ഈ അബ്ദത്തെ അനുസ്മരിക്കുന്നുണ്ട്. ഇതനുസരിച്ചു ഗണനക്രിയകൾ ചെയ്യുന്നതിനുള്ള പ്രയാസംനിമിത്തമാണു ക്രി. പി. 825-ൽ കൊല്ലവർഷം ഏർപ്പെടുത്തപ്പെട്ടത് എന്നുള്ള അനുമാനത്തിനു പ്രമാണമില്ല; പ്രത്യുത കലിവർഷത്തിനു പകരമാണ് കൊല്ലവർഷമേർപ്പെടുത്തിയത് എന്നാണ് എന്റെ പക്ഷം. ശങ്കരനാരായണീയം എന്ന ജ്യൌതിഷഗ്രന്ഥത്തിലെ ചില പ്രസ്താവനകൾ ഇതിനു സാക്ഷ്യം വഹിക്കുന്നു. ‘കൊല്ലം തൊൻറി’ എന്നു ചില ശാസനങ്ങളിൽ കാണുന്നതിനു ‘കൊല്ലമെന്ന പട്ടണമുണ്ടായി’ എന്നല്ല ‘കൊല്ലമെന്ന അബ്ദമുണ്ടായി’ എന്നാണ് അർത്ഥം കല്പിക്കേണ്ടത്. ഏതായാലും പരശുരാമൻ ആര്യാവർത്തം വിട്ടു തന്റെ അനുയായികളോടുകൂടി ഉദ്ദേശം ക്രി. മു. 12-ആം ശതകത്തിൽ വിന്ധ്യപർവ്വതത്തിനു തെക്കു കടന്നതായി വിചാരിക്കാവുന്നതാണ്. പ്രാചീനഭാരതചരിത്രത്തിൽ പല രാജ്യങ്ങളിലും ബ്രാഹ്മണരെ ആദ്യമായി അധിനിവേശം ചെയ്യിച്ചതു പരശുരാമനാണെന്നു കാണുന്നു. അതിന്റെയെല്ലാം വസ്തുസ്ഥിതി എങ്ങനെയിരുന്നാലും കേരളത്തിൽ അവരെ കൊണ്ടുവന്നത് ഒരു പരശുരാമനാണെന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ടതില്ല. അദ്ദേഹം പുരാണപുരുഷനായ ശ്രീപരശുരാമനാകണമെന്നുമില്ല. നമ്പൂരിമാരിൽ, ധാരാളം ഋഗ്വേദികളുണ്ട്. അവർ കൗഷീതകസൂത്രത്തിലും ആശ്വലായനസൂത്രത്തിലും ഉൾപ്പെടുന്നു. യജൂർവേദികളെല്ലാം തൈത്തരീയശാഖക്കാരാണ്. അവരിൽ അധികംപേർ ബോധായനസൂത്രത്തേയും ബാക്കിയുള്ളവർ വാധൂലകസൂത്രത്തേയും അനുസരിക്കുന്നു. ആപസ്തംബശാഖ ഇപ്പോളില്ല. സാമവേദികൾ ചുരുക്കമാണ്. അവരുടെ പല ആചാരവിശേഷങ്ങളും, അവർ പണ്ടേക്കുപണ്ടേ സ്വജനങ്ങളിൽനിന്നു വേർപിരിഞ്ഞു ദൂരസ്ഥിതമായ കേരളത്തിൽ വന്നവരാണെന്നു തെളിയിക്കുന്നുണ്ട്. പൂർവശിഖ, ഏകയജ്ഞോപവീതം, സ്ത്രീകളുടെ ശ്വേതവസ്ത്രധാരണം, ഋതുമതീവിവാഹം, വേളിയുടെ നാലാം ദിവസം നിഷേകം. സർവസ്വദാനവിധിയനുസരിച്ചുള്ള ദാരപരിഗ്രഹം, ദ്വാമുഷ്യായണരൂപമായ ദത്ത്. നക്ഷത്രം പ്രമാണമാക്കിയുള്ള ശ്രാദ്ധം ഇവയിൽ പലതും ആ കൂട്ടത്തിൽ ചേരും. ഋതുമതീവിവാഹത്തിന്റെ ഉപജ്ഞാതാവു മേഴത്തോൾ അഗ്നിഹോത്രി യാണെന്നു ചിലർ പറയുന്നതു സമീപനമാണെന്നു തോന്നുന്നില്ല. സ്മാർത്തവിചാരം, അന്തർജ്ജനങ്ങളുടെ ഇടയിൽ ’ഹോഷാ’ നിയമം മുതലായവ സ്ത്രീകളുടെ ചാരിത്രശുദ്ധിയെ ലക്ഷീകരിച്ചു കാലാന്തരത്തിൽ കടന്നുകൂടിയ ആചാരവിശേഷങ്ങളായിരിക്കണം. കൂട്ടുകുടുംബവ്യവസ്ഥയും മറ്റും നായന്മാരിൽ നിന്നു സ്വീകരിച്ചതാണ്. ഈ അനാചാരങ്ങൾ ക്രി. പി. എട്ടാംശതകത്തിൽ ജീവിച്ചിരുന്ന ശങ്കരാചാര്യരാണ് ഏർപ്പെടുത്തിയതെന്ന് അനുമാനിക്കുന്നത് അസങ്ഗതമാകുന്നു. ആദ്യകാലത്തു താമസത്തിനായി വന്ന നമ്പൂരിമാരുടെ ഇടയിൽ സ്ത്രീകൾ വളരെ കുറവായിരുന്നതിനാൽ കുടുംബത്തിലെ മൂപ്പൻ മാത്രം സ്വജാതിയിൽനിന്ന് സഹധർമ്മിണിയെ സ്വീകരിച്ചാൽ മതിയെന്നു ബുദ്ധിമാന്മാരായ അവർ വിധിച്ചു. തദ്വാരാ കുടുംബസ്വത്തു ഛിന്നഭിന്നമാകാതെ സംരക്ഷിക്കുകയും, ഇതര പുരുഷന്മാർ രാജാക്കന്മാർ, നായന്മാർ മുതലായവരുടെ കുടുംബങ്ങളിൽനിന്നു സ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കാമെന്നു വ്യവസ്ഥാപനം ചെയ്യുകയും ചെയ്തു. ബ്രാഹ്മണർക്ക് നാലു വർണ്ണങ്ങളിൽ നിന്നും വിവാഹം ചെയ്യാമെന്ന് ആര്യാവർത്തത്തിൽ പണ്ടുണ്ടായിരുന്നതും യാജ്ഞാവൽക്യന്റെ കാലംവരെ നിർബാധമായി നിലനിന്നുപോന്നതുമായ സ്മൃതിനിയമവും അവരെ ഈ വിഷയത്തിൽ സഹായിച്ചിരിക്കണം. തന്നിമിത്തം പരദേശങ്ങളെ അപേക്ഷിച്ച് ആര്യസംസ്കാരം ദ്രാവിഡരുടെ ഇടയിൽ രൂഢമൂലമാകുന്നതിന് ഇടവന്നു. കർമ്മനിഷ്ഠ, തപഃ ശക്തി, ആചാരശുദ്ധി മുതലായ പല സൽഗുണങ്ങളും നിമിത്തം അവർക്കു രാജകുലങ്ങളിലും സമുദായമദ്ധ്യത്തിലും മറ്റും അത്യുൽക്കൃഷ്ടമായ ഒരു സ്ഥാനം സ്വാധീനമാക്കുവാൻ സാധിച്ചു. എങ്കിലും ഇതരസമുദായങ്ങളിലെ സ്ത്രീകളുമായുണ്ടായ വിവാഹബന്ധംതന്നെയാണ് ആ പ്രാഭവത്തിന്റെ പ്രധാനകാരണം എന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല. കാലാന്തരത്തിൽ ദക്ഷിണാപഥത്തിലെ വിവിധഭാഗങ്ങളിൽ നിന്നു ബ്രാഹ്മണർ കേരളത്തിൽ വന്നുചേരുകയും അവരെ നമ്പൂരിമാർ തങ്ങളുടെ വിശേഷാചാരങ്ങൾക്കു വിധേയരാക്കി സ്വജനങ്ങളായി അങ്ഗീകരിക്കുകയും ചെയ്തു. തങ്ങളുടെ സംഖ്യ സാമാന്യം പര്യാപ്തമായെന്നു തോന്നിയപ്പോൾ മാത്രമേ അവർ ആ ഏർപ്പാടു നിറുത്തിയുള്ളു.

നമ്പൂരിമാരുടെ പ്രാബല്യം

ഗോകർണ്ണം മുതൽ കന്യാകുമാരിവരെയുള്ള കേരളബ്രാഹ്മണർ ആദ്യം തങ്ങളെ അറുപത്തിനാലു ഗ്രാമക്കാരായി വിഭജിച്ച് ആ ഗ്രാമങ്ങളിൽ ഒന്നു പകുതി പെരുമ്പുഴയ്ക്കു വടക്കും ബാക്കി തെക്കുമായി വേർതിരിച്ചു. എങ്കിലും ഒരു സ്ഥലത്തു തുളുഭാഷയും മറ്റൊരിടത്തു കൊടുന്തമിഴും പ്രചരിച്ചുവന്നതിനാൽ ആ ഭാഷകൾ ഗൃഹ്യോപയോഗത്തിനു സ്വീകരിച്ചപ്പോൾ ആ പുഴയ്ക്ക് അങ്ങുമിങ്ങുമായി താമസിച്ചവർ ചാർച്ചവേഴ്ചകൾ വിട്ടു രണ്ടു ഭിന്നവർഗ്ഗക്കാരായി പരിണമിച്ചു. ഔത്തരാഹന്മാരായ എമ്പ്രാന്തിരിമാർ മറ്റു ദ്രാവിഡബ്രാഹ്മണരുടെ ആചാരങ്ങളും വേഷഭൂഷാദികളും സ്വീകരിച്ചു; പ്രത്യുത ദാക്ഷിണാത്യന്മാരായ നമ്പൂരിമാർ പൂർവാചാരങ്ങളെ കഴിയുന്നതും പരിപാലിച്ചുപോന്നു. ഒരു കാലത്തു ക്ഷത്രിയരെ കൂടാതെ അവർതന്നെ സ്വതന്ത്രമായി രാജ്യരക്ഷ ചെയ്തു എന്നും, അതിലേക്കായി ഉത്തരകേരളത്തിൽ പയ്യന്നൂർ മുതൽ തിരുവിതാംകൂറിൽ നീർമൺവരെയുള്ള തങ്ങളുടെ മുപ്പത്തിരണ്ടു ഗ്രാമങ്ങളെ പെരുഞ്ചെല്ലൂർ, പയ്യന്നൂർ, പറപ്പൂർ, ചെങ്ങന്നൂർ ഇങ്ങനെ നാലു കഴകങ്ങളായി വിഭജിച്ചു എന്നും, ആ കഴകങ്ങളിൽ നിന്നു രക്ഷാപുരുഷന്മാരേയും, മേൽത്തളി, കീഴ്‌ത്തളി, നെടുന്തളി, ചിങ്ങപുരത്തുതളി ഈ നാലു തളികൾ സ്ഥാപിച്ച് അവയിൽനിന്നു തളിയാതിരിമാരേയും നിയമിച്ചു എന്നും, ആ വ്യവസ്ഥകൾ അപര്യാപ്തങ്ങളെന്ന് അനുഭവപ്പെട്ടപ്പോൾ പരദേശങ്ങളിൽനിന്നു രാജാക്കന്മാരെ വരുത്തി പന്ത്രണ്ടീതു വർഷങ്ങൾക്കു പെരുമാക്കന്മാരായി അവരോധം ചെയ്ത് അവരെക്കൊണ്ടു രാജ്യം ഭരിപ്പിച്ചു എന്നും, ആ ഏർപ്പാടനുസരിച്ചു മുപ്പത്താറു പെരുമാക്കന്മാർ (’ദദുർദ്ധരാം’ കലി 2988) ക്രി. മു. 113 മുതൽ (’ഭൂവിഭാഗം’ കലി 3444) ക്രി.പി. 343 വരെ നാനൂറ്റൻപത്താറുവർഷം കേരളം പരിപാലിച്ചു എന്നും കേരളോൽപത്തിയിൽ രേഖപ്പെടുത്തീട്ടുള്ള ഐതിഹ്യം മുഴുവൻ വിശ്വസിക്കാവുന്നതാണെന്നു തോന്നുന്നില്ല. കേരളോൽപത്തി തന്നെ ക്രി.പി. 16-ആം ശതകത്തിൽ വിജയനഗരസാമ്രാജ്യം ഭരിച്ച കൃഷ്ണദേവരായരുടെ കാലത്തിനു പിന്നീട്—പതിനേഴാംശതകത്തിൽ—വിരചിതമായ ഒരു ഗ്രന്ഥമാണ്. അതിലെ കേയപ്പെരുമാൾ, കോട്ടിപ്പെരുമാൾ, കൊമ്പൻപെരുമാൾ തുടങ്ങിയ പല പെരുമാക്കന്മാരുടേയും പേരുകൾപോലും വിചിത്രമായിരിക്കുന്നു. ഇത്തരത്തിൽ ക്രി. മു. 113 മുതൽ ക്രി. പി. 343 വരെയെന്നല്ല, ഏതെങ്കിലും ഒരു കാലത്ത് നമ്പൂരിമാർ പരദേശങ്ങളിൽനിന്നു തിരഞ്ഞെടുത്ത് അവരോധിച്ച രാജാക്കന്മാർ കേരളംവാണു എന്നുള്ളതിനു തമിഴ്‌സാഹിത്യത്തിൽനിന്നു യാതൊരു തെളിവും കിട്ടുന്നില്ലെന്ന മാത്രമല്ല, കിട്ടുന്ന തെളിവു വച്ചുനോക്കുകയാണെങ്കിൽ മൂവരശരിൽ ഒരു വംശക്കാരായ ചേരരാജാക്കന്മാർ അവരുടെ സ്വന്തം നിലയിൽ പരമ്പരാവകാശക്രമത്തിന് ഈ രാജ്യം പരിപാലിച്ചു എന്നു തീർച്ചപ്പെടുത്തേണ്ടതായുംമിരിക്കുന്നു. പെരുമാൾവാഴ്ചയെപ്പറ്റി ചെയ്തുകാണുന്ന കാലഗണന ശരിയല്ലെന്നു ഖണ്ഡിച്ചു പറയാവുന്നതാണ്. എന്നാൽ അതേ സമയത്തുതന്നെ ഓരോ കാലത്തു രക്ഷാപുരുഷന്മാരും തളിയാതിരിമാരുമുണ്ടായിരുന്നു എന്നും അവർ രാജാക്കന്മാരെ കിരീടധാരണം ചെയ്യിക്കുക മുതലായ പല അധികാരങ്ങളും നടത്തിയിരുന്നതിനു പുറമേ ദേവസ്വങ്ങളുടേയും ഗ്രാമസങ്കേതങ്ങളുടേയും മറ്റും ഭരണം നായന്മാരോടും മറ്റും യോജിച്ചു നിർവ്വഹിച്ചുവന്നിരുന്നു എന്നും ഊഹിക്കുവാൻ ന്യായങ്ങളുണ്ട്. ’തളിയും തളിയാധികാരിമാരും’ എന്നു തിരുവഞ്ചിക്കുളത്തുള്ള ക്രി. പി. പതിനൊന്നാംശതകത്തിലെ ഒരു ശിലാരേഖയിലും ``നാലുതളിയും" എന്ന മറ്റൊരു ശിലാരേഖയിലും കാണുന്നു. ഇന്ന ഗ്രാമങ്ങളിൽ നിന്നു വേണം തളിയാതിരിമാരെ തിരഞ്ഞെടുത്ത് അവരോധിക്കുവാൻ എന്നു നിയമമുണ്ടായിരുന്നു. പറവൂർ ഗ്രാമത്തിൽനിന്നു നെടിയതളിയിലേക്കും, ഐരാണിക്കുളം ഗ്രാമത്തിൽനിന്നു കീഴ്ത്തളിയിലേക്കും, ഇരിങ്ങാലക്കുട ഗ്രാമത്തിൽനിന്നു മേൽത്തളിയിലേക്കും, മൂഴിക്കുളം ഗ്രാമത്തിൽ നിന്നു ചിങ്ങപുരത്തുതളിയിലേക്കും ആയിരുന്നു അവരോധം. തളിയാതിരിമാരുടേയും മറ്റും അധികാരം വർദ്ധിച്ചത് ക്രിസ്തുവർഷാരംഭത്തോടുകൂടിയല്ല കൊല്ലവർഷാരംഭത്തോടുകൂടിയാണെന്നത്രേ എനിക്കു തോന്നുന്നത്.

നമ്പൂരിമാരും സംസ്കൃതവിദ്യാഭ്യാസവും

കൂട്ടുകുടുംബവ്യവസ്ഥയനുസരിച്ചു നമ്പൂരിമാരുടെ ഇടയിൽ മൂപ്പനു മാത്രമേ ഗൃഹകാര്യകർത്തൃത്വമുണ്ടായിരുന്നുള്ളൂ. മറ്റുള്ളവർക്ക് തന്നിമിത്തം വിദ്യാപോഷണത്തിനു ധാരാളം സൗകര്യം ലഭിച്ചു. ഉണ്ണിമാരെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു നമ്പൂരിമാർ പല സ്ഥാപനങ്ങളും ഏർപ്പെടുത്തി. അക്ഷരാഭ്യാസം കഴിഞ്ഞാൽ ഉടനെ അവർ ’ഗീർന്നശ്‌ശ്രേയഃ’ മുതലായി കവടിക്രിയക്കാവശ്യമുള്ള വാക്യങ്ങൾ ഹൃദിസ്ഥങ്ങളാക്കും. അതിനുശേഷം അടിവാക്യം, നക്ഷത്രവാക്യം മുതലായ വാക്യങ്ങളും ഉരുവിടും. അതോടുകൂടി അവർക്കു ചില സംസ്കൃതശ്ലോകങ്ങൾ പഠിച്ചു കഷ്ടിച്ച് അന്വയിക്കുവാൻ വേണ്ട അറിവും ലഭിക്കും. ഏഴു വയസ്സാകുമ്പോൾ ഉപനയനമായി; അതിൽ പിന്നെ സ്വഗൃഹത്തിലല്ല ഗുരുകുലത്തിലാണ് താമസം. അവിടെ സ്വരങ്ങൾക്ക് ഉദാത്താനുദാത്തസ്വരിതങ്ങൾ തുടങ്ങിയ ഉച്ചാരണഭേദങ്ങൾ തെറ്റാതെ വളരെ നിഷ്കൃഷ്ടമായി, കുലക്രമമനുസരിച്ച്, ഏതെങ്കിലും ഒരു വേദം ഗുരുമുഖത്തിൽ നിന്ന് അദ്ധ്യയനം ചെയ്യും. വേദാഭ്യാസം പൂർണ്ണമാകുന്നതിന് ആറേഴുകൊല്ലം വേണ്ടിവരും. അപ്പോഴേക്കു ധാരണാ ശക്തി നല്ലപോലെ ഉറയ്ക്കും. അങ്ങനെ ബ്രഹ്മചര്യം അവസാനിപ്പിച്ചു സമാവർത്തനം കഴിഞ്ഞാൽ രണ്ടോ മൂന്നോ സംവത്സരം കുലദൈവതക്ഷേത്രത്തിലും ഗ്രാമക്ഷേത്രത്തിലുമായി ഭജനമിരിക്കും. അതിനിടയ്ക്കു തങ്ങള്‍ പഠിച്ച വേദത്തിന്റെ പദം ചൊല്ലി അതോടുകൂടി ക്രമം, ജട, രഥ മുതലായി പദപ്രയോഗങ്ങളെക്കൊണ്ടുള്ള പല വിദ്യകളും ശീലിച്ചു ശിക്ഷ, നിരുക്തം, എന്നീ വേദാങ്ഗങ്ങളുടെ തത്വങ്ങളും ഗ്രഹിക്കും. പിന്നെ പന്ത്രണ്ടുകൊല്ലം ശാസ്ത്രപഠനം ചെയ്യണം. ഇത്രയും കഴിഞ്ഞാലേ ഒരു നമ്പൂരി ഭട്ടതിരിയായി എന്നു മറ്റുള്ളവര്‍ സമ്മതിച്ചിരുന്നുള്ളൂ.

സഭാമഠങ്ങള്‍

കേരളത്തില്‍ പണ്ടു പതിനെട്ടു സഭാമഠങ്ങള്‍ ഉണ്ടായിരുന്നു. ഇവയെ സമാന്യേന കര്‍മ്മിസഭാമഠങ്ങള്‍, ശാസ്ത്രസഭാമഠങ്ങള്‍, സന്ന്യാസിസഭാമഠങ്ങള്‍ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. കര്‍മ്മസഭാമഠങ്ങളില്‍ വേദങ്ങളാണ് മുഖ്യമായി അഭ്യസിപ്പിച്ചുവന്നതു്. ആധാനം, ജ്യോതിഷ്ടോമം, അഗ്നിചയനം മുതലായ വൈദികകര്‍മ്മങ്ങള്‍ വിധിവത്തായി അനുഷ്ഠിച്ചിട്ടുള്ളവരെ കര്‍മ്മികളെന്നു പറയുന്നു. തൃശ്ശിവപേരൂര്‍, തിരനാവാ ഈ രണ്ടു സ്ഥലങ്ങളിലും വേദാഭ്യാസനത്തിനുള്ള യോഗങ്ങള്‍ ഇന്നുമുണ്ട്. ഇവിടങ്ങളില്‍ അനേകം വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചിരുന്നു കര്‍മ്മഠന്മാരും പണ്ഡിതന്മാരുമായ ഗുരുക്കന്മാരില്‍നിന്നു വേദം അഭ്യസിക്കുന്നതുകൊണ്ടു പാഠത്തിനു ശുദ്ധിയും ഐകരൂപ്യവും സിദ്ധിക്കുന്നു. ചൊവ്വന്നൂര്‍, ഇടക്കുളത്തൂര്‍, കുമ്പളം, ഉദയതുങ്ഗേശ്വരം ഇവ കേള്‍വിപ്പെട്ട ശാസ്ത്രസഭാമഠങ്ങളായിരുന്നു. ഇന്നും ചൊവ്വന്നൂരില്‍ ശാസ്ത്രപാഠത്തിനു പര്യാപ്തമായ വ്യവസ്ഥയുണ്ട്. ഒരു കാലത്തു തൃക്കണാമതിലകത്തെ ശിവന്‍ മുപ്പത്തിരണ്ടു ഗ്രാമക്കാരുടെയും പരദേവതയാകയാല്‍ ആ ക്ഷേത്രം അത്യന്തം പ്രധാനവും, പന്നിയൂര്‍, ചൊവ്വരം (ശൂകപുരം) മുതലായ ഗ്രാമക്ഷേത്രങ്ങള്‍ ആ ദേവാലയത്തിന്റെ കിഴീടുകളുമായിരുന്നതായി കാണുന്നു. അവിടെ വേദശാസ്ത്രപാഠങ്ങളുടെ പരിപൂര്‍ത്തിക്കു സമഗ്രങ്ങളായ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. ക്രി. പി. പതിനാലാം ശതകത്തിന്റെ ആരംഭത്തോടുകൂടി ആ ക്ഷേത്രത്തിലെ യോഗക്കാരും ഇരിങ്ങാലക്കുട ഗ്രാമക്കാരും തമ്മില്‍ മത്സരിക്കുകയും അതിന്റെ ഫലമായി തൃക്കണാമതിലകം അധഃപതിക്കുകയും അവിടുത്തെ യോഗം തൃശ്ശിവപേരൂര്‍ ഭക്തപ്രിയക്ഷേത്രത്തിലേക്കു നീങ്ങുകയും ചെയ്തു. അതാകുന്നു തൃശ്ശൂര്‍ യോഗം. ക്രി. പി. എട്ടാംശതകത്തോടുകൂടി ശങ്കരാചാര്യരുടെ നാലു പ്രധാന ശിഷ്യന്മാര്‍ തൃശ്ശിവപേരൂരില്‍ തെക്കേ മഠം, ഇടയിലെ മഠം, നടുവിലേ മഠം, വടക്കേ മഠം എന്നിങ്ങനെ നാലു മഠങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. ജനനാല്‍ ഒരു എമ്പ്രാന്തിരിയായിരുന്ന ഒടുവിലത്തെ വടക്കേ മഠം സ്വാമിയാര്‍ തന്നില്‍നിന്നു സന്ന്യാസം വാങ്ങുവാന്‍ നമ്പൂരിമാരില്‍ ആരേയും കാണാത്തതു കൊണ്ടു മഠവും സ്വത്തുക്കളുംകൂടി ഭക്തിപ്രിയത്തു യോഗത്തേക്കു് ഒഴിഞ്ഞുകൊടുക്കുകയും അപ്പോള്‍ ആ യോഗം വടക്കേ മഠത്തിലേക്കു മാറുകയും ചെയ്തു. അതില്‍നിന്നു പിണങ്ങിപ്പിരിഞ്ഞ ചിലര്‍ പിന്നീടു മുളങ്കുന്നത്തുകാവില്‍ ഒരു യോഗം നടത്തുകയും അനന്തരം അവിടെനിന്നു നീങ്ങി സാമൂതിരിപ്പാട്ടിലെ പുരസ്കരണത്തില്‍ തിരനാവാക്ഷേത്രത്തിനു തെക്കു ഭാതരപ്പുഴയുടെ തെക്കേക്കരയിലായി തൃശ്ശൂരെപ്പോലെ മറ്റൊരു യോഗം ആരംഭിക്കുകയും ചെയ്തു. അതാണ് തിരുനാവാ യോഗം. സാമൂതിരിപ്പാടു പന്നിയൂര്‍ കൂറ്റിലും തൃശ്ശൂര്‍ യോഗത്തിന്റെ സംരക്ഷകനായ കൊച്ചി മഹാരാജാവു ചൊവ്വരക്കൂറ്റിലും പെട്ട ആളാകയാല്‍ ഈ രണ്ടു യോഗങ്ങളും തമ്മില്‍ മറ്റു വിഷയങ്ങളിലെന്നപോലെ വിദ്യാവിഷയത്തിലും മത്സരിക്കുകയും, ഇതരകാര്യങ്ങളില്‍ ആ മത്സരം ഇരുപാടുകാര്‍ക്കും ദോഷകരമായി പരിണമിച്ചു എങ്കിലും വിദ്യാഭ്യാസത്തിനും ശാസ്ത്രപഠനത്തിനും തന്നിമിത്തം ഉത്തേജനം സിദ്ധിക്കുകയും ചെയ്തു. ഈ രണ്ടു യോഗങ്ങളും യോജിച്ചാണ് തിരുവിതാംകൂര്‍ മഹാരാജാവു് തിരുവന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ ആറു കൊല്ലത്തിലൊരിക്കല്‍ നടത്താറുള്ള മുറജപമെന്ന മഹാമഹം വിജയപ്രദമാക്കുന്നതു്. കുന്നങ്കുളത്തിനു സമീപമുളള ചൊവ്വന്നൂര്‍ സഭാമഠത്തില്‍ വ്യാകരണം, ന്യായം, മുതലായ ശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്നു. ഇടക്കുളത്തൂര്‍, കുമ്പളം ഈ രണ്ടു സഭാമഠങ്ങളില്‍ ഇപ്പോള്‍ യാതൊരു തരത്തിലുള്ള വിദ്യാഭ്യാസത്തിനും വ്യവസ്ഥള്‍ ഇല്ല. ഉദയതുങ്ഗേശ്വരത്തു പണ്ഡിതസഭാമഠത്തിലാണു് പ്രഭാകരഗുരു മീമാംസാശാസ്ത്രം പഠിപ്പിച്ചിരുന്നത്. അവിടെ ഭാട്ടമീമാംസ, പ്രാഭാകരമീമാംസ, വ്യാകരണം ഈ ശാസ്ത്രങ്ങളില്‍ മാത്രമല്ല കളരിപ്പയറ്റില്‍ ജയിക്കുന്ന നമ്പൂരിമാര്‍ക്കും കിഴികള്‍ നല്കിയിരുന്നു. ശങ്കരാചാര്യമഠങ്ങളുടെ ആവിര്‍ഭാവം. അവയില്‍ അദ്വൈതവേദാന്തം മാത്രമേ പഠിപ്പിച്ചുവന്നുള്ളു. വിദ്യാഭ്യാസകാലത്തു അധ്യേതാക്കള്‍ക്കു വേണ്ടിവരുന്ന എല്ലാ ചെലവുകളും അതാതു മഠങ്ങളില്‍നിന്നുതന്നെയാണ് നിര്‍വ്വഹിച്ചുപോന്നതു്.

മത്സരപരീക്ഷകള്‍

തൃശ്ശിവപേരൂരില്‍നിന്നു് ഏകദേശം ഇരുപതുനാഴിക വടക്കുപടിഞ്ഞാറായി കടവല്ലൂര്‍ എന്നൊരു ദേശവും അവിടെ സുപ്രസിദ്ധമായി ഒരു ശ്രീരാമക്ഷേത്രവുമുണ്ട്. തൃശ്ശിവപേരൂര്‍ യോഗക്കാരും തിരനാവാ യോഗക്കാരും തമ്മില്‍ ഈ ക്ഷേത്രത്തില്‍വെച്ചു കൊല്ലംതോറും നടത്തുന്ന ഋഗ്വേദപരീക്ഷയെയാണു് ‘കടവല്ലൂരന്യോന്യം’ എന്നു പറയു ന്നത്. വാരമിരിക്കുക, ജടചൊല്ലുക, രഥ ചൊല്ലുക ഇവയാണ് പരീക്ഷയ്ക്കുള്ള വിഷയങ്ങൾ. അതാതു പരീക്ഷയ്ക്കു ചേരുവാൻ ഉദ്ദേശിക്കുന്നവർ പല പ്രാവശ്യവും ‘സമക്ഷത്തു’ പോയി, അതായത് ഓരോരോ അമ്പലങ്ങളിൽ നടക്കുന്ന വാരങ്ങളിൽ പോയി, ജയിച്ചവരായിരിക്കണം. ഈ പരീക്ഷകൾ എല്ലാം രാത്രിസമയത്താണ് നടത്താറുള്ളത്. തുലാം 30-ആം നു-വൈകുന്നേരം രണ്ടു യോഗക്കാരും കടവല്ലൂർ എത്തിയിരിക്കണം. ആദ്യത്തെ ദിവസത്തെ പരീക്ഷയുടെ പേർ ‘ഒന്നാംതി മുൻപിലിരിക്കലും’ `ഒന്നാംതി രണ്ടാംവാര’വുമാകുന്നു. ‘മുൻപിലിരിക്കുക’ എന്നുവച്ചാൽ ഒന്നാമതായി വാരമിരിക്കുക എന്നർത്ഥം. പിന്നത്തെ പരീക്ഷ `ഒന്നാംതി ജട’യും `മൂന്നാംതി രഥ’യുമാണ്. ശേഷമുള്ള ദിവസങ്ങളിൽ ചൊല്ലുന്ന ജടയ്ക്കും രഥയ്ക്കും ‘മുക്കിലേ ജട’ ‘മുക്കിലേ രഥ’ എന്നിങ്ങനെ പേർ പറയുന്നു. അതിന് ഒന്നിനൊന്നു മേലേക്കിടയിലുള്ള പരീക്ഷകളാണ് ‘കടന്നിരിക്കലും’ `വലിയ കടന്നിരിക്ക’ലും: ഇവ രണ്ടും രഥയിലുള്ള പ്രയോഗവിശേഷങ്ങൾതന്നെ. `വലിയ കടന്നിരിക്ക’ലിൽ വിജയിയായ വൈദികനു സമുദായത്തിൽ ലഭിക്കുന്ന സ്ഥാനം അത്യന്തം മഹനീയമാകുന്നു. ശാസ്ത്രാഭ്യാസത്തിൽ നിഷ്ണാതന്മാരായ ഭട്ടതിരിമാർക്കു സകല രാജസദസ്സുകളിലും വളരെക്കാലം മുമ്പുതന്നെ ‘പട്ടത്താനം’ എന്നൊരു സമ്മാനപരിപാടി ഏർപ്പെടുത്തപ്പെട്ടിട്ടുണ്ട്. കോഴിക്കോട്ട് തളിയിൽവെച്ചു നടത്തിവന്ന പട്ടത്താനമാണ് അവയിൽ ഏറ്റവും പ്രധാനമായിട്ടുള്ളത്. തുലാമാസത്തെ രേവതിയിൽ തുടങ്ങി തിരുവാതിരയിൽ ആ സദസ്സ് അവസാനിച്ചിരുന്നു. കേരളത്തിലെ പണ്ഡിതപ്രവേകന്മാരായ നമ്പൂരിമാരെല്ലാം അവിടെ ആ അവസരത്തിൽ സന്നിഹിതരാകാറുണ്ടായിരുന്നു. വാദത്തിൽ ജയിക്കുന്നവർക്കു നൂറു പണത്തിന്റെ ഓരോ കിഴി സമ്മാനമായി നല്കിയിരുന്നു. പ്രാഭാകരമീമാംസയ്ക്കും ഭാട്ടമീമാംസയ്ക്കും പന്ത്രണ്ടുവീതവും വ്യാകരണത്തിന് ഒൻപതും വേദാന്തത്തിനു പതിമ്മൂന്നും അങ്ങനെ ആകെക്കൂടി നാല്പത്താറു കിഴികൾ വിതരണം ചെയ്തുവന്നു. ഈ നാലു ശാസ്ത്രങ്ങളിലാണ് നമ്പൂരിമാർ പ്രായേണ വൈദുഷ്യം സമ്പാദിച്ചിരുന്നത്. കുറേക്കാലത്തിനു മുമ്പുവരേയ്ക്കും ന്യായശാസ്ത്രത്തിനു കേരളത്തിൽ പറയത്തക്ക പ്രചാരം സിദ്ധിച്ചിരുന്നില്ല. ചില ഇല്ലങ്ങളെത്തന്നെ മുൻചൊന്ന നാലു ശാസ്ത്രങ്ങളുടേയും ക്രമത്തിന് ഇനംതിരിച്ചിരുന്നതായി കേരളോൽപത്തിയിൽ നിന്നു വെളിവാക്കുന്നു.

ക്ഷേത്രങ്ങളും സംസ്തതാഭ്യസനവും

കേരളത്തിൽ പ്രായേണ സകലപ്രധാന ക്ഷേത്രങ്ങളിലും കാലക്രമേണ നമ്പൂരിമാര്‍ ഊരാളന്മാരായിത്തീര്‍ന്നു. ക്ഷേത്രങ്ങള്‍, ഗൃഹക്ഷേത്രം, ദേശക്ഷേത്രം, ഗ്രാമക്ഷേത്രം എന്നിങ്ങനെ മൂന്നു തരത്തിലുണ്ട്. അതാതു ഗൃഹത്തിലുള്ളവരുടെ ഉപയോഗത്തിനു മാത്രമുള്ളതു് ഗൃഹക്ഷേത്രവും അതാതു ദേശത്തിലുള്ളവര്‍ക്കു പൊതുവേ ഉപയോഗിക്കാവുന്നതു ദേശക്ഷേത്രവും ഒരു ഗ്രാമത്തില്‍ പെട്ട എല്ലാപേർക്കുംകൂടിയുള്ളതു ഗ്രാമക്ഷേത്രവുമാണ്. മിക്ക ഗ്രാമക്ഷേത്രങ്ങള്‍ക്കും സങ്കേതങ്ങളുണ്ടായിരുന്നു. സങ്കേതമെന്നുവെച്ചാല്‍ ബ്രാഹ്മണയോഗത്തിലേയോ ദേവസ്വത്തിലേയോ അങ്ഗങ്ങള്‍ തിരഞ്ഞെടുത്ത അധികാരികള്‍ സര്‍വസ്വതന്ത്രത്തോടുകൂടി ഓരോ രാജാക്കന്മാരുടെ സാഹായ്യത്തില്‍, ഭരിക്കുന്ന സ്ഥലമെന്നര്‍ത്ഥം. സങ്കേതത്തിലെ ആചാരങ്ങളെ എല്ലാ നാടുവാഴികളും ആദരിച്ചുപോന്നു. സങ്കേതവിരോധം ചെയ്തവര്‍ ഏതു വലിയ സ്ഥാനങ്ങള്‍ വഹിക്കുന്നവരായാലും ദണ്ഡത്തിനു വഴിപ്പെടണമെന്നായിരുന്നു നിയമം. ആ നിയമത്തെ അനുസ്യൂതമായും അഭങ്ഗുരമായും പരിപാലിക്കുന്നതില്‍ രാജാക്കന്മാരും പ്രജകളും ഒന്നുപോലെ ജാഗരൂകന്മാരായിരുന്നു. പല ഗ്രാമക്ഷേത്രങ്ങളിലും വേദപാഠത്തിനും, ശാസ്ത്രപാഠത്തിനും വേണ്ട ഏര്‍പ്പാടുകള്‍ ഉണ്ടായിരുന്നു. ക്രി. പി. ഒന്‍പതാംശതകത്തില്‍ തെക്കന്‍തിരുവിതാംകൂറില്‍ കരുനന്തടക്കന്‍ എന്ന രാജാവു പാര്‍ത്ഥിവശേഖരപുരം (ഇപ്പോള്‍ പാര്‍ത്ഥിവപുരം) എന്ന സ്ഥലത്തു് ഒരു വിഷ്ണുക്ഷേത്രം പ്രതിഷ്ഠിച്ചപ്പോള്‍ അവിടെ പവിഴിയെ (ഭവിഷ്യ) ചരണക്കാര്‍ക്കു നാല്പത്തഞ്ചും തൈത്തിരീയചരണക്കാര്‍ക്കു മുപ്പത്താറും തലവകാര ചരണക്കാര്‍ക്കു പതിന്നാലും അങ്ങനെ തൊണ്ണൂറ്റഞ്ചു ചട്ട(ഛത്ര)ന്മാര്‍ക്കു വേദാധ്യായത്തിനു വേണ്ട വസ്തുവകകള്‍ വിട്ടുകൊടുത്തതായി കാണുന്നു. ചട്ടന്മാര്‍ വ്യാകരണം, മീമാംസ, പൗരോഹിത്യം ഇവ പഠിച്ചിരിക്കണമെന്നായിരുന്നു നിയമം. തിരുവനന്തപുരത്തു കാന്തളൂര്‍ ചാല (വലിയ ചാല)യിലെ മര്യാദയനുസരിച്ചാണ് ആ വിദ്യാശാല താന്‍ സ്ഥാപിച്ചതെന്നും ആ രാജാവു് തന്റെ ശാസനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ക്ഷേത്രങ്ങളില്‍ ഉത്സവം മുതലായ ആഘോഷാവസരങ്ങളില്‍ കൂത്തു്, കൂടിയാട്ടം എന്നീ കലാവിദ്യകൾക്കു പ്രശംസനീയമായ പ്രോത്സാഹനം നല്കിയിരുന്നു. ഈ വിദ്യകള്‍ ക്ഷേത്രാരാധകന്മാര്‍ക്കു് ആനന്ദത്തിനു പുറമേ പുരാണവിജ്ഞാനത്തിനും, ലോകവ്യുല്‍പത്തിക്കും, ധര്‍മ്മബോധത്തിനും, സര്‍വ്വോപരി ആയാസഹരമായ വിനോദത്തിനും പ്രയോജകീഭവിച്ചു. പ്രധാന ക്ഷേത്രങ്ങളില്‍ മഹാഭാരതം വായിക്കുവാന്‍ ഭട്ടതിരിമാരെ നിയമിച്ചിരുന്നു. രാമായണം, ശ്രീമദ്ഭാഗവതം എന്നീ ഗ്രന്ഥങ്ങള്‍ വായിക്കുവാനും ഏര്‍പ്പാടുണ്ടായിരുന്നു. എന്തിനുവളരെ? ക്ഷേത്രങ്ങള്‍ ശാസ്ത്രങ്ങള്‍ക്കു സങ്കേതങ്ങളായും കലകൾക്കു കേദാരങ്ങളായും പരിലസിക്കുകയും ആ വഴിക്കു സവര്‍ണ്ണ ഹിന്ദുക്കളുടെ ഹൃദയത്തില്‍ ആര്യസംസ്കാരം അന്യാദൃശമായ പ്രഭാവത്തോടുകൂടി വേരൂന്നിത്തഴച്ചു വളരുകയും ചെയ്തു.

ആര്യസംസ്കാരത്തിന്റെ അഭിവ്യാപ്തി

ബ്രാഹ്മണരില്‍തന്നെ ചെറുമുക്കു്, കൈമുക്കു്, കപ്ലിങ്ങോടു്, പന്തല്‍, പെരുമ്പടപ്പ്, തൈക്കാടു്, ഇങ്ങനെ ആറു ഗൃഹക്കാരെ ശ്രൗതസ്മാര്‍ത്തവിധികള്‍ക്കും, പുലാമന്തോള്‍, കുട്ടഞ്ചേരി, ആലത്തൂര്‍, തൃശ്ശൂര്‍ തൈക്കാടു്, എളേടത്തു തൈക്കാടു്, വെള്ളൂര്‍, ചീരട്ടമണ്‍ (ചീരിട്ടമണ്‍), പിലാന്തോള്‍ ഈ എട്ടു ഗൃഹക്കാരെ വൈദ്യത്തിനും തരണനല്ലൂര്‍ കുഴിക്കാടു്, താഴമണ്‍ മുതലായ ഇല്ലക്കാരെ തന്ത്രത്തിനും, കല്ലൂര്‍ കുന്നമ്പറമ്പു്, കാട്ടുമാടസ്സ്, കാലടി തുടങ്ങിയ ഇല്ലക്കാരെ മന്ത്രവാദത്തിനും മറ്റും ആദികാലംമുതല്ക്കുതന്നെ പ്രത്യേകമായി തിരിച്ചുവിടുകയാല്‍ ആ ഇല്ലക്കാര്‍ക്ക് അവ കുലവിദ്യകളായിത്തീരുകയും തന്നിമിത്തം അവര്‍ക്കു അവയെ സാങ്ഗോപാങ്ഗമായും സരഹസ്യമായും അഭ്യസിച്ചു് ഉത്തരോത്തരം ലോകോപകാരം ചെയ്യുവാന്‍ സാധിക്കുകയും ചെയ്തു. സകല രാജാക്കന്മാരും സംസ്കൃതഭാഷയെ ബഹുമുഖമായി പോഷിപ്പിച്ചു. ക്ഷേത്രങ്ങളോടുള്ള ഗാഢമായ ബന്ധം നിമിത്തം അമ്പലവാസികളുടെ ഇടയില്‍ സംസ്കൃതജ്ഞാനം സര്‍വസാധാരണമായിത്തീര്‍ന്നു. ആയുധവിദ്യകൊണ്ടു കാലയാപനം ചെയ്യേണ്ടിയിരുന്ന നായന്മാര്‍ക്കു് ഭാഷാഭ്യസനത്തിനു സമയം ദര്‍ല്ലഭമായിരുന്നു. എങ്കിലും അവരുടെ ഇടയിലും സംസ്കൃതഭാഷ സാമാന്യേന പ്രചരിക്കാതെയിരുന്നില്ല. ശ്രൗതസ്മാര്‍ത്തക്രിയകളില്‍ ചില ഘട്ടങ്ങളില്‍ നമ്പൂരിമാര്‍ക്കു നായന്മാരോടു് ആ ഭാഷയില്‍ത്തന്നെ സംസാരിക്കണമെന്നു നിയമമുണ്ടായിരുന്നു. ഈഴവരില്‍ അനേകം കുടുംബക്കാര്‍ അഷ്ടാങ്ഗഹൃദയം പഠിച്ചു വൈദ്യന്മാരായിത്തീര്‍ന്നു. ആശാരിമാര്‍ ശില്പശാസ്ത്രഗ്രന്ഥങ്ങളും കണിയാന്മാര്‍ ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളും നിഷ്കർഷിച്ചു് അഭ്യസിച്ചു. ക്രി. പി. പതിമ്മൂന്നാം ശതകത്തിന്റെ ചതുര്‍ത്ഥപാദത്തില്‍ കൊല്ലം സന്ദര്‍ശിച്ച മാര്‍ക്കോപോളോ എന്ന വെനിഷ്യന്‍ ദേശസഞ്ചാരി അവിടെ നല്ല വൈദ്യന്മാരും ജ്യോത്സ്യന്മാരുമുണ്ടായിരുന്നതായി രേഖപ്പെടുത്തീട്ടുണ്ടു്. ചുരുക്കത്തില്‍ തമിഴ്‌നാടിനെ അപേക്ഷിച്ചു കേരളത്തില്‍ സംസ്കൃതഭാഷയ്ക്കും ആര്യസംസ്കാരത്തിനും വളരെയധികം വ്യാപ്തിയുണ്ടായി എന്നുള്ളത് അനപലപനീയമായ പരമാര്‍ത്ഥമാകുന്നു. കേരളവും കാഞ്ചീപുരവുമായിരുന്നു ദക്ഷിണാപഥത്തിലെ പ്രാചീനങ്ങളായ ആര്യസംസ്കാരകേന്ദ്രങ്ങള്‍ എന്നുള്ളതിനെപ്പറ്റി ഗവേഷകന്മാരുടെ ഇടയില്‍ അഭിപ്രായവ്യത്യാസമില്ല. പാണ്ഡ്യന്മാരുടെ തമിഴ്‌സംഘത്തെ അനുകരിച്ചു ചേരന്മാര്‍ ഒരു (വടമൊഴിച്ചങ്കം) സംസ്കൃതസംഘം മധുരയില്‍ സ്ഥാപിച്ചു എന്നു മധുരൈക്കാഞ്ചിയില്‍ നിന്നറിയുന്നുണ്ടെങ്കിലും ആ സംഘത്തിന്റെ പ്രവൃത്തിപരിപാടിയെന്തായിരുന്നു എന്നുള്ളതിനെപ്പറ്റി യാതൊരു വിവരവും ലഭിക്കുന്നില്ല.