close
Sayahna Sayahna
Search

നന്മയുടെ നക്ഷത്രമണ്ഡലങ്ങളിലേക്ക്


നന്മയുടെ നക്ഷത്രമണ്ഡലങ്ങളിലേക്ക്
Front page of PDF version by Sayahna
ഗ്രന്ഥകാരന്‍ എം കൃഷ്ണന്‍ നായര്‍
മൂലകൃതി മോഹഭംഗങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസാധകർ ഒലിവ് ബുക്‌സ്
വർഷം
2000
മാദ്ധ്യമം Print (Paperback)
പുറങ്ങൾ 87 (first published edition)

മോഹഭംഗങ്ങള്‍

അഷ്‌താർതേയുടെ പുത്രിമാരേ, താമസിന്റെ പ്രേമഭാജനങ്ങളേ എന്നോടൊരുമിച്ചു വിലപിക്കൂ. ഹൃദയമുരുകി ഉയർന്നു രക്താശ്രുക്കളായി ഒഴുകാൻ ആജ്ഞാപിക്കൂ. സ്വർണം കൊണ്ടും ദന്തം കൊണ്ടും നിർമ്മിക്കപ്പെട്ട അദ്ദേഹം അന്തരിച്ചല്ലോ. ഇരുണ്ട കാട്ടിൽ വരാഹം അദ്ദേഹത്തെ അതിക്രമിച്ചമർത്തിയല്ലോ. അതിന്റെ ദംഷ്ട്രകൾ അദ്ദേഹത്തിന്റെ മാംസത്തെ പിളർന്നല്ലോ. ഇപ്പോൾ കഴിഞ്ഞ വർഷത്തെ പത്രങ്ങളൂടെ കറ പറ്റി അദ്ദേഹം ശയിക്കുകയാണ്. വസന്തകാലത്തിന്റെ ഹൃദയത്തിലുറങ്ങുന്ന വിത്തുകൾ ഇനി അദ്ദേഹത്തിന്റെ പാദവിന്യാസത്താൽ ഉണരുകില്ലല്ലോ. പ്രഭാതത്തോടൊരുമിച്ച് അദ്ദേഹത്തിന്റെ ശബ്ദം എന്റെ ജനല്ലിലേയ്ക്ക് വരുകില്ലല്ലോ. ഞാൻ എല്ലാക്കാലത്തേയ്ക്കും ഏകാകിനിയായിരിക്കും.

അഷ്‌താർതേയുടെ പുത്രിമാരേ, താമസിന്റെ പ്രേമഭാജനങ്ങളേ, ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്നു. വക്ഷസുകൾ അനാവരണം ചെയ്തു വിലപിക്കൂ. എന്നെ ആശ്വസിപ്പിക്കൂ. നസറീത്തിലെ യേശു മരിച്ചില്ലല്ലോ.

യേശുക്രിസ്തുവിന്റെ ചരമത്തിനു ശേഷം ബിബ്‌ലസ് ഗ്രാമത്തിനെ ഒരു സ്ത്രീ പരിദേവനം ചെയ്യുന്നതായി സങ്കൽപ്പിച്ച് ഖലീൽ ജിബ്രാനെഴുതിയ ഒരു കാവ്യത്തിന്റെ ചില ഭാഗങ്ങളാണ് മുകളിൽ കുറിച്ചത്. സങ്കൽപ്പാധിഷ്ഠിതമെന്ന് ഞാൻ എഴുതിയെങ്കിലും അക്കാലത്ത് ആയിരക്കണക്കിന്, ലക്ഷക്കണക്കിന് സ്ത്രീകൾ ഇങ്ങനെ കരഞ്ഞിരിക്കും. അവർക്ക് പ്രാതിനിധ്യം വഹിക്കുകയാണ് ജിബ്രാന്റെ കാവ്യത്തിലെ സ്ത്രീ. അതിനാൽ പരിദേവനം ചെയ്ത ഈ സ്ത്രീയുടെ ഉണ്മയിൽ ശങ്കില്ലേണ്ടതില്ല. യേശുവിന്റെ നിശ്ചലശരീരം കല്ലറയിൽ വച്ചത് വെള്ളിയാഴ്ചയായിരുന്നു. ഞായറാഴ്ച ആയപ്പോൾ മൃതദേഹം അപ്രത്യക്ഷമായി.

ദ് ക്രിസ്ത്യൻസ് എന്ന മനോഹരമായ പുസ്തകം എഴുതിയ ബാംബർ ഗാസ്കോയില്‍ ഇതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ:

ജൂതധാരികള്‍ നിശ്ചയമായും കരുതിയിരിക്കും ക്രിസ്തു ശിഷ്യന്മാര്‍ മൃതശരീരം മോഷ്ടിച്ചുവെന്ന്. ശിഷ്യന്മാര്‍ക്ക് ഉറപ്പുണ്ടായിരുന്നു യേശു ഉയിര്‍ത്തെഴുന്നേറ്റുവെന്ന്. അങ്ങനെ ഉയിര്‍ത്തെഴുന്നേല്പിനോടൊരുമിച്ച് ദുഃഖവെള്ളിയാഴ്ചയുടെ വേദന ഈസ്റ്റര്‍ ഞായറാഴ്ചയുടെ അഹ്ലാദത്തിലേക്കു ചെന്നിരിക്കും. ജിബ്രാന്‍ ചിത്രീകരിച്ച സ്ത്രീയും ഈസ്റ്റര്‍ ദിനത്തില്‍ ആഹ്ലാദിച്ചിരിക്കും.

ഗാസ്കോയിന്റെ തുടര്‍ന്നുള്ള പ്രസ്താവനയും നമ്മുടെ കൗതുകമുണര്‍ത്തുന്നതാണ്. പഴയ ജറുസലം നഗരത്തിന്റെ ഭിത്തിക്കു വെളിയിലുള്ള ഒരു സ്ഥലം കുരിശില്‍ തറയ്ക്കലിന്റെയും ശവക്കല്ലറയുടെയും സ്ഥലമായി നേരത്തെയുള്ള ക്രൈസ്തവ പാരമ്പര്യവാദികള്‍ കണ്ടെത്തിയിട്ടുണ്ട്. നാലാം ശതാബ്ദത്തിനു ശേഷം ആ സ്ഥലത്ത് ഒരു പള്ളി നിലനിന്നിരുന്നു: വിശുദ്ധ ശവകുടീരത്തിന്റെ പള്ളി; ശതാബ്ദങ്ങള്‍ കഴിഞ്ഞപ്പോള്‍ അതു തിരിച്ചറിയാന്‍ വയ്യാത്ത വിധത്തില്‍ മാറിപ്പോയി.

ഇവിടെ എല്ലാ ഈസ്റ്റര്‍ ദിനത്തിലും പ്രകാശത്തിന്റെയും അന്ധകാരത്തിന്റെയും പ്രതിരൂപാത്മകതയോടെ ആഘോഷമുണ്ട്. ഈ പള്ളിയിലെയും മറ്റു പള്ളികളിലെയും മെഴുകുതിരികള്‍ കെടുത്തപ്പെടുന്നു. വിശുദ്ധ ശവകുടീരത്തിന്റെ ഉള്ളില്‍ ഗ്രീക്ക് പാത്രിയര്‍ക്കീസ് ഒറ്റയ്ക്കിരിക്കുന്നു. അദ്ദേഹത്തിന്റെ കയ്യിലിരിക്കുന്ന ദീപയഷ്ടി അദ്ഭുതാവഹമായ രീതിയില്‍ സ്വയം കത്തുന്നു. ആളിക്കത്തുന്ന ദീപവുമായി അദ്ദേഹം ശവകുടീരത്തില്‍ നിന്നു പുറത്തേക്കു പോരുമ്പോള്‍ അതില്‍ നിന്ന് മെഴുകുതിരി ആദ്യമായി കത്തിക്കാന്‍ ഉന്തും തള്ളും നടത്തുന്നു. വിശുദ്ധമായ അഗ്നിശിഖാ ആരാധകരില്‍ നിന്ന് ആരാധകരിലേക്കു കൈമാറപ്പെടുന്നു. പള്ളിയാകെ ദീപ്തി പ്രസരത്തില്‍. ഉത്സാഹഭരിതവും മത്സരബുദ്ധിയോടു കൂടിയതുമായ ഓട്ടമാണ് പിന്നിട്. മറ്റു പള്ളികളിലെ അല്‍ത്താരകളിലേക്കാണ് ആ അനിയന്ത്രിതമായ ഓട്ടം. സുവിശേഷത്തിന്റെ വിശാലതയുടെ അല്ലെങ്കില്‍ വ്യാപ്തിയുടെ അന്യൂനമായ ബിംബമാണിത്. ഞാന്‍ ലോകത്തിന്റെ പ്രകാശമാണ് എന്നു യേശു പറഞ്ഞതു സ്മരണീയന്‍. എന്തൊരു മനോഹരമായ സങ്കല്പം.

സംശയവാദികള്‍ എല്ലാക്കാലത്തുമുണ്ടല്ലോ. ശവക്കല്ലറയില്‍ നിന്ന് യേശു ഉയിര്‍ത്തെഴുന്നേറ്റാല്‍ അദ്ദേഹം ഈശ്വരന്‍ തന്നെ. പക്ഷേ, ഈശ്വരന്‍ എന്തുകൊണ്ട് പീഡനത്തിനു വിധേയനായി. പ്രാഡ്വിവാകന്മാരെ അദ്ദേഹം ഭസ്മമാക്കിക്കളയാത്തതെന്ത്? ഈ ചോദ്യങ്ങള്‍ക്കൊക്കെ പോള്‍ മറുപടി നല്‍കി. രണ്ടിന്റെയും –- സംശയത്തിന്റെയും സംശയപരിഹാരത്തിന്റെയും –- സാധുതയെക്കുറിച്ച് നമുക്കിപ്പോള്‍ പര്യാലോചന വേണ്ട. കുരിശില്‍ തറയ്ക്കുന്നതിന്റെയും ഉയിര്‍ത്തെഴുന്നേല്പിന്റെയും അടിസ്ഥാന തത്വത്തിലേക്ക് ഒന്നു പോയാല്‍ മതി. ലാക്ഷണിക സ്വഭാവത്തിന് അതീതമായ വസ്തുവിലേക്കു നമുക്ക് അനായാസമായി ചെല്ലാം.

സ്ഥലത്തിന്റെയും കാലത്തിന്റെയും മാനങ്ങളില്‍ ഒരു വ്യക്തി വീണ്ടും വന്നു നില്‍ക്കലല്ല ഉയിര്‍ത്തെഴുന്നേല്പ് എന്നത്. Resurrection means a life that bursts through the dimension of space and time in Godʼs invisible, imperishable, incomprehensible domain എന്ന് യുക്തിവാദിയായ ഒരു ചിന്തകന്‍.

ഈശ്വരന്റ അദൃശ്യവും അനശ്വരവും അജ്ഞാതവുമായ മണ്ഡലത്തില്‍ സ്ഥലത്തിന്റെയും കാലത്തിന്റെയും മാനങ്ങള്‍ ഭേദിച്ച് ജീവന്‍ വിഹരിക്കുന്നതാണ് ഉയിര്‍ത്തെഴുന്നേല്പ്. അപ്പോള്‍ ക്രിസ്തു കുരിശാരോഹണം ചെയ്തപ്പോള്‍ മരിച്ചില്ല. ചൈതന്യത്തിന് എവിടെ മരണവും മരണത്തില്‍ നിന്നുള്ള മോചനവും? ലാക്ഷികത്വത്തിലൂടെ സത്യം ഗ്രഹിക്കാന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുഅന്നു.

നമ്മുടെ ജീവിതം തന്നെ ഉയിര്‍ത്തെഴുന്നേല്പുകള്‍ നിറഞ്ഞതല്ലെ? അധാര്‍മികതയില്‍ നിന്ന് ധാര്‍മികതയിലേക്കു നമ്മള്‍ ഉയരുമ്പോള്‍ ഉയിര്‍ത്തെഴുന്നേല്പ് നടക്കുന്നു. അധമവികാരങ്ങള്‍ ഏറെയുള്ള നമ്മള്‍ ഭഗവത് ഗീതയും ബൈബിളും ഖുറാനും വായിക്കുമ്പോള്‍ അധമത്വത്തെ ദൂരീകരിച്ച് ഒരു സമുന്നത മണ്ഡലത്തില്‍ എത്തുന്നു. ഇതൊരു മൃതോത്ഥാനമല്ലേ? (മൃതോത്ഥാനം = ഉയിര്‍ത്തെഴുന്നേല്പ്) മനുഷ്യനിലുള്ള അധമത്വം ഉത്കൃഷ്ടതയിലേക്കു ചെല്ലുന്ന ഉയിര്‍ത്തെഴുന്നേല്പുകള്‍ അനവരതം നടന്നുകൊണ്ടിരിക്കുന്നു ജീവിതത്തില്‍. മനുഷ്യന്റെ ബോധമണ്ഡലം ഉത്ഥാന പ്രക്രിയയിലൂടെ സമുന്നത സ്ഥാനത്ത് എത്തുകയെന്നതു തന്നെയാണ് ഉയിര്‍ത്തെഴുന്നേല്പ്.

The Resurrection then is a moral change; it is a spiritual movement. A resurrection is a transfer from one state to another. It is a passage from the darkness of the tomb to the sunshine of the upper air. ഈ ഉയിര്‍ത്തെഴുന്നേല്പ് സന്മാര്‍ഗിക പരിവര്‍ത്തനമാണ്. അത് അധ്യാത്മിക പ്രസ്ഥാനമാണ്. ഒരവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്കുള്ള മാറ്റമാണ് ഉയിര്‍ത്തെഴുന്നേല്പ്. ശവക്കല്ലറയുടെ അന്ധകാരത്തില്‍ നിന്ന് ഉന്നതാന്തരീക്ഷത്തിന്റെ പ്രകാശത്തിലേക്കുള്ള തരണം ചെയ്യലാണത്. അതുകൊണ്ടാണ് ഞാന്‍ ലോകത്തിന്റെ പ്രകാശമാണ് എന്ന് യേശുക്രിസ്തു പറഞ്ഞത്. നമ്മള്‍ ഈസ്റ്റര്‍ ആഘോഷിക്കുമ്പോള്‍ ആ പ്രകാശത്തില്‍ മുങ്ങി നില്‍ക്കുന്നു.

ഉയിര്‍ത്തെഴുന്നേല്പ് എന്ന ഈ ഉന്നത സങ്കല്‍പം സാഹിത്യകാരന്മാരെ ആകര്‍ഷിച്ചതില്‍ എന്തേ അത്ഭുതം! കാസാന്‍ദ്സാക്കീസിന്റെ ʻദ ഗ്രീക്ക് പാഷന്‍ʼ എന്ന ഉജ്വലമായ നോവലാണ് എന്റെ ഓര്‍മയില്‍ ആദ്യമായി ഓടിക്കയറുന്നത്. ഏഴേഴു വര്‍ഷത്തിലൊരിക്കല്‍ ഗ്രീസിലെ ലൈക്കോപ്രിസി ഗ്രാമത്തില്‍ ഈസ്റ്റര്‍ കാലത്ത് പാഷന്‍ പ്ലേ അഭിനയിക്കും. അതില്‍ അഭിനയിക്കുന്നതിനു വേണ്ടി അഭിനേതാക്കളെ നേരത്തെ തെരെഞ്ഞെടുത്തു പരിശീലനം നല്‍കും. ക്രിസ്തുവായി വേഷം ധരിക്കുന്നത് മനോലിയോസ് എന്ന് ആട്ടിടയനാണ്. അഭിനയിക്കുന്നവര്‍ താദാത്മ്യം പ്രാപിച്ച് ക്രിസ്തുവായും ജൂഡാസായും ഒക്കെ മാറും. ക്രിസ്തുവായി മാറിയ മനോലിയോസിനെ സാക്ഷാല്‍ ക്രിസ്തുവിനെ വധിച്ചതുപോലെ ജനക്കൂട്ടം വധിച്ചു. ജനക്കൂട്ടത്തിന്റെ പ്രതിനിധിയായ പനയോതാരോസ് –- ജൂഡാസായി വേഷം കെട്ടിയവന്‍ –- കഠാരകൊണ്ടാണ് പാഷന്‍പ്ലേയിലെ ക്രിസ്തുവിനെ കുത്തികൊന്നത്. സഹോദരന്മാരെ... എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ സംബോധന. നോവല്‍ അവസാനിക്കുന്നു.

And again they resumed their interminable march towards the east.

നോവലില്‍ ഉയര്‍ത്തെഴുന്നേല്പിനെക്കുറിച്ചു പ്രത്യക്ഷ പ്രതിപാദനമില്ലെങ്കിലും പരോക്ഷ പ്രസ്താവമുണ്ടെന്ന് എന്റെ അനുമാനം. പാഷന്‍പ്ലേയില്‍ പീറ്ററായി അഭിനയിക്കാന്‍ പോകുന്ന യാന്നക്കോസ് മനോലിയോസിനോടു പറയുന്നു:

... and at the moment when you cry on the cross: Eli, Eli, lama, Sabachthani. Youʼll say to yourself that soon youʼll be home, after the crucifying. അഭിനേതാവ് വീട്ടിലെത്തും. പക്ഷേ, ഉയിര്‍ത്തെഴുന്നേല്പിലൂടെ സ്വര്‍ഗത്തിലെത്തുന്നതും കൂടിയാണ് ഇവിടത്തെ ധ്വനി.

ഉയിര്‍ത്തെഴുന്നേല്പിനെയും ഈസ്റ്ററിനെയും കുറിച്ചുള്ള സാഹിത്യസൃഷ്ടികള്‍ നിരവധിയാണ്. ഈ ലേഖനത്തിന്റെ ഹ്രാസത്തില്‍ അത് ഒതുക്കാവുന്നതല്ല. അതിനാല്‍ കാസാന്‍ദ്സാക്കിസിന്റെ നോവലിനെക്കുറിച്ചുള്ള ഈ പ്രസ്താവത്തോടുകൂടി ഞാന്‍ ഈ ചിന്തനം അവസാനിപ്പിക്കട്ടെ.

ഉയിര്‍ത്തെഴുന്നേല്പ് ജീവിതത്തോടു ബന്ധപ്പെട്ടിരിക്കുന്നു. ഈസ്റ്റര്‍ ആഘോഷിക്കുമ്പോള്‍ നമ്മള്‍ ജീവിതത്തെയാണ് പ്രസാദാത്മകതയോടെ വീക്ഷിക്കുന്നത്. വീഴ്ചയ്ക്കുശേഷം (ഏദന്‍ തോട്ടത്തിലെ വീഴ്ച) നന്മയുടെയും തിന്മയുടെയും ജ്ഞാനവൃക്ഷം ഉയര്‍ത്തെഴുന്നേല്പ് നടക്കുമ്പോള്‍ പച്ചപ്പൊടിപ്പുകള്‍ സ്വയം നിര്‍മിച്ചു എന്നാണ് സങ്കല്പം.

ഇറ്റലിയിലെ ചിത്രകാരന്‍ പ്യേറോ ദല്ലാ ഫ്രാന്‍ചേസ്കയുടെ (Piero della Francesca 1420–1492) Resurrection എന്ന ചിത്രത്തില്‍ യേശു ഉണങ്ങിയതും പച്ച പിടിച്ചതുമായ വൃക്ഷങ്ങള്‍ക്കിടയില്‍ ചുവന്ന കൊടി പിടിച്ചു കൊണ്ട് ഉയര്‍ത്തെഴുന്നേല്‍ക്കുന്നതായി കാണിച്ചിരിക്കുന്നു. ഉണങ്ങിയ മരങ്ങള്‍ മരണത്തിന്റെയും പച്ച പിടിച്ച മരങ്ങള്‍ ജീവിതത്തിന്റെയും പ്രതീകങ്ങളാണ്.

ഇംഗ്ലീഷ് ചരിത്രകാരന്‍ സ്റ്റാന്‍ലി സ്പെന്‍സറെ മഹാനെന്ന വിശേഷണം കൂടാതെ അവതരിപ്പിക്കാന്‍ വയ്യ. അദ്ദേഹത്തിന്റെ Resurrection എന്ന ചിത്രം മതപരമാണു, നൂറിന് നൂറും കലാത്മകവുമാണ്. അതിൽ തട്ടിത്തകർത്തിട്ട കുരിശുകൾക്കിടയിലൂടെ മരിച്ച ഭടന്മാർ കുഴികളിൽ നിന്ന് ഉയിർത്തെഴുന്നേറ്റു വരുന്നതായി ചിത്രീകരിക്കുന്നു. മരണം എന്ന അധമാവസ്ഥയിൽ നിന്ന് ജീവിതമെന്ന ഉന്നതാവസ്ഥയിലേക്കുള്ള ഉത്ഥാനമാണ് ഇതു കാണിക്കുന്നത്. ചൈതന്യത്തെ പീലാത്തോസ് നിഷ്പ്രഭമാക്കും. യേശുദേവൻ അത് വീണ്ടും പ്രഭാപൂരിതമാക്കും. അതുതന്നെയാണ് ഉയിർത്തെഴുന്നേൽപ്പ്.

നമ്മുടെ ഒരു കവി പുത്തൻകാവു മാത്തൻ തരകൻ ഉയിർത്തെഴുന്നേൽപ്പ് വർണ്ണിച്ച് ഹർഷപുളകിതനായി യേശുവിനെ ശരണം പ്രാപിക്കുന്നു. കേട്ടാലും:

തരുണാരുണശതകായുത
ദശകദ്യുതിസദന,
ശരണാഗത ജന സഞ്ചയ
പരിരക്ഷണനിരത
കരുണാമൃത വരുണാലയ
മുകുരോപമ സലിലം
നറുമുന്തിരി രസമാക്കിയ
ദുരിതാപഹശരണം

പച്ചവെള്ളം മുന്തിരിച്ചാറാക്കിയതും ഉയിർത്തെഴുന്നേൽപ്പു തന്നെ.

ഗേയ്‌ഥേയുടെ ഫൗസ്റ്റ് എന്ന കാവ്യം. പ്രധാന കഥാപാത്രം ആത്മഹത്യയ്ക്കു തീരുമാനിക്കുന്നു. വിഷം ചുണ്ടോട് അടുപ്പിക്കുമ്പോൾ ഈസ്റ്റർ മണിനാദം കേൾക്കുകയും അയാൾക്കു ഹർഷാതിശയം ഉളവാകുകയും ചെയ്യുന്നു. ജീവിതത്തിന് അപ്രമേയ സ്വഭാവമുണ്ടെന്നു വിചാരിച്ച് അയാൾ വിഷം ദൂരെയെറിയുന്നു. ഉയിർത്തെഴുന്നേൽപ്പും അതിനോടു ബന്ധപ്പെട്ട ഈസ്റ്റർ ആഘോഷവും ജീർണതയുടെ ഈ കാലയളവിൽ പ്രാധാന്യമർഹിക്കുന്നു. നമ്മൾ ഉത്ഥാനത്തിന്റെ സന്ദേശം ഗ്രഹിച്ചു ജീവിതത്തെ നവീകരിക്കയാണു വേണ്ടത്.