close
Sayahna Sayahna
Search

രണ്ടാം ഭാഗത്തിന്റെ മുഖവുര


രാമരാജബഹദൂർ

രാമരാജബഹദൂർ
RamaRajaBahadoor-001.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി രാമരാജബഹദൂർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്രാഖ്യായിക
വര്‍ഷം
1918
മാദ്ധ്യമം അച്ചടിപ്പതിപ്പു്
പിന്നോട്ട് ധർമ്മരാജാ


രണ്ടാം ഭാഗത്തിന്റെ മുഖവുര

1093 ഇടവത്തിൽ പതിനെട്ടു് അദ്ധ്യായം പരിശോധിച്ചു് അച്ചടിച്ചുതീർത്തതായ ഈ പുസ്തകത്തിന്റെ മുഴുവൻ പണി തീർക്കുന്നതിനു് 1095 ചിങ്ങം വരെ താമസിച്ചതിൽ അത്യന്തം വ്യസനിക്കുന്നു. ടിപ്പുവിന്റെ ആക്രമം എന്നതുപോലെ (ദേഹ) സ്ഥിതികൾ ചിന്തിക്കാതുള്ള ഒരു പ്രസ്ഥാനത്തിൽ പ്രവേശിച്ചുപോയോ എന്നു പോലും പലപ്പോഴും സംശയിച്ചു ഖേദിച്ചു. 1093 ഇടവം 31-ആം തീയതി അറുപത്തിയൊന്നിൽ പ്രവേശിച്ച ദിവസം സുഹൃല്ലോകം ഗ്രന്ഥകാരനെ അനുമോദിച്ചു എങ്കിൽ, അടുത്ത സംവരത്സത്തിലെ ആ തീയതിയിൽ, ഗ്രന്ഥകാരനെ പല കാലമായി പീഡിപ്പിച്ചുവന്ന ഉദരരോഗം മുമ്പിൽ ഉണ്ടായിട്ടില്ലാത്തവിധത്തിൽ അതിന്റെ കാഠിന്യത്തെ പ്രകാശിപ്പിച്ചു. ഇരുപതു ദിവസത്തിൽപ്പരമുള്ള ശയ്യാബന്ധത്തിനുശേഷം ഏഴുന്നേറ്റിരിപ്പാൻ ശക്തനായി. ആരംഭിച്ചുപോയ പണി `കുറ'യിൽ ഇടുന്നതു് ഒരു അപശകുനം ആണെന്നു തോന്നി, ചികിത്സകന്മാരുടെ ഉപദേശങ്ങളെ അനാദരിച്ചു് പത്തൊൻപതാം അദ്ധ്യായം മുതൽക്കുള്ള ഈ ഉത്തരഭാഗത്തെ ജനസമക്ഷം പ്രവേശിപ്പിക്കണമെന്നു ദൃഢമായി ഉറച്ചു. ഈ വസ്തുതകളുടെ പ്രസിദ്ധീകരണംകൊണ്ടു് പരിശോധകന്മാരുടെ അനുകമ്പയെ വശീകരിക്കുകയോ, നിഷ്പീഡിതനായിരുന്നു എങ്കിൽ സർവ്വചേതോഹരമായ ഒരു പ്രബന്ധം പുറപ്പെടുമായിരുന്നു എന്നു സൂചിപ്പിക്കുകയോ ചെയ്യുന്നില്ല.

ഈ ഉത്തരഭാഗത്തിന്റെ പ്രസിദ്ധീകരണത്തിനും ജീവിതാനുഷ്ഠാനങ്ങൾക്കും വേണ്ട സുഖശരീരതയെ തന്ന സഹോദരന്മാർ, ഡാക്ടർ കെ. മാധവൻ പിള്ള എൽ. എം. എസ്. അവർകളോടും, ഡാക്ടർ കെ. രാമൻ തമ്പി ബി. എ. , എം. ഡി. അവർകളോടും, വൈദ്യൻ മ. രാ. രാ. ആറന്മുള നാരായണ പിള്ള അവർകളോടും ഗ്രന്ഥകരാനു തോന്നുന്ന ഹാർദ്ദമായ കൃതജ്ഞതയെ സസന്തോഷം പ്രത്യക്ഷപ്പെടുത്തിക്കൊള്ളുന്നു. ഈ ഭാഗം ഗ്രന്ഥത്തിന്റെ നിർമ്മാണകാര്യത്തിലും പൗരോഹിത്യം, പരിപാലിച്ച മ. രാ. രാ. കെ. ആർ. കൃഷ്ണപിള്ള ബി. എ. , ബി. എൽ. അവർകളും, ഇതിന്റെ ആദ്യന്തമുള്ള രചനയിലും പരിശോധനയിലും ലേഖനവിഷമങ്ങൾ വഹിച്ചു്, സങ്കല്പാദിവിഷയങ്ങളിൽ നവ്യാശയങ്ങൾ തന്നു് ഉത്തമസാചിവ്യം അനുവർത്തിച്ചിട്ടുള്ള പ്രിയ ജാമാതാവു് മ. രാ. രാ. ഈ. വി. കൃഷ്ണപിള്ള ബി. എ. അവർകളും കൂടി ഈ ഗ്രന്ഥത്തിൽ ആസ്വാദ്യാശം വല്ലതും ഉണ്ടെങ്കിൽ അതിന്റെ അവകാശം പങ്കിട്ടുകൊള്ളട്ടെ.

എന്നു്,

ലോകകൃപയാൽ പരമാശ്വസ്തചിത്തനായിരിക്കുന്ന
ഗ്രന്ഥകാരൻ

തിരുവനന്തപുരം
ചിങ്ങം 1095