close
Sayahna Sayahna
Search

ബിനായക് സെന്‍


അക്രമം ആരുടേതായാലും അംഗീകരിക്കാനാവില്ല
ഡോ. ബിനായക് സെനുമായി ജൂൺ 2009-ൽ എം. സുചിത്ര നടത്തിയ അഭിമുഖം
ബിനായക് സെന്‍
BinayakSen.jpeg
ജനനം (1950-01-04) 4 ജനുവരി 1950 (വയസ്സ് 72)
കതോര തലാബ്, റായ്പൂർ
തൊഴിൽ ഭിഷഗ്വരൻ (എം.ഡി. ശിശുരോഗം), മനുഷ്യാവകാശപ്രവർത്തകൻ
ജീവിത പങ്കാളി ഇല്ലീന സെൻ
പുരസ്ക്കാരങ്ങൾ ജൊനാഥൻ മാൻ പുരസ്കാരം, ഗാന്ധി ഇന്റർനാഷണൽ പീസ് പുരസ്കാരം
എം. സുചിത്ര
SuchitraM.jpeg
തൊഴിൽ സ്വതന്ത്ര പത്രപ്രവർത്തകരുടെ സംരംഭമായ ക്വസ്റ്റ് ഫീചേഴ്സ് അൻഡ് ഫുട്ടേജ്ന്റെ സ്ഥാപക. ഇപ്പോൾ ‘ഡൗൺ ടു എർത്’ എന്ന പാരിസ്ഥിതിക പ്രസിദ്ധീകരണത്തിന്റെ സൗത്ത് ഇൻഡ്യൻ കറസ്പോൺഡന്റ്

ഒന്‍പത് വര്‍ഷം മുന്‍പാണ് ഛത്തീസ്ഗഢ് പിറന്നത്. കൃത്യമായി പറഞ്ഞാല്‍ 2000 നവംബര്‍ ഒന്നിന് മധ്യപ്രദേശിലെ ബസ്തര്‍, റായ്പുര്‍, ദന്തവതെ, ധംതരി തുടങ്ങിയ ആദിവാസി ജില്ലകള്‍ ചേര്‍ത്തു പുതിയൊരു സംസ്ഥാനം. കാലാകാലമായി അവഗണിക്കപ്പെട്ടു കൊണ്ടിരുന്ന ആദിവാസി സമൂഹത്തിന്റെ വികസനമായിരുന്നു ലക്ഷ്യം.

ചത്തീസ്ഗഢ് ജനിക്കുന്നതിന് 19 കൊല്ലം മുന്‍പുതന്നെ ശിശുരോഗ വിദഗ്ധനായ ഡോ. ബിനായക് സെന്നും അദ്ദേഹത്തിന്റെ ജീവിതപങ്കാളിയും സാമൂഹിക ശാസ്ത്രജ്ഞയുമായ ഡോ. ഇലീന സെന്നും അവിടത്തെ ആദിവാസി മേഖലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. നഗരത്തിന്റെ സുഖസകൗകര്യങ്ങളും വേണ്ടത്ര കാശുണ്ടാക്കാന്‍ കഴിയുമായിരുന്ന ഭാവിയും ഉപേക്ഷിച്ചാണ് ഇരുവരും അവിടേക്ക് വന്നത്. ആദ്യം ദല്ലിരാജ്ഹരയില്‍ ശങ്കര്‍ഗുഹാ നിയോഗിയോടൊപ്പം. പിന്നെ, വികസനം എത്തിനോക്കിയിട്ടില്ലാത്ത ദുഗ്‌രുംനാല ഗ്രാമത്തിലേക്ക്. മലേറിയയും ക്ഷയവും ബാധിച്ച് അശരണരായി ആദിവാസികള്‍ മരിച്ചുകൊണ്ടിരുന്ന ഒരു ദരിദ്രഗ്രാമം. ആഹാരമില്ലാതെ ആരോഗ്യം പാടേ തകര്‍ന്ന ഗ്രാമീണര്‍.

ആരോഗ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുവേണ്ടി ബിനായക് അവിടെ ഒരു ക്ലിനിക്ക് സ്ഥാപിച്ചു. ആരോഗ്യവും അഭിമാനവും സ്വാശ്രയത്വവുമുളള ഒരു സമൂഹമായിരുന്നു സ്വപ്നം.

കമ്യൂണിറ്റി ഹെല്‍ത്തില്‍ ബിനായക് വിജയകരമായി പരീക്ഷിച്ച പല മാതൃകകളും പിന്നീട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനു കീഴില്‍ ഇപ്പോള്‍ നടന്നുവരുന്ന ആശയ്ക്ക് (അക്രെഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ്) തുടക്കം കുറിച്ചത് ബിനായകാണ്.

2004–ല്‍ വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ്, പൂര്‍വവിദ്യാര്‍ത്ഥി കൂടിയായ ബിനായകിനെ പോള്‍ ഹാരിസണ്‍ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. സാമൂഹിക പ്രതിബദ്ധതയോടെ ദീര്‍ഘകാലം സേവനം നടത്തിയതിനുളള അംഗീകാരമായിരുന്നു ഇത്. “അനീതി നിറഞ്ഞതും തകര്‍ന്നതുമായ സമൂഹത്തില്‍ ഒരു ഡോക്ടറുടെ റോള്‍ പുനര്‍നിര്‍വചിക്കാന്” ബിനായക് സെന്നിന് കഴിഞ്ഞുവെന്നും സ്വന്തം സുരക്ഷിതത്വം പോലും അവഗണിച്ചുകൊണ്ടാണ് അദ്ദേഹം സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹത്തിനു നല്‍കിയ പ്രശംസാപത്രത്തില്‍ പറയുന്നു.

ഇങ്ങനെ, ശിശുരോഗ വിദഗ്ധന്‍, പൊതുജനാരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന വ്യക്തി, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നീ നിലയില്‍ രാജ്യത്തിനകത്തും പുറത്തും പ്രശസ്തനായ ബിനായകിനെയാണ് ഛത്തീസ്ഗഢിലെ ബി.ജെ.പി സര്‍ക്കാര്‍ ഭീകരവാദിയെന്ന് മുദ്ര കുത്തി 2007 മെയ് 14-ന് അറസ്റ്റ് ചെയ്തത്. ഛത്തീസഗ്ഢ് സ്‌പെഷല്‍ സെക്യൂരിറ്റി ആക്ട് (2005), നിയമവിരുദ്ധ പ്രവര്‍ത്തനം (തടയല്‍) നിയമം എന്നീ കരിനിയമങ്ങള്‍ക്കു കീഴിലാണ് ബിനായകിനെ തടങ്കലിലാക്കിയത്. ഡോക്ടര്‍ എന്ന പദവി ദുരുപയോഗം ചെയ്തുകൊണ്ട് മാവോയിസ്റ്റ് നേതാവായ നാരായണ്‍ സന്ന്യാലിനെ പല തവണ ജയിലില്‍ സന്ദര്‍ശിച്ചു അവരുടെ സന്ദേശവാഹകനായി പ്രവര്‍ത്തിച്ചുവെന്ന് കളളക്കേസുമുണ്ടാക്കി. ആദ്യം പിടിച്ചകത്താക്കുക, പിന്നീട് തോന്നിയ കുറ്റങ്ങളെല്ലാം ചുമത്തുക, അതാണ് സര്‍ക്കാര്‍ ബിനായകിന്റെ കാര്യത്തിലും ചെയ്തത്. ഛത്തീസഗ്ഢില്‍ നടക്കുന്ന മാവോയിസ്റ്റ് ആക്രമണങ്ങളുടെയെല്ലാം പിറകില്‍ ബിനായക് സെന്‍ ആണ് എന്ന മട്ടില്‍ പോലീസ് മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ കൊടുത്തു കൊണ്ടിരുന്നു. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ കുറ്റമെന്താണെന്ന് ബിനായക് സെന്നിന് അറിയില്ലായിരുന്നു.

പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസിന്റെ (പി.യു.സി.എല്‍.) നാഷണല്‍ വൈസ് പ്രസിഡന്റും ഛത്തീസ്ഗഢ് യൂണിറ്റിന്റെ സെക്രട്ടറിയും കമ്യൂണിറ്റി ഹെല്‍ത്തില്‍ സര്‍ക്കാരിന്റെ ഉപദേശക സമിതിയിലെ അംഗവുമായ ബിനായകിന്റെ അറസ്റ്റ് മനുഷ്യാവകാശ പ്രവര്‍ത്തകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കാല്‍ നൂറ്റാണ്ടായി സമൂഹസേവനം നടത്തുന്ന പ്രഗത്ഭനായ ഒരു ഡോക്ടറെ അഴികള്‍ക്കു പിന്നിലാക്കിയത് അന്താരാഷ്ട്ര മെഡിക്കല്‍ കമ്യൂണിറ്റിയെ ചൊടിപ്പിച്ചു. ബിനായകിന്റെ അറസ്റ്റിന് വിദേശ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കി. നോം ചോംസ്കിയും അമര്‍ത്യാ സെന്നും ഉള്‍പ്പെടെ 22 നൊബേല്‍ സമ്മാന ജേതാക്കള്‍ ബിനായക് സെന്നിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു. ബിനായകിന്റെ അറസ്റ്റ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖത്തേറ്റ അടിയാണെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പ്രസ്താവനയിറക്കി. ഡോക്ടറുടെ മോചനത്തിനു വേണ്ടി ദേശീയതലത്തില്‍ പ്രക്ഷോഭങ്ങളും നിരാഹാരസമരങ്ങളും നടന്നു. വെബ്‌ സൈറ്റുകള്‍ തുറന്നു. നിരന്തരമായ ഇ-മെയില്‍ കാമ്പയിന്‍ നടന്നു. ആരോഗ്യ–മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയായ ജോനാഥന്‍ മാന്‍ അവാര്‍ഡ് ജയിലായിരിക്കെ ബിനായക് സെന്നിനു ലഭിച്ചു.

പക്ഷേ, ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഈ പ്രതിഷേധങ്ങള്‍ക്ക് പുല്ലുവിലയാണ് കല്‍പ്പിച്ചത്. ബിനായകിനു മേല്‍ ഒരു തെളിവുമില്ലാതെ പുതിയ കുറ്റങ്ങള്‍ ചുമത്തി. നിയമ നടപടി പരമാവധി വൈകിപ്പിച്ചു. കേസില്‍ 67 സാക്ഷികള്‍. പോലീസിന്റെ പീഡനം സഹിക്കാനാവാതെയാണ് സാക്ഷികളായതെന്ന് ചിലര്‍ കോടതിയില്‍ തുറന്നു പറഞ്ഞു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖകള്‍ ചിലത് കൃത്രിമമാണെന്ന് കോടതി കണ്ടെത്തി. തുടക്കത്തില്‍ ഒരവസരത്തിലും ബിനായകിനെ കോടതിയില്‍ ഹാജരാക്കിയില്ല. ഒരു കുറ്റം പോലും ഇതുവരെ പ്രോസിക്യൂഷന് തെളിയിക്കാനായിട്ടില്ല. എന്നാല്‍ ബിനായകിന്റെ ജാമ്യാപേക്ഷ ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചും തളളി. ബിനായകിന്റെ ജാമ്യാപേക്ഷ 2007 ഡിസംബര്‍ 10-നാണ് സുപ്രീം കോടതി പരിഗണിച്ചത്. അതിനു തൊട്ടു മുന്‍പ് രണ്ടു ദിവസം ഡിവിഷന്‍ ബെഞ്ചിലെ സീനിയര്‍ ജഡ്ജി ഛത്തീസ്ഗഢ് ഗവണ്‍മെന്റിന്റെ അതിഥിയായിരുന്നു. അവസാനം റായ്പുരിലെ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഒരു കൊടും ഭീകരനെ കൊണ്ടു വരുന്നതുപോലെ തോക്കു ധരിച്ച കമാന്‍ഡോകളുടെയും പോലീസ് നായയുടെയും അകമ്പടിയോടെയാണ്.

ബിനായക് സെന്നിനെപ്പോലെയുളളവര്‍ പുറത്തുണ്ടാകുന്നത് വന്‍കിട കമ്പനികളുടെ ചട്ടുകമായ സംസ്ഥാന സര്‍ക്കാരിന് തലവേദനയാണ്.

ഏറ്റവുമൊടുവില്‍, സുപ്രീം കോടതിയുടെ വെക്കേഷന്‍ ബെഞ്ച് മെയ് 25ന് ബിനായക് സെന്നിന് ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കത്ജുവും ദീപക് വര്‍മയും അടങ്ങുന്ന ബെഞ്ച് രണ്ടു വര്‍ഷം ജയിലില്‍ കഴിഞ്ഞ ബിനായക് സെന്നിന് ഉടന്‍ ജാമ്യം നല്‍കണമെന്ന് ഉത്തരവിട്ടു. റിവ്യു ഹര്‍ജി പരിഗണിക്കാന്‍ വെറും 30 സെക്കന്‍ഡാണ് കോടതിയെടുത്തത്. ഛത്തീസ്ഗഢ് സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ രോഹ്താഗിയെ സംസാരിക്കാന്‍ പോലും കോടതി അനുവദിച്ചില്ല.

ഛത്തീസ്ഗഢില്‍ മാത്രമല്ല ഇന്ത്യയി­ലെങ്ങും മനുഷ്യാ­വകാശ ലംഘനങ്ങള്‍ വര്‍ധിച്ചു വരിക­യാണ്. പാവപ്പെട്ട­വര്‍ക്ക് രക്ഷയില്ല എന്ന സ്ഥിതി വന്നിരിക്കുന്നു. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊ­പ്പമല്ല എന്ന ധാരണയും ശക്തിപ്പെ­ടുന്നുണ്ട്. എന്നെ റിലീസ് ചെയ്യുന്ന സമയത്ത് അഞ്ഞൂ­റോളം പേര്‍ ജയിലിനു മുന്നില്‍ കൂടിയിരുന്നു. ഞാന്‍ ഇത്രയും കാലം ചെയ്തത് വളരെ കുറച്ചാണ് എന്ന ഒരു തോന്നലാണ് എനിക്ക­പ്പോള്‍ ഉണ്ടാകുന്നത്. എത്രയോ അധികം ചെയ്യാനുണ്ട്.

59-കാരനായ ബിനായക് ഇപ്പോള്‍ വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗസംബന്ധമായ ചികിത്സയിലാണ്. ഇലീനയും ഒപ്പമുണ്ട് (വാര്‍ധയിലെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ വിമന്‍സ് സ്റ്റഡീസ് വകുപ്പിന്റെ മേധാവിയാണ് ഇപ്പോള്‍ ഇലീന). ബിനായകിന്റെ അറസ്റ്റിനെ തുടര്‍ന്ന് വ്യക്തിപരമായി നേരിടേണ്ടിവന്ന പ്രശ്‌നങ്ങളെപ്പറ്റി ഇരുവരും കാര്യമായൊന്നും പറഞ്ഞില്ല. പകരം, അനുദിനം വര്‍ധിച്ചു വരുന്ന അക്രമങ്ങളെപ്പറ്റിയും മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റിയുമാണ് ഇരുവരും ഉല്‍കണ്ഠ പ്രകടിപ്പിച്ചത്.

“ബിനായക് എന്ന വ്യക്തിയിലേക്കല്ല, മധ്യേന്ത്യയിലും മറ്റു സംസ്ഥാനങ്ങളിലും നടക്കുന്ന കലാപങ്ങളിലേക്കാണ് ശ്രദ്ധ തിരിയേണ്ടത്” ഇലീന പറയുന്നു. സമാധാനപ്രക്രിയ എത്രയും പെട്ടെന്ന് തുടങ്ങേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഇരുവരും ആവര്‍ത്തിച്ചു പറഞ്ഞു.

Symbol question.svg.png ഡോക്ടറുടെ മോചത്തിനുവേണ്ടി ഇത്രയക്ക് ശക്തമായ പ്രചാരണം നടക്കുമെന്നു കരുതിയിരുന്നോ?

ഒരുക്കിലുമില്ല. പാവപ്പെട്ടവര്‍ക്കിടയില്‍ ഒരു സാധാരണ ഡോക്ടറായിട്ടാണ് ഞാനെന്നെ കാണുന്നത്. ഇത്രയ്ക്കധികം പിന്തുണ ജനങ്ങളില്‍ നിന്നും ദേശീയ–അന്തര്‍ദേശീയ സംഘടനകളില്‍ നിന്നും ലഭിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഇങ്ങനെ ശ്രദ്ധേയനാവാന്‍ ഞാന്‍ ഒരുക്കിയിരുന്നില്ല. ഇത് സമ്മര്‍ദവും അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ട്. അതേസമയം, ഈ പിന്തുണ എന്നെ കൂടുതല്‍ ഉത്തരവാദിത്വമുളളവനുമാക്കുന്നുണ്ട്. ഛത്തീസ്ഗഢില്‍ മാത്രമല്ല ഇന്ത്യയിലെങ്ങും മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിച്ചു വരികയാണ്. പാവപ്പെട്ടവര്‍ക്ക് രക്ഷയില്ല എന്ന സ്ഥിതി വന്നിരിക്കുന്നു. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമല്ല എന്ന ധാരണയും ശക്തിപ്പെടുന്നുണ്ട്. എന്നെ റിലീസ് ചെയ്യുന്ന സമയത്ത് അഞ്ഞൂറോളം പേര്‍ ജയിലിനു മുന്നില്‍ കൂടിയിരുന്നു. ഞാന്‍ ഇത്രയും കാലം ചെയ്തത് വളരെ കുറച്ചാണ് എന്ന ഒരു തോന്നലാണ് എനിക്കപ്പോള്‍ ഉണ്ടാകുന്നത്. എത്രയോ അധികം ചെയ്യാനുണ്ട്.

Symbol question.svg.png ചികിത്സയ്ക്ക് വേണ്ടി വെല്ലൂരിലേക്ക് വന്നതെന്തിനാണ്?

ഇവിടെ ഞാന്‍ സുരക്ഷിതനാണ്. ഞാന്‍ പഠിച്ചത് ഇവിടെയല്ലേ, എന്നിക്കെല്ലാവരേയും അറിയാം. ഇവിടത്തെ ഡോക്ടര്‍മാര്‍ക്ക് എന്നെയും അറിയാം. അവരെ എനിക്കു പൂര്‍ണവിശ്വാസമാണ്. പക്ഷെ, ഛത്തീസ്ഗഢിലെ ഏതെങ്കിലും ആശുപത്രിയില്‍ ഞാന്‍ സുരക്ഷിതനായിരിക്കും എന്ന് പറയാനാവില്ല. എന്തും സംഭവിക്കാമല്ലോ.

Symbol question.svg.png അസുഖം തുടങ്ങിയത് ജയിലില്‍ നിന്നാണോ?

അല്ല, കുറേക്കാലമായി എനിക്ക് ഹൈപ്പര്‍ടെന്‍ഷനുണ്ട്. രണ്ടു വര്‍ഷത്തെ ജയില്‍ ജീവിതം ആരോഗ്യനില കൂടുതല്‍ വഷളാക്കിയെന്നു മാത്രം.

Symbol question.svg.png കഴിഞ്ഞ ഡിസംബറില്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തളളിയിരുന്നവല്ലോ. ഇപ്പോള്‍ മെഡിക്കല്‍ ഗ്രൗണ്ടിലാണോ ജാമ്യം ലഭിച്ചത്?

അല്ല, പേഴ്‌സണല്‍ ബോണ്ട് മാത്രമേയുളളൂ.

Symbol question.svg.png മാവോയിസ്റ്റ് ബന്ധം ആരോപിച്ചു കൊണ്ടാണല്ലോ ഡോക്ടറെ അറസ്റ്റ് ചെയ്തത്. ഇക്കാലത്തിനിടയില്‍ എപ്പോഴെങ്കിലും മാവോയിസ്റ്റുകളെ ന്യായീകരിച്ചിട്ടുണ്ടോ?

ഒരു ഘട്ടത്തിലും ഞാന്‍ മാവോയിസ്റ്റുകളെ ന്യായീകരിച്ചിട്ടില്ല. മാത്രമല്ല, മാവോയിസ്റ്റുകള്‍ നടത്തുന്ന ആക്രമണങ്ങളെ ഞാന്‍ പരസ്യമായി വിമര്‍ശിക്കുന്നുമുണ്ട്. അക്രമങ്ങള്‍ കൂടുതല്‍ അക്രമത്തിനു മാത്രമേ വഴിവെക്കൂ. അക്രമം നടത്തുന്നത് ഭരണകൂടമായാലും മറ്റേതു വിഭാഗമായാലും അത് വലയന്‍സ് തന്നെയാണ്. ഒന്നിനെ മറ്റൊന്നില്‍ നിന്നു തരം തിരിച്ചു ന്യായീകരിക്കുന്നതില്‍ അര്‍ത്ഥമില്ല. സ്‌റ്റേറ്റിന്റെ അതിക്രമങ്ങളെ ചോദ്യം ചെയ്തതുകൊണ്ടാണ് ഞാന്‍ അറസ്റ്റിലായത്.

Symbol question.svg.png മാവോയിസ്റ്റ് നോതാവായ നാരായണ്‍ സന്യാലിനെ ജയിലില്‍ പല തവണ സന്ദര്‍ശിച്ചുവല്ലോ?

ശരിയാണ് ഞാന്‍ സന്യാലിനെ സന്ദര്‍ശിച്ചിട്ടുണ്ട്. പക്ഷേ, അതെല്ലാം പോലീസുദ്യോഗസ്ഥരുടെയും ജയിലധികൃതരുടെയും അറിവോടെയാണ്. എണ്‍പത് വയസുണ്ട് സന്യാലിന്. ആവശ്യമായ വൈദ്യ സഹായം ലഭിക്കുന്നില്ലെന്നും അതു കിട്ടാന്‍ സഹായിക്കണമെന്നും അയാളുടെ സഹോദരന്‍ എന്നോട് അഭ്യര്‍ത്ഥിച്ചു. അങ്ങനെയാണ് ചെന്നു കണ്ടത്. ജയിലറുടെ സാന്നിധ്യത്തില്‍ മാത്രമാണ് ഞാന്‍ അയാളോട് സംസാരിച്ചിട്ടുളത്. ഞാന്‍ ജയിലില്‍ പോയത് പി.യു.സി.എല്ലിന്റെ സംസ്ഥാന സെക്രട്ടറി എന്ന നിലയിലും ദേശീയ വൈസ് പ്രസിഡന്റ് എന്ന നിലയിലുമാണ്. സന്യാലിനെ കാണാനുളള അനുമതി തേടിയത് പി.യു.സി.എല്ലിന്റെ ലെറ്റര്‍ ഹെഡിലാണ്. ഞാന്‍ സന്യാലിന്റെ ബന്ധുവാണെന്ന് ജയില്‍ അധികൃതരെ തെറ്റിധരിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ജയില്‍ രേഖകള്‍ ഹാജരാക്കിയതോടെ അതു പൊളിഞ്ഞു. എനിക്കെതിരേ ആരോപിച്ചിട്ടുളള ഒരു കുറ്റവും തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല.

Symbol question.svg.png സാല്‍വജുദുമുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢില്‍ നടന്ന കൊലപാതകങ്ങള്‍ സി.ബി.ഐ. അന്വേഷിക്കണമെന്ന് പി.യു.സി.എല്‍. ആവശ്യപ്പെട്ടതിനു തൊട്ടു പിറകെയായിരുന്നുവല്ലോ താങ്കളുടെ അറസ്റ്റ്? മാവോയിസ്റ്റുകള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരേ ജനങ്ങള്‍ക്കിടയില്‍ സ്വയം ഉണ്ടായി വന്ന ഒരു മൂവ്‌മെന്റാണോ സാല്‍വജുദും?

അല്ല. സാല്‍വജുദും എന്നുവെച്ചാല്‍ തദ്ദേശീയ ഭാഷയില്‍ ശുദ്ധീകരണം എന്നാണര്‍ത്ഥം. ഇത് ജനങ്ങള്‍ക്കിടയില്‍ സ്വയം ഉണ്ടായതൊന്നുമല്ല. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു ഭീകര പരിപാടിയാണിത്. 2005-ല്‍ ദന്തവതെ ജില്ലയിലാണ് തുടങ്ങിയത്. മാവോയിസ്റ്റ് ആക്രമണങ്ങളില്‍ പൊറുതിമുട്ടിയ ആദിവാസികള്‍ അവര്‍ക്കെതിരേ സ്വമേധയാ നടത്തുന്ന സായുധ പോരാട്ടമെന്നാണ് ഔദ്യോഗിക ഭാഷ്യം. ഭൂരിഭാഗം മാധ്യമങ്ങളും ഈ രീതിയില്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

Symbol question.svg.png യഥാര്‍ത്ഥത്തില്‍ എന്താണ് നടക്കുന്നത്?

ആദിവാസികളെ കൂട്ടത്തോടെ ഗ്രാമങ്ങളില്‍ നിന്നു കുടിയൊഴിപ്പിച്ചു പുറത്തേക്ക് കൊണ്ടുവരുന്നു. എന്നിട്ട് സ്‌പെഷല്‍ പോലീസ് പദവിയും ശമ്പളവും ആയുധങ്ങളും നല്‍കി മാവോയിസ്റ്റുകള്‍ക്കെതിരേ പോരാടാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഇങ്ങനെ അറുനൂറിലേറെ ഗ്രാമങ്ങള്‍ പൂര്‍ണമായില്‍ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ പുറത്തേക്കു കൊണ്ടുവരുന്ന ആദിവാസികളെ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് താമസിപ്പിക്കുന്നത്. അമ്പതിനായിരം പേരെങ്കിലും ഇങ്ങനെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ താമസിക്കുന്നുണ്ട്.

Symbol question.svg.png സാല്‍വജുദുമിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി പി.യു.സി.എല്‍ അന്വേഷിച്ചിരുന്നോ?

പി.യു.സി.എല്‍. ഉള്‍പ്പെടെ അഖിലേന്ത്യാ തലത്തില്‍ അഞ്ച് സംഘടനകളില്‍ നിന്നായി 14 അംഗങ്ങള്‍ അടങ്ങുന്ന ഒരു സ്വതന്ത്രസമിതി അന്വേഷണം നടത്തിയിരുന്നു. ഗ്രാമീണര്‍, സാല്‍വജുദും നേതാക്കള്‍, പോലീസ്, കലക്ടര്‍ തുടങ്ങിയവരോടെല്ലാം സംസാരിക്കുകയും ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും ചെയ്ത് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു.

Symbol question.svg.png എന്തൊക്കെയാണ് കണ്ടെത്തിയത്?

നേരത്തെ പറഞ്ഞതു പോലെ ഇത് സര്‍ക്കാരിന്റെ പരിപാടിയാണ്. സാല്‍വജുദുമിന്റെ ഭൂരിഭാഗം യോഗങ്ങളിലും ജില്ലാ കലക്ടര്‍ പങ്കെടുത്തിരുന്നു. അവര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് സര്‍ക്കാരാണ്. പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മേല്‍നോട്ടത്തിലാണ് കുടിയൊഴിപ്പിക്കല്‍ നടക്കുന്നത്. സാല്‍വജുദുമിന്റെ യോഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ സമീപ ഗ്രാമങ്ങളിലുളളവരോട് ആവശ്യപ്പെടും. കനത്ത സുരക്ഷാ സംവിധാനത്തിലാണ് യോഗങ്ങള്‍ നടക്കുന്നത്. പോലീസും പരാമിലിട്ടറിയും കാവല്‍ നില്‍ക്കും. പാരാമിലിട്ടറിയുടെ വക റെയ്ഡും ഉണ്ടാകും. കൊളളയും കൊളളിവെപ്പും കൊലപാതകവും ബലാല്‍സംഗങ്ങളുമൊക്കെയായി എത്രയോ അതിക്രമങ്ങള്‍ ഈ പേരില്‍ നടക്കുന്നുണ്ട്. ഓരോ ഗ്രാമത്തില്‍ നിന്നും മുഴുവന്‍ ആളുകളെയും തുരത്തുന്നതുവരെ റെയ്ഡ് നടക്കും. പല ഗ്രാമങ്ങളിലും സ്ത്രീകളും കുട്ടികളും ഒന്നിനും വയ്യാത്ത വൃദ്ധരും മാത്രമാണ് ബാക്കിയായിട്ടുളളത്.

Symbol question.svg.png ആദിവാസി സമൂഹത്തില്‍ വലിയ ഭിന്നിപ്പുണ്ടാക്കാന്‍ ഇതു കാരണമാകില്ലേ?

അതുതന്നെയാണ് സര്‍ക്കാരിനു വേണ്ടത്. ഗ്രാമീണരുടെ ജീവിതം നരകമായി മാറിയിരിക്കുകയാണ്. സാല്‍വജുദുമിനൊപ്പം നില്‍ക്കുന്നവരെ മാവോയിസ്റ്റുകളും അതില്‍ ചേരാത്തവരെ പോലീസും പാരാമിലിട്ടറിയും വകവരുത്തും. എത്രയോ ആളുകള്‍ നാടുവിട്ട് ഓടിപ്പോയിരിക്കുന്നു. എത്രയോ കുടുംബങ്ങള്‍ ശിഥിലമായിരിക്കുന്നു. ക്യാമ്പുകളിലെ ജീവിതവും അങ്ങേയറ്റം ദുരിതമാണ്. മൃഗങ്ങളെ വേട്ടയാടുന്നതു പോലെ ഓടിച്ചിട്ടു പിടിച്ചു ക്യാമ്പുകളിലെത്തിക്കുന്നു. പിന്നെ സാല്‍വജുദുമിനൊപ്പം നില്‍ക്കുകയല്ലാതെ അവര്‍ക്കു വേറെ വഴിയില്ല. യഥാര്‍ത്ഥത്തില്‍, അതിഭീകരമായ അക്രമമാണ് നടക്കുന്നത്. ദന്തവനെ ജില്ലയില്‍ സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ തീര്‍ത്തും തകര്‍ന്നിരിക്കുന്നു. റോഡുകളില്‍ സാല്‍വജുദുമിന് ചെക്ക്‌ പോസ്റ്റുകളുണ്ട്. ക്യാമ്പുകളിലേക്കു വരാന്‍ വിസമ്മതിക്കുന്ന ഗ്രാമങ്ങള്‍ക്കു മേല്‍ സാമ്പത്തിക ഉപരോധവും ഏര്‍പ്പെടുത്തും. സാല്‍വജുദുവും പാരാമിലിട്ടറിയും നടത്തുന്ന അതിക്രമങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുമില്ല. അതേ സമയം, മാവോയിസ്റ്റുകളുടെ ആക്രമണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നുമുണ്ട്. 2005 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയും അനുമതിയോടെയും നടന്ന കൊലപാതകങ്ങള്‍ സി.ബി.ഐ. അന്വേഷിക്കണമെന്ന് പി.യു. പരസ്യമായിത്തന്നെ ആവശ്യപ്പെട്ടിരുന്നു.

Symbol question.svg.png അതിനു തൊട്ടു പിറകെയായിരുന്നു താങ്കളുടെ അറസ്റ്റ് അല്ലേ?

അതേ.

Symbol question.svg.png ആദിവാസികളെ ഇങ്ങനെ തുരത്തുന്നതിനു പിന്നില്‍ ഭൂമി പിടിച്ചെടുക്കുക എന്ന ഒരു ഉദ്ദേശ്യം കൂടിയുണ്ടാവും അല്ലേ?

തീര്‍ച്ചയായും, മധ്യപ്രദേശില്‍ നിന്ന് ആദിവാസികള്‍ക്കു ഭൂരിപക്ഷമുളള ജില്ലകള്‍ വേര്‍തിരിച്ച് ഛത്തീസ്ഗഢ് എന്ന പുതിയ സംസ്ഥാനം രൂപീകരിച്ചത് 2000 നവംബറിലാണ്. ആദിവാസികളുടെ വികസനമായിരുന്നു ലക്ഷ്യം. സംസ്ഥാനത്തിന്റെ ജനസംഖ്യയില്‍ മൂന്നിലൊന്ന് ആദിവാസികളാണ്. ഇരുമ്പയിര്, ബോക്‌സൈറ്റ് തുടങ്ങിയ ധാതുസമ്പുഷ്ടമായ സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ധാതുക്കളുടെ ഭൂരിഭാഗവും ആദിവാസി മേഖലകളിലും വനപ്രദേശങ്ങളിലുമാണ്. ഇവ പിടിച്ചെടുക്കാന്‍ സ്വകാര്യ കമ്പനികള്‍ ക്യൂ നില്‍ക്കുകയാണ്. നിലവില്‍ വന്നതിനു ശേഷം ദേശീയവും വിദേശീയവുമായ അമ്പതിലേറെ കമ്പനികളുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പു വച്ചിട്ടുണ്ട്. വ്യവസായ പദ്ധതികളും സര്‍ക്കാരിന്റെ വികസനപദ്ധതികളും നടപ്പാക്കാന്‍ വന്‍തോതില്‍ ഭൂമി ആവശ്യമുണ്ട്. ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ഛത്തീസ്ഗഢില്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനെതിരേയും വനപ്രദേശങ്ങളില്‍ വന്‍തോതില്‍ ഖനനം നടത്തുന്നതിനെതിരേയും ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ, ജനാധിപത്യപരമായ പ്രതിഷേധങ്ങളെപ്പോലും അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

Symbol question.svg.png അതുകൊണ്ടു തന്നെയാണല്ലോ തീവ്രവാദം വളരുന്നത്

ശരിയാണ്. പക്ഷേ, അവിടെയാണ് ശ്രദ്ധിക്കേണ്ടത്. സര്‍ക്കാരിനെ തകര്‍ക്കുകയല്ല, കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് വേണ്ടത്. അതിനു തീവ്രവാദം സഹായകമാവില്ല. ദരിദ്ര ജനവിഭാഗങ്ങളുടെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന്റെ ആവശ്യമുണ്ട്. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരാണ്. പക്ഷേ, ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നു വച്ചാല്‍ സര്‍ക്കാര്‍ സമ്പന്നരോടൊപ്പം നിന്ന് ദരിദ്രരെ ആക്രമിച്ചു കീഴ്‌പ്പെടുത്തുകയാണ്. ആഭ്യന്തരമായ കോളനിവല്‍കരണമാണ് ഇപ്പോള്‍ നടക്കുന്നത്. പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരാകുന്നു. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു എന്ന് ഉറപ്പു വരുത്തുകയാണ് വേണ്ടത്. അക്രമങ്ങളിലൂടെ ഭരണയന്ത്രം സ്തംഭിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. കൃത്യമായ ചോദ്യങ്ങള്‍ ശക്തമായും നിരന്തരമായും ഉന്നയിക്കുകയാണ് ചെയ്യേണ്ടത്. പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയമായി തന്നെ പരിഹാരം കാണണം. സമാധാന പ്രക്രിയ എങ്ങനെ തുടങ്ങണമെന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഇനിയും വൈകിച്ചാല്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമാകും. ആഭ്യന്തരയുദ്ധത്തിലേക്കാണ് ഇപ്പോഴത്തെ പോക്ക്.

നമ്മുടെ സമൂഹം എക്കാലത്തും ഒന്നല്ലെ­ങ്കില്‍ മറ്റൊരു തരത്തില്‍ വയലന്റ് തന്നെയാ­യിരുന്നു. യുദ്ധങ്ങ­ളുടെയും കീഴടക്ക­ലുകളുടെയും ചരിത്രം തന്നെയാണ് നമുക്കുളളത്. ജാതി, വര്‍ഗം, മതം, ജെന്‍ഡര്‍, തുടങ്ങി എല്ലാ കാര്യത്തിലും നമ്മുടെ സൊസൈറ്റി വയലന്റാണ്. പ്രത്യക്ഷ­മായോ പരോക്ഷ­മായോ, പാവപ്പെ­ട്ടവരെ പാവപ്പെട്ടവരാ­യിത്തന്നെ നിലനിര്‍ത്തുന്ന സ്ട്രക്ടചല്‍ വയലന്‍സിന്റെ പ്രത്യാഘാ­തങ്ങള്‍ നമ്മുടെ ആരോഗ്യ­മേഖലയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. കടുത്ത ഭക്ഷ്യക്ഷാമം, കുടിവെളള ക്ഷാമം, വൃത്തിഹീ­നമായ ജീവിത­പരിസരം ഇതൊക്കെ­യാണ് ഇപ്പോഴും നമ്മുടെ ആരോഗ്യ­മേഖലയിലെ പ്രധാന പ്രശ്‌നങ്ങള്‍. വിശപ്പ് തന്നെയാണ് ഇപ്പോഴും നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം.

Symbol question.svg.png നമ്മള്‍ നോണ്‍-വയലന്‍സിനെപ്പറ്റി പറയുന്നുണ്ട്. പക്ഷേ. ഏതെങ്കിലും ഘട്ടത്തില്‍ നമ്മുടെ സമൂഹം അഹിംസാത്മകമായി ചിന്തിച്ചിട്ടുണ്ടോ?

നമ്മുടെ സമൂഹം എക്കാലത്തും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വയലന്റ് തന്നെയായിരുന്നു. യുദ്ധങ്ങളുടെയും കീഴടക്കലുകളുടെയും ചരിത്രം തന്നെയാണ് നമുക്കുളളത്. ജാതി, വര്‍ഗം, മതം, ജെന്‍ഡര്‍, തുടങ്ങി എല്ലാ കാര്യത്തിലും നമ്മുടെ സൊസൈറ്റി വയലന്റാണ്. പ്രത്യക്ഷമായോ പരോക്ഷമായോ, പാവപ്പെട്ടവരെ പാവപ്പെട്ടരായിത്തന്നെ നിലനിര്‍ത്തുന്ന സ്ട്രക്ടചല്‍ വയലന്‍സിന്റെ പ്രത്യാഘാതങ്ങള്‍ നമ്മുടെ ആരോഗ്യമേഖലയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. കടുത്ത ഭക്ഷ്യക്ഷാമം, കുടിവെളള ക്ഷാമം, വൃത്തിഹീനമായ ജീവിതപരിസരം ഇതൊക്കെയാണ് ഇപ്പോഴും നമ്മുടെ ആരോഗ്യമേഖലയിലെ പ്രധാന പ്രശ്‌നങ്ങള്‍. വിശപ്പ് തന്നെയാണ് ഇപ്പോഴും നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. 33 ശതമാനം ആളുകളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്. ലോകാരോഗ്യ സംഘടനയുടെ ബോഡി മാസ് ഇന്‍ഡ്ക്‌സ് വച്ചു നോക്കിയാല്‍ ആദിവാസികളില്‍ പകുതിയോളം പേരും, പട്ടികജാതി വിഭാഗങ്ങളില്‍ പകുതിയിലധികവും നിരന്തരമായ ഭക്ഷ്യക്ഷാമത്തിലാണ്. കുട്ടികളില്‍ വലിയൊരു ഭാഗം മരിക്കുന്നത് ന്യുമോണിയ കൊണ്ടാണ്. സ്ത്രീകളില്‍ ഭൂരിഭാഗം കടുത്ത വിളര്‍ച്ച അനുഭവിക്കുന്നവരാണ്. മുമ്പത്തെക്കാള്‍ കുറച്ചു ഭക്ഷണമേ ജനങ്ങള്‍ക്കു ലഭിക്കുന്നുളളൂ.

Symbol question.svg.png ഡോക്ടര്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നത് എങ്ങനെയാണ്?

ഞാന്‍ ഒരു ശിശുരോഗ വിദഗ്ധനാണ്. ബഗ്‌രുംനാല ഗ്രാമത്തിലെ എന്റെ ക്ലിനിക്കില്‍ തൂക്കക്കുറവുളള ഒരു കുഞ്ഞ് വരുമ്പോള്‍ ആ കുഞ്ഞ് എന്തുകൊണ്ട് അങ്ങനെയായി എന്ന് എനിക്കു ചിന്തിക്കേണ്ടിവരും. അമ്മയുടെ അനാരോഗ്യം കൊണ്ടാണ് കുഞ്ഞിനു തൂക്കക്കുറവുണ്ടാകുന്നത്. എന്തുകൊണ്ട് അമ്മയുടെ ആരോഗ്യം തകര്‍ന്നു എന്ന് ചിന്തിക്കേണ്ടി വരും. സാമൂഹികവും സാമ്പത്തികവുമായ പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു ആരോഗ്യം. അതുകൊണ്ടു തന്നെ പലപ്പോഴും ഒരു വെറും ഡോക്ടറായി രോഗനിര്‍ണയം നടത്തി മാറി നില്‍ക്കാനാവില്ല. ഇടപെടേണ്ട കാര്യങ്ങളില്‍ ഇടപെടേണ്ടിവരും. അനാരോഗ്യത്തിനു കാരണം ദാരിദ്ര്യവും ദാരിദ്ര്യത്തിനു കാരണം വിഭവങ്ങള്‍ തുല്യമായ അളവില്‍ വിതരണം ചെയ്യപ്പെടാത്തതുമാണെങ്കില്‍ മരുന്നിനു കുറിപ്പടി എഴുതിക്കൊടുക്കുന്നതുകൊണ്ട് കാര്യമില്ലല്ലോ. ഒരു ജനതയുടെ ആരോഗ്യത്തില്‍ പ്രതിഫലിക്കുന്നത് സമൂഹത്തിന്റെ രാഷ്ട്രീയം തന്നെയാണ്. ആരോഗ്യത്തെ മാറ്റിനിര്‍ത്തി അതിനെ കാണാനാവില്ല.

Symbol question.svg.png ഒരു ഡോക്ടറെന്ന നിലയില്‍ ഇങ്ങനെയൊരു സോഷ്യല്‍ ഓറിയന്റേഷന്‍ എങ്ങനെയാണ് ഉണ്ടായത്?

വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ ബിരുദാനന്തര ബിരുദം ചെയ്യുമ്പോള്‍ എന്റെ വിഷയം പോഷകാഹാരക്കുറവു കൊണ്ടുണ്ടാകുന്ന രോഗങ്ങളും അവയുടെ പ്രത്യാഘാതങ്ങളും എന്നതായിരുന്നു. വെല്ലൂരിലും പരിസര പ്രദേശങ്ങളിലുമുളള ചേരികളില്‍ പോയി കാര്യങ്ങള്‍ നേരിട്ടറിയാനും അവസരം ലഭിച്ചിരുന്നു. കൂടാതെ ഇത്തരത്തിലൊരു ഓറിയന്റേഷന് മെഡികോ ഫ്രണ്ട്‌സ് സര്‍ക്കിളും (എം.എഫ്.സി.) എന്നെ സഹായിച്ചിട്ടുണ്ട്. ജയപ്രകാശ് നാരായണിന്റെ സമ്പൂര്‍ണ വിപ്ലവത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് 1976-ലാണ് ചില സുഹൃത്തുക്കള്‍ എം.എഫ്.സിക്ക് രൂപം നല്‍കിയത്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഗൗരവമേറിയ പല പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനും വിശകലനം ചെയ്യാനും എം.എഫ്.സിക്ക് കഴിഞ്ഞിട്ടുണ്ട്.

Symbol question.svg.png ജെ.എന്‍.യുവിലെ സെന്റര്‍ ഓഫ് സോഷ്യല്‍ മെഡിസിനില്‍ അസിസ്റ്റ്ന്റ് പ്രൊഫസറായി ജോലി ചെയ്യുന്നതിനിടയിലാണല്ലോ അത് ഉപേക്ഷിച്ച് ഛത്തീസ്ഗഢിലേക്കു വന്നത്. എന്തിനായിരുന്നു അത്?

ഞാന്‍ നേരെ ഛത്തീസ്ഗഢിലേക്കല്ല വന്നത്. മധ്യപ്രദേശിലെ ഹോഷംഗബാദിലേക്കാണ്. അവിടെ ടി.ബി. റിസര്‍ച്ച് ഹോസ്പിറ്റലില്‍ മൂന്നു വര്‍ഷം ജോലി ചെയ്തു. 1981-ല്‍ ശങ്കര്‍ ഗുഹ നിയോഗിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടു രൂപവല്‍ക്കരിക്കപ്പെട്ട അന്വേഷണസംഘത്തിലെ അംഗങ്ങളായിട്ടാണ് ഞാനും ഇലീനയും ആദ്യമായി ഛത്തീസ്ഗഢിലേക്കു പോകുന്നത്. അന്ന് ഛത്തീസ്ഗഢ് ഒരു സംസ്ഥാനമായിരുന്നില്ല. നിയോഗിയോടൊപ്പം പ്രവര്‍ത്തിക്കുന്നതിനു വേണ്ടിയാണ് ദല്ലി രാജഹരിയിലെത്തിയത്. അദ്ദേഹം നേതൃത്വം നല്‍കിയിരുന്ന ഛത്തീസ്ഗഢ് മൈന്‍സ് ശ്രമിക് സംഘ് (സി.എം.എസ്.എസ്.) എന്ന സ്വതന്ത്ര ട്രേഡ് യൂണിയന്റെ കീഴില്‍ ഖനിത്തൊഴിലാളികള്‍ക്കു വേണ്ടി ഒരു ആശുപത്രി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.

Symbol question.svg.png നിയോഗിയെപ്പറ്റിയും അദ്ദേഹത്തോടൊപ്പം നടത്തിയ പ്രവര്‍ത്തനങ്ങളെപ്പറ്റിയും പറയാമോ?

അസാധാരണമായ വ്യക്തിത്വമായിരുന്നു നിയോഗിയുടേത്. സാധാരണ ട്രേഡ് യൂണിയന്‍ നേതാവില്‍ നിന്നു തീര്‍ത്തും വിഭിന്നന്‍. വ്യക്തമായ കാഴ്ചപ്പാടുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ശരിക്കും ഒരു വിഷണറി. ഭിലായ് സ്റ്റീല്‍ പ്ലാന്‌റില്‍ കെമിക്കല്‍ എന്‍ജിനീയറായിരുന്നു നിയോഗി. ആദര്‍ശങ്ങള്‍ മുറുകെ പിടിച്ചിരുന്ന നിര്‍ഭയനും സത്യസന്ധനുമായ ഒരു നേതാവ്. സ്വന്തം സുരക്ഷിതത്വം പോലും വകവയ്ക്കാതെ, കോണ്‍ട്രാക്ടര്‍മാരുടെ മാഫിയയോട് പൊരുതി നിന്നുകൊണ്ടാണ് അദ്ദേഹം ഖനിത്തൊഴിലാളികളെ സംഘടിപ്പിച്ചത്.

Symbol question.svg.png ഖനിത്തൊഴിലാളികളുടെ സ്ഥിതി എന്തായിരുന്നു?

അങ്ങേയറ്റം ശോചനീയമായിരുന്നു ഖനിത്തൊഴിലാളികളുടെ ആരോഗ്യസ്ഥിതി. ഭിലായ് പ്ലാന്റിലേക്കു വേണ്ട ഇരുമ്പയിര് മുഴുവന്‍ ദല്ലി രാജഹരിയില്‍ നിന്നാണ് ഖനനം ചെയ്യുന്നത്. ഭിലായില്‍ നിന്ന് 70 കിലോമീറ്റര്‍ ദൂരെയുളള സ്ഥലം. തൊഴിലാളികള്‍ ഭൂരിഭാഗവും കരാര്‍ തൊഴിലാളികള്‍. ആദിവാസികള്‍. വല്ലാത്ത ദാരിദ്ര്യത്തിലായിരുന്നു തൊഴിലാളികള്‍. കോളറയും അതിസാരവും ബാധിച്ചുളള മരണങ്ങള്‍ വളരെ സാധാരണമായിരുന്നു. നവജാത ശിശുക്കള്‍ക്കിടയിലും മരണനിരക്ക് വളരെ കൂടുതലായിരുന്നു. പതിനായിരത്തോളം കുടുംബങ്ങള്‍. ഭിലായ് പ്ലാന്റില്‍ എ.ഐ.ടി.യു.സിയും, ഐ.എന്‍.ടി.യു.സിയും സജീവമായിരുന്നുവെങ്കിലും കരാര്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ രണ്ടു യൂണിയനുകളും തയാറായിരുന്നില്ല. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ആശുപത്രി ഭിലായ് പ്ലാന്റിന്റെ വകയായി ഉണ്ടായിരുന്നുവെങ്കിലും കരാര്‍ തൊഴിലാളികള്‍ക്ക് ചികിത്സാ സൗകര്യ ലഭ്യമായിരുന്നില്ല. നിയോഗിയുടെ നേതൃത്വത്തില്‍ കരാര്‍ തൊഴിലാളികള്‍ സ്വതന്ത്ര യൂണിയന്‍ ഉണ്ടാക്കി. യൂണിയന്‍ വളരെ വേഗം തന്നെ ശക്തിയാര്‍ജിച്ചു. യൂണിയന്‍ മുന്നോട്ടുവച്ച പല ആവശ്യങ്ങളും അംഗീകരിക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ നിര്‍ബന്ധിതരായി. തൊഴിലാളികള്‍ക്കു ബാക്കി കിട്ടാനുണ്ടായിരുന്ന വേതനം രണ്ടു ലക്ഷം രൂപ കിട്ടിയപ്പോഴാണ് ആശുപത്രി സ്ഥാപിക്കുന്ന കാര്യം ആലോചനയില്‍ വന്നത്. സി.എം.എസ്.എസ്. അതിനിടയില്‍ ഛത്തീസ്ഗഢ് മുക്തിമോര്‍ച്ച എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി. സാധാരണ രാഷ്ട്രീയ പാര്‍ട്ടികളുടെ കീഴില്‍ ട്രേഡ് യൂണിയനുകളുണ്ടാവുകയാണ് പതിവ്. ഇവിടെ നേരെ മറിച്ചാണ് സംഭവിച്ചത്.

Symbol question.svg.png ആശുപത്രിയുടെ പ്രവര്‍ത്തനം എങ്ങനെയായിരുന്നു?

1983-ലാണ് ഷഹീദ് ഹോസ്പിറ്റല്‍ എന്ന പേരില്‍ ആശുപത്രി തുടങ്ങിയത്. ഞാനടക്കം മൂന്നു ഡോക്ടര്‍മാര്‍. ബാക്കിയെല്ലാ കാര്യങ്ങളും തൊഴിലാളികള്‍ തന്നെയാണ് ചെയ്തത്. ആശുപത്രി നടത്താനുളള പണം പോലും അവര്‍ സ്വന്തം കൂലിയില്‍ നിന്നെടുക്കുകയാണ് ചെയ്തത്. രാജ്യത്ത് നടാടെയാണ് പൊതുജനങ്ങള്‍ക്കു വേണ്ടി തൊഴിലാളികള്‍ ആശുപത്രി തുടങ്ങിയത്.

Symbol question.svg.png വിജയകരമായിരുന്നോ ആ സംരംഭം?

പൂര്‍ണ വിജയമായിരുന്നു എന്നു തന്നെ പറയാം. സര്‍ക്കാര്‍ വക സഹായങ്ങളൊന്നുമില്ലാതെ, ആരോഗ്യസംരക്ഷണം സ്വയം ഏറ്റെടുക്കാന്‍ തൊഴിലാളികള്‍ക്കു കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ വികേന്ദ്രീകരണമായിരുന്നു ലക്ഷ്യം. അതു സാധിച്ചു. കൂടാതെ ആശുപത്രി നടത്താന്‍ സാധാരണക്കാര്‍ക്ക് കഴിയില്ല എന്ന ധാരണയും തെറ്റാണെന്നു തെളിയിക്കാന്‍ കഴിഞ്ഞു. 10 ബെഡുകളുമായി തുടങ്ങിയ ഹോസ്പിറ്റല്‍ ഇന്ന് 90 ബെഡുകളുളള ഒരു റെഫറല്‍ ഹോസ്പിറ്റലായി മാറിക്കഴിഞ്ഞു.

Symbol question.svg.png ഷഹീദ് ഹോസ്പിറ്റല്‍ വിട്ടതെന്തിനാണ്?

1991 സെപ്തംബര്‍ 28ന് നിയോഗി വെടിയേറ്റു മരിച്ചു. യൂണിയന്‍ ഓഫീസില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അപ്പോഴേക്കും ആശുപത്രി നല്ല രീതിയില്‍ നടന്നു തുടങ്ങിയിരുന്നു. ദല്ലി രാജഹര ടൗണാണ്. അതേ മാതൃകയില്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പോലും ഇല്ലാത്ത ഏതെങ്കിലും ഒരു ഗ്രാമത്തില്‍ ആരോഗ്യ സേവനം നടത്താനാണ് ഞാനും ഇലീനയും പോയത്. ഞങ്ങള്‍ രൂപാന്തര്‍ എന്ന ഒരു സംഘടനയുണ്ടാക്കി. ധംതിരി ജില്ലയിലെ ബഗ്‌രുംനാല എന്ന ഗ്രാമത്തിലാണ് ക്ലിനിക്ക് തുടങ്ങിയത്. ബാക്കി ദിവസങ്ങളില്‍ ഓരോ വീടും സന്ദര്‍ശിച്ചു ചികിത്സ നല്‍കുക എന്ന രീതിയിലാണ് പ്രവര്‍ത്തിച്ചത്. കുറഞ്ഞ ചെലവില്‍ ആരോഗ്യസേവനം ലഭ്യമാക്കുക, ഗ്രാമീണര്‍ക്ക് പരിശീലനം നല്‍കുക, ഇതിനു പുറമെ അവരുടെ വിദ്യാഭ്യാസം, കൃഷി, ഭക്ഷ്യസുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങളില്‍ കൂടി ഇടപെടുക. അതായിരുന്നു രീതി. പ്രാഥമികാരോഗ്യ സംരക്ഷണം ഏറ്റെടുക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്നതായിരുന്നു ലക്ഷ്യം. മലേറിയയും ക്ഷയവും ഇവിടെ വ്യാപകമായിരുന്നു. ഓരോ വര്‍ഷവും നിരവധി ആദിവാസികള്‍ ഈ രോഗങ്ങള്‍ കാരണം മരിച്ചിരുന്നു. ഈ രണ്ടു രോഗങ്ങളും വലിയൊരു പരിധിവരെ തടയാന്‍ കഴിഞ്ഞു. 100–150 കിലോമീറ്റര്‍ ദൂരെ നിന്നുവരെ രോഗികള്‍ വരാറുണ്ട്. ദുര്‍ഘടമായ വനപ്രദേശത്തു കൂടെ മണിക്കൂറുകള്‍ നടന്നായിരിക്കും അവര്‍ വരിക.

Symbol question.svg.png ഡോക്ടര്‍ ജയിലിലായതിനുശേഷം ക്ലിനിക്ക് നടക്കുന്നുണ്ടോ?

ഇപ്പോള്‍ രണ്ടാഴ്ചയില്‍ ഒരിക്കലേ തുറക്കുന്നുളളൂ. ബിലാസ്പുരിലെ ജനസ്വാസ്ഥ്യം സംയോഗ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടറി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാരാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകുന്നത്.

Symbol question.svg.png കഴിഞ്ഞ 25 വര്‍ഷമായി പൊതുജനാരോഗ്യത്തില്‍ ശ്രദ്ധയൂന്നിക്കൊണ്ടാണല്ലേ താങ്കള്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ ആരോഗ്യസംരക്ഷണ സംവിധാനത്തില്‍ എന്തു മാറ്റമാണ് വരേണ്ടത്?

ആരോഗ്യമേഖല സ്വകാര്യവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് അവസാനിക്കേണ്ടതുണ്ട്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ എണ്ണം പെരുകുന്നത് ആരോഗ്യമേഖലയുടെ വികസനത്തിന്റെ സൂചികയല്ല. വന്‍കിട ആശുപത്രികളും ഉയര്‍ന്ന വേതനത്തിനു ജോലി ചെയ്യുന്ന ഡോക്ടര്‍മാരും ചേര്‍ന്ന ഒരു സംവിധാനമല്ല ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിനു ചേര്‍ന്നത്. സാമൂഹികവും സാമ്പത്തികവുമായ എല്ലാ ഘടകങ്ങളും കണക്കിലെടുത്തുകൊണ്ട് സമഗ്രമായ രീതിയിലാണ് ആരോഗ്യത്തെ സമീപിക്കേണ്ടത്. മലിനമായ കുടിവെളളവും വൃത്തിയില്ലാത്ത ജീവിത പരിസരവുമാണ് ഏറ്റവും കൂടുതല്‍ രോഗങ്ങള്‍ക്ക് വഴിവയ്ക്കുന്നത്. സ്വന്തം ആരോഗ്യസംരക്ഷണം സ്വയം ഏറ്റെടുക്കാന്‍ ദരിദ്ര ജനവിഭാഗങ്ങളെ പ്രാപ്തരാക്കേണ്ടതുണ്ട്. ജനാധിപത്യത്തെ കൂടുതല്‍ ശക്തമാക്കുന്നതുപോലും ആരോഗ്യത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ കാണുന്നത്. അക്രമം നിറഞ്ഞ സമൂഹത്തിന് എങ്ങനെ ആരോഗ്യമുണ്ടാകും? ഇതൊന്നും ആലോചിക്കാതെ, ലോകബാങ്കിന്റെയും മറ്റും നിര്‍ദേശങ്ങള്‍ ഒന്നു ചിന്തിക്കുക പോലും ചെയ്യാതെ അപ്പാടെ സ്വീകരിക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്യുന്നത്. കാര്‍ഷിക മേഖലയ്ക്കു പകരം വ്യവസായിക ഭക്ഷ്യസുരക്ഷിതത്വമാണ് ഇല്ലാതാകുന്നത്. ഗ്രാമങ്ങളില്‍ നിന്നു വന്‍തോതില്‍ കുടിയൊഴിപ്പിക്കപ്പെട്ടു നഗരങ്ങളിലെ ചേരികളില്‍ എത്തിപ്പെടുന്നവരുടെ ജീവിതാവസ്ഥ എന്താണ്? പൊതുജനാരോഗ്യത്തെക്കാള്‍ പ്രതിരോധത്തിനും ആയുധങ്ങളും വേണ്ടിയാണ് കൂടുതല്‍ പണം ചെലവിടുന്നത്.

Symbol question.svg.png രണ്ടു വര്‍ഷത്തെ ജയില്‍ ജീവിത അനുഭവത്തിനു ശേഷം എന്തു തോന്നുന്നു?

ജയിലുകളില്‍ ജീവിതങ്ങള്‍ ചവിട്ടി മെതിക്കപ്പെടുന്നതു പോലെയാണ് എനിക്കു തോന്നിയത്. മനുഷ്യജീവിതങ്ങള്‍ക്ക് ഒരുവിധത്തിലുളള മാന്യതയും അവിടെ ലഭിക്കുന്നില്ല. ജയിലുകള്‍ക്കുളളിലെ പല പ്രശ്‌നങ്ങളെപ്പറ്റിയും പറഞ്ഞു കേട്ടിട്ടുണ്ട്. “കുറ്റങ്ങള്‍ വെറുക്കപ്പെടേണ്ടതാണ്, പക്ഷേ, കുറ്റവാളികളെ വെറുക്കരുത്” എന്ന ഗാന്ധിജിയുടെ വാക്കുകള്‍ ജയിലില്‍ എഴുതിവച്ചിട്ടുണ്ട്. പക്ഷേ, ഇതിനു നേരെ വിപരീതമാണ് അവിടെ നടക്കുന്നത്. കുറ്റവാളികളോട് അങ്ങേയറ്റത്തെ വെറുപ്പാണ് ജയില്‍ അധികൃതര്‍ക്ക്.

Symbol question.svg.png ജയില്‍ മനുഷ്യരെ ചെറിയ ഒരളവില്‍ തുല്യരാക്കുന്നുണ്ടോ?

ഒരു പരിധിവരെ സമത്വമുളള ഒരു സ്ഥലത്തേക്കാണ് ഞാന്‍ പോകുന്നതെന്നാണ് ജയിലിലേക്കു പോകുമ്പോള്‍ ഞാന്‍ കരുതിയത്. പക്ഷേ, ജയിലിനുളളില്‍ പുറത്തുളളതിനേക്കാള്‍ അസമത്വം നിലനില്‍ക്കുന്നുണ്ട് എന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. ദരിദ്രരും സമ്പന്നരും തമ്മിലുളള വ്യത്യാസം, രാഷ്ട്രീയ സ്വാധീനമുളളവരും അതില്ലാത്തവരും തമ്മിലുളള വ്യത്യാസം ഇതൊക്ക ജയിലില്‍ വളരെ കൂടുതലാണ്. ജീവിതങ്ങള്‍ തമ്മിലുളള വ്യത്യാസം വളരെ കൂടുതലാണ്. സാമ്പത്തികശേഷിയുളളവര്‍ക്ക് എല്ലാം സാധ്യമാണ്. മാത്രമല്ല, തടവുകാര്‍ക്ക് ഒരു കാര്യത്തിലും വലിയ പ്രതീക്ഷയൊന്നുമില്ല. വര്‍ത്തമാനകാലമോ ഭാവിയോ ഇല്ലാത്തതു പോലെയാണ് അവര്‍ ജീവിക്കുന്നത്. ഉളളത് ഭൂതകാലം മാത്രം. പ്രതീക്ഷ നല്‍കുന്ന അന്തരീക്ഷം ജയിലില്‍ ഇല്ലെങ്കില്‍ അവിടെ എന്തു പരിഷ്കരണം നടന്നിട്ടും കാര്യമില്ല.

Symbol question.svg.png ജൂഡീഷ്യറിയിലും നിയമവ്യവസ്ഥയിലും വിശ്വാസമുണ്ടോ തടവുകാര്‍ക്ക്?

മിക്കവര്‍ക്കുമില്ല എന്നാണ് എനിക്കു തോന്നിയത്. അവരുടെ അനുഭവങ്ങളാണ് അവരെ അങ്ങനെയാക്കുന്നത്. നിയമം പണക്കാരോടൊപ്പം നില്‍ക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. സര്‍ക്കാരിന്റെ കാര്യത്തിലുമില്ല വിശ്വാസം. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം തീര്‍ത്തും തകരുന്നത് വളരെ ഗുരുതരമായ ഒരു കാര്യമാണ്. കൈക്കൂലി കൊടുത്ത് എങ്ങനെ രക്ഷപ്പെടാം എന്നതാണ് ഒരു പ്രധാന സംസാരവിഷയം.

Symbol question.svg.png ജാമ്യമില്ലാതെ ജയിലില്‍ കിടക്കേണ്ടി വന്നപ്പോള്‍ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നോ? ഡിപ്രസ്ഡ് ആയിരുന്നോ?

സ്വാഭാവികമായും ചെറിയ തോതില്‍ മ്ലാനതയുണ്ടാകുമല്ലോ. ചിന്തകള്‍ക്കു പോലും ഒരു മൂടല്‍ വരുന്നതു പോലെ തോന്നും. ആദ്യമൊക്കെ എഴുതുകയും വായിക്കുകയുമൊക്കെ ചെയ്തു. പക്ഷെ, അതിനും ഉത്സാഹം തോന്നില്ല.

Symbol question.svg.png നാരായണ്‍ സന്യാലിനെ കാണുകയോ സംസാരിക്കുകയോ വേണ്ടിയിരുന്നില്ല എന്ന് തോന്നിയോ എപ്പോഴെങ്കിലും?

ഒരു നിമിഷം പോലും അങ്ങനെ തോന്നിയിട്ടില്ല. തോന്നിയാല്‍ പിന്നെ ഞാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനല്ലല്ലോ. അറസ്റ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ ഒന്നല്ലെങ്കില്‍ മറ്റൊരു കാരണം സര്‍ക്കാര്‍ കണ്ടെത്തും.

Symbol question.svg.png ഛത്തീസ്ഗഢില്‍ ബി.ജെ.പി. സര്‍ക്കാരല്ലായിരുന്നുവെങ്കില്‍ കാര്യങ്ങളില്‍ വ്യത്യാസമുണ്ടാകുമായിരുന്നോ?

ഓരോ സര്‍ക്കാരും രൂപീകരിക്കുന്ന നയങ്ങളുടെ കാര്യത്തില്‍ വലിയ അന്തരമുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം. ഈ അന്തരത്തെ ചെറുതാക്കിക്കാണുന്നത് ശരിയല്ല. ഛത്തീസ്ഗഢില്‍ ബി.ജെ.പി. സര്‍ക്കാര്‍ സാല്‍വജുദുമിനെ പരസ്യമായിത്തന്നെ പിന്തുണയ്ക്കുന്നുണ്ട്. കഴിഞ്ഞ അസംബ്ലിയിലെ പ്രതിപക്ഷ നേതാവായിരുന്ന കോണ്‍ഗ്രസിന്റെ മഹേന്ദ്രശര്‍മയും ഇതിനെ ന്യായീകരിച്ചു. പക്ഷേ, മുന്‍ മുഖ്യമന്ത്രി അജിത്‌ജോഗി ഇതിനെതിരേ ശക്തമായ നിലപാടെടുത്തു. എന്റെ കാര്യത്തിലും നിലപാട് വ്യക്തമാക്കിയിരുന്നു. ബിനായക് സെന്നിനെ കളളക്കേസില്‍ കുടുക്കി അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് തുറന്നു പറയാന്‍ അദ്ദേഹം മടികാണിച്ചില്ല. മുഖ്യമന്ത്രിയായാല്‍ താന്‍ ആദ്യം ആദ്യം ചെയ്യുക ബിനായക് സെന്നിനെ മോചിപ്പിക്കുകയാണെന്നു പറയാനും അദ്ദേഹം സന്നദ്ധനായി. ഛത്തീസ്ഗഢില്‍ വ്യവസ്ഥാപിത ഇടതു കക്ഷികള്‍ക്ക് വലിയ സ്വാധീനമൊന്നുമില്ല. പക്ഷേ, ലെഫ്റ്റ് ഐഡിയോളജിയില്‍ വിശ്വസിക്കുന്ന ഒട്ടേറെ ആക്ടിവിസ്റ്റുകളുണ്ട്.

Symbol question.svg.png ഇടതുസര്‍ക്കാര്‍ ഭരിക്കുന്ന പശ്ചിമ ബംഗാളിലും കേരളത്തിലുമൊക്കെ വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കല്‍ നടക്കുന്നുണ്ടല്ലോ?

ശരിയാണ്. സാമ്പത്തിക നയങ്ങളുടെ കാര്യത്തിലും വികസനത്തിന്റെ കാര്യത്തിലും ബി.ജെ.പി. മുതല്‍ സി.പി.എം. വരെ കൈക്കൊളളുന്നത് ഒരേ നയങ്ങളാണ്. ഇത് രാജ്യത്തിന്റെ ഭാവി അപകടത്തിലാക്കും. വ്യാപകമായ രീതിയില്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കും; ചൈനയില്‍ സംഭവിച്ചതുപോലെ, ഗ്രാമീണരെ വന്‍തോതില്‍ കുടിയൊഴിപ്പിച്ചു കൊണ്ടുളള വികസനനയങ്ങളുടെയും പ്രത്യാഘാതങ്ങള്‍ ചൈന അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊളളുന്നതിനു പകരം നമ്മുടെ രാജ്യവും അതേ വഴിയിലൂടെയാണ് നീങ്ങുന്നത്. ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഗ്രാമങ്ങളില്‍ത്തന്നെ ജീവിക്കാനും മണ്ണും ജലവും ഉള്‍പ്പെടെയുളള പ്രകൃതി വിഭവങ്ങള്‍ അനുഭവിക്കാനും കഴിയണം. ആ രീതിയില്‍ നമ്മുടെ നയങ്ങള്‍ മാറേണ്ടതുണ്ട്. അതിനു വേണ്ടി ജനങ്ങളുടെ മൂവ്‌മെന്റുകള്‍ ശക്തമാക്കേണ്ടതുണ്ട്.

Symbol question.svg.png ചികിത്സ കഴിഞ്ഞാല്‍ ഛത്തീസ്ഗഢിലേക്കു തന്നെ തിരിച്ചുപോകുമോ? അതോ കുറച്ചുകാലം മാറി നില്‍ക്കുമോ?

എന്തിനാണ് മാറി നില്‍ക്കുന്നത്? ഞാന്‍ തീര്‍ച്ചയായും എന്റെ കര്‍മ മണ്ഡലത്തിലേക്കു തന്നെ തിരിച്ചുപോകും. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി കുറേക്കൂടി സജീവമായി പ്രവര്‍ത്തിക്കണം. ക്ലിനിക് തുറന്നു പ്രവര്‍ത്തിക്കണം; പഴയതു പോലെത്തന്നെ.
* * *