close
Sayahna Sayahna
Search

Difference between revisions of "ശ്രീനാരായണഗുരുവിന്റെ കാഴ്ചപ്പാട്"


(Created page with "{{DPK/PuthiyaLokamPuthiyaVazhi}} {{DPK/PuthiyaLokamPuthiyaVazhiBox}} കബീര്‍: നാരായണഗുരുവിന് അയല്‍ബന്ധത്തെപ...")
 
(No difference)

Latest revision as of 15:17, 24 May 2014

ശ്രീനാരായണഗുരുവിന്റെ കാഴ്ചപ്പാട്
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

കബീര്‍: നാരായണഗുരുവിന് അയല്‍ബന്ധത്തെപ്പറ്റി ഉണ്ടായിരുന്ന കാഴ്ചപ്പാട് വ്യക്തമാക്കുന്ന ഒരു സംഭവം ഞാന്‍ ഓര്‍മിക്കുന്നു. കൊല്ലവര്‍ഷം നൂറാമാണ്ടോടടുത്തു നടന്ന സംഭവമാണ്. മക്കത്തായ ബില്‍ വന്ന കാലം. മക്കത്തായമോ, മരുമക്കത്തായമോ ശ്രേയസ്‌കരം എന്നതിനെപ്പറ്റി അന്ന് തിരുവിതാംകൂറില്‍ പരക്കെ ചര്‍ച്ച നടന്നിരുന്നു. തിരുവനന്തപുരത്തുകാരായ ഏതാനും യുവ വക്കീലന്മാര്‍ ഈ തര്‍ക്കത്തില്‍ പെട്ടു. വാദപ്രതിവാദം വളരെ നടന്നെങ്കിലും ഒരു നിഗമനത്തില്‍ എത്താന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. ഒടുവില്‍ സ്വാമികളുടെ അഭിപ്രായം അറിയണമെന്ന് അവര്‍ നിശ്ചയിച്ചു. അന്ന് സ്വാമികള്‍ അരുവിപ്പുറത്തുണ്ടെന്നറിഞ്ഞ് അവര്‍ അവിടെ എത്തി. പ്രശ്‌നം ഗുരുവിന്റെ മുന്നില്‍ വച്ചു. മക്കത്തായമോ മരുമക്കത്തായമോ ഏതാണ് കുടുംബഭദ്രതയ്ക്ക് കൂടുതല്‍ ഉതകുന്നത്? അവര്‍ ഗുരുവിനോട് ചോദിച്ചു. ചെറുപ്പക്കാര്‍ ചെവികൂര്‍പ്പിച്ചുനില്‌ക്കെ സ്വാമികള്‍ പെട്ടെന്ന് മറുപടി കൊടുത്തു. “കുഞ്ഞുങ്ങളെ, മക്കത്തായത്തിന്റെയും മരുമക്കത്തായത്തിന്റെയും കാലം കഴിഞ്ഞു. അതു രണ്ടും മനുഷ്യനു ചേരില്ല. ഇനി ആവശ്യം അയല്‍വക്കത്തായമാണ്. സ്വത്ത് അയല്‍ക്കാര്‍ക്കുകൂടി ഉള്ളതാണ്. അതാണ് കുടുംബഭദ്രത.”

രാജു: ഓരോരുത്തരും തങ്ങളുടെ വരുമാനത്തില്‍ അയല്‍ക്കാര്‍ക്കും കൂടി പങ്കുണ്ടെന്നു കരുതി പ്രവര്‍ത്തിച്ചാല്‍ കുടുംബത്തിനകത്തു നിന്നുണ്ടാകുന്ന അവഗണനയെ അതിജീവിക്കാന്‍ കഴിയും. കുടുംബത്തിനകം പൊട്ടിത്തെറിച്ചാല്‍ പിന്നെ നില്ക്കക്കള്ളിയില്ലാത്ത ഒരവസ്ഥയാണിന്നുള്ളത്. സ്വത്തുണ്ടാക്കി വീതംവച്ചു കൊടുത്തിട്ട് ഒടുവില്‍ വഴിയാധാരമാകേണ്ടി വരുന്ന എത്രയോ പേരുടെ കഥ നമുക്കറിയാം. ജീവിതം മുഴുവന്‍ കുടുംബത്തിനു വേണ്ടിമാത്രം. ഒടുവില്‍ കുടുംബത്തില്‍ അധികപ്പറ്റാകുമ്പോള്‍ ആശ്വസിപ്പിക്കാന്‍ മറ്റാരും ഇല്ലാത്തൊരവസ്ഥ. എന്തിന് നാം ഇത്ര സങ്കുചിതരാകണം.

മിനി: നാം ഇന്നു നയിച്ചുപോരുന്നമാതിരി സ്വകാര്യ കുടുംബജീവിതം നയിച്ചാല്‍ മതിയായിരുന്നെങ്കില്‍ മനുഷ്യന് ആര്‍ദ്രത, സഹാനുഭൂതി, വിശാലത, സത്യാന്വേഷണബുദ്ധി തുടങ്ങിയ ഗുണങ്ങള്‍ ഒന്നും വേണമായിരുന്നില്ല. മനുഷ്യന് ലഭിച്ചിട്ടുള്ള ഈ വക ഗുണബീജങ്ങളെ വളരാനനുവദിക്കാതെ സംശയം, ഭയം, ആര്‍ത്തി, വിദ്വേഷം, ജന്തുക്കള്‍ക്കുപോലുമില്ലാത്ത അസൂയ ഇതൊക്കെ വളര്‍ത്തി എടുക്കത്തക്ക വണ്ണം നാം ഇത്ര വിഡ്ഢികളായിപ്പോയല്ലോ.

ഞാന്‍: ഇതിനിടയില്‍ കുറച്ചെങ്കിലും ചില ഗുണങ്ങള്‍ അവശേഷിക്കുന്നതുകൊണ്ടാണ് മനുഷ്യരാശി നിലനിന്നുപോകുന്നത്. അവ വികസിപ്പിച്ചെടുക്കുകയാണ് ഏക രക്ഷാമാര്‍ഗം.

മിനി: മാനുഷിക ഗുണങ്ങളില്‍ ഏതാണ് ശ്രേഷ്ഠം? സത്യസന്ധതയാണോ? സ്‌നേഹമാണോ?

കബീര്‍: ആര്‍ദ്രതയാണ്. ഓരോ മനസ്സിന്റേയും തുമ്പത്ത് അപരനോടുള്ള ആര്‍ദ്രത ഊറിയാല്‍ പരസ്പരം കണ്ണിചേര്‍ന്ന് പുതിയ ലോകമുണ്ടാകും. അവിടെ സത്യത്തിനും സ്‌നേഹത്തിനും പുലരാന്‍ കഴിയും.

ഞാന്‍: അതുതന്നെയാണ് ശരി. അങ്ങനെ ഒരു ലോകം നമ്മുടെ തലമുറ സ്വപ്നം കാണാന്‍ ഇട വന്നാല്‍ അതു സാക്ഷാത്കരിക്കുവാനും കഴിയാതെ വരില്ല.