close
Sayahna Sayahna
Search

ആസക്തിയുടെ അഗ്നിനാളങ്ങൾ‍ 17


ആസക്തിയുടെ അഗ്നിനാളങ്ങൾ‍ 17
EHK Novel 02.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ആസക്തിയുടെ അഗ്നിനാളങ്ങൾ‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 41

വഴിത്താരകളിലെ ഈർപ്പം വെയിൽ അപഹരിച്ചിരുന്നു. പാറക്കെട്ട് വൃത്തിയായി കിടന്നു. ചിതറിയ കരിയിലകൾ പെറുക്കി മാറ്റി സരള ഇരുന്നു. വഴിനീളെ സരള സംസാരിക്കുകയായിരുന്നു. അവളുടെ ഭയാശങ്കകളെപ്പറ്റി, അലട്ടുന്ന കടങ്കഥയെപ്പറ്റി.

ജ്ഞാനാനന്ദൻ മൂളികേൾക്കുക മാത്രം ചെയ്തു. അവന് അദ്ഭുതമൊന്നുമുണ്ടായതായി കണ്ടില്ല. അങ്ങനെയൊക്കെ സംഭവിക്കുമെന്നേ അവൻ പറയുന്നുള്ളു.

‘ഞാൻ പറയാറില്ലേ, ഈ മലമുകളിൽ എന്തൊക്കെയോ അദ്ഭുതങ്ങൾ ഉണ്ടെന്ന്? ഈ പാറക്കെട്ടുകളിലിരുന്നു ധ്യാനിക്കുമ്പോൾ സമയം തകിടംമറിയുന്ന പ്രതീതിയുണ്ടാവാറുണ്ടെന്ന്. ചേച്ചി പറഞ്ഞത് എനിക്കു വിശ്വാസമായിരിക്കുന്നു. അത് എന്റെ തന്നെ സംശയങ്ങളെ സ്ഥിരീകരിക്കലാണ്. മറ്റുള്ളവർ പക്ഷേ അതു വിശ്വസിക്കണമെന്നില്ല. അവർ ചേച്ചിക്കു ഭ്രാന്താണെന്നു പറയും’.

ജ്ഞാനാനന്ദൻ പറയുന്നത് സരളയെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു.

‘ചേച്ചിയുടെ കാര്യത്തിൽ സംഭവിച്ചത് ഇതാവാം. ചേച്ചിയും ദേവിക എന്നു പറയുന്ന സന്യാസിനിയുംകൂടി ഈ മലമുകളിൽ വന്ന സമയത്ത്, അത് ഏതുവർഷമാണെന്നാണു പറഞ്ഞത്?’

‘അറുപത്തിരണ്ടിൽ.’

‘ആ സമയത്ത് ഈ മലനിരകൾക്കു മാത്രം അറിയാവുന്ന എന്തോ കാരണം കൊണ്ട് സമയത്തിന് ഒരു വിള്ളലുണ്ടായി. ചേച്ചിയും ദേവികയും ആ വിള്ളലിൽപ്പെട്ടു. ഇപ്പോൾ അതേ പ്രതിഭാസത്തിന്റെ പ്രതിപ്രവർത്തനഫലമായി ചേച്ചി ആ വിള്ളലിൽ നിന്നു രക്ഷപ്പെട്ടു. ചേച്ചിയെ സംബന്ധിച്ചിടത്തോളം സമയത്തിന്റെ വിള്ളലിൽ കുടുങ്ങിയ ഇരുപത്തിരണ്ടു വർഷങ്ങൾക്കു നിലനിൽപ്പില്ല. എന്നുവച്ചാൽ ചേച്ചിയുടെ വയസ്സ് അന്നത്തെ വയസ്സുതന്നെയായിരിക്കുമെന്നർത്ഥം.’

‘അപ്പോൾ ദേവികയോ’

‘അതാണെന്നെ കുഴയ്ക്കുന്ന പ്രശ്‌നം. രണ്ടുപേർ ഒന്നിച്ചുതന്നെ അപ്രത്യക്ഷമാവുമ്പോൾ ഒന്നിച്ചു തന്നെ തിരിച്ചു വരികയല്ലേ വേണ്ടത്? എനിക്കറിയില്ല. ഒരു പക്ഷേ അവരും പുറത്തു വന്നിട്ടുണ്ടാകും, വേറെ ഒരു കാലത്ത്, വേറെ ഏതെങ്കിലും ദേശത്ത്. ഒരുപക്ഷേ അവരുടെ ആശ്രമത്തിൽത്തന്നെ.

‘എന്താണ് സമയത്തിൽ വിള്ളൽ വരാൻ കാരണം?’

‘അറിയില്ല. ‘ജ്ഞാനാനന്ദൻ പറഞ്ഞു. അവൻ കുറച്ചുനേരം ആലോചിച്ചു.

‘ഒരു പക്ഷേ ഈ മലയിൽ ഉണ്ടെന്നു പറയുന്ന യന്ത്രമായിരിക്കാം കാരണം. ഇവിടെ യമദേവന്റെ അമ്പലമുണ്ടായിരുന്നു എന്നു ഗുരു പറഞ്ഞിരുന്നു. പ്രശ്‌നംവച്ചു നോക്കിയപ്പോൾ മനസ്സിലായത് ശ്രീകോവിലിനു താഴെ അതിശക്തമായ ഒരു യന്ത്രം പ്രതിഷ്ഠിച്ചിട്ടുണ്ടെന്നാണ്. പ്രതിഷ്ഠയുടെ ശക്തി മുഴുവൻ ആവാഹിക്കുന്നത് ആ യന്ത്രമാണ്. നമ്മൾ ചെയ്യുന്ന പൂജയിൽനിന്നാണു യന്ത്രം ശക്തിയാർജിക്കുന്നത്. ചിലപ്പോൾ യന്ത്രത്തിന്റെ ശക്തി അസാധാരണമായി കൂടുന്നു. അപ്പോൾ അതിന്റെ കാന്തവീചികളോ അല്ലെങ്കിൽ നമുക്കറിയാൻ കഴിയാത്ത വല്ല ശക്തികളോ പരിസരത്തുള്ള സമയത്തെ കോട്ടിയിട്ടുണ്ടാകും. ഗ്രാമത്തിലെ ഭഗവതീക്ഷേത്രത്തിൽ ഉൽസവമടുക്കുമ്പോഴും ഈ മലയിൽ ചില അദ്ഭുതങ്ങളുണ്ടാവാറുണ്ട്. ഒരുപക്ഷേ ആ ക്ഷേത്രത്തിന്റെ ശക്തികൂടി ഈ യന്ത്രം ആവാഹിച്ചെടുക്കുന്നുണ്ടാവും’.

സരളയ്ക്കു സമാധാനമായി. ജ്ഞാനാനന്ദൻ വിശ്വസിക്കില്ലെന്നായിരുന്നു അവൾ കരുതിയത്. അവൻ വിശ്വസിച്ചു എന്നു മാത്രമല്ല തന്നെയിട്ടു കുഴയ്ക്കുന്ന പ്രതിഭാസത്തിന് ഒരു വിശദീകരണവും തന്നിരിക്കുന്നു; അതുമുഴുവൻ മനസ്സിലായില്ലെങ്കിൽക്കൂടി.

‘ചേച്ചി ഏതുകൊല്ലമാണ് ആശ്രമത്തിൽ വന്നത്?’

‘അറുപത്തിരണ്ടിൽ’

‘അറുപത്തിരണ്ടിൽ?’

‘അതെ.’

‘ചേച്ചി അറുപത്തിരണ്ടിലാണു വന്നതെങ്കിൽ കണ്ടിട്ടുണ്ടാവുക ആനന്ദഗുരുവിനെയായിരിക്കില്ല, വേലപ്പസ്വാമികളെയായിരിക്കണം. ആനന്ദഗുരു വന്നത് അറുപത്തിനാലിലാണ്. ചേച്ചിക്കു സ്വാമികളെ കണ്ടതായി ഓർമ്മയുണ്ടോ?’

അവൾക്ക് ഓർമ്മയില്ല. ദേവികയുടെ ഒപ്പം വന്നതും ഒരു സന്യാസിയുടെ മുമ്പിലിരുന്നതും ഓർമ്മയുണ്ട്. എഴുന്നേറ്റപ്പോൾ ആനന്ദഗുരു തന്നെയായിരുന്നു മുമ്പിൽ. ദേവിക അപ്രത്യക്ഷയായിരുന്നു. ആശ്രമത്തിൽ വന്ന ഉടനെ കണ്ട സന്യാസിയും ആനന്ദഗുരുവും രണ്ടുപേരാണോ എന്നൊന്നും അറിയില്ല.

ജ്ഞാനാനന്ദൻ അവളുടെ അടുത്തിരുന്നു. സരള ചുമലിൽ വച്ച കൈയെടുത്ത് അവന്റെ കൈകളിൽ വച്ചമർത്തി, വാത്സല്യത്തോടെ.

പെട്ടെന്നു സരള ചോദിച്ചു.

‘ഞാൻ നിന്റെ മടിയിൽ കിടക്കട്ടെ?’

ജ്ഞാനാനന്ദൻ വല്ലാതായി. അവൻ പറഞ്ഞു.

‘നമുക്ക് തിരിച്ചു പോകാം. ഗുരു കുറെ ജോലികൾ ഏൽപ്പിച്ചിട്ടുണ്ട്.’

‘എന്താ ഞാൻ മടിയിൽ കിടക്കുന്നതിഷ്ടമല്ലേ.’

സരള ചിരിച്ചുകൊണ്ടു ചോദിച്ചു. അവളുടെ ചിരിയിൽ വശ്യതയുണ്ടായിരുന്നു.

ജ്ഞാനാനന്ദൻ മറുപടിയൊന്നും പറഞ്ഞില്ല. കഴുത്തിലണിഞ്ഞ രുദ്രാക്ഷമാല വലതുകൈകൊണ്ടു തൊട്ട്, ഗുരു ചെവിയിലോതിത്തന്ന മന്ത്രം ഉരുവിട്ടു. ആ മന്ത്രത്തിൽ അവന്റെ ആത്മാവുണ്ട്, ജീവചൈതന്യമുണ്ട്. ചുഴിയിൽപ്പെട്ടു താഴുന്നവനു കയറെന്നപോലെ അവൻ ആ രുദ്രാക്ഷമാല മുറുകെ പിടിച്ചു.

സരള പാറമേൽ നിവർന്നുകിടന്ന് ജ്ഞാനാനന്ദന്റെ മടിയിൽ തലവച്ചു, അവന്റെ മാറിലെ രോമങ്ങൾ തലോടി. ഒരു കൊച്ചുകുഞ്ഞിനെ നോക്കുന്ന കൗതുകത്തോടെ ജ്ഞാനാനന്ദൻ സരളയെ നോക്കി, അവളുടെ തലമുടിയിൽ വാത്സല്യത്തോടെ തടവിക്കൊണ്ടു പറഞ്ഞു:

‘ചേച്ചീ, ഞാനൊരു സന്യാസിയാണ്. ബ്രഹ്മചാരി. സന്യാസധർമം ജീവിതമൂല്യമായി കരുതുന്നവനാണു ഞാൻ. ചേച്ചി എന്നിൽനിന്ന് ഒന്നും പ്രതീക്ഷിക്കരുത്.’

സരള ഒന്നും പറയാതെ അവന്റെ മടിയിൽ തലചായ്ച്ചു കിടന്നു.

സൂര്യവെളിച്ചം രണ്ടു പാറകൾക്കിടയിലൂടെ വന്ന് അവരുടെമേൽ പതിച്ചു.

‘ചേച്ചി എഴുന്നേൽക്കൂ, നമുക്കു പോകാം.’

അവൾ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു.