close
Sayahna Sayahna
Search

ഉറങ്ങുന്ന സര്‍പ്പങ്ങള്‍ 07


ഉറങ്ങുന്ന സര്‍പ്പങ്ങള്‍ 07
EHK Novel 01.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ഉറങ്ങുന്ന സര്‍പ്പങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 41

വായുവിൽ ഈർപ്പമുണ്ടായിരുന്നു. ഇനി ഒരു മഴ കൂടി പെയ്‌തേക്കും. ചളിവെള്ളത്തിൽ ചവിട്ടാതെ സൂക്ഷിച്ചു നടക്കുന്നതിനിടയ്ക്ക് മനോഹരൻ ഊർമ്മിളയോട് പറഞ്ഞു.

ഇത് സീമ ഇഷ്ടപ്പെടുന്ന ഒരു രംഗമാണ്. മഴയുടെ എല്ലാ ലക്ഷണവും ഉണ്ടാവുക, മഴ ഇല്ലാതിരിക്കുകയും.

ഞാനും സീമയെ ഓർക്കുകയായിരുന്നു. ഊർമ്മിള പറഞ്ഞു. സീമ മഴ ഇഷ്ടപ്പെട്ടിരുന്നു. എപ്പോഴും കുട്ടിക്കാലത്ത് മഴയുണ്ടാവാറുള്ള ദിവസങ്ങളെപ്പറ്റി പറയും.

മഴ അവളുടെ ഫേവറിറ്റ് തീമായിരുന്നു. പല ചിത്രങ്ങളിലും മഴയുടെ ഇഫക്റ്റ് നേരിട്ടോ അല്ലാതെയോ കാണാം.

നിശ്ശബ്ദത. അവർ തമ്മിൽ സംസാരിക്കുമ്പോൾ എപ്പോഴുമുണ്ടാകുന്നതാണത്. രണ്ടു പേരും അവരവരുടെ മനസ്സിലേക്ക് ചുരുങ്ങുന്നു. രണ്ടുപേരും ചിന്തിക്കുന്നത് ഒരാളെപ്പറ്റിയായിരുന്നു.

അതുകൊണ്ട് ഇടയ്ക്ക് വെച്ച് ഒരാൾ എന്തെങ്കിലും പറയുമ്പോൾ മറ്റെയാളും അതിനെപ്പറ്റിത്തന്നെയായിരിക്കും ആലോചിക്കുന്നുണ്ടാവുക. സീമ അവർക്കിടയിൽ ഒരു വൈകാരികൈക്യം ഉണ്ടാക്കിയിരുന്നു.

ഊർമ്മിള പറഞ്ഞു നമ്മളെത്ര നേരമായി നടക്കുന്നു, എവിടെയെങ്കിലുമിരിക്കാമായിരുന്നു.

ശരിയാണ്. മനോഹരൻ പറഞ്ഞു. ഞാൻ നല്ല വല്ല റെസ്റ്റോറണ്ടും ഉണ്ടൊ എന്നു നോക്കുകയായിരുന്നു. നമുക്ക് ഓരോ കപ്പ് ചായ കുടിക്കാം.

നല്ല ഐഡിയ! ഈ തണുപ്പിൽ ചൂടുള്ള ഒരു ചായയിൽപ്പരം എന്തുണ്ട്?

അടുത്തെങ്ങും നല്ല റെസ്റ്റോറണ്ട് ഉണ്ടായിരുന്നില്ല. അങ്ങിനെ നടക്കുമ്പോൾ അവർ എത്തിയത് ഒരു പാർക്കിന്റെ ഗെയ്റ്റിലാണ്.

ചൂടുള്ള ചായക്ക് ഇനിയും നടക്കണം. നമുക്ക് കുറച്ചു നേരം ഇരിക്കാം. മനോഹരൻ പറഞ്ഞു.

മനുഷ്യൻ ഒന്നാശിക്കുന്നു...

പാർക്കിൽ കൽബഞ്ചുകൾക്ക് നേരിയ നനവുണ്ടായിരുന്നു. തൂവാലയെടുത്ത് ഊർമ്മിളയ്ക്കിരിക്കാനുള്ള സ്ഥലത്ത് വിരിച്ച് അയാൾ പറഞ്ഞു.

ഇരിക്കു.

ഒരു മൂലയിലിട്ട കൽബഞ്ചിലിരുന്ന യുവമിഥുനങ്ങളൊഴിച്ചാൽ പാർക്ക് വിജനമായിരുന്നു.

നമ്മെക്കണ്ടാൽ കാമുകീകാമുകന്മാരാണെന്ന് ആൾക്കാർ വിചാരിക്കും. ഊർമ്മിള പറഞ്ഞു.

വിചാരിക്കുന്നതിൽ തെറ്റില്ല. മനോഹരൻ പറഞ്ഞു. ഈ തണുത്ത ഈർപ്പമുള്ള കാറ്റിൽ കടൽക്കരയിലെ പാർക്കിൽ കാമുകീകാമുകന്മാരല്ലാതെ ആരും വന്നിരിക്കില്ല. ഊർമ്മിള ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?

ഇല്ല.

അപ്പോൾ തണുത്ത പാർക്കിന്റെ രസം മനസ്സിലായിട്ടുണ്ടാവില്ല അല്ലെ? ആട്ടെ ഒരു ചോദ്യം, എന്താണ് പൂനയിൽ പോകുന്ന കാര്യം എന്നോടു പറയാതിരുന്നത് ?

ഞാൻ വേണമെന്ന് വെച്ച് പറയാതിരുന്നതല്ല. മറന്നു പോയതാണ്. ശരിക്കു പറഞ്ഞാൽ പിറ്റെ ദിവസം പൂനക്കു പോകുകയാണെന്ന കാര്യം ഓർമ്മയുണ്ടായിരുന്നില്ല. രാവിലെ ടെലിഫോൺ ചെയ്യാൻ ശ്രമിച്ചു, ലൈൻ കിട്ടിയില്ല.

സാരമില്ല. പൂനയിലെ ആന്റിയുമായുള്ള ബന്ധം എന്താണ്?

അവർ എന്റെ അച്ഛന്റെ സഹോദരിയാണ്. വിധവയാണ്. ഒറ്റക്ക് താമസിക്കുകയാണ്. എന്താ ചോദിക്കാൻ കാരണം?

ഒന്നുമില്ല.

മനോഹരൻ ഓർത്തു. അവളുടെ സംസാരത്തിൽ അവിശ്വസനീയമായ എന്തോ ഉണ്ട്.

അവൾ സംസാരിക്കുന്ന രീതിയിൽ നിന്ന്, അവളുടെ ചേഷ്ടകളിൽ നിന്ന് അത് മനസ്സിലാക്കാം.

മനു വിചാരിക്കന്നത് ഞാൻ എന്റെ കാമുകന്റെ ഒപ്പം പൂനക്ക് പോയതാണെന്നല്ലെ?

അല്ല. അങ്ങിനെയാണെങ്കിൽക്കൂടി അതിൽ അപാകതയൊന്നുമില്ല. ഒരു സുന്ദരിയായ പെൺകുട്ടിക്ക് കാമുകനു ണ്ടാവുന്നതിൽ എന്താണ് തെറ്റ്?

അവൾ കുറച്ചുനേരം ഒന്നും പറയാതെ കടലിന്റെ ഭാഗത്തേക്ക് നോക്കിയിരുന്നു. അവിടെ ഇരിക്കുമ്പോൾ കടൽ കാണുകയില്ല. കടലിനു മുകളിലെ ഒഴിഞ്ഞ ആകാശം മാത്രമെ കാണു. മുമ്പിൽ മറീൻ ഡ്രൈവിൽ കാറുകളുടെ പരക്കം പാച്ചിൽ. ഊർമ്മിള പറഞ്ഞു.

മനു, ഞാനൊരു പ്രത്യേക തരം പെണ്ണാണ്. നിങ്ങൾക്കത് സാവധാനത്തിൽ മനസ്സിലാവും. ഞാനിതുവരെ ഒരു പ്രേമബന്ധത്തിലും ചാടി വീണിട്ടില്ല. മനുവിനോടും ഒരു പ്രേമബന്ധം തുടങ്ങാൻ എനിക്കുദ്ദേശമില്ല. മനുവിനെ ഒരു സ്‌നേഹിതനായി കാണാനാണെനിക്കിഷ്ടം. എന്നെയും ഒരു സ്‌നേഹിതയായി കണ്ടുകൂടെ?

ആകാശത്തിൽ മേഘപാളികളിൽ പെട്ടെന്നുണ്ടായ വിടവിൽക്കൂടി അസ്തമയസൂര്യൻ പ്രത്യക്ഷപ്പെടുകയും ഊർമ്മിളയുടെ മുഖം അരുണാഭമാവുകയും ചെയ്തു. അവൾ വളരെ സുന്ദരിയായിരുന്നു. അവൾ ഉടുത്ത ഇളം പച്ച നിറത്തിലുള്ള സാരി അവളുടെ നിറത്തെ കൂടുതൽ ഉദിപ്പിച്ചു കാണിച്ചു.

അയാൾ പറഞ്ഞു. ഞാൻ ശ്രമിക്കാം.

മനുവിന്റെ അടുത്തിരിക്കുമ്പോൾ, സംസാരിക്കുമ്പോൾ എനിക്ക് വളരെയധികം ശാന്തി കിട്ടുന്നുണ്ട്. ആ ശാന്തി യല്ലെ നമുക്കെല്ലാം ജീവിതത്തിൽ ആവശ്യം ?

എന്താണ് ഊർമ്മിളയുടെ അശാന്തിക്ക് കാരണം ?

ഒന്നുമില്ല. എല്ലാവർക്കും അവനവന്റേതായ ചുമടു താങ്ങാനുണ്ട്. അതത്ര സുഖപ്രദമൊന്നുമല്ല. സ്‌നേഹ ത്തിന്റേതായാലും.

നീ പ്രേമബന്ധത്തിലൊന്നും ഇടപെട്ടിട്ടില്ലെന്നല്ലെ പറഞ്ഞത്.

ഞാൻ പ്രേമബന്ധത്തെപ്പറ്റിയല്ലല്ലൊ പറഞ്ഞത്.

നീയും സീമയെപ്പോലെ കടംകഥകളായാണ് സംസാരിക്കുന്നത്. ഞാനാണെങ്കിൽ പണ്ടു തന്നെ കടംകഥകൾ ക്കുത്തരം നൽകുന്നതിൽ സമർത്ഥനുമല്ല.

അവൾ മന്ദഹസിച്ചു.

സീമ ഒരു ദിവസം തിരിച്ചു വരണമെന്നില്ലെ മനുവിന് ?

തീർച്ചയായും.

അവൾ തിരിച്ചു വരുമെന്ന് വല്ല ഉറപ്പുമുണ്ടോ ?

ഇല്ല. പക്ഷേ ഒരു ദിവസം അവൾ തിരിച്ചു വരികയാണെങ്കിൽ എനിക്ക് വളരെ സന്തോഷമുണ്ടാകും. സീമ എന്നെ സംബന്ധിച്ചിടത്തോളം ഒരു കുട്ടിക്ക് നഷ്ടപ്പെട്ട കളിപ്പാട്ടം പോലെയാണ്. എനിക്ക് കുട്ടിക്കാലത്ത് ഒരു കളിപ്പാട്ടമുണ്ടായിരുന്നു. നാലു ചക്രമുള്ള ഒരു വണ്ടി. എനിക്ക് വളരെ ഇഷ്ടമുള്ളതായിരുന്നു അത്. ഒരു ദിവസം അത് പെട്ടെന്ന് കാണാനില്ലാതായി. ഞാൻ വളരെയധികം തിരഞ്ഞു. വീട്ടിലുള്ള എല്ലാവരെക്കൊണ്ടും തിരയിപ്പിച്ചു. കുറെയധികം കരയുകയും ചെയ്തു. അത് കണ്ടുകിട്ടുകയുണ്ടായില്ല. കാലക്രമത്തിൽ ഞാൻ അതിനെപ്പറ്റി മറന്നു. പിന്നെ ഞാൻ ഹൈസ്‌ക്കൂളിലെത്തിയപ്പോഴാണ്, രണ്ടു മൂന്നു കൊല്ലം കഴിഞ്ഞിരിക്കുന്നു, ഒരു ദിവസം പഴയ സാധനങ്ങളെല്ലാം വെച്ച ഒരു തുരുമ്പു പിടിച്ച ഇരുമ്പു പെട്ടി തുറന്നപ്പോൾ അതിലിരിക്കുന്നു എനിക്ക് നഷ്ടപ്പെട്ട കളിപ്പാട്ടം. എനിക്ക് വളരെ സന്തോഷമായി. പിന്നെ ഞാൻ അതുപേക്ഷിച്ചില്ല. മാത്രമല്ല അതുകൊണ്ട് കളിക്കേണ്ട പ്രായം കഴിഞ്ഞിട്ടും ഞാൻ അതെടുത്ത് കളിക്കാറുമുണ്ടായിരുന്നു.

സീമയെന്ന കളിപ്പാട്ടവും എനിക്ക് വിസ്മൃതിയിലെവിടേയോ നഷ്ടപ്പെട്ടിരിക്കയായിരുന്നു. ഊർമ്മിളയെ കണ്ട ശേഷം ആ നഷ്ടത്തെപ്പറ്റി വീണ്ടും ഓർമ്മ വന്നിരിക്കയാണ്.

ഞാൻ മനുവിന് ഫോൺ ചെയ്യാൻ പാടില്ലായിരുന്നു. പക്ഷെ ഫോൺ ചെയ്യാനുള്ള പ്രേരണ വളരെ ശക്തമായി രുന്നു. എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

അവളുടെ ശബ്ദത്തിൽ കുറ്റബോധമുണ്ടായിരുന്നു.

സാരമില്ല, എനിക്ക് ഊർമ്മിളയെ പരിചയപ്പെടാൻ കഴിഞ്ഞല്ലൊ. ഫോൺ ചെയ്തില്ലെങ്കിൽ എനിക്കത് നഷ്ട പ്പെടുമായിരുന്നു.

സൂര്യൻ മേഘങ്ങളുടെ പിളർപ്പിൽ അസ്തമിച്ചിരുന്നു. കാറ്റ് കൂടുതൽ തണുത്തു വന്നു. ഊർമ്മിള അവളുടേതായ ലോകത്തിലെത്തിയിരുന്നു.

സീമ തിരിച്ചു വരും. അയാൾ പറഞ്ഞു. പക്ഷെ ആ വാക്കുകൾ പാർക്കിന്റെ ശൂന്യത പോലെ പൊള്ളയാണെന്നും, തനിക്കിനി ആശയൊന്നും ബാക്കിയില്ലെന്നും അയാൾക്കു മനസ്സിലായി. അയാൾ പറഞ്ഞു.

നമുക്ക് പോകാം.