close
Sayahna Sayahna
Search

Difference between revisions of "സ്നേഹം"


(Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}} ==സ്നേഹം== :: :: 1 :: പളുങ്കുഗോട്ടികള്‍ വാരി നിറച്ച :: ...")
 
(No difference)

Latest revision as of 00:44, 14 June 2014

സ്നേഹം
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക


സ്നേഹം

1
പളുങ്കുഗോട്ടികള്‍ വാരി നിറച്ച
കുഞ്ഞിക്കയ്യുമായി,
ചുരത്തുന്ന മുലക്കണ്ണിന്റെ
കനിവു തപ്പുന്ന
വരള്‍ച്ചുണ്ടുമായി
പീലി ചാഞ്ഞ
ചിതര്‍മുടിയായി
നിഴല്‍പോലെ
നിശ്ശബ്ദം
പുഴപോലെയഗാധം
നിന്റെ സ്നേഹം
2
ഇളംപച്ചത്തളിര്‍…
തളിരിനു നേര്‍ത്ത മണമുണ്ട്
രുചിയുണ്ട്
തണുപ്പുണ്ട്
തളിരുകൊണ്ടു മൂടിയ മരമുണ്ട്
വഴിവക്കിലാണ്
മരത്തണലില്‍ പച്ചപ്പുല്ല്
പച്ചത്തളിരുകള്‍ മൂടി ഉറങ്ങാം,
ഉറക്കം ആഴവും കുളിര്‍മ്മയുമുള്ള
തെളിനീര്‍ത്തടാകം പോലെ,
പച്ചിലത്തോണിപോലെ…
ഞരമ്പുകളില്‍ വിശ്രാന്തിയും ആശ്വാസവും…
സ്നേഹത്തിന്റെ വിരലുകള്‍ക്ക്
തണുപ്പും സുഗന്ധവും…
എന്റെ മുടിത്തഴപ്പ്
പച്ചവള്ളികൊണ്ടു
കെട്ടിയൊതുക്കി,
പച്ചില ചൂടീ
കിരീടംപോലെ
ഒരു സൂര്യകാന്തിപ്പൂവും
പച്ചയിതളുകള്‍
വിരിഞ്ഞു പിറക്കുന്ന മൊട്ടുപോലെ
എന്റെ ശരീരം…
ഓരോ ഞരമ്പിനും പകരം
ഹരിതജലമാര്‍ഗ്ഗങ്ങള്‍
തൊലി, മിനുങ്ങുന്ന പച്ചിലത്തഴപ്പ്,
ശരീരം
ഹരിതസമുദ്രം
ഞാന്‍ നിന്നെ സ്നേഹിക്കുന്നൂ
സ്നേഹിക്കുന്നൂ
സ്നേഹിക്കുന്നൂ…
നിന്റെ ചുണ്ടുകളും
വിരലിലെ ഹരിതസ്പര്‍ശനിലാവും
നിന്റെ ശരീരത്തിന്റെ
കാട്ടുപൊന്തപ്പച്ചപ്പും…
നിന്റെ പേരു പച്ച
നിന്റെ ചുംബനം പച്ച.
വിയര്‍പ്പു ഹരിതതീര്‍ത്ഥം,
സ്നേഹം ഇലപ്പച്ചത്തണുപ്പ്.