close
Sayahna Sayahna
Search

നീലാന്തരീക്ഷത്തെ സ്പര്‍ശിക്കുന്ന ഗിരിശൃംഗം


നീലാന്തരീക്ഷത്തെ സ്പര്‍ശിക്കുന്ന ഗിരിശൃംഗം
Front page of PDF version by Sayahna
ഗ്രന്ഥകാരന്‍ എം കൃഷ്ണന്‍ നായര്‍
മൂലകൃതി മോഹഭംഗങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസാധകർ ഒലിവ് ബുക്‌സ്
വർഷം
2000
മാദ്ധ്യമം Print (Paperback)
പുറങ്ങൾ 87 (first published edition)

മോഹഭംഗങ്ങള്‍

ജഗത്സംബന്ധിയായ വീക്ഷണമുള്ള –- കോസ്മിക് വിഷനുള്ള –- മലയാള സാഹിത്യത്തിലെ ഒരേയൊരു മഹാകവിയായ ജി. ശങ്കരക്കുറുപ്പിനോടൊരുമിച്ചു ഞാന്‍ വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സായാഹ്നത്തില്‍ കോട്ടയം പട്ടണത്തില്‍ കാറില്‍ കറങ്ങുകയായിരുന്നു. ജി.ക്ക് കാരൂര്‍ നീലകണ്ഠപിള്ളയെ കാണണം. കണ്ടിട്ടുവേണം പാലായ്ക്കടുത്തുള്ള വിളക്കുമാടം എന്ന സ്ഥലത്ത് ഒരു സമ്മേളനത്തിനു പോകാന്‍. പലരോടും ചോദിച്ചു ʻകാരൂരിന്റെ വീടെവിടെʼയെന്ന്, ആര്‍ക്കും അറിഞ്ഞുകൂടാ. ഒടുവില്‍ ഒരു യുവാവ് –- സാഹിത്യത്തില്‍ തല്‍പരനായിരിക്കണം അയാള്‍ –- ഞങ്ങളുടെ കാറില്‍ കയറി ഡ്രൈവര്‍ക്കു മാര്‍ഗനിര്‍ദ്ദേശം നല്കി. പല ലെയ്‌നുകളിലൂടെ ഓടിയ കാര്‍ സാമാന്യം ഭേദപ്പെട്ട ഒരു വീടിന്റെ മുന്‍പില്‍ നിന്നു. സൂര്യന്‍ അസ്തമിച്ചിട്ടില്ലായിരുന്നു. പ്രകാശത്തിന് അരുണിമയുമില്ലായിരുന്നു. മയൂഖമാലകള്‍ പാതയിലും കാരൂരിന്റെ ഭവനത്തിലും വെള്ളപ്പൂക്കള്‍ വാരിവിതറുന്നുണ്ട്. കാറിനകത്തു നിന്നു ജി. ഇറങ്ങുന്നതു വീട്ടില്‍ നിന്നു കണ്ട കാരൂര്‍ നീലകണ്ഠപിള്ള മന്ദഹാസത്തിന്റെ ധവളപുഷ്പങ്ങള്‍ വിതറിക്കൊണ്ടു കവിയുടെ അടുത്തെത്തി. അദ്ദേഹം കാരൂരിനോടു പറഞ്ഞു: ʻʻവലിയ സാഹിത്യകാരന്‍! പക്ഷേ, അദ്ദേഹം താമസിക്കുന്ന വീടേതെന്ന് ആര്‍ക്കുമറിഞ്ഞുകൂടാ.ˮ എന്നെയും കാരൂര്‍ ക്ഷണിച്ചെങ്കിലും ഞാന്‍ പോകാതെ കാറിനകത്തു തന്നെ ഇരുന്നു. അല്‍പനേരം കഴിഞ്ഞു ജി. തിരിച്ചെത്തി. ഞങ്ങള്‍ യാത്ര തുടര്‍ന്നു. കാരൂരിന്റെ ഒരു ചെറുകഥയും അന്നുവരെ വായിച്ചിട്ടില്ലാത്ത ഞാന്‍ കവിയോടു ചോദിച്ചു: ʻʻമാഷേ, വലിയ സാഹിത്യകാരനാണോ കാരൂര്‍ˮ അദ്ദേഹം മറുപടി നല്കി: ʻʻഅസാധാരണമായ സൗന്ദര്യമാണു കാരൂര്‍ക്കഥകള്‍ക്ക്. നിങ്ങള്‍ അദ്ദേഹത്തിന്റെ കഥകള്‍ വായിക്കണം.ˮ കാറിന്റെ വലതുവശത്ത് ഉയര്‍ത്തി വച്ച കണ്ണാടിയില്‍ ഇടതുഭാഗത്തെ ഭൂവിഭാഗം തെല്ലുനേരം പ്രതിഫലിച്ചു. മനോഹരമായ കാഴച. ʻഇതുപോലെയായിരിക്കും കാരൂരിന്റെ കഥകളുംʼ ഞാന്‍ വിചാരിച്ചു.

കവി നിര്‍ദേശിച്ചതുകൊണ്ട് ഞാന്‍ കാരൂര്‍ക്കഥകളാകെ വായിച്ചു. ജി. പറഞ്ഞ സൗന്ദര്യം മാത്രമല്ല ആ രചനകള്‍ക്കുള്ളതെന്നു ഞാന്‍ മനസ്സിലാക്കി. ചിലരെപ്പോലെ കെട്ടുകഥകളല്ല കാരൂര്‍ എഴുതിയത്. കലാപരമായ ആവശ്യകതയ്ക്ക് അതീതമായി പ്രചാരണാംശം കലര്‍ത്തിയ കഥകളായിരുന്നില്ല അദ്ദേഹത്തിന്റേത്. സൗന്ദര്യത്തിന്റെ സുവര്‍ണഗോപുരം സൃഷ്ടിക്കാനല്ലായിരുന്നു കാരൂരിനു കൗതുകം. മനുഷ്യബന്ധങ്ങളിലുള്ള അദ്ഭുതാംശങ്ങളെ ധ്വനിപ്പിച്ച് ആധ്യാത്മികത്വമാവാഹിക്കുന്ന രചനകള്‍ കേരളീയര്‍ക്കു നല്കാനായിരുന്നു അദ്ദേഹത്തിനു തല്‍പരത്വം. എന്നാല്‍ ഈ കലാംശത്തിനു മുന്‍ഗണനയും. കാരൂര്‍ കഥകള്‍ക്ക് ഈ മേന്മയില്ലായിരുന്നെങ്കില്‍ ഈ ലേഖനം തന്നെ എഴുതപ്പെടുമായിരുന്നില്ല.

സത്യം ലോകത്ത് എത്തുന്നതു രണ്ടു മുഖങ്ങളോടുകൂടിയാണെന്നും അതിലൊന്നു വിഷാദപൂര്‍ണമാണെന്നും രണ്ടാമത്തേതു ചിരി നിറഞ്ഞതാണെന്നും ഒരു ചിന്തകന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ആ ചിന്ത പൂര്‍ണ്ണമാക്കുന്നത് ഇങ്ങനെ: പക്ഷേ, ഒരേ മുഖം തന്നെയാണ് ചിരിക്കുന്നതും കരയുന്നതും. ചിരിക്കുകയും കരയുകയും ചെയ്യുന്ന ജീവിതസത്യത്തെയാണ് കാരൂര്‍ ʻചെകുത്താന്‍ʼ എന്ന കഥയിലൂടെ കാണിച്ചു തരുന്നത്. പാവപ്പെട്ട കുടുംബം. ഗൃഹനായകന്‍ നിത്യരോഗി. അയാള്‍ക്കു മരുന്നു വാങ്ങിക്കൊടുക്കാന്‍ ഭാര്യ മറിയത്തിനു പണമില്ല. സൗന്ദര്യം കൊണ്ടു ജ്വലിക്കുന്ന മകള്‍ ശോശാമ്മയെ വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നതെങ്ങനെ? സത്യത്തിന്റെ കണ്ണീരൊലിക്കുന്ന ഈ മുഖം നമ്മള്‍ കാണുന്നു. അപ്പോഴാണ് ചെകുത്താന്റെ ചിരിയോടുകൂടി അതിന്റെ മറ്റൊരു വശം കാരൂര്‍ നമ്മുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കുന്നത്. സ്ത്രീവേട്ടയില്‍ തല്‍പരനായ ഒരുത്തന്റെ പ്രേരണകൊണ്ടാവാം, അല്ലെങ്കില്‍ പണം നേടാനുള്ള അത്യാര്‍ത്തി കൊണ്ടാവാം അയല്‍വീട്ടിലെ ഒരു വൃദ്ധ ശോശാമ്മയെയും അവളുടെ അമ്മയെയും അനഭിലഷണീയകൃത്തിനു പ്രേരിപ്പിക്കുന്നു. സദാചാരതല്‍പരകളായ അമ്മയും മകളും വൃദ്ധയുടെ പ്രലോഭനങ്ങളില്‍ നിന്ന് അകന്നു നിന്നുവെങ്കിലും ഗൃഹനായകന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി രണ്ടുപേരും അവള്‍ക്ക് വഴങ്ങിപ്പോകുന്നു. അനുഗ്രഹീതനായ കലാകാരനു മാത്രം കഴിയുന്ന മട്ടില്‍ കാരൂര്‍ കഥ അവസാനിപ്പിക്കുന്നു.

ʻ ദീപമങ്ങു പൊലിഞ്ഞു.
നിശയുടെ ശാന്തതയെയും ശോശാമ്മയുടെ ഹൃദയത്തെയും ഒരറക്കവാളെന്നപോലെ പിളര്‍ന്നുകൊണ്ടിരുന്നു ഉതുപ്പാന്റെ ചുമ.ʼ

അടുത്ത ദിവസം ഡോക്ടര്‍ വന്ന് ഉതുപ്പാനെ പരിശോധിച്ചു.

വ്യഭിചാരകര്‍മ്മം നടന്നുവെന്നു കഥാകാരന്‍ പരോക്ഷമായി പറയുന്നുണ്ടെങ്കിലും ഇതിന്റെ അടിസ്ഥാനം നമ്മള്‍ സദാചാരത്തെ അഭിലഷിക്കേണ്ടതാണെന്ന സൂചനയാണ്. ആ സൂചനാത്മകതയിലാണ് ഈ കഥയുടെ ശക്തിയും സൗന്ദര്യവുമിരിക്കുന്നത്. സാഹിത്യസൃഷ്ടി സാന്മാര്‍ഗികത്വത്തിനുള്ള ഉദ്ബോധനമാകരുത്. അതു സന്മാര്‍ഗത്തിന്റെ ബോധം മാത്രമേ ഉളവാക്കൂ. ആ സാരസ്വതരഹസ്യം കാരൂര്‍ മനസ്സിലാക്കിയിരിക്കുന്നു. പരമാധികാരിയായ ഗൃഹനായകനെപ്പോലെയാണ് കലാകാരന്‍. അയാള്‍ സ്വന്തം പ്രഭാവം കൊണ്ടും സാന്നിധ്യം കൊണ്ടും ഒരാജ്ഞയും നടത്താതെ കുടുംബാംഗങ്ങളെ പ്രവൃത്തിപഥത്തിലേയ്ക്കു നയിക്കുന്നു. ʻഇന്നത് ആകാം, ഇന്നത് അരുത്ʼ എന്ന് അയാള്‍ ഉറക്കെപ്പറഞ്ഞാല്‍ അയാളുടെ അധികാരത്തിനു ലോപം വരും. സന്മാര്‍ഗബോധമുള്ള കാരൂര്‍ ഈ ഗൃഹനായകനെപ്പോലെ സ്വന്തം ഭവനത്തില്‍ നില്ക്കുന്നതേയുള്ളൂ. ആജ്ഞാപിക്കുന്നതേയില്ല. ഗൃഹനായകന്റെ അധികാരം അധികാരമാണെന്നു മറ്റുള്ളവര്‍ക്കു തോന്നരുത്. ഇക്കഥ വായിക്കുമ്പോള്‍ സന്മാര്‍ഗനിഷ്ഠയുള്ള കഥാകാരനെയല്ല നമ്മള്‍ ദര്‍ശിക്കുക. യാഥാര്‍ഥ്യമാവിഷ്കരിച്ച് അനുവാചകനു സന്മാര്‍ഗബോധമുളവാക്കുന്ന സൗന്ദര്യാരാധകനായിട്ടാണു നമ്മള്‍ അദ്ദേഹത്തെ കാണുന്നത്.

മലയാള സാഹിത്യത്തിനു മാത്രമല്ല, വിശ്വസാഹിത്യത്തിനും അഭിമാനിക്കാവുന്ന ചെറുകഥയാണു കാരൂരിന്റെ മരപ്പാവകള്‍. ജനസംഖ്യ കണക്കിലെടുക്കാന്‍ ഒരു വീട്ടിലെത്തുന്ന ജോലിക്കാരന്‍ അവിടെയുള്ള ഒരു തരുണിയുമായി സംഭാഷണം നടത്തുന്നു. ഏതു സ്നേഹവും അവഗണനയിലാണല്ലോ തുടങ്ങുക. അന്യോന്യം കണ്ടയുടനെ രണ്ടുപേരും ആകര്‍ഷിക്കപ്പെടുന്നു. ആകര്‍ഷണം അവഗണനയില്‍ മൂടുന്നു അവര്‍. വാദപ്രതിവാദം എന്നു തന്നെ പറയാം. അതിലൂടെ യുവതിയുടെ ദയനീയജീവിതം ആവിഷ്കൃതമാകുന്നു. മദ്യപനും തെമ്മാടിയുമായ ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോന്ന അവള്‍ മരപ്പാവകള്‍ ഉണ്ടാക്കി വിറ്റുജീവിക്കുകയാണ്. കുളത്തിലേക്ക് എറിയുന്ന കല്ല് കൊച്ചോളമുണ്ടാക്കുകയും ക്രമേണ വലിയ തരംഗപരമ്പരകള്‍ നിര്‍മിക്കുകയും ചെയ്യുന്നതുപോലെ യുവതിയുടെയും യുവാവിന്റെയും ചെറിയ സംഭാഷണം വിശാലമായ സ്നേഹമണ്ഡലത്തില്‍ എത്തുന്നു. അയാള്‍ക്ക് അവള്‍ ഒരു നല്ല പ്രതിമ സമ്മാനമായി നല്കുന്നു. അയാള്‍ അവളുടെ ചിത്രം വരയ്ക്കുന്നു. രണ്ടുപേരും പിന്നെ അകലുകയാനണ്. അതോടെ ഗ്രീക്ക് ട്രാജഡിയുടെ മഹത്വം കഥയ്ക്കുണ്ടാകുന്നു. യുവതി ഒരു യാഥാതഥ്യം ആദ്യം ആവിഷ്കരിക്കുന്നു. ആ യാഥാതഥ്യം മറ്റൊരു യാഥാത്ഥ്യത്തെ. അതു വേറൊന്നിനെ. ഇങ്ങനെ പരകോടിയിലെത്തുമ്പോള്‍ അവളുടെ ആന്തരലോകം സമ്പൂര്‍ണമായി നമ്മള്‍ കാണുന്നു. ഈ ആന്തരലോകത്തു നമ്മളെ കാരൂര്‍ പ്രയത്നം കൂടാതെ, പ്രയാസം കൂടാതെ, കൂട്ടിക്കൊണ്ടു പോകുമ്പോള്‍ കഥയിലെ യുവതി നമ്മുടെ കൊച്ചനിയത്തിയായി മാറുന്നു. ഒരിടത്തും പ്രത്യക്ഷപ്രതിപാദനങ്ങളില്ല. പരോക്ഷ പ്രസ്താവങ്ങളേയുള്ളൂ. കീഴടങ്ങുകയും നിരാകരിക്കുകയും ചെയ്തുകൊണ്ടു യുവതി യുവാവിന്റെ മാനസികാവസ്ഥയെ കരതലാമലകം പോലെ നോക്കിക്കാണുന്നു. പാലില്‍ നീരെന്ന പോലെ എല്ലാ ഘടകങ്ങളും ഒന്നിച്ചു ചേരുന്നു ഇക്കഥയില്‍. കുഞ്ഞുങ്ങളില്ലാത്തതുകൊണ്ടു മരപ്പാവകള്‍ ഉണ്ടാക്കി മാതൃത്വാഭിലാഷത്തിന് ഒരളവില്‍ സാഫല്യം വരുത്തുകയും തനിക്കു കൗതുകം തോന്നിയ പുരുഷന് സന്തതിയെന്ന നിലയില്‍ അവയിലൊന്നു സമ്മാനിക്കുകയും ചെയ്യുന്നു അവള്‍. പക്ഷെ, കഷ്ടപ്പാടുകള്‍ അവളെ അയാളുടെ അടിമയാക്കുന്നില്ല. അഭിജാതയായി, അഭിമാനിയായി അവള്‍ നില്‍ക്കുന്നു. കാരൂര്‍ നീലകണ്ഠപിള്ളയുടെ ഉത്തുംഗമായ ഭാവന നിര്‍മ്മിച്ച കലാശില്പമാണിത്. ഇതിനെ ജയിക്കുന്ന കഥകള്‍ അധികമില്ല.

വലിയ സാഹിത്യകാരന്‍ എന്നു ജി. അദ്ദേഹത്തെ വിശേഷിപ്പിച്ചതു സത്യം. കാരൂരിന്റെ ഭാവനാരശ്മികള്‍ സൃഷ്ടിച്ച ധവളപുഷ്പങ്ങളാണ് അദ്ദേഹത്തിന്റെ കഥകള്‍. കാരൂരിന്റെ നില വിശ്വസാഹിത്യകാരന്മാരുടെ കൂടെയാണ് എന്നു കൈനിക്കര കുമാരപിള്ള ഒരിക്കല്‍ പറഞ്ഞു. അളന്നുമുറിച്ച രീതിയില്‍ മൂല്യനിര്‍ണയം ചെയ്തിരുന്ന കലാമര്‍മജ്ഞനാണ് കൈനിക്കരെയെന്നു നമ്മള്‍ ഓര്‍മ്മിക്കണം. ʻമരപ്പാവകള്‍ʼ എന്ന കഥയെക്കുറിച്ചു പറഞ്ഞത് മതിയായില്ല എന്ന തോന്നലാണ് എനിക്ക്. അതുകൊണ്ടു രണ്ടു വാക്യങ്ങള്‍ക്കൂടി എഴുതികൊള്ളട്ടെ. അക്കഥ ഗിരിശൃംഗം പോലെയാണ്. കൊടുമുടി നീലാന്തരീക്ഷത്തെ സ്പര്‍ശിച്ച് അതിനു ഹര്‍ഷോന്മാദമുണ്ടാക്കുന്നതുപോലെ ഈ കഥാശൃംഗം സഹൃദയമനസ്സില്‍ സ്പര്‍ശിച്ച് ആഹ്ലാദാതിശയമുണ്ടാക്കുന്നു.