കേരളപാണിനീയം: “സായാഹ്ന” പതിപ്പിന്റെ പ്രത്യേകതകള്‍
- ഒന്നു്
- മലയാളത്തിന്റെ സമഗ്രമായ തനതുലിപിയിലാണു് ഈ പതിപ്പിറങ്ങുന്നത്. ഏ.ആര്‍. രാജരാജവര്‍മ്മയുടെ മേല്‍നോട്ടത്തില്‍ 1917-ല്‍ അച്ചടിച്ചിറങ്ങിയ കേരളപാണിനീയത്തിന്റെ ഏറ്റവും സത്യസന്ധമായ പതിപ്പാണിതു്.
- രണ്ടു്
- കമ്പ്യൂട്ടര്‍ ടൈപ്പ്സെറ്റിംഗ് (ഡി.റ്റി.പി.) പ്രചരിച്ച കഴിഞ്ഞ മൂന്നു ദശകങ്ങളില്‍ കേരളപാണിനീയത്തിന്റെ വ്യത്യസ്ത പതിപ്പുകള്‍ പല പ്രസാധകരും ഇറക്കുകയുണ്ടായി. പരിഷ്കരിച്ച ലിപി ഏറ്റവും വിനയായിത്തീര്‍ന്ന കൃതിയാണു് കേരളപാണിനീയം. ഏ.ആര്‍.ആര്‍. ഉപയോഗിച്ച പല ലിപിചിഹ്നങ്ങളും ഈ പതിപ്പുകളില്‍ നിന്നും അപ്രത്യക്ഷമായി. സംവൃതോകാരം അപ്പാടെ ഇല്ലാതായി. ൠ, ഌ, ൡ, ഺ (half റ്റ), ഩ (other ന) എന്നിങ്ങനെ കാണാതായതെല്ലാം വീണ്ടെടുത്തു് മൂലകൃതിയിലേതുപോലെ വിന്യസിച്ചിരിക്കുന്ന ഏക ആധുനിക പാഠമാണു് സായാഹ്നയുടേത്.
- മൂന്നു്
- ഡിജിറ്റല്‍ ടൈപ്പ്സെറ്റിംഗിന്റെ അവസാന വാക്കെന്നു കരുതപ്പെടുന്ന ‘ലാടെക്’ (LaTeX)-ന്റെ മലയാള സംവിധാനം ‘ഇതള്‍’ (www.ithal.io) ഉപയോഗപ്പെടുത്തി യൂണികോഡില്‍ ചെയ്ത ഏക പതിപ്പാണിതു്. ഏതൊരാള്‍ക്കും എപ്പോള്‍ വേണമെങ്കിലും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യത്തക്കവിധം കേരളപാണിനീയത്തിന്റെ ഡിജിറ്റല്‍ പതിപ്പ് സായാഹ്നയില്‍ ആര്‍ക്കൈവ് ചെയ്തിരിക്കുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ഈ ഡിജിറ്റല്‍ പാഠത്തിനു് കേടുകള്‍ പറ്റാതിരിക്കാനായി XML ഫോർമാറ്റിലാണ് സൂക്ഷിച്ചിരിക്കുന്നത്. ക്രിയേറ്റീവ് കോമ്മണ്‍സ് എന്ന സ്വതന്ത്ര പകർപ്പവകാശത്തിലായതിനാല്‍ കേരളപാണിനീയത്തിന്റെ ഈ പതിപ്പു് എല്ലാ കേരളീയരുടേയും (എല്ലാ ജനതയുടേയും) പൊതുസ്വത്തായി മാറുകയാണ്. മാര്‍ക്കറ്റില്‍ ഇന്നു പ്രചരിക്കുന്ന മറ്റെല്ലാ കേരളപാണിനീയവും കുത്തക സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചുണ്ടാക്കിയവയും സ്വകാര്യവല്‍ക്കരിക്കപ്പെട്ടതുമാണ് എന്നോര്‍ക്കുക.
- നാലു്
- ധാതുപാഠം, കാരികാസൂചിക എന്നീ പരമ്പരാഗത സൂചികകളോടൊപ്പം ഒരു പദസൂചിയും (keyword index) ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു.
- അഞ്ചു്
- മേല്‍ചൊന്ന മൂന്നു സൂചികകളും കേരളപാണിനീയത്തിന്റെ ഡിജിറ്റല്‍ പതിപ്പില്‍ ഹൈപ്പര്‍ലിങ്കുകളായി പ്രവര്‍ത്തിക്കുന്നു. ഉള്ളടക്കം ‘ബുക്ക് മാര്‍ക്ക്’ (bookmarks) ആയിത്തീര്‍ന്നിരിക്കുന്നു. ഒരൊറ്റ മൗസ് ക്ലിക്കു കൊണ്ട് പാഠത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് ഏതു ഭാഗവും അനായാസം കണ്ടെത്താനും പാരായണം ചെയ്യാനും ഇതുമൂലം സാധിക്കുന്നു.
- ആറു്
- പുസ്തകത്തിന്റെ പുറത്തുള്ള ക്യൂആര്‍ കോഡ് (QR code) സ്കാന്‍ ചെയ്യുന്നതോടെ കേരളപാണിനീയത്തിന്റെ ഹൈപ്പര്‍ ടെക്സ്റ്റ് സ്മാര്‍ട്ട് ഫോണില്‍ ഉടനടി ലഭ്യമാകുന്നു. എല്ലാ ഇന്‍ഡക്സുകളിലൂടെയും കേരളപാണിനീയത്തിന്റെ ഉള്ളടക്കം സൂക്ഷ്മതലത്തിൽ ഉപയോക്താവിന്റെ മുന്നില്‍ തുറക്കപ്പെടുന്നു.
- ഏഴു്
- വെറുമൊരു ‘പാഠം’ (text) എന്നതിലുപരി ഒരു ‘വിവരവ്യവസ്ഥ’ (information system) ആയി മാറുകയാണ് സായാഹ്നയിലൂടെ കേരളപാണിനീയം.