close
Sayahna Sayahna
Search

ഴാവേര്‍


പാവങ്ങൾ
VictorHugo.jpg
ഗ്രന്ഥകർത്താവ് വിക്‌തർ യൂഗോ
മൂലകൃതി പാവങ്ങൾ
വിവര്‍ത്തകന്‍ നാലപ്പാട്ട് നാരായണമേനോൻ
രാജ്യം ഫ്രാൻസ്
ഭാഷ ഫ്രഞ്ച്
വിഭാഗം സാഹിത്യം, നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി, കോഴിക്കോട്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 1350


ഴാവേര്‍

സ്വസ്ഥതയുടെ പുറപ്പാട്

മൊസ്സ്യു മദലിയെന്‍ സ്വഭവനത്തിലേര്‍പ്പെടുത്തിയിട്ടുള്ള ദീനപ്പുരയില്‍ ഫന്‍തീനെ കൊണ്ടുചെന്നാക്കി. അവിടെയുള്ള കന്യകാമഠസ്ത്രീകളുടെ വശം അവളെ ഏല്പിച്ചു; അവര്‍ അവളെ ഒരു കട്ടിലിന്മേല്‍ കൊണ്ടുകിടത്തി. ഒരു പൊള്ളുന്ന പനി വന്നിരിക്കുന്നു. രാത്രി ഏതാനും മോഹാലസ്യംകൊണ്ടും പേപറയല്‍കൊണ്ടും കഴിഞ്ഞു. ഒടുവില്‍ എങ്ങനെയോ അവളുറങ്ങി.

പിറ്റേദിവസം ഉച്ചയോടുകൂടി ഫന്‍തീന്‍ ഉണര്‍ന്നു. ആരോ കട്ടിലിന്റെ അടുക്കല്‍നിന്നു ശ്വാസം കഴിക്കുന്ന ഒച്ച കേട്ടു; അവള്‍ മറശ്ശീല നീക്കി; മൊസ്സ്യു മദലിയെന്‍ അവിടെ നില്ക്കുന്നതായും അവളുടെ തലയ്ക്ക് മുകള്‍ഭാഗത്തുള്ള എന്തോ ഒന്നിലേക്കു നോക്കുന്നതായും കണ്ടു. ആ നോട്ടത്തില്‍ അനുകമ്പയും ആധിയും അപേക്ഷയും നിറഞ്ഞിരുന്നു. അവള്‍ അതിനെ പിന്തുടര്‍ന്നു; ചുമരിന്മേല്‍ തറച്ചിട്ടുള്ള ഒരു കുരുശിനെയാണ് അയാള്‍ സൂക്ഷിച്ചുനോക്കുന്നതെന്നു മനസ്സിലായി.

അതുമുതല്‍, ഫന്‍തീന്റെ കണ്ണിനു മൊസ്സ്യു മദലിയെന്‍ ഒന്നു രൂപഭേദപ്പെട്ടു. അദ്ദേഹം ഒരു തേജസ്സാല്‍ മൂടപ്പെട്ടിരിക്കുന്നതായി അവള്‍ക്കു തോന്നി. അദ്ദേഹം ഒരുതരം ഈശ്വരധ്യാനത്തില്‍ മുങ്ങിയിരുന്നു. തടയുവാന്‍ ധൈര്യപ്പെടാതെ അവള്‍ വളരെ നേരം അദ്ദേഹത്തെ സൂക്ഷിച്ചുനോക്കി. ഒടുവില്‍ ശങ്കയോടുകൂടി ചോദിച്ചു: ‘എന്താണ് ചെയ്യുന്നത്?’

മെസ്സ്യു മദലിയെന്‍ അവിടെ വന്നിട്ട് ഒരു മണിക്കൂറായി. അയാള്‍ ഫന്‍തീന്‍ ഉണരുന്നതും കാത്തു നില്ക്കുകയാണ്. അയാള്‍ അവളുടെ കൈ പിടിച്ചു, നാഡിയുടെ ചലനം നോക്കി, എന്നിട്ടു പറഞ്ഞു: ‘ഇപ്പോള്‍ എങ്ങനെയിരിക്കുന്നു?’

‘ഞാനുറങ്ങി,’ അവള്‍ മറുപടി പറഞ്ഞു: ‘എനിക്കു കുറെ ഭേദമുണ്ടെന്നു തോന്നുന്നു. സാരമില്ല.’

അവളുടെ ആദ്യത്തെ ചോദ്യം. അപ്പോഴേ കേട്ടിട്ടുള്ളൂ എന്ന മട്ടില്‍, അയാള്‍ അതിനുത്തരമായി പറഞ്ഞു: ‘ധര്‍മനിഷ്ഠയ്ക്കുവേണ്ടി കഷ്ടപ്പെട്ട ആ മുകളില്‍ കാണുന്നയാളോടു ഞാന്‍ പ്രാര്‍ഥിക്കയായിരുന്നു.’

അയാള്‍ മനസ്സുകൊണ്ട് തുടര്‍ന്നു പറഞ്ഞു: ‘ധര്‍മനിഷ്ഠയ്ക്കുവേണ്ടി കഷ്ടപ്പെട്ട ഈ താഴെ കാണുന്നാള്‍ക്കുവേണ്ടി.’

രാത്രിയും രാവിലെനേരവും മൊസ്സ്യു മദലിയെന്‍ അന്വേഷണം ചെയ്കയായിരുന്നു. ഇപ്പോള്‍ അയാള്‍ക്കെല്ലാം മനസ്സിലായി. ഹൃദയഭേദകങ്ങളായ എല്ലാ ഭാഗങ്ങളോടുംകൂടി അയാള്‍ ഫന്‍തീന്റെ ചരിത്രം മനസ്സിലാക്കി. അയാള്‍ തുടര്‍ന്നു പറഞ്ഞു: ‘സാധുവായ അമ്മേ, നിങ്ങള്‍ വളരെ കഷ്ടപ്പെട്ടു. ഹാ! ആവലാതിപ്പെടാതിരിയ്ക്കൂ; അത്യുത്തമര്‍ക്കുള്ള സമ്മാനം നിങ്ങള്‍ക്കു കിട്ടിക്കഴിഞ്ഞു. ഇങ്ങനെയാണ് മനുഷ്യര്‍ ദേവന്മാരായി മാറുന്നത്. മറ്റുവിധത്തില്‍ പ്രവര്‍ത്തിക്കേണ്ടതെങ്ങനെ എന്നറിഞ്ഞുകൂടാത്തത് അവരുടെ കുറ്റമല്ല. ഇതാ, ഇപ്പോള്‍ നിങ്ങള്‍ വിട്ടുപോകുന്ന ഈ നരകം സ്വര്‍ഗത്തിന്റെ പൂര്‍വരൂപമാണ്. അതിവിടെവെച്ചു വേണം ആരംഭിക്കാന്‍.’

അയാള്‍ ഒരു വലിയ ദീര്‍ഘശ്വാസമിട്ടു. രണ്ടു പല്ലു കുറവുള്ള ഒരുല്‍കൃഷ്ടമായ പുഞ്ചിരികൊണ്ട് അവള്‍ അയാളെ സ്വാഗതം ചെയ്തു.

അതേദിവസം രാത്രി, ഴാവേര്‍ ഒരു കത്തെഴുതി. പിറ്റേ ദിവസം രാവിലെ, അയാള്‍ തന്നെ അത് എം.പട്ടണത്തിലെ തപ്പാലാപ്പീസില്‍ കൊണ്ടിട്ടു. അത് പാരിസ്സിലേക്കൂള്ളതായിരുന്നു. മേല്‍വിലാസം ഇതാണ്: മൊസ്സ്യു ഷാബൂയിലെ, പൊല്ലീസ് മേലധ്യക്ഷന്റെ കാര്യദര്‍ശി. പൊല്ലീസ് സ്റ്റേഷനില്‍ വെച്ചുണ്ടായ സംഭവം ആ പ്രദേശത്തൊക്കെ പ്രസിദ്ധമായിരുന്നതുകൊണ്ട്, തപ്പാല്‍ കെട്ടുന്നതിനുമുന്‍പ് ആ കത്തു കണ്ടവരും ഴാവേറുടെ കൈയക്ഷരമാണെന്നറിഞ്ഞവരുമായ തപ്പാലാപ്പീസിലെ ഉദ്യോഗസ്ഥയും മറ്റു ചിലരും ഇന്‍സ്പെക്ടര്‍ രാജി അയയ്ക്കുകയാണെന്നു വിചാരിച്ചു.

മൊസ്സ്യു മദലിയെന്‍ ക്ഷണത്തില്‍ തെനാര്‍ദിയെര്‍മാര്‍ക്കെഴുതി. ഫന്‍തീന്‍ അവര്‍ക്കു നൂറ്റിരുപതു ഫ്രാങ്ക് കൊടുപ്പാനുണ്ട്. അയാള്‍ അവര്‍ക്കു മുന്നൂറു ഫ്രാങ്കയച്ചു; അതില്‍നിന്ന് അവര്‍ക്കൂള്ള സംഖ്യയെടുത്ത്, ദീനത്തില്‍ കിടക്കുന്ന അമ്മയ്ക്കു കാണാന്‍ തിടുക്കമുള്ളതുകൊണ്ട്, ക്ഷണത്തില്‍ കുട്ടിയേയുംകൊണ്ട് എം. പട്ടണത്തിലെത്തുവാന്‍ ആവശ്യപ്പെട്ടു.

ഇതു തെനാര്‍ദിയെര്‍മാരെ അമ്പരിപ്പിച്ചു. ‘എട ഗ്രഹപ്പിഴേ!’ ആ മനുഷ്യന്‍ ഭാര്യയോടു പറഞ്ഞു, ‘നമുക്കു കുട്ടിയെ ഒരിക്കലും വിട്ടുകൊടുത്തുകൂടാ. ഈ വാനമ്പാടിപ്പക്ഷി ഒരു കറവുപശുവാവാനാണ് ഭാവം. എനിക്കു കാര്യം മനസ്സിലായി. ഏതോ പൊണ്ണന്ന് അമ്മയുടെ മേല്‍ കമ്പം കയറിയിരിക്കുന്നു.’

അയാള്‍ അഞ്ഞൂറ്റില്‍ച്ചില്വാനം ഫ്രാങ്കിന് ഒരു ശരിയായ കണക്കു തയ്യാറാക്കി. എതിര്‍പറയാന്‍ വയ്യാത്ത രണ്ടു സംഗതികൊണ്ടാണ് മുന്നൂറു ഫ്രാങ്കില്‍ കവിഞ്ഞുപോയത് — ഒന്നു ഡോക്ടര്‍ക്കുള്ള ഫീസ്സ്; മറ്റേത്, രണ്ടുതവണയായി എപ്പൊനൈന്നും അസല്‍മയ്ക്കും ദീനം പിടിച്ചപ്പോള്‍ വളരെ ദിവസത്തേക്കു വന്നുനോക്കി മരുന്നു കൊടുത്തിരുന്ന ഒരപ്പോത്തിക്കരിക്കു പ്രതിഫലം. ഞങ്ങള്‍ പറഞ്ഞതുപോലെ, കൊസെത്തിനു ദീനമുണ്ടായിട്ടില്ല. പേരൊന്നു മാറ്റിവെച്ചു എന്നു മാത്രം, സാരമില്ല. കുറിപ്പിനു ചുവട്ടില്‍ തെനാര്‍ദിയെര്‍ എഴുതി; കണക്കിലേക്കു മുന്നൂറു ഫ്രാങ്ക് കിട്ടിബോധിച്ചു.

ഉടനെത്തന്നെ മൊസ്സ്യു മദലിയെന്‍ മുന്നൂറു ഫ്രാങ്ക്കൂടി അയച്ചു; ഇങ്ങനെ എഴുതി: ‘കൊസെത്തിനെ ക്ഷണത്തില്‍ കൊണ്ടുവരണം.’

‘ജഗദീശ്വര! തെനാര്‍ദിയെര്‍ പറഞ്ഞു: ‘നമുക്ക് കുട്ടിയെ വിട്ടുകൂടാ.’

ഈയിടയ്ക്കു ഫന്‍തീന്റെ ദീനം മാറിയില്ല. അവള്‍ ഇപ്പോഴും രോഗിപ്പുരയില്‍ത്തന്നെയാണ്.

കന്യകാമഠസ്ത്രീകള്‍ ആദ്യമൊക്കെ ‘ആ സ്ത്രീ’യെ വെറുപ്പോടുകൂടിയാണ് സ്വീകരിച്ചത്. റീംപള്ളിയിലെ കൊത്തുപണി കണ്ടിട്ടുള്ളവര്‍, അതില്‍ ആ കഥയില്ലാത്ത കന്യകകളെ നോക്കിക്കാണുമ്പോള്‍ കഥകൂടിയ കന്യകകള്‍ക്കു കാണാറുള്ള ആ താഴത്തെ ചുണ്ടുവീര്‍പ്പിക്കല്‍ ഒന്നോര്‍മിക്കേണ്ടതാണ്. ചാരിത്ര്യം പോയ്പോയ പെണ്ണുങ്ങളെക്കൂറിച്ച് പണ്ടത്തെ അഗ്നിദേവീദാസികള്‍[1]ക്കുണ്ടായിരുന്ന പുച്ഛഭാവം, സ്ത്രീജനോചിതമായ പ്രതാപത്തിന്റെ ഏറ്റവും അഗാധങ്ങളായ പ്രകൃതിബോധങ്ങളിള്‍ ഒന്നാണ്; കന്യകാമഠസ്ത്രീകളിലാവട്ടെ, മതപ്രാബല്യംകൂടി ചേര്‍ന്നപ്പോള്‍ അതൊന്നിരട്ടിച്ചു. കുറച്ചുദിവസംകൊണ്ട് ഫന്‍തീന്‍ അവരെ ആയുധംവെപ്പിച്ചു. സാധുത്വത്തേയും സൗശീല്യത്തേയും കാണിക്കുന്ന സകലവും അവള്‍ പറഞ്ഞു; അവളിലുള്ള മാതൃത്വം വാത്സല്യത്തെ തോന്നിച്ചു. ഒരു ദിവസം പനിയുടെ ഇടയ്ക്ക് അവള്‍ ഇങ്ങനെ പറയുന്നത് അവര്‍ കേട്ടു: ‘ഞാന്‍ ഒരു പാപിയാണ്; പക്ഷേ, എന്റെ കുട്ടി അടുത്തെത്തിയാല്‍, ഈശ്വരന്‍ എനിക്കു മാപ്പു തന്നു എന്നതിന് അതൊരടയാളമായി. ഞാന്‍ ദുര്‍വൃത്തിയായിരുന്നപ്പോള്‍ കൊസെത്ത് എന്റെ അടുക്കല്‍ വേണമെന്നു ശഠിക്കുന്നതു ശരിയല്ല; അവളുടെ ദുഃഖവും അമ്പരപ്പുമുള്ള നോട്ടവും എനിക്കു സഹിക്കില്ല. അവള്‍ക്കുവേണ്ടിയാണ് ഞാന്‍ പാപം ചെയ്തത്. അതാണ് എനിക്ക് ഈശ്വരന്‍ മാപ്പുതരാനും. കൊസെത്ത് ഇവിടെയുള്ളപ്പോള്‍, ഈശ്വരന്റെ അനുഗ്രഹം എനിക്കനുഭവപ്പെടും. ഞാന്‍ അവളെ സൂക്ഷിച്ചു നോക്കിക്കാണും; ആ നിരപരാധശിശുവെ കണ്ടാല്‍ എനിക്കു ദീനം മാറും. അവള്‍ക്കൊന്നും മനസ്സിലായിട്ടില്ല. എന്റെ കന്യകകളേ, നോക്കൂ. അവള്‍ ഒരു ദേവിയാണ്. ഈ പ്രായത്തില്‍ ചിറകു കൊഴിഞ്ഞിട്ടുണ്ടാവില്ല.’

മൊസ്സ്യു മദലിയെന്‍ ദിവസത്തില്‍ രണ്ടു തവണ കാണാന്‍ ചെല്ലും; ഓരോരിക്കലും അവള്‍ ചോദിക്കും: ‘എന്റെ കൊസത്തിനെ ഞാന്‍ താമസിയാതെ കാണുമോ?’

‘നാളെ; ഒരു സമയം. അവള്‍ ഇപ്പോള്‍ത്തന്നെ എത്താനും മതി. ഞാന്‍ അവളെ കാത്തിരിക്കുകയാണ്.’

അമ്മയുടെ വിളര്‍ത്ത മുഖം തിളങ്ങി. ‘ഹാ!’ അവള്‍ പറഞ്ഞു: ‘ഞാന്‍ എന്തു ഭാഗ്യവതിയാവാന്‍ പോകുന്നു!’

അവളുടെ ദീനം മാറിയിട്ടില്ലെന്നു ഞങ്ങള്‍ പറഞ്ഞുവല്ലോ; നേരെമറിച്ച്, ഓരോ ദിവസവും അവളുടെ സ്ഥിതി അധികമധികം അപകടത്തിലാവുകയാണ്. ചുമല്‍പ്പലകകളുടെ നടുക്ക് അവളുടെ നഗ്നമായ ദേഹത്തില്‍ വീണ മഞ്ഞുകട്ടകള്‍ പെട്ടെന്നു ശ്വാസോച്ഛ്വാസത്തെ തടഞ്ഞതിനാല്‍, വളരെ കൊല്ലങ്ങളോളമായി ഉള്ളില്‍ നീറിക്കിടന്നിരുന്ന രോഗം ഒടുവില്‍ ഒരടിയായി ആളിപ്പിടിച്ചു. അക്കാലത്തു നെഞ്ചിനെ സംബന്ധിക്കുന്ന രോഗങ്ങളുടെ നിദാനത്തിലും ചികിത്സകളിലും നിപുണനായ ലയിങ്ങിന്റെ നിപുണോപദേശങ്ങളെയാണ് ആളുകള്‍ അനുസരിച്ചിരുന്നത്. ഫന്‍തീന്റെ നെഞ്ചുമിടിക്കുന്നതു പരീക്ഷിച്ചു ഡോക്ടര്‍ തലയൊന്നിളക്കി.

മൊസ്സ്യു മദലിയെന്‍ വൈദ്യനോടു ചോദിച്ചു: ‘ശരിയല്ലേ?’

‘ഇവര്‍ക്കു കാണാന്‍ താല്പര്യമുള്ള ഒരു മകളില്ലേ?’ ഡോക്ടര്‍ ചോദിച്ചു.

‘ഉവ്വ്.’

“ആട്ടെ, ക്ഷണത്തില്‍ ആ കുട്ടിയെ വരുത്തണം.’

മൊസ്സ്യു മദലിയെന്‍ വിറച്ചു.

ഫന്‍തീന്‍ അന്വേഷിച്ചു: ‘വൈദ്യന്‍ എന്തു പറയുന്നു?’

മൊസ്സ്യു മദലിയെന്‍ പുഞ്ചിരികൊള്ളുവാന്‍ യത്നിച്ചു. ‘നിങ്ങളുടെ ദീനത്തെ സുഖപ്പെടുത്തുമത്രേ.’


‘ഹോ!’ അവള്‍ പറഞ്ഞു, ‘അദ്ദേഹം പറയുന്നത് ശരിയാണ്! അപ്പോള്‍, എന്റെ അടുക്കലേക്ക് പറഞ്ഞയ്യ്ക്കാതെ ആ തെനാര്‍ദിയെര്‍മാര്‍ എന്റെ കുട്ടിയെ പിടിച്ചു വെക്കുന്നതിന്റെ അര്‍ഥമെന്താണ്? ഹാ, അവള്‍ വരുകയായി; ഒടുക്കം ഞാന്‍ ഭാഗ്യത്തെ എന്റെ അടുക്കല്‍ കാണുന്നു.’

ഈയിടയ്ക്ക് തെനാര്‍ദിയെര്‍ ‘കുട്ടിയെ വിട്ടുകൊടുത്തില്ല’; അതിന് ഒരു നൂറു നിസ്സാരസംഗതികള്‍ പറഞ്ഞു. മഴക്കാലത്തു ദീര്‍ഘയാത്ര ചെയ്വാന്‍മാത്രം കൊസെത്തിനു സുഖമായിട്ടില്ല. പിന്നെ അടുത്ത പ്രദേശത്തു ചില്ലറയായും എന്നാല്‍ നിര്‍ത്തിവെക്കാന്‍ നിവൃത്തിയില്ലാതെയുമുള്ള കടങ്ങളുണ്ട്; ആവക കണക്കുകള്‍ ശേഖരിച്ചുവരുന്നുണ്ട്, മറ്റും മറ്റും.

‘കൊസത്തിനെ കൂട്ടിക്കൊണ്ടുവരുവാന്‍ ഞാന്‍ ആരെയെങ്കിലും അയയ്ക്കും’ ഫാദര്‍ മദലിയെന്‍ പറഞ്ഞു, ‘പോരെങ്കില്‍ ഞാന്‍തന്നെ പോവും.’

ഫന്‍തീന്‍ പറഞ്ഞുകൊടുത്ത പ്രകാരം അയാള്‍ ഈ കത്തെഴുതി; അതില്‍ അവളെക്കൊണ്ട് ഒപ്പിടുവിച്ചു.

‘മൊസ്സ്യു തെര്‍ദിയെര്‍,
ഈ വരുന്ന ആളുടെ പക്കല്‍ കൊസെത്തിനെ അയയ്ക്കണം.
‘ചില്ലറ ചെലവുകള്‍ക്കൊക്കെ വേണ്ടതു തരും.’
‘നിങ്ങളെ ഞാന്‍ ബഹുമാനപൂര്‍വ്വം ആദരിച്ചുകൊള്ളുന്നു.
ഫന്‍തീന്‍.’

ഇതിനിടയില്‍ ഒരു ഗൗരവപ്പെട്ട സംഭവമുണ്ടായി. നമ്മുടെ ജീവിതം നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ആ നിഗൂഢമരത്തടിയില്‍ നമ്മുടെ ഇഷ്ടംപോലെ ചിത്രപ്പണിയെടുത്താലും, ഈശ്വരവിധിയാകുന്ന കറുത്ത വിള്ളല്‍ ഇടവിടാതെ അതില്‍ പൊന്തിക്കാണുന്നു.

ഴാങ്ങ് എങ്ങനെ ഷാങ് ആവാമെന്ന്

ഒരു ദിവസം രാവിലെ, മൊസ്സ്യു മദലിയെന്‍ ആപ്പീസുമുറിയിലിരുന്നു. താന്‍ മോങ് ഫെര്‍മിയെയ്ക്കു പോകുവാന്‍ തീര്‍ച്ചപ്പെടുത്തുകയാണെങ്കിലോ എന്നുവെച്ചു ഉദ്യോഗസ്ഥസംബന്ധികളായ അടിയന്തരകാര്യങ്ങളെല്ലാം മുന്‍കൂട്ടി തീര്‍ത്തുവെക്കുകയായിരുന്നു. അപ്പോള്‍ പൊല്ലീസ്സിന്‍സ്പെക്ടര്‍ ഴാവേര്‍ കാണാന്‍ വന്നിട്ടുണ്ടെന്ന് ഒരാള്‍ വന്നറിയിച്ചു. ഈ പേരു കേട്ടപ്പോള്‍ ഒരു രസക്ഷയമുണ്ടാകാതെ കഴിപ്പാന്‍ മദലിയെനെക്കൊണ്ട് സാധിച്ചില്ല. പൊല്ലീസ്കച്ചേരിയില്‍വെച്ചുണ്ടായ സംഭവത്തിനു ശേഷം ഴാവേര്‍ എപ്പോഴും മെയറെ കാണാതെ കഴിക്കുകയായിരുന്നു പതിവ്; മൊസ്സ്യു മദലിയെന്‍ അയാളെ പിന്നെ കണ്ടിട്ടില്ല.

‘വരാന്‍ പറയൂ,’ മെയര്‍ പറഞ്ഞു.

ഴാവേര്‍ അകത്തേക്ക് വന്നു.

മൊസ്സ്യു മദലിയെന്‍ കൈയില്‍ തൂവലോടുകൂടി, രാജവീഥികളില്‍വെച്ചു പൊല്ലീസ് നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതിനെപ്പറ്റി അന്വേഷണം ചെയ്യാനേര്‍പ്പെടുത്തിയ കമ്മീഷന്റെ വിചാരണകളടങ്ങിയതും ഇടയ്ക്കിടയ്ക്കു മറിച്ചുനോക്കിയിരുന്നതും ചില വ്യാഖ്യാനങ്ങള്‍ കുറിച്ചിരുന്നതുമായ ‘ഘോഷവാറി’ല്‍ നിന്നു കണ്ണെടുക്കാതെ, തിയ്യിന്റെ അടുത്തുള്ള തന്റെ ഇരിപ്പിടത്തില്‍ത്തന്നെ ഇരിക്കുന്നു. ഴാവേര്‍ വന്നിട്ടുണ്ടെന്നു വെച്ച് അദ്ദേഹം തന്റെ പ്രവൃത്തി നിര്‍ത്തിയില്ല. അദ്ദേഹത്തിന് ആ സാധുവായ ഫന്‍തീനെപ്പറ്റി വിചാരിക്കാതിരിപ്പാന്‍ വയ്യാ; അതുകൊണ്ട് അല്പം മര്യാദക്കൂറവു കാണിച്ചാല്‍ക്കൂടി തരക്കേടില്ലെന്ന് അദ്ദേഹം കരുതി.

മെയറെ കണ്ടു ഴാവേര്‍ ബഹുമാനപൂര്‍വ്വം ഉപചരിച്ചു വന്ദിച്ചു; ഇരിപ്പു ഴാവേര്‍ക്കു പിന്‍തിരിഞ്ഞുംകൊണ്ടായിരുന്നു. മെയര്‍ ആ വന്നാളുടെ നേരെ തിരിഞ്ഞുനോക്കിയില്ല. അദ്ദേഹം ആ ‘ഘോഷവാറി’ല്‍ അവിടവിടെ കുറിച്ചുംകൊണ്ടിരുന്നു.

ഴാവേര്‍ രണ്ടുമൂന്നടി അകത്തേക്കു ചെന്നു; ഒന്നും മിണ്ടാതെ, അവിടെ നിന്നു.

ഴാവേറുമായി ഏതെങ്കിലും പരിചയമുള്ള ഒരു മുഖലക്ഷണജ്ഞന്‍ — അതേ, പരിഷ്കാരത്തിന്റെ ചൊല്പടിയില്‍ നില്ക്കുന്ന ഈ കാട്ടുകാടനെ റോംകാരനേയും സ്പാര്‍ട്ടക്കാരനേയും ക്രിസ്തുമത സന്ന്യാസിയേയും സേവകമുഖ്യനേയും കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ ഈ ഒരു സത്ത്വത്തെ, ഒരു നുണ പറയാന്‍ വയ്യാത്ത ഈ ഒറ്റുകാരനെ, യാതൊരു കളങ്കവുമില്ലാത്ത ഈ പൊല്ലീസ്സുകാരനെ, വളരെക്കാലമായി നോക്കിപ്പഠിച്ചിട്ടുള്ള മുഖലക്ഷണജ്ഞന്‍ — അയാള്‍ക്കു മൊസ്സ്യു മദലിയെന്റെ നേരെ നിഗൂഢവും ചിരലാളിതവുമായുള്ള വെറുപ്പും, ഫന്‍തീന്‍വിഷമായി അയാളും മെയറുംകൂടി ഉണ്ടായ ശണ്ഠയും മനസ്സിലാക്കിയിട്ടുള്ള അങ്ങനെ ഒരു മുഖലക്ഷണജ്ഞനുണ്ടെങ്കില്‍ അയാള്‍ — ഴാവേറെ ആ നിമിഷത്തില്‍ ഒന്നു പരീക്ഷണം ചെയ്യുന്നപക്ഷം, നിശ്ചയമായും, ഇങ്ങനെ വിചാരിക്കും: ‘എന്തു പറ്റിപ്പോയി?’ ആ സ്പഷ്ടവും സത്യപരവും നിഷ്കപടവും ആര്‍ജ്ജവയുക്തവും നിഷ്ഠൂരവും ഭയങ്കരവുമായ മനസ്സാക്ഷിയോടു പരിചയമുള്ള ആര്‍ക്കും, ഴാവേര്‍ ആ സമയത്തു മനസ്സില്‍വെച്ച് എന്തോ മഹത്തായ ഒരു ശണ്ഠ കഴിഞ്ഞുവരുകയാണെന്നു ക്ഷണത്തില്‍ ബോധപ്പെടും. മുഖഭാവത്തിലില്ലാത്ത യാതൊന്നും ഴാവേറുടെ ആത്മാവിലില്ല. വികാരവേഗമുള്ളവര്‍ക്കു സാമാന്യമായുള്ളതുപോലെ, അയാള്‍ക്കും ക്ഷണത്തില്‍ അഭിപ്രായങ്ങള്‍ മാറും. അതിലധികം സവിശേഷവും അത്ഭുതകരവുമായ ഒരു മൂഖഭാവം അയാള്‍ക്കുണ്ടായിട്ടില്ല. അകത്തു കടന്ന ഉടനെ, വൈരമോ ദേഷ്യമോ അവിശ്വാസമോ ലേശംപോലുമില്ലാത്ത ഒരു നോട്ടത്തോടുകൂടി അയാള്‍ മദലിയനെ ഉപചരിച്ചു; മെയര്‍ ഇരിക്കുന്ന ചാരുകസാലയില്‍ നിന്നു കുറച്ചടി പിന്നിലെത്തിയപ്പോള്‍ അയാള്‍ അവിടെ നിന്നു; തികച്ചും നിവര്‍ന്ന്, ഏതാണ്ട് അനുസരണശീലത്തെ കാണിക്കുന്ന ഒരു നില്പില്‍, ഒരിക്കലും സൗമ്യശീലനായിട്ടില്ലാത്തവനും എപ്പോഴും ക്ഷമാശീലനുമായ ഒരു മനുഷ്യന്റെ നീരസമയവും ആഭിജാത്യപരവുമായ ഒരു പരുപരുപ്പോടുകൂടി, അയാള്‍ അങ്ങനെ നിന്നു; ഒരക്ഷരവും മിണ്ടാതെ അനങ്ങുകകൂടി ചെയ്യാതെ, ഹൃദയപൂര്‍വമായ വിനയത്തോടും ക്ഷോഭരഹിതമായ കീഴ്വണക്കത്തോടുംകൂടി, ശാന്തനായി, സഗൗരവനായി, കൈയില്‍ തൊപ്പിയോടു കൂടി, കണ്ണൂകളെ കീഴ്പോട്ടു തൂക്കിയിട്ടു. മേലധികാരിയുടെ മുന്‍പില്‍ നില്ക്കുന്ന ഒരു പട്ടാളക്കാരന്റേയും വിധികര്‍ത്താവിന്റെ മുന്‍പില്‍ നില്ക്കുന്ന ഒരു കുറ്റക്കാരന്റേയും മധ്യത്തിലുള്ള ഒരു ഭാവവിശേഷം കലര്‍ന്നു, മെയര്‍ക്കു തിരിഞ്ഞുനോക്കുവാന്‍ നല്ല മനസ്സുണ്ടാകുന്നതുവരെ അയാള്‍ കാത്തു. ഒരാള്‍ക്കു സംബന്ധിപ്പിക്കുവാന്‍ തോന്നുന്ന എല്ലാ മനോവൃത്തികളും എല്ലാ സ്മരണകള്‍കൂടിയതും ആ മനുഷ്യനില്‍നിന്നു പോയ്പോയിരിക്കുന്നു. കരിങ്കല്ലുപോലെ കൂട്ടില്ലാത്തതും ഒന്നും ഉള്ളിലേശാത്തതുമായ അയാളുടെ മൂഖത്ത് ഒരു കുണ്ഠിതത്തിന്റെയല്ലാതെ മറ്റൊന്നിന്റെയും ചിഹ്നമില്ല. അയാളുടെ രുപം ആകപ്പാടെ താഴ്മയേയും സ്ഥിരതയേയും സധൈര്യവും അനിര്‍വാച്യവുമായ നിരാശതയേയും ചുറ്റും വീശി.

ഒടുവില്‍ മെയര്‍ തൂവല്‍ വെച്ചു. പകുതി തിരിഞ്ഞു നോക്കി. ‘അപ്പോള്‍! എന്തുള്ളൂ? എന്താ വിശേഷം?’

ആലോചനകളെയെല്ലാം ഒരുമിച്ചുകൂട്ടുകയാണെന്നു തോന്നുമാറ്, ഴാവേർ ഒരു നിമിഷനേരത്തേക്ക് ഒന്നും മിണ്ടിയില്ല; എന്നിട്ടു ദുഃഖമയമായ ഒരു ഗാംഭീര്യത്തോടുകൂടി — എന്തായാലും അതു ‘ശുദ്ധത’യെ ഒഴിച്ചുനിര്‍ത്തിയില്ല — അയാള്‍ പറഞ്ഞു: ‘മിസ്റ്റര്‍ മെയര്‍, ഇതാണ് കാര്യം; ഒരു കുറ്റം നടന്നിരിക്കുന്നു.’

‘എന്തു കുറ്റം?’

‘ഭരണാധികാരികളുടെ ഒരു കീഴ്ജീവനക്കാരന്‍ ഒരു വിധികര്‍ത്താവിനെ, എത്രയും സഗൗരവമായി വിചാരിക്കേണ്ടവിധത്തില്‍ അനാദരിച്ചു. ഈ വിവരം ഇവിടെ അറിയിക്കുവാനാണ് ഞാന്‍ വന്നത്; അത് എന്റെ മുറയാണല്ലോ.’

‘ആരാണ് ആ കീഴ്ജീവനക്കാരന്‍?’ മൊസ്സ്യു മദലിയെന്‍ ചോദിച്ചു.

‘ഞാന്‍.’ ഴാവേര്‍ പറഞ്ഞു.

‘നിങ്ങള്‍?’

‘ഞാന്‍.’

‘ആ കീഴ്ജീവനക്കാരനെപ്പറ്റി ആവലാതിപ്പെടുവാന്‍ കാരണം കിട്ടിയ വിധികര്‍ത്താവ് ആരാണ്?’

‘നിങ്ങള്‍. മൊസ്സ്യു മെയര്‍.’

മൊസ്സ്യു മദലിയെന്‍ ചാരുകസാലമേല്‍ നിവര്‍ന്നിരുന്നു.

ഒരു സഗൗരവമായ ഭാവത്തോടുകൂടിയും അപ്പോഴും കീഴ്പോട്ടു നോക്കിക്കോണ്ടും ഴാവേര്‍ തുടര്‍ന്നു: ‘മൊസ്സ്യു മെയര്‍, മേലധികാരികളോടാവശ്യപ്പെട്ട് എന്നെ ഉദ്യോഗത്തില്‍നിന്നു പിരിപ്പിച്ചുതരുവാന്‍ നിങ്ങളോടപേക്ഷിക്കാനാണ് ഞാന്‍ വന്നിട്ടുള്ളത്.’

മൊസ്സ്യു മദലിയെന്‍ അമ്പരപ്പുകൊണ്ടു വായ തുറന്നു.

ഴാവേര്‍ അയാളെ തടഞ്ഞു: ‘ഞാന്‍ രാജിയെഴുതി കൈയില്‍ത്തന്നാല്‍ പൊരേ എന്നു നിങ്ങള്‍ ചോദിക്കുമായിരിക്കും: പക്ഷേ, അതു പോരാ. രാജി വെക്കുന്നതു മാനമുള്ള പണിയാണ്. ഞാന്‍ എന്റെ മുറ തെറ്റിച്ചു; എനിക്കു ശിക്ഷ കിട്ടണം; എന്നെ ആട്ടിപ്പുറത്താക്കണം.’

കുറച്ചിട മിണ്ടാതെ നിന്നതിനുശേഷം അയാള്‍ തുടര്‍ന്നു: ‘മൊസ്സ്യു മെയര്‍, എന്നോട് അന്നു നിങ്ങള്‍ അന്യായമായി കഠിനത കാണിച്ചു. ഇന്നു ന്യായമായി അതു ചെയ്യൂ.’

“ആട്ടെ, നില്ക്കൂ!എന്തിന്? മൊസ്സ്യു മദലിയെന്‍ ഉച്ചത്തില്‍ പറഞ്ഞു: ‘ഇതെന്തു വിഡ്ഢിത്തമാണ്? ഇതിന്റെ അര്‍ഥമെന്ത്? എന്നോടു നിങ്ങള്‍ എന്തു കുറ്റം ചെയ്തു? നിങ്ങള്‍ എന്തു കാണിച്ചു? എന്നെസ്സംബന്ധിച്ചേടത്തോളം നിങ്ങള്‍ പ്രവര്‍ത്തിച്ച തെറ്റെന്താണ്? നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുന്നു; നിങ്ങളെ ഉദ്യോഗത്തില്‍നിന്നു മാറ്റിക്കിട്ടണമെന്നുണ്ട് — ’

‘ആട്ടിയയയ്ക്കണം.’

‘ആട്ടിയയയ്ക്കണമെന്നുണ്ട്; അങ്ങനെയാവട്ടെ. നല്ലത്. എനിക്കു കാര്യം മനസ്സിലായില്ല.’

‘മനസ്സിലാക്കിത്തരാം.’

ഴാവേര്‍ തന്റെ നെഞ്ഞിന്റെ അടിത്തട്ടില്‍നിന്ന് ഒരു ദീര്‍ഘസ്വാസ്മിട്ടു; അപ്പോഴും നീരസത്തോടും കുണ്ഠിതത്തോടുംകൂടിത്തന്നെ തുടങ്ങി; ‘മിസ്റ്റര്‍ മെയര്‍, ആറാഴ്ചയ്ക്കു മുമ്പ്, ആ സ്ത്രീയെസ്സംബന്ധിച്ചുണ്ടായ ലഹളകാരണം എനിക്കു വല്ലാതെ ശുണ്ഠി പിടിച്ചു; ഞാന്‍ നിങ്ങള്‍ക്കു വിരോധമായി അറിവു കൊടുത്തു.’

‘എനിക്കു വിരോധമായി അറിവു കൊടുത്തു?’

‘പാരിസ്സിലുള്ള പൊല്ലീസ് സൈന്യാധ്യക്ഷന്റെ അടുക്കല്‍.’

ഴാവേറെക്കാള്‍ ഒട്ടധികം തവണ ചിരിച്ചിട്ടില്ലാത്ത മൊസ്സ്യു മദലിയെന്‍ പൊട്ടിച്ചിരിച്ചു: ‘പൊല്ലീസ്സിന്റെ അധികാരസീമയില്‍ അനുവാദം കൂടാതെ കടന്ന ഒരു മെയറാണെന്ന്?’

‘തടവില്‍നിന്നു പോന്ന ഒരു പുള്ളി എന്ന്.’

മെയര്‍ കരുവാളിച്ചുപോയി.

നോട്ടം പറിച്ചെടുക്കാതെ ഴാവേര്‍ തുടര്‍ന്നു: ‘ഞാന്‍ അങ്ങനെ വിചാരിച്ചു. വളരെക്കാലമായി എനിക്ക് അങ്ങനെ ഒന്നു തോന്നിയിരുന്നു. കണ്ടാലത്തെ ഛായ; ഫെവറോളെയില്‍ നടത്തിയ അന്വേഷണങ്ങള്‍; നിങ്ങളുടെ ദേഹബലം; വയസ്സനായ ഫൂഷല്‍വാങ്ങുമായുണ്ടായ സംഭവം; ഉന്നം നോക്കി വെടിവക്കാന്‍ നിങ്ങള്‍ക്കുള്ള സാമര്‍ഥ്യം; അല്പമൊന്നിഴച്ചുവെക്കുന്ന നിങ്ങളുടെ കാല്‍ — എന്തൊക്കെയായെന്ന് എനിക്കറിഞ്ഞുകൂടാ — കഥയില്ലായ്മകള്‍! പക്ഷേ, എന്തായാലും ശരി, ഞാന്‍ നിങ്ങളെ ഒരു ഴാങ് വാല്‍ഴാങ്ങായി കൂട്ടി.’

‘ഒരു — എന്തേ പേരു പറഞ്ഞത്?’

‘ഴാങ് വാല്‍ഴാങ്. ഒരിരുപതുകൊല്ലം മുമ്പ്, ഞാന്‍ തൂലോങ്ങിലെ തണ്ടുവലിശ്ശിക്ഷക്കാരുടെ കാവല്‍സ്സൈന്യാധിപനായിരുന്നപ്പോള്‍ കാണാറുണ്ടായിരുന്ന തടവു പുള്ളികളില്‍ ഒരുവന്‍. ആ തണ്ടുവലിശ്ശിക്ഷയില്‍നിന്നു വിട്ടുപോന്നതിനുശേഷം, ഈ ഴാങ് വാല്‍ഴാങ് ഒരു മെത്രാന്റെ ചില സാമാനങ്ങള്‍ കട്ടു എന്നാണറിവ്; പിന്നീട് ആ മനുഷ്യന്‍ തെണ്ടിനടക്കുന്ന ഒരു കുട്ടിയുടെ കൈയില്‍നിന്നും ഒരു മോഷണം ചെയ്തു; അത് ഒരു തട്ടിപ്പറിയായിരുന്നു. ആ മനുഷ്യനെ എട്ടു കൊല്ലമായിട്ടു കണ്ടിട്ടില്ല; എങ്ങനെ മറഞ്ഞു എന്ന് ആര്‍ക്കും നിശ്ചയമില്ല; പൊല്ലീസ്സന്വേഷണം ചെയ്തിരുന്നു എന്നു ഞാന്‍ കരുതി. ചുരിക്കിപ്പറഞ്ഞാല്‍, ഞാന്‍ ഇങ്ങനെയൊന്നു ചെയ്തു. ശുണ്ഠി എന്നെ പ്രേരിപ്പിച്ചു! ആ തടവുപുള്ളിയെന്നു നിങ്ങളെപ്പറ്റി ഞാന്‍ മേലധികാരത്തില്‍ അറിവു കൊടുത്തു.’

ഇതിനു കുറേ മുന്‍പുതന്നെ തന്റെ ‘ഘോഷവാര്‍’ മറിച്ചുനോക്കുവാന്‍ ആരംഭിച്ചിട്ടുള്ള മൊസ്സ്യു മദലിയെന്‍, തികഞ്ഞ ഔദാസീന്യത്തോടുകൂടി പറഞ്ഞു:

‘എന്നിട്ട്, എന്തു മറുപടി കിട്ടി?’

‘എനിക്കു ഭ്രാന്താണെന്നു.’

‘ആ?’

‘അതേ, അവര്‍ പറഞ്ഞതു ശരിയാണ്.’

‘നിങ്ങള്‍ വാസ്തവം മനസ്സിലാക്കിയതു ഭാഗ്യം.’

‘മറ്റു ഗതിയില്ലാതായി; ഴാങ് വാല്‍ഴാങ്നെ കണ്ടുകിട്ടി.’

മൊസ്സ്യു മദലിയെന്‍ കൈയില്‍ പിടിച്ചിരുന്ന കടലാസ്സ് താഴെ വീണു; അയാള്‍ തലയുയര്‍ത്തി ഴാവേറെ സൂക്ഷിച്ചുനോക്കി; തന്റെ അനിര്‍വചനീയമായ സ്വരത്തില്‍ പറഞ്ഞു: ‘ആഹാ!’

ഴാവേര്‍ തുടര്‍ന്നു; ‘ഇതാണ് സ്ഥതി. മിസ്റ്റര്‍ മെയര്‍. അലി-ല്-ഹോ-ക്ലോഷര്‍ എന്ന പ്രദേശത്തിന്റെ അടുത്ത് ഒരിടത്തു ഫാദര്‍ ഷാങ്മാത്തിയോ എന്നു പേരായി ഒരു കിഴവനുണ്ടത്രേ; അയാള്‍ ഒരറുപാവമായിരുന്നു. ആരും അങ്ങോട്ടു നോക്കിയിരുന്നതേ ഇല്ല. ആ വകക്കാര്‍ എങ്ങനെ കഴിഞ്ഞുകൂടുന്നു എന്നുതന്നെ ആര്‍ക്കും അറിഞ്ഞുകൂടാ. ഇയ്യിടെ, കഴിഞ്ഞ ഒക്ടോബര്‍-നവമ്പര്‍ കാലത്ത്, ഫാദര്‍ ഷാങ്മാത്തിയോവിനെ ചില ആപ്പിള്‍പ്പഴങ്ങള്‍ കട്ടുപറിച്ചു എന്ന സംഗതിക്കു പൊല്ലീസുകാര്‍ പിടികൂടി — അങ്ങനെ, എന്തെങ്കിലുമാവട്ടെ, ഒരു കളവു ചെയ്തു:

ഒരു മതില്‍ കയറിക്കടന്നു; ചില മരക്കൊമ്പുകള്‍ ഒടിച്ചു. എന്റെ ഷാങ്മാത്തിയോവിനെ പൊല്ലീസ്സ് പിടിച്ചു. അപ്പോഴും ആ മനുഷ്യന്റെ കൈയില്‍ ആപ്പിള്‍പ്പഴമുണ്ടായിരുന്നു. ആ തെണ്ടിയെ മുറിയിലാക്കിയിട്ടുണ്ട്. ഇതുവരെ, ഒരു കള്ളന്റെ കഥ എന്നേ ഉള്ളു, ഇവിടെയാണ് ഈശ്വരവിധി കടന്നുവരുന്നത്.

‘അവിടത്തെ ജെയില്‍ കേടുവന്നിരുന്നതുകൊണ്ട്, വിചാരണ ചെയ്തിരുന്ന മജിസ്ട്രേട്ട് ഷാങ്മാത്തിയോവിനെ ആറായിലെക്കയച്ചു; അവിടെ ഒരു തടവുപുരയുണ്ട്. ആറായിലുള്ള ആ തടവുപുരയില്‍ ബ്രവെ എന്നു പേരായി തണ്ടുവലിശ്ശിക്ഷയില്‍നിന്നു വിട്ടുപോന്ന ഒരുവനുണ്ട്; എന്തു കാരണത്തിന്മേല്‍ എന്നെനിക്കറിഞ്ഞുകൂടാ. അവനെ അവിടെത്തന്നെ നിര്‍ത്തിയിരുന്നു; ശീലഗുണംകൊണ്ട് അവനെ തടവുപുരയില്‍ ഒരുദ്യോഗസ്ഥനാക്കി. മിസ്റ്റര്‍ മെയര്‍, ആ ഷാങ്മാത്തിയോവിനെ കണ്ട ഉടന്‍ ബ്രവെ അത്ഭുതപ്പെട്ടു പറഞ്ഞു: ‘ഹേ എന്ത്, ഈ മനുഷ്യനെ ഞാനറിയുമല്ലോ! എന്റെ ചങ്ങാതി! ഇങ്ങോട്ടൊന്നു നോക്കൂ! താൻ ഴാങ് വാൽഴാങ്ങാണല്ലോ!’ ‘ഴാങ് വാല്‍ഴാങ്! ഴാങ് വാല്‍ഴാങ് ആരാണ്?’ ഷാങ്മാത്തിയോ അറിയാത്ത ഭാവം കാണിച്ചു. ‘ഈവക കള്ളനാട്യമൊന്നും വേണ്ടാ,’ ബ്രവെ പറയുന്നു: ‘താന്‍ ഴാങ് വാല്‍ഴാങ്ങാണ്! തൂലോങ്ങിലെ തണ്ടുവലിശ്ശിക്ഷസ്ഥലത്തായിരുന്നു താന്‍; അത് ഇരുപതു കൊല്ലം മുമ്പാണ്; നമ്മള്‍ അന്നവിടെ ഒരുമിച്ചായിരുന്നു.’ ഷാങ്മാത്തിയോ അല്ലെന്നു വാദിച്ചു. ഇപ്പോള്‍ മനസ്സിലായില്ലേ? കേസ്സ് അന്വേഷണത്തിലാണ്. കാര്യം മുഴുവന്‍ ഞാനെടുത്തു. ഇതാണ് കണ്ടുകിട്ടിയിട്ടുള്ളത്. ഈ ഷാങ് മാത്തിയോ മുപ്പതുകൊല്ലം മുമ്പ് പല സ്ഥലങ്ങളിലും, വിശേഷിച്ചു ഫെവറോളെയില്‍, ഒരു മരംവെട്ടുകാരനായിരുന്നു. പിന്നെ ആ മനുഷ്യനെപ്പറ്റി വിവരമൊന്നുമില്ല. വളരെക്കാലം കഴിഞ്ഞിട്ട് അയാളെ ഓവേര്‍ങ്ങില്‍വെച്ചു പിന്നേയും കണ്ടെത്തുന്നു; പിന്നെ പാരിസ്സില്‍; അവിടെ അയാള്‍ ഒരു വണ്ടിക്കാരനായിരുന്നു; ഒരു മകളുണ്ട്; അലക്കുകാരിയാണ്. പക്ഷേ, അതു തെളിഞ്ഞിട്ടില്ല. എന്നാല്‍ കളവുകേസ്സില്‍ തണ്ടുവലിശ്ശിക്ഷ കിട്ടുന്നതിനുമുമ്പ് ഴാങ് വാല്‍ഴാങ് ആരായിരുന്നു? ഒരു മരംവെട്ടുകാരന്‍. എവിടെ? ഫെവറോളെയില്‍. മറ്റൊരു സംഗതി. ഈ വാല്‍ഴാങിന്റെ ക്രിസ്ത്യന്‍ പേര്‍ ഴാങ് എന്നാണ്; അമ്മയുടേതു മാത്തിയോ എന്നും. അപ്പോള്‍ എന്താണ് എളുപ്പത്തില്‍ ആലോചിക്കേണ്ടത് — തണ്ടുവലിശ്ശിക്ഷയില്‍ നിന്നുവിട്ടുപോന്ന ഉടനെ, ആ മനുഷ്യന്‍ തന്നെ മറയ്ക്കുവാന്‍വേണ്ടി, അമ്മയുടെ പേര്‍ സ്വീകരിച്ചിരിക്കണം; അങ്ങനെ അയാള്‍ ഴാങ്മാത്തിയോവായി. അയാള്‍ ഓവേര്‍ങ്ങിളേക്കു പോയി. ആ പ്രദേശത്തെ ഉച്ചാരണഭേദമനുസരിച്ച് ഴാങ് ഷാങ്ങായി — അയാള്‍ ഷാങ്മാത്തിയോവായി. ഇതിനൊന്നും ആ മനുഷ്യന്‍ എതിര്‍ പറയുന്നില്ല; അതാ, അയാള്‍ ഷാങ്മാത്തിയോവായി മാറി. ഞാന്‍ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടല്ലോ? ഫെവറോളെയില്‍ അന്വേഷിച്ചു. ഴാങ് വാല്‍ഴാങ് കുടുംബം ഇപ്പോള്‍ അവിടെയില്ല. അവരെവിടെപ്പോയി എന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. അത്തരക്കാരുടെ ഇടയില്‍ ഓരോ കുടുംബം പലപ്പോഴും കാണാതാവുന്നു. അന്വേഷിച്ചു നോക്കി; ഫലമുണ്ടായില്ല. അത്തരക്കാര്‍ ചളിയല്ലെങ്കില്‍, പൊടിയാണ്. പിന്നെ കഥയുടെ ആരംഭം മുപ്പതു കൊല്ലത്തിനു മുമ്പായതുകൊണ്ടു, ഴാങ് വാല്‍ഴാങ്ങിനെ അറിയുന്നവരാരും ഫെവറോളെയിലില്ല. തൂലോങ്ങില്‍ അന്വേഷിച്ചു. ബ്രവെയ്ക്കു പുറമെ ഴാങ് വാല്‍ഴാങ്ങിനെ കണ്ടിട്ടുള്ള തടവുപുള്ളികള്‍ രണ്ടുപേര്‍ മാത്രമേ ഉള്ളൂ. കോഷ്പെയിലും ഷെനിൽദിയുവും; രണ്ടു ജീവപര്യന്തക്കാര്‍ അവരെ തടവില്‍നിന്നു വരുത്തി, ഷാങ്മാത്തിയോവണെന്നു നടിക്കുന്നവനുമായി കൂട്ടിമുട്ടിച്ചു. അവര്‍ക്കു സംശയമില്ല; ബ്രവെയ്ക്കെന്നപോലെത്തന്നെ അവര്‍ക്കും അവന്‍

ഴാങ് വാല്‍ഴാങ്ങാണ്. അതേ പ്രായം — നാല്പത്തിനാല് — അതേ ഉയരം, അതേ സമ്പ്രദായം. അതേ മനുഷ്യന്‍; ചുരുക്കിപ്പറഞ്ഞാല്‍, അതവനാണ്. ഇതേ സമയത്തത്രേ ഞാന്‍ പൊലീസ് സൈന്യാധ്യക്ഷന്നു നിങ്ങളെപ്പറ്റി ആക്ഷേപം എഴുതിയയച്ചത്. എന്റെ ബുദ്ധി മറിഞ്ഞിരിക്കുന്നു എന്നും ഴാങ് വാല്‍ഴാങ് ഇപ്പോള്‍ വിചാരണയിലുണ്ടെന്നും എനിക്കു മറുപടി വന്നു. ആ ഴാങ് വാല്‍ഴാങ് ഇവിടെയുണ്ടെന്നു കരുതിയിരിക്കുന്ന എന്നെ ഇത് അത്ഭുതപ്പെടുത്തിയോ എന്നു നിങ്ങള്‍ക്കൂഹിക്കാം. ഞാന്‍ ആ ജഡ്ജിയ്ക്കെഴുതി; അദ്ദേഹം ‘എന്നോ’ ചെല്ലാന്‍ പറഞ്ഞു: ഷാങ്മാത്തിയോവിനെ എനിക്കു കാട്ടിത്തന്നു.

‘ആഹാ?’ മൊസ്സ്യു മദലിയെന്‍ ഇടയ്ക്കു കേറിപറഞ്ഞു.

മൂഖത്തു യാതൊരു ഭാവവിശേഷവുമില്ലാതെ അതേവരത്തെപ്പോലെ കുണ്ഠിതത്തോടുകൂടി ഴാവേര്‍ മറുപടി പറഞ്ഞു: ‘മിസ്റ്റര്‍, മെയര്‍, സത്യം സത്യമാണ്; ഞാന്‍ വ്യസനിക്കുന്നു; ഴാങ് വാല്‍ഴാങ് ആ മനുഷ്യനാണ്. എനിക്കും കണ്ടപ്പോള്‍ മനസ്സിലായി.’

വളരെ താഴ്ന്ന സ്വരത്തില്‍ മൊസ്സ്യു മസലിയെന്‍ ആരംഭിച്ചു: ‘നിങ്ങള്‍ക്കു തീര്‍ച്ചയുണ്ടോ?’

ഴാവേര്‍ ചിരിക്കാന്‍ തുടങ്ങി — തികഞ്ഞ വിശ്വാസത്തില്‍നിന്നുള്ള ആ രസമില്ലാത്ത ചിരി. ‘ഓ! തീര്‍ച്ച!’

ഒരു പാവയുടെ മട്ടില്‍ മേശപ്പുറത്തുള്ള മരക്കോപ്പയില്‍നിന്നു മഷിയൊപ്പാന്‍ വെച്ച മരപ്പൊടി നുള്ളിയെടുത്തുകൊണ്ട് അയാള്‍ ആലോചനയില്‍ മുങ്ങി കുറച്ചിട നിന്നു; പിന്നീടു തുടര്‍ന്നു പറഞ്ഞു: ‘എന്നാല്‍ ഇപ്പോള്‍ വാസ്തവത്തിലുള്ള ഴാങ് വാല്‍ഴാങ്ങിനെ കണ്ടിട്ടുകൂടിയും ഞാന്‍ മറിച്ചു വിചാരിക്കുന്നത് എങ്ങനെയെന്ന് ഇനിയും മനസ്സിലാകുന്നില്ല. ഞാന്‍ ഈ പറഞ്ഞതിന് എനിക്കു മാപ്പുതരണം, മിസ്റ്റര്‍ മെയര്‍.’

ആറാഴ്ച മുന്‍പു സ്റ്റേഷനിലുള്ളവരെല്ലാം കാണെ, തന്നെ അവമാനപ്പെടുത്തുകയും തന്നോടു ‘പുറത്തുപോവൂ’ എന്നു കല്പിക്കുകയും ചെയ്ത ആ മനുഷ്യനോടു ഴാവേര്‍ സഗൗരവവും ആപേക്ഷാപരവുമായ ഈ വാക്കു പറഞ്ഞപ്പോള്‍ — ഴാവേര്‍, ആ അഭിമാനമേറിയ മനുഷ്യന്‍, അരിയാതെ തന്നെ വിനയത്താലും പ്രതാപത്താലും നിറയപ്പെട്ടിരുന്നു — മൊസ്സ്യു മദലിയെന്‍ അയാളുടെ അപേക്ഷയ്ക്ക് ഇങ്ങനെ ആകസ്മികമായ ഒരു ചോദ്യമല്ലാതെ മറ്റു മറുപടിയൊന്നും പറഞ്ഞില്ല; ‘ആപ്പോള്‍ ആ മനുഷ്യന്‍ എന്തു പറയുന്നു?’

‘ഹാ! നിശ്ചയമായും, മിസ്റ്റര്‍ മെയര്‍, അതൊരു രസമില്ലാത്ത പണിയാണ്. അയാള്‍ ഴാങ് വാല്‍ഴാങ്ങാണെങ്കില്‍, മുന്‍പിലത്തെ ശിക്ഷകളൊക്കെ ദോഷമാണ്. ഒരു മതില്‍ കയറിക്കടക്കുക, ഒരു മരക്കൊമ്പ് ഒടിക്കുക. ആപ്പിള്‍പ്പഴങ്ങള്‍ മോഷ്ടിക്കുക — ഇതൊക്കെ ഒരു കുട്ടിയാണ് ചെയ്തതെങ്കില്‍ വികൃതിത്തമാണ്; ഒരു പ്രായം ചെന്നവനാണെങ്കില്‍, തെറ്റാണ്; ഒരു തടവുപുള്ളിയായാല്‍ കുറ്റമാണ്. ഭവനഭേദനവും തട്ടിപ്പറിയും — എല്ലാം അതിലുണ്ട്. പൊല്ലീസ്സുകാര്‍ ശീലം നന്നാക്കുന്നതില്‍നിന്നൊക്കെ കവിഞ്ഞു; അതു സെഷ്യന്‍കോടതിക്കുള്ളതായി; കുറച്ചു ദിവസം തടവില്‍ കിടന്നതുകൊണ്ടു തീരുന്ന കാര്യമല്ലാതായി; ജീവപര്യന്തം തണ്ടുവലിശ്ശിക്ഷയാണ് വരുന്നത്. പിന്നെ, ആ തെണ്ടിക്കുട്ടിയുടെ കാര്യം; അതും വന്നേക്കുമെന്നു തോന്നുന്നു. ഗ്രഹപ്പിഴ! പലതും വാദിക്കാനുണ്ടാവും, ഇല്ലേ? ഉവ്വ്, ഴാങ് വാല്‍ഴാങ്ങല്ലാത്ത സകലര്‍ക്കും. പക്ഷേ, ഴാങ് വാല്‍ഴാങ് ഒരുപായക്കാരന്‍ നായയാണ്. ആ നിലയ്ക്കാണ് അവനെ ഞാന്‍ കണ്ടറിഞ്ഞതും, മറ്റേതൊരാള്‍ക്കാണെങ്കിലും, കാര്യം അപകടമാവാന്‍ പോകുന്നു എന്നു തോന്നാതിരിക്കില്ല; ആരാണെങ്കിലും ലഹള കൂട്ടും; ഉറക്കെ നിലവിളിക്കും — അടുപ്പത്തിരിക്കുന്ന പാത്രം പാട്ടു പാടുമല്ലോ; അവന്‍ ഴാങ് വാല്‍ഴാങ്ങാവില്ല. മറ്റും മറ്റും ഇങ്ങനെ. പക്ഷേ, ആ മനുഷ്യന്ന് ഇതൊന്നും മനസ്സിലാകുന്നുണ്ടെന്നുതന്നെ തോന്നിയില്ല; അവന്‍ പറയുന്നു: ‘ഞാന്‍ ഷാങ്മാത്തിയോവാണ്; ഞാനതു വിടില്ല!’ കണ്ടാല്‍ ഒരു പകച്ച മട്ടുണ്ട്; വിഡ്ഢിയാണെന്നു ഭാവിക്കുന്നു; അതു വലിയ പൊറുതി. ഹാ! ആ കള്ളന്‍ ബഹുസമര്‍ത്ഥനാണ്. പക്ഷേ, അതുകൊണ്ട് ഫലമില്ല. തെളിവതാ. നാലാള്‍ ആ മാന്യനെ കണ്ടറിഞ്ഞിരിക്കുന്നു; ആ തെണ്ടിക്കിഴവന്‍ ശിക്ഷയില്‍പ്പെടും; കേസ്സ് ആറായിലുള്ള സെഷ്യന്‍ കോടതിയിലേക്കയച്ചിരിക്കുന്നു. എന്റെ വാമൊഴി കൊടുക്കാന്‍ ഞാനങ്ങോട്ടു പോവും. എനിക്കു കല്പനയുണ്ട്.

മൊസ്സ്യു മദലിയെന്‍ വീണ്ടും എഴുത്തുമേശയ്ക്കടുക്കലേക്കു തിരിഞ്ഞു, തന്റെ ‘ഘോഷവാറെ’ടുത്ത് ഇടയ്ക്കു വായിച്ചും ഇടയ്ക്ക് എഴുതിയും, പണിത്തിരക്കുള്ള ഒരാളെപ്പോലെ അതിന്റെ ഏടുകള്‍ പതുക്കെ മറിച്ചുകൊണ്ടിരുന്നു. അദ്ദേഹം ഴാവേറോടു പറഞ്ഞു:

‘മതി, ഴാവേര്‍. വാസ്തവം പറഞ്ഞാല്‍, ഈവക വിവരണങ്ങളിലൊന്നും എനിക്കു വലിയ രസം തോന്നുന്നില്ല. നമ്മള്‍ സമയം കളയുകയാണ്. അടിയന്തരക്കാര്യങ്ങളുണ്ടുതാനും. നിങ്ങള്‍ ഉടനെ റ്യൂ സാങ്സോള്‍വില്‍ കിഴങ്ങു വില്ക്കുന്ന ബ്യൂ സോപിയെ എന്ന സ്ത്രീയുടെ വീട്ടില്‍ പോകണം. വണ്ടിക്കാരന്‍ പിയേര്‍ ഷെനലോങ്ങിന്റെ മേല്‍ ആവലാതി കൊണ്ടുവരാന്‍ പറയണം. ആ മനുഷ്യന്‍ ഒരു ജന്തുവാണ്; അവന്‍ ആ സ്ത്രീയേയും അവളുടെ കുട്ടിയേയും ഏതാണ്ടു ചതച്ചു. അവനെ ശിക്ഷിക്കണം. എന്നിട്ടു റ്യു മോന്താര്‍-ദ്-ഷാംപിങ്ങിയില്‍ മൊസ്സ്യു ഷാര്‍സെലെയുടെ അടുക്കല്‍ പോകണം. അടുത്ത ഭവനക്കാര്‍ വീട്ടരികിലേക്കു മഴവെള്ളം ഒഴുക്കുന്ന ഒരോവു വെച്ചിരിക്കുന്നതായും ആ വെള്ളംകൊണ്ടു തന്റെ വീട്ടുതറ പുഴുങ്ങാറായിരിക്കുന്നതായും അയാള്‍ ആവലാതി പറഞ്ഞിരിക്കുന്നു. അതു കഴിഞ്ഞാല്‍, റ്യുഗ്വിബോറിലുള്ള ദോറിവിധവയുടെ വീട്ടിലും, റ്യു ദ്യുഗാറോ-ബ്ലോങ്ങില്‍ മദാം റെനിയുടെ വീട്ടിലും ചെന്നു പൊല്ലീസ്സുനിയമങ്ങളെ ലംഘിച്ചതായി എനിക്കു കിട്ടിയിട്ടുള്ള വിവരം വാസ്തവമാണോ എന്നന്വേഷിച്ച്, അറിവു തരണം. അപ്പോള്‍, ഞാന്‍ തരുന്ന പണി അധികമാവുന്നുണ്ട്. നിങ്ങള്‍ ഇവിടെ ഉണ്ടായിരിക്കില്ലല്ലോ? എട്ടോ പത്തോ ദിവസത്തിനുള്ളില്‍ നിങ്ങള്‍ ആ ഒരു കാര്യത്തിന് ആറായിലോളം പോകുന്നതാണെന്നു പറഞ്ഞില്ലേ?’

അത്ര താമസമില്ല.’

‘എന്നു പോവും?’

‘കേസ്സുവിചാരണ നാളെയാണെന്നും ഇന്നു രാത്രിവണ്ടിക്കു ഞാന്‍ പുറപ്പെടുമെന്നും മൊസ്സ്യു മെയറോടു പറഞ്ഞു എന്നാണോര്‍മ.’

മൊസ്സ്യു മദലിയെനില്‍ എന്തോ ഒരവ്യക്തമായ ചലനമുണ്ടായി.

‘അപ്പോള്‍, കേസ്സ് എത്ര ദിവസം നില്ക്കും?’

‘ഏറിയാല്‍ ഒരു ദിവസം. എത്ര വൈകിയാലും നാളെ വൈകുന്നേരം വിധി പറയും. പക്ഷേ, അതിനു ഞാന്‍ കാത്തുനില്ക്കില്ല, തീര്‍ച്ചയാണ്. എന്നെ വിചാരണ ചെയ്തുകഴിഞ്ഞാല്‍, ഞാന്‍ പോരും.’

‘അതാണ് നല്ലത്’ മൊസ്സ്യു മദലിയെന്‍ പറഞ്ഞു.

‘ഴാവേറോടു പോവാമെന്നു മെയര്‍ ആംഗ്യം കാണിച്ചു.

ഴാവേര്‍ പോയില്ല.

‘മിസ്റ്റര്‍ മെയര്‍, മാപ്പ്’ അയാള്‍ പറഞ്ഞു.

‘എന്താ ഇനി?’ മൊസ്സ്യു മദലിയെന്‍ കല്പിച്ചു ചോദിച്ചു.

‘മിസ്റ്റര്‍ മെയര്‍, ഒരു കാര്യം ബാക്കിയുണ്ട്; അതു ഞാനോര്‍മപ്പെടുത്തേണ്ടിയിരിക്കുന്നു.’

‘എന്താ അത്?’

‘എന്നെ ഉദ്യോഗത്തില്‍നിന്നു പിരിക്കണമെന്ന്.’

മൊസ്സ്യു മദലിയെന്‍ എഴുന്നേറ്റു.

‘ഴാവേര്‍, നിങ്ങള്‍ ഒരു മര്യാദക്കാരനാണ്. ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ തെറ്റിനെ വലുതാക്കുകയാണ്. എന്നല്ല, ഇത് എന്നെമാത്രം സംബന്ധിക്കുന്ന ഒരു കുറ്റമാണ്. ഴാവേര്‍, നിങ്ങള്‍ക്ക് ഉദ്യോഗത്താഴ്ചയല്ല, കയറ്റമാണ് കിട്ടേണ്ടത്. നിങ്ങള്‍ ഉദ്യോഗത്തിലിരിക്കണമെന്നാണ് എന്റെ ആഗ്രഹം.’

ഴാവേര്‍ തന്റെ നിഷ്കപടനേത്രങ്ങള്‍കൊണ്ടു മൊസ്സ്യു മദലിയെനെ സൂക്ഷിച്ചുനോക്കി; അവയുടെ അഗാധതയ്ക്കുള്ളില്‍ വളരെ പരിഷ്കൃതമല്ലെങ്കിലും ശുദ്ധവും കടുപ്പമുള്ളതുമായ അയാളുടെ മനസ്സാക്ഷി പ്രത്യക്ഷീഭവിച്ചിരുന്നു; അയാള്‍ ഒരു ശാന്തസ്വരത്തില്‍ പറഞ്ഞു: ‘മിസ്റ്റര്‍ മെയര്‍, അതെനിക്കു സമ്മതിക്കുവാന്‍ വയ്യാ.’

‘ഞാന്‍ ഒന്നുകൂടി പറയുന്നു,’ മൊസ്സ്യു മദലിയെന്‍ മറുപടി പറഞ്ഞു, ‘അത് എന്നെ സംബന്ധിക്കുന്ന കാര്യമാണ്.

ഴാവേര്‍ തന്റെ വിചാരത്തെ മാത്രം ഗൗനിച്ചുകൊണ്ടു തുടര്‍ന്നു പറഞ്ഞു:

‘വലുതാക്കി വിചാരിക്കുന്നു എന്നാണെങ്കില്‍, അതില്ല. ഞാനാലോചിക്കുന്നതു പറയാം; ഞാന്‍ നിങ്ങളെ അന്യായമായി സംശയിച്ചു. അതു സാരമില്ല, മേലേയുള്ളവരെപ്പറ്റി സംശയിക്കുന്നത് ഒരു ദുഷ്പ്രയോഗമാണെങ്കിലും, സംശയം വെച്ചു കോണ്ടിരിക്കുക എന്നതു തങ്ങളുടെ അവകാശമാണ്. പക്ഷേ, തെളിവൊന്നുമില്ലാതെ, തല്‍ക്കാലത്തെ ഒരു ശുണ്ഠികൊണ്ടു, പകരംവീട്ടാന്‍വേണ്ടി, ഞാന്‍ നിങ്ങളെ, ഒരു മാന്യനെ, ഒരു നഗരമുഖ്യനെ, ഒരു ന്യായാധിപതിയെ, തടവുപുള്ളിയെന്ന് ആക്ഷേപിച്ചു! അതു ഗൗരമുള്ളതാണ്; വളരെ ഗൗരവമൂള്ളതാണ്. നിങ്ങളിലൂടെ ഞാന്‍, ഭരണാധികാരത്തിന്റെ ഒരു ചട്ടുകം, ഭരണാധികാരത്തെ അവമാനിച്ചു! എന്റെ കീഴുദ്യോഗസ്ഥന്മാരില്‍ ആരെങ്കിലുമാണ് ഞാനീച്ചെയ്തതതു ചെയ്തിരുന്നെങ്കില്‍, ആ മനുഷ്യന്‍ ഉദ്യോഗത്തിലിരിക്കാന്‍ അര്‍ഹനല്ലെന്നു പറഞ്ഞു, ഞാന്‍ പിരിച്ചുകളയും; അപ്പോള്‍? നില്ക്കൂ, മിസ്റ്റര്‍ മെയര്‍; ഒരു വാക്കുകൂടി പറയട്ടെ, എന്റെ ജീവകാലത്തിനുള്ളില്‍ പലപ്പോഴും ഞാന്‍ മറ്റുള്ളവരോടു കഠിനതയോടുകൂടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതു ന്യായമാണ്. എന്റെ ആ പ്രവൃത്തി ശരിയാണ്. ഇപ്പോള്‍ എന്നോടു ഞാന്‍ ആവിധം കഠിനത കാണിച്ചിട്ടില്ലെങ്കില്‍, ഇതുവരെ ചെയ്തിട്ടുള്ള ന്യായമെല്ലാം അന്യായമായിത്തീരും. എനിക്ക് അന്യരോടു ഉള്ളതിലധികം എന്നൊടു ദയ കാണിക്കാന്‍ പാടുണ്ടോ? ഇല്ല!എന്ത്!എന്നെയില്ല. മറ്റുള്ളവരെമാത്രം ശിക്ഷിക്കുക എന്നായാല്‍ ഞാന്‍ പിന്നെ എന്തിനാണ്! ഞാന്‍ ശുദ്ധ തെമ്മാടിയായില്ലേ? ‘ആ തെമ്മാടി ഴാവേര്‍’ എന്നു പറയുന്നത് ശരിയാവും. മിസ്റ്റര്‍ മെയര്‍, നിങ്ങള്‍ എന്നോടു ദയ കാണിക്കണമെന്ന് എനിക്കാഗ്രമില്ല; നിങ്ങള്‍ മറ്റുള്ളവരോടു ദയ കാണിക്കുന്നതു കണ്ട് എനിക്ക് ദ്വേഷ്യം വന്നിട്ടുണ്ട്. എനിക്ക് അങ്ങനെയൊന്നാവശ്യമില്ല. ഒരു പൗരനോടെതിരായി ഒരു തേവടിശ്ശിയെ, ഒരു മെയറോടെതിരായി ഒരു പൊല്ലീസ്സുകാരനെ, ലോകത്തില്‍ ഉയര്‍ന്ന നിലയ്ക്കുള്ള ഒരാളോടെതിരായി താഴ്ന്ന നിലയ്ക്കുള്ള ഒരാളെ, തങ്ങിനിര്‍ത്തുന്ന ദയ ശരിയായ ദയയല്ലെന്നു ഞാന്‍ പറയുന്നു. ഇത്തരം ദയയാണ് സാമുദായികസന്ധികളെയെല്ലാം വേര്‍പെടുത്തുന്നത്. എന്റെ ഈശ്വര! ദയ കാണിക്കാന്‍ എളുപ്പത്തില്‍ സാധിക്കും; ന്യായം വിടാതിരിക്കാനാണ് പ്രയാസം. ആട്ടെ, ഞാന്‍ വിചാരിച്ചതുപോലെ, ഒരാളായിരുന്നു നിങ്ങളെങ്കില്‍ ഞാന്‍ നിങ്ങളോടു ദയ കാണിക്കാന്‍ പാടില്ല — എനിക്കു ചെയ്തുകൂടാ! നിങ്ങള്‍ക്കു കാണാമായിരുന്നു! മിസ്റ്റര്‍ മെയര്‍, മറ്റൊരാളോടു ഞാന്‍ ഏതുവിധം പ്രവര്‍ത്തിക്കുമോ, അതേവിധം ഞാന്‍ എന്നൊടു പ്രവര്‍ത്തിക്കണം. ഞാന്‍ കുറ്റക്കാരെ പിടിച്ചൊതുക്കുമ്പോള്‍, തെമ്മാടികളുടെ നേരെ ശക്തിയോടുകൂടി പാഞ്ഞുകയറുമ്പോള്‍, പലപ്പോഴും ഞാന്‍ എന്നൊടു തന്നെയായി പറയാറുണ്ട്, ‘നിയ്യെന്നു പതറിയാല്‍, ഒരു തെറ്റു കാണിച്ചിട്ടു നീയെന്റെ കൈയില്‍ വന്നാല്‍, കഴിഞ്ഞു നിന്റെ കഥ!’ ഞാന്‍ പതറിപ്പോയി; തെറ്റു കാണിച്ചതിനു ഞാന്‍ എന്നെ പിടിച്ചിരിക്കുന്നു. അത്രയും ചീത്ത! ഞാന്‍ വന്നു എന്നെ ഉദ്യോഗത്തില്‍നിന്നൊഴിവാക്കി, എന്റെ ശമ്പളം തീര്‍ത്തു, എന്നെ ആട്ടിയയച്ചു! നല്ലത്. എനിക്കു കയ്യുണ്ട്. ഞാന്‍ കൃഷി ചെയ്യും; എനിക്കു രണ്ടും വ്യത്യാസമില്ല. മിസ്റ്റര്‍ മെയര്‍, ഉദ്യോഗത്തിന്റെ ഗുണത്തിന് ഇങ്ങനെ ഒന്നു ചെയ്തുകാട്ടിക്കൊടുക്കുന്നതാവശ്യമാണ്. ഇന്‍സ്പെക്ടര്‍ ഴാവേറെ പണിയില്‍നിന്ന് പിരിക്കുകയേ എനിക്കു വേണ്ടു.’

ഇതെല്ലാം അയാള്‍, അഹങ്കാരത്തോടും വണക്കത്തോടും നിരാശതയോടു കൂടിയെങ്കിലും വിശ്വാസത്തോടും ഇടകലർന്ന ഒരു സ്വരത്തിലാണ് പറഞ്ഞത്. ആ സ്വരവിശേഷം, സത്യസന്ധനും അസാധാരണനുമായ ഈ മനുഷ്യന് അനിര്‍വചനീയമായ ഒരു മഹിമാവിനെ ഉളവാക്കി.

‘ആലോചിക്കാം,’ മൊസ്സ്യു മദലിയെന്‍ പറഞ്ഞു.

മെയര്‍ കൈ നീട്ടിക്കാണിച്ചു.

ഴാവേര്‍ പിന്നോക്കം വാങ്ങിപ്പോയി; ഒരു സംഭ്രാന്തസ്വരത്തില്‍ പറഞ്ഞു: ‘മാപ്പ്, മിസ്റ്റര്‍ മെയര്‍, പക്ഷേ, ഇതു പാടില്ല. ഒരു മെയര്‍ ഒരു പൊല്ലീസ്സൊറ്റുകാരന്നു കൈ കൊടുക്കാറില്ല.’

അയാള്‍ പല്ലുകള്‍ക്കിടയിലൂടെ തുടര്‍ന്നു: ‘ഒരു പൊല്ലീസ്സൊറ്റുകാരന്‍, അതേ, പൊല്ലീസ്സധികാരത്തെ ദുഷ്പ്രയോഗപ്പെടുത്തിയതുമുതല്‍ ഞാന്‍ ഒരു ഒറ്റുകാരന്‍ മാത്രമാണ്.’

അയാള്‍ അത്യന്തം ബഹുമാനപൂര്‍വം തല കുനിച്ചു. വാതില്ക്കലേക്കു നടന്നു.

അവിടെനിന്ന്, അയാള്‍ ക്ഷണത്തില്‍ ഒരു തിരിച്ചല്‍ തിരഞ്ഞു. കീഴ്പോട്ടു നോക്കിക്കൊണ്ടുതന്നെ പറഞ്ഞു: ‘മിസ്റ്റര്‍ മെയര്‍, മറ്റൊരാള്‍ എന്റെ ഉദ്യോഗത്തിന്നെത്തുന്നതുവരെ, ഞാന്‍തന്നെ പ്രവൃത്തി നോക്കിക്കൊള്ളാം.’

അയാള്‍ നടന്നു. മൊസ്സ്യു മദലിയെന്‍ കുറച്ചുനേരത്തേക്ക് ആ ഉറച്ചതും ശക്തിയുള്ളതുമായ കാല്‍വെപ്പുശബ്ദത്തെ ശ്രദ്ധിച്ചു കേട്ടുകൊണ്ട് ആലോചനയില്‍പ്പെട്ടു നിന്നു; ആ ഒച്ച ഇടനാഴിയിലെ ഇഷ്ടികവിരിയില്‍ ലയിച്ചു.


കുറിപ്പുകൾ

  1. റോമിലെ ഇതിഹാസപ്രകാരം അഗ്നിയുടെ അധിദേവതയായ വെസ്റ്റയ്ക്കുവേണ്ടി ജീവിതമുഴിഞ്ഞിട്ട കന്യകകള്‍. ചാരിത്രത്തിനു ഭംഗം വന്ന അഗ്നിദേവീദാസിയെ ജീവനോടെ കുഴിച്ചിടുകയായിരുന്നു അന്നത്തെ പതിവ്.
പാവങ്ങൾ
VictorHugo.jpg
ഗ്രന്ഥകർത്താവ് വിക്‌തർ യൂഗോ
മൂലകൃതി പാവങ്ങൾ
വിവര്‍ത്തകന്‍ നാലപ്പാട്ട് നാരായണമേനോൻ
രാജ്യം ഫ്രാൻസ്
ഭാഷ ഫ്രഞ്ച്
വിഭാഗം സാഹിത്യം, നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി, കോഴിക്കോട്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 1350