close
Sayahna Sayahna
Search

Difference between revisions of "പുതിയ ലോകത്തില്‍ ലഹരി"


(Created page with "{{DPK/PuthiyaLokamPuthiyaVazhi}} {{DPK/PuthiyaLokamPuthiyaVazhiBox}} ചോദ്യം: ലഹരിസാധനങ്ങളുടെ ഉപയോഗം പുത്തന്...")
 
(No difference)

Latest revision as of 14:42, 24 May 2014

പുതിയ ലോകത്തില്‍ ലഹരി
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ചോദ്യം: ലഹരിസാധനങ്ങളുടെ ഉപയോഗം പുത്തന്‍ സമൂഹത്തില്‍ ഉണ്ടായിരിക്കുമോ?

ഉത്തരം: കാണുകയില്ല. ലഹരി ഉപയോഗിക്കുന്നതിന്റെ സാഹചര്യമേ ഇല്ലാതായിപ്പോകും. അത്തരം തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ ആരും തയ്യാറാവുകയില്ല. അതിന്റെ ആവശ്യം വരില്ല. മനുഷ്യര്‍ പരസ്പരാദരവോടെ ജീവിക്കുന്ന ഒരു കാലം വന്നാല്‍ എല്ലാവര്‍ക്കും സമൂഹത്തില്‍ മാന്യത ലഭിക്കും. തനിക്ക് സമൂഹത്തില്‍ അര്‍ഹമായ സ്ഥാനം ഉണ്ടായിരിക്കുകയും മറ്റുള്ളവരുടെ സ്ഥാനം നിലനിര്‍ത്തുന്നതില്‍ തനിക്ക് പങ്കുണ്ടെന്നറിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ മയക്കുമരുന്നുകള്‍ മനുഷ്യനാവശ്യമായി വരില്ല.

മദ്യം, കറുപ്പ്, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കള്‍, മനുഷ്യര്‍ എന്തുകൊണ്ടുപയോഗിക്കുന്നു. ഇതിന്റെ അപകടം അറിയാത്തതുകൊണ്ടല്ല. ഇത് വളരെ രുചികരമായ വസ്തുക്കളായതുകൊണ്ടുമല്ല. ആരോഗ്യം നശിക്കുമെന്ന് ഇവ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും അറിയാം. വൈപ്പിന്‍കരക്കാര്‍ക്ക് ഇനി മദ്യത്തിന്റെ വിപത്ത് ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യം ഇല്ലല്ലൊ. അവിടെ മരണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവര്‍പോലും വീണ്ടും മദ്യം കഴിക്കുന്നു. മനുഷ്യരാശി ഭൂമിയില്‍ ജീവിതം തുടങ്ങിയ നാള്‍മുതല്‍ ലഹരി ഉപയോഗിക്കാനും തുടങ്ങിയിരിക്കണം എന്നു തോന്നുന്നു. ഞാന്‍ മദ്യം ഉപയോഗിച്ചിട്ടില്ലാത്തതുകൊണ്ട് ഇതേപ്പറ്റി പറയുവാന്‍ എനിക്കുള്ള അര്‍ഹത കുറയുമെന്ന് ഞാന്‍ സമ്മതിക്കുന്നു. മദ്യം, പുക, മുറുക്ക് ഇവ ഞാന്‍ ശീലിച്ചിട്ടില്ല. ശീലിച്ചിട്ടു നിറുത്തിയവരെ അതുകൊണ്ട് ഞാന്‍ ആദരിക്കുന്നു.

ഇവയെല്ലാം ഉത്തേജകവസ്തുക്കളാണ്. തുടങ്ങിക്കഴിഞ്ഞാല്‍ നിറുത്താന്‍ പ്രയാസം തന്നെ. തുടങ്ങുന്നതെന്തുകൊണ്ട്? മനസ്സിന് സാധാരണയില്‍ കവിഞ്ഞ ഉത്തേജനം വേണ്ട ചില സന്ദര്‍ഭങ്ങള്‍ വരും. ഇഷ്ടപ്പെടാത്ത ജോലി, ചെറുത്തുനില്‍ക്കേണ്ട സന്ദര്‍ഭങ്ങള്‍, അമിതജോലി, വര്‍ദ്ധിച്ച ആഹ്ലാദം വേണ്ട വേദികള്‍, ക്രൂരകൃത്യങ്ങള്‍ ചെയ്യേണ്ട ആവശ്യം ഇതൊക്കെ വരും. മദ്യത്തില്‍ വളരെ താത്പര്യമുള്ള ഒരു സുഹൃത്തിനോട് എന്തേ ഇതില്‍ ഇത്ര ആസക്തി എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം മറ്റൊരു കാരണം പറഞ്ഞു. ലൈംഗിക ഉത്തേജനം ലഭിക്കാനും കൂടുതല്‍ സമയം ലൈംഗീകവേഴ്ചയില്‍ ഏര്‍പ്പെടാനും അദ്ദേഹത്തിന് മദ്യം ആവശ്യമാണ്. ഒന്നിനൊന്ന് അദ്ദേഹം വികൃതനായിത്തീര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ അത് ഉപേക്ഷിച്ചു സ്വസ്ഥനായി മരിക്കാന്‍ അദ്ദേഹത്തിനു കഴിയുകയും ചെയ്തു. അപകര്‍ഷതാബോധം ഉള്ള ചിലര്‍ മദ്യം കഴിച്ചും പുകവലിച്ചുവിട്ടും തന്റെ വലിപ്പം കാണിക്കാന്‍ ബദ്ധപ്പെടുന്നു. ക്രൂരകൃത്യം ചെയ്യേണ്ടിവരുമ്പോള്‍ മദ്യം ചിലര്‍ക്ക് ആവശ്യമായി തീരുന്നു. അയല്‍ക്കാരെ രണ്ടു ചീത്ത പറയേണ്ടി വരുമ്പോള്‍ ഒന്ന് തയ്യാറെടുക്കുന്നു. രണ്ടുനാലു സുഹൃത്തുക്കള്‍ താങ്ങിപ്പിടിച്ച് കൊണ്ടുപോകേണ്ടിവരുന്നത് ചിലര്‍ ഒരു മേന്മയായി കരുതുന്നു. അങ്ങനെയുള്ളവരെക്കൊണ്ട് ആകൃഷ്ടരായിത്തീരുന്നവരുണ്ട്. കമ്പനി ചേരുമ്പോള്‍ കൂട്ടത്തില്‍ മോശക്കാരനായി തീരാതിരിക്കുവാനാണ് ചിലര്‍ തുടങ്ങുന്നത്. കിട്ടാനുണ്ട് എന്നുള്ളതുകൊണ്ട് ഒന്നു രുചിച്ചുനോക്കാം എന്നുകരുതി തുടങ്ങുന്നവരുണ്ട്. അല്പം രഹസ്യമായ കാര്യമായതുകൊണ്ട് അതൊന്നറിയണം എന്ന താത്പര്യമുണ്ടായി ചിലര്‍ തുടങ്ങുന്നു. താന്‍ അസാധാരണനാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ സാമാന്യമര്യാദകളെയെല്ലാം ലംഘിക്കുകയാണ് വേണ്ടത് എന്ന തോന്നലുകൊണ്ട് ചിലര്‍ ലഹരി ഉപയോഗിച്ച്, തലയും, താടിയും, നീട്ടി, പ്രത്യേകതരം വസ്ത്രധാരണത്തോടുകൂടി, എന്തിനും അതീതമായ ഉത്തരം പറഞ്ഞ്, ഔന്നത്യം കാട്ടാറുണ്ട്. കലയുടെ വികൃതമായ സ്വാധീനത്തില്‍പെട്ടാണ് യുവാക്കള്‍ പലരും വീണുപോകുന്നത്. ജീവിതത്തെ ആകെ വെറുക്കുമ്പോള്‍ ലഹരിയില്‍ ആശ്രയം തേടുന്നവരുണ്ട്. കുടുംബത്തില്‍ അസ്വസ്ഥത വര്‍ദ്ധിച്ച് സംഘര്‍ഷം സദാ മുറ്റിവരുമ്പോള്‍ ഒരയവുകിട്ടാന്‍ ഇതൊന്നു നോക്കിയാലോ എന്ന് ചിലര്‍ കരുതി വീണുപോകുന്നു. അവിഹിതമായ മാര്‍ഗത്തില്‍ പണം ധാരാളം കൈയില്‍ വരുമ്പോള്‍ ചിലര്‍ ചിലവുചെയ്യുവാന്‍ കൂടിയ ലഹരിയുടെ വഴി കണ്ടെത്തും. എന്തും പറയുവാനും, എന്തും ചെയ്യുവാനും ഒരു ലൈസന്‍സായി ലഹരിയെ കരുതുന്നു ചിലര്‍. വികൃതമായ ശവങ്ങള്‍ മറവുചെയ്യുക, സാധാരണക്കാര്‍ക്ക് ആവാത്ത കാര്യങ്ങള്‍ ചെയ്യുക, ഇതിനൊക്കെ മദ്യം കഴിക്കുന്നവര്‍വേണം എന്നൊരു ധാരണ പരക്കെ ഉണ്ട്. തണുപ്പില്‍ നിന്ന് രക്ഷ നേടാനാണ് ചിലര്‍ കഴിക്കുന്നതെന്നു പറയുന്നു. ചില വിശേഷാല്‍ പൂജകള്‍, ഉത്സവങ്ങള്‍, പെരുന്നാളുകള്‍ ഇതിനൊക്കെ ലഹരി കഴിക്കല്‍ ഒരു ചടങ്ങായി തീര്‍ന്നിട്ടുണ്ട്. അമിതലാഭമുണ്ടാക്കാവുന്ന വ്യാപാരമായതുകൊണ്ട് ബിസിനസ്സുകാര്‍ ലഹരിയുടെ രംഗത്ത് ധാരാളമായി വരുന്നു. ഉന്നതതലയോഗങ്ങളില്‍ അവര്‍ മദ്യത്തെ അലങ്കരിച്ച പാത്രങ്ങളിലാക്കി പ്രതിഷ്ഠിച്ച് കാര്യം നേടുന്നു. കലാസാഹിത്യ രംഗങ്ങളില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം വളരെ പ്രസക്തമാണെന്ന് ചിലര്‍ വരുത്തിക്കൂട്ടുന്നു. വാത്മീകിയും, എഴുത്തച്ഛനും, നമ്പ്യാരുമെല്ലാം മദ്യപിച്ചിരുന്നുവെന്നവര്‍ പറഞ്ഞു പരത്തുന്നു. ലഹരിവസ്തുക്കള്‍ ഇത്രമാത്രം പ്രചരിച്ചുവരുന്നതിന്റെ അടിസ്ഥാന കാരണം സമൂഹജീവിതത്തിന്റെ അഭാവമാണെന്നാണ് എന്റെ നിഗമനം. മനുഷ്യന് സാമൂഹ്യബന്ധം കിട്ടാതെ ഒറ്റപ്പെടേണ്ടിവരുന്തോറും അവന്‍ പരസ്പരം അകലും. അതുവഴിയാണ് ലഹരി മുഖ്യമായും ജീവിതത്തിലേക്ക് കടന്ന് സ്വാധീനം ഉറപ്പിക്കുന്നത്. ഭൂമിയില്‍ മനുഷ്യര്‍ പരസ്പരം ചേര്‍ന്ന് മനസ്സടുപ്പത്തില്‍ വന്ന് സന്തോഷമായി ജീവിക്കാന്‍ തുടങ്ങിയാല്‍ അഭൂതപൂര്‍വമായ ഒരു പുതിയ ആനന്ദാനുഭൂതി ഓരോരുത്തര്‍ക്കും കൈവരും. അതോടെ കൃത്രിമമായ ഉത്തേജനങ്ങള്‍ ഒന്നും വേണ്ടെന്നാകും. ലാഭത്തിനുവേണ്ടിയുള്ള ബിസിനസ്സുകള്‍ക്കും സ്ഥാനമില്ലാതാകും. പരസ്പര സ്‌നേഹാദരങ്ങളുടെ ആ ലോകത്ത് ലഹരികള്‍ ഒന്നും നിലനില്ക്കാനിടയില്ല. അഥവാ അവശേഷിക്കുന്നെങ്കില്‍ അതിന്റെ സാഹചര്യം എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ടിരിക്കും. കൃത്രിമമായിരിക്കുകയില്ല, രഹസ്യമായിരിക്കുകയില്ല.