സ്നേഹം
സ്നേഹം | |
---|---|
ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
മൂലകൃതി | പ്രണയം ഒരാൽബം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 117 |
ISBN | 81-86229-02-07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
സ്നേഹം
- 1
- പളുങ്കുഗോട്ടികള്‍ വാരി നിറച്ച
- കുഞ്ഞിക്കയ്യുമായി,
- ചുരത്തുന്ന മുലക്കണ്ണിന്റെ
- കനിവു തപ്പുന്ന
- വരള്‍ച്ചുണ്ടുമായി
- പീലി ചാഞ്ഞ
- ചിതര്‍മുടിയായി
- നിഴല്‍പോലെ
- നിശ്ശബ്ദം
- പുഴപോലെയഗാധം
- നിന്റെ സ്നേഹം
- 2
- ഇളംപച്ചത്തളിര്‍…
- തളിരിനു നേര്‍ത്ത മണമുണ്ട്
- രുചിയുണ്ട്
- തണുപ്പുണ്ട്
- തളിരുകൊണ്ടു മൂടിയ മരമുണ്ട്
- വഴിവക്കിലാണ്
- മരത്തണലില്‍ പച്ചപ്പുല്ല്
- പച്ചത്തളിരുകള്‍ മൂടി ഉറങ്ങാം,
- ഉറക്കം ആഴവും കുളിര്‍മ്മയുമുള്ള
- തെളിനീര്‍ത്തടാകം പോലെ,
- പച്ചിലത്തോണിപോലെ…
- ഞരമ്പുകളില്‍ വിശ്രാന്തിയും ആശ്വാസവും…
- സ്നേഹത്തിന്റെ വിരലുകള്‍ക്ക്
- തണുപ്പും സുഗന്ധവും…
- എന്റെ മുടിത്തഴപ്പ്
- പച്ചവള്ളികൊണ്ടു
- കെട്ടിയൊതുക്കി,
- പച്ചില ചൂടീ
- കിരീടംപോലെ
- ഒരു സൂര്യകാന്തിപ്പൂവും
- പച്ചയിതളുകള്‍
- വിരിഞ്ഞു പിറക്കുന്ന മൊട്ടുപോലെ
- എന്റെ ശരീരം…
- ഓരോ ഞരമ്പിനും പകരം
- ഹരിതജലമാര്‍ഗ്ഗങ്ങള്‍
- തൊലി, മിനുങ്ങുന്ന പച്ചിലത്തഴപ്പ്,
- ശരീരം
- ഹരിതസമുദ്രം
- ഞാന്‍ നിന്നെ സ്നേഹിക്കുന്നൂ
- സ്നേഹിക്കുന്നൂ
- സ്നേഹിക്കുന്നൂ…
- നിന്റെ ചുണ്ടുകളും
- വിരലിലെ ഹരിതസ്പര്‍ശനിലാവും
- നിന്റെ ശരീരത്തിന്റെ
- കാട്ടുപൊന്തപ്പച്ചപ്പും…
- നിന്റെ പേരു പച്ച
- നിന്റെ ചുംബനം പച്ച.
- വിയര്‍പ്പു ഹരിതതീര്‍ത്ഥം,
- സ്നേഹം ഇലപ്പച്ചത്തണുപ്പ്.
|