close
Sayahna Sayahna
Search

ഉയിര്‍ത്തെഴുന്നേല്പ്


ഉയിര്‍ത്തെഴുന്നേല്പ്
Sundar.jpg
സുന്ദര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1993 06 06
ലക്കം 925

ചിലപ്പോഴെങ്കിലും നാമൊക്കെ സ്വപ്ന കാണുന്ന ഒരു പുതിയ ലോകം. നിറയെ സൂര്യപ്രകാശവും തുറുന്നപിടിച്ച് കൈകളും, പിന്നെ അഹങ്കാരമില്ലാത്ത മനസ്സുകളും എല്ലാമായി ഒരു ലോകം. അതേ ലോകം സ്വപ്നം കാണുന്നതിനിടയില്‍ ഈ ലോകത്തിന്റെ യാതന ഒരു മണിക്കൂര്‍ നേരത്തേക്ക് നമുക്ക് മറക്കാനാവുമോ എന്ന് ആണിനോട് ചോദിക്കുന്ന ഒരു പെണ്ണ്.

കാലത്തിനും ദേശത്തിനുമപ്പുറത്ത് അടിസ്ഥാനപരമായ ധാര്‍മ്മികതയുടെ ഉറക്കം കെടുത്തുന്ന സങ്കീര്‍ണ്ണതകള്‍ക്കിടയില്‍ ഒരു സഫലമാവാത്ത പ്രേമകഥ. സ്നേഹിക്കപ്പെടാന്‍ അവകാശമില്ലാത്ത മനുഷ്യരുടെ വേദന, ലോകത്തിന്റെ മുഴുവന്‍ അനീതിയും വേദനയും ചുമലിലേന്തുന്ന നീതിമാന്മാരുടെ വല്ലാത്ത ദിനരാത്രങ്ങള്‍, സ്നേഹം, കാരുണ്യം, വെറുപ്പ്, പക, വിശക്കുന്ന കുട്ടികള്‍… തുറുങ്കിലേക്കും കഴുകുമരത്തിലേക്കും നയിക്കപ്പെട്ട മുതിര്‍ന്ന ജീവിതങ്ങള്‍.

ക്യാമുവിന്റെ ഒരു നാടകം ടെലിഫിലിമാക്കാന്‍ സ്വാഭാവികമായും നല്ല ചങ്കൂററം വേണം. അതിലേറെ, നിരവധി തലങ്ങളുള്ള ഒരു ക്യാമുകൃതി നമ്മെ ഏറെക്കാലത്തേക്ക് വേട്ടയാടുന്ന ഒരനുഭവമാക്കി മാററാന്‍ ഉദാത്തമായ ചിന്താശക്തിയും കറകളഞ്ഞ പ്രതിഭയും വേണം.

ആല്‍ബേര്‍ ക്യാമുവിന്റെ നീതിമാന്മാര്‍ എന്ന നാടകത്തിന്റെ സ്വതന്ത്രാവിഷ്കരണമായ ഉയിര്‍ത്തെഴുന്നേല്പ് എന്ന ടെലിഫിലിമിലൂടെ തീക്ഷ്ണവും തീവ്രവുമായ ഒരു ചലച്ചിത്രമാണ് കേരളീയര്‍ക്ക് നല്‍കിയിരിക്കുന്നത്. അതും ദൂരദര്‍ശനിലൂടെ.

കാമ്പില്ലാത്തവ മാത്രമേ ഈ ഒഫീഷ്യല്‍ മാദ്ധ്യമത്തിലൂടെ സംപ്രേക്ഷണം ചെയ്യാനാവു എന്നും, അതാണ് ജനങ്ങള്‍ക്ക് വേണ്ടത് എന്നുള്ള ആസ്ഥാന ധാരണകളാണ് ഈ ഒരൊററ ടെലിഫിലിം മാററിമറിച്ചത്.

എനിക്കറിയാം. ആല്‍ബേര്‍ ക്യാമുവിനെ കേട്ടിട്ടില്ലാത്തവര്‍, ഫിലിം ക്ളാസിക്കുകള്‍ കാണാന്‍ തരംകിട്ടാത്തവര്‍, എന്നും ദൂര്‍ദര്‍ശന്‍ മസാലകള്‍ കാണുന്നവര്‍, തൊഴിലാളികള്‍, ഓഫീസ് ജീവനക്കാര്‍, കച്ചവടക്കാര്‍… അവരില്‍ പലരും നടുങ്ങി. പൊടുന്നനവേ, ഉള്ളിന്റെയുള്ളില്‍ പ്രകാശനം സാദ്ധ്യമാവാതെ ഉറങ്ങിക്കിടന്നിരുന്ന വികാരങ്ങളുടെയും വിചാരങ്ങളുടെയും സാന്നിദ്ധ്യമറിഞ്ഞു. അരുണ, ഹരി, സ്ററീഫന്‍, നാരായണേട്ടന്‍ എന്നീ കഥാപാത്രങ്ങള്‍ ഉററവരും ഉടയവരുമായി. ഒരു നാടിന്റെ ഉറങ്ങിക്കിടന്ന സെന്‍സിബിലിററിക്ക് പൊടുന്നനവേ ചിറക് മുളച്ചതുപോലെ.

സ്വാതന്ത്ര്യസമരത്തിന്റെ ചൂരറിഞ്ഞവര്‍, അവശേഷിക്കുന്ന ഗാന്ധിയന്മാര്‍, ‌പഴയ കമ്മ്യൂണിസ്റ്റുകാര്‍, പിന്നത്തെ തീവ്രവാദികള്‍, വഴികള്‍ മാറി നടന്നവര്‍, അമ്മമാര്‍, കാമുകിമാര്‍, കുട്ടികള്‍. ഇവരുടെയൊക്കെ സ്വാകാര്യജിവിതത്തിന്റെ ഏതെ്ക്കെയോ അറകളില്‍ ചലനമുണ്ടായി. ഈ ചലച്ചിത്രം കാണുന്ന നേരത്തെങ്കിലും അവര്‍ ധാര്‍മ്മികമോ, ദാര്‍ശനികമോ, വൈകാരികമോ, അല്ലെങ്കില്‍ ഇവയൊക്കെ മാറിമാറിവരുന്ന ഒരവസ്ഥയിലോ എത്തിപ്പെട്ടു. ഇററ് വാസ് എ വിയേഡ് എക്സ്പീരിയന്‍സ്. ചെവിക്കുള്ളില്‍ എന്തോ മുഴങ്ങുന്നു. ഒരു കുട്ടി പറഞ്ഞു. സ്നേഹിക്കാന്‍ വേണ്ടി ഞാന്‍ മറന്ന അനീതികള്‍ ഓര്‍മ്മ വരുന്നു. ഒരാള്‍ പറഞ്ഞു. ആനന്ദ് പട‌്‌വര്‍ധന്റെ ബോംബെ ഹമാരാ ശെഹറിനും ആററന്‍ബറോയുടെ ക്രൈ ഫ്രീഡത്തിനും ശേഷം ഞാന്‍ കണ്ട ഏററവും ശക്തമായ ചിത്രം, മറ്റൊരാള്‍ പറഞ്ഞു. സി. ആര്‍. പരമേശ്വരന്റെ പ്രകൃതിനിയമത്തിന്റെ അതേ തീക്ഷ്ണത — വേറെയൊരാള്‍.

ഹോസ്പിററലുകളില്‍, വായനശാലകളില്‍, പണിയിടങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്പ് ചര്‍ച്ചാവിഷയമായി. ദൂര്‍ദര്‍ശന്‍ കേന്ദ്രത്തിലേക്ക് ധാരാളം പ്രേക്ഷകരുടെ കത്തുകളെത്തി.

ക്യാമുവിന്റെ അത്രയേറെ അറിയപ്പെടാത്ത നാടകമാണ് 1954–ല്‍ എഴുതിയ നീതിമാന്മാര്‍. 1905–ല്‍ റഷ്യയില്‍ ഒന്നാം വിപ്ലവത്തിന്റെ വിഫലതയ്ക്കുശേഷം ഭരണകൂടം അഴിച്ചുവിട്ട ഭീകരത. അതിനെതിരെ പിറവിയെടുത്ത കോര്‍ഡേ റെസിസ്ററന്‍സ് എന്ന ഗ്രൂപ്പ് അധികാരത്തിന്റെ പ്രതിനിധികളെ തിരഞ്ഞുപിടിച്ച് കൊന്നു. ചക്രവര്‍ത്തിയുടെ മാതുലനെ അവര്‍ വധിക്കാന്‍ ശ്രമിച്ചതും, പിന്നെ വധിച്ചതും, ചോരയുടെ മണമുള്ള കുറിപ്പുകളുടെ അടിസ്ഥാനത്തില്‍ ക്യാമു നാടകമാക്കി. ക്യാമു ഈ നാടകമെഴുതിയ കാലഘട്ടവും, അടിസ്ഥാനവുമാവട്ടെ സ്റ്റാലിനിസത്തിനെതിരെയും. ഒരു പ്രവാചകന്റെ കരുത്തോടെ, “വെറും നീതിമാന്മാര്‍” അധികാരം കയ്യാളുമ്പോള്‍ സംഭവിക്കാവുന്ന വിപത്തുകള്‍ ക്യാമു ശക്തമായി കാട്ടിത്തന്നു. അതോടൊപ്പം തന്നെ സ്വയം തീര്‍ത്ത തടവറകളില്‍, സ്വാതന്ത്ര്യം സ്വപ്നം കാണാന്‍ കഴിയാത്ത മനുഷ്യദുരന്തവും. അതുകൊൻടുതന്നെ ഒരര്‍ത്ഥത്തില്‍ ഇതൊരു പൊളിററിക്കല്‍ കൃതിയല്ല. മറ്റൊരര്‍ത്ഥത്തില്‍ ഒരു പൊളിററിക്കല്‍ കൃതിയാണുതാനും. തീക്ഷ്ണമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കിടയില്‍ ഒരു എക്‌സിസ്റ്റന്‍ഷ്യല്‍ സ്റ്റേററ്മെന്റ്.

നന്മ നിറഞ്ഞ ഒരു മനുഷ്യന്റെ ഉടമയ്ക്കു മാത്രമേ നീതിമാന്മാരുടെ ആത്മസംഘര്‍ഷങ്ങള്‍ മറ്റൊരു ദൃശ്യ മാദ്ധ്യമത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തോന്നൂ. അസാമാന്യ സിദ്ധിയുണ്ടെങ്കിലേ അതില്‍ വിജയിക്കാനുമാവൂ. ജനങ്ങളെ സ്നേഹിക്കുന്ന ഒരാള്‍, അവരോട് സംവേദനം നടത്തണമെന്ന തീക്ഷ്ണമായ മോഹമുള്ള ഒരാള്‍, പരീക്ഷണങ്ങളെ ഒരു വിളിപ്പാടകലെ മാററിനിറുത്തുന്ന ഒരാള്‍, സൃഷ്ടിയില്‍ എള്ളോളംപോലും കോംപ്രമൈസിന് തയ്യാറല്ലാത്ത ഒരാള്‍. അത്തരമൊരാളാണ് ശ്യാമപ്രസാദ്. അതു കൊണ്ടാവാം ആറു വര്‍ഷങ്ങള്‍ക്കുമുമ്പ് മേസ്കോ 1906 എന്ന പേരില്‍ നാടകമായി അവതരിപ്പിച്ച അതേ ടീമംഗങ്ങള്‍ തന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ പങ്കാളികളായതും. ഇന്‍റിമേററായ ഒരു ട്രൂപ്പിന്റെ വിജയം. വര്‍ഷങ്ങള്‍ ചോ‌ര്‍ത്തിക്കളയാത്തെ സൌഹൃദത്തിന്റെയും, കമ്മ്യൂണിക്കേഷന്റെയും മിഴിവും.

നല്ല നാളെ സ്വപ്നം കണ്ടിരുന്ന കാലഘട്ടത്തിലും അനീതികള്‍ നിറഞ്ഞ വ്യവസ്ഥിതി ഉടച്ച് മാറ്റേണ്ടതാണെന്ന വിശ്വാസത്തിന്റെ കാലഘട്ടത്തിലും, കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയിലും ഈ ക്യാമു ദര്‍ശനം പ്രസക്തമായി. നോവോടെയാണെങ്കിലും കമ്മ്യൂണിസത്തിന് ചരമക്കുറിപ്പുകള്‍ എഴുതപ്പെടും നേരത്ത്, പോസ്ററ് റഷ്യന്‍ കാലഘട്ടത്തില്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന വിശ്വാസങ്ങളും ആശയ സംഘട്ടനങ്ങളും കൊലപാതകങ്ങളിലെ ശരിതെററുകള്‍, പ്രസ്ഥാനങ്ങളിലെ ഗ്രൂപ്പ് സംഘര്‍ഷങ്ങള്‍, എവിടെയും സ്നേഹത്തിനായി കേഴുന്ന മനസ്സുകള്‍. നിരന്തരം വേട്ടയാടുന്ന ധാര്‍മ്മികതയുടെ സമസ്യകള്‍ക്കിടയില്‍ ശ്യാമപ്രസാദ് എന്ന മനുഷ്യന്‍ ശക്തനായ ഒരു കലാകാരനെപ്പോലെ ഈ ടെലിഫിലിമിലൂടെ കാണികളെ ഉലയ്ക്കുന്നു. അസ്വസ്ഥരാക്കുന്നു, ചുററുമുള്ള യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചോര്‍മ്മിപ്പിക്കുന്നു. സ്നേഹത്തിന്റെ പച്ചപ്പ് കാട്ടിത്തരുന്നു. തീര്‍ച്ചയായും അദ്ദേഹത്തിന് അഭിമാനിക്കാം.

എല്ലാ കഷ്ടതകളെയും തീര്‍ക്കുന്നതാണ് വിപ്ലവം, എല്ലാ വ്യസനങ്ങളെയും — ഇന്നത്തേം, നാളത്തേം എന്നുറക്കെ വിശ്വസിക്കുന്ന, പുറമേ പരുക്കനായ സ്റ്റീഫന്‍. പേരറിയാത്ത ഒരു സ്വപ്നത്തിനു വേണ്ടി ജീവിച്ചിരിക്കുന്ന മനുഷ്യന്റെ മുഖത്തിടിക്കാന്‍ വയ്യാത്ത, കവിയുടെ മനസ്സുള്ള ഹരി. കഴുകുമരത്തിലേററപ്പെട്ടതോടെ താന്‍ സ്നേഹിക്കുന്ന അവന്‍, ഒരു കൊലപാതകിയല്ല, നിലത്ത് വീണമര്‍ന്ന ഒരു ശബ്ദം മാത്രമാ എന്ന് വിശ്വസിക്കുന്ന അരുണ, വിഫലമായ വധശ്രമത്തിന് ശേഷം, പതറിപ്പോവുന്ന ജമാല്‍, സംഘാംഗങ്ങളുടെ ശരിയിലും തെറ്റിലും അവരോടൊപ്പം നില്‍ക്കുന്ന നാരായണേട്ടന്‍. ഒക്കെ നമ്മളറിയുന്ന മനുഷ്യര്‍. അല്‍ബേനിയയിലോ, ഇന്ത്യയിലോ, പാപ്പിനിശ്ശേരിയിലോ ഒക്കെയുണ്ടാവാനിടയുള്ള മനുഷ്യര്‍. ഒരു ഫ്രഞ്ച് നാടകത്തിന്റെ ആവിഷ്കരമാണിതെന്ന് ഉയിര്‍ത്തെഴുന്നേല്പ് കണ്ട മനുഷ്യര്‍ക്ക് തോന്നിയില്ല എന്നത് എന്തൊരു വിജയമാണ്. ക്യാമുവിന്റെ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട രീതിതന്നെയാണ് ഇതിന് കാരണവും. നീതിക്കും നിരാശയ്ക്കുമിടയ്ക്ക് ഉള്ളില്‍ ദൈവത്തെ കൊണ്ടുനടക്കന്നവരും, ഉള്ളില്‍ ദൈവത്തിനായി ലേശം പോലും ഇടമില്ലാത്ത ഒരാളും.

കഴുകുമരത്തിലേക്ക് നടക്കുന്നതിനിടയില്‍ എപ്പോഴോ കാലില്‍ പററിപ്പിടിച്ച ഒരു കഷണം ചെളി കളയാനായി അവന്‍ കാലൊന്നുയര്‍ത്തി ഇടഞ്ഞു. ഒരു കഷ്ണം ചെളി.

അരുണയ്ക്ക് തണുക്കുമ്പോള്‍ കാഴ്ചക്കാരന് തണുക്കുന്നു. ഹരി കഴുകിലേററപ്പെടുമ്പാള്‍ കാണിയുടെ ഉളള് പിടയുന്നു. ഒരു നിമിഷത്തേക്ക് സ്റ്റീഫന്റെ ശരീരത്തിലെ ചാട്ടയടിപ്പാടും മുറിവും കാണുമ്പോള്‍ വേദന തോന്നുന്നു. ആത്മഹത്യ ചെയ്ത ജമാലിനെയോര്‍ത്ത് മനസ്സ് വിങ്ങുന്നു.

പന്ത്രണ്ടു വയസ്സുകാരന്‍ ഉണ്ണി ചോദിക്കുന്നു — അച്ഛാ ഒരു ചീഫിനെ കൊന്നിട്ടവര്‍ എന്ത് നേടാന്‍? ഒരായിരം ചീഫുകള്‍ പിറകെ വരില്ലേ?‍ ഉണ്ണിയുടെ അച്ഛന്‍ എന്തുത്തരം പറയാന്‍?

ഉത്തരമില്ലാത്ത ഒട്ടേറെ സമസ്യകള്‍ ഉയിര്‍ത്തെഴുന്നേററതിന് ദൂരദര്‍ശന്‍ അധികാരികള്‍ അഭിനന്ദമര്‍ഹിക്കുന്നു. ദൂരദര്‍ശന്റെ തിരുവനന്തപുരം കേന്ദ്രത്തില്‍ നിന്നുമിറങ്ങിയ ഏററവും തീക്ഷ്ണവും ആര്‍ദ്രവുമായ ഒരു കൃതി. തീര്‍ച്ചയായും നാഷണല്‍ നെററ്‌വര്‍ക്കില്‍ പ്രദര്‍ശിപ്പിക്കേണ്ട ഒരു സൃഷ്ടി.