close
Sayahna Sayahna
Search

ആത്മാവിൽ തൊട്ട പാട്ടെഴുത്ത്


ആത്മാവിൽ തൊട്ട പാട്ടെഴുത്ത്
Sundar.jpg
സുന്ദര്‍
പ്രസിദ്ധീകരണം സമകാലിക മലയാളം
തിയതി 2013 05 24

പുസ്തകനിരൂപണം — ഇന്ദിരാ മേനോൻ: എപ്പടി പാടിനാരോ, വിവ. പി.കെ. ഉത്തമൻ, എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം

നമ്മൾ വായനക്കാർക്കറിയാം — പൊതുവെ ക്ലാസ്സിക്കൽ സംഗീതത്തെക്കുറിച്ചെഴുതാൻ പ്രയാസമാണ്. വളരെ നന്നായിട്ടെഴുതാൻ അനിതര സാധാരണമായ കേൾവി ജ്ഞാനവും രാഗജ്ഞാനവും അതിവിപുലമായ സംഗീത ചരിത്രബോധവും വിവിധ സമ്പ്രദായങ്ങളെ ക്കുറിച്ചും ഓരോ കൃതികർത്താക്കളെക്കുറിച്ചും വ്യക്തമായ ധാരണയും വേണം. സംഗീത ശാസ്ത്രത്തിന്റെ സങ്കീർണമായ പദാവലികളുടെ അർത്ഥവ്യാപ്തി ചോർന്നു പോകാതെ, അതേസമയം, പാണ്ഡിത്യ പ്രകടനമാവാതെ എഴുതി ഫലിപ്പിക്കാനും കഴിയണം. ക്ലാസ്സിക്കൽ വായ്‌പാട്ടുകാരെ കുറിച്ചെഴുതാനാവട്ടെ, ഓരോ പാട്ടുകാരന്റെയും ജീവിതവും ശൈലിയും ഉറവിടവും അവരുടെ ഗുരുനാഥന്മാരുടെയും പരമ്പരയുടെയും സിദ്ധികളും കാഴ്ച്ചപ്പാടുകളും അറിഞ്ഞിരിക്കണം. വിശാലമായൊരു സാമൂഹ്യതലത്തിൽ ഇവയൊക്കെ കാണാൻ കഴിയണം. ഗായകരുടെ ശബ്ദസ്ഥായിയെക്കുറിച്ചും സ്വരസ്ഥാനങ്ങളെക്കുറിച്ചും കാലപ്രമാണത്തെക്കുറിച്ചും വാഗ്ഗേയകാരന്മാരുടെ സാഹിത്യം അവരെങ്ങനെ ഉപന്യസിച്ചു എന്നതിനെ കുറിച്ചും അറിയണം; കച്ചേരിയുടെ സ്വഭാവം എന്തായിരുന്നുവെന്നും കേൾവിക്കാരുമായിട്ടുള്ള രസതന്ത്രം എങ്ങനെയായിരുന്നുവെന്നും അറിയുക മാത്രമല്ല, വായനക്കാർക്ക് അത് പകർന്നു കൊടുക്കാനുമാവണം.

ഇതൊക്കെ ഭംഗിയായി പറഞ്ഞു ഫലിപ്പിക്കാൻ സംഗീതവഗാഹം മാത്രം പോര, (ഇതില്ലാതെ പറ്റില്ല; എന്നാൽ ഇതുകൊണ്ടു മാത്രമായിട്ടില്ല) ഗവേഷണ ചുവടുകൾ അടിതെറ്റാതാവണം. മനനം ചെയ്യാനും മിനക്കെട്ട് പണിയെടുക്കാനും ചിന്തേരിടാനും തയ്യാറാവണം. മുമ്പേ എഴുതപ്പെട്ടവ എന്താണെന്നറിയണം. കച്ചേരി പദ്ധതിയുടെ ചിട്ടവട്ടങ്ങളും ചരിത്രവും മാത്രമല്ല, സംഗീതത്തിന്റെ സാമൂഹ്യശാസ്ത്രവും നന്നായറിഞ്ഞിരിക്കണം.

പാട്ടിയമ്മ കോലം വരയ്ക്കുന്നതു പോലെയോ ഡി. കെ. ജയരാമൻ പാടുന്നതു പോലെയോ ഭട്ടതിരി ശിർഷകമെഴുതുന്നതു പോലെയോ അനായാസവും ആസ്വാദ്യവുമായ ഒരനുഭവമായിരിക്കണം സംഗീതത്തെ കുറിച്ചെഴുതുന്ന പ്രക്രിയ.

ഇപ്പറഞ്ഞ ലക്ഷണങ്ങളൊത്ത ഒരു കൃതിയാണ് ഇന്ദിരാമേനോൻ ഇംഗ്ലീഷിലെഴുതി പി. കെ. ഉത്തമൻ സംശോധന ചെയ്ത് മലയാളീകരിച്ച് എപ്പടി പാടിനാരോ. സത്യം പറയട്ടെ, ലളിതമെങ്കിലും ഗഹനമായ ഈ പുസ്തകത്തെ കുറിച്ചെഴുതാൻ എനിക്കൊട്ടും യോഗ്യതയില്ല. യോഗ്യതയുളവർ ബെഞ്ച്മാർക്കായ ഈ പുസ്തകം കണ്ടില്ലെന്ന് നടിക്കുന്നത് കണ്ട് അലോസരം തോന്നിയിട്ടാണ് ഈ സാഹസത്തിന് മുതിരുന്നത്.

ഈ പുസ്തകത്തിന് മറ്റു പരിഭാഷകളിൽനിന്ന് വേറിട്ട ചില സവിശേഷതകളുണ്ട്. ഇന്ദിരാമേനോന്റെ The Madras Quartetwoman in Karanatak Music (Royal Books, 1999) വായിച്ച പി. കെ. ഉത്തമന്റെ പ്രേരണയിലാണ് ഇന്ദിരാമേനോൻ കരണ്ണാടക സംഗീതത്തിലെ പ്രധാൻ വയ്പാട്ടുകാരെക്കുറിച്ചെഴുതുന്നതും ‘കലാകൗമുദി’ക്കു വേണ്ടി ഉത്തമൻ പരിഭാഷപ്പെടുത്തിയ എപ്പടിപാടിനാരോയിൽ നിന്നാണ് (സീരിയലൈസ് ചെയ്തിരുന്നപ്പോൾ ഇന്ദിരാമേനോൻ എന്ന പേരു മത്രമേ ഉത്തമൻ ഉപയോഗിച്ചുള്ളൂ) Great Masters of Karanatak Music (Indialog, New Delhi) ഉടലെടുക്കുന്നതും.

ഇന്ദിരാമേനോനും ഉത്തമനും തമ്മിലുള്ള ആത്മബന്ധത്തിന്റെയും സമാന അഭിരുചികളുടെയും ഫലമായി ഒരു പരിഭാഷയുടെ പരാധീനതകൾ ഇല്ലാതെ വായ്പാട്ടുകാരായ അരിയക്കുടി രാമാനുജ അയ്യങ്കാർ (1890–1967), മഹാരാജപുരം വിശ്വനാഥ അയ്യർ (1890–1970), മുസിരി സുബ്രഹ്മണ്യ അയ്യർ (1899–1975), ചെമ്പൈ വൈദ്യനാഥ ഭാഗവതർ (1896–1974), മധുര മണി അയ്യർ (1912–1968), ശെമ്മങ്കുടി ശ്രീനിവാസ അയ്യർ (1908–2003), റ്റി. വൃന്ദ (1912–1996), റ്റി. മുക്ത (1914–2007), എം. എസ്. സുബ്ബലക്ഷമി (1916–2004), ഡി. കെ. പട്ടമ്മാൾ (1919–2009), ജി. എൻ. ബാലസുബ്രഹ്മണ്യം (1910–1965), എം. എൽ. വസന്തകുമാരി (1928–1990), എം. ഡി. രാമനാഥൻ (1923–1984), പാലക്കാട് കെ. വി. നാരായണസ്വാമി (1923–2002) എന്നിങ്ങനെ 1930 മുതൽ 1965 വരെയുള്ള കാലഘട്ടത്തിൽ വൈവിധ്യമാർന്ന ബാണികളിൽ കർണാടക സംഗീതത്തിൽ സ്ഥിര പ്രതിഷ്ഠ നേടിയ ഒമ്പത് മഹാവിദ്വാന്മാരുടെയും അഞ്ച് മഹാവിദുഷികളുടെയും സംഗീതജീവിതം കർണാടക സംഗീതസാമൂഹ്യ പശ്ചാതലത്തിൽ കാട്ടിത്തരുന്നു എപ്പടി പാടിനാരോ.

ഈ പതിനാലു വായ്പാട്ടുകാർ മാത്രമല്ല, ഒട്ടനവധി സംഗീതജ്ഞരും അവരുടെ സംഭാവനകളും ഈ പുസ്തകത്തിലുടനീളം പരാമർശിക്കപ്പെടുന്നുണ്ട്. ഒന്നിലേറെ തവണ മനസ്സിരുത്തി വായിക്കുകയാണെങ്കിൽ ആർക്കും കർണ്ണാടകസംഗീത ചരിത്രത്തെക്കുറിച്ചൊരു ധാരണ കിട്ടും. ആമുഖത്തിൽ ത്യാഗരാജനു മുൻപുള്ള ചരിത്രവും അദ്ധ്യായങ്ങളിൽ കർണ്ണാടകസംഗീതത്തിന് അളവറ്റ സംഭാവനകൾ നൽകിയ മുത്തയ്യാ ഭാഗവതർ, പട്ടണം സുബ്രഹ്മണ്യ അയ്യർ, പൂച്ചി ശ്രീനിവാസ അയ്യങ്കാർ, ഉമയാർപുരം സ്വാമിനാഥ അയ്യർ, നയനാപിള്ള, വീണ ധനമ്മാൾ, ടൈഗർ വരദാചാര്യർ, പാപനാശം ശിവൻ എന്നിവരെ അറിഞ്ഞാസ്വദിക്കാനുതകുന്ന സൂചനകളും വിശദാംശങ്ങളും ഉപകഥകളും ഈ പുസ്തകത്തിലുടനീളം കാണാം. എപ്പടി പാടിനാരോയുടെ വിഷയസൂചിക ഫലപ്രദമായി ഉപയോഗിക്കുന്ന വായനക്കാർക്കാവട്ടെ, ഈ മുത്തുകൾ അന്വേഷിച്ചു കണ്ടെത്തി അതിമനോഹരമായൊരു സംഗീതമാല സ്വായത്തമാക്കാനുമാവും

ബ്രാഹ്മണ്യസങ്കുചിതത്തത്തിന്റെ മതിൽക്കെട്ടുകൾ

നമ്മുടെ ആസ്വാദനക്ഷമതയുടെ നിലവാരമുയർത്താനും നമുക്കും വരുംതലമുറകൾക്കും കലർപ്പില്ലാത്ത കർണ്ണാടകസംഗീതസംസ്കാരം പകരാനും ഈ പുസ്തകം സഹായിക്കുമെന്നാണ് എന്റെ വിശ്വാസം. ഗുരുമുഖത്തുനിന്നും സംഗീതമഭ്യസിക്കുന്നവർക്കും സംഗീതകോഴ്സുകളിൽ ചേർന്ന് പഠിക്കുന്നവർക്കും ഒഴിച്ചുകൂടാനാവാത്തൊരു ശ്രേഷ്ഠഗ്രന്ഥമാണിത്.

ശാസ്ത്രീയസംഗീതത്തിന്റെ പദാവലികൾ — ബാണി, രാഗം, താനം, പല്ലവി, നിരവൽ, സംഗതി, ജാവളി, പദം, ബൃഗ — എന്നിവയെക്കുറിച്ചൊക്കെ ഭംഗിയായി വിസ്തരിച്ചെഴുതിയിട്ടുണ്ട് ഈ പഠനഗ്രന്ഥത്തിൽ (ഒരു ഡിസ്കോഗ്രഫി — ഈ പാട്ടുകാരുടെ ഓഡിയോ റിക്കോർഡിംഗിന്റെ ഒരു പട്ടിക ആകാമായിരുന്നു — ഇതൊരു വലിയ കുറവൊന്നുമല്ല). നമ്മുടെ ആസ്വാദനക്ഷമതയുടെ നിലവാരമുയർത്താനും നമുക്കും വരുംതലമുറകൾക്കും കലർപ്പില്ലാത്ത കർണ്ണാടകസംഗീതസംസ്കാരം പകരാനും ഈ പുസ്തകം സഹായിക്കുമെന്നാണ് എന്റെ വിശ്വാസം. ഗുരുമുഖത്തുനിന്നും സംഗീതമഭ്യസിക്കുന്നവർക്കും സംഗീതകോഴ്സുകളിൽ ചേർന്ന് പഠിക്കുന്നവർക്കും ഒഴിച്ചുകൂടാനാവാത്തൊരു ശ്രേഷ്ഠഗ്രന്ഥമാണിത്.

ഓരോ വായ്പാട്ടുകാരെക്കുറിച്ചെഴുതുമ്പോഴും അവരുടെ സംഗീത സ്വഭാവത്തിനുതകുന്ന ശൈലിയും സഗീതത്തിലെ ‘കാലവും’ നമ്മെ അദ്ഭുതപ്പെടുത്തും. (കൃഷ്ണപിള്ള സാറിന്റെ ‘പ്രതിപാത്രം ഭാഷ്ണഭേദം’ ഓർക്കുക). ഒമ്പത് ദശാബ്ദത്തിൽ ജീവിച്ചിരിക്കുകയും ജീവിച്ചിരുന്ന അത്രയും കാലം തന്റെ കുറവുകളും പരാധീനതകളും നിരന്തര പരിശ്രമഫലമായി അതിജീവിച്ച്, കർണ്ണാടകസംഗീതത്തിന്, വിശിഷ്യാ സ്വാതി തിരുന്നാൾ കൃതികൾക്ക് (മുത്തയ്യാ ഭാഗവതരോടൊപ്പം) നവജീവൻ നൽകുകയും ചെയ്ത ശെമ്മങ്കുടിയെക്കുറിച്ചെഴുതുന്നതിന്റെ ഭാവമോ താളമോ അല്ല, ഇന്ദിരാമേനോൻ തന്റെ ഗുരുവായ വൃന്ദയെക്കുറിച്ചെഴുതുന്നതിലോ ബ്രാഹ്മണ്യസങ്കുചിതത്തത്തിന്റെ മതിൽക്കെട്ടുകൾ മറികടന്ന്, ആ സമുദായത്തിൽ നിന്നും ആദ്യ സംഗീതകച്ചേരി നടത്തിയ ഡി. കെ. പട്ടമ്മാളെക്കുറിച്ചെഴുതുന്നതിലോ. അതുകൊണ്ടു തന്നെ ഒരോ വിദ്വാനും വിദുഷിയും എപ്പടി പാടിനാരോ എന്ന് വായിച്ചറിഞ്ഞ്, അവരുടെ പാട്ടുകേട്ട് ആസ്വദിച്ചശേഷം മാത്രമേ (ഇന്റർനെറ്റ് ആക്സസ് ഉള്ളവർക്ക് www.sangeethapriya.org പ്രയോജനപ്പെടും) അടുത്ത അദ്ധ്യായത്തിലേക്കു കടക്കാവൂ എന്നാണ് എനിക്ക് തോന്നുന്നത്. നല്ലൊരനുഭവമായിരിക്കും അത്.

അസ്സല് മനോധർമ്മം വിളയാടുന്നു ഈ പുസ്തകത്തിലുടനീളം. വായ്പാട്ട് പഠിച്ച ഇന്ദിരാമേനോന്റെ കിറുകൃത്യമായ വിശേഷണപദങ്ങൾ പാട്ടു പഠിക്കാത്ത ഉത്തമൻ മലയാളത്തിലാക്കുന്നത് നോക്കൂ. ഓരോ തലക്കെട്ടിനുമുണ്ട് നിറഞ്ഞ അർത്ഥ ഭാവതലങ്ങൾ.ശെമ്മങ്കുടി കേൾക്കുന്നവർക്കറിയാം ‘സാമ്പ്രദായികത്തികവാണ്’ അദ്ദേഹത്തിന്റെ മുഖമുദ്രയെന്ന്. പാലക്കാട്ട് കെ. വി. നാരായണസ്വാമിയുടെ സംഗീതധാരയിൽ സ്വയം മറക്കുന്ന ഏത് ശ്രോതാവും തലയാട്ടും — അതെ, സകലഗുണമാനായ ‘സംഗീതജ്ഞൻ’ തന്നെയാണ് കെ. വി. എൻ. പാടുമ്പോൾ സ്വയം മറന്ന് ശ്രീരാമനെ കാണുന്ന എം. ഡി. രാമനാഥനെ ‘നാദോപാസകൻ’ എന്നതല്ലാതെ എന്ത് പറയാൻ? വൃന്ദയും മുക്തയും ‘രാഗത്തിന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലുന്നു’ എന്ന് ഇന്ദിരയും ഉത്തമനും പറയുമ്പോൾ ഇവരുടെ സി. ഡി. അന്വേഷിച്ചു പോകാൻ തോന്നും.

അനുയോജ്യമായ ആദരാഞ്ജലി

‘ഗംഭീരശാരീരത്തിനുടമയായ’ അരിയക്കുടി, ബൊഹീമിയനായ മഹാരാജപുരം വിശ്വനാഥയ്യർ, ‘നിരവൽ പാടുന്നതിൽ വിദഗ്ധനായിരുന്ന’, മുസിരി ‘പാപനാശം ശിവന്റെ ഏറ്റവും നല്ല വ്യാഖ്യാതാവായിരുന്ന’ മധുരമണി അയ്യർ എന്നിങ്ങനെ ഓരോ വായ്പാട്ടുകാരന്റെയും സവിശേഷത ഈ കൃതി എടുത്തു കാട്ടുന്നു. ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയിൽ മധുരമനോഹര ശബ്ദത്തിൽ കടന്നു വരുന്ന എം. എസ്. സുബ്ബലക്ഷ്മിയുടെ ‘കാറ്റിനിലെ വരും ഗീതം’; സി. നാരായണക്കുറുപ്പിന്റെ കവിതയിലെ ‘മാധുരിയുടെ മണിമുത്താം’ മധുര മണി അയ്യർ; ഇടയ്ക്കൊളിച്ചിരിക്കുന്ന ഒരു കുമാരനാശാൻ ഉപമ — സംഗീതത്തെക്കുറിച്ചുള്ളൊരു കൃതിയിൽ ഇത്രയ്ക്കൊന്നും പ്രതീക്ഷിക്കാനാവില്ല. രസകരമായ ഒത്തിരി വിവരങ്ങൾ തരുന്നു ‘എപ്പടി പാടിനാരോ’. മദ്രാസ് മ്യൂസിക് അക്കാദമി ഹാളിൽ രണ്ടാം വയസ്സിൽ രവികിരൺ പരിപാടി അവതരിപ്പിച്ചത് (അരങ്ങേറ്റമല്ല); തിരുപ്പാവയിലെ മുപ്പത് കവിതകൾ അരിയക്കുടി മുപ്പത് രാഗങ്ങളിൽ ചിട്ടപ്പെടുത്തിയത്; ടി. ആർ. മഹാലിംഗത്തിന്റെ ഫ്ലൂട്ട് കച്ചേരിക്ക് ചെമ്പൈ വയലിനും, മഹാരാജപുരം വിശ്വനാഥ അയ്യർ മൃദംഗവും വായിച്ചത്; ചെന്നൈ കപാലീശ്വര ക്ഷേത്രത്തിൽ മധുര മണി അയ്യരുടെ കച്ചേരി കേൾക്കാൻ ആ ദിവസത്തെ ജോലി കളഞ്ഞു മൈലാപ്പൂരിലെ റിക്ഷാക്കാർ വമ്പിച്ച ജനാവലിയുടെ ഭാഗമായിരുന്നത്. കാർട്ടൂണിസ്റ്റുകളിലെന്നപോലെ വായ്‌പാട്ടുകാരിലും വികടസരസ്വതി വിളയാടുന്നത്... കൊള്ളാം.

കർണ്ണാടക സംഗീതത്തിലെ ലിംഗവിവേചനത്തിന്റെ യാഥാസ്ഥിതികത്വം പൊളിച്ച് സ്ത്രീവിമോചനത്തിന്റെ വിജയകരമായ പരിസമാപ്തിയിലെത്തിച്ച എം. എസ്. സുബ്ബലക്ഷ്മി, ഡി. കെ. പട്ടമ്മാൾ, ടി. വൃന്ദ, എം. എൽ. വസന്തകുമാരി എന്നിവർക്കുള്ള ആദരാജ്ഞലികൾ കൂടിയാണ് ഈ പുസ്തകം (ടി. വൃന്ദയ്ക്ക് അവരർഹിക്കുന്ന സ്ഥാനം നൽകിയത് ഇന്ദിരാമേനോനാണെന്ന് ഇവിടെ ഓർക്കാതിരിക്കാനാവുന്നില്ല).

എപ്പടി പാടിനാരോ അടിയാർ അപ്പടി പാട നാൻ ആശൈക്കൊണ്ടേൻ എന്ന കീർത്തനത്തിന്റെ (ഡി. കെ. പട്ടമ്മാൾ കർണാടക ദേവ ഗാന്ധാരിയിൽ ചിട്ടപ്പെടുത്തി പാടി പതിപ്പിച്ച ശുദ്ധാനന്ദഭാരതി സാഹിത്യം) തുടക്കം ഈ പുസ്തകത്തിന്റെ ശീർഷകമാക്കി, പട്ടമ്മാളിന്റെ അതിമനോഹരമായ ഫോട്ടോ മുഖചിത്രമാക്കിയ ഉത്തമന്റെ ഔചിത്യവും മനോധർമവും ശ്ലാഘനീയമാണ്. മറ്റുള്ളവർക്ക് പാടാൻ കഴിയാത്തതിനാൽ എങ്ങനെ പാടിയെന്ന് എഴുതി വിജയിപ്പിച്ച ഇന്ദിരാമേനോന് (1935–2009) ഒരു സുഹൃത്തിന് നൽകാവുന്ന ഏറ്റവും അനുയോജ്യമായ ആദരാഞ്ജലിയാണ് ശീർഷകവും ഉടലും. ഉദാത്തമായ കർണാടക സംഗീത വായ്പാട്ട് കേട്ടാൽ തിരിച്ചറിയാനും വഴിതെറ്റി വന്ന് നല്ല ശബ്ദത്തിൽ വികലമായി രാഗങ്ങളാലപിക്കുന്ന സംഗീതജ്ഞരെ തിരസ്ക്കരിക്കാനും ‘എപ്പടി പാടിനാരോ’ മലയാളിക്കുതകട്ടെ എന്ന് പ്രാർത്ഥിക്കാൻ തോന്നുന്നു.