close
Sayahna Sayahna
Search

Difference between revisions of "സംസ്‌കാരം ഒന്നിച്ച്"


(Created page with "{{DPK/PuthiyaLokamPuthiyaVazhi}} {{DPK/PuthiyaLokamPuthiyaVazhiBox}} ഞാന്‍: എനിക്ക് ഈയിടെ പുതിയൊരാശയം തോന്ന...")
 
(No difference)

Latest revision as of 16:53, 24 May 2014

സംസ്‌കാരം ഒന്നിച്ച്
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ഞാന്‍: എനിക്ക് ഈയിടെ പുതിയൊരാശയം തോന്നി. സംസ്‌കാരം ഒറ്റപ്പെട്ട കാര്യമല്ലെന്ന്. താഴുമ്പോള്‍ എല്ലാവരും താഴും. ഉയരുമ്പോള്‍ ഒന്നിച്ചുയരും. ഈയിടെയായി അങ്ങനെ തോന്നുന്നു. നാമജപവും ധ്യാനവും ഒക്കെ നിത്യേന ഉള്ളവരുടെ മനസ്സുപോലും വളരെ താണതലത്തില്‍ കെട്ടിക്കിടക്കുന്നതായി കാണാനിടവരുന്നതിന്റെ കാരണം പൊതുമാനസികനില താണതലത്തിലാണ് എന്നതാവാം. ഒരാള്‍ വളരെ മോശമായി പെരുമാറുമ്പോള്‍ അപരന് ഉന്നത മാനസികാവസ്ഥ നിലനിറുത്താന്‍ കഴിയാതെ വരും. അസാധാരണരായ ചിലരുടെ കാര്യം ഇതില്‍നിന്ന് വ്യത്യസ്തമായി പറയാനുണ്ടാവുമെങ്കിലും പൊതു സ്ഥിതി ഇതാണെന്നു തോന്നുന്നു.

മനുഷ്യന്റെ ഉയര്‍ച്ചയുടെ രഹസ്യം ഇതാണോ എന്നു ഞാന്‍ സംശയിക്കുന്നു. മറ്റുള്ളവര്‍ കീഴോട്ടും താന്‍ മേലോട്ടും എന്ന ഗതി സാദ്ധ്യമല്ല. ഇന്ത്യ മുന്നോട്ടും പാകിസ്താന്‍ പിന്നോട്ടും. അതു നടക്കില്ല. കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് കമ്മ്യൂണിസ്റ്റിതര പാര്‍ട്ടികളുടെ സഹകരണം കൂടാതെ കമ്മ്യൂണിസം സ്ഥാപിക്കാന്‍ പറ്റില്ല. മദ്യത്തില്‍നിന്നു ലോകത്തിനു മോചനംകിട്ടണമെങ്കില്‍ മദ്യപാനികളുടേയും മദ്യനിര്‍മാതാക്കളുടേയും മദ്യത്തൊഴിലാളികളുടേയും ഒക്കെ സഹകരണം കൂടി വേണം. നമ്മുടെ കാടുകള്‍ നിലനില്ക്കുന്നതിന് കാട് നശിപ്പിക്കുന്നവരും കൂടി ശ്രമിക്കണം. ഹിന്ദുമതത്തിന്റെ ഉയര്‍ച്ച ക്രിസ്തു, ഇസ്ലാം മതങ്ങളുടെകൂടി ഉയര്‍ച്ചയോടൊന്നിച്ചേ സംഭവിക്കൂ. എല്ലാവരും അത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു.

നവ: ഒന്നിനെ കീഴോട്ടമര്‍ത്തുമ്പോള്‍ അമര്‍ത്തുന്നവനും കീഴോട്ടുതന്നെ പോകും. ഉയര്‍ത്തുന്നവനാകട്ടെ താന്‍ ഉയര്‍ത്തുന്നതിന്റെ ഗതിക്കനുസരിച്ച് സ്വയം ഉയര്‍ന്നുകൊണ്ടേയിരിക്കും.

മിനി: വളരെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണിത്.