close
Sayahna Sayahna
Search

Difference between revisions of "മാറ്റം പൊട്ടിത്തെറിക്കലല്ല, ഉണ്ടായി വരലാണ്"


(Created page with "{{DPK/PuthiyaLokamPuthiyaVazhi}} {{DPK/PuthiyaLokamPuthiyaVazhiBox}} കബീര്‍: മാറ്റം സംഭവിപ്പിക്കുന്നതിന് ഒര...")
 
(No difference)

Latest revision as of 15:21, 24 May 2014

മാറ്റം പൊട്ടിത്തെറിക്കലല്ല, ഉണ്ടായി വരലാണ്
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

കബീര്‍: മാറ്റം സംഭവിപ്പിക്കുന്നതിന് ഒരു ഏജന്‍സി വേണ്ടേ? സ്വയം മാറ്റം സംഭവിക്കുമോ?

ഞാന്‍: മാറ്റം സംഭവിക്കണമെങ്കില്‍ പുതിയ ഒരു ബോധം സമൂഹമാകെ ഉരുത്തിരിഞ്ഞു വരിക തന്നെ വേണം. ആ ബോധം ഉണര്‍ത്തി പ്രചോദിപ്പിക്കുന്നതിന് പ്രവര്‍ത്തകരും വേണം. എന്നാല്‍ സംഘടനയും ഫണ്ടും ഉതകുമെന്ന് തോന്നുന്നില്ല. അവയുണ്ടായിപ്പോയാല്‍ ചേരിതിരിവ് സംഭവിക്കും. ഒരു പ്രത്യേക ഗ്രൂപ്പ് എത്ര നല്ല കാര്യത്തിലേര്‍പ്പെട്ടിരുന്നാലും മറ്റു ഗ്രൂപ്പുകള്‍ക്ക് അതിനെ ഉള്‍ക്കൊള്ളാന്‍ പ്രയാസം വരും. അതുകൊണ്ട് നവസമൂഹ രചന ഒരു സംഘടനാ പ്രവര്‍ത്തനമാകാതെ ഒരു ജീവിതഗതിയാവണം. ഒരു നാട് സാവധാനം ഒന്നിച്ചുകൂടിയാലോചിച്ച് പുതിയൊരു സമൂഹസൃഷ്ടിക്കുവേണ്ടി പുതിയൊരു ജീവിതം നയിക്കുന്നു. അതാവണം ശൈലി. ലക്ഷ്യം നേടിക്കഴിഞ്ഞാല്‍ മാദ്ധ്യമങ്ങള്‍ ഒന്നും അവശേഷിക്കരുത്. അതായത് പുതിയ സമൂഹത്തില്‍ ജീവിക്കേണ്ടവര്‍ തന്നെയാണ് പുതിയ സമൂഹത്തിന് രൂപം കൊടുക്കുന്നത്. വിജയം ഒരു ഗ്രൂപ്പിന്റേതാകരുത്. എല്ലാവരുടേതുമാകണം. എല്ലാവര്‍ക്കുംവേണ്ടി എല്ലാവരുംകൂടി ചെയ്യുന്ന ഒരു കാര്യമെന്ന നിലയ്ക്കായിരിക്കണം പ്രവര്‍ത്തനം ആസൂത്രണം ചെയ്യേണ്ടത്.

മിനി: അങ്ങനെ എല്ലാവരും കൂടിച്ചേര്‍ന്ന് ഒരു കാര്യം തുടങ്ങാനാവുമോ?

ഞാന്‍: ആവുകില്ല. അതുകൊണ്ട് താത്പര്യമുള്ളവര്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് തുടങ്ങുകയേ പറ്റൂ. എന്നാല്‍ ആ പ്രവര്‍ത്തനം മറ്റുള്ളവരെക്കൂടി രംഗത്തേക്ക് കൊണ്ടുവരുന്ന തരത്തിലായിരിക്കണം. തങ്ങളുടെ ശരി മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പിക്കുന്ന രീതി പുതിയ സൃഷ്ടിക്ക് ദോഷം ചെയ്യും.

നവ: ജനങ്ങളുടെ തലച്ചോറിനുമീതേക്കൂടി ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, മതം എല്ലാം ഉരുട്ടിക്കൊണ്ടുപൊയ്‌ക്കൊണ്ടിരിക്കുന്നതിന്റെ ഫലമായി ബുദ്ധികെട്ടടങ്ങി മരവിച്ച ഒരു നിലയിലാണ് ഇന്ന് മനുഷ്യനുള്ളത്. ഇനിയെങ്കിലും പ്രവര്‍ത്തനശൈലി മാറ്റണം. അമ്പലപ്പുഴയിലുള്ളവര്‍ക്ക് വേണമെന്നു തോന്നുന്നില്ലെങ്കില്‍ അമ്പലപ്പുഴയില്‍ അയല്‍ക്കൂട്ടം ഉണ്ടാകരുത്. കുറേ പ്രവര്‍ത്തകരുടെ താത്പര്യം ജനങ്ങളുടെമേല്‍ വച്ചുകെട്ടരുത്. അത് ദോഷമേ ചെയ്യൂ.

മിനി: സേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് പ്രയോജനപ്രദമാകുമോ? ശ്രദ്ധിക്കപ്പെടാന്‍ അങ്ങനെ ഒന്ന് വേണ്ടേ?

നവ: സമൂഹത്തിലേറ്റവും കഷ്ടതയനുഭവിക്കുന്നവരെ തിരിച്ചറിഞ്ഞ് അവര്‍ക്ക് തൊഴില്‍ നല്‍കുക, വീടുവച്ചുകൊടുക്കുക, കക്കൂസ് ഉണ്ടാക്കിക്കൊടുക്കുക തുടങ്ങിയ സേവാപ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊടുത്താല്‍ അത് അടിസ്ഥാന സമൂഹ നിര്‍മാണത്തിന് സഹായകരമാകണമെന്നില്ല; എന്നാണ് എന്റെ അനുഭവം. സേവനത്തിന്റെ ധാര അത് അനുഭവിക്കുന്നവരില്‍ ചെന്നവസാനിച്ച് പോവുന്നു എന്നതാണ് ഒരു ദോഷം. അവരില്‍നിന്ന് അത് മറ്റുള്ളവരിലേക്ക് ഒഴുകുന്നില്ല. എനിക്ക് വീട് വേണം. അതുകിട്ടിയാല്‍ ഒരു തൊഴിലുവേണം. വീടും തൊഴിലും കിട്ടിയാല്‍ വേതനം കൂടുതല്‍ വേണം. ഇങ്ങനെപോകുന്നു ആഗ്രഹം. സേവനത്തിന്റെ ഫലമനുഭവിക്കുന്നവരില്‍ സാമൂഹ്യബോധം ഉണരാനിടവരുന്നില്ല. കഷ്ടപ്പെടുന്നവരെ സാമൂഹ്യബോധത്തിലേക്ക് കൊണ്ടുവരിക സുസാദ്ധ്യമല്ലെന്ന് പ്രവര്‍ത്തകര്‍ കരുതുന്നു. ജഠരാഗ്നിയും വിപ്ലവാഗ്നിയും ഒന്നിച്ച് കത്തുകില്ല എന്നു പറയപ്പെടുന്നു. ജഠരാഗ്നി കെട്ടടങ്ങിയാല്‍ അവിടെ വിപ്ലവാഗ്നി ജ്വലിക്കുമോ?