close
Sayahna Sayahna
Search

Difference between revisions of "അന്നേരമൊരു സഹസ്രായുതമാദിത്യന്‍മാര്‍"


(Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}} <poem> :: എന്‍ വിരല്‍ത്തണുപ്പില്‍ :: നിന്നറിഞ്ഞതെന്...")
 
(No difference)

Latest revision as of 00:23, 14 June 2014

അന്നേരമൊരു സഹസ്രായുതമാദിത്യന്‍മാര്‍
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

എന്‍ വിരല്‍ത്തണുപ്പില്‍
നിന്നറിഞ്ഞതെന്തു നീ?
ഉഷ്ണനദിയായ് ഉടല്‍
തിളച്ചുയരുന്നത്?
നദിതന്നാഴത്തിലെ ജലനാഗങ്ങള്‍
നൃത്തംവച്ചുണരുന്നത്?
മഴപ്പളുങ്കും ലാവാനദിയാക്കുന്ന
തീക്കുണ്ഡങ്ങള്‍?
പച്ചച്ചെടികള്‍ക്കിടയിലും
പതുങ്ങും നീരാളികള്‍,
എന്‍ വിരല്‍ത്തണുപ്പി-
ലൂടെന്തിലെത്തി നീ?
മഴയില്‍?
ഇരുണ്ടിടിവെട്ടുന്ന
തുലാരാവില്‍?
മദ്യവും ചിരിയും കുഴയുന്ന
രാത്രിസത്രത്തിന്‍
തീവ്രവ്യഥയില്‍?
നിലാവിറുത്തുമയെ
ചൂടിക്കുന്ന ശിവനിൽ?
വിരല്‍ത്തണുപ്പു കുടിച്ചു നിന്‍
ദാഹമാറിയോ?
ദാഹമേറിയോ?
സിരകളിലമൃതകരവുമാ-
യമ്പിളിയുദിച്ചുവോ?
നരകാഗ്നിയായ് ചുഴന്നുവോ
നിന്നെ ഞാന്‍?
നിന്റെ ചുംബനമവിശുദ്ധമെന്‍
കവിളിന്മേല്‍
പൊള്ളി നീലച്ചതറിഞ്ഞുവോ?
പഴയരാവിന്‍
മങ്ങാമണങ്ങള്‍,
പഴയ പാനീയത്തിന്‍ രുചികള്‍,
ചവര്‍പ്പുകള്‍,
പഴയ പ്രണയത്തിന്‍
തീനിലാവുകള്‍…
എന്റെ കരളിലണയാത്ത
ചണ്ഡസൂര്യനായ്
അന്നേരമൊന്നിച്ചുദിക്കുന്നോരു
സഹസ്രായുതമാദിത്യന്മാരായ്-
അണയാതണയാതെ
കനല്‍ വാരിയെറിയുന്നതും
തണുവിരലാലറിഞ്ഞുവോ?

(1995)