കുറേ ചിത്രങ്ങളുള്ള ഒരു രാത്രി, അതിൽ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും
|
കുറേ ചിത്രങ്ങളുള്ള ഒരു രാത്രി, അതിൽ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര് |
മൂലകൃതി | വെള്ളിത്തിരയിലെന്നപോലെ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര് | http://e-harikumar.com |
വര്ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള് | 81 |
ഒരു രാത്രി. മുപ്പത്തഞ്ചു വയസ്സുള്ള ഒരു ചെറുപ്പക്കാരൻ. അയാൾ തെരുവിൽനിന്ന് വിലപേശി കൊണ്ടുവന്ന ഒരു ചെറുപ്പക്കാരി. വരട്ടെ, ഒരു വലിയ ഹോട്ടൽ മുറിയും. ഇത്രയും ഘടകങ്ങളാണ് ഈ കഥയിലുള്ളത്. അയാൾ എഴുനൂറ്റാറാം നമ്പർ മുറി തുറന്ന് അകത്തുകടന്ന് വാതിലിനു തൊട്ടടുത്തുള്ള സ്വിച്ചമർത്തി. പുറത്ത് ഇടനാഴിയിൽ കാത്തുനിൽക്കുന്ന സ്ത്രീയോട് പറഞ്ഞു.
‘അകത്തു വരൂ.’
അവൾ അകത്തു കടന്നു. മുറിയു ടെ ഉള്ളു കണ്ടപ്പോൾ ആലോചിച്ചു. ഇവിടെ വരേണ്ടത് എന്നെപ്പോലെ ഒരുത്തിയല്ല. അവൾ അനങ്ങാതെ പകച്ചു നിൽക്കുന്നതു കണ്ടപ്പോൾ അയാൾ ചോദിച്ചു.
‘എന്താ അന്തംവിട്ട് നിൽക്കണത്?’
‘ഞാനിതുവരെ ഇത്ര വല്യെ ഹോട്ടലില് വന്നിട്ടില്ല.’
‘ബിസിനസ്സ് പച്ചപിടിച്ചു വര്ണേ ള്ളു അല്ലെ?’
‘എന്തു ബിസിനസ്സ്?’
‘ഈ കച്ചോടം തന്നെ.’
അവൾക്കത് ഇഷ്ടായില്ല. സംഗതി അതു തന്ന്യാണ്. പക്ഷെ അതിനെ ഇ ങ്ങനത്തെ ഒരു വാക്കുകൊണ്ട് പച്ചയായി വിശേഷിപ്പിച്ചത് ശര്യായില്ല.
‘ഞാൻ പറഞ്ഞത് ഇഷ്ടായില്ല അല്ലെ. ശരി, ഇങ്ങിനത്തെ ഒരു പ്രൊഫഷൻ. പോരെ?’
അതിന്റെ അർത്ഥമൊന്നും മനസ്സിലായില്ലെങ്കിലും അവൾ തലയാട്ടി. എന്തായാലും കച്ചോടം എന്നു പറേണേക്കാൾ ഭേദായിരിക്കും. ഇംഗ്ളീഷ് വാക്കുകൾക്ക് അവയുടേതായ മാന്യതയുണ്ട്.
‘എന്നെ വേഗം ഒഴിവാക്കണം. ഒന്ന് ഒന്നര മണിക്കൂർന്നല്ലെ പറഞ്ഞത്. ഒരു മണിക്കൂറ് കൊണ്ട് കഴീല്ലേ?’
അയാൾ കയ്യിലുള്ള ബാഗ് ഉയരം കുറഞ്ഞ മേശപ്പുറത്ത് വെച്ച് അതിൽ നിന്ന് രണ്ട് ഹാഫ് ബോട്ടിൽ പുറത്തെടുത്തു.
‘കുടിക്കാമ്പോവ്വാ?’ അവൾ ചോദിച്ചു. അവൾക്കറിയാം ഇവരൊക്കെ കുടിക്കാൻ തൊടങ്ങ്യാൽ സമയം പോണതറിയില്ല.
സോറി. കൂടുതൽ ചിത്രങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. സൂര്യൻ അസ്തമിക്കാൻ തുടങ്ങുന്ന ഒരാകാശത്തിൽ ഏതാനും കടൽക്കാക്കകളും അതിനു താഴെ കലമ്പൽ കൂട്ടുന്ന കടലും അതിനും താഴെ യുവമിഥുനങ്ങൾ ഇരിക്കുന്ന മണൽപ്പുറവും. (ചിത്രം ഏറെ ഉപയോഗിക്കയാൽ തേഞ്ഞുമാഞ്ഞു തുടങ്ങിയിരിക്കുന്നു, എന്നാലും തൽക്കാലം ആവശ്യം നടക്കട്ടെ.) ആ മണൽപ്പുറത്ത് ചെറുപ്പക്കാരൻ നിലക്കടലയും കൊറിച്ചുകൊണ്ട് നടക്കുകയാണ്. അപ്പോൾ ത്തന്നെ നല്ല വിശപ്പുണ്ടായിരുന്നു. അങ്ങിനെ നടക്കുമ്പോഴാണ് ഈ ചെറുപ്പക്കാരിയെ കണ്ടത്. അതോടെ വിശപ്പിന്റെ സ്ഥാനം മാറി. ഇപ്പോൾ ആ ചിത്രം ഓർമ്മയിൽ വന്നപ്പോൾ ശരിക്കുള്ള വിശപ്പ് വീണ്ടുമുണ്ടായി. അയാൾ ചോദിച്ചു.
‘നീയെന്താണ് കഴിക്കണത്?’
അവൾ രണ്ടു കുപ്പികളും മാറിമാറി നോക്കി. രണ്ടു നിറത്തിലുള്ള കുപ്പികളാണ്. രണ്ടുതരം കള്ളാണെന്നു തോന്നുണു. ഒന്ന് വിസ്കിയാണ്. മറ്റേതെന്താണെന്നവൾക്കറിയില്ല. കുടിപ്പിച്ചു കാര്യം നടത്തി ഒന്നും തരാതെ വിടാനുള്ള ഭാവമാണ്. അതു നടക്കില്ല.
‘ഞാൻ കുടിക്കാറില്ല.’ അവൾ പറഞ്ഞു.
‘കുടിക്കാനല്ല. തിന്നാൻ. ഞാൻ റൂം സർവ്വീസിൽനിന്ന് ഓർഡർ ചെയ്യാൻ പോവ്വാണ്.’
‘എന്തൊക്ക്യാണ്ടാവ്വാ?’
‘അപ്പോൾ ഭക്ഷണം വേണം?’ അയാൾ റൂം സർവ്വീസിലേയ്ക്ക് വിളിച്ചു. മറുഭാഗത്ത് ഫോണെടുത്തു. ‘വെൽക്കം ടു റൂം സർവ്വീസ്.’
‘എന്തൊക്കെയാണ് കഴിക്കാന്ള്ളത്?’
‘ഡിന്നറിനോ സർ?’
‘അതെ…’
അയാൾ മെനു മുഴുവൻ ഉരുവിട്ടു.
‘ഒരു മിനുറ്റ്.’
‘ചിക്കൻ ബിര്യാണിണ്ട്. നിനക്കിഷ്ടാണോ?’
‘അതു മതി.’ അവൾ കുറച്ച് ആർത്തിയോടെ പറഞ്ഞു. ഒരു ബിര്യാണി കഴിച്ചിട്ട് കാലെത്ര്യായി. ഒരിക്കൽ ഒരുത്തൻ കൊണ്ടുപോയിട്ട് അവളുടെ മുമ്പിൽ വെച്ചാണ് ഒരു മുഴു കോഴി പൊരിച്ചതും ചപ്പാത്തിയും തട്ടിയത്.
‘രണ്ടു ചിക്കൻ ബിര്യാണി.’
‘ഗെസ്റ്റുണ്ട് അല്ലെ സർ.’
‘ങാ.’
‘പിന്നെ എന്തൊക്ക്യാ വേണ്ടത് സർ?…’
എല്ലാം ഓർഡർ ചെയ്തു കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു. ‘രണ്ടു ഗ്ലാസ്സും നാലഞ്ചു സോഡയും കുറേ ഐസ്ക്യൂബ്സും വേണം. ഗ്ലാസ്സും സോഡയും ഐസ്ക്യൂബ്സും വേഗം കൊണ്ടരണം.’
‘ശരി സർ.’
ഫോൺ വെച്ചപ്പോൾ അവൾ ചോദിച്ചു.
‘ഇതൊക്കെ തൊടങ്ങ്യാൽ കൊറേ സമയം എട്ക്കില്ലേ? എനിയ്ക്ക് പോവ്വാൻ ധൃതിണ്ട്.’
‘അതു സാരല്ല്യ. ഇന്ന് ഞാൻ ആഘോഷിക്കാൻ തീർച്ചയാക്കിയിരിക്ക്യാണ്.’
‘എന്താ പെറന്നാളാണോ?’
‘അല്ല പോണ നാള്. ഇത് എന്റെ അവസാനത്തെ രാത്ര്യാണ്.’
‘എന്താ ചാവാൻ പോവ്വാണോ. ന്റെ പണം തന്ന്ട്ട് പോണം. കാര്യം പറഞ്ഞേക്കാം.’
‘അതൊരു പ്രശ്നല്ല.’ അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘അതാ ആ മേശപ്പുറത്തിരിക്കണ ബാഗില്ല്യേ, അതില് എന്റെ പഴ്സ്ണ്ട്. അതിൽനിന്ന് എടുക്കാം.’
അവൾ അതൊരു നല്ല തമാശയായി കണക്കാക്കി. സാധാരണ ഇവന്മാരൊക്കെ സ്വല്പം അകത്തു ചെന്നാലെ ഇങ്ങിനെയൊക്കെ പറയാറുള്ളു. ഇയ്യാള് കുടി തൊടങ്ങ്ണേന്റെ മുമ്പന്നെ പറഞ്ഞുതൊടങ്ങിയിരിക്കുണു.
വാതിൽക്കൽ ഒരു മുട്ട്.
‘കമിൻ.’
വെള്ള യൂനിഫോമിട്ട വെയ്റ്റർ ഇടതുകയ്യിൽ താലവുമായി വാതിൽ തുറന്ന് വന്നു. താലത്തിലുള്ള സോഡക്കുപ്പികളും ഓപ്പനറും രണ്ടു ഗ്ലാസ്സുകളും ഐസിന്റെ പാത്രവും മേശമേൽ കൊണ്ടു വന്നു നിരത്തി.
‘ഭക്ഷണം അര മണിക്കൂർ കഴിഞ്ഞ് കൊണ്ടുവന്നാൽ പോരെ സർ?’
‘മതി.’
വെയ്റ്റർ പോയപ്പോൾ അയാൾ എഴുന്നേറ്റു.
ചെറിയ മേശമേൽ വച്ചിരുന്ന കുപ്പികളിലൊന്ന് തുറന്ന് രണ്ട് ഗ്ലാസ്സുകളിലേയ്ക്ക് ഒഴിച്ചു. ഐസ്ബോക്സിൽനിന്ന് ഐസ്ക്യൂബുകൾ വാരിയിട്ടു. ഗ്ലാസ്സ് ചെരിച്ചുപിടിച്ച് അതിലേയ്ക്ക് സോഡ ഒഴിച്ചു. ഒരു ഗ്ലാസ്സ് അവൾക്കു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
‘കുടിയ്ക്ക്യല്ലെ?’
‘കയ്യിലിരിക്കട്ടെ വിദ്യ.’ അവൾ അല്പം ചൂടായിത്തന്നെ പറഞ്ഞു. ‘എന്നെ കുടിച്ചു പൂസാക്കി എല്ലാം ഒപ്പിച്ച്, കാൽക്കാശു തരാതെ ഇറക്കിവിടാനല്ലെ ഈ പങ്കപ്പാടൊക്കെ?’
അയാൾ ചിരിച്ചു. വളരെ ഹൃദ്യമായ ചിരി. ആ സ്ത്രീയുടെ നിസ്സഹായതയിൽ, നിഷ്കളങ്കതയിൽ മനമലിഞ്ഞ ചിരി.
‘അയ്യോ, എന്നെ കണ്ടാൽ അങ്ങിനെയൊക്കെ തോന്ന്വോ? ഒരു പാവം മനുഷ്യൻ! നീയൊരു കാര്യം ചെയ്യ്. നീയാ ബാഗെടുത്തു തൊറന്ന് നോക്ക്.’
‘നിങ്ങള്തന്നെ നോക്ക്യാ മതി. ഞാനത് തൊറന്നിട്ട് വേണം എന്തെങ്കിലും മോട്ടിച്ചുന്ന് പറഞ്ഞ് എന്നെ കുറ്റക്കാരിയാക്കാൻ.’
‘എന്തൊക്കെയോ തെറ്റിദ്ധാരണകള്.’ അയാൾ ഗ്ലാസ്സ് മേശപ്പുറത്ത് വെച്ച് മറ്റെ മേശപ്പുറത്തെ ബാഗിലെ പഴ്സെടുത്ത് തുറന്നു കാണിച്ചു. അവളുടെ കണ്ണു തള്ളിപ്പോയി. നിറയെ നോട്ടുകൾ.
‘നമ്മൾ എത്രയ്ക്കാണ് കച്ചോടം ഒറപ്പിച്ചത്?’
കച്ചോടം എന്ന വാക്ക് ഇഷ്ടമായില്ലെങ്കിലും അവൾ പറഞ്ഞു. ‘അമ്പത്. പക്ഷെ നിങ്ങള് ഇത്ര വല്യ പണക്കാരനാണ്ന്ന് ഞാൻ അറിഞ്ഞിര്ന്നില്ല. ഒരു നൂറെങ്കിലും തന്നൂടെ?’
‘ഇന്നു രാത്രി എന്റെ ഒപ്പം ഇവിടെ താമസിച്ചാൽ നിനക്ക് എത്ര നഷ്ടം വരും?’
അവൾ മുഖം ചുളിച്ചു. അവൾക്ക് അയാൾ പറഞ്ഞതു മുഴുവൻ മനസ്സിലായില്ല.
‘ഞാനുദ്ദേശിക്കണത്, സാധാരണ ഗതിയിൽ നീ ഒരു രാത്രി എത്രണ്ടാക്കും?’
‘അത് കിട്ടണ ആൾക്കാര്ടെ തരംപോലിരിയ്ക്കും. ചെല ദെവസം നൂറ്റമ്പതും ഇരുനൂറും ഒക്കെണ്ടാക്കാൻ പറ്റും. ചെല ദെവസം ഭക്ഷണോം കിട്ടും. ഇങ്ങനെ ബിരിയാണിയൊന്നും അല്ല. സാധാരണ ഭക്ഷണം.’
‘അപ്പൊ ഞാൻ കാരണം നെനക്ക് നൂറ്റമ്പത് രൂപ നഷ്ടം വന്നു. അല്ലെ?’
അവൾ തലയാട്ടി.
‘ഇതാ അഞ്ഞൂറു രൂപ പിടിച്ചോളു.’ അഞ്ഞൂറു രൂപയുടെ ഒരു നോട്ട് നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു. ‘ഇനി കള്ള് കുടിക്കാൻ തന്ന് മയക്കിക്കിടത്തി ആ പണം ഞാൻതന്നെ അടിച്ചെടുക്കുംന്ന് തോന്ന്വാണെങ്കില് ഈ പണോം വാങ്ങി നിനക്ക് ഇപ്പൊത്തന്നെ പോവാം. ഭക്ഷണം പാക്കറ്റിലാക്കി കൊണ്ടരാൻ പറയാം. അതു നീ വീട്ടിൽ കൊണ്ടുപോയി കഴിച്ചോ.’
അവൾ ആകെ വല്ലാതായി. ആ നോട്ട് വാങ്ങി അതിൽത്തന്നെ നോക്കിക്കൊണ്ട് അവൾ ഇരുന്നു.
‘കൂടുതൽ വേണോ?’
‘അയ്യോ വേണ്ട, ഇത് തന്നെ അധികാ. സാറെ ഞാനങ്ങന്യൊന്നും വിചാരിച്ച് പറേണതല്ല. ഇതിനായി എറങ്ങിത്തിരിക്കണ ആൾക്കാരൊക്കെ ഒരു ജാതി സ്വഭാവക്കാരാ. അവര് പെശക്ണ് കണ്ടാത്തന്നെ നമ്മടെ തുണി ഉരിഞ്ഞുപോവും. നാറികള്.’
‘ഞാനും ഒരു പക്ഷെ അങ്ങിന്യൊക്ക്യായിരിക്കും. ഇന്ന് ഞാൻ മരിക്കാൻ തീർച്ചയാക്കിയതോണ്ടായിരിക്കും ഇങ്ങിനെ പണം എടുത്ത് തരണത്.’
‘അല്ലല്ല, സാറ് നല്ലവനാ.’
‘എന്നാൽ ഗ്ലാസ്സ് തരട്ടെ?’
‘എനിക്ക് കുടിച്ച ശീലല്ല്യ. തരു, നോക്കാം. ചർദ്ദിക്ക്യാണെങ്കീ ഒന്നും വിചാരിക്കല്ലേ.’
‘എന്തു വിചാരിക്കാനാണ്?’
അവൾ ഗ്ലാസ്സു വാങ്ങി. അയാൾ സ്വന്തം ഗ്ലാസ്സെടുത്ത് അവളുടെ ഗ്ലാസ്സുമായി കൂട്ടിമുട്ടിച്ചു.
‘ചീയേഴ്സ്.’
‘എന്താ അതിന്റെ അർത്ഥം?’
‘വല്യേ അർത്ഥൊന്നും ഇല്ല. സായ്വ്മാര് ഇട്ടുപോയ ചെല പഴംതുണികള് നമ്മള് എടുത്തുടുക്കുണുന്ന് മാത്രം. കുടിയ്ക്ക്.’
അവൾ ഗ്ലാസ്സെടുത്തു മോന്തി.
‘പതുക്കെ കുടിച്ചാ മതി. ഇന്ന് നിനക്കിവിടെ താമസിക്കാം.’
അവൾ ഒന്നും പറയുന്നില്ല.
‘ഇനി ഐസ് വേണോ?’
അവൾ വേണ്ടെന്നു തലയാട്ടി.
‘സാറ് മരിക്കാൻ ശരിക്ക് തീർച്ച്യാക്കീതാ?’
‘അതെ. എന്തേ?’
‘എന്തിനാ മരിക്കണത്?’
‘അതൊരു രഹസ്യാണ്.’
‘എങ്ങനെ മരിക്കാനാ തീർച്ച്യാക്കീരിക്കണത്?’
‘എന്താ താല്പര്യണ്ടോ?’
‘ഊംങും.’
‘എന്നാൽ പറയില്ല. അതും ഒരു രഹസ്യാണ്.’
വാതിൽക്കൽ മുട്ടു കേട്ടു.
‘കമിൻ.’
വെയ്റ്റർ ഒരു വലിയ ട്രേയിൽ വിഭവങ്ങളെല്ലാം കൊണ്ടുവന്ന് മേശമേൽ നിരത്തി.
‘സർവ് ചെയ്യട്ടെ സർ.’
‘വേണ്ട. താങ്ക്സ്.’ അയാൾ ബിൽ നോക്കി പഴ്സിൽ നിന്ന് ഏതാനും നോട്ടുകളെടുത്ത് വെയ്റ്റർക്കു കൊടുത്തു.
‘ബാക്കി വെച്ചോളു.’
അതീവ സന്തുഷ്ടനായി സലാംവെച്ച് പോകുന്ന വെയ്റ്ററെ അവൾ അദ്ഭുതത്തോടെ നോക്കി. എത്ര കൊടുത്തു ആവോ. ഈ മനുഷ്യൻ ശരിക്കും ചാവാൻ പോവ്വാണോ?
‘വരു, നമുക്ക് ഭക്ഷണം കഴിക്കാം.’ അയാൾ എഴുന്നേറ്റു. ‘കഴിക്കാറായില്ലേ?’
‘ഉം, കഴിക്കാം.’ അവളും എഴുന്നേറ്റു. അവളുടെ ഗ്ലാസ്സ് മുക്കാൽ ഭാഗവും കഴിഞ്ഞിരുന്നു. അവൾ കുറേശ്ശെ ആടുന്നുണ്ട്.
‘ങും, തലക്ക് പിടിയ്ക്ക്ണ്ട് അല്ലെ? അവിടെ ഇരുന്നാൽ മതി. ഞാൻ വിളമ്പിത്തരാം.’ അയാൾ ചൂടുള്ള പ്ലെയ്റ്റിൽ ബിര്യാണിയും സാലഡും എടുത്ത് അവൾക്കു കൊടുത്തു.
കുറേ ദിവസങ്ങൾക്കു ശേഷം, അല്ലെങ്കിൽ മാസങ്ങൾക്കു ശേഷം ഇന്ന് നന്നായി ഭക്ഷണം കഴിക്കാം. അയാൾ ആലോചിക്കുകയാണ്. താനത് ഉറക്കെ പറഞ്ഞുവോ? അയാൾ ചോദിച്ചു.
‘ഞാനിപ്പോൾ എന്തെങ്കിലും പറഞ്ഞോ?’
‘ഉം, കൊറേ ദെവസത്തിന് ശേഷം നന്നായി തിന്ന്വാണ്ന്ന്. ഞാനും അതെ.’
‘എന്താ വീട്ടിൽ മനസ്സമാധാനം ഇല്ലാ അല്ലെ?’
അവൾ വീടിനെപ്പറ്റി ആലോചിക്കാൻ ഇഷ്ടപ്പെട്ടില്ല. ഭർത്താവെന്നു പറഞ്ഞു ഒപ്പം കൂടിയിട്ടുള്ള ആ മനുഷ്യന് പുറത്തിറങ്ങി രണ്ട് ആണുങ്ങളെ തേടിപ്പിടിച്ചു കൊണ്ടുവരാൻ പോലും കഴീല്ല്യ. അതാണ് തനിയ്ക്ക് സന്ധ്യ മയങ്ങാൻ വേണ്ടി കാത്തിരുന്ന് പുറത്തിറങ്ങി നിരത്തിന്റെ വക്കത്തു പോയി പാത്തും പതുങ്ങിയും നിക്കേണ്ടി വരണത്.
‘നിനക്ക് ഭർത്താവില്ലെ? അയാളെന്താണ് ചെയ്യണത്?’
‘അതല്ലെ ഞാനിപ്പോൾ പറഞ്ഞത്?’
‘നീയെന്നോട് വല്ലതും പറഞ്ഞോ?’
‘ഉം, അയാളെക്കൊണ്ട് ഒരു കാര്യും ഇല്ല്യാന്ന്.’
അയാൾ ഭാര്യയെക്കുറിച്ച് ആലോചിച്ചു. ഉടനെ അത് മനസ്സിൽനിന്ന് തുടച്ചു നീക്കുകയും ചെയ്തു. ഇന്ന് അങ്ങിനത്തെ ചിന്തകൾകൊണ്ട് കലുഷമാക്കാനുള്ളതല്ല തന്റെ മനസ്സ്. കഴിയുന്നത്ര സന്തോഷത്തോടെ ഇരിക്കുക. എതാനും മണിക്കൂർ മാത്രമേയുള്ളു തനിയ്ക്ക്. വിലപിടിച്ച ആ മണിക്കൂറുകൾ എന്തിനു നശിപ്പിക്കണം. അയാൾ ചോദിച്ചു.
‘എങ്ങനെണ്ട് ബിര്യാണി, സ്വാദുണ്ടോ?’
അവൾ പ്ലെയ്റ്റ് മേശപ്പുറത്തുവെച്ച് അയാളെ നോക്കി. വായിലുള്ള കഷ്ണം ചവച്ച്തിന്ന ശേഷം പറഞ്ഞു.
‘ഇങ്ങിനെ സ്വാദ്ള്ള സാധനങ്ങളും ഈ നഗരത്തില് കിട്ടും അല്ലെ?’
‘കിട്ടും, എന്റെ ഒപ്പം വന്നാൽ മാത്രം. പിന്നെ വേറൊരു കാര്യം. ഇത് നീ വൈകുന്നേരം ഇരതേടിനടന്നിരുന്ന നഗരല്ല. മറ്റൊരു നഗരാണ്. നോക്ക്.’
അയാൾ ഒരു ക്ലാസ്സിക് സന്ധ്യക്കുവേണ്ടി ഉപയോഗിച്ച തേഞ്ഞ ചിത്രം വലിച്ചെറിഞ്ഞു. പകരം പുതിയൊരു ചിത്രമെടുത്തു. അവൾ അദ്ഭുതത്തോടെ ചുറ്റും നോക്കി. നേരിയ നീല നിറമുള്ള ഭിത്തികളിൽ അലങ്കാരവിളക്കുകൾ, അവയ്ക്കുതാഴെ തൂക്കിയ വലിയ ചിത്രങ്ങൾ. ഒരു വശത്ത് നിറയെ ഞെറികളുള്ള നീല കർട്ടൻ.
‘വരൂ. പ്ലെയ്റ്റ് എടുത്തോളു. കാഴ്ചകൾ കാണുമ്പോൾ ഒപ്പം ഭക്ഷണവും കഴിക്കാം.’
അയാൾ ഒരു ബട്ടനമർത്തിയപ്പോൾ കർട്ടൻ ഇരുവശത്തേയ്ക്കും മാറിപ്പോയി. താഴെ നീല നിറത്തിൽ വെളിച്ചം തുടിച്ചുനിൽക്കുന്ന നീന്തൽകുളത്തിൽ രണ്ടു സ്ത്രീകളും ഒരു പുരുഷനും നീന്തുന്നു.
‘ഇതെല്ലാം ഒരു ദിവസത്തേക്കെങ്കിലും അനുഭവിക്കാൻ പറ്റീലോ.’
‘ഒരു രാത്രിയിലേയ്ക്ക്. നാളെ നമ്മള് രണ്ടുപേരും എവിടെയായിരിക്കുംന്ന് പറയാൻ പറ്റില്ല.’
ചിത്രത്തിന്റെ നിറം മങ്ങിയില്ല.
അവൾ രണ്ടാമത്തെ ഗ്ലാസ്സ് പകുതിയിലധികം തീർത്തിരുന്നു. നടക്കുമ്പോൾ വീഴാൻ പോകുന്നു.
‘ഇനി നമുക്ക് അല്പം ഐസ്ക്രീം കഴിക്കാം.’ ഐസ് ക്രീമിന്റെ പാത്രം തുറന്നുകൊണ്ട് അയാൾ പറഞ്ഞു.
‘ദൈവമേ, ഇതൊക്കെ എവിടേയ്ക്കാണാവോ ചെല്ല്വാ?’ വയർ തലോടിക്കൊണ്ട് അവൾ പറഞ്ഞു. അതയാളെ രസിപ്പിച്ചു. അവളുടെ ഒരു കരുതലുമില്ലാത്ത സംസാരം അയാളിൽ കൗതുകമുണർത്തി. അയാൾ അവളുടുത്തിരുന്ന സാരി ശ്രദ്ധിച്ചു. ഒരു വെറും സാധാരണ സാരി. അതാകട്ടെ അവളിരുന്ന പരിസരത്തിൽ മുഴച്ചുനിന്നു. അയാൾക്ക് വിഷമമായി. അവൾ പ്ലെയ്റ്റിലെ ഐസ്ക്രീമിന്റെ വലിയ കഷ്ണത്തിൽനിന്ന് സ്പൂൺ കൊണ്ട് കോരിത്തിന്നുകയാണ്.
അയാൾ കുളിമുറിയിൽ പോയി ബാത്ത്ടബ്ബ് നിറക്കാൻ തുടങ്ങി. അഞ്ചു മിനിറ്റു കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ അവൾ കിടക്കയിൽ പോയി കിടപ്പായിരുന്നു. ഇരിക്കാൻ നോക്കി വീണപോലെയാണ് തോന്നിയത്. കാലുകൾ താഴേയ്ക്ക് തൂങ്ങിക്കിടക്കുകയാണ്. നല്ല ഉറക്കം. അയാൾ അവളുടെ കാലുകളെടുത്ത് കിടക്കയിലേയ്ക്കു കയറ്റിവെച്ച ശേഷം അവളെ കട്ടിലിന്റെ നടുവിലേയ്ക്കു നീക്കിക്കിടത്തി. അവൾ മലർന്നുകിടന്ന് ഉറക്കംതന്നെ. കട്ടിലിന്മേൽ അവളെ നോക്കിക്കൊണ്ട് കുറച്ചുനേരം ഇരുന്നപ്പോൾ അയാളുടെ മനസ്സ് അലിവുകൊണ്ട് നിറഞ്ഞു. കണ്ണുകൾ ആർദ്രമായി. എത്രനേരം അങ്ങിനെ നോക്കിനിന്നുവെന്നറിയില്ല. വാച്ചുനോക്കിയപ്പോൾ സമയം ഒന്നേഅമ്പത്. അയാൾ കുനിഞ്ഞ് അവളുടെ കവിളുകളിൽ ഉമ്മവെച്ചു. ഒരു കുട്ടിയെ എന്നപോലെ അവളുടെ നെറ്റിയിൽ വീണുകിടക്കുന്ന മുടി കൈപ്പത്തികൊണ്ട് മാടിവെച്ചു. നല്ല ഉറക്കം.
അയാൾ എഴുന്നേറ്റ് കാൽക്കൽ ഭാഗത്തുള്ള പുതപ്പെടുത്ത് അവളുടെ കഴുത്തുവരെ പുതപ്പിച്ചു. അവൾ ഉറക്കത്തിൽത്തന്നെ ആ പുതപ്പ് പിടിച്ച് തിരിഞ്ഞുകിടന്നു. അയാൾ പഴ്സെടുത്ത് നോട്ടുകൾ മുഴുവൻ പുറത്തെടുത്ത് നൂറിന്റെ എതാനും നോട്ടുകളൊഴികെ ബാക്കിയെല്ലാം അവളുടെ കൈസഞ്ചിയിലിട്ടു. മുറിയുടെ താക്കോൽ കിടക്കയിൽ അവൾ കാണുന്ന സ്ഥലത്ത് വെച്ചു. ഒപ്പം ഒരു ചെറിയ കുറിപ്പും. ‘രാവിലെ പോകുമ്പോൾ ഈ താക്കോൽ താഴെ റിസപ്ഷനിൽ കൊടുക്കണം.’ കൈസഞ്ചി അവളുടെ കൈകൾക്കിടയിൽ വെച്ചു പുതപ്പുകൊണ്ടു മൂടി. ഭദ്രമായിരിക്കട്ടെ.
പഴ്സ് കീശയിലിട്ട് അയാൾ പുറത്തിറങ്ങി. വാതിലിന്റെ ഉള്ളിൽ തൂക്കിയിട്ട ‘ഡോണ്ട് ഡിസ്റ്റർബ്’ സൈൻ എടുത്ത് വാതിലിന്റെ പുറത്ത് പിടിമേൽ തൂക്കിയിട്ട് ലിഫ്റ്റിന്നടുത്തേയ്ക്കു നടന്നു. താഴെ കൗണ്ടറിൽ റിസപ്ഷനിസ്റ്റ് ഒരു ചെറുപ്പക്കാരനായിരുന്നു. രണ്ടു ദിവസത്തെ പരിചയത്തിൽ അയാൾ ചിരിച്ചു. ഉറക്കം തൂങ്ങിക്കൊണ്ടുള്ള ചിരി.
‘എനിയ്ക്ക് അത്യാവശ്യം ഒരിടത്ത് പോണം.’ അയാൾ പറഞ്ഞു. ‘മുറിയിൽ എന്റെ ഭാര്യണ്ട്. രാവിലെ ചായ വേണ്ടിവരും. അവള് രാവിലെ പോവും. അപ്പോൾ ചെക്കൗട്ട് ചെയ്താൽ മതി. പോരെ?’
‘മതി സർ.’ റിസപ്ഷനിസ്റ്റ് പറഞ്ഞു.
‘ഞാൻ പതിനയ്യായിരല്ലെ തന്നത്? അത് മതിയാവില്ലെ?’
‘മതി. കൂടുതലായിരിക്കും. മുറി ഇന്നത്തെ രാത്രി ഡബ്ൾ ഒക്യുപ്പൻസി ചാർജ്ജ് ചെയ്യേണ്ടിവരും സർ. എന്നാലും മതിയാവും.’
‘അതൊക്കെ നിങ്ങളുടെ സൗകര്യം പോലെ ചെയ്യു. ബാക്കി വരണത് നിങ്ങൾ വെച്ചോളു. ശരി ബൈ. താങ്ക്സ് ഫോർ ദ ഹോസ്പിറ്റാലിറ്റി.’ അയാൾ കൈ നീട്ടി.
‘താങ്ക്സ് സർ. ടാക്സി വിളിക്കട്ടെ?’
‘വേണ്ട, താങ്ക്സ്.’
വാതിൽ തുറന്നു പിടിച്ച ഡോർമാന് ഒരു നോട്ട് കൈമാറി ആദരപൂർവ്വമുള്ള സലാം സ്വീകരിച്ചുകൊണ്ട് അയാൾ പുറത്തേയ്ക്കു കടന്നു.
ഇവിടെ ഒരു ഘടകം കൂടി കൊണ്ടു വരണം. ഒരു മങ്ങിയ ചിത്രം. ഞാനത് നിവർത്തിപ്പിടിയ്ക്കാം. രണ്ടരുകിലും നിറയെ കാറുകൾ പാർക്കു ചെയ്ത വിശാലമായ മുറ്റം. അതിൽനിന്ന് പുറത്തെ നിരത്തിലേയ്ക്ക് കടക്കാൻ വീതിയുള്ള ഗെയ്റ്റ്. അതു തുറന്നു പിടിക്കുന്ന സെക്യൂരിറ്റിക്കാരൻ. അതിനുമപ്പുറത്ത് ഇരുവശത്തും വേപ്പർ ലാമ്പുകൾ തെളിഞ്ഞു കത്തുന്ന വീഥി. ആ വിഥിയിലൂടെ അയാൾ സാവധാനത്തിൽ നടന്നു നീങ്ങുകയാണ്.
ഇനിയും ചിത്രങ്ങൾ വേണമെങ്കിൽ കൊണ്ടുവരാം. പക്ഷെ അവയെല്ലാം വളരെ ഇരുണ്ടതും മ്ലാനവുമാണ്. ശോകാകുലമായ ആ ചിത്രങ്ങൾ ഞാനെന്തിനാണ് കൊണ്ടുവരുന്നത്?
|
|