close
Sayahna Sayahna
Search

Difference between revisions of "ജന്മാന്തരങ്ങൾക്കപ്പുറത്തുനിന്ന് ഒരു വിളി"


(Created page with " രണ്ടായിരത്തി മൂന്ന് ഒക്ടാബർ മാസത്തിലാണ് ഹൃദയം രണ്ടാമതായി എന്ന...")
(No difference)

Revision as of 11:56, 28 May 2014


രണ്ടായിരത്തി മൂന്ന് ഒക്ടാബർ മാസത്തിലാണ് ഹൃദയം രണ്ടാമതായി എന്നെ ആക്രമിച്ചത്. ആദ്യത്തേതിനേക്കാൾ ഒരു പടി ഉയർന്ന തോതിലുള്ള ആക്രമണം. കൃഷ്ണ ഹോസ്പിറ്റലിൽ ഡോ. വൽസരാജ് ബാലകൃഷ്ണന്റെ പരിചരണത്തിൽ ആദ്യ രാത്രി കഴിച്ചുകൂട്ടി. ടെസ്റ്റുകൾ, ഒന്നിലധികം ധമനികളിൽ അടിഞ്ഞുകൂടിയ കൊഴുപ്പുകൾ രക്തചംക്രമണത്തിന് തടസ്സമുണ്ടാക്കുന്നതായി കാണിച്ചു. അദ്ദേഹം ഉടനെ അമൃതയിലോ അല്ലെങ്കിൽ മറ്റേതെങ്കിലും ആശുപത്രിയിലോ കൂടുതൽ പരിശോധനയ്ക്കും വിദഗ്ദചികിത്സയ്ക്കുമായി (ഒരുപക്ഷെ ആഞ്ജിയോപ്ലാസ്റ്റിയോ ബൈപാസ്സോ) കൊണ്ടുപോകാമെന്ന് അഭിപ്രായപ്പെട്ടു. എന്റെ മകൻ അവന്റെ വിവാഹാലോചന തീർച്ചയാക്കാനായി ലീവെടുത്തു വന്നിരുന്നു. അവന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സംഭവം നടക്കാനിരിക്കെ ഞാൻ ആശുപത്രിയിലായി. വധുവിന്റെ അച്ഛനും അമ്മയും ഞങ്ങളെ കാണാൻ വന്നപ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു. അവന്റെ മ്ലാനമായ മുഖത്തെ ഉദ്വേഗം കണ്ടപ്പോൾ ഞാൻ ആലോചിച്ചു ഒരച്ഛന് മകനോട് ചെയ്യാനുള്ള നല്ലൊരു കാര്യമാണ് ഞാനിപ്പോൾ ചെയ്യുന്നത്. പക്ഷെ ഇതൊന്നും എന്റെ കയ്യിലല്ലല്ലൊ എന്ന കാര്യം എനിയ്ക്ക് ആശ്വാസം തന്നില്ല.

അമൃതയുടെ ആംബുലൻസിൽ എന്നെ കിടത്തിയതിനു കാല്ക്കൽ ഭാഗത്തായി മകൻ ഇരുന്നിരുന്നു. അവന്റെ മുഖം വല്ലാതെ പരവശമായിരുന്നു. അമൃത ഹോസ്പിറ്റലിൽ സി.സി.യുവിൽ എന്നെ പ്രവേശിപ്പിച്ചത് രാത്രി, എട്ട് ഒമ്പത് മണിയോടെയായിരുന്നു. അന്നു രാത്രി പിന്നീടുണ്ടായ കാര്യങ്ങളൊന്നും ഓർമ്മയില്ല. അവർ ഉറങ്ങാനായി ഇഞ്ചക്ഷൻ തന്നിരുന്നു. നന്നായി ഉറങ്ങി. ഉറക്കത്തിനിടയിൽ എപ്പോഴോ ഒരു പെൺകുട്ടിയുടെ വിളി കേട്ടു.

‘അച്ഛാ… അച്ഛാ ഒരു മരുന്ന് കഴിക്കാനുണ്ട്…’

ഞാൻ പ്രയാസപ്പെട്ട് കണ്ണു തുറക്കാൻ ശ്രമിച്ചു. വീണ്ടും ആ കുട്ടിയുടെ ശബ്ദം.

‘അച്ഛാ… ഒരു മരുന്ന് തരട്ടെ.’

എന്റെ ജന്മാന്തരങ്ങളിലെവിടെയോ എനിയ്ക്കു പിറന്നിട്ടില്ലാത്ത ഒരു മകൾ എന്റെ അടുത്തു വന്നുനിന്ന് സ്‌നേഹത്തോടെ വിളിക്കുകയാണ്. ‘അച്ഛാ…’

ഞാൻ മരുന്ന് കഴിച്ചിട്ടുണ്ടാവണം, വീണ്ടും ഉറക്കത്തിലേയ്ക്ക് ആഴ്ന്നിറങ്ങി. പിന്നെ ഉണർന്നത് അതേ വിളി കേട്ടുകൊണ്ടായിരുന്നു. ‘അച്ഛാ…’

ഇപ്പോൾ എനിയ്ക്ക് ആ കുട്ടിയെ നന്നായി കാണാൻ പറ്റും. അവൾ ചിരിച്ചുകൊണ്ട് അടുത്തു നിൽക്കുന്നു.

‘നന്നായി ഉറങ്ങി, അല്ലെ?’

ആ വിളി എന്നിൽ വളരെ നല്ല പ്രതികരണങ്ങളുണ്ടാക്കി. ഞാൻ പറഞ്ഞു.

‘നന്നായി ഉറങ്ങി, മോളെ.’

നഴ്‌സുമാരുടെ ഡ്യൂട്ടി മാറുന്നത് എട്ടു മണിയ്ക്കാണെന്നു തോന്നുന്നു. പിന്നീട് ഭക്ഷണം തരാനും മരുന്ന് തരാനും വന്നത് വേറൊരു കുട്ടിയായിരുന്നു. കണ്ണടച്ചു കിടക്കുകയായിരുന്ന എന്നെ അവൾ വിളിച്ചു.

‘അപ്പച്ചാ…’ പെട്ടെന്നവൾ എന്തോ തെറ്റു ചെയ്തതുപോലെ അതു തിരുത്തി. ‘അച്ഛാ…’

ഞാൻ ചോദിച്ചു.

‘മോളെന്തിനാണ് തിരുത്തിയത്? എന്നെ അപ്പച്ചൻ എന്നുതന്നെ വിളിച്ചാൽ പോരായിരുന്നോ? മോള് എന്നെ അങ്ങിനെ വിളിച്ചാൽ മതി.’

അവൾ പക്ഷെ അച്ഛാ എന്നുതന്നെ വിളിച്ചു. ഇടയ്ക്ക് ഓർമ്മത്തെറ്റുപോലെ അപ്പച്ചാ എന്നും. രോഗികളെ എന്താണ് വിളിയ്‌ക്കേണ്ടത് എന്ന് ആശുപത്രി അധികൃതർ നഴ്‌സുമാരുടെ പരിശിലനവേളയിൽ പഠിപ്പിക്കുന്നുണ്ടാവും. പക്ഷെ ഞാനത് ആ വിധത്തിലല്ല എടുത്തത്. ആ വിളിയിൽ എന്തോ ഒരു മമത ഒളിച്ചിരിയ്ക്കുന്നുണ്ട്. എന്നെപ്പോലുള്ള ഒരു രോഗിയെ വേഗം ആരോഗ്യത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ഒരു മന്ത്രം. പ്രത്യേകിച്ച് ആ പെൺകുട്ടി അപ്പച്ചാ എന്നു വിളിച്ചത് എന്നെ വല്ലാതെ സ്പർശിച്ചു. അതവൾ ആത്മാർത്ഥമായി വിളിച്ചതു തന്നെയാവണമെന്നു ഞാൻ വിശ്വസിക്കുന്നു.

സ്‌നേഹം എന്ന വാക്കിന് വലിയ അർത്ഥം കല്പിച്ചു കൊടുത്ത ഒരമ്മയുടെ പേരിലുള്ള ആശുപത്രിയിൽ ഇങ്ങിനെയേ നടക്കാൻ പാടു.

15.12.2006