മിഥ്യ
മിഥ്യ | |
---|---|
ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
മൂലകൃതി | പ്രണയം ഒരാൽബം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 117 |
ISBN | 81-86229-02-07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
പറയുന്നൂ പഴയവര്‍,
കനല്‍വിരിയിലൂടെ നടക്കുമിത്തെയ്യം
ഉരുകും ലോഹങ്ങള്‍ കുടിക്കുമാത്തെയ്യം
പഴംകഥകളില്‍ കിടുകിടാ വിറച്ചിരിക്കുന്നൂ.
ഞങ്ങള്‍ കിടാങ്ങള്‍…
ആ വഴികള്‍, ഓര്‍മ്മകള്‍
ഇരുള്മൂടിയകലെയായ്.
വരളുന്നൂ തൊണ്ട.
ഇരുളുന്നൂ വഴി.
കുടിക്കുന്നൂ നിന്റെ തിരിച്ചുകിട്ടാത്ത
പ്രണയത്തിന് കണ്ണീര്‍ക്കടല്‍.
വീണ്ടും ദാഹം വളരുന്നു.
കുടിക്കുന്നൂ സിരയുരുക്കും
നിന് ത്വക്കിന് ചുടുലോഹസ്പര്ശം
എല്ലാം വെറുതെ,
എല്ലാം നുണ,
എല്ലാം മനസ്സിന് മായാമരീചിക
എന്നെന്റെയകത്തുനിന്നാരോ
വിളിച്ചുചൊല്കിലും,
ഇഴയുന്നൂ നിന്റെ നിഴലിന് പിന്നാലെ,
നിറംമങ്ങിച്ചന്തംചതഞ്ഞ
ജീവിതമുയിര്ത്തെഴുന്നേല്ക്കും-
വെറുതെ മോഹിച്ച്.
(1995)
|