close
Sayahna Sayahna
Search

Difference between revisions of "പ്രശ്‌നങ്ങളെ വേര്‍തിരിച്ചു നേരിടുന്നതിന്റെ പ്രശ്‌നം"


(Created page with "{{DPK/PuthiyaLokamPuthiyaVazhi}} {{DPK/PuthiyaLokamPuthiyaVazhiBox}} മദ്യനിരോധനം, വനനശീകരണം, അഴിമതി നിരോധനം ...")
 
(No difference)

Latest revision as of 16:10, 24 May 2014

പ്രശ്‌നങ്ങളെ വേര്‍തിരിച്ചു നേരിടുന്നതിന്റെ പ്രശ്‌നം
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

മദ്യനിരോധനം, വനനശീകരണം, അഴിമതി നിരോധനം തുടങ്ങി സര്‍വാംഗീകാരം ലഭിക്കേണ്ട പ്രശ്‌നങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുപോലും എതിര്‍പ്പുണ്ടാകുന്നു. എന്തുകൊണ്ട്?

പരസ്പര പരിഗണന ഇല്ലാത്ത ഈ വ്യവസ്ഥിതിയുടെ പരിണാമമായി ഒരു യുവതിക്ക് ജീവിതം നിലനിര്‍ത്തിക്കൊണ്ടുപോകുവാന്‍ ഇണയും തുണയും ഇല്ലാതായി, പരിത്യക്തയായി വ്യഭിചാരവൃത്തിയില്‍ ആശ്വാസം കണ്ടെത്തേണ്ടി വരുമ്പോള്‍ അത് സാമൂഹ്യ അനീതി, മൂല്യത്തകര്‍ച്ച എന്നു കാണുന്നവര്‍ അതിനെ തടയുന്നു. ഉപജീവനത്തിനു വേണ്ടി മറ്റൊരാള്‍ ചെത്ത് തൊഴിലാക്കുന്നു. മറ്റൊരാള്‍ കൂടുതല്‍ ധനാര്‍ജനത്തിന് മദ്യഷോപ്പ് കോണ്‍ട്രാക്ടറാകുന്നു. കാട്ടുതടി കട്ടുവെട്ടുന്നത് ഏറെ ആദായകരമാകയാല്‍ കുറേപ്പേര്‍ അതിലേക്ക് തിരിയുന്നു. ഇതിനെയൊക്കെ മൂല്യബോധമുള്ളവര്‍ തടയുന്നു. വിവിധ സമരമുഖങ്ങള്‍ അങ്ങനെ തുറക്കപ്പെടുന്നു.

പ്രശ്‌നങ്ങളെ വേര്‍തിരിക്കാതെ ഇവയ്‌ക്കെല്ലാം മാതാവായ സ്വകാര്യമാത്ര വ്യവസ്ഥിതിയെ മാറ്റി, പരാര്‍ത്ഥവ്യവസ്ഥിതിക്കുവേണ്ടി ശ്രമമാരംഭിച്ചാല്‍ ഈ മാതിരി എതിര്‍പ്പുകള്‍ ഉണ്ടാവില്ല. നീതിമേളയിലൂടെ കേസ്സുകള്‍ തീര്‍ന്ന് കേസ്സില്ലാതാകുന്ന അവസ്ഥയില്‍ വക്കീലന്മാര്‍ വരുമാനമില്ലാത്തവരാകും. അവര്‍ നീതിമേളയെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചുപോകും. നല്ല കാര്യമാണെന്നറിയാമെങ്കിലും ഒരു നന്മ സ്വന്തജീവിതത്തിന് ബാധകമാണെന്നു വരുമ്പോള്‍ ജീവിതത്തിന് തത്കാലം നേട്ടം ഉണ്ടാക്കിത്തരുന്ന ഒരു തിന്മയെ അംഗീകരിക്കേണ്ടി വരിക സ്വാഭാവികമാണ്. മറിച്ച് കേസ്സൊന്നും ഇല്ലാതാകുന്നത് എല്ലാവരുടേയും ജീവിതത്തിന് സുരക്ഷിതത്വം ഉറപ്പാക്കുന്ന പുതിയൊരു വ്യവസ്ഥിതിയിലൂടെയാണെന്നു വന്നാല്‍ അതിനെ സ്വാഗതം ചെയ്യുവാന്‍ വക്കീലന്മാര്‍ക്കും കഴിയും. അതുകൊണ്ട് ഒറ്റപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് വേര്‍തിരിഞ്ഞ് ഗ്രൂപ്പുകളായിനിന്ന് പരിഹാരംകാണാന്‍ ശ്രമിക്കുന്ന ശൈലിയില്‍നിന്ന് പുതിയലോകനിര്‍മാണത്തിനുള്ള പുതിയവഴി കണ്ടെത്തുകയാണ് ബുദ്ധി.

ഇവിടെ ഒരു വലിയ പ്രതിസന്ധിയുണ്ട്. ഒരനീതിയെ എതിര്‍ക്കാന്‍ ഒരാളോ ഒരു ഗ്രൂപ്പോ മതി. കാബറെ നര്‍ത്തകിയെ തടയാന്‍ ധീരരുടെ ഒരു ചെറിയ ഗ്രൂപ്പിന് സാധിക്കും. കാബറെ നര്‍ത്തകിയെ സമൂഹ ജീവിതത്തിലേക്കു കൊണ്ടുവരാന്‍ അവര്‍ക്കു മാത്രമായി സാദ്ധ്യമല്ല. കുടുംബങ്ങള്‍ക്കുപരി നമുക്കിന്ന് ഒരു സമൂഹജീവിത വേദി ഇല്ല. അതുണ്ടായിരുന്നെങ്കില്‍ കാബറെ നര്‍ത്തകി ഉണ്ടാകുമായിരുന്നില്ലല്ലോ. ആ പുതിയലോകം ഉണ്ടാവുക എളുപ്പമല്ല. അത് ഒരു വ്യക്തിയുടെ പിടിയില്‍ വരുന്ന കാര്യമല്ല. അതുകൊണ്ട് പരിഹാരത്തിന്റെ ആ വഴി വ്യക്തിയുടെ ചിന്തയിലേ വരുന്നില്ല. തന്നാലാവുന്നതു ചെയ്യാമെന്ന് പ്രവര്‍ത്തകര്‍ കരുതിപ്പോകുന്നു. കുടുംബാംഗങ്ങളെ അന്യോന്യം ചേര്‍ത്തുകൊണ്ടുള്ള സമൂഹജീവിത വേദികളില്ലാത്തതുകൊണ്ട് ഒറ്റതിരിയപ്പെട്ടു പോവുകയും ഗത്യന്തരമില്ലാതെ തെറ്റായ വഴികളില്‍ വീണുപോവുകയും ചെയ്യുന്നവരുടെ ദൗര്‍ബല്യമാണ് കാബറെകളേയും മുതലാളിമാരേയും മോഷ്ടാക്കളേയും ചൂഷകരേയും ദരിദ്രരേയും കുറ്റവാളികളേയും ഒക്കെ സൃഷ്ടിക്കുന്നതെന്ന വസ്തുതയെ അഭിമുഖീകരിക്കാനാവാതെ തിന്മകളുടെ മുഖങ്ങളെ തടയാന്‍ ശ്രമിച്ചുപോവുകയാണ്. കാബറെക്കാര്‍ അതു വിട്ടിട്ട് കൊള്ളയിലേക്കു തിരിയാന്‍ നോക്കും. മര്യാദയോടെ കച്ചവടമോ കൃഷിയോ ഒന്നും ചെയ്യാന്‍ നിവൃത്തിയില്ല എന്നതാണവസ്ഥ. അതുകൊണ്ട് ഒറ്റപ്പെട്ട തിന്മകള്‍ക്കു പുറംതിരിഞ്ഞ് മൈത്രിയുടെ അടിസ്ഥാനത്തില്‍ ചെറുസമൂഹ രചന സാധിച്ചെടുക്കാന്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ഒറ്റയ്ക്കായാലും മടിക്കരുത്. ഓരോ ഗ്രൂപ്പും ഇന്നേറ്റെടുത്തിട്ടുള്ള സമരരംഗത്തേക്കു എല്ലാവരും വരണം എന്ന് ഓരോ കൂട്ടരും ആവശ്യപ്പെടുന്നുണ്ടല്ലോ. അതുപോരാ. ഒത്തുചേരുന്നത് നവസമൂഹ രചനയ്ക്ക് തന്നെയാവണം. എല്ലാ പ്രശ്‌നങ്ങള്‍ക്കും മാതാവായ സ്വകാര്യനിഷ്ഠവ്യവസ്ഥിതിയില്‍നിന്ന് എല്ലാവരുംകൂടി മോചിതരാകുന്ന ശൈലി കണ്ടെത്തണം.