close
Sayahna Sayahna
Search

ഇതാണ് പാവങ്ങളുടെ കൊച്ചി


ഇതാണ് പാവങ്ങളുടെ കൊച്ചി
Sundar.jpg
സുന്ദര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 04 13
ലക്കം 552

കൊച്ചിയിലെ ചില വലിയ വീടുകളിലെ ചെറുപ്പക്കാര്‍ കഴിഞ്ഞ പുതുവത്സര ദിനമാഘോഷിച്ചത് ജോസ്ജങ്ഷനില്‍ കുടിച്ചു കൂത്താടി, സ്ത്രീകളെ കടന്നുപിടിച്ചാണു്. കേരളത്തില്‍ ഏററവും കൂടുതല്‍ അന്തരീക്ഷമലിനീകരണവും ഇവിടെത്തന്നെ. നല്ലൊരു ലൈബ്രറി പോലുമില്ലാത്ത, ഒരു നല്ല നിരത്തുപോലുമില്ലാത്ത, കച്ചവടക്കാരിന്റെ നഗരം. ബുക്ക് ലെന്‍ഡിങ് ലൈബ്രറികള്‍, ആഡിയോ വിഡിയോ കാസററ് ലെന്‍ഡിങ് ലൈബ്രറികള്‍, ആദായവില്പനകള്‍, ബ്ലേഡ് കമ്പനികള്‍, മരണപ്പാച്ചില്‍ നടത്തുന്ന പ്രൈവററ് ബസ്സുകള്‍, തുരുമ്പുപിടിച്ച കളിപ്പാട്ടങ്ങള്‍ മാത്രമുള്ള ചില്‍ഡ്രന്‍സ് പാര്‍ക്ക്, സാമൂഹ്യസംഘടനകളുടെ നഴ്സറി കലോത്സവങ്ങള്‍, കാനയുടെ നാററം, കൊതുകുകടി…ആരും പ്രതിഷേധിച്ചതായറിവില്ല.

ഈ നഗരത്തിനു് നിഷേധത്തിന്റെ സ്വരമറിയില്ല. പ്രതിഷേധത്തിന്റെ താളമറിയില്ല. സ്വന്തമായി (അണ്‍) കംഫര്‍ട്ട് സ്റ്റേഷന്‍ പോലുമില്ലാത്ത ഒരു നഗരം. ഇവിടെ പാവം മനുഷ്യര്‍.

പത്തു വര്‍ഷങ്ങളായി ഒരനുഷ്ഠാനം പോലെ ഇവിടെ ഫ്ളവര്‍ഷോ നടക്കുന്നു. ആയിരക്കണക്കിനാളുകള്‍ ഇത് കാണുന്നു. കാര്യമായിട്ടാരും എതിര്‍ത്തിട്ടില്ല. ഇക്കുറി അതിനു് മാററമുണ്ടായി.

ഇനി നമുക്കു സത്യങ്ങള്‍ കാണാം എന്നു പറഞ്ഞ് കോളേജ്മാഗസിനിലെ ഒരു ലേഖനം നീക്കംചെയ്തതിനെതിരെ കോടതി കയറിയ മഹാരാജാസ് കോളേജ് വിദ്യാർത്ഥികൾ. അതേ കോളേജിലെ നേച്ചര്‍ ആക്ഷന്‍ ഗ്രൂപ്പും, പുറത്തെ ബിഹൈവ് നേച്ചര്‍ ക്ലബ്ബും ഫ്ളവര്‍ ഷേയ്ക്കെതിരെ ഒരു പോസ്റ്റര്‍ പ്രദര്‍ശനം നടത്തി. നഗരത്തിലെ ബുദ്ധിജീവികളുടെ സഹായം കൂടാതെ, നാട്യവും ജാടയുമില്ലാത്ത ഒരു പോസ്റ്റര്‍ എക്സിബിഷന്‍.

ഇവരുടെ പ്രതിഷേധം.

ഇന്നത്തെ കൊച്ചി അറബിക്കടലിന്റെ റാണിയല്ല, ദുഃഖത്തിന്റെ ഒരു തുരുത്താണ് അനുദിനം നരകമായി മാറിക്കൊണ്ടിരിക്കുന്ന കൊച്ചിയുടെ യാതനകളുടെ ഒരു പോസ്റ്റർ എക്സിബിഷൻ ഈയിടെ നടക്കുകയുണ്ടായി. കൊച്ചിയുടെ അമാനുഷികമായ പതനത്തിലേക്ക് കണ്ണുതുറപ്പിക്കുന്നതായിരുന്നു ഈ പോസ്റ്റർ എക്സിബിഷൻ.

ഈ കുട്ടികളുടെ പ്രതിഷേധത്തിനു് വ്യക്തമായ കാരണങ്ങളുണ്ട്. മുന്‍ഗണനകളെക്കുറിച്ചുള്ള കൃത്യമായ ബോധമവർക്കുണ്ടു്. മരങ്ങളായ മരങ്ങള്‍ മുറിച്ചിട്ടു്, പിന്നീടു് ഫ്ളവര്‍ഷോ നടത്തുന്നവരുടെ ഹിപ്പോക്രസിയെക്കുറിച്ചവര്‍ക്കറിയാം. കൊച്ചിയുടെ അടിയന്തരമായ പ്രശ്നങ്ങളെക്കുറിച്ചവര്‍ ബോധവാന്മാരാണു്. ഇവരുടെ പ്രതിഷേധം ഒരു വഴിപാടോ നേരമ്പോക്കോ അല്ല. അതുകൊണ്ടുതന്നെ ഇവര്‍ക്കു് ചിന്തകള്‍ക്ക് വേലികെട്ടാത്ത മനുഷ്യരിലേക്കു് എത്താന്‍ കഴിഞ്ഞുകാണും. ഇവരുടെ നീട്ടിയ കടലാസ്സു കമ്പിളിലേക്കു വീഴുന്ന നോട്ടുകള്‍, നാണയങ്ങള്‍. പ്രതികരണത്തില്‍ പങ്കുചേരുന്നവരുടെ മനസ്സുകൾ.

* * *

“ഞങ്ങള്‍ക്കും പൂക്കളിഷ്ടമാണു്. ചെടികളിഷ്ടമാണു്. നാടിനെയും നാട്ടാരെയും ഇഷ്ടമാണു്. നമ്മുടെ നാടിനെയോര്‍ത്തു്, നാട്ടാരെയോര്‍ത്തു്, കുട്ടികളെയോര്‍ത്തു്” പോസ്റ്റര്‍ പ്രദര്‍ശനം കാണാന്‍ ക്ഷണനം.

എല്ലിച്ചു് വയറുന്തിയ നഗ്നനായൊരു കുട്ടി കൈയിലൊരുപിടിപ്പൂക്കളുമായ് നില്‍ക്കുന്നു. ‘Welcome to Flower Show’ എന്നതില്‍ എഴുതിയിരിക്കുന്നു. ക്ഷാമത്തിന്റെ എല്ലിച്ച രൂപം എത്യോപ്യയില്‍നിന്നും ഇന്ത്യയിലേക്കു് നടക്കുന്നു. ചുവട്ടില്‍ എത്യോപിയില്‍നിന്നു് ഇന്ത്യയിലേക്കുള്ള ദൂരം നന്നേ കുറവാണു് സുഹൃത്തേ എന്ന കുറിപ്പു്. ഒരു ഒഴിഞ്ഞ ചാരുകസേര — ഒന്നും ചെയ്യാനില്ലാത്തതു് കൊണ്ടാണോ ഈ ഫ്ളവര്‍ഷോ എന്നു ചോദ്യം.

മറൈന്‍ ഡ്രൈവില്‍ കൂററന്‍ കേണ്‍ക്രീററ് മോണ്‍സ്റ്ററിന്റെ മുന്നില്‍ ഒരച്ഛനും മകനും. അച്ഛന്‍ മകനോടു് പറയുന്നു — “ഉണ്ണീ, ഇതിനപ്പുറത്താണു് കായല്‍. അച്ഛന്‍ പണ്ടു്, വളരെ പണ്ടിതു് കണ്ടിട്ടുണ്ടു്.” മറ്റൊരു പോസ്റ്ററില്‍ ഇന്ത്യയിൽ പട്ടിണിയില്ല എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന. തൊട്ടപ്പുറത്തു് ഒമ്പതു വരണ്ട സംസ്ഥാനങ്ങളിലേയും പട്ടിണിയുടെ കണക്കുകള്‍. ഒരു കുരിശിന്റെ നടുക്കു് കുഞ്ഞിനെ ഏന്തിയ അമ്മ — പട്ടിണിക്കോലങ്ങള്‍. ചുവട്ടില്‍സുഖഭോഗവസ്തുക്കളുടെ കൊളാഴ് — ‘ഇക്കാണുന്നതൊക്കെ നിനക്കാണു് കുഞ്ഞേ. കൊച്ചിയില്‍ പണിയാനുദ്ദേശിക്കുന്ന രക്തസാക്ഷിമണ്ഡ‍പത്തിന്റെ മുകളില്‍ ഗാന്ധി തലയ്ക്കു് കൈകൊടുത്തു് കുത്തിയിരിക്കുന്നു. താഴെ സ്ഥലത്തെ പ്രധാനദിവ്യന്മാര്‍ നോക്കി നില്‍ക്കുന്നു. ‘രക്തസാക്ഷികളെ നമുക്കു് മുകളിലൊതുക്കാം. പിന്നെ ശല്യപ്പെടുത്തൂല്ലല്ലോ’ എന്നു് അവര്‍ പറയുന്നു. കൊച്ചിയുടെ അടിയന്തരാവശ്യം രക്തസാക്ഷിമണ്ഡപം! എന്ന കുറിപ്പും.

നമ്മുടെ ഇന്ത്യ എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ ദാരിദ്ര്യത്തിന്റെ ചിത്രങ്ങള്‍. വലിയൊരു കൊതുക് ഒരു മനുഷ്യനെ ആക്രമിക്കുന്ന ചിത്രം. ഒരു ഡ്രെയിനേജ് പൈപ്പില്‍നിന്നും ഒഴുകിവരുന്ന മാലിന്യങ്ങള്‍. നമ്മുടെ ഡ്രെയിനേജ് പദ്ധതി തുരങ്കംവച്ചതാരു് എന്ന ചോദ്യം. പുകപുരണ്ട നഗരം, നഗരമദ്ധ്യത്തിലെ കെട്ടിടപ്പണി. എല്ലും തോലുമായുള്ള കുട്ടികളുടെ പടങ്ങള്‍ — ഹായ്. ഇവര്‍ക്കായൊരു ഫ്ളവര്‍ഷോ എന്ന കുറിപ്പും.

ഫോട്ടോഗ്രാഫുകള്‍ — പിഴുതിട്ടിരിക്കുന്ന മരം, നഗരത്തിലെ കാര്‍ണിവല്‍. ഗാന്ധിത്തൊപ്പി ധരിച്ചവരുടെ പിറകില്‍ ഒരു ഭിക്ഷക്കാരിയും കുഞ്ഞും കിടന്നുറങ്ങുന്ന ഒരു റിപ്പബ്ളിക് ദിനദൃശ്യം. പിന്നെ നഗരത്തിന്റെ വിവിധ ദൃശ്യങ്ങള്‍.

ഈ പോസ്റ്ററുകള്‍ കണ്ടു് നില്ക്കുമ്പോഴും, വലിയൊരു കൊതുക് വന്നു് വയററിക്കടിക്കുന്നു, ചെറിയൊരു കൊതുക് വന്നു് ചെകിട്ടീ കടിക്കുന്നു, മുതുക്കന്‍ കൊതുകുവന്നു് മുതുകീ കടിക്കുന്നു. നേരാണു് ഇവിടത്തെ കൊതുകുപോലെ ഒരിടത്തും കൊതുകില്ല.

എക്സിബിഷനില്‍ പ്രൈവററ്ബസ്സുകളുടെ മരണപ്പാച്ചിലിനെ കുറിച്ചവര്‍ പറഞ്ഞിരുന്നു. പ്രദര്‍ശനം തീര്‍ന്നടുത്തനാള്‍ ഒരു പ്രൈവററ് ബസ്സിന്റെ ഓവര്‍സ്പീഡ് നഗരത്തില്‍ രണ്ടു മനുഷ്യരെ കൊന്നു. മൂന്നാംനാള്‍ മറ്റൊരു പ്രൈവററ് ബസ്സിന്റെ മത്സരഓട്ടം ഒരു മനുഷ്യനെക്കൂടി കൊന്നു.

ധാര്‍മ്മികരോഷത്തിന്റെ നിറമോ പകയുടെ താളമോ അല്ല ഈ പോസ്റ്ററുടേതു്. നോവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെയും, ഇടയ്ക്കിടെ കറുത്ത പരിഹാസങ്ങളുടെയും, ചങ്കില്‍ തറയ്ക്കന്ന കണക്കുകളുടെയും പോസ്റ്ററുകള്‍.

ഒരു ചിത്രകാരന്‍പോലും ഈ പോസ്റ്ററുകളില്‍ ഒപ്പിട്ടിട്ടില്ല. ആരാണു് ചിത്രങ്ങള്‍ വരച്ചതെന്ന് കാണിക്കാറില്ല. ഫോട്ടോഗ്രാഫുകള്‍ ആരെടുത്തതാണെന്നു് എഴുതിയിട്ടില്ല. ഇതിന്റെ കെയറോഫില്‍ പത്രത്തില്‍ പടവും പേരും വരാനല്ല ഇവര്‍ ഈ എക്സിബിഷന്‍ സംഘടിപ്പിച്ചതു്. ഇതിന്റെ പ്രവര്‍ത്തകരുടെ പേരുകള്‍പോലും നാട്ടാര്‍ക്കറിയില്ല.

എന്തിനു്, ചിത്രങ്ങളില്‍ നിങ്ങള്‍ എന്നല്ല, നാം എന്ന വാക്കാണു് കണ്ടതു്. കൂട്ടായ ഉത്തരവാദിത്വത്തെ കുറിച്ചുള്ള ബോധം. നമുക്ക് പ്രതികരിക്കാമെന്ന ആശയം. പൂക്കളെയും പ്രകൃതിയെയും സ്നേഹിക്കുന്നവരുടെ സഭ്യമായ പ്രതിഷേധം.

* * *

പതിനായിരം പേരെങ്കിലും ഈ അഞ്ചുദിവസങ്ങളിലായി പോസ്റ്റര്‍ പ്രദര്‍ശനം കണ്ടുകാണും. രണ്ടായിരത്തിലേറെ പേരെങ്കിലും കടലാസ്സു കമ്പിളിലേക്കു് കറന്‍സി നോട്ടുകളോ, ചില്ലറ നാണയങ്ങളോനല്കിക്കാണും. പത്തു പൈസ മുതല്‍ മുപ്പതു രൂപവരെ നല്കിയവരുണ്ടു്.

“നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ” എന്നു തുടങ്ങി. ‘You have done a good job’ എന്നു പറഞ്ഞവര്‍വരെയുണ്ടായിരുന്നു. ഒരു പക്ഷേ റോഡിന്റെ ആവേശം ചേര്‍ന്നു് ഒററയ്ക്കു നടന്നുപോയ സ്ത്രീകള്‍ മാത്രമാവും ഈ പ്രദര്‍ശനം കാണാന്‍ നില്ക്കാത്തതു്.

സ്ഥിരമായി ഇടപ്പടങ്ങള്‍ കാണുന്ന ഒരു ഫാക്ടറി ജീവനക്കാരന്‍ മൂന്നു കുറി പോസ്റ്റര്‍ പ്രദര്‍ശനം കണ്ടു. ചുമട്ടുതൊഴിലാളി മുതല്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍വരെ ഏറെ സമയം ഇവിടെ ചെലവഴിച്ചു. ആസ്ട്രേലിയൻ ദമ്പതികള്‍ പറഞ്ഞു — പിക്ചര്‍ കാര്‍ഡുകളിലും, ടൂറിസ്റ്റ്കേന്ദ്രങ്ങളിലും കാണുന്ന ഇന്ത്യയല്ല ഇതു്. ഇതാണു് യഥാര്‍ത്ഥ ഇന്ത്യ. ഞങ്ങള്‍ ഫ്ളവര്‍ഷോ കാണാന്‍ വന്നതാണു്. ഇനി അതു കാണുന്നില്ല.”

ഒരു മദ്ധ്യവയസ്കന്‍ ഇതിന്റെ പ്രവര്‍ത്തകരോടു് പറഞ്ഞു — “വലത്തേകണ്ണു് നഷ്ടപ്പെട്ട കുതിയെപ്പാലെയാണു് നിങ്ങള്‍ കാണുന്നതു്. ഇത് ഇടതുപക്ഷ ചായ്‌വുള്ള ഒരു എക്സിബിഷനാണു്” ഒരു കുട്ടി, ഇടതുപക്ഷ ബുദ്ധിജീവി പറഞ്ഞു — “ഇതിനൊന്നും സമയമായിട്ടില്ല.” രണ്ടു് പോലീസുകാര്‍ തമ്മില്‍ പറഞ്ഞു: “നന്നായി. സത്യത്തില്‍ ഇതൊന്നും പോര.” ഒരു വയസ്സന്‍ ധാര്‍മമികരോഷം കൊണ്ടു — “ഇതൊന്നും ഇങ്ങനെ പബ്ലിക്കായി ചര്‍ച്ച ചെയ്യാനുള്ളതല്ല.” കേട്ടുനിന്ന ഒരാള്‍ മറുപടി പറഞ്ഞു. “അതെയതെ. ക്ലോസ്ഡ് ഡോര്‍ സെഷന്‍സാണു് നമ്മളെ ഈ പരുവത്തിലാക്കിയതു്.”

ഈ എക്സിബിഷന്റെ ഫോട്ടോഗ്രാഫുകള്‍ നാട്ടില്‍ക്കൊണ്ടു കാണിക്കും എന്നു പറഞ്ഞ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിററി പ്രൊഫസര്‍, ഏറെ നേരമെടുത്തു് ഓരോ ചിത്രങ്ങളും മനസ്സിലാക്കാന്‍ ശ്രമിച്ച ഞങ്ങള്‍ ഫ്ളവര്‍ഷോ കണ്ടില്ല. പോസ്റ്റര്‍വാര്‍ മാത്രമേ കണ്ടുള്ളു എന്നു പറഞ്ഞ രണ്ടു വിദേശീയര്‍. അസ്സലായി എന്നു പറഞ്ഞൊരു ഗാന്ധിയന്‍, ഉഗ്രന്‍ എന്നു പറഞ്ഞ ആട്ടോറിക്കാഡ്രൈവര്‍, ഞങ്ങള്‍ക്കിതു് ചെയ്യാനൊത്തില്ലല്ലോ എന്ന പറഞ്ഞ ഒരു മുപ്പതു വയസ്സുകാരന്‍, ഇത് കാണാനും ആളുണ്ടല്ലോ എന്ന് പുച്ഛിച്ച സില്‍ക്ക് സാരിയുടുത്ത സ്ത്രീ, ഫ്ളവര്‍ഷോയ്ക്കു വന്ന കുടുംബത്തിനു് കാറിന്റെ ഡോറ് തുറന്നുകൊടുത്തു് പിന്നെ വണ്ടി ലോക്ക് ചേയ്തു് പോസ്റ്റര്‍ പ്രദര്‍ശനത്തിനുവന്ന ഡ്രൈവര്‍, അച്ഛാ, വലിയൊരു കൊതുക് എന്നു പറയുന്ന കുട്ടി —

മന്തുകാലുള്ളൊരു മനുഷ്യന്‍ കാലു് ഏന്തിവലിച്ചു നടന്നു് ചിത്രങ്ങള്‍കണ്ടു. വലിയ വൃത്തികെട്ടൊരു മന്തുകാലും, കുറെ ചിതറിയ ചെടിച്ചട്ടികളും, ‘21-ാം നൂററാണ്ടിലേക്കുള്ള കൊച്ചിയുടെ കാല്‍വയ്പു്’ എന്ന കുറിപ്പും കണ്ടു് അയാള്‍ അവിടെ കുറെനേരംനിന്നും. പിന്നീടു് ജൂബ്ബയുടെ പോക്കററില്‍ കൈയിട്ട് കിട്ടിയ കുറെ നാണയങ്ങള്‍ ഇതിന്റെ പ്രവര്‍ത്തകരെ വിളിച്ചു കൊടുത്തു.

ഇരുപതു വയസ്സിനു താഴെ മാത്രം പ്രായമുള്ള ഇതിന്റെ പ്രവര്‍ത്തകര്‍ ഈ ദിവസങ്ങളത്രയും നിരത്തിലെ വെയിലു മുഴുവൻ കൊണ്ടു. സന്ധ്യയ്ക്ക്, ഒരു നൂററാണ്ടിലേറെ പ്രായമുള്ള മഹാരാജാസ് കോളേജിന്റെ മുന്നില്‍ ‘വേണ്ടത്ര തെരുവുവിളക്കുകളില്ലാത്ത ഈ നഗരത്തില്‍ നമുക്കു് മണ്‍ചെരാതുകളെ ആശ്രയിക്കാം’ എന്നെഴുതിവച്ചു്, മണ്‍ചെരാതുകള്‍ കൊളുത്തി, പോസ്റ്ററുകളില്‍ വെട്ടംവീഴ്ത്തി. രാത്രി, പോസ്റ്ററുകള്‍ ആട്ടോറിക്ഷയില്‍ കയററി ഭദ്രമായൊരു സ്ഥലത്തു് കൊണ്ടുവച്ചു. വീടുകളിലേക്കു് മടങ്ങി. വീ​ണ്ടും പുലര്‍ച്ചയ്ക്കിറങ്ങി.

നിരോധിക്കപ്പെടേണ്ട മരുന്നുകളുടെ ലിസ്ററ് അവര്‍ എന്നും വിതരണം ചെയ്തു.

* * *

ഏറാന്‍ മൂളാന്‍ മാത്രം പഠിച്ചവര്‍ക്കും, ഓരോ കമ്മിററികളിലും, സബ്കമ്മിററികളിലും അംഗങ്ങളാവാന്‍ പാടുപെടുന്നവര്‍ക്കും, രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ക്കും, എന്തിനും എന്നും നട്ടെല്ലു വളച്ച് കൊടുക്കുന്നവര്‍ക്കും ഈ എക്സിബിഷന്റെ പൊരുള്‍ കിട്ടില്ല. പൂന്തോട്ടത്തില്‍ തോട്ടക്കാര്‍ നട്ടു നനച്ചുവളര്‍ത്തിയ ചെടികള്‍ സ്വന്തം പേരില്‍ പ്രദര്‍ശിപ്പക്കുന്നവര്‍ക്കും, ഉറക്കം നടിക്കുന്ന ഭരണാധികാരികള്‍ക്കും പോസ്റ്റര്‍ എക്സിബിഷന്റെ സന്ദേശം മനസ്സിലാവില്ല.

പണിയെടുത്ത തോട്ടക്കാരന്റെ പേരില്‍ പൂക്കള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കു് വിയോജന പോസ്റററുകളുടെ സത്ത അംഗീകരിക്കാനാവും. കൊതുകുകടി കൊള്ളുന്ന, നാററം സഹിക്കുന്ന, അത്യാവശ്യം പ്രാഥമിക കര്‍മ്മങ്ങള്‍ക്കായി ഏതെങ്കിലും ഹോട്ടലിലേക്കു് ഓടിക്കയറുന്ന സാധാരണക്കാരനു്, ഈ പോസ്റ്ററുകള്‍ മനസ്സിലാവും. കൊച്ചിയുടെ എല്ലാ മലിനീകരണങ്ങള്‍ക്കുമിരയാകുന്ന ശരാശരിക്കാരുടെ മനസ്സില്‍ ചിത്രങ്ങള്‍ തറച്ചുനില്‍ക്കും. അവര്‍ പ്രതികരിക്കുമോ എന്നതു മറ്റൊരു കാര്യം.

പോസ്റ്റര്‍ പ്രദര്‍ശനത്തില്‍ അധികാരികള്‍ എന്തെങ്കിലും ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ എത്ര നന്നായേനെ. നാവു നഷ്ടപ്പെട്ട, ഒച്ചയടഞ്ഞ ഈ നഗരത്തില്‍ സാധാരണ മനുഷ്യര്‍ പ്രതികരിച്ചെങ്കില്‍ എന്തു നന്നായേനെ. ഇതൊന്നുമുണ്ടായില്ലെങ്കിലും, പുകയടിച്ച ഈ നഗരത്തില്‍, വ്യക്തവും ശക്തവുമായ ഒരു പ്രതിഷേധക്കുറിപ്പെങ്കിലുമുണ്ടായല്ലോ. അതിനു് ഇതിന്റെ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയാം.

പ്രദര്‍ശനത്തില്‍നിന്നും പിരിഞ്ഞുകിട്ടിയ തുക കൊച്ചിയുടെ ഏതെങ്കിലും അടിയന്തരാവശ്യത്തിനു് ഉപയോഗിക്കുമെന്നു് അവര്‍ പറഞ്ഞു. എങ്കില്‍ ഇതെഴുതി വിററു് കാശാക്കാനും എനിക്കവകാശമില്ലല്ലോ. ഈ റിപ്പോര്‍ട്ടിന്റെ പ്രതിഫലവും കൊച്ചിയുടെ നല്ല കാര്യത്തിനിരിക്കട്ടെ.