close
Sayahna Sayahna
Search

ഉറങ്ങുന്ന സര്‍പ്പങ്ങള്‍ 05


ഉറങ്ങുന്ന സര്‍പ്പങ്ങള്‍ 05
EHK Novel 01.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ഉറങ്ങുന്ന സര്‍പ്പങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 41

മനോഹരൻ ഓർത്തു. ഒരു പാർസി കുടുംബത്തെപ്പറ്റി സീമ പറഞ്ഞിരുന്നു.

പാർസികൾ വളരെ മതവിശ്വാസികളാണ്. സീമ പറയാറുണ്ട്. എന്തും അവർക്ക് ദൈവം സൂക്ഷിക്കാൻ കൊടുത്ത മുതലായിട്ടാണവർ കരുതുന്നത്. തിരിച്ചേൽപ്പിക്കപ്പെടേണ്ട മുതൽ. അതു കാരണം ഒരു മാതിരി ട്രസ്റ്റുകളിലെല്ലാം നമുക്ക് പാർസികളെ കാണാം. എനിക്ക് ഒരു പാർസി കുടുംബത്തെ അറിയാം. എന്നെ സ്വന്തം മകളെപ്പോലെയാണ് അവർ കരുതുന്നത്.

മനോഹരൻ ഓർത്തു. താൻ ഒരിക്കലും സീമയുടെ പരിചയക്കാരെയോ സ്‌നേഹിതരെയോ പരിചയപ്പെടാൻ ശ്രമിച്ചിരുന്നില്ല. അവരെപ്പറ്റി കൂടുതലറിയാൻ ആഗ്രഹിച്ചിരുന്നതുമില്ല. ഊർമ്മിളയെപ്പറ്റി അയാൾ മനസ്സി ലാക്കിയിരുന്നു. പക്ഷെ അവളുമായി പരിചയപ്പെടാൻ അയാൾ ശ്രമിച്ചിരുന്നില്ല. സീമ അയാളുടെ ഒരു സ്വകാര്യസ്വത്തായിരുന്നു. അവർ തമ്മിലുള്ള ബന്ധവും അവരുടെ മാത്രം സ്വകാര്യമായിരുന്നു. അവർ രണ്ടുപേരും വളരെയധികം അന്യോന്യം ഉടമസ്ഥതാബോധമുള്ളവരായിരുന്നു.

ഒരിക്കൽ അവൾ അവളുടെ കുട്ടിക്കാലത്തെപ്പറ്റി വളരെയധികം സംസാരിച്ചു. അന്ന് അവളുടെ മൂഡ് അങ്ങിനെയായിരുന്നിരിക്കണം. അവളുടെ അമ്മ ജീവിച്ചിരിപ്പില്ലെന്നു പറഞ്ഞത് അന്നായിരുന്നു.

അമ്മ എപ്പോഴാണ് മരിച്ചത്?

മനോഹരൻ ചോദിച്ചു. അയാൾ ദിവാനിൽ കിടക്കുകയായിരുന്നു. അവൾ അയാളുടെ അടുത്ത് ഇരിക്കുകയും.

വളരെ മുമ്പെ മരിച്ചു. എനിക്ക് നേരിയ ഓർമ്മ മാത്രെള്ളു.

നിനക്ക് വ്യസനമൊന്നുമില്ലെ?

ഇല്ല.

അവളുടെ മുഖം നിർവ്വികാരമായിരുന്നു. അവൾക്ക് പെയിന്റ് ചെയ്യാൻ കഴിയാത്ത കാലങ്ങളിലാണ് അവളുടെ മുഖം ഇത്രയും വികാരശൂന്യമായി കാണാറ്. ആ കാലങ്ങളിൽ അവൾക്ക് ലൈംഗികമായും ആസക്തിയുണ്ടാകാറില്ല. അയാളുടെ ആശ്ലേഷത്തിലോ, ചുംബനങ്ങളിലോ അവൾ ഉത്തേജിതയാകാറില്ല. തന്റെ ചുംബനങ്ങൾ വളരെ നീണ്ടുപോകുന്ന സമയങ്ങളിൽ അവൾ പതുക്കെ അവളുടെ കൈ തന്റെ മാറിൽ അമർത്തി തന്നിൽ നിന്ന് വേർപെടും. കളിക്കാൻ വെമ്പുന്ന ഒരു ശിശു ഓമനിക്കപ്പെടുമ്പോൾ കുതറിയോടുന്ന പോലെയാണത്. പിന്നെ ചുണ്ടുകൾ ഇടത്തെ കൈകൊണ്ട് തുടച്ചുകൊണ്ട് അവൾ മന്ദഹസിക്കും.

അമ്മ മരിച്ചതിൽ വ്യസനമില്ലെന്നാണോ പറയുന്നത്?

അതെ. കാരണം അമ്മ സന്തോഷവതിയായിരുന്നില്ല. മരണം ഒരനുഗ്രഹമായിട്ടാണ് അവർക്കനുഭവപ്പെട്ടിട്ടു ണ്ടാവുക. അച്ഛൻ അമ്മയെ ഇഷ്ടപ്പെട്ടിരുന്നില്ല. വളരെയധികം ഉപദ്രവിക്കുകയും ചെയ്തിരുന്നു. അമ്മ വളരെ പാവമായിരുന്നു. അച്ഛൻ എന്തു ചെയ്താലും അമ്മ ഒന്നും പറയില്ല. അമ്മയെ അടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതെല്ലാം ഒരു പരാതിയും കൂടാതെ അമ്മ സഹിച്ചിരുന്നു.

സീമ അയാൾക്കഭിമുഖമായി കിടന്നു. അയാൾ അവളുടെ അരക്കെട്ടിൽ കൈവെച്ചു, അവളെ ആശ്വസിപ്പിക്കുന്ന മട്ടിൽ.

എനിക്കിപ്പോഴും ഓർമ്മയുണ്ട്. സീമ പറഞ്ഞു. ഒരു ദിവസം ഊണു കഴിക്കുമ്പോഴായിരുന്നു. അച്ഛന് അന്നത്തെ കറി തീരെ ഇഷ്ടപ്പെട്ടില്ല. ചീത്ത പറയാൻ തുടങ്ങി. ഹോട്ടലിൽ പോയി ഊണു കഴിക്കുകയാണ് ഇതിലും ഭേദം എന്നു പറഞ്ഞ് പുറപ്പെടാൻ തുടങ്ങി. അമ്മ പറഞ്ഞു പതിനഞ്ചു നിമിഷം കാത്തിരിക്കു. വേറെ കൂട്ടാൻ ഉണ്ടാക്കിത്തരാമെന്ന്. അതു കേട്ടപ്പോൾ അച്ഛന് കൂടുതൽ ദ്യേഷ്യമായി. മേശമേലുണ്ടായിരുന്ന കൂട്ടാന്റെ പാത്രമെടുത്ത് അമ്മയുടെ തലയിൽക്കൂടി ഒഴിച്ചു, പുറത്തിറങ്ങിപ്പോവുകയും ചെയ്തു. അമ്മ ഒരക്ഷരം മിണ്ടാതെ കുളിമുറിയിൽ പോയി കുളിച്ചു വന്ന് എനിക്ക് ചോറു വിളമ്പിത്തന്നു.

അമ്മ കരയാറില്ലെ? മനോഹരൻ ചോദിച്ചു.

അമ്മ വളരെയധികം കരഞ്ഞിരുന്നുവെന്ന് പിന്നീട് എനിയ്ക്കു മനസ്സിലായി. ആരും കാണാതെയാണ് അമ്മ കരഞ്ഞിരുന്നത്. കുളിമുറിയിൽ വെച്ചോ രാത്രി ഉറങ്ങുമ്പോഴോ. ആ കാലങ്ങളിൽ ഞാൻ അമ്മയുടെ ഒപ്പമാണ് കിടന്നിരുന്നത്. ചിലപ്പോൾ ഒരുറക്കം കഴിഞ്ഞുണരുമ്പോൾ അമ്മ കരയുകയായിരിക്കും. നിശ്ശബ്ദയായി. വളരെ ശ്രദ്ധിച്ചാലെ അമ്മയുടെ തേങ്ങലുകൾ കേൾക്കു. ഞാൻ പതുക്കെ അമ്മയെ വിളിക്കും. അമ്മ ഉടനെ തിരിഞ്ഞു കിടന്ന് എന്റെ മേൽ കൈകൊണ്ട് വരി ഞ്ഞ് ചോദിക്കും. മോൾക്കെ ന്താണ് വേണ്ടത്?

എന്തായിരുന്നു അമ്മയോട് അച്ഛനിത്ര വിരോധത്തിനു കാര ണം?

എനിക്കറിയില്ല. എസ്റ്റേറ്റിലാ യിരിക്കുമ്പോൾ ഇത്രയധികം വിരോധമുണ്ടായിരുന്നില്ല. അച്ഛൻ രാത്രി മിക്കവാറും വൈ കിയാണ് വന്നിരുന്നത്. അതിനെ പ്പറ്റി അമ്മ ഇടയ്ക്കിടയ്ക്ക് വഴക്കുണ്ടാക്കാറുണ്ടായിരുന്നു. വേറെയും ഒരു കാരണമുണ്ട്. അച്ഛന് എസ്റ്റേറ്റിലെ ഒരു ജോലി ക്കാരിയുമായി വേഴ്ച്ചയുണ്ടാ യിരുന്നത്രെ. ഒരു ആംഗ്ലോ ഇന്ത്യൻ സ്ത്രീ. രണ്ടു കുട്ടിക ളുടെ അമ്മയായിരുന്നു. എനി ക്കു കണ്ടതായ നേരിയ ഓർമ്മ മാത്രമെയുള്ളു. അച്ഛന്റെ റിട്ടയ റിംഗ് വയസ്സ് എത്തിയപ്പോൾ എക്സ്റ്റൻഷൻ കിട്ടു മെന്നാണ് കരുതിയിരുന്നത്. അതിനു വേ ണ്ടി ശ്രമിക്കുകയും ചെയ്തിരു ന്നു. പക്ഷെ അവസാന നിമിഷ ത്തിൽ അത് നിഷേ ധിക്കപ്പെടുക യാണുണ്ടായത്. അച്ഛന് ആ എസ്റ്റേറ്റ് വിട്ടു പോരാൻ തീരെ താൽപര്യമുണ്ടായിരുന്നില്ല. പക്ഷെ കമ്പനി ക്വാർട്ടേഴ്‌സ് ഒഴിഞ്ഞു കൊടു ക്കാതിരിക്കാൻ വയ്യ. അങ്ങിനെ നാട്ടിൽ വന്നു താമസമാക്കിയ മുതൽ തുടങ്ങിയതാണ് ഈ ശത്രുത. ഞാനിതെല്ലാം ചെറിയമ്മയിൽ നിന്നു മനസ്സിലാക്കിയതാണ്.

അമ്മ മരിക്കാൻ കാരണമെന്തായിരുന്നു?

അവൾ കുറച്ചു സമയത്തേക്ക് ഒന്നും പറയാതെ കിടന്നു. അവൾ ആലോചിക്കുകയായിരുന്നു. പിന്നീട് വളരെ സാവധാനത്തിൽ പറഞ്ഞു.

അമ്മയ്ക്ക് കാൻസർ ആയിരുന്നുവെന്നാണ് പറഞ്ഞത്. എന്നെ സംബന്ധിച്ചിടത്തോളം അമ്മ മരിച്ചത് അതിനു മുമ്പാണ്. ഒരു ദിവസം ഞാനും അമ്മയും അച്ഛുനും കൂടി എങ്ങോട്ടോ പോവുകയായിരുന്നു. കാറിലാണ് പോയിരുന്നത്. അച്ഛൻ റിട്ടയർ ചെയ്തിട്ടും ആ പഴയ വാഹനം കയ്യിൽ വെച്ചുകൊണ്ടിരുന്നു. വഴിക്കു വെച്ച് അച്ഛൻ അമ്മയെ ചീത്ത പറയാൻ തുടങ്ങി. കാരണമൊന്നും എനിക്കോർമ്മയില്ല. വഴക്കു മൂത്തു വളരെ കാര്യമായി. ഒന്നു രണ്ടു പ്രാവശ്യം അച്ഛൻ അമ്മയെ തല്ലി. ഞാൻ പിൻസീറ്റിൽ ഭയന്നരണ്ടു ചൂളിയിരുന്നു.

പിന്നീട് ഒരു തുറന്ന സ്ഥലത്തെത്തിയപ്പോൾ കാർ നിർത്തി, വാതിൽ തുറന്ന് അമ്മയോട് പുറത്ത് പോകാൻ പറഞ്ഞു. അമ്മ അനങ്ങാതിരുന്നപ്പോൾ അച്ഛൻ അമ്മയെ കാറിൽ നിന്ന് ഉന്തിത്തള്ളി പുറത്തിട്ടു. എനിക്കിപ്പോഴും ആ സ്ഥലം ഓർമ്മയുണ്ട്. അതൊരു കുന്നിൻ പ്രദേശമായിരുന്നു. നിരത്തിന്റെ ഒരു ഭാഗം താഴ്‌വരയും മറ്റേ ഭാഗം ഉയർച്ചയുമായിരുന്നു. കുന്നിൻ ചായ്‌വ് മരങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. കാറു നിർത്തിയ സ്ഥലത്ത് കുറെ പാറകളും ഒരാൽമരവും മാത്രമാണുണ്ടായിരുന്നത്. ആകാശം പാറകളിൽ വന്നു മുട്ടിനിന്നിരുന്നു. അമ്മ സാവധാനത്തിൽ നടന്ന്, പാറകളുടെയും അപ്പുറത്ത് ആകാശത്തിനു ചുവട്ടിൽ പോയി മറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളവും ഒരു പക്ഷെ അമ്മയെ സംബന്ധിച്ചിടത്തോളവും അമ്മയുടെ മരണം അന്നായിരുന്നു. അതിനു ശേഷം അമ്മയെ കണ്ടതായി ഓർമ്മയില്ല. എല്ലാവരും പറയുന്നത് അമ്മ ആസ്പത്രിയിൽ മൂന്നു മാസം കിടന്നിട്ടാണ് മരിച്ചതെന്നാണ്. എന്നെ ദിവസേന ആസ്പത്രിയിലേക്കു കൊണ്ടുപോയിരുന്നത്രെ. എനിക്ക് ഒട്ടും ഓർമ്മയില്ല. അദ്ഭുതമാണ്.

അവൾ പെട്ടെന്ന് നിശ്ശബ്ദയായി. അവളിൽ പഴയ നിസ്സംഗമനോഭാവം തിരിച്ചുവന്നു. അവൾ മനോഹരനോടു ചേർന്നുകിടന്നു. കൈകൾ തന്റെ കഴുത്തിൽ ചലനമറ്റു കിടന്നു. അവൾ അർത്ഥശൂന്യമായി തന്നെ നോക്കുക യായിരുന്നു. തനിക്ക് അപ്രാപ്യമായ തലങ്ങളിൽ. തന്റെ ആശ്ലേഷത്തിൽ കിടക്കുകയാണെങ്കിലും അവൾ തനിക്കപ്രാപ്യയായിരുന്നു.

അതയാളെ നിരാശപ്പെടുത്തിയിരുന്നു. അവൾ തന്നിൽനിന്നകലുന്ന നിമിഷങ്ങളെ ഭയപ്പടുന്നതു കൊണ്ടാണയാൾ അവളോട് സംസാരിച്ചു കൊണ്ടിരിക്കുന്നത്. സംസാരിച്ചു കൊണ്ടിരിക്കെ അവൾ അവളുടേതായ ലോകത്തിലേക്ക് വഴുതിയിറങ്ങും. പക്ഷെ തന്നോടാണ് അവൾ അവളുടെ ഭൂതകാലത്തെപ്പറ്റി പറയുന്നത് എന്നതിൽ തനിയ്ക്കും ഒരു പങ്കുണ്ടെന്നതയാൾക്ക് ആശ്വാസം നൽകി. അവൾ തനിക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന ഉറപ്പിൽ നിന്നു വരുന്ന ആശ്വാസം. അയാൾ ചോദിച്ചു.

അച്ഛനെപ്പോഴാണ് മരിച്ചത്?

അവൾ ഞെട്ടിയുണർന്നു.

ഏ?

അച്ഛൻ എപ്പോഴാണ് മരിച്ചത്?

അച്ഛൻ മരിച്ചിട്ടില്ല.

അവളുടെ മുഖം വീണ്ടും ഗൗരവമായി.

ഒരു പക്ഷെ മരിച്ചിരിക്കാം. എനിക്ക് കുറെക്കാലമായി യാതൊരു വിവരവുമില്ല. ഞാൻ നാട്ടിലുണ്ടായിരുന്ന പ്പോൾത്തന്നെ അച്ഛന് നല്ല സുഖമുണ്ടായിരുന്നില്ല. അമ്മ മരിച്ച ശേഷമാണ് തുടങ്ങിയത്.

എന്തായിരുന്നു സുഖക്കേട്?

മനോരോഗമായിരുന്നു. അച്ഛന്റെ വിചാരം അച്ഛൻ ഇപ്പോഴും ഒരു ചെറുപ്പക്കാരനാണെന്നായിരുന്നു. ജോലി യില്ലാതെയിരിക്കാൻ വയ്യ. എവിടെയെങ്കിലും ഒരു ജോലി ശരിയാക്കിത്തരണമെന്ന് കാണുന്നവരോടെല്ലാം പറയും. ഇടയ്ക്കിടയ്ക്ക് ഇന്റർവ്യുവിനാണെന്ന് പറഞ്ഞ് ബാഗുമെടുത്ത് പുറത്ത് പോകും. ആദ്യമൊന്നും ആരും ശ്രദ്ധിച്ചില്ല. പുറത്ത് പോയാൽ അന്നു തന്നെ തിരിച്ചു വന്നിരുന്നു. പിന്നെപ്പിന്നെ ഒരിക്കൽ പോയാൽ രണ്ടുമൂന്നു ദിവസം കഴിഞ്ഞേ തിരിച്ചുവരുവെന്നായി. തിരിച്ചുവരുമ്പോൾ മുണ്ടും ഷർട്ടുമെല്ലാം പൊടി നിറഞ്ഞ് വ്യത്തികേടായിട്ടു ണ്ടാകും. തലമുടിയെല്ലാം മുഷിഞ്ഞിരിക്കും. ഒരിക്കൽ വന്നപ്പോൾ ബാഗുമുണ്ടായിരുന്നില്ല. ഷർട്ടുമുണ്ടായിരുന്നില്ല. മുണ്ടു മാത്രം ഉടുത്താണ് വന്നത്. പിന്നെ അച്ഛനെ പുറത്ത് വിടാതായി.

അന്നു മുതൽ അച്ഛൻ കൂടുതൽ അസ്വസ്ഥനായി. അങ്ങോട്ടുമിങ്ങോട്ടും നടക്കും. തന്നത്താൻ എവിടെയെങ്കിലും ഇരുന്ന് പിറുപിറുക്കും. പിന്നെപ്പിന്നെ ഊണിനും ഉടുപ്പിനുമൊന്നും ശ്രദ്ധയില്ലാതായി. ചിലപ്പോൾ നഗ്നനായി നടക്കുന്നതു കാണാം. അപ്പോൾ അച്ഛനെ ഭ്രാന്താസ്പത്രിയിലേക്കയക്കാൻ എല്ലാവരും കൂടി തീർച്ചയാക്കി. എങ്ങിനെ കൊണ്ടു പോകും? അവസാനം ഒരു സൂത്രം കണ്ടുപിടിച്ചു. ഒരു ജോലിയുണ്ട്, അത് കിട്ടാൻ സാദ്ധ്യതയുണ്ടെന്നു പറഞ്ഞു. അതു കേൾക്കേണ്ട താമസം, സ്വയം പോയി കുളിച്ചു ഷേവ് ചെയ്തു. നല്ല മുണ്ടും ഷർട്ടും വേണമെന്നു പറഞ്ഞു. അങ്ങിനെ ചെറിയച്ഛന്റെ കൂടെ പുറപ്പെട്ടു.

ആസ്പത്രിയുടെ ഉള്ളിലെത്തിയപ്പോഴാണ് എങ്ങോട്ടാണ് കൊണ്ടു പോയിരുന്നതെന്ന് പാവം അച്ഛന് മനസ്സിലായുള്ളു. നീ എന്തിനാണ് എന്നെ ഭ്രാന്താസ്പത്രിയിലേക്കു കൊണ്ടു വന്നത്, എനിക്ക് ഭ്രാന്തുണ്ടോ എന്നു ചോദിച്ചു, ചെറിയച്ഛനെ ചീത്ത പറയാൻ തുടങ്ങി. തിരിച്ച് ഓടാൻ ശ്രമിക്കുകയും ചെയ്തു. അതുകൊണ്ടൊന്നും ഫല മില്ലെന്നു കണ്ടപ്പോൾ അച്ഛൻ പെട്ടെന്ന് പൊട്ടിക്കരഞ്ഞു.

വീണ്ടും സീമ അവളുടേതായ ലോകത്തിലേക്ക് താഴ്ന്നിറങ്ങി. മുറിയുടെ ശൂന്യത ഭീഷണിപ്പെടുത്തുന്ന തായിരുന്നു. ആ ശൂന്യതയിൽ അയാൾ ഏകനായി മൗനത്തിന്റെ താഴ്‌വരയിലേക്കുരസിയിറങ്ങി. അവിടെയെവിടെ യോ തലമുടി രണ്ടായി പിന്നിയിട്ട് റിബ്ബൺ കെട്ടി, ഫ്രോക്കിട്ട ഒരു പെൺകുട്ടിയുണ്ടായിരുന്നു. കണ്ണുകളിൽ ഭയം തളം കെട്ടി നിൽക്കുന്ന മെലിഞ്ഞ ഒരു പെൺകുട്ടി.