സമാന്തരം
സമാന്തരം | |
---|---|
ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
മൂലകൃതി | പ്രണയം ഒരാൽബം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 117 |
ISBN | 81-86229-02-07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
നിനക്കു വിശക്കുമ്പോള്‍
ഞാനൊരു കുമ്പിള് തുമ്പപ്പൂ
തരുന്നു.
നിനക്കു ദാഹിക്കുമ്പോള്‍
ഞാനിരുളിന്റെയരുവിയിലേ-
ക്കടുപ്പിക്കുന്നു.
നിനക്കു വേണ്ടത്
ഒരു കിണ്ണം ചോറും
ഒരു പാത്രം വീഞ്ഞുമെന്ന്
ഞാനറിയുമ്പോഴേക്കും
നീ അ…ക…ലു…ന്നു…
എന്റെ വിശപ്പിന് തളികയും
ദാഹത്തിന് വീഞ്ഞും നീയൊരുക്കുന്നു.
നീയല്ല നിറഞ്ഞു തുളുമ്പത്
നിന്റെ മാംസമല്ല വിഭജിക്കുന്നത്
എനിക്കു കുടിക്കാന്‍
പച്ചപ്പിന്റെ ജലവും
നിലാവൂറുന്ന രാവും
സ്പര്‍ശത്താല്‍ വീഞ്ഞാവുന്ന
ചുംബനവുമാണ്
ആവശ്യമെന്ന് നീയറിയുന്നില്ല
ലഹരി തേടുന്ന നിനക്ക്
കവിതയും പച്ചപ്പും
പുതുമണ്ണിന്റെ മണവും
സ്നേഹിക്കുന്ന ശരീരത്തിന്റെ ചൂടും
ഒറ്റപ്പെടലിന്റെ കനലുംകൊണ്ടു തീര്‍ത്ത
എന്നെ നല്കുന്നു.
എനിക്കു സ്നേഹിക്കാനാവില്ല
എന്ന് പലഭാഷകളില്‍
നീ പറയുന്നു എങ്കിലും
ആര്‍ത്തിപിടിച്ച ചെന്നായയെപ്പോലെ
കുട്ടിപിരിഞ്ഞ അമ്മയെപ്പോലെ
മുതല്‍ കൈവിട്ട ലുബ്ധനെപ്പോലെ
നിന്നെ ഞാന്‍ പിന്തുടരുന്നു.
(1991)
|