close
Sayahna Sayahna
Search

ഒരു തണുത്ത കാറ്റായി അവൻ


ഒരു തണുത്ത കാറ്റായി അവൻ
EHK Story 08.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി പച്ചപ്പയ്യിനെ പിടിക്കാൻ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 64

പുറത്ത് മേടച്ചൂടിൽ ഉച്ച മയങ്ങിക്കിടന്നു. ജനലിലൂടെ വല്ലപ്പോഴും കടന്നുവരുന്ന ചൂടുകാറ്റിന് റബ്ബർ പാലിന്റെയും ശീമക്കൊന്നയുടെ വാടിയ ഇലയുടെയും വാസനയാണ്. രാജു എന്റെ അടുത്തുതന്നെ കാവിയിട്ട നിലത്ത് കിടക്കുകയാണ്. ചൂടുകാരണം അവൻ ബനിയൻ നെഞ്ചുവരെ ഉരിഞ്ഞുമാറ്റിയിരുന്നു. അതവന്റെ സ്വഭാവമാണ്. നഗ്നമായ വയറിൽ വിരൽതുമ്പുകൊണ്ട് മൃദുവായി ഉരസും. ആത്മാവിനെ തലോടലാണെത്രെ. അവൻ ഇടക്കിടയ്ക്ക് തലപൊന്തിച്ച് അടുത്ത മുറിയിൽ കട്ടിലിൽ കിടക്കുന്ന അമ്മയെ നോക്കി. അമ്മായി ഒരു വാരിക വായിച്ചുകൊണ്ടു കിടക്കയാണ്. ഇടതുകൈയ്യിലെ വിശറി ഇടക്കൊന്നു ചലിക്കും. കുറച്ചുകൂടി കഴിഞ്ഞാൽ വിശറി അവരുടെ കൈയിൽ നിന്നു വഴുതി വീഴും. പിന്നാലെ വാരികയും. രാജു അതിനുവേണ്ടി കാത്തിരിക്കയാണ്. കിടക്കുന്നതിനുമുമ്പ് അമ്മായി താക്കീതു തന്നതാണ്. ഉച്ചയ്ക്കു പുറത്തൊന്നും ഇറങ്ങരുതെന്ന്. പടർന്നുപിടിച്ച മാവിന്റെ തണലുള്ള മുറ്റത്ത് ഗോട്ടിക്കുഴികൾ ഞങ്ങൾക്കായി കാത്തുകിടക്കുന്നു. മാവിന്റെ പൊത്തിൽ ഒളിപ്പിച്ചുവെച്ച ഗോട്ടികൾ എടുക്കാൻ കൈതരിച്ചു.

രാജു തോണ്ടിവിളിച്ചു ‘വാ’

അമ്മായിയുടെ കൈയ്യിൽനിന്നു വിശറിവീണുപോയിരുന്നു. വാരിക കൈയിൽതന്നെ മാറോടു ചേർത്തുവെച്ച് അവർ ഉറക്കമായി. ശബ്ദമുണ്ടാക്കാതെ ഞങ്ങൾ വാതിൽ തുറന്നു പുറത്തുകടന്നു. ഗോട്ടികൾ കൈയിൽ കിരുകിരുപ്പുണ്ടാക്കി. രാജു ഒരു കുഴിയിൽനിന്നു മറ്റൊരുകുഴിയിലേക്ക് ഒരു കുരങ്ങന്റെ പാടവത്തോടെ ചാടാൻ തുടങ്ങി. സ്ഥിരം കളിക്കാരനായിരുന്ന രാജുവിന് ഞാൻ സമനായിരുന്നില്ല. നാട്ടിൽ എനിക്കു കൂട്ടുകാർ കുറവാണ്. വീട്ടിൽ ഒപ്പം കളിക്കാൻ ആരുമില്ല. സ്‌കൂളിലാകട്ടെ വളരെ സമർത്ഥരായ കൂട്ടുകാരുടെ ഒപ്പം കളിക്കുക വിഷമമായിരുന്നു. തോറ്റാൽ കുഴിക്കു മുമ്പിൽ മുഷ്ടി വെച്ചുകൊടുക്കണം. ജയിച്ചവർ ഓരോരുത്തരായി ഗോട്ടികൊണ്ടടിക്കും. ഒട്ടും മയമില്ലാതെയാണ് അവർ അടിക്കുക. ചിലപ്പോൾ കൈ പൊട്ടി ചോരയൊലിക്കും. വേദനയോടൊപ്പം അപമാനവും സഹിക്കണം. രാജുവിന്റെ ഒപ്പം കളിക്കുമ്പോൾ ആ വിഷമങ്ങളൊന്നുമില്ല. അതുകൊണ്ട് വേനലവധിയിൽ അമ്മാമന്റെ ഒപ്പം താമസിക്കാൻ വന്നാൽ രാജുവിന്റെ കൂടെ കളിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കില്ല.

ബംഗ്ലാവ് ഒരു ചെറിയ കുന്നിന്റെ നെറുകയിലാണ്. എസ്റ്റേറ്റ് നിറയെ ചെറിയ കുന്നുകളാണ്. ഒരു കുന്നിറങ്ങിയാൽ വേറൊരു കുന്ന്. കുന്നുകളുടെ മുകളിലാണ് റാട്ടയിലെ ഉയർന്ന ഉദ്യോഗസ്ഥൻമാർ താമസിക്കുന്ന ബംഗ്ലാവുകൾ. താഴ്ന്ന ജോലിക്കാർ താമസിക്കുന്നത് താഴ്‌വരയിലെ പാടിയിലാണ്.

ബംഗ്ലാവിനു ചുറ്റും രാത്രി പന്നി കയറാതിരിക്കാൻ മുൾവേലി കെട്ടിയിരുന്നു. അവയ്ക്കിടയിൽ ശീമക്കൊന്ന പച്ചപിടിച്ചുനിന്നു. മുള്ളുവേലിക്കപ്പുറത്ത് കുന്നിൻചെരുവിൽ റബ്ബർ മരങ്ങൾക്കിടയിൽ രാവിലെ ടാപ്പർമാർ കത്തിയും ബക്കറ്റുമായി നടന്നു. അരയിൽനിന്നു കത്തിയെടുത്ത് മരത്തിന്മേലുള്ള മുറിവു പുതുക്കും. റബ്ബറിന്റെ ജീവരക്തം വാർന്നൊഴുകാൻ തുടങ്ങും.

എട്ടരയ്ക്ക് റാട്ടയിൽനിന്ന് സൈറ ൺ കേൾക്കും. പിന്നെ ഉച്ചയ്ക്കും വൈകുന്നേരവും ഇടവേളകളിലും സൈറൺ, ആ പടുകൂറ്റൻ യന്ത്രത്തിന്റെ അലമുറപോലെ കേൾക്കാം. ശ്രദ്ധിച്ചാൽ റാട്ടയുടെ ഭീമൻ ചക്രങ്ങൾ ഞരങ്ങുന്ന ശബ്ദവും കേൾക്കാം.

പുറത്തെ ചൂടിൽ പത്തുമിനിറ്റു കളിച്ചപ്പോഴേക്കും ഞങ്ങൾ, വിയർത്തുകുളിച്ചു. രാജു ബനിയൻ ഊരി മാവിന്റെ താഴ്ന്ന കൊമ്പിൽ തൂക്കിയിട്ടു. വെറും ട്രൌസർ മാത്രമായി അവൻ കുഴിയിൽനിന്നു കുഴിയിലേക്കു ചാടി. അവന്റെ കൊച്ചുവിരലുകൾ ഗോട്ടിയെ ലക്ഷ്യം തെറ്റാതെ നയിച്ചു; വഴിയിൽ കുഴികൾക്കിടയിൽ ഒരോർമ്മത്തെറ്റു പോലെ നിൽക്കുന്ന എന്റെ ഗോട്ടി അടിച്ചുതെറിപ്പിക്കുകയും ചെയ്തു. അവന്റെ പുറത്ത് വിയർപ്പുതുള്ളികൾ ചേർന്ന് ഒരരുവിയായി ഒലിച്ചിറങ്ങി.

പെട്ടെന്ന് അവൻ ചാടിയെഴുന്നേറ്റ് എന്റെ നേരെ നോക്കി. ഒരു തണുത്തകാറ്റു വന്ന് ഞങ്ങളെ തലോടി. വളരെ തണുത്തകാറ്റ്. ആരോ തണുത്ത വെള്ളത്തിൽ കുളിച്ചുവന്ന് ആശ്ലേഷിക്കുന്നപോലെ. ഈ മേടച്ചൂടിൽ ഇങ്ങനെ തണുത്തകാറ്റ്? ഞാൻ ചോദ്യപൂർവം രാജുവിന്റെ മുഖത്തുനോക്കി. അവനും കൈനീട്ടി ആ തണുത്തകാറ്റ് ഏറ്റുവാങ്ങുകയായിരുന്നു. അവൻ പറഞ്ഞു:

‘ഇതു കണ്ടനാണ് !’

‘കണ്ടനോ?’

‘അതെ, കണ്ടൻ മലയിറങ്ങി വര്വാണ്.’

കാറ്റിൽ ഏതോ പൂവിന്റെ ഇളംസുഗന്ധം. അവൻ കളി നിർത്തി മുറ്റത്തുകൂടെ ഓടി കിടപ്പുമുറിയുടെ ജനലിന്മേൽ പൊത്തിപ്പിടിച്ചു കയറി. പിന്നാലെ ഞാനും. അമ്മായി നല്ല ഉറക്കമാണ്. രാജു താഴേക്കിറങ്ങി നടന്നു. പെട്ടെന്നവൻ അതൃപ്തനായ പോലെ തോന്നി. തണുത്തകാറ്റ് അപ്പോഴും വീശിക്കൊണ്ടിരുന്നു. പൊടിപടലങ്ങൾ ഉയർത്തിയ ആ കാറ്റ് അന്തരീക്ഷം തണുപ്പിച്ചു. മാറിയ അന്തരീക്ഷത്തിൽ ഗോട്ടികളിയൊന്നും പോരെന്ന മട്ടിൽ അവൻ ഗോട്ടി വലിച്ചെറിഞ്ഞു.

ഞാൻ ചോദിച്ചു:

‘ആരാണു കണ്ടൻ?’

രാജു ഒന്നും പറയാതെ നടക്കുകയാണ്. അല്ല ഓടുകയാണ് അവൻ മുറ്റത്ത് ഒരറ്റം മുതൽ മറ്റെ അറ്റംവരെ തലങ്ങും വിലങ്ങും ഓടി. പെട്ടെന്ന് എന്റെ മുമ്പിൽ ബ്രേക്കിട്ടപോലെ നിന്നു.

‘വാ നമുക്കു പാടിയിലേക്കു പോകാം’

രാജു നടന്നു കഴിഞ്ഞു. ട്രൌസർമാത്രം വേഷം. അവന്റെ പുറത്ത് ഒലിച്ചിറങ്ങിയിരുന്ന വിയർപ്പു തുള്ളികൾ ഇതിനകം വറ്റി. ട്രൌസറിന്റെ മുകൾഭാഗത്ത് അപ്പോഴും നനവുണ്ട്.

ചെയ്യാൻ പോകുന്ന കാര്യത്തെപ്പറ്റി എന്റെ അഭിപ്രായം ഒരിക്കലും അവൻ ചോദിച്ചിരുന്നില്ല. എനിക്കു പാടിയിൽ പോകാൻ താൽപര്യമുണ്ടായിരുന്നില്ല. കാരണം അവിടെ രാജുവിന്റെ കൂട്ടുകാരുടെ ഇടയിൽ ഞാൻ ഒറ്റപ്പെടും.

കുന്നിറങ്ങി താഴെ കാവിയുടുത്ത നിരത്തിലെത്തിയപ്പോൾ വലത്തോട്ട് പാടിയിലേക്ക് തിരിയാതെ അവൻ നേരെ നടന്നു. മുമ്പിലെ കുന്നുകയറാൻ തുടങ്ങി. കിഴക്ക് ഉയർന്നുനിൽക്കുന്ന ആ കുന്നുകാരണം രാവിലെ സൂര്യൻ വൈകിയേ ഞങ്ങളുടെ ചെറിയ കുന്നിൻമുകളിലെത്താറുള്ളു. ആ കുന്നാണ് തന്റെ മകനെ മടിയനാക്കുന്നതെന്ന് അമ്മാവൻ എപ്പോഴും പറയും.

ടാപ്പർമാർ നടന്നുണ്ടായ ഒറ്റയടിപ്പാതയിലൂടെ അവൻ നടന്നുകയറി. കുന്നിനെ ചുറ്റിയുള്ള ആ പാത ഞങ്ങളെ നയിച്ചത് മറുപുറത്തേക്കായിരുന്നു. അപ്പോഴേക്കും കുന്നിന്റെ പകുതി കയറി കഴിഞ്ഞു. മറുപുറത്തെ കാഴ്ച മനോഹരമായിരുന്നു. കിഴക്ക് സഹ്യന്റെ നീലച്ചകൊടുമുടികൾക്കും മുമ്പെ ഉയർന്ന മലകൾ. പച്ചപ്പുതപ്പു പുതച്ച മലകൾ. അതിലൊന്നിനുനേരെ ചൂണ്ടിക്കൊണ്ട് രാജു ചോദിച്ചു.

‘കുട്ടൻ ആ മല കണ്ടോ?

‘ഏതു മല?’

‘അതാ ഏറ്റവും മുകളില് ഒരമ്പലം കാണാനില്ലെ? അത്’

മലമുകളിൽ മരങ്ങൾ കുറവായിരുന്നു. തുറന്ന സ്ഥലത്ത് ഏതാണ്ട് മലയുടെ നെറുകയിൽതന്നെ താഴികക്കുടമുള്ള ഒരു ചെറിയകെട്ടിടം കണ്ടു. അമ്പലമായിരിക്കണം.

‘ആ അമ്പലത്തിനു മുമ്പിൽ ഒരാളു നിൽക്കുന്നതു കണ്ടോ?’

സൂക്ഷിച്ചു നോക്കിയപ്പോൾ അവിടെ ഒരാൾരൂപം കാണാൻ കഴിഞ്ഞു. ഒരു കൈ ഉയർത്തിയ മട്ടിൽ ഒരാൾരൂപം.

‘അതാണു കണ്ടൻ.’

അവൻ തിരിഞ്ഞു നടക്കാൻ തുടങ്ങി. നടക്കുകയല്ല. ഓടുകയാണ്. എനിക്കു കുറച്ചുനേരംകൂടി അവിടെനിന്ന് ആ ദൃശ്യം ആസ്വദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ രാജു കുന്നിൻചെരിവിലെ ചരൽപ്പാതയിലൂടെ ഓടുകയായിരുന്നു. അവൻ കാർ ഓടിക്കുകയാണ്. കൈകൾ സ്റ്റീയറിംഗ്‌വീലിൽ ഉറപ്പിച്ചിരിക്കുകയാണ്. ഇടയ്ക്കിടക്ക് ഗീയർ മാറ്റുന്നുമുണ്ട്. ഞാനും ഒരു കാറിൽ കയറി പിന്നാലെ പോകാൻ നിർബ്ബന്ധിതനായി.

പാടിയിൽ നിരവീടുകൾക്കു മുമ്പിൽ കുട്ടികൾ കളിക്കുകയാണ്. അവിടെ എത്തിയതും രാജു എന്നെ തീരെ അവഗണിച്ചു, കൂട്ടുകാരോടൊപ്പം കളിക്കാൻ തുടങ്ങി. അവരുടെ ഒപ്പം കൂടുക വിഷമമാണ്. ആദ്യമായി എന്തു കളിയാണെന്നു മനസിലാക്കണം. പിന്നെ പഠിച്ചുവരുമ്പോഴേക്ക് തിരിച്ചുപേകേണ്ട സമയമാവും.

കഥ പറയുന്ന കിഴവൻ നടന്നുവരുന്നുണ്ട്. പുതപ്പുകൊണ്ടു പുതച്ച് കഞ്ചാവുബീഡി വലിച്ച് അയാൾ നടന്നുവന്നു. എന്റെ അടുത്തെത്തിയപ്പോൾ നിന്നു, കുനിഞ്ഞ് മുഖം എന്റെ വിതാനത്തിലേക്കു താഴ്ത്തി നോക്കി.

‘ഇതാര് നമ്മുടെ ദേശാടനക്കിളിയല്ലേ?’

അയാൾ എന്നെ ദേശാടനക്കിളിയെന്നാണു വിളിക്കാറ്. വേനലിൽ പറന്നുവരികയും മഴയുടെ ആരംഭത്തോടെ തിരിച്ചുപോകയും ചെയ്യുന്ന പക്ഷി.

ആ വിളിയിൽ ആക്ഷേപാർഹമായി ഒന്നും ഞാൻ കണ്ടില്ല. ശരിക്കു പറഞ്ഞാൽ ഒരു ദേശാടനക്കിളിയുടെ നിഷ്ഠയോടെ ഞാൻ താമരശ്ശേരി ചുരത്തിനടുത്തുള്ള റബ്ബർതോട്ടത്തിലെത്തുന്നു. കാലവർഷത്തിന്റെ ലക്ഷണങ്ങൾ കാണുമ്പോൾ തിരിച്ചുപോവുകയും ചെയ്യുന്നു.

അയാൾ ചുറ്റും ഒളിഞ്ഞു നോക്കി സ്വകാര്യം പറഞ്ഞു.

‘പൊകലയ്ക്കുള്ള കാശ് കൊണ്ടുവന്നിട്ടുണ്ടോ?’

ഞാൻ ഇല്ലെന്നു തലയാട്ടി. പാടിയിലേക്കു വരാനുള്ള ഉദ്ദേശ്യം ആദ്യമേ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ഒരു ഓട്ട മുക്കാലോ അരയണയോ പോക്കറ്റിൽ കരുതിയേനെ, ഐസ് ഫ്രൂട്ട് വാങ്ങാൻ.

‘അപ്പോ ഇനി എന്താ ചെയ്യാ? മോൻ കീശയിലൊക്കെ തപ്പിനോക്ക്.’

ഞാൻ ട്രൌസറിന്റെ, കീശയുടെ ശീല പുറത്തെടുത്തു കാണിച്ചു.

‘നിങ്ങളെന്തിനാണ് പുതച്ചു നടക്കുന്നത്?’

‘ഈ കണ്ടൻ വന്നു കയറിയാൽ അങ്ങിനെയാ. വേലായുധനു പുതപ്പൊക്കെവേണം; വയസായില്യേ?’

‘കണ്ടനോ?’

കണ്ടന്റെ കാര്യം രാജുവും പറഞ്ഞിരുന്നു. അതും തണുപ്പുമായി ബന്ധം?

‘ങാ ഇത്രകാലായിട്ട് കണ്ടനെ അറിയില്ലേ?’ അയാൾ വീണ്ടും തലകുനിച്ചു സ്വകാര്യം പറഞ്ഞു. ‘നാളെ ഒരരയണ കൊണ്ടുവര്വോ?

‘കൊണ്ടുവരാം’ ഞാൻ കള്ളം പറഞ്ഞു. നാളെ വരുമോ എന്നുറപ്പുണ്ടായിരുന്നില്ല.

‘ന്നാ ഞാൻ കണ്ടന്റെ കഥ പറയാം.’

വേലായുധൻ ജുബ്ബയുടെ കീശയിൽനിന്ന് കഞ്ചാവു ബീഡിയെടുത്ത് കൊളുത്തി. പുകച്ചുരുളിലൂടെ കാലം പിറകോട്ട് സഞ്ചരിച്ചു. നാലൂ നൂറ്റാണ്ടുകൾ, അറിയപ്പെടാത്ത നാളുകൾ, അറിയപ്പെടാത്ത ദേശങ്ങൾ, അറിയപ്പെടാത്ത ആളുകൾ.

സായ്പ്പന്മാർ വന്നിട്ട് ഈ കുന്നൊക്കെ വെട്ടിത്തെളിയിച്ച് റബ്ബറ് നടുംമുമ്പ് ഇവിടൊക്കെ കാടായിരുന്നു. പെരുങ്കാട്. ഇവിട്ന്ന് നാലു കാതം പടിഞ്ഞാറ് കാട് അവസാനിക്കുന്നിടത്ത് ഒരു വലിയ നായർ തറവാടുണ്ടായിരുന്നു. തെക്കെകുന്നത്ത്ന്ന് പറയും. പേരുകേട്ട കുടുംബായിരുന്നു. ഇന്നും അവര്‌ടെ താവഴികള് പലതും അവിടെ താമസിക്ക്ണ്ണ്ട്. അവരായിരുന്നു ഈ പ്രദേശത്തെ ജന്മിമാര്. നാടുഭരിക്കണ രാജാക്കന്മാര് ഓരോ കാലത്തായി ചാർത്തിക്കൊടുത്തതാ ഈ സ്വത്തൊക്കെ.

പടിഞ്ഞാറ് കണ്ണെത്താദൂരം പാടങ്ങൾ. കൊയ്ത്തു കഴിഞ്ഞാൽ തറവാട്ടിലെ കളപ്പുരയിൽ നെല്ലിന്റെ വലിയകുന്നുകളുണ്ടാവും. ഒരു തെരണ്ടു കല്യാണത്തിനുപോലും പത്തുപറ അരിയുടെ സദ്യ ഒരുക്കിയിരുന്നു. നൂറ്റൊന്നു പരദേവതകളെ ആ എട്ടുകെട്ടിലും പറമ്പിലുമായി കുടിയിരുത്തിയിരുന്നു. അവർക്ക് ആണ്ടിലൊരിക്കൽ വെവ്വേറെ പൂജ നടത്തി. കാരണവർ ആജാനബാഹു ആയിരുന്നു. നിലത്തുനിന്നാൽ ആകാശം മുട്ടും. അദ്ദേഹത്തെ എല്ലാർക്കും പേട്യായിരുന്നു. വീട്ടുകാർക്കും, കുടിയാൻമാർക്കും, പാടത്തും പറമ്പിലും ജോലി എടുത്തിരുന്നോർക്കും. ആ കാരണവരുടെ ഏക മരുമകളായിരുന്നു പതിനാലുവയസു പ്രായമുള്ള സുന്ദരിയായ ലക്ഷ്മി. ഈ കാണായ സ്വത്തിനു മുഴുവൻ അവകാശി. കാരണവർക്ക് ഭാഗ്യത്തിന് ഒരു മകനേയുള്ളു. അവന്റെ മുറപ്പെണ്ണായ ലക്ഷ്മി എല്ലാവരുടെയും കണ്ണിലുണ്ണിയായി വളർന്നു.

എട്ടുകെട്ട് കിടക്കുന്നത് നിറയെ മരങ്ങൾ തിങ്ങി നിൽക്കുന്ന ഒരു വലിയ പറമ്പിന്റെ നടുവിലാണ്. നിറയെ തെങ്ങുകൾ, മാവുകൾ, പ്ലാവുകൾ തുടങ്ങിയ വൃക്ഷങ്ങൾ. എങ്ങും പച്ചപ്പുമാത്രം. മുകളിലെ നിലയിൽനിന്ന് പറമ്പിലെ പച്ചപ്പ് നോക്കിയിരിക്കുക ലക്ഷ്മിയുടെ പതിവായിരുന്നു. ബന്ധുക്കളായ കുട്ടികൾ കളിച്ചു തിമിർക്കുമ്പോഴും ലക്ഷ്മി അവളുടെ മുറിയുടെ വാതായനത്തിലൂടെ പുറംലോകം നോക്കി സ്വപ്നം കാണും. അവളുടെ ഇടതൂർന്ന നീണ്ടതലമുടി ചുമലിലൂടെ ഉതിർന്നു കിടക്കും. നീണ്ടിടംപെട്ട മനോഹരമായ കണ്ണുകൾ പ്രകൃതിയുടെ സൗന്ദര്യം ഊറ്റിക്കുടിക്കും. പിന്നേയും എന്തിനോ വണ്ടി ദാഹിക്കും.

മഴക്കാലത്തിനുമുമ്പ് പറമ്പ് വൃത്തിയാക്കി തെങ്ങിന്റെ കടകീറാനായി ജോലിക്കാരെത്തി. തോർത്തുമുണ്ടും അതിനിടയിലൂടെ കാണുന്ന കൗപീനവും മാത്രം വേഷം. നീണ്ടപിടിയും വീതികൂടിയ അലകുമുള്ള കൈക്കോട്ടുമായി അവർ പറമ്പിൽ ജോലി തുടങ്ങി. അഞ്ചുപേർ, അഞ്ചുചെറുപ്പക്കാർ. അവർക്കിടയിൽ ഒരുത്തൻ ലക്ഷ്മിയുടെ ശ്രദ്ധപിടിച്ചുപറ്റി. വിരിഞ്ഞമാറ്, ഒത്ത ഉയരം, മാറിലേയും കൈയിലേയും പേശികൾ വലിയ കണ്ണുകൾ ഉദിച്ചുനിന്നു. ചുമലിലെ വിയർപ്പ് ഉള്ളം കയ്യിൽ ഒപ്പിയെടുത്ത് കൈക്കോട്ടിന്റെ പിടിയിൽ അമർത്തി അവൻ വെട്ടുമ്പോൾ ഭൂമി വിറച്ചു. ഓരോ കൊത്തിനും ഭൂമിയിൽ ഒരു പാതാളം ഉണ്ടായി. കൈക്കോട്ട് ആകാശത്തേക്കുയർത്തി വെട്ടുമ്പോൾ അവന്റെ പേശികൾ ഉരുണ്ടുകളിച്ചു. അവന്റെ വിയർത്ത ശരീരം വെയിൽ തട്ടിത്തിളങ്ങി.

ലക്ഷ്മിയുടെ മനസ്സിൽ ഒരു കരടിറങ്ങിവന്നു. ഹൃദയത്തിൽ അതു കിക്കിളിയുണർത്തി. നെഞ്ചിനുള്ളിൽ അതൊരു നൊമ്പരമായി വളർന്നു.

ഓരോ ദിവസവും സന്ധ്യാനേരത്ത് വല്ലിവാങ്ങാനായി ചെറുമക്കൾ മുറ്റത്ത് കാത്തുനിൽക്കുമ്പോൾ ലക്ഷ്മി അകായിലെ ജനലിലൂടെ നോക്കി, നീണ്ടിടംപെട്ട രണ്ടുകണ്ണുകൾ പൗരുഷമുള്ള രണ്ടു കണ്ണുകളുമായി ഇടഞ്ഞു.

പറമ്പു വൃത്തിയായിത്തുടങ്ങി. പണി പുരോഗമിക്കുംതോറും ലക്ഷ്മിയുടെ ഉള്ളിലെ വേദനയും വളർന്നു. അവസാനദിവസം ഉച്ചക്കഞ്ഞിക്കായി ജോലിക്കാർ വീടിനു പിന്നിലൂടെ നടന്നുവരുമ്പോൾ ലക്ഷ്മി അവളുടെ മുറിയിലെ ജനലിലൂടെ നോക്കി. അവൻ പിന്നിൽ ഒറ്റയ്ക്ക് നടന്നുവരുന്നു. അവന്റെ കണ്ണുകൾ മുകളിലേക്ക് നീണ്ടു. നാലു കണ്ണുകൾ സംസാരിച്ചു.

ലക്ഷ്മി തലയിൽ ചൂടിയ മുല്ലപ്പൂമാല പറിച്ചെടുത്ത് ജനലിന്റെ അഴിയിലൂടെ കയ്യിട്ട് മുറ്റത്തേക്കെറിഞ്ഞു. കണ്ടൻ നിന്നു. കാൽക്കൽ വീണ മുല്ലമാല എന്തുചെയ്യണമെന്നറിയാതെ അവൻ കുഴങ്ങി. ആരെങ്കിലും കണ്ടാൽ തന്റെ കഥ കഴിഞ്ഞതു തന്നെ. അവൻ ചുറ്റും നോക്കി, മുകളിലേക്കും. ജനലിനുപിന്നിൽ മന്ദഹസിക്കുന്ന രണ്ടു കണ്ണുകൾ. പിന്നെ അവൻ സംശയിച്ചില്ല. ആ മാല പെട്ടെന്ന് കയ്യിലെടുത്ത് വാസനിച്ച് തോർത്തിന്റെ കോന്തലയിൽ തിരുകി അവൻ നടന്നു.

കാലവർഷം നേരത്തെ തുടങ്ങി. കരുത്തേറിയ രണ്ടുകൈകൾ തുറന്നിട്ട തെങ്ങിന്റെ കടയിലും തൊടിയിലും വെള്ളം നിറഞ്ഞു. തവളകളുടെ സംഗീതമുയർന്നു. രാത്രി ആരവത്തോടെ കാറ്റുംമഴയും വന്നപ്പോൾ കിടപ്പുമുറിയിൽ ഉറക്കം വരാതെ ലക്ഷ്മി കിടന്നു. കരിങ്കൽ പ്രതിമപോലുള്ള ഒരു പുരുഷരൂപം അവളുടെ ഉറക്കം കളഞ്ഞിരുന്നു. അവളുടെ ആജ്ഞ കേൾക്കാൻ കാതോർത്തിരുന്ന തോഴിമാർക്ക് കൊച്ചുതമ്പുരാട്ടിയുടെ വിഷമങ്ങൾ മനസ്സിലായില്ല. അവളെ സന്തോഷിപ്പിക്കാൻ ചെയ്ത ശ്രമങ്ങൾ പാഴിലായി.

ഈറൻ സന്ധ്യകളിൽ അവൾ ഒറ്റക്കിരുന്ന് വിങ്ങിക്കരഞ്ഞു. മഴക്കാലം അവളുടെ ഹൃദയത്തെ തണുപ്പിക്കാതെ കടന്നുപോയി.

ആടിമാസസന്ധ്യകൾ എങ്ങോ പോയിമറഞ്ഞു. ആകാശം നീലയണിഞ്ഞു. ആവണിപ്പുലരികൾ പൂക്കളുമായി വന്നു. അത്തംനാളിൽ മുറ്റത്ത് പൂക്കളമുണ്ടാക്കാൻ കുട്ടികൾ മത്സരിച്ചപ്പോൾ ലക്ഷ്മി ഒഴിഞ്ഞുനിന്നു. കാണിക്കയായി ഏത്തക്കുലകളും മത്തനും ഇളവനും ചുമലിലേറ്റി ചെറുമക്കൾ വന്നപ്പോൾ അവളുടെ കണ്ണുകൾ ഒരാൾക്കുവേണ്ടി പരതി. അവൾക്ക് കാണേണ്ടയാൾ അവർക്കിടയിൽ ഉണ്ടായിരുന്നില്ല. അവൾ നിശ്ശബ്ദയായി തേങ്ങി.

തിരുവോണത്തിന്റെ തലേദിവസം അമ്പലത്തിൽനിന്നു തിരിച്ചുവരുമ്പോൾ മുമ്പിൽ നടക്കുകയായിരുന്ന കൂട്ടികാരികളിൽനിന്നുമകന്ന് പിന്നിൽ ലക്ഷ്മി ഒറ്റപ്പെട്ടുനടന്നു. കയ്യിലെ വെള്ളിത്തട്ടിൽ പൂജയ്ക്കുവച്ച പൂക്കൾ. പാതയുടെ ഒരുവശം വിശാലമായ വയലുകളും മറുവശം കാടുമായിരുന്നു. മരങ്ങൾ ഇടതൂർന്ന ആ പച്ചപ്പിനിടയിൽ ഒരു രൂപം കണ്ട് അവൾ പെട്ടെന്നു നിന്നു. അവളുടെ കാലുകൾ മണ്ണിൽ ഉറച്ചുപോയി. അവിടെ ഒരു കരിങ്കൽ പ്രതിമ പോലെ അനങ്ങാതെ നിൽക്കുന്നത് ലക്ഷ്മി കാണാൻ കൊതിച്ചിരുന്ന രൂപമായിരുന്നു. കൂട്ടുകാരികൾ അകന്നുപോയി ഒരു വളവിൽ അപ്രത്യക്ഷരായി. ഉറച്ചുപോയ കാലുകൾക്ക് ജീവൻ വന്നപ്പോൾ അവൾ നടന്നു. മുന്നോട്ടല്ല, മറിച്ച് വഴിയോരത്തെ വൃക്ഷങ്ങൾക്കിടയിലേക്ക്.

‘തമ്പുരാട്ടീ,’ അവൻ പറഞ്ഞു. ‘എന്താണ് ചെയ്യുന്നത്?’

അവന്റെ സ്വരത്തിൽ പരിഭ്രമമുണ്ടായിരുന്നു. താൻ ആരാധിച്ചിരുന്ന ദേവതയുടെ സാമീപ്യം അവനിൽ ഉദ്വേഗം വളർത്തി. ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ആ പെൺകുട്ടിചെയ്യുന്നത്. അന്നൊന്നും ചെറുമക്കൾക്ക് നായന്മാരുടെ അടുത്തു ചെല്ലാൻ പാടില്ല. അബദ്ധത്തിലെങ്ങാൻ ഒരു ചെറുമനെ തൊട്ടാൽ കുളിച്ച് പുണ്യാഹം തളിച്ചേ വീട്ടിൽ കയറാനാകൂ. ഇവിടെ ഇതാ വയസ്സറിയിച്ച ഒരു കന്യക ഒരു ചെറുമന്റെ അടുത്ത് കൂസലില്ലാതെ വന്നു നിൽക്കുന്നു!

മുമ്പിൽ കാതരയായി നിൽക്കുന്ന ആ പെൺകുട്ടിയുടെ സൗന്ദര്യം അവനെ അസ്വസ്ഥനാക്കി.

കസവുമുണ്ട്. നഗ്നമായ മാറിൽ സ്വർണമാല. ആ സൗന്ദര്യത്തിൽ മുഗ്ദ്ധനായി കണ്ടൻ പറഞ്ഞു.

‘തമ്പുരാട്ടി പോകൂ’

അവൾ കൂസലില്ലാതെ നിൽക്കുകയാണ്. ഇത്രയുംനാൾ അന്വേഷിച്ചുനടന്ന, ധ്യാനിച്ചുനടന്ന, ആ രൂപം മുമ്പിൽ വന്നുപെട്ടപ്പോൾ വിട്ടുപോകാൻ ഒരു ധൃതിയും അവൾ കാണിച്ചില്ല. അവൾ ചോദിച്ചു.

‘എന്താ പേര്?’

‘കണ്ടൻ.’ അവൻ പറഞ്ഞു. ‘അടിയന്റെ പേര് കണ്ടൻന്നാ.’

രാജു ഓടിവന്ന് എന്റെ സ്വപ്‌നാവസ്ഥ തകർത്തു.

‘നമുക്ക് പോകാം. അച്ഛൻ വരേണ്ടനേരായി.’

തണുത്ത കാറ്റ് അപ്പോഴും വീശുന്നുണ്ട്. വേലായുധൻ പുതപ്പ് ഒന്നുകൂടി അടുപ്പിച്ച് കീശയിൽനിന്ന് ഒരു പുതിയ ബീഡി തപ്പിയെടുത്തു.

രാജു അദൃശ്യമായ കാർ സ്റ്റാർട്ടാക്കി, ഞാൻ കയറാൻവേണ്ടി അക്ഷമനായി നിൽക്കുകയാണ്. ഞാൻ എഴുന്നേറ്റു കാറിൽ കയറി. സമയത്തിന്റെ ദ്രുതവാഹനത്തിൽ ഞാൻ ഒരു വിമുഖയാത്രക്കാരനായിരുന്നു.


പിന്നിൽനിന്ന് വേലായുധൻ വിളിച്ചുപറഞ്ഞു. ‘നാളെ വരുമ്പോൾ പൊകലയ്ക്കുള്ളകാശ് കൊണ്ടു വരണം. ബാക്കി കഥ പറഞ്ഞു തരാം.

ഞാൻ അപ്പോഴും വർത്തമാനകാലത്തിലെത്തിയിരുന്നില്ല. എനിക്ക് മുമ്പിൽ കാടിന്റെ പച്ചപ്പും അതിൽ വൃക്ഷത്തിനു താഴെ ഹൃദയം തുറക്കുന്ന കമിതാക്കളുമായിരുന്നു.

‘എന്താടാ മോനെ നീ പറയാതെ പോയത്?’

അമ്മായി ചോദിച്ചു.

‘അമ്മ ഉറങ്ങ്വായിരുന്നു.’

‘ഭാഗ്യത്തിന് മാതു നിങ്ങളെ കണ്ടിരുന്നു. പാടിയിലുണ്ടെന്ന് അവളാ പറഞ്ഞത്.’

കണ്ടൻ വന്നപോലെത്തന്നെ പെട്ടെന്ന് തിരിച്ചുപോയി. ഇപ്പോൾ നല്ല ചൂടനുഭവപ്പെട്ടു. ഇനി രാത്രിയോടുകൂടി തണുക്കാൻ തുടങ്ങും. പകൽ എത്ര ചൂടായാലും രാത്രി തണുപ്പാണ്. ചുരുണ്ടുകൂടി ഉറങ്ങാൻ സുഖം. റാട്ടയുടെ ചക്രങ്ങൾ കറങ്ങുന്ന ശബ്ദം ഒരു പശ്ചാത്തലസംഗീതമായി കേൾക്കാം. കാറ്റിൽ റബ്ബർപാലിന്റെയും ശീമക്കൊന്നയുടെ ചതഞ്ഞ ഇലകളുടെയും കൂടിച്ചേർന്ന മണം വരും. ആ മണം ഞാൻ ആവോളം ആസ്വദിക്കും. പകൽ കുന്നുകൾ കയറിയിറങ്ങിയ അനുഭവം കാലുകളിൽ തങ്ങിനിൽക്കുന്നുണ്ടാവും. പൊന്നാനിയിൽ കുന്നുകൾ പോയിട്ട് ചെങ്കല്ലുകൾ കാണുന്നത് വീടുകളിലെ തേയ്ക്കാത്ത ചുവരുകളിൽ മാത്രമായിരുന്നു. മണൽ മാത്രം. വർഷം മുഴുവൻ ആ മണൽ ചവിട്ടി നടക്കുമ്പോൾ താമരശ്ശേരിയിൽ റബർ പാലിന്റെയും ശീമക്കൊന്നയുടെയും മണമുള്ള കുന്നുകൾ എന്നെ നിശ്ശബ്ദമായി വിളിക്കുന്നുണ്ടാവും.

വേലായുധൻ കാത്തുനിൽക്കുകയായിരുന്നു. ഒരു കീറിയ ബനിയനും മുണ്ടും മാത്രം വേഷം. പുതപ്പില്ല. ഞാൻ നീട്ടിയ ഒരണയുടെ നാണ്യം കയ്യിൽ വാങ്ങി തിരിച്ചുംമറിച്ചും നോക്കി, നല്ലതെന്നു തിട്ടപ്പെടുത്തി അയാൾ കീശയിലിട്ടു. അതേ കയ്യിൽത്തന്നെ പുറത്തെടുത്ത കഞ്ചാവുബീഡി തീപ്പെട്ടി ഉരസി കൊളുത്തി.

‘അപ്പൊ നമ്മളെവിട്യാ നിർത്തീത്...? ങാ, അവൻ പറഞ്ഞു. അടിയന്റെ പേര് കണ്ടൻന്നാ.’

കാരണവർക്ക് നല്ല ഓർമ്മശക്തിയുണ്ട് അവിടെത്തന്നെയാണ് നിർത്തിയിരുന്നത്.

ഓൻ പിന്നീം പറഞ്ഞു. ‘തമ്പുരാട്ടി പോകു.’

‘എന്റെ പേര് തമ്പുരാട്ടീന്നല്ല.’

‘അടിയന്നറിയാം’ കണ്ടൻ പറഞ്ഞു. ‘പക്ഷെ അടിയന് ആ പേര് പറയാൻ പാടില്ല. ഞങ്ങൾ ചെറുമക്കളാണ്.’

‘കണ്ടൻ ഇത്രയും കാലം എവിട്യായിരുന്നു?’ ഓണത്തിനും കണ്ടില്ലല്ലോ.’

ഞാൻ കൊച്ചുതമ്പുരാട്ടീനെ ദിവസവും കാണാറുണ്ട്. തമ്പുരാട്ടി അമ്പലത്തിലു പോവുമ്പം അടിയൻ ഇവിടെ നിന്നു നോ ക്കാറുണ്ട്. കൊച്ചുതമ്പുരാട്ടി ഇപ്പോ പോവു. ആരെങ്കിലും അന്വേഷിച്ചു വരും.

‘കണ്ടനെ നാളെയും കാണ്വോ?’

‘അടിയൻ ഇവിടെത്തന്നെയുണ്ടാവും തമ്പുരാട്ടി.’

കണ്ടനു കൂലിപ്പണിയിൽ താൽപര്യമുണ്ടായിരുന്നില്ല. കാട്ടിൽ അലയാനായിരുന്നു ഇഷ്ടം. അവൻ കാട്ടിൽപോയി വിറകുവെട്ടി, തേൻ ശേഖരിച്ചു. മുമ്പെല്ലാം അവൻ കാട്ടിൽ ഒന്നിച്ച് ദിവസങ്ങളോളം കഴിയാറുണ്ട്. പകൽ തേൻ ശേഖരിച്ചു നടക്കും. രാത്രി മരങ്ങളുടെ കവരങ്ങളിൽ ഉറങ്ങും. ലക്ഷ്മിയെ കണ്ടശേഷം ആ പതിവുനിർത്തി. രാവിലെ അവൾ അമ്പലത്തിൽ പോകു ന്ന സമയത്ത് എങ്ങനെയെങ്കിലും അവൻ എത്തും. ദേവീ ദർശനത്തിനായി ലക്ഷ്മി അമ്പലത്തിൽ പോയി, കണ്ടൻ അവന്റെ ദേവിയെ ദർശിക്കാനായി വഴിയോരത്തു മറഞ്ഞുനിന്നു.’

ലക്ഷ്മിക്കു പുറമെ കണ്ടൻ ആരാധിച്ചിരുന്ന ഒരു ദേവിയുണ്ടായിരുന്നു മലമുകളിൽ. കുന്ന്മ്മൽ ഭഗവതി എന്നു നാട്ടുകാർ വിളിക്കുന്ന ഭഗവതി. ആ ഭഗവതീക്ഷേത്രത്തിൽ ചെറുമക്കൾക്കും ആരാധിക്കാമായിരുന്നു. മലമുകളിലായതുകൊണ്ട് അവിടെ നിത്യപൂജയൊന്നുമില്ല. ചില വിശേഷദിവസങ്ങളിൽമാത്രം പൂജാരി ഒരു സഹായിയേയും കൂട്ടി മലകയറും, അവിടെയൊക്കെ വെട്ടി വെടുപ്പാക്കി പൂജ നടത്തി തിരിച്ചുവരും. കാട്ടിൽ അലയുന്ന ചെറുമക്കളും കാടന്മാരും ദേവിയെ തൊഴുതുപ്രസാദിപ്പിച്ചു. ദേവി കനിഞ്ഞ് അവർക്ക് തേൻ മുറ്റിയ കൂടുകളുള്ള മരങ്ങളും കാട്ടുകിഴങ്ങുകളും എവിടെയാണെന്നു വെളിപ്പെടുത്തിക്കൊടുത്തു. അവരുടെയും മക്കളുടെയും ആധിവ്യാധികൾ മാറ്റിക്കൊടുത്തു.

ദേവി ദിവസത്തിലൊരിക്കൽ തേരിലേറി മലയിറങ്ങും തന്റെ ജ്യേഷ്ഠസഹോദരിയെ കാണാൻ. കുറുമ്പക്കാവിലെ ഭഗവതിയാണ് സഹോദരി. ആ വരവിനു പ്രത്യേക സമയമൊന്നുമില്ല. അല്പം മന്ദബുദ്ധിയായതു കൊണ്ടായിരിക്കണം കുന്ന്മ്മൽ ഭഗവതിക്ക് തന്റെ ജ്യേഷ്ഠത്തിയുടെ ശ്രീകോവിൽ അടയ്ക്കുന്ന സമയം അറിയില്ല. ചിലപ്പോൾ അമ്പലത്തിലെത്തിയാലാവും പൂജകഴിഞ്ഞ് നട അടച്ചുകാണുക. പിന്നെ ദേവിയെ കാണാൻ പറ്റില്ല. അപ്പോൾ അനുജത്തി രോഷാകുലയായി തിരിച്ചുപോകും. ആ സമയത്ത് വഴിയിൽ ആരെങ്കിലുമുണ്ടെങ്കിൽ അപകടമാണ്. ഒരിക്കൽ കണിയാന്മാർ ഒന്നിച്ചിരുന്ന് അമ്പലമുറ്റത്ത് ദേവപ്രശ്‌നം വെച്ചുനോക്കിയപ്പോഴാണ് രണ്ടുസഹോദരിമാരുടെ ബന്ധത്തെപ്പറ്റിയും തേർവാഴ്ചയെപ്പറ്റിയും മനസ്സിലായത്. മലമുകളിൽനിന്നു താഴ്‌വരയിലുള്ള അമ്പലംവരെയുള്ള നേർരേഖയിലാണു തേർവാഴ്ച. ആൾക്കാർ കഴിയുന്നതും അതിനിടയിലുള്ള നടത്തം ഒഴിവാക്കുകയാണു പതിവ്.

കുന്ന്മ്മൽ ഭഗവതിയുടെ അമ്പലമുറ്റത്ത് ഒരു പൂമരമുണ്ട്. നല്ല വാസനയുള്ള പൂക്കൾ വിരിയുന്ന ആ മരം എന്താണെന്ന് ആർക്കും അറിയില്ല. വേറെ എവിടെയും ആ മരം കണ്ടിട്ടില്ല. ഭഗവതിപ്പൂവെന്നാണ് നാട്ടുകാർ ഇതിനെ വിളിക്കുന്നത്. അതിന്റെ പൂവറുക്കുന്നത് ഭഗവതിക്കിഷ്ടമല്ല.

ലക്ഷ്മിയെ കാണാൻ തുടങ്ങിയശേഷം കണ്ടൻ അമ്പലത്തിൽ മുമ്പത്തെപ്പോലെ പോയിരുന്നില്ല. അതു ശ്രദ്ധിച്ചിരുന്ന ഒരാളുണ്ടായിരുന്നു. ദേവി തന്നെ. ദേവി കണ്ടനെ ശ്രദ്ധിച്ചിരുന്നു. അവന്റെ ദൃഢമായ പേശികളുള്ള കറുത്ത് എണ്ണമയമുള്ള ദേഹം ഭഗവതി ഇഷ്ടപ്പെട്ടിരുന്നു. അതുകാരണം അവൾ കണ്ടന്റെ പാതയിലെ മുള്ളുകളെയും ഹിംസ്രമൃഗങ്ങളെയും മാറ്റിക്കൊടുത്തു. മരങ്ങളിൽ തേനെടുക്കാൻ കയറുമ്പോൾ തേനീച്ചകളെ മയക്കി നിർത്തി.

കണ്ടനെ മുന്നെപ്പോലെ കാ ണാറില്ലെന്നു ശ്രദ്ധിച്ചുവെങ്കിലും അതിന്റെ കാരണം ദേവിയ്ക്കു മനസ്സിലായിരുന്നില്ല. അവൾ പതിവുപോലെ തേരിൽ ജേഷ്ഠത്തിയെ കാണാൻ പോവുകയും നടയടച്ചുകണ്ട് രോഷാകുലയായി കലമ്പിക്കൊണ്ട് തിരിച്ചുപോകയും ചെയ്തു. ഒരു ദിവസം അങ്ങനെ തിരിച്ചുപോകുമ്പോഴാണ് ദേവി കണ്ടനെ കണ്ടത്. ഒരു മരച്ചുവട്ടിൽ വെള്ളിത്താലത്തിൽ പൂക്കളുമായി നിൽക്കുന്ന ഒരു സുന്ദരിയുടെകൂടെ, കണ്ടന്റെ കണ്ണുകളിൽ ആരാധനയും സുന്ദരിയുടെ കണ്ണുകളിൽ പ്രേമവുമുണ്ടായിരുന്നു. ഭഗവതിക്ക് അസൂയയായി. അവൾ കൂടുതൽ രോഷാകുലയായി തേരോടിച്ചുപോയി. ഇതു വീണ്ടും വീണ്ടും ആവർത്തിച്ചു. ഭഗവതിയുടെ കോപം കൂടിവന്നു. എന്നിട്ടും കണ്ടന്റെ പാതകളിൽ കല്ലും മുള്ളും നിറയ്ക്കാനോ, തേനീച്ചകളെ ഇളക്കിവിടാനോ അവൾക്കു തോന്നിയില്ല. എങ്ങനെയെങ്കിലും കണ്ടനെ സ്വന്തമാക്കണമെന്ന മോഹമുണ്ടായി ഭഗവതിക്ക്.

ലക്ഷ്മി കണ്ടന്റെ ജീവിതത്തെപ്പറ്റി ചോദിച്ചു മനസ്സിലാക്കി. കാട്ടിൽ ദിവസങ്ങളോളമുള്ള യാത്രയും, അനുഭവപ്പെട്ട കാര്യങ്ങളുമെല്ലാം കണ്ടൻ പറയും. അങ്ങനെയാണ് കുന്ന്മ്മൽ ഭഗവതിയുടെ കാര്യം ലക്ഷ്മി അറിഞ്ഞത്. അമ്പലമുറ്റത്തുള്ള പൂമരത്തെപ്പറ്റി പറഞ്ഞപ്പോൾ ലക്ഷ്മിക്ക് ആ പൂവ് കിട്ടണമെന്ന ആഗ്രഹമുണ്ടായി. കാറ്റിൽ താഴ്‌വരയിലെത്തുന്ന സുഗന്ധം ആ പൂവിന്റേതാണെന്നറിഞ്ഞപ്പോൾ അവൾക്ക് ആ പൂവ് കിട്ടിയേ തീരൂ.

കണ്ടൻ ധർമ്മസങ്കടത്തിലായി. ആ പൂവ് പറിക്കുന്നത് അവിവേകമാണ്, അപകടമാണ് എന്ന് അവന്നറിയാം. അതിനു ശ്രമിച്ചവരെപ്പറ്റി ധാരാളം കഥകളുണ്ട്. പലർക്കും ഭ്രാന്തായി, പലരും മസൂരിപിടിച്ചു മരിച്ചു, പലരെയും മടക്കയാത്രയിൽ പുലികളാക്രമിച്ചുകൊന്നു.

അന്നു വെള്ളിയാഴ്ചയായിരുന്നു. വെള്ളിയാഴ്ച ദിവസങ്ങളിൽ ദേവിക്ക് ആരെയും കാണുന്നതിഷ്ടമല്ല. പതിവുള്ള തേർവാഴ്ചയും അന്നില്ല. രാത്രി കണ്ടന് ഉറക്കം വന്നില്ല. കുടിലിലെ ചാണകംതേച്ച നിലത്ത് തഴപ്പായിൽ കിടന്ന് അവൻ ഉഴച്ചു. പൂവറുക്കാൻ ശ്രമിക്കുന്നതും ഭഗവതി കോപിച്ച് വാളുറഞ്ഞ് വരുന്നതും കണ്ട് ഞെട്ടിയുണരുമ്പോൾ നേരിയ ചുണ്ടുകളും ഇടതൂർന്ന ഇമകൾക്കു താഴെ വലിയ കണ്ണുകളും സ്വർണ്ണമാലയെ വെല്ലുന്ന നിറമുള്ള ഇളംമാറിടവും ഓർമ്മവരും. എങ്ങനെയെങ്കിലും പൂവറുത്തുകൊണ്ടുവരണമെന്ന് തീരുമാനിക്കും. വീണ്ടും ദുസ്വപ്‌നങ്ങൾ.

വെളുപ്പിനു മുമ്പ് അവൻ എഴുന്നേറ്റ് മലമുകളിലേക്കു പുറപ്പെട്ടു. മലമുകളിൽ അമ്പലമുറ്റത്തെത്തിയപ്പോൾ സൂര്യൻ മരച്ചില്ലകൾക്കിടയിലൂടെ രശ്മികൾ പായിച്ച് ശ്രീകോവിലിനുള്ളിലുള്ള വിഗ്രഹം ദീപ്തമാക്കിയിരുന്നു. പ്രാകൃതമായ ഒരു കരിങ്കൽ വിഗ്രഹമായിരുന്നു അത്. കണ്ടനെ കണ്ടതോടുകൂടി ഭഗവതിക്കു സന്തോഷമായി. അവൻ കൈകൂപ്പി.

‘ദേവി അടിയനോടു ക്ഷമിക്കണം. അടിയൻ ഒരു കാര്യത്തിനായി വന്നതാണ്. അടിയന് വേണ്ടപ്പെട്ട ഒരു കുട്ടിക്ക് ഭഗവതിപ്പൂവ് വേണം. ഞാൻ ഒരെണ്ണം പറിക്കുന്നുണ്ട്. തിരുവുള്ളക്കേടുണ്ടാകരുത്.

മരത്തിന്റെ ചില്ലകൾ കാറ്റിൽ ഇളകി സൂര്യനെ മറച്ചു. ചിരിച്ചുകൊണ്ടിരുന്ന ഭഗവതിയുടെ മുഖം പെട്ടെന്നു രൗദ്രമായി. തേർവാഴ്ചയുടെ ഇടയിൽ കണ്ടനെയും ഒരു പെൺകുട്ടിയെയും അടുത്തടുത്തായി നിൽക്കുന്നത് കാണാറുള്ളത് ഭഗവതിക്ക് ഓർമ്മവന്നു. പൂവ് ആ പെൺകുട്ടിക്കു വേണ്ടിയാണെന്നും ഭഗവതിക്ക് മനസ്സിലായി. അവൾ ശ്രീകോവിലിൽ നിന്നിറങ്ങിവന്നു. കണ്ടന് അത്ഭുതമൊന്നുമുണ്ടായില്ല. ഭഗവതിക്ക് അങ്ങനെ ഇറങ്ങിവരാൻ കഴിയുമെന്ന് അവൻ വിശ്വസിച്ചിരുന്നു. അവന്റെ മനസ്സിലുണ്ടായിരുന്ന രൂപം തന്നെയായിരുന്നു അത്. കറുത്തനിറം, മുഖത്തെല്ലാം കുത്തുകൾ, നീണ്ടമുടി.

‘അടിയൻ എന്താണാവോ വേണ്ടത്?’

കണ്ടൻ കൈകൂപ്പി.

‘രണ്ടു കാര്യം.’ ഭഗവതി പറഞ്ഞു. ‘ഒന്നാമതായി നീ ആ പെൺകുട്ടിയെ ഉപേക്ഷിക്കണം. രണ്ടാമതായി നീ എന്റെ ഒപ്പം ഈ മലമുകളിൽ താമസിക്കണം’.

മലമുകളിൽ എവിടെയോ ഒരു പാറ ഇടിഞ്ഞു വീണു. കണ്ടന്റെ ഹൃദയത്തിലൂടെ അതു കടന്നുപോയി. അവന്റെ മനസ്സ് പക്ഷെ ഒരു മലപോലെ ഉറച്ചുനിന്നു. ദേവി ആവശ്യപ്പെട്ട രണ്ടുകാര്യങ്ങളും അവനു സ്വീകാര്യമായിരുന്നില്ല. ഒന്നാമതായി പ്രാണനെപ്പോലെ സ്‌നേഹിക്കുന്ന പെൺകുട്ടിയെ ഉപേക്ഷിക്കുന്ന പ്രശ്‌നമേയില്ല. രണ്ടാമത്തെ കാര്യം, ഭഗവതി ദേവിയാണ്. ദൈവങ്ങൾ ദൈവത്തിന്റെ പാട്ടിലും അടിയങ്ങൾ അടിയങ്ങളുടെ പാട്ടിലും ജീവിക്കുകയാണ് ഉത്തമം.

‘തിരുവുള്ളക്കേടുണ്ടാവരുത്.’ കണ്ടൻ പറഞ്ഞു. ‘അടിയന് ഇതു രണ്ടും പറ്റില്ല. കല്യാണം കഴിക്കുക പോയിട്ട് ഒന്നു തൊടാനും കൂടി പാടില്ലാത്ത ഒരു പെൺകുട്ടിയെയാണ് അടിയൻ സ്‌നേഹിക്കുന്നത്. പക്ഷെ ഈ ജീവിതം അവൾക്കായി ഉഴിഞ്ഞുവച്ചിരിക്കുകയാണ്.’

ഭഗവതി പ്രലോഭനങ്ങളുടെ പെട്ടിതുറന്നു. മലയുടെഗുഹകളിലൊന്നിൽ ഒളിഞ്ഞുകിടക്കുന്ന നിധി കാട്ടിത്തരാമെന്നവൾ പറഞ്ഞു.

‘കൊച്ചുതമ്പുരാട്ടിയേക്കാൾ വലിയ നിധി അടിയനില്ല.’

‘നിന്നെ ഈ കാടിന്റെയും നാടിന്റെയും അധിപനാക്കാം. കാട്ടുമൃഗങ്ങളും മനുഷ്യരും ഒരേപോലെ നിന്റെ ആജ്ഞാനുവർത്തികളാവും. നീ ദേവനാകും.’

തനിക്കു സാധാരണ മനുഷ്യനായി ജീവിച്ചാൽ മതിയെന്ന് കണ്ടൻ മറുപടി നൽകി. ദൈവപട്ടത്തെ അവൻ പുറംകൈകൊണ്ട് തട്ടിമാറ്റി. പ്രലോഭനങ്ങൾകൊണ്ടൊന്നും അവനെ സ്വാധീനിക്കാൻ കഴിയില്ലെന്നു കണ്ട ഭഗവതി ഭീഷണിയുടെ ആയുധം എടുത്തു.

‘ഞാൻ നിന്നെ കല്ലാക്കി മാറ്റും.’

‘ദേഹം കല്ലാക്കിമാറ്റാൻ അവിടുത്തേക്കു പറ്റും. പക്ഷേ, അടിയന്റെ ആത്മാവ് കൊച്ചുതമ്പുരാട്ടിയുടെ അടുത്തായിരിക്കും.’

ചോദിച്ചിട്ട് കാര്യമില്ലെന്ന് കണ്ടപ്പോൾ അവൻ കാട്ടുനീതി നടപ്പാക്കാൻ തീർച്ചയാക്കി. അവൻ പൂമരത്തിനടുത്തേക്കു നടന്നു. എന്തുഭംഗിയും മണവുമുള്ള പൂക്കൾ. മികവുറ്റ ഒരു പൂവ് പറിക്കാനായി അവൻ കൈനീട്ടി. ആ നിമിഷത്തിൽ രോഷം സഹിക്കാനാവാതെ ഭഗവതി ശപിച്ചു.

‘കല്ലായിത്തീരട്ടെ!’

നീട്ടിയ കയ്യോടെ ഒരു ശിലയായി കണ്ടൻ നിന്നു.

ശനിയാഴ്ച രാവിലെ അമ്പലത്തിൽനിന്നു മടങ്ങുമ്പോൾ കണ്ടനെ കണ്ടില്ല. ഭഗവതിപ്പൂപറിക്കാൻ പോയതായിരിക്കുമെന്ന് ലക്ഷ്മി ആശ്വസിച്ചു. പിറ്റേന്നും അതിനു പിറ്റേന്നും കാണാതായപ്പോൾ അവൾക്കു പേടിയായി. കണ്ടന് എന്തെങ്കിലും പറ്റിയിരിക്കുമോ?

കണ്ടൻ കല്ലായി മാറിയ വിവരം അവന്റെ വീട്ടുകാരും നാട്ടുകാരും അറിഞ്ഞത് വൈകിയാണ്. അവന്റെ അഭാവത്തിൽ വീട്ടുകാർ ഒന്നും സംശയിച്ചില്ല. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന യാത്രകളിലൊന്നായിരിക്കും അതെന്നവർ കരുതി. ഒരാഴ്ചകഴിഞ്ഞു. കണ്ടന്റെ വിവരമൊന്നുമില്ല എന്നായപ്പോൾ ലക്ഷ്മി വിഷമിച്ചു. അവൾ ഭക്ഷണം കഴിക്കാതായി. ഏതുസമയവും ആലോചനയിലായി. രാവിലെ അമ്പലത്തിൽ പോക്കുമാത്രം നിർത്തിയില്ല. വഴിക്ക് കണ്ടൻ നിൽക്കാറുള്ള മരച്ചുവട്ടിൽ കുറച്ചുനേരം കാത്തുനിൽക്കും. കണ്ണീർ ധാരയായി ഒഴുകും.

അവളുടെ ദേഹം ക്ഷീണിച്ചു വന്നു. എന്താണ് അവളുടെ വിഷമമെന്ന് മനസ്സിലാവാതെ വീട്ടുകാരും നാട്ടുകാരും വിഷമിച്ചു. ചോദ്യങ്ങൾക്കൊന്നും അവൾ മറുപടി പറഞ്ഞില്ല. കാരണവർ ദുഃഖിതനായി. മരുമകളുടെ വിഷമമെന്താണെന്ന് അനുനയത്തിൽ ചോദിച്ചു. മറുപടി കണ്ണീർ മാത്രം. കണിയാനെ വിളിപ്പിക്കപ്പെട്ടു. രാവിലെ മുതൽ കവടി നിരത്തി പ്രശ്‌നം വച്ച കണിയാൻ നട്ടുച്ചയോടെ കവടികൾ വലിച്ചെറിഞ്ഞ് ഭ്രാന്തായി പടിയിറങ്ങിയോടി.

പതിനൊന്നാംദിവസമാണ് തേനെടുക്കാൻ പോയ കറുമ്പൻ, കണ്ടന്റെ അപകടം മനസ്സിലാക്കുന്നത്. സാധാരണമട്ടിൽ ഭഗവതിയെ തൊഴുതുനിൽക്കുമ്പോൾ അസാധാരണാകൃതിയിലുള്ള ഒരു പാറ പുതുതായി ഉണ്ടായത് അയാൾ ശ്രദ്ധിച്ചു. സൂക്ഷ്മപരിശോധനക്കായി അടുത്തുചെന്നു. അതു കണ്ടനാണെന്നു മനസ്സിലായതോടെ അയാൾ നിലവിളിച്ചുകൊണ്ട് ഓടി കുന്നിറങ്ങി. ഉരുണ്ടുവീണും, മുള്ളിൽതട്ടിയും ദേഹം നിറയെ മുറിഞ്ഞ് ചോരയിൽ മുങ്ങിയെത്തിയ കറമ്പൻ അലമുറയിട്ടുകൊണ്ട് കണ്ടന്റെ കാര്യം പറഞ്ഞു.

ലക്ഷ്മിക്ക് ഈ വിവരം കിട്ടുന്നത് നെല്ലുകുത്തുകാരികളുടെ സംസാരത്തിൽനിന്നായിരുന്നു. ഭഗവതിപ്പൂമരത്തിനു താഴെ, കൈ ഉയർത്തിയ മട്ടിൽ കണ്ടൻ പാറയായിത്തീർന്നു എന്നു കേട്ടപ്പോൾ ലക്ഷ്മിക്ക് കാര്യം മുഴുവൻ മനസ്സിലായി. അവൾക്ക് വ്യസനത്തേക്കാളേറെ കോപമാണുണ്ടായത്. അവൾ അഴിച്ചിട്ട മുടികെട്ടാതെ മുറിയിൽനിന്നും പുറത്തിറങ്ങി. ഇടനാഴിയിലൂടെ നടുമുറ്റത്തിന്റെ ഓരത്തുകൂടെ അവൾ അമർത്തിച്ചവിട്ടി നടന്നപ്പോൾ ആ എട്ടുകെട്ട് വിറച്ചു അവിടെ ശതാബ്ദങ്ങളായി കുടിയിരുത്തിയ പരദേവതകൾ വിറച്ചു. അവൾ മുറ്റത്തേക്കിറങ്ങി. അവളെ തടുക്കാൻ ആർക്കും തോന്നിയില്ല. പടിപ്പുരകടന്ന് അവൾ മെതിച്ചുനടന്നപ്പോൾ അവളുടെ മുലകൾ കുലുങ്ങി. നാട്ടുപാതയിൽനിന്ന് അവൾ കാട്ടുപാതയിലേക്കു കടന്നു. കൂർത്ത കല്ലുകളും മുള്ളുകളും തട്ടി അവളുടെ മൃദുലമായ കാലടികൾ വിണ്ടുകീറി, നിണമൊഴുകി. അവൾ ഒന്നും അറിഞ്ഞില്ല. അമ്പുകൊണ്ട ഈറ്റപ്പുലിയെപ്പോലെ അവൾ കുന്നുകയറി. മുൾച്ചെടികൾ കൈകൊണ്ട് വകഞ്ഞുമാറ്റി അവൾ നടന്നു. അവളുടെ കാലടികളിൽപെട്ട് മല കുലുങ്ങി.

അമ്പലത്തിനു മുമ്പിലെത്തിയപ്പോൾ അവൾ ഭഗവതിയെ നോക്കിക്കൊണ്ടുപറഞ്ഞു.

‘ഭഗവതീ, നീ അന്യായമായി കല്ലാക്കിയ എന്റെ കണ്ടനെ എനിക്കു വിട്ടുതാ.’ ഭഗവതി അനങ്ങിയില്ല. അവളുടെ മുഖത്തുണ്ടായിരുന്ന രൗദ്രഭാവത്തിന് അയവുവന്നുമില്ല.

‘നീ തരില്ലെ?’

ലക്ഷ്മിയുടെ ശബ്ദം ഒരലർച്ചയായി, ഇടിവെട്ടായി കാട്ടിൽ അലയടിച്ചു.

ഭഗവതി കുലുങ്ങിയില്ല.

‘നീ തരില്ല അല്ലേ? എങ്കിൽ നീ എന്റെ ചോരയും കുടിച്ചോ, തൃപ്തിയാകട്ടെ.’

അവൾ അമ്പലത്തിന്റെ കരിങ്കൽപ്പടിയിൽ തലയിട്ടടിക്കാൻ തുടങ്ങി. ചോര ധാരയായി ഒഴുകി. പ്രജ്ഞ നശിക്കുവോളം അവൾ തലയിട്ടടിച്ചു.

ഭഗവതിക്ക് ചൂടെടുക്കുന്നപോലെ തോന്നി. അവൾ ഇരുന്ന പാറയുടെ പീഠം കുലുങ്ങി. ചോരയുടെ ചൂട് കാട്ടുതീപോലെ ഭഗവതിക്കു ചുറ്റും പടർന്നു. ഭഗവതി ശ്രീകോവിലിൽനിന്ന് ഇറങ്ങി ഓടി.

ആഘാതത്തിൽനിന്ന് വിമുക്തരായ വീട്ടുകാരും നാട്ടുകാരും ലക്ഷ്മിപോയ വഴിയെ മലകയറി. ഒരു വലിയ ആൾക്കൂട്ടം. അവർ മലമുകളിലെ അമ്പലത്തിലെത്തിയപ്പോൾ കണ്ട കാഴ്ച ഭയങ്കരമായിരുന്നു. തല തകർന്ന് അമ്പലത്തിന്റെ ചവിട്ടുപടിയിൽ ലക്ഷ്മി ചേതനയറ്റുകിടക്കുന്നു. കരിങ്കൽപ്പടിയിൽനിന്ന് ചോരപ്പുഴ ഒഴുകുന്നു.

പെട്ടെന്ന് ആരോ ശ്രീകോവിലിനുള്ളിലേക്ക് ചൂണ്ടിക്കാട്ടി. അവിടെ ഭഗവതിയുടെ കറുത്ത കരിങ്കൽ പ്രതിമയുണ്ടായിരുന്നില്ല. പകരം വെണ്ണക്കല്ലിന്റെ അതിസുന്ദരമായ ഒരു ബിംബം. ഇടതൂർന്ന ഇമകൾക്കുതാഴെ മനോഹരങ്ങളായ കണ്ണുകളും, നേരിയ ചുണ്ടുകളും നിബിഡമായ തലമുടിയുമുള്ള ഒരു വിഗ്രഹം. ആൾക്കാർ കൈ കൂപ്പി.

കണ്ടന് താഴ്‌വരയിലേക്കു വരേണ്ട ആവശ്യമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും ഇടയ്ക്ക് അവൻ മലയിറങ്ങിവരും, തണുത്ത കാറ്റായി. തന്റെ കൊച്ചുതമ്പുരാട്ടിയെ ആദ്യം കണ്ട സ്ഥലവും പിന്നീടു ദിവസവും കാത്തുനിൽക്കാറുണ്ടായിരുന്ന പാതവക്കും സന്ദർശിക്കാനായി കണ്ടൻ എത്തും. വരുമ്പോൾ ഭഗവതിപ്പൂവ് ഒരെണ്ണം പറിച്ച് കയ്യിൽ വയ്ക്കാറുണ്ട്. അതാണ് ആ കാറ്റിന് ഇത്ര സുഗന്ധം.

രാജു പോയിക്കഴിഞ്ഞിരുന്നു. അവൻ കളിക്കിടയിൽ വന്നു വീട്ടിലേക്കു പോകാമെന്നുപറഞ്ഞതെല്ലാം ഓർമവന്നു. ഞാൻ വേലായുധന്റെ കഥയിൽ ആകൃഷ്ടനായി ഇരിക്കുകയായിരുന്നു. എപ്പോഴോ അവൻ തിരിച്ചുപോയി. എന്നോടു പറഞ്ഞിട്ടുണ്ടാകണം. ഞാൻ ശ്രദ്ധിച്ചിട്ടുണ്ടാവില്ല.

ഉച്ചയ്ക്ക് ഊണുകഴിക്കുമ്പോൾ അമ്മായി അടുക്കളയിലേക്കുപോയ തക്കം നോക്കി ഞാൻ രാജുവിനോടു പറഞ്ഞു.

‘നമുക്ക് കുന്ന്മ്മാൽ ഭഗവതീടെ അമ്പലംവരെ പോവ്വാ?’

താനൊരു കാര്യം പറഞ്ഞു എന്ന മട്ടിൽ അവൻ ഗൗരവത്തോടെ ഇരുന്നു. ഇടത്തെകൈകൊണ്ട് നെറുകയിൽ ചൊറിഞ്ഞു. ആലോചനയുടെ ലക്ഷണമാണ് അവൻ ഇനി എന്തെങ്കിലും ആലോചിച്ചു തീർച്ചയാക്കും. എന്നോടു പറയില്ലെന്നുമാത്രം. ഊണുകഴിഞ്ഞ് അമ്മായി ഉറക്കമാവുന്നതുംകാത്ത് സിമന്റിട്ട നിലത്ത് ആത്മാവിനെ തലോടി അവൻ നിശ്ശബ്ദനായി കിടക്കും. അമ്മായി ഉറക്കമായി എന്നുകണ്ടാൽ അവൻ ചാടിയെഴുന്നേറ്റ് എന്നോടു പറയും. ‘വാ.’ ഞാൻ പിന്നാലെ പോകാൻ ബാദ്ധ്യസ്ഥനാണ്.

ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് ഞങ്ങൾ പുറത്തുകടന്നു. അവന്റെ മുഖത്ത് പിരിമുറക്കമുണ്ട്. കുന്നിറങ്ങി ചരൽപ്പാതയിലൂടെ കുറച്ചുദൂരം നടന്ന് വേറൊരു കുന്നിന്റെ ഓരത്തുകൂടി ഞങ്ങൾ നടന്നു. വീണ്ടും മറ്റൊരു കുന്നിന്റെ ചെരിവിലൂടെ. ക്രമേണ റബ്ബർ മരങ്ങൾ അപ്രത്യക്ഷമായി. പകരം കാട്ടിലെ മരങ്ങൾ മാത്രം. ഇടതൂർന്ന പച്ചപ്പ്. വഴി വീതി കുറഞ്ഞുവന്നു. രാജു ഒന്നും പറയാതെ മുമ്പിൽ നടക്കുകയാണ്. ഓരോ കുന്ന് ചുറ്റിപ്പോകുമ്പോഴും ഞങ്ങൾ ഉയരത്തിലേക്ക് പോവുകയാണെന്ന് മനസ്സിലായി. വായുവിന് കനം കുറഞ്ഞ പോലെ കാട്ടുചെടികളുടെ മണം. പെട്ടെന്ന് ഒരു മുയൽ കുറുകെ ചാടി ഓടിപ്പോയി. കാട്ടുപക്ഷികളുടെ ശബ്ദം പേടിപ്പെടുത്തുന്നതായിരുന്നു.

പെട്ടെന്ന് ഒരു വളവ് തിരിഞ്ഞപ്പോൾ രണ്ടുകുന്നുകൾക്കിടയിലായി ഒരു ചെറിയ അമ്പലവും അതിനടുത്തുതന്നെ കൈ ഉയർത്തിയ പാറയും. മുമ്പിൽ വഴി അടഞ്ഞിരുന്നു. പാത ഒരു അഗാധമായ കൊല്ലിയുടെ വക്കിലെത്തി നിൽക്കുന്നു. ഞങ്ങൾ നിൽക്കുന്ന കുന്നിന്റെയും മുമ്പിൽ ഉയർന്നു കണ്ട മലയുടെയും ഇടയിലുള്ള വിടവ് അപാരമായിരുന്നു.

രാജു മുഖത്തെ വിയർപ്പ് കൈകൊണ്ട് തുടച്ചു. എന്തോ അവന് മുമ്പോട്ടു പോകാൻ താല്പര്യമില്ലാത്ത പോലെ. മുമ്പോട്ടു വഴിയുമുണ്ടായിരുന്നില്ല. കണ്ടന്റെ മല അപ്രാപ്യമായി നിലകൊണ്ടു.

ഒരു ചെറിയ കാറ്റുവീശി. ചലനമറ്റുകിടക്കുന്ന മരച്ചില്ലകൾ ഇളകി ശബ്ദമുണ്ടാക്കി. മർമ്മരം മാത്രം. മരങ്ങൾക്കിടയിലൂടെ വന്ന രശ്മികൾ സമയം വൈകിയെന്നറിയിച്ചു. എത്രദൂരമായി നടക്കുന്നു. ഒരെത്തും പിടിയുമില്ല. ഒരു ഗുഹയിൽപെട്ടമാതിരിയാണ്. തലക്കുമുകളിൽ ആകാശത്തിന്റെ വെട്ടം മരങ്ങളുടെ ഉയരം അപ്പോഴാണ് മനസ്സിലാവുന്നത്.

പൊടുന്നനെ കുറെ മരച്ചില്ലകൾ ഉയർന്നുപൊങ്ങി. ആരോ ചവിട്ടിമെതിച്ചുനടക്കുന്ന ശബ്ദം. വീണ്ടും കരിയിലകൾ. കാറ്റ് ശക്തമായി. കാറ്റിന് തണുപ്പുണ്ടായിരുന്നു, സുഗന്ധവും.

രാജു ഉറക്കെപ്പറഞ്ഞു.

‘കണ്ടൻ!’

അവൻ തിരിഞ്ഞ് ഓടുകയായിരുന്നു. ഒരു കുതിരയായി. മേട്ടോർ കാറായി. വിമാനമായി അവൻ ചക്രവാളത്തിൽ അപ്രത്യക്ഷനായി. ഞാൻ വെറുങ്ങലിച്ച് അനങ്ങാൻ പറ്റാതെ മരങ്ങളുടെ ഹരിതബന്ധനത്തിൽ നിൽക്കുകയാണ്. ദൂരെ കൊക്കയ്ക്കപ്പുറത്ത് മലമുകളിലെ കണ്ടൻപാറ അപ്രത്യക്ഷമായിരുന്നു.