close
Sayahna Sayahna
Search

Difference between revisions of "സാമ്പത്തിക അസമത്വം ഉണ്ടായതെങ്ങനെ?"


(Created page with "{{DPK/PuthiyaLokamPuthiyaVazhi}} {{DPK/PuthiyaLokamPuthiyaVazhiBox}} നവ: എനിക്കു വളരെ കുറച്ചേ പറയാനുള്ളു. സ്വ...")
 
(No difference)

Latest revision as of 15:06, 24 May 2014

സാമ്പത്തിക അസമത്വം ഉണ്ടായതെങ്ങനെ?
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

നവ: എനിക്കു വളരെ കുറച്ചേ പറയാനുള്ളു. സ്വകാര്യലാഭത്തെ മുന്‍നിറുത്തിയുള്ളതാണ് ഇന്നത്തെ സമ്പദ്‌വ്യവസ്ഥ. ഉത്പാദനവും വിതരണവും മാത്രമല്ല ഉപഭോഗം പോലും ലാഭത്തെ മുന്‍നിര്‍ത്തി ആയിപ്പോയി. വിദ്യാഭ്യാസവും, മതവും, ഭരണവും, ആരോഗ്യ പ്രസ്ഥാനങ്ങളും എല്ലാം സ്വകാര്യ ലാഭത്തിന്റെ താളത്തിലാണ് ചലിക്കുന്നത്.

മിനി: എങ്ങനെ സര്‍വരംഗങ്ങളിലും ലാഭേച്ഛ കയറിപ്പറ്റി?

നവന്‍: മനുഷ്യര്‍ക്ക് ഇതുവരെ സമൂഹജീവിതത്തിന്റെ ആനന്ദം അനുഭവിക്കാനിടയായിട്ടില്ല. അതാണ് കാരണം.

മിനി: അതു ശരിയാണോ? ചരിത്രാതീത കാലത്ത് സമൂഹജീവിതം ഉണ്ടായിരുന്നില്ലേ? അതു പിന്നീട് തകര്‍ന്നല്ലേ ഈ സ്വകാര്യ ഉടമാ കാലഘട്ടം ഉണ്ടായത്.

നവ: എനിക്കതു തോന്നുന്നില്ല. കാട്ടാള കാലഘട്ടത്തില്‍ എല്ലാം എല്ലാവര്‍ക്കുമായിരുന്നു. വേലിക്കെട്ടുകളില്ല, മതവ്യത്യാസങ്ങളില്ല, ഭരണകൂടങ്ങളില്ല, വിവാഹബന്ധമില്ല. രണ്ടേരണ്ടു പ്രശ്‌നങ്ങളേ അന്ന് ഉണ്ടായിരുന്നുള്ളു. ഒന്ന് ഇരയും, ഇണയും തേടുക. രണ്ട് ഇരയാവാതിരിക്കുക. ഇര തേടാനും, ഇരയാകാതിരിക്കാനും കാട്ടാളന്മാര്‍ക്ക് കൂട്ടുചേരേണ്ടിവരുന്നു. കാട്ടുമൃഗങ്ങളെ ഓടിക്കുന്നതും പിടിക്കുന്നതും ഒറ്റയ്ക്കാകാവുന്നതല്ല. ഇന്നും കാട്ടാളജാതിക്കാരുടെ ഇടയില്‍ ഈ ഐക്യം ഉണ്ട്. ഇന്നും ആയിരം അവാന്തര വിഭാഗങ്ങളും കലഹങ്ങളും അവരുടെ ഇടയില്‍ ഉണ്ട് എന്നുകൂടി കാണണം. എന്തുകൊണ്ട് അന്നും ഇന്നും ഈ കൂട്ടായ്മ ബോധപൂര്‍വമായിരുന്നിട്ടില്ല. പരിഷ്‌കൃത മനുഷ്യന്‍ സഹകരണസംഘങ്ങളില്‍ ചേരുന്നതുപോലെയാണ് കാട്ടാളയുഗത്തിലെ മനുഷ്യന്‍ കൂട്ടംചേര്‍ന്ന് മൃഗങ്ങളെ വേട്ടയാടിയതും. ഒറ്റയ്ക്ക് പിടിക്കാവുന്നതിനെ അവന്‍ അങ്ങനെത്തന്നെ പിടിച്ചു തിന്നു. കൂട്ടുകാരനുവേണ്ടിക്കൂടി പിടിക്കുക, മറ്റുള്ളവരെക്കൂടി ഊട്ടുക, ഈ ബോധമുണ്ടല്ലോ അത് വെറുതേ ഉണ്ടാവില്ല. അതിന് സാധന വേണം. വാസന പോര. കൂട്ടായ്മബോധം വളര്‍ത്തിയാലേ വളരൂ. കാട്ടാളഘട്ടം മുതല്‍ ഇന്നുവരെ മനുഷ്യനിലെ ഈ സാമൂഹ്യബോധം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതാണ് സാമ്പത്തിക അസമത്വത്തിന്റെ അടിസ്ഥാനകാരണം. ധനികനും ദരിദ്രനാണ്. എന്തുകൊണ്ട്? അവന്‍ പിന്നേയും കിട്ടാത്തതിനുവേണ്ടി വെമ്പുകയും ഉള്ളതു നഷ്ടപ്പെടാതെ സൂക്ഷിക്കുകയുമാണ്. ദരിദ്രനും ഇതുതന്നെ ചെയ്യുന്നു. തൊഴിലാളി മുതലാളിയാണ്. എന്തുകൊണ്ട്? അവന്റെ ആത്മസഖി തൊഴിലല്ല; മുതലാണ്. തൊഴിലിനെ ആളി (തോഴന്‍) ആക്കിയവനാണ് തൊഴിലാളി. മുതലിനെ തോഴനാക്കുന്നവനാണ് മുതലാളി. ഇന്ന് എല്ലാവരും മുതലാളിമാരാണ്. ഇരുകൂട്ടരും തമ്മിലുള്ള ഒരേ ഒരു വ്യത്യാസം അടിസ്ഥാനാവശ്യത്തിനുപോലും വേണ്ടതുകിട്ടാത്ത മുതലാളിമാരും എല്ലാ അനാവശ്യങ്ങള്‍ക്കും വേണ്ടതു കിട്ടിയ മുതലാളിമാരും എന്നു മാത്രം. അടിസ്ഥാനാവശ്യത്തിനു കിട്ടിക്കഴിഞ്ഞാല്‍ തൊഴിലാളി അതിനുപരി ആശിക്കും. മുന്‍പ് കൂടെക്കഴിഞ്ഞ ദരിദ്രരെ പരിഗണിക്കില്ല. സര്‍വരും സദാ സമ്പത്തിന്റെ പിന്നാലെ പായുകയാണ്. തെങ്ങുകയറ്റക്കാരന്‍ തന്റെ മകനെ പഠിപ്പിക്കുന്നത് നിവൃത്തിയുണ്ടെങ്കില്‍ ഇംഗ്ലീഷ്മീഡിയം സ്‌കൂളിലായിരിക്കും. അതയാളുടെ കുറ്റമല്ല. മുതലാളിത്ത ലോകമനോഭാവമാണ്. നാം മനുഷ്യന്റെ പ്രാരംഭകാലം മുതല്‍ ഇന്നുവരെയും മുതലാളിത്തയുഗത്തിലാണ്. അടിമ ഉടമ എന്നോ, രാജാ പ്രജ എന്നോ, പ്രഭു സേവകന്‍ എന്നോ, മുതലാളി തൊഴിലാളി എന്നോ ഒക്കെ പേരു പറഞ്ഞാലും മനോഭാവം തന്റെ കൈയിലുള്ളതില്‍ കൂടുതല്‍ തനിക്കുണ്ടാകണം എന്നതാണ് അടിമ ആഗ്രഹിക്കുന്നത്. ഉടമയിലേക്കുള്ള മോചനമാണ്. എല്ലാവരും ഓടുമ്പോള്‍ എല്ലാവരും ഓടും. ചിലര്‍ ജയിക്കും. ചിലര്‍ തോല്‍ക്കും. ഉച്ചനീചത്വങ്ങള്‍ എല്ലാം ഈ ഓട്ടത്തിന്റെ ഫലമാണ്. വീണുപോയവനെ ഒരിക്കലും എഴുന്നേല്‍ക്കാന്‍ മുന്നില്‍ പോയവന്‍ സമ്മതിക്കില്ല. എഴുന്നേറ്റുപോയാല്‍ അവന്‍ തന്നെ പിന്നിലാക്കിയേക്കാം എന്ന ഭയം മുന്നില്‍ പോയവനുണ്ട്. സാമ്പത്തിക അസമത്വം നിലനില്‍ക്കുന്നതിനുള്ള അടിസ്ഥാന കാരണം ഈ കൂട്ട ഓട്ടമാണ്. ഈ ഓട്ടത്തിനിടയില്‍ ദരിദ്രര്‍ ധനികരായെന്നും, ധനികര്‍ ദരിദ്രരായെന്നും വരും. ദാരിദ്ര്യം പൂര്‍ണമായി മാറിയാലും ഓട്ടം നിലയ്ക്കുക ഇല്ല.