close
Sayahna Sayahna
Search

ഉറങ്ങുന്ന സര്‍പ്പങ്ങള്‍ 09


ഉറങ്ങുന്ന സര്‍പ്പങ്ങള്‍ 09
EHK Novel 01.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ഉറങ്ങുന്ന സര്‍പ്പങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 41

അങ്ങിനെയിരിക്കെ ഊർമ്മിള വീണ്ടും അപ്രത്യക്ഷയായി. ഒരു ദിവസം ഊർമ്മിളയുടെ ഫോണും പ്രതീക്ഷിച്ച് മനോഹരൻ ഇരുന്നു. ഫോൺ അടിച്ചില്ല. രണ്ടരമണിക്ക് ഒരിക്കൽ ഫോൺ അടിച്ചു. പക്ഷെ അത് ഊർമ്മിളയല്ലെന്ന് അയാൾക്ക് തോന്നി. തോന്നൽ ശരിയാവുകയും ചെയ്തു. മൂന്നു മണി. േഫാൺ ശബ്ദിച്ചില്ല. നാലു മണി. ഫോൺ നിശ്ശബ്ദം.

അഞ്ചു മണിക്ക് അയാൾ ഫോണെടുത്ത് ഡയൽ ചെയ്തു.

ഊർമ്മിള പ്ലീസ്.

ഊർമ്മിളയില്ലല്ലൊ. ഷീയീസ് ഓൺ ലീവ് പ്ലീസ്.

എത്ര ദിവസത്തേക്ക് ?

അറിയില്ല. രണ്ടോ മൂന്നോ ദിവസത്തേക്കാണെന്നു തോന്നുന്നു.

അയാൾ നന്ദി കൂടി പറയാതെ ഫോൺ വെച്ചു.

അപ്പോൾ അവൾ വീണ്ടും തന്നെ അറിയിക്കാതെ ലീവെടുത്തിരിക്കുന്നു. പൂനക്ക് പോകാനായിരിക്കും. അയാൾക്ക് ആദ്യം തോന്നിയത് ദേഷ്യമായിരുന്നു. അവൾക്ക് തന്നോട് പറഞ്ഞ് പോകാനുള്ള മര്യാദ കൂടിയില്ലെങ്കിൽപ്പിന്നെ താൻ എന്തിന് ശ്രദ്ധിക്കാൻ പോകുന്നു.

ഉടനെത്തന്നെ അയാൾ മറിച്ചും ആലോചിച്ചു. താൻ ഒരു മുൻവിധിയോടെയാണ് ഈ കാര്യത്തെപ്പറ്റി ആലോചി ക്കുന്നത്. മറിച്ച് അവൾക്ക് സുഖമില്ലാതിരിക്കയാണെങ്കിലോ? അങ്ങിനെയും ഒരു സാദ്ധ്യതയുണ്ടാകാമല്ലൊ. സാദ്ധ്യതയുണ്ടാകാം. അയാൾ ഓർത്തു. പക്ഷെ തലേന്ന് ഫോണിൽ സംസാരിച്ചപ്പോൾ അവൾക്ക് ഒരു ജലദോഷം പോലും ഉണ്ടെന്ന് അവൾ പറഞ്ഞില്ല. ഇനി വല്ല അപകടവും പറ്റിയതായിരിക്കുമോ? ആവില്ല. ടെലിഫോൺ ഓപ്പറേറ്റ റുടെ സംസാരത്തിൽനിന്ന് ഊർമ്മിള ലീവെടുക്കുന്ന കാര്യം ഓഫീസിൽ അറിയിച്ചിട്ടുണ്ടെന്നു വന്നു. അപ്പോൾ അവൾക്ക് കുഴപ്പമൊന്നും പറ്റിയിട്ടില്ല. അവൾ വരുമ്പോൾ വരട്ടെ.

പക്ഷെ ബസ്സിൽ കയറിയപ്പോൾ അയാൾ ബാന്ദ്രക്കു പകരം ടിക്കറ്റെടുത്തത് അന്തേരിക്കായിരുന്നുവെന്ന് ഒരു തമാശയോടെ അയാൾ മനസ്സിലാക്കി.

ഇപ്രാവശ്യം കണ്ടത് മേട്രനെത്തന്നെയായിരുന്നു. അവർ വാതിലും തുറന്നു പിടിച്ച് അയാളുടെ വരവും നോക്കി നിന്നിരുന്നു. അവർ വെള്ള സാരി വലത്തോട്ടാണ് ഉടുത്തിരുന്നത്. ഗുജറാത്തി.

ആരെയാണ് കാണേണ്ടത് ?

ഊർമ്മിള.

ഹു ആർ യു?

മനോഹരന് പണ്ടെല്ലാം ഈ ചോദ്യം കേട്ടാൽ നീരസം തോന്നാറുണ്ട്. പിന്നെ ക്രമേണ അതിന്റെ അർത്ഥം മനസ്സി ലായി. ഇംഗ്ലീഷ് നമ്മുടെ ഭാഷയല്ല. നിങ്ങളുടെ പേരെന്താണ്, നിങ്ങൾ കാണാൻ വരുന്ന ആളുമായി ഏതു തരത്തി ലാണ് ബന്ധപ്പെട്ടിട്ടുള്ളത്? എന്തുദ്ദേശ്യവും വെച്ചാണ് കാണാൻ വരുന്നത് എന്നെല്ലാം ഈ ചോദ്യത്തിന്നർത്ഥമുണ്ട്. അതു കൊണ്ട് ഹു ആർ യു എന്ന ചോദ്യം കേട്ടാൽ മനോഹരൻ ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങൾ പറയുക യാണ് പതിവ്.

മനോഹരന്റെ ഉത്തരത്തിൽ അവർ അതീവ സംതൃപ്തയായിരുന്നു. അതിനർത്ഥം താൻ അവരുടെ ചോദ്യം ശരിയാ യിട്ടു തന്നെ എടുത്തു എന്നാണ്.

ഊർമ്മിള ഇല്ല.

അയാൾ തളർന്നു. മേട്രന്റെ ചോദ്യം കേട്ടപ്പോൾ ഊർമ്മിളയെ കാണുമെന്ന ആശ അയാളിൽ വളരെ ബലമായി ഉണ്ടായിരുന്നു. മനോഹരന് ചില നിമിത്തങ്ങൾ ഉണ്ടാവാറുണ്ട്. താൻ കാണാൻ പോകുന്ന ആളെ കാണില്ലെന്നോ, ചെയ്യാൻ പോകുന്ന കാര്യം ശരിയാവില്ലെന്നോ ഉള്ള മുൻധാരണയുണ്ടാവുക. അതു പലപ്പോഴും ശരിയാവാറുമുണ്ട്. ഇന്ന് അയാൾക്ക് അങ്ങി നെയുള്ള ദുഃശ്ശകുനങ്ങളൊന്നും തോന്നിയിരുന്നില്ല. അതുകൊണ്ട് ഊർമ്മിളയെ കാണാൻ പറ്റുമെന്നു തന്നെ കരുതിയിരുന്നു.

ഊർമ്മിള എങ്ങോട്ട് പോയിരിക്കയാണ്?

പൂനയ്ക്ക്. അവൾ മറ്റന്നാളെ വരു.

മറ്റന്നാളോ ?

അതെ.

താങ്ക്‌യു.

മനോഹരൻ തിരിഞ്ഞുനടന്നു. അ പ്പോൾ അവൾ തന്നെ അറിയിക്കാതെ വീണ്ടും പൂനക്ക് പോയിരിക്കുന്നു. തലേന്ന് ഫോണിൽ സംസാരിച്ചപ്പോൾ അവൾ ഒരു സൂചന കൂടി തന്നിരുന്നില്ല. എന്താണ് രഹസ്യാത്മകതക്കു കാര ണം? ഊർമ്മിളക്ക് ഒരു കാമുകനെ അയാൾ ഭാവനയിൽ സൃഷ്ടിച്ചു. ആ കാമുകനുമായി ഊർമ്മിള പൂനയ്ക്കുള്ള ട്രെയിനിൽ തോളോടു തോളുരുമ്മി ഇരിക്കുന്നത് അയാൾ മനസ്സിൽ കണ്ടു. അയാൾ നല്ല ദേഹപ്രകൃതിയുള്ള ആളാ ണ്. വീതിയുള്ള മീശ, കുറച്ചു നീണ്ട തലമുടി. വലിയ സൺഗ്ലാസിട്ടിട്ടുണ്ട്. അവൾ അയാളുടെ കൈ പിടിച്ച് അവ ളുടെ മടിയിൽ വെക്കുന്നു. അയാൾ അവളെ ചുമലിലൂടെ അടുപ്പിച്ച് കവി ളിൽ ചുംബിക്കുന്നു. ഊർമ്മിള അയാ ളുടെ മാറിൽ മുഖം വെച്ചമർത്തുന്നു.

ആലോചിക്കും തോറും മനോഹര ന്റെ മനസ്സ് കലുഷമായി വന്നു. ഇതെ ല്ലാം അയാൾ സ്വയം ഭാവനയിൽ സൃ ഷ്ടിച്ച രംഗങ്ങളാണെന്ന് ഓർത്തിട്ടു കൂടി അയാൾക്കവയെ നിസ്സാരമായി തള്ളാൻ പറ്റിയില്ല. ഇങ്ങിനെ സ്വയം കല്പിതങ്ങളായ ആൾക്കാരിലും രംഗങ്ങ ളിലും വിശ്വസിച്ച് മനസ്സ് കേടുവരു ത്തുക മനോഹരന്റെ ശീലമായിരുന്നു. ഒരു പക്ഷെ അവൾ പൂനയ്ക്ക് പോയില്ലെന്നു വരാം. കാമുകന്റെ ഒപ്പം ഇവിടെത്തന്നെ വല്ല ഹോട്ടലിലും മുറി യെടുത്ത് താമസിക്കുകയായിരിക്കും. ചുമർക്കടലാസുകൊണ്ടലങ്കരിച്ച ഒരു മുറിയിലെ ഇരട്ടക്കട്ടിലിൽ ഫോം കിടക്കയുടെ ചിത്രങ്ങളുള്ള വിരിയിൽ കാമുകന്റെ കരവലയത്തിൽ കിടക്കുന്ന ഊർമ്മിളയുടെ വെളുത്ത നഗ്നരൂപം അയാൾ ദർശിച്ചു. അവളുടെ കണ്ണുകളിൽ പ്രേമമുണ്ടായിരുന്നു, കാമ മുണ്ടായിരുന്നു.

വീണ്ടും തന്റെ ഭാവന കാടുകയറുകയാണ്. ഇതിൽനിന്നൊരു മോചനം ആവശ്യമാണ്. താൻ വളരെ ഉടമസ്ഥതാ ബോധമുള്ളവനാകുന്നു. ഊർമ്മിളയുമായുള്ള ഏർപ്പാട് നിർത്തുകയാണ് നല്ലത്. അവൾ ഇനി ഫോൺ ചെയ്താൽ കൂടി വളരെ തണുപ്പനായിരിക്കാൻ അയാൾ തീർച്ചയാക്കി. സീമയിൽ നിന്നുള്ള അനുഭവം വെച്ചു നോക്കിയാൽ അയാൾ വേറൊരു പെൺകുട്ടിയുമായി അടുക്കാൻ പാടില്ലാത്തതായിരുന്നു. പക്ഷേ ഊർമ്മിളയിൽ, തന്നെ അവളി ലേയ്ക്ക് പിടിച്ചുവലിക്കുന്ന എന്തോ ഉണ്ട്. തനിയ്ക്ക് ചൂടു തരുന്ന എന്തോ ഒന്ന്. തനിക്ക് ഒരിക്കൽ നഷ്ടപ്പെട്ട ഒന്ന്.

മനോഹരൻ രണ്ടു ദിവസം ഓഫീസിൽ പോയില്ല. രണ്ടു ദിവസം മുറിയ്ക്കുള്ളിൽത്തന്നെ കഴിച്ചുകൂട്ടി. മുറിയുടെ ഏകാന്തതയിൽ അയാൾ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു. പക്ഷേ ഒറ്റക്കായപ്പോൾ ഓർമ്മകൾ അയാളെ ആക്രമിച്ചു കീഴടക്കി. ഓർമ്മകൾക്കു മുമ്പിൽ താനെത്ര നിസ്സഹായനാണെന്നയാൾ കണ്ടു.

മുറിയിൽ സീമയെ ഓർമ്മിപ്പിക്കുന്ന പല സാധനങ്ങളുമുണ്ടായിരുന്നു. അവളുടെ പെയിന്റിങ്, കുറെ സ്‌കെച്ചുകൾ. സീമയുടെ സ്‌കെച്ചുകൾ മനോഹരന് ഇഷ്ടമായിരുന്നു. റെംബ്രാന്റിനു ശേഷം ഇത്രയും നന്നായി ആരും സ്‌കെച്ചുകൾ വരച്ചിട്ടില്ലെന്ന് അയാൾ പറയാറുണ്ടായിരുന്നു.

മുഖസ്തുതി സീമയ്ക്കിഷ്ടമായിരുന്നു. മുഖസ്തുതിയാണെന്നറിഞ്ഞുകൊണ്ടു തന്നെ അവൾ അത് സ്വീകരിക്കും. അവൾ പറയാറുണ്ട്. എന്നെ ഇങ്ങിനെ പുകഴ്ത്തിയാൽ ഞാൻ നീളം വെച്ച് ഒരു എട്ടുകാലിത്തട്ടി പോലെയാവും.

സീമയുടെ സ്‌കെച്ചുകൾ നോക്കിയിരിക്കെ അയാൾ വീണ്ടും അവളുടെ മുറിയോർത്തു. ഉച്ച തിരിഞ്ഞ സമയത്താണ് അവൾക്ക് ആ മുറി ഏറ്റവും ഇഷ്ടമായിരുന്നത്. വെയിൽ ജനലിന്റെ കർട്ടന്റെ താഴെക്കൂടി അരിച്ചു വരുന്നതും നോക്കി അവർ കിടക്കാറുണ്ട്. അവളുടെ ഇടത്തെ കൈ അയാളുടെ കഴുത്തിലൂടെ ഇടും. അയാൾ വലത്തെ കൈ കൊണ്ട് അവളെ വരിഞ്ഞ് ഇടത്തെ കൈകൊണ്ട് അവളുടെ നഗ്നദേഹത്തിൽ തഴുകിക്കൊണ്ട് കിടക്കും. സീമയുടെ സ്‌കെച്ചുകളും മുറിയുടെ ഉച്ച തിരിഞ്ഞ സമയത്തുള്ള ഭാവവും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടെന്ന് മനോഹരന് തോന്നാറുണ്ട്. സ്‌കെച്ചുകളിലെ തുറന്ന വിശാലതയും മുറിയിലേയ്ക്ക് കടന്നുവരുന്ന ഉച്ചവെയിലും അയാളെ ബാല്യത്തിലേക്കു നയിക്കുന്നു. കുട്ടിക്കാലത്ത് എപ്പോഴും വെയിലുണ്ടായിരുന്നു. മരങ്ങൾക്കിടയിലൂടെയോ, നീണ്ടു കിടക്കുന്ന വയലുകളിൽ നെൽച്ചെടികളുടെ പച്ചപ്പിനു മാറ്റുകൂട്ടിയോ, കുളങ്ങളിൽ തുടിയ്ക്കുമ്പോൾ ഉയർന്നുവന്ന വെള്ളത്തിലൂടെ കാണുന്ന മഴവില്ലായോ, വെയിൽ എല്ലായ്‌പ്പോഴുമുണ്ടായിരുന്നു.

കുട്ടിക്കാലത്തെപ്പറ്റിയുള്ള ഓർമ്മ ആശ്വാസമരുളുന്നതായിരുന്നു.

പിറ്റേന്ന് മനോഹരൻ ഓഫീസിൽ പോയി. ഊർമ്മിള വിളിച്ചാൽ വളരെ തണുത്ത ഉത്തരങ്ങൾ മാത്രം കൊടുക്കു മെന്ന് തീർച്ചയാക്കി. പക്ഷെ മണിക്കൂറുകൾ കഴിഞ്ഞ് ഊർമ്മിളയുടെ ഫോൺ വന്നപ്പോഴേയ്ക്ക് അയാൾ തന്റെ തീരുമാനങ്ങളെല്ലാം മറന്നിരുന്നു.

മനു ഇതു ഞാനാണ് ഊർമ്മിള.

വീണ്ടും മഴത്തുള്ളികളുടെ ശൈത്യം, സിരകളിൽ അരുവികളുടെ സംഗീതം.

അയാൾ ദീർഘശ്വാസം വിട്ടു.

മനു പിണങ്ങിയിരിക്കയാണല്ലെ ?

അയാൾ ഒന്നും പറഞ്ഞില്ല. അയാൾ കുട്ടിക്കാലത്ത് കുറച്ചുനാൾ താമസിച്ചിരുന്ന വീട് ആലോചിക്കുകയായിരുന്നു. ആ വീട്ടുപറമ്പിൽ നിറയെ ഒരു തരം കള്ളിച്ചെടികളുണ്ടായി രുന്നു. പച്ച ഇലകളായി പടർന്നുപിടിക്കുന്ന കള്ളി. അതിന് വൈയലറ്റ് നിറത്തിലുള്ള നേരിയ പൂക്കളും. വേനലിൽ പുല്ലുകളും ചെടികളും ഉണങ്ങി നിൽക്കുമ്പോൾ അവയ്ക്കിട യിൽ ഈ കള്ളിച്ചെടികൾ മാത്രം പടർന്നു പിടിച്ചു. ആ വീടു മാറിയപ്പോൾ പുതിയ വീട്ടിലേക്ക് അയാൾ കൊണ്ടു പോയത് ഈ കള്ളിച്ചെടികൾ മാത്രമായിരുന്നു. അവ പക്ഷെ പുതിയ വീട്ടിൽ പിടിക്കാതെ നശിച്ചുപോയി.

മനു, അയാം റിയലി സോറി. എന്താണ് ഒന്നും മിണ്ടാത്തത്?

അയാൾ സ്വപ്നത്തിൽ നിന്നുണർന്നു.

എന്താണ് പറഞ്ഞത്?

അയാം സോറി മനു. പോകുന്നതിനു മുമ്പ് പറയാത്തതിന് മനു പിണങ്ങിയിരിക്കയാണ് അല്ലെ?

സാരല്ല്യ. എന്റെ പിണക്കം അത്ര കാര്യമായെടുക്കേണ്ടതില്ല.

ഒരു നിശ്വാസത്തിന്റെ ശബ്ദം മാത്രം.

ഞാൻ എങ്ങിനെയാണ് മനുവിന്റെ പിണക്കം മാറ്റേണ്ടത്?

സാരമില്ലെന്ന് പറഞ്ഞില്ലെ?

ഇന്നു വൈകുന്നേരം കാണുമോ?

എവിടെ?

അയാൾ ആലോചിച്ചു. സംസാരിക്കാൻ പറ്റിയ സ്ഥലമേതാണ്? സംസാരിക്കാനുണ്ടെങ്കിൽ, അതിനുള്ള താൽപര്യമുണ്ടെങ്കിൽ ഏതു സ്ഥലവും പറ്റിയതാണ്. മറിച്ചാണെങ്കിൽ ഒരു സ്ഥലവും പറ്റിയതുമല്ല. അയാൾ പറഞ്ഞു.

ബീച്ചിൽ പോകാം.

ശരി.

എവിടെ കാണുമെന്നു പറയു.

ബീച്ച് സ്റ്റോപ്പിൽ. ആറു മണിക്ക്.

അഞ്ചേമുക്കാലിനു തന്നെ മനോഹരൻ സ്റ്റോപ്പിലെത്തി. കടൽക്കാറ്റ് മണൽ അടിച്ച് ടാറിട്ട റോഡിലേക്ക് കയറ്റുന്നത് നോക്കി അയാൾ നിന്നു. വലത്തുവശത്ത് എയർസ്റ്റ്രിപ്പായിരുന്നു. ഒരു ഹെലികോപ്റ്റർ താഴ്ന്നു വന്നു.

മുമ്പിൽ വന്നുനിന്ന ഡബിൾ ഡെക്കർ ബസ്സിൽ നിന്ന് ഊർമ്മിള ഇറങ്ങുന്നതയാൾ കണ്ടു. അവൾ ഓറഞ്ചു നിറത്തിൽ പൂക്കളുള്ള സാരിയാണുടുത്തിരുന്നത്. ബസ്സിറങ്ങിയ ഉടനെ അവൾ ചുറ്റും നോക്കി, മനോഹരനെ കണ്ടപ്പോൾ ചിരിച്ചുകൊണ്ടയാളുടെ നേരെ നടന്നു.

ഞാൻ വൈകിയോ ?

ഇല്ല. നേർത്തെയാണ്.

അവർ ബീച്ചിലേക്ക് നടന്നു. വേലിയിറക്കമായതുകൊണ്ട് കടൽ അകലെയായിരുന്നു. നനഞ്ഞ മണലിൽ സൂര്യ രശ്മികൾ തട്ടിത്തിളങ്ങി. അവർ സംസാരിക്കാതെ നനഞ്ഞ മണലിൽക്കൂടി നടന്നു. ഊർമ്മിള അവളുടെ ചെരിപ്പൂരി കയ്യിൽ പിടിച്ചു. അയാൾ ഷൂസാണിട്ടിരുന്നത്. അയാൾ പറഞ്ഞു.

ചെരിപ്പിട്ടവർ ഭാഗ്യവാന്മാർ.

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഷൂസ് ഊരിത്തരു. ഞാൻ പിടിക്കാം.

സൂര്യന്റെ മഞ്ഞവെളിച്ചം അവളുടെ മുഖത്തു തട്ടി അവളുടെ വെളുത്ത നിറത്തിന് ഒരു പ്രത്യേക നിറം കൊടു ക്കുന്നത് മനോഹരൻ നോക്കി.

നീ എന്തു സുന്ദരിയാണ് !

താങ്ക് യൂ.

അവർ സംസാരിക്കാതെ നടന്നു. വേലിയിറക്കത്തിൽ കടൽവെള്ളം പിൻവാങ്ങിയപ്പോൾ ചെറിയ കടൽക്കക്കകൾ കരയ്ക്കടിഞ്ഞ്, ഒരു പെൺകുട്ടിയുടെ കാതിലെ കമ്മൽ പോലെ നിലത്തു കിടന്നു. കടലിൽ രണ്ടു മുക്കുവർ വലയിട്ട് മത്സ്യം പിടിച്ചിരുന്നു. ഊർമ്മിള പറഞ്ഞു.

നമുക്ക് കുറച്ച് ഇരിക്കാം.

ശരി.

അവർ ഗതി മാറ്റി, കരയ്ക്കഭിമുഖമായി നടന്നു. നനഞ്ഞ മണൽ കഴിഞ്ഞപ്പോൾ ഉണങ്ങിയ, സുഖകരമായ വെളു ത്ത മണലായിരുന്നു. അവർ മണലിൽ ഇരുന്നു. ഊർമ്മിള അയാളെ നോക്കി മന്ദഹസിച്ചു.

ഇനി പറയു, എന്നോട് പിണക്കമാണോ ?

ഊർമ്മിള കഴിഞ്ഞ രണ്ടു ദിവസമായി എവിടെയായിരുന്നു ?

ഞാൻ പൂനയിൽ പോയിരുന്നു.

എന്താണ് എന്നോട് പറയാതിരുന്നത് ?

അയാം സോറി, മനു. എന്നോട് ക്ഷമിക്കില്ലെ ?

പക്ഷേ, എന്താണ് എന്നോടത് പറയാതിരുന്നത് ?

മനു, പ്ലീസ്, എന്നോടതു ചോദിക്കാതിരിക്കു.

ഇല്ല. ഞാൻ ചോദിക്കുന്നില്ല. അല്ലെങ്കിലും ഊർമ്മിള ചെയ്യുന്നതെല്ലാം അറിയാൻ എനിക്കെന്തവകാശം ?

അതല്ലാ കാര്യം മനു.

അവൾ തല കുനിച്ച് മണലിൽ എന്തോ വരയ്ക്കുകയായിരുന്നു. ഏതോ പക്ഷിയുടെ ചിത്രം പോലെ തോന്നി.

ഊർമ്മിള ഒരു കാര്യം ചെയ്യുമോ ?

അവൾ തലയുയർത്തി.

എന്താണ് ?

ഊർമ്മിളക്ക് വേറെയാരെയെങ്കിലും സ്‌നേഹമാണെങ്കിൽ അത് തുറന്നു പറയു. ഞാൻ പിന്നെ നിന്നെ കാണുന്നില്ല.

ഞാൻ വേറെ ആരുമായും സ്‌നേഹത്തിലല്ലെന്നു മാത്രമല്ല, മനുവുമായി സ്‌നേഹത്തിലാണു താനും. മനുവിന്നതു മനസ്സിലായിട്ടില്ലെ ഇതുവരെ?

സൂര്യരശ്മികൾ കൂടുതൽ അരുണാഭമായിരുന്നു. ആ രശ്മികൾ ഊർമ്മിളയുട മുഖം തുടുപ്പിച്ചതയാൾ നോക്കി. അവളുടെ കണ്ണുകൾ മനോഹരങ്ങളായിരുന്നു. സരളങ്ങളായി രുന്നു. അവ നോക്കിക്കൊണ്ടിരിക്കെ, തന്റെ കണ്ണുകൾ നിറഞ്ഞു വരുന്നതയാൾ കണ്ടു. അയാൾ മുട്ടുമടക്കി മുഖമമർത്തി കരയാൻ തുടങ്ങി.

ഊർമ്മിളയുടെ കൈകൾ അയാളുടെ തോളത്തു സ്പർശിക്കുന്നതയാൾ അറിഞ്ഞു.

മനു പ്ലീസ് കരയാതിരിക്കു.

അയാൾക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല.

ഊർമ്മിള അയാളുടെ കഴുത്തിലൂടെ കൈയ്യിട്ട് അയാളുടെ മുഖം ഉയർത്താൻ ശ്രമിച്ചു.

മനു പ്ലീസ് കരയാതിരിക്കു. അയാം സോ സോറി. ഐ മേയ്ഡ് യു സോ അൺഹാപ്പി.

അവൾ അയാളുടെ ചുമലിൽ ചുംബിച്ചു.