close
Sayahna Sayahna
Search

അദ്ധ്യായം പത്തു്


മാർത്താണ്ഡവർമ്മ

മാർത്താണ്ഡവർമ്മ
Mvarma-00.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി മാർത്താണ്ഡവർമ്മ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്ര നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവു്
വര്‍ഷം
1891
മാദ്ധ്യമം അച്ചടിപ്പതിപ്പു്
“ശൃണു സുമുഖി! തവ ചരണനളിനദാസോസ്മൃഹം
ശോഭനശീലേ, പ്രസീദ പ്രസീദ മേ.”

ന്നും സൂര്യാസ്തമനത്തോടുകൂടി ചെമ്പകശ്ശേരിയിൽ സുന്ദരയ്യന്റെ ഉദയം ഉണ്ടായി. ബ്രാഹ്മണനെ കണ്ടപ്പോൾ കാർത്ത്യായനിയമ്മയുടെ മുഖം ‘മുഴുതിങ്കളുദയേന കുമുദമെന്നതുപോലെ’ വികസിച്ചു. സുന്ദരയ്യനെ കണ്ടാൽ ഉടനേ തന്നെ ആ വീട്ടിലെ ഭൃത്യരെല്ലാം ഓരോ കോണിൽ ഒതുങ്ങിക്കൊള്ളും. സുന്ദരയ്യന്റേയും ചെമ്പകശ്ശേരിനായികയുടേയും സംഭാഷണം ശ്രവിക്കുന്നതിൽ ആസക്തി തോന്നുന്നവർക്കു് ആശാന്റെ ഗതി അനുഭവമെന്നു് അവർക്കു് മനസ്സിലായിട്ടുണ്ടു്. സുന്ദരയ്യനും കാർത്ത്യായനിയമ്മയും സ്വേച്ഛപോലെ രണ്ടുമൂന്നു നാഴിക നേരം സ്വസ്ഥരായി സ്വകാര്യവാദം തുടർന്നു. അന്നത്തെ സംഭാഷണത്തിന്റെ അവസാനത്തിൽ, അഭിലാഷത്തെ പ്രദാനം ചെയ്യാൻ ചെയ്യുന്നതിനായി പ്രത്യക്ഷനാകുന്ന ഭഗവാനെ എന്ന പോലെ, ഉചിതമായുള്ള സ്തോത്രങ്ങൾ കൊണ്ടുംമറ്റും കാർത്ത്യായനിയമ്മ സുന്ദരയ്യനെ അഭിനന്ദിച്ചു. സുന്ദരയ്യൻ അന്നു വഹിച്ചിരുന്ന നിദേശത്തെ, കാർത്ത്യായനിയമ്മയുടെ അപേക്ഷാനുസാരമായി അദ്ദേഹം തന്നെ ചെമ്പകശ്ശേരി മൂത്തപിള്ളയോടു് അറിയിച്ചു. മൂത്തപിള്ള വർത്തമാനം കേട്ട ഉടനേ, താൻ കിടന്നിരുന്ന കട്ടിലിൽ നിന്നു് എഴുന്നേറ്റു് ‘കാർത്ത്യായനീടെ അടുത്തു് ആലോചിച്ചോ?’ എന്നു ചോദിച്ചു. ‘ശൊല്ലി ആയി. കൊച്ചമ്മയ്ക്കു സന്തോഷം താൻ ഹാകുന്നു. ഇവിടെ ശൊല്ലാൻ പറഞ്ഞു.’ സുന്ദരയ്യൻ മറുപടി പറഞ്ഞു. മൂത്തപിള്ളയും സുന്ദരയ്യനും സംഭാഷണം കൊണ്ടു് അന്നത്തെ രാത്രി ഒരു ശിവരാത്രി ആക്കിക്കഴിച്ചു. കാർത്ത്യയനിയമ്മയുടെ കഥ പിന്നെ പറയേണ്ടതുമില്ല. അടുത്ത ദിവസം നടത്തേണ്ട കാര്യങ്ങളെക്കുറിച്ചു് മനഃക്ലശം ചെയ്തു തന്നെ നേരം വെളുപ്പിച്ചു. ചെമ്പകശ്ശേരിയിൽ മറ്റൊരാൾക്കും അന്നു മിയ്ക്കവാറും നിദ്രയുണ്ടായില്ല. തന്റെ ശിരോലിഖിതത്തെ ഓർത്തു് ഖേദിച്ചും, സ്വാത്മനാ വരിച്ചിട്ടുള്ള പതിയുടെ മനോഹരമായ കളേബരത്തെ ധ്യാനിച്ചു് ആനന്ദിച്ചും, സ്വപ്രണയാസ്പദനായിരുന്ന യുവാവിന്റെ പരിചര്യ തനിക്കു് അപ്രപ്തമാക്കിത്തീർത്തിരിക്കുന്ന വിയോഗത്തെ വിചാരിച്ചു് സദാ ആധിവശയായും മന്ദഗതിയായ രജനിയെ ശപിച്ചും, ഒടുവിൽ ആലസ്യത്തോടുകൂടി നിദ്രയെ പ്രാപിച്ചു് ഭയങ്കരമായ സ്വപ്‌നങ്ങൾ കണ്ടും, പാറുക്കുട്ടിയും ഒരു വിധത്തിൽ രാത്രി കഴിച്ചുകൂട്ടി.

അൽപമായുള്ള പ്രകാശം കണ്ടു് ഉദയമായെന്നു ലോകർ നിശ്ചയിച്ചു എങ്കിലും ആദിത്യദർശനം അസാദ്ധ്യമായിരിക്കുന്നു. എന്തെന്നാൽ സർവ്വോന്മേഷത്തേയും പരിഖണ്ഡനം ചെയ്യുന്ന ഒരു തമസ്സോടുകൂടിയാണു് അന്നു് അരുണോദയം ആയതു്. ഉദയരാശിവേള കഴിഞ്ഞിട്ടും ആകാശമണ്ഡലത്തിന്റെ മനോഹരമായുള്ള നീലവർണ്ണത്തെ കാർമേഘസഞ്ചയങ്ങൾ മറച്ചിരിക്കുന്നു. ധൂമത്തിന്റെ വർണ്ണത്തോടു സാമ്യമുള്ള ഒരു നീലിമാവു് ഭൂമിക്കൊരു പരിവേഷമെന്ന പോലെ ആവരണം ചെയ്തിരിക്കുന്നു. ഇതു മേഘങ്ങളുടെ കാളനിറം ആകാശത്തു വ്യാപരിക്കുന്ന ജലബിന്ദുക്കളിൽ പ്രതിബിംബിക്കുന്നതിന്റേയും നിബിഡമായി നിൽക്കുന്ന വൃക്ഷങ്ങളിൽ നിരുല്ലാസികളായി വിരമിക്കുന്ന പത്രങ്ങളുടെ മരതക വർണ്ണത്തിന്റേയും സമ്മേളനത്തിൽ നിന്നു ജന്യമായിട്ടുള്ളതാണു്. ജീവസ്വരങ്ങളിൽ, അസ്വാസ്ഥ്യത്തോടു പറന്നു നടക്കുന്ന കാകഗണങ്ങളുടെ കർണ്ണാരുന്തുദമായ നിനാദങ്ങളല്ലാതെ അന്യപക്ഷിസ്വരങ്ങൾ പോലും കേൾപ്പാനില്ല. എന്നാൽ ഹുങ്കാരത്തോടുകൂടി പശ്ചിമസമുദ്രത്തിലെ തിരമാലകൾ ഭൂഭേദനം ചെയ്‌വാനെന്ന പോലെ ഗർജ്ജിക്കുന്ന ഗംഭീരധ്വനി ഒരേ ശ്രുതിയിൽ കേൾപ്പാനുണ്ടു്. ഉദയാനന്തരമുള്ള പ്രഥമയാമം കഴിഞ്ഞപ്പോൾ അതിഘോരമായ മാരിയും മാരുതപ്രചാരവും ആരംഭിച്ചു. വൃക്ഷങ്ങളിലും പുരപ്പുറങ്ങളിലും നിലത്തും വൃഷ്ടി പൊഴിയുന്ന ത്രിവിധമായ സ്വരങ്ങൾ ഇടകലർന്നു്, ശ്രവണപുടഭേദനം ചെയ്യുന്ന അർണ്ണവർണ്ണത്തിന്റെ ശ്രുതിക്ക്, ഒരു ഉപശ്രുതിയായി ചമഞ്ഞു. ദ്വിഗ്വാസികൾ എല്ലാം അവരവരുടെ ഭവനങ്ങളിൽ ഒതുങ്ങി അവരവർക്കു ഹിതമായുള്ള ഓരോ സുഖവൃത്തികളെ തുടർന്നു.

പുലർച്ച ആയപ്പോൾ മുതൽക്കു് ചെമ്പകശ്ശേരിയിലൊരു പൊടിപൂരമായിരിക്കുന്നു. ആ ഭവനത്തിൽ കാർത്ത്യായനിയമ്മ അഞ്ചോ എട്ടോ ഉള്ളതുപോലെ തോന്നിക്കുന്നു. ഉരക്കളത്തിൽ അടപ്രഥമനു് അരി ഇടിയ്ക്കുന്നതിനിടയിൽ ‘തെള്ളിയതു പോരാ’ എന്നു കുറ്റം പറയുന്നതിനും കാർത്ത്യായനിയമ്മ ഉണ്ടു്. ഉപ്പേരിയിൽ ശർക്കര പുരട്ടാൻ പാവുകാച്ചുന്നിടത്തു് ‘മുറുകിപ്പോകരുതു്’ എന്നു ഗുണദോഷിക്കാനും കാർത്ത്യായനിയമ്മ ഹാജർ. കെട്ടിനകത്തു് എരിശ്ശേരി മുതലായതിനു നുറുക്കുന്നിടത്തു് ‘വേണ്ടിടത്തോളം അരിയിൻ. കൂടി ആളുവരെ വന്നേക്കാം’ എന്നു ലുബ്ധു കൂടാതെ വ്യയം ചെയ്തുകൊള്ളുന്നതിനു് അനുവദിക്കുന്നതിനും കാർത്ത്യായനിയമ്മ തന്നെ. ഓരോ സ്ഥലങ്ങളിൽ നിന്നു് ഓരോരുത്തർ കൊണ്ടു വരുന്ന പഴക്കുലകൾ വാങ്ങി സംഭരിക്കുന്നതും മറ്റാരുമല്ല. വിളക്കു മുതലായതു തുടച്ചു മിനുസമാക്കുന്നതിനു നിയമിക്കപ്പെട്ടിരുന്ന വേലക്കാരി ഉപേക്ഷ കാണിച്ചു എന്നു സംശയിച്ചുകൊണ്ടു് ‘കൈയ്യിൽ കുരുവോ? വെള്ളി പോലെ മിനുങ്ങണം’ എന്നു ശാസന ചെയ്യുന്നതും ആ സ്ത്രീ തന്നെ. ഇരുപത്തിനാലു തിരിയിടുന്ന നിലവിളക്കു മൂന്നിനും ഒന്നു പൂമുഖത്തു വയ്ക്കുന്നതിനു് തലനാരിഴയിൽ നേർത്ത കവിണി കീറി അഞ്ഞൂറോളം തിരി തെറുത്തതും നമ്മുടെ കാർത്ത്യായനിയമ്മ തന്നെ. ഈ വക ജോലികൾ കൂടാതെ വെള്ള അടപ്പനിൽ കാത്തു കൂട്ടിയ നൂറടച്ചതും മുഴങ്ങുകൾ കൂടാതെ ചെറിയ ചെറിയ കഷണങ്ങളാക്കി അടയ്ക്ക നുറുക്കി വെള്ളിക്കിണ്ണത്തിൽ ആക്കിയതും, അരിഞ്ഞു കൂട്ടി പച്ചക്കർപ്പൂരവും പുഴവും ചേർത്തു് മണിത്തിരട്ടിയ പുകയില വെള്ളിക്കുഴലിൽ ഇട്ടതും, ഏലം, കരയാമ്പൂ, കൊട്ടത്തേങ്ങാ, കുങ്കുമപ്പൂ മുതലായി എട്ടുകൂട്ടം സാധനങ്ങൾ വെള്ളിലവംഗത്തളികയിൽ ഒരുക്കിയതും, വെള്ളിത്തട്ടത്തിൽ പള്ളിപ്പുറം തളിർവെറ്റില നിരത്തി സുമാറാക്കിയതും പുത്രിയെക്കുറിച്ചുള്ള പരമവാത്സല്യം ഹേതുവായിട്ടു് എന്തും പ്രവർത്തിക്കുന്നതിനു സന്നദ്ധയായിരിക്കുന്ന കാർത്ത്യായനിയമ്മ തന്നെ.

ആദിത്യാസ്തമനത്തോടുകൂടി പാചകന്മാരുടെ സാഹസങ്ങൾ ഒതുങ്ങി. മഴയും ഒന്നുനിന്നു. പൂമുഖം അണ്ടർകോന്റെ മണിമന്ദിരം പോലെ ശോഭിച്ചു. പടിഞ്ഞാറുള്ള വാതിൽക്കൽ നിന്നു ചുവന്ന വെളിയടയെയും, വെള്ള മേൽക്കട്ടിയേയും, സൂര്യപടമെത്ത, തലയണ എന്നിതുകളെയും, പൂമുഖത്തു് ഇട്ടിരുന്ന കട്ടിലിനു ചുറ്റും വിരിച്ചിരിക്കുന്ന കവളപ്പാറ പുള്ളുപായകളെയും, ദീപയഷ്ടി പോലെ എരിയുന്ന ദീപത്തെയും നോക്കി സന്തോഷിപ്പിച്ചിട്ടു കാർത്ത്യായനിയമ്മ അറപ്പുരയിലേക്കു തിരിച്ചു. ഈ ആഡംബരങ്ങൾ കാണുന്നതിനായി ചില വാല്യക്കാർ ശങ്കു ആശാനെ ക്ഷണിച്ചു. ‘പിള്ളരെ–അ–എന്റടുത്തു കളിച്ചാലക്കൊണ്ടൊണ്ടല്ലോ– വച്ചു താങ്ങൂടും, പറഞ്ഞേക്കാം’ ആശാൻ ഇതിലൊന്നിനും ചേരുന്നില്ലെന്നുറച്ചു് ആയുധപ്പുരയിൽത്തന്നെ കിടന്നു.

പാറുക്കുട്ടിയുടെ സ്ഥിതി വായനക്കാർക്കു് ഊഹിക്കാവുന്നതാണല്ലോ. വടക്കേക്കെട്ടിലും മറ്റും പുരുഷന്മാരുടെ സഞ്ചാരം അന്നു് അധികമുണ്ടായിരുന്നതിനാൽ പാറുക്കുട്ടി അറപ്പുരയിൽത്തന്നെ ഇരുന്നതേയുള്ളു. പതിവുപോലെ കുളി മുതാലയവയും കഴിച്ചു് തനിക്കു നേരിടാൻ പോകുന്ന ഉപദ്രവത്തെ തടുക്കുന്നതിനുള്ള വഴികളും ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ, കാർത്ത്യായനിയമ്മ ചില ആഭരാണാദികളെ താങ്ങി എടുത്തുകൊണ്ടു പാറുക്കുട്ടിയുടെ മുമ്പിൽ എത്തി. ‘തങ്കം നീ ഒരു കാര്യം ചെയ്യണം. ഇതാ ഈ ഉൾക്കെട്ടും കണ്ഠശരവും നാലുപന്തിയും കെട്ടിക്കോ; പിന്നെ ഈ തക്കയും കൂടി ഇട്ടോ. വാ, ഇങ്ങുവാ, ആ മൂക്കുത്തി എടുത്തു കളയരുതോ? അടുത്തു വാ–തണ്ടയും പാദസരവും ഞാൻ തന്നെ കാലിലിട്ടു തരാം. നോക്കു്, ഇതാ കണ്ടോ, നിനക്കുടുക്കാൻ എന്റെ പുടവയും കവിണിയും ഞാൻ തന്നെ എടുത്തോണ്ടു വന്നിരിക്കുന്നു. പട്ടക്കരയേ, വലിയ പട്ടക്കര’ എന്നിങ്ങനെയെല്ലാം പറഞ്ഞതിനു പാറുക്കുട്ടി മറുപടി പറയാതെയും അനുസരണഭാവം കാണിക്കാതെയും നിന്നു.

കാർത്ത്യായനിയമ്മ
‘എന്റെ തങ്കം അല്ലയോ? തല ഉണങ്ങീട്ടില്ലെങ്കിൽ മുമ്പോട്ടു കെട്ടി ഇടണ്ട. ഇതാ പൂ തലയിൽ ചൂടിക്കോ തങ്കം. ഒരു ചാന്തുപൊട്ടും തൊടണം.’
പാറുക്കുട്ടി
‘ഇതെല്ലാം എന്തിനായിട്ടെന്നു് എനിക്കു് മനസ്സിലാകുന്നില്ല.’
കാർത്ത്യായനിയമ്മ
‘ഒന്നും അറിയാത്ത പോലെ! ഇതാണല്ലോ! ഞാൻ പറയുന്നതു കേൾക്കു്.’
പാറുക്കുട്ടി
‘എന്തിനായിട്ടെന്നു പറയണം.’
കാർത്ത്യായനിയമ്മ
(പുത്രിയുടെ അടുത്തു ചെന്നു സാവധാനത്തിൽ) ‘എന്തെന്നു ഞാൻ പറഞ്ഞേ കഴിയുവോ? പിന്നെ–ഇന്നു വലിയ തമ്പി അങ്ങുന്നു് ഇവിടെ വരുന്നു പോലും.’
പാറുക്കുട്ടി
‘വരട്ടെ; അതിനു ഞാൻ എന്തുവേണം?’
കാർത്ത്യാനിയമ്മ
‘നീ ശുണ്ഠിക്കുകേറി നിൽക്കുന്നതെന്തിനു്? നീ വല്ലതും മല മറിക്കണമെന്നു വല്ലോരും പറഞ്ഞോ? നിനക്കു നേരേ ഒന്നു നിന്നു കളയരുതോ? അത്രേ പറയുന്നുള്ളു. അല്ലാതൊന്നും വേണ്ട. അദ്ദേഹം പക്ഷേ,–നിന്നെ–പിന്നെ കാണണമെന്നു പറഞ്ഞാലോ?’
പാറുക്കുട്ടി
‘എന്നെ കാണണമെന്നു പറകയോ? അത്ര മര്യാദ ഇല്ലാത്ത ആളാണോ അദ്ദേഹം?’
കാർത്ത്യായനിയമ്മ
‘ഒരുത്തിയെ കാണണമെന്നു പറയുന്നതു മര്യാദകേടോ? ഇതെവിടുത്തെ ന്യായം? നല്ല യോഗ്യത തന്നെ! ആട്ടെ നിന്നെ സംബന്ധം ചെയ്യാനാണെങ്കിലോ?’
പാറുക്കുട്ടി
‘എന്നാൽ സംബന്ധം ചെയ്യുമ്പോൾ കണ്ടുകൊള്ളണം.’
കാർത്ത്യായനിയമ്മ
‘പെണ്ണിനെ കാണാതെ സംബന്ധം ചെയ്ക എവിടെയെങ്കിലും നടപ്പുണ്ടോ?’
പാറുക്കുട്ടി
‘ഭർത്താവു തന്നെ പെണ്ണു കാണാൻ ഒരുങ്ങിപ്പുറപ്പെടുക നമ്മുടെ ഇടയിൽ നടപ്പുണ്ടോ? അതു കേൾക്കട്ടെ.’
കാർത്ത്യായനിയമ്മ
‘അദ്ദേഹമല്ലാതെ ആരു വന്നു കാണണമെന്നാണു് നിന്റെ അഭിപ്രായം?’
പാറുക്കുട്ടി
‘അദ്ദേഹത്തിന്റെ അച്ഛനോ അമ്മാവനോ വന്നു കാണട്ടെ.’
കാർത്ത്യായനിയമ്മ
‘അച്ഛൻ വലിയ തമ്പുരാൻ കൽപ്പിച്ചിങ്ങെഴുന്നള്ളുന്നു! പണ്ടും നടക്കുന്ന കാര്യം തന്നെ! ‘പണ്ടേ ഗർഭിണി’ എന്ന ചൊല്ലു പോലെ ആലസ്യവും കൂടി ഉണ്ടു്.’
പാറുക്കുട്ടി
‘എന്നാൽ അമ്മാവനാകാമല്ലോ?’
കാർത്ത്യായനിയമ്മ
‘ഇല്ലാത്ത ആളുകളെ നിനക്കായിട്ടു് നിർമ്മിക്കാൻ കഴിയുമോ?’
പാറുക്കുട്ടി
‘എന്നാൽ ബന്ധുക്കളിൽ വേറേ ആരെങ്കിലും വരട്ടെ.’

ഈ വാക്കുകൾ കേട്ടു് കാർത്ത്യായനിയമ്മ കുറച്ചു നേരം ആലോചനയോടുകൂടി നിന്നു് ഉത്തരം ഒന്നും പറവാൻ പാടില്ലാതെ കുഴങ്ങി. ഒടുവിൽ ഭേദോപായം അനുഷ്ഠിക്ക തന്നെ എന്നു നിശ്ചയിച്ചു് ഇങ്ങനെ പറഞ്ഞു;

‘അവരവർക്കു വേണ്ടതു് അറിഞ്ഞുകൂടെങ്കിൽ പറയുന്നതു കേൾക്കണം. ഇതു ‘വെള്ളത്തിലുമില്ല, കരയ്ക്കുമില്ല’ എന്നു പറഞ്ഞ പോലെ ആയിത്തീർന്നല്ലോ. നീ ആരെക്കൊതിച്ചുകൊണ്ടിരിക്കയാണു്? നീ അല്ലയോ എഴുത്തു വായിച്ചതു്? എഴുത്തു കള്ളമാണെന്നു നീ മാത്രം പറഞ്ഞാൽ മതിയോ? കാത്തിരുന്നോ, ഒടുവിൽ നീ തന്നെ ദുഃഖിക്കും.’

പാറുക്കുട്ടി
‘ഇതിലും വലിയ ദുഃഖം ഏതാണു്?’
കാർത്ത്യായനിയമ്മ
‘ഏതിലും?’
പാറുക്കുട്ടി
‘തമ്പി അദ്ദേഹത്തിന്റെ ഭാര്യയാകുന്നതിലും?’
കാർത്ത്യായനിയമ്മ
‘അദ്ദേഹത്തിനു് എന്താണൊരു കുറവു്? അവസ്ഥ പോരെന്നോ, മുതലില്ലെന്നോ, അതോ സൗന്ദര്യം കുറവെന്നോ?’
പാറുക്കുട്ടി
‘അതെല്ലാമുണ്ടു്. അതിലും വലിയ ഗുണങ്ങൾ ഇല്ലെന്നേ ഉള്ളു.’
കാർത്ത്യായനി അമ്മ
(ഹാസ്യമായിട്ടു്) ‘എന്തെല്ലാമാണു നിന്റെ വലിയ ഗുണങ്ങൾ? കേൾക്കട്ടെ? അങ്ങത്തെ ബുദ്ധി നിസ്സാരമായിട്ടുള്ളതു്; എന്റെ മകളുടെ ബുദ്ധി മനുഷ്യരെ കവിഞ്ഞതു്! ആട്ടെ, പറയണം.’
പാറുക്കുട്ടി
(ഈ ഹാസ്യവാക്കുകൾ കേട്ടിട്ടും തന്റെ ഗൗരവത്തെ വിടാതെ) ‘മനുഷ്യരായാൽ ചില ഗുണങ്ങൾ ഉണ്ടായിരിക്കണം. അതുകളുടെ ദാരിദ്യം ഏതു പുരുഷനിൽ കാണുന്നോ അങ്ങനെയുള്ള ആളുകളുടെ ഭാര്യ ആകുന്ന സ്ത്രീക്കു് വേറേ നരകമില്ല.’
കാർത്ത്യായനിയമ്മ
‘ഈ പ്രസംഗങ്ങൾ ഒന്നും എനിക്കു മനസ്സിലാകുന്നില്ല. അങ്ങത്തേക്കു നല്ല ഗുണങ്ങളില്ലെന്നു നീ പറഞ്ഞാൽ പോരല്ലോ.’
പാറുക്കുട്ടി
‘ഉള്ളതിൽ ഒരു സദ്ഗുണം കേൾക്കട്ടെ; അമ്മ പറയണം.’
കാർത്ത്യായനിയമ്മ
(കുറച്ചു് ആലോചിച്ചിട്ടു്) ‘നേരവും പോണല്ലോ ഈശ്വരാ! ഇതെന്തൊരു ദുസ്തർക്കമാണു്! അദ്ദേഹത്തിനോളം ശൗര്യം ആർക്കാണുള്ളതു്?’
പാറുക്കുട്ടി
‘ശരി, അമ്മയ്ക്കു് ഓർമ്മ ഉണ്ടായിരിക്കുമല്ലോ. നമ്മുടെ കരുമനെപ്പോലെ ശൗ­ര്യം–’

പാറുക്കുട്ടിയുടെ വാക്കുകളെ അവസാനിപ്പിക്കുന്നതു് കാർത്ത്യായനിയമ്മ സമ്മതിച്ചില്ല: ‘അധികപ്രസംഗം കേറി മുഴുത്തു പോണു. മതി മതി–ഏറെ കിഴക്കു പോയാൽ കല്ലു ചവിട്ടും. പറഞ്ഞു പറഞ്ഞു കൊണ്ടുവരുന്നതു് തമ്പി അങ്ങുന്നു പട്ടിയെന്നോ?’ എന്നു കാർത്ത്യായനി അമ്മ കടുത്ത കോപത്തോടെ പറഞ്ഞു.

പാറുക്കുട്ടി
‘എന്നു ഞാൻ പറഞ്ഞില്ല. ശൗര്യം മനുഷ്യരിൽ അസംഖ്യം പേർക്കും മൃഗജാതിയിൽ അനേകത്തിനും സഹജമായുള്ള ഒരു ഗുണമാണു്. മനുഷ്യർക്കു മാത്രമുള്ള ചില വിശേഷഗുണങ്ങൾ ഉണ്ടു്. അതിലേതെങ്കിലും തമ്പി അദ്ദേഹത്തിനുണ്ടോ എന്നു് എനിക്കു സംശയമുണ്ടു്. അതാണു ഞാൻ പറഞ്ഞു വന്നതു്. വെറുതേ ദേഷ്യപ്പെടേണ്ട.’
കാർത്ത്യായനി അമ്മ
‘പറയുന്നതിനൊക്കെ തടി മൊറണ്ടു പറഞ്ഞു കൊള്ളുക. നല്ല ഗുരുത്വം! അല്ലേ, നീ ഈ മുറയും തറയും പറയുന്നല്ലോ. നിന്റെ ആ മാതിരി എവിടത്തെ നടപ്പാണു്?’
പാറുക്കുട്ടി
‘ഒരിടത്തേയും നടപ്പല്ലായിരിക്കാം. എന്റെ ഈ മാതിരികൊണ്ടു് ഒരുത്തർക്കും ദോഷത്തിനു വഴിയില്ലല്ലോ. ഉണ്ടോ?’
കാർത്ത്യായനി അമ്മ
‘ഉണ്ടേ ഉണ്ടു്. നിനക്കു തന്നെ.’
പാറുക്കുട്ടി
‘എന്റെ ഗുണത്തിനു് ഞാൻ തന്നെ വിരോധിയായിത്തീരുമോ? ഒരിക്കലുമില്ല.’
കാർത്ത്യായനി അമ്മ
‘അറിയുമേ! മിടുമിടുക്കി തന്നെ! ലാളിച്ചു ലാളിച്ചു വകയ്ക്കുകൊള്ളാതെ ആയിത്തീർന്നു. അച്ഛൻ വളർത്തുന്ന മക്കളു് ഇങ്ങനെ വരും. കേൾപ്പാനാരുമില്ലെന്നാണു് ഒരു ഹുങ്കു്. വരട്ടെ പഠിപ്പിച്ചേക്കാം.’
പാറുക്കുട്ടി
‘അമ്മ എന്നെ ഇങ്ങനെ വെറുതേ വ്യസനിപ്പിക്കുന്നതെന്തിനു്? എന്റെ മനസ്സിന്റെ സ്ഥിതികൂടി കുറച്ചെങ്കിലും ആലോചിക്കാതെയും എന്റെ സുഖത്തെ തീരെ നോക്കാതെയും ഇങ്ങനെ പറയുന്നതിനു് അമ്മയ്ക്കു തോന്നുന്നല്ലോ. ഞാൻ പറയുന്നതു കാര്യമാണോ എന്നു് ആലോചിച്ചിട്ടു ദേഷ്യപ്പെടണം.’
കാർത്ത്യായനി അമ്മ
‘കാര്യം! കാര്യം! നിനക്കെന്തു കാര്യമറിയാം? മിനക്കെട്ടു വേലയ്ക്കു തുടങ്ങി കുറച്ചിലുമായി. അദ്ദേഹം ഇപ്പോൾ വരികയും ചെയ്യുമല്ലോ! എന്തു ചെയ്യും? ‘(കൈ കുടഞ്ഞുകൊണ്ടു്) ഇവളെക്കൊണ്ടു നിവൃത്തിയില്ലാതായേ എന്റീശ്വരാ!’
പാറുക്കുട്ടി
‘അമ്മ വരുത്തി വച്ച അനർത്ഥത്തിനു മറ്റുള്ളവരോടു ദേഷ്യപ്പെടുന്നതെന്തിനു്?’
കാർത്ത്യായനി അമ്മ
‘ഞാൻ വരുത്തിവച്ചതു്! ആർക്കുവേണ്ടി? എനിക്കു സുഖമായിരിക്കാനോ? (പിന്നെയും മനോഗതമായിട്ടു് ഉറക്കെ) അടിക്കയും പിടിക്കയും ചെയ്യട്ടോ ഇനി? ആ മുഹൂർത്തത്തിനു തന്നെ കേറിത്തിരിഞ്ഞു കൊണ്ടാലെങ്ങനെ? (സാമവാക്കായിട്ടു്) തങ്കം, എന്റെ പൊന്നല്ലയോ? എന്തു കുറച്ചിലാണെന്നു നീ തന്നെ ഒന്നു വിചാരിക്കു്. അറിവുള്ളവളാണല്ലോ നീ.’
പാറുക്കുട്ടി
‘ഇത്ര ക്ഷണത്തിൽ ഇങ്ങനെ വരുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല. ഞാൻ എന്തു ചെയ്യും? എനിക്കു തമ്പി അദ്ദേഹത്തെക്കുറിച്ചു്, എന്തുകൊണ്ടോ, തീരെ ബഹുമതി തോന്നുന്നില്ല. ഞങ്ങൾ തമ്മിൽ ചേർച്ചയും പ്രയാസമാണു്. ഈ സ്ഥിതിക്കു് ഇപ്പോഴത്തേതിലും സംഗതിയെ വഷളാക്കുന്നതെന്തിനു്?’

ഇങ്ങനെ തന്റെ അഭിപ്രായത്തെ പാറുക്കുട്ടി ഖണ്ഡിച്ചു പറഞ്ഞു. ശാന്തപ്രകൃതരായുള്ള ജനങ്ങൾ പ്രഥമദൃഷ്ടിക്കു ഭീരുക്കളാണെന്നു തോന്നിയേക്കാം. അനായാസേന അവരെ സ്വാധീനമാക്കാമെന്നും ആളുകൾ വിചാരിച്ചുപോകും. എന്നാൽ സമബുദ്ധികളും ഉന്നതമതികളും ക്ഷമാശീലരുമായുള്ള ജനങ്ങൾ തങ്ങളുടെ ഹിതങ്ങൾക്കു വിരുദ്ധമായി എന്തെങ്കിലും സംഗതി നേരിടുന്ന അവസരങ്ങളിൽ, ഉന്നത ശീലന്മാരായുള്ളവരെക്കാൾ സ്ഥൈര്യവും ധൈര്യവും പ്രകടിപ്പിക്കും. ഈ വിധമുള്ള സ്വഭാവവിശിഷ്ടതകളെ തന്റെ പുത്രി പ്രദർശിപ്പിച്ചപ്പോൾ കാർത്ത്യായനി അമ്മയുടെ ശരീരം ഒന്നു വിയർത്തു. എന്തുകൊണ്ടെന്നാൽ കോപികളും ദ്രുതഗതികളും ആയുള്ളവരുടെ കോപവൈരാഗ്യാദികൾ ജലാശയങ്ങളിൽ സംഭൂതമാകുന്ന തിരത്തള്ളൽ പോലെ അൽപ്പകാലമേ നിൽക്കുകയുള്ളു. തൽക്കാലഹേതുവായ ശക്തിയുടെ ക്ഷയത്തോടുകൂടി ഏതാദൃശന്മാരുടെ അവിവേകസാഹസങ്ങൾ അസ്തമിക്കുന്നതാണു്. പാറുക്കുട്ടിയെപ്പോലുള്ള സാത്വികഗുണവത്തുക്കളുടെ ആർജ്ജവശീലത്തിനു ധ്വംസനം സംഭവിച്ചാൽ പിന്നീടു സന്ധിക്ക എന്നുള്ളതു് അതിവിഷമമാണു്. ഈ തത്വം കാർത്ത്യായനി അമ്മ അറിഞ്ഞിരുന്നു. അതിനാൽ പാറുക്കട്ടിയുടെ വാക്കുകൾ കേട്ടപ്പോൾ താൻ കെട്ടിവന്നിരുന്ന ഏഴുനിലമാടത്തിന്റെ അസ്തിവാരം മറിഞ്ഞുപോയെന്നു കാർത്ത്യായനി അമ്മയ്ക്കു ബോദ്ധ്യമായിട്ടു് വളരെ പരവശയായിച്ചമഞ്ഞു. എന്നാൽ തമ്പിയുടെ വരവു് അടുത്തിരിക്കുന്നതും, സുന്ദരയ്യന്റെ കൃത്രിമോപായങ്ങൾ അനുകരിച്ചു് താൻ ചെയ്യുന്ന ഒരുക്കങ്ങൾ നിഷ്ഫലമായാൽ ഭൃത്യർ പോലും ഹസിക്കുമല്ലോ എന്നുള്ളതും, തന്റെ കുടുംബത്തിലുണ്ടാകുമെന്നു വിചാരിച്ചിരുന്ന ശ്രേയസ്സുകൾ പാറുക്കുട്ടിയുടെ ഒരു വാക്കാൽ നഷ്ടമാകുന്നതും ഓർത്തപ്പോൾ വിയർപ്പുമാറി കാർത്ത്യായനി അമ്മയുടെ സ്വാഭാവികമായുള്ള ഗാംഭീര്യവും സിദ്ധാന്തവും ഉജ്ജ്വലിച്ചു് ആ സ്ത്രീ കോപം കൊണ്ടു വിറച്ചു തുടങ്ങി; ഏകപുത്രിയെന്നും മറ്റും പാറുക്കുട്ടിയെക്കുറിച്ചുള്ള വിചാരങ്ങൾ അകലെയായി. പുത്രിയെ പ്രഹരിക്കുമെന്നുള്ള സ്ഥിതിയിലായിട്ടു് കാർത്ത്യായനി അമ്മയുടെ ബാഹുക്കൾക്കു ചില ഇളക്കങ്ങളുമുണ്ടായി. ഇതുകൾ കണ്ടിട്ടും പാറുക്കുട്ടി വഴിപ്പെടുന്നതിനുള്ള ഭാവം ഒന്നും കാണിച്ചില്ല. സാധാരണയായി ലോകത്തിൽ കണ്ടുവരുന്നതു രണ്ടു പക്ഷങ്ങളായി ജനങ്ങൾ തിരിയുന്ന സംഗതികളിൽ ന്യായമുള്ള ഭാഗത്തു ധൈര്യവും ഇതരപക്ഷത്തിൽ ഭീരുത്വവും, ധൈര്യമുണ്ടാകകൊണ്ടു് ഒരു ഭാഗത്തു ക്ഷമയും, മറുപക്ഷത്തിൽ ഭീരുത്വവും ഹേതുവായിട്ടു് അവിവേകവും, ക്ഷമമൂലം ഒരു ഭാഗത്തു ധർമ്മാധർമ്മവിചാരവും, അവിവേകമുള്ള പക്ഷത്തിൽ ഫലസംപ്രാപ്തിയിലുള്ള അത്യാകാംക്ഷകൊണ്ടു കാര്യസിദ്ധിക്കായി അനുഷ്ഠിക്കുന്ന മാർഗ്ഗങ്ങളുടെ ന്യായാന്യായവിവേചനം ഇല്ലായ്മയും ഉണ്ടായിരിക്കുന്നതാണു്. പാറുക്കുട്ടിയുടെ മനഃക്ലേശത്തിനു് എത്രത്തോളം ഇളക്കമുണ്ടായോ അത്രത്തോളം അവളുടെ നിശ്ചയത്തിനു് ഉറപ്പുമുണ്ടായി. പാറുക്കുട്ടി ക്ഷമയും സ്ഥൈര്യവും എത്രത്തോളം പ്രദർശിപ്പിച്ചുവോ അത്രത്തോളം കോപാദി ദുശ്ശീലങ്ങൾ കാർത്ത്യായനി അമ്മ പ്രത്യക്ഷമാക്കി. തമ്പിയെപ്പോലുള്ള ഒരു പുരുഷൻ ഒരു സ്ത്രീയെ കാമിക്കുമ്പോൾ ആ പുരുഷനെ ത്യജിക്കുന്നതിനു വേണ്ടിയുള്ള നിശ്ചയത്തേയും സ്ഥൈര്യത്തേയും സ്വാഭിപ്രായാഭിമാനത്തെയും ആ സ്ത്രീയിൽ ജനിപ്പിക്കുന്നതിനു വേണ്ട ശക്തിയുള്ളതായ സംഗതികൾ ചിലതുണ്ടായേക്കാമെന്നുള്ളതു് കാർത്ത്യായനി അമ്മ അറിഞ്ഞിരുന്നില്ല. ഭർത്താക്കന്മാരായി വരുന്നവർ ദുഷ്ടരോ ശിഷ്ടരോ എന്നുള്ള ആലോചനയും അംഗീകാരനിഷേധ സ്വാതന്ത്ര്യവും മലയാള കുലസ്ത്രീകൾക്കു് അനുവദിച്ചിട്ടില്ലാത്തതിനാലും, പാറുക്കുട്ടിയുടെ പരിശുദ്ധമായുള്ള പ്രേമത്തിന്റെ മഹത്വം ഗ്രഹിക്കുന്നതിനു് തനിക്കു് ബുദ്ധിശക്തി ഇല്ലാതിരുന്നതിനാലും ആ വിധമായുള്ള പ്രേമത്തിന്റെ അപരിമിതാവസ്ഥ പരിചയത്താലാവട്ടെ മറ്റു പ്രകാരേണ ആകട്ടെ തന്റെ അറിവിൽ പെട്ടിട്ടില്ലാതിരുന്നതിനാലും, തന്റെ ഭേഷജങ്ങൾ കണ്ടാൽ തന്നെക്കുറിച്ചുള്ള വാത്സല്യം ഹേതുവായെങ്കിലും പാറുക്കുട്ടി വഴിപ്പെടുക തന്നെ ചെയ്യുമെന്നു് കാർത്ത്യായനി അമ്മ വിചാരിച്ചിരുന്നു. അതു കേവലം മൗഢ്യമെന്നു് ഇപ്പോൾ ബോദ്ധ്യപ്പെട്ടു എങ്കിലും ഒന്നുകൂടി പരീക്ഷിക്ക എന്നു നിശ്ചയിച്ചിട്ടു് പാറുക്കുട്ടിയുടെ ഒടുവിലത്തെ വാക്കുകൾ സംബന്ധിച്ചു് കാർത്ത്യായനി അമ്മ അതികോപിഷ്ഠയായ ഭാവത്തിൽ ഇങ്ങനെ ചോദിച്ചു: ‘എന്തുകൊണ്ടാണു്? നിങ്ങൾ മൂന്നാം നാളാണോ?’

പാറുക്കുട്ടി
‘അതല്ല. അച്ഛൻ മരിക്കാറായി കിടക്കുമ്പോൾ ഭാര്യയുണ്ടാക്കാൻ പുറപ്പെടുന്ന മകൻ നല്ല ഭർത്താവായിരിക്കയില്ല. എന്നു മാത്രമല്ല —’
കാർത്ത്യായനി അമ്മ
‘ഛേ! ഇപ്പറയുന്നതാരു്? നിന്റെ ഗുരുത്വം പറവാനില്ല! എന്റെ വയറ്റിലേ കിടന്നതല്ല നീ. നിന്റെ പാടേ വിധിയേ ആയിക്കോ. തലയിലെഴുത്തു പോലല്ലാതെ വരുമോ?’

ഇപ്രകാരം പറയുകയും താൻ കൊണ്ടു വന്നിരുന്ന ആഭരണാദികളെ പാറുക്കുട്ടിയുടെ കട്ടിലിന്മേൽ ഇടുകയും ചെയ്തിട്ടു് അറപ്പുര ആകപ്പാടെ കിടുങ്ങത്തക്കവണ്ണം ഊക്കോടെ ചാടി കാർത്ത്യായനി അമ്മ വടക്കേക്കെട്ടിലേക്കു യാത്രയായി. അറപ്പുരയിൽ നിന്നു മേൽപ്പറഞ്ഞ കെട്ടിലേക്കു കടക്കുന്നതിനുള്ള വാതിലിനെ ഉടനേ തന്നെ പാറുക്കുട്ടി അടയ്ക്കയും ചെയ്തു.

തമ്പിയുടെ അത്യാഡംബരത്തോടു കൂടിയുള്ള ആഗമനവും, അദ്ദേഹത്തെ ചെമ്പകശ്ശേരി മൂത്തപിള്ള ബഹുമാനപൂർവ്വം എതിരേറ്റു ചെയ്ത സൽക്കാരവിധികളും, സുന്ദരയ്യൻ ചെമ്പകശ്ശേരിയിലെ നായകത്വം വഹിച്ചു പ്രകടിപ്പിച്ച അതിസാമർത്ഥ്യങ്ങളും, ഉപ്പിലട്ടതു് അറുപത്തിനാലും തുടങ്ങിയുള്ള സാധനസമന്വിതമായ സദ്യയുടെ കോലാഹലങ്ങളും ഗ്രന്ഥവിസ്താരം ഭയന്നു വിവരിക്കാതെ മറ്റു കഥാഭാഗങ്ങളിലേക്കു പ്രവേശിക്കുന്നു.

തമ്പി ഊണു കഴിഞ്ഞ് മുറുക്കിത്തുടങ്ങിയപ്പോൾ അറപ്പുരയുടെ വടക്കേ വാതിൽക്കൽ ചെമ്പകശ്ശേരി മൂത്തപിള്ള കവാത്തു ചെയ്തു തുടങ്ങി. ശുദ്ധന്മാരിൽ മുമ്പനായ ചെമ്പകശ്ശേരി മൂത്തപിള്ള തന്റെ ഭാഗിനേയി വാതിലടച്ചിരിക്കുന്ന വൃത്താന്തം സുന്ദരയ്യൻ പറഞ്ഞറികയാൽ വാതിൽ തുറപ്പിക്കുന്നതിനായി അവിടെ എത്തിയിരിക്കുന്നതാണു്. വാതിലടച്ചിരിക്കുന്നതു കണ്ടപ്പോൾ തന്റെ സഹോദരിയുടെ ശ്രമങ്ങൾ പാറുക്കുട്ടിയുടെ ഇച്ഛക്കു വിരുദ്ധമായിരുന്നു എന്നു് മൂത്തപിള്ളയ്ക്കു മനസ്സിലായി. തന്റെ സഹോദരി, ചെമ്പകശ്ശേരി തറവാട്ടിന്റെ അവസ്ഥയ്ക്കു ന്യൂനത വരുത്തുന്നതായും പാറുക്കുട്ടിയുടെ ഹിതത്തിനു വിരുദ്ധമായും ഉള്ള യാതൊരു കാര്യത്തിനും ഒരുമ്പെടുന്നതല്ലെന്നും മൂപ്പർക്കു വിശ്വാസമുണ്ടായിരുന്നു. എന്നാൽ മേൽപ്പറഞ്ഞതു പോലെ വാതിലിൽ ഗാട്ടു കേറിയപ്പോൽ മുതൽക്കു് ആ വിശ്വാസത്തിനു കുറച്ചിളക്കമുണ്ടായിത്തുടങ്ങി. തന്റെ അനന്തരവളെ തമ്പി സംബന്ധം ചെയ്താൽ നന്നെന്നു് മൂത്തപിള്ളയ്ക്കു് അഭിപ്രായമുണ്ടു്. തമ്പി സംബന്ധം ചെയ്യുമെന്നുള്ള നിശ്ചയം കൊണ്ടു് അദ്ദേഹത്തിന്റെ പക്ഷത്തിൽ പ്രത്യക്ഷമായി ചേർന്ന എട്ടുവീടരുമായി യോജിച്ചു പടക്കോപ്പുകൾ കൂട്ടുന്നതിൽ ചില സഹായങ്ങളും ചെയ്തിരിക്കുന്നു. ഈ വിവരം യുവരാജാവറിയുമ്പോൾ വലുതായ ആപത്തുണ്ടാകുമെന്നുള്ളതിനാൽ തമ്പിയുടെ സഹായമെങ്കിലും ബലമായി ഉണ്ടായിരിക്കേണ്ടതു് ആവശ്യമായിരിക്കുന്നു. തമ്പിയുടെ ആഗ്രഹം നിറവേറ്റാതെ വന്നപോലെ തിരിച്ചു യാത്രയാക്കുന്നതായാൽ ത്രിശങ്കു സ്വർഗ്ഗത്തിലാകുമെന്നതു തീർച്ചയാണു്. അതിനാൽ തന്റെ അനന്തരവളുടെ ശാഠ്യം നീക്കി തമ്പിയെ കാണുന്നതിനു് അനുവദിക്ക തന്നെ വേണ്ടിയിരിക്കുന്നു. സാധുശീലയായ ഭാഗിനേയിയെ നിർബന്ധിക്ക എന്നുള്ളതിനു് മനസ്സു ധൈര്യപ്പെടുന്നുമില്ല. ആകപ്പാടെ ഈ വിധമുള്ള വിചാരങ്ങൾ കൊണ്ടു വിഷണ്ണനായപ്പോൾ കാർത്ത്യായനി അമ്മ, തമ്പി, സുന്ദരയ്യൻ ഇവരോടു് മൂത്തപിള്ളയക്കു ബഹുനീരസം തോന്നിത്തുടങ്ങി. എങ്കിലും പിന്മാറാൻ പാടില്ലാത്ത സ്ഥിതിയിലായിരിക്കുന്നതുകൊണ്ടു് നീരസത്തെ അടക്കുക തന്നെ എന്നുറച്ചിട്ട് വാതിലിൽ വിളിക്കുന്നതിനായി മുമ്പോട്ടു നടന്നു. വിളിച്ചാൽ പാറുക്കുട്ടി വാതിൽ തുറക്കുമോ എന്നും, തുറന്നാലും തമ്പിയെ കാണുന്ന സംഗതിയിൽ വിരോധം പറകയില്ലയോ എന്നും ഉള്ള സംശയങ്ങളോടുകൂടി അങ്ങോട്ടും ഇങ്ങോട്ടും തല ചോറിഞ്ഞും, തന്റെ പ്രവൃത്തിയെക്കുറിച്ചു വെറുപ്പു തോന്നി പല്ലു കടിച്ചും, കൈഞെരിച്ചും, മറ്റോരോ ചേഷ്ടകൾ കാട്ടിയും, കുറച്ചു നേരം നടന്നു. വാതിലിൽ തട്ടുന്നതിനായി മുന്നോട്ടു നടക്കും; മാതുലനു വിഹിതമായുള്ള കാര്യം അല്ലല്ലോ കരുതി പിന്നോട്ടു തിരിയും; തമ്പിയെ ധിക്കരിച്ചു എന്നു വരുത്തിക്കൂടല്ലോ എന്നു വിചാരിച്ചു പിന്നെയും മുന്നോട്ടടുക്കും; തന്നെ ആ നിലയിൽ ആക്കിയ സഹോദരിയുടെ ദുർമ്മോഹത്തെക്കുറിച്ചും കലുഷത്തോടുകൂടി പിന്നെയും പുറകോട്ടു മാറും; കാര്യം സഫലമായെങ്കിൽ എന്തു ഭാഗ്യമെന്നുള്ള വിചാരത്തോടുകൂടി പിന്നെയും മുന്നോട്ടു ചെല്ലും–ഇങ്ങനെ ഒരു നാഴികയോളം കഴിഞ്ഞിട്ടു് ഒടുവിൽ ഒരു വിധം ഒന്നു നിശ്ചയിച്ചുകൊണ്ടു വാതിലിന്മേൽ തട്ടി. അകത്തു നിന്നു പ്രതിശബ്ദം ഒന്നും ഉണ്ടായില്ല. ‘തങ്കം, തങ്കം’ എന്നു് സാവധാനത്തിൽ വിളിച്ചു. കാരണവർ വിളിക്കുന്നു എന്നറിഞ്ഞ് പാറുക്കുട്ടി വാതിൽ തുറന്നു് വാതിലിന്റെ പുറകിലായി മാറി നിന്നു. ‘തമ്പി അങ്ങുന്നു് നിന്നെ കാണാൻ വരുന്നു. കതകടച്ചു കളയരുതു്. കുറച്ചിലൊന്നും വരുത്തരുതു്. മാനമുള്ളാളുകളാണു്. അതു് ഓർമ്മ വേണം,’ എന്നു് ഒരു വിധത്തിൽ പറഞ്ഞു കൂട്ടീട്ടു മൂത്തപിള്ള ചാവടിയിലേക്കു ഭ്രാന്തനെപ്പോലെ പാഞ്ഞു. കുറച്ചു നേരം അവിടെ ഇരുന്നു് മനസ്സമാധാനം വരുത്തീട്ടു് തമ്പിയുടെ സമീപത്തേക്കു ചെന്നു.

അൽപ്പം കഴിഞ്ഞപ്പോൾ സുന്ദരയ്യൻ അകത്തു നിന്നു പൂമുഖത്തിലേക്കു ചാടി തമ്പിയുടെ കർണ്ണങ്ങളിൽ എന്തോ മന്ത്രിച്ചു. തമ്പി ഗംഭീരനായി എഴുന്നേറ്റു. ഉടുത്തിരുന്ന കവിണി നോക്കി, ശരിയായിരിക്കുന്നു എന്നു നിശ്ചയം വരുത്തി പടിഞ്ഞാറുള്ള വലിയ തളത്തിലേക്കു തിരിച്ചു. പുറകെ അദ്ദേഹത്തിന്റെ ഛായയായി സുന്ദരയ്യനും എത്തി. മൂത്തപിള്ള കൂടി എത്തി സുന്ദരയ്യനെ തടഞ്ഞു. തമ്പി ഏകനായി അറപ്പുരയിലേക്കു യാത്രയാരംഭിച്ചപ്പോൾ ‘സലജ്ജോഹ’ത്തിന്റെ മുമ്പുള്ള അർജ്ജുനന്റെ ഇരിപ്പിലും അതികേമമായി ഞെളിഞ്ഞ് കൈലസുകൊണ്ടു് അധരം തുടയ്ക്കുക, മീശ ഒതുക്കുക, കുടുമയെയും പുരികങ്ങളെയും തലോടി മിനുസമാക്കുക, കുണ്ഡലങ്ങളെപ്പിടിച്ചു് ശരിയായ സ്ഥാനത്തുറപ്പിക്കുക, കല്ലുവച്ച മുഖപ്പുകൾ പുറത്തു കാണത്തക്ക സ്ഥിതിയിൽ മോതിരങ്ങൾ തിരിച്ചു വയ്ക്കുക—ഈ വക പ്രവൃത്തികളോടുകൂടി തമ്പി അറപ്പുരയിലേക്കു കടന്നു.

തന്റെ പാദം അറപ്പുരയ്ക്കകത്തു വച്ചപ്പോഴേക്കു തന്നെ തമ്പി പരമാനന്ദചിത്തനായി. ഇരട്ടത്തുടൽ പൊന്നരഞ്ഞാണത്തിന്റെ ചെമ്പകമൊട്ടുകൾ പുറപ്പെടുവിക്കുന്ന ‘ഘിണിഘിണി’ സ്വരം അതിമധുരം. രസജ്ഞയാണെങ്കിൽ പാറുക്കുട്ടി തമ്പിക്കടിമപ്പെടും; സംശയമില്ല. കണ്ണാടിയിഴയിലുള്ള വസ്ത്രത്തിനെ ഭേദിച്ചു് കാന്തിയെ നാലുപാടും ചിതറുന്ന ഊരുക്കളായ സ്വർണ്ണസ്തംഭങ്ങളും കളഭാഞ്ചിതമായുള്ള മാറിട വനപ്രദേശവും നഖരങ്ങളായുള്ള ചെറു ചെന്താമരദളങ്ങളും ദന്തങ്ങളായുള്ള മുല്ലമുകുളങ്ങളും ഭ്രൂഭംഗങ്ങളായുള്ള ശൃംഗാര രസസാഗര തരംഗങ്ങളും ഫാലദേശാകാശത്തിൽ ശോഭിക്കുന്ന കുങ്കുമതിലകമായ അസ്തമയ ദിവാകരനും കൊഞ്ചിക്കുഴഞ്ഞു തൂകിത്തുടങ്ങിയിരിക്കുന്ന പുഞ്ചിരിക്കുളിർനിലാവും അംഗുലീയാദി ആഭരണങ്ങളിലെ വജ്യങ്ങളായ നക്ഷത്രപംക്തികളും—ഇതുകളുടെ മനോഹരമായുള്ള സമ്മേളനം കണ്ടാൽ ‘കല്ലും മെല്ലെണീറ്റു കാലിണ കുമ്പിടും.’ പാറുക്കുട്ടി നിലത്തൊരു പായിന്മേൽ ഇരിക്കയായിരുന്നു. തമ്പിയെ കണ്ടപ്പോൾ കപട യോഗിയായ രാവണനെക്കണ്ട സീതയെപ്പോലെ ഞെട്ടി എഴുന്നേറ്റു് പഠിഞ്ഞാറോട്ടു നീങ്ങി വടക്കോട്ടു മുഖവുമായി നിന്നു. തമ്പി അങ്ങുന്നു് പാറുക്കുട്ടിയുടെ ശയ്യയിന്മേൽ ചെന്നിരിപ്പായി. നവരസങ്ങളും അഭിനയിച്ചിട്ടു് പതിഞ്ഞൊരു ശൃംഗാരപ്പദം ആടുന്നതിനു് ആരംഭിച്ചു. സംബോധനക്കൈ പാറുക്കുട്ടിയുടെ പൃഷ്ഠഭാഗത്തോട്ടു് ആകുന്നതിനെ വിചാരിച്ചു് മന്ദമായി എഴുന്നേറ്റു പുരോഭാഗത്തു ചെന്നു ചുമച്ചു കണ്ഠത്തെ തെളിച്ചിട്ടു് തന്റെ വചന കൗശലങ്ങൾ പ്രയോഗിച്ചു തുടങ്ങി. എന്നാൽ തന്റെ നേത്രങ്ങൾക്കു ഗോചരമായ സൗന്ദര്യം കണ്ടപ്പോൾ തമ്പിയുടെ പാടവങ്ങൾ എല്ലാം അസ്തമിച്ചു. സുന്ദരയ്യൻ കളവു പറഞ്ഞ് തന്നെ വഞ്ചിച്ചതോ, പാറുക്കുട്ടിയുടെ ലജ്ജ മൂലം പുറംതിരിഞ്ഞു നിന്നതോ എന്നു തമ്പിക്കു സംശയമുണ്ടായെങ്കിലും ഈ കാഴ്ച്ച ലഭിക്കുന്നതിനു സംഗതി വരുത്തിയ സുന്ദരയ്യനെ തമ്പി മനഃപൂർവ്വമായി അഭിനന്ദിച്ചു. ചാരിത്ര തേജസ്സുകൊണ്ടു വിളങ്ങുന്ന പാർവ്വതി അമ്മയുടെ ഗാത്രലാവണ്യം കണ്ട മനസ്സു ഭിന്നമായി. രാജ്യവും സ്ഥാനവും പോയാലും പാർവ്വതി അമ്മയെ ലഭിച്ചാൽ സമാധാനമാകുമെന്നു വിചാരിച്ചുകൊണ്ടു് തമ്പി ഇങ്ങനെ മധുരമായി ചോദിച്ചു: ‘തങ്കം നമ്മെ അറിയില്ലേ?’

തമ്പി തന്റെ മുമ്പിലെത്തിയപ്പോൾ പാറുക്കുട്ടി ആദ്യത്തെ നില ഉപേക്ഷിച്ചിട്ടു് അദ്ദേഹത്തിന്റെ മുഖത്തു നോക്കി നിലയായി. നമ്രമുഖിയായി നിന്നു് നിലത്തു പാദം കൊണ്ടു വരച്ചു്, ലജ്ജയെ അഭിനയിക്കേണ്ടതായിരുന്നു എന്നു ചിലർ അഭിപ്രായപ്പെടുമായിരിക്കും. പാറുക്കുട്ടിയെ തന്റെ മാതാവാകട്ടെ അന്യഗുരുക്കന്മാരാകട്ടെ ഈ വിഷയത്തിൽ ഒട്ടും തന്നെ അഭ്യസിപ്പിച്ചിട്ടില്ലായിരുന്നു. പ്രകൃത്യാ അപരിഷ്‌കൃതയും ആയിരുന്നു. അതിനാൽ പുറംതിരിഞ്ഞു നിന്നതു തന്നെ ശരിയല്ലെന്നുള്ള വിചാരത്തോടുകൂടിയാണു് തമ്പിയുടെ മുഖത്തു നോക്കിയതു്. തമ്പിയുടെ ചോദ്യം കേട്ടു കുഴങ്ങി, കുറച്ചു നേരം മിണ്ടാതെ നിന്നിട്ടു് പാറുക്കുട്ടി ‘ഇല്ല’ എന്നുത്തരം പറഞ്ഞു. സ്വരമാധുര്യത്താൽ തമ്പിയുടെ മനസ്സു് ഒന്നുകൂടി ആകർഷിക്കപ്പെട്ടു. തന്റെ ചോദ്യത്തിനു് ഉത്തരം പറവാൻ പാറുക്കുട്ടിക്കു കരുണ ഉണ്ടായതിനെ വിചാരിച്ചു് ‘നിത്യം ഓരോരോ വല്ലഭൻ, ഞങ്ങടെ പാതിവ്രത്യമിങ്ങനെ’ എന്നുള്ള രംഭയുടെ വാക്കുകൾ കേട്ട ദശകണ്ഠനെപ്പോലെ തമ്പി പരമാഹ്ലാദചിത്തനായി.

തമ്പി
‘നമ്മെ കേട്ടിട്ടുമില്ലേ?’
പാറുക്കുട്ടി
‘കേട്ടിട്ടുണ്ടു്’
തമ്പി
‘നമ്മെക്കുറിച്ചന്വേഷണം ഉണ്ടു്, അങ്ങനെ വരട്ടെ. എന്തെല്ലാമാണു കേട്ടിട്ടുള്ളതു്?’

തമ്പിക്കു സംഭാഷണത്തെ ദീർഘമാക്കണമെന്നായിരുന്നു മോഹം. പാറുക്കുട്ടിക്കു വിപരീതോദ്ദേശ്യവുമായിരുന്നു.

പാറുക്കുട്ടി
‘ചെമ്പകം അക്കൻ പറഞ്ഞോരോന്നു കേട്ടിട്ടുണ്ടു്.’ ഈ വാക്കുകൾ തമ്പിക്കു ലേശവും രസിച്ചില്ല. എന്നാൽ അസന്തോഷത്തെ തീരെ പ്രകാശിപ്പിച്ചില്ല.
തമ്പി
‘ഓ! ചെമ്പകമോ! ആ അസത്തെത്താത്ത സ്ഥലം ഒരിടമില്ല. ഹേ, അവളോടുള്ള സംസർഗ്ഗം തങ്കത്തിനു നന്നല്ല. പരമ വഷളു്. തങ്കത്തിനെക്കുറിച്ചു വലിയ സ്‌നേഹം എന്നൊക്കെ നടിക്കുന്നുണ്ടായിരിക്കും. അതൊന്നും വിശ്വസിക്കരുതു്. തങ്കം മാൻകിടാവിനെപ്പോലെ സാധുപ്രകൃതിയാണു്. ചെമ്പകം ചെന്നായയാണു്. ആവൂ! അവളുടെ നാക്കു്! തങ്കമ്മയെ നാം കാണാൻ വന്നതു് എന്തിനെന്നറിയാമല്ലോ?’

പാറുക്കുട്ടി മിണ്ടാതെ നിന്നു.

തമ്പി
‘അറിഞ്ഞു. അറിഞ്ഞു. മൗനം കൊണ്ടു് അങ്ങനെ ആണല്ലോ മനസ്സിലാക്കേണ്ടതു്. എന്നോടു ലജ്ജ എന്തിനാ? പത്മനാഭപുരത്തു വച്ചുതന്നെ സുന്ദരം പറഞ്ഞു സകലതും അറിഞ്ഞിരിക്കുന്നു. തമ്മിൽ കാണുകയുണ്ടായില്ലെന്നു മാത്രമേ ഉള്ളു. തിരുവനന്തപുരത്തെത്തി നാലഞ്ചു ദിവസമായി. അതു തങ്കം അറിഞ്ഞില്ലേ?’

പാറുക്കുട്ടി കുറച്ചു നേരം മിണ്ടാതെ നിന്നു. പിന്നെ ‘ഇല്ല’ എന്നു പറഞ്ഞു.

തമ്പി
‘സുന്ദരം ഇവിടെ ദിവസവും വരാറുണ്ടെല്ലോ. അയാൾ തങ്കത്തിനോടു് പറഞ്ഞെന്നാണല്ലോ എന്നോടു പറഞ്ഞതു്.’ ഇതിനു് പാറുക്കുട്ടി ഉത്തരം ഒന്നും പറഞ്ഞില്ലെങ്കിലും തമ്പി സംഭാഷണം നീട്ടാൻ പിന്നെയും ആരംഭിച്ചു. ‘’എന്നാൽ എനിക്കു് ഇതുവരെ വരാൻ തരമുണ്ടായില്ല. അതിന്റെ കാരണം ഞാൻ പ്രത്യേകം പറയണമെന്നില്ലല്ലോ? തങ്കത്തിനു് അറിഞ്ഞുകൂടേ വർത്തമാനങ്ങളെല്ലാം?’
പാറുക്കുട്ടി
‘അറിഞ്ഞുകൂടാ.’
തമ്പി
‘അച്ഛന്റെ ആലസ്യത്തെക്കുറിച്ചു് ഒന്നും അറിഞ്ഞില്ലേ?’
പാറുക്കുട്ടി
‘അറിഞ്ഞു.’
തമ്പി
‘അതാണു് ഞാൻ പത്മനാഭപുരത്തു നിന്നു് വന്നയുടനേ ഇവിടേക്കു പുറപ്പെടാഞ്ഞതു്.’
പാറുക്കുട്ടി
‘എന്നാൽ ഇപ്പോഴും ആലസ്യം കലശലാണല്ലോ?’
തമ്പി
‘അങ്ങനെ പറയൂ; പരിഭവവാക്കുകളെക്കൊണ്ടല്ലേ പ്രേമം പ്രത്യക്ഷപ്പെടേണ്ടതു്? കലശൽ കൂട്ടേണ്ട. മുഷിച്ചിൽ തോന്നേണ്ട. ഉണ്ടോ മുഷിച്ചിൽ? പറയൂ’

ഈ വാക്കുകൾ കേട്ടിട്ടു വന്ന കോപത്തെ അടക്കി പാറുക്കുട്ടി മിണ്ടാതെ നിന്നു. തമ്പി വീണ്ടും ‘പറയൂ’ ‘പറയൂ’ എന്നു പല പ്രാവശ്യം നിർബന്ധിച്ചപ്പോൾ പാറുക്കുട്ടി, ‘വരാത്തതുകൊണ്ടു് എനിക്കു് അശേഷം മുഷിച്ചിൽ തോന്നാൻ ഇടയില്ല’ എന്നു തന്റെ മനഃപൂർവ്വ വിചാരത്തെ പറഞ്ഞു.

തമ്പി
‘ഹോ! സ്വരത്തിന്റെ മാധുര്യം! എന്തു ഭംഗി! പൂന്തേൻ–അല്ല, അമൃതമയം!’ (പാറുക്കുട്ടിയോടു്) ‘അങ്ങനെ വരാനേ വഴിയൊള്ളു. ഇഷ്ടമുള്ള ജനം എന്തു ചെയ്താലും കുറ്റമായ് വരൂല്ല. സുന്ദരം പറഞ്ഞതൊക്കെ സത്യമാണെന്നു് ഇതിനാൽ നിശ്ചയം തന്നെ. എന്തേ ഓമനമുഖം വാടിക്കാണുന്നു? ഞാനുണ്ടല്ലോ സകല വ്യസനത്തെയും നീക്കാൻ.’

പാറുക്കുട്ടി ‘എന്നാൽ—’ എന്നു പറഞ്ഞു്, തമ്പിയുടെ സാന്നിദ്ധ്യം തനിക്കും വ്യസനഹേതുവാകയാൽ അതിനെ അവസാനിപ്പിക്കണമെന്നാണു് തന്റെ ഒന്നാമത്തെ കാംക്ഷ എന്നു പറയുന്നതിനു ഭാവിച്ചതിനെ ഉച്ചരിക്കാതെ പിന്നെയും മിണ്ടാതെ നിലയായി.

തമ്പി: ‘എന്നാൽ എന്താ? പറയൂ. പറയൂ. എന്തു പറഞ്ഞാലും എനിക്കു കർണ്ണപീയൂഷമാണു്. തങ്കത്തിന്റെ ഹിതമെന്തോ അതു ചെയ്‌വാൻ ഞാൻ കാത്തിരിക്കുന്നു. ഇതേ, എന്റെ രാജ്യവും സകലതും പാറുക്കുട്ടിക്കു്, എന്റെ പൊന്നോമനക്കുട്ടിക്കു്.’

‘ഓമനക്കുട്ടിയുടെ’ മുഖം കറുത്തു. തമ്പിയുടെ തലയ്ക്കു ലഹരി കൊണ്ടുപിടിച്ചിരിക്കുന്നതിനാൽ ചുറ്റുമുള്ള അവസ്ഥകളും അതുകളുടെ ഭേദങ്ങളും അറിയുന്നില്ല. സാവധാനത്തിൽ പാദങ്ങൾ നീക്കി തമ്പി പാറുക്കുട്ടിയോടു വളരെ അടുത്തു. വല്ല ദുഃസ്വപ്നവും കാണുക ആണോ എന്നുള്ള വിചാരത്തോടുകൂടി പാറുക്കുട്ടി മിണ്ടാതെയും താൻ നിന്നിരുന്ന സ്ഥലത്തു് തറഞ്ഞുപോയ പോലെയും നിന്നു. ഇതിനെ അനുകൂലഭാവമായി വ്യാഖ്യാനിച്ചു് തമ്പി പാറുക്കുട്ടിയുടെ ചില അംഗങ്ങളുടെ സൗന്ദര്യത്തെയും അതുകൾ അദ്ദേഹത്തെ വലിപ്പിക്കുന്ന സ്ഥിതിയെയും പാറുക്കുട്ടി തന്നെ രക്ഷിക്കേണ്ട ആവശ്യകതയേയും ബഹുസരളമായുള്ള അലങ്കാര പ്രയോഗങ്ങളോടുകൂടി വിസ്തരിച്ചു പറഞ്ഞതു കൂടാതെ ഒന്നു രണ്ടു് അസംബന്ധമായുള്ള ശ്ലോകക്കഷണങ്ങളേയും പുറത്തു ചാടിച്ചു. അംഗവർണ്ണന തുടങ്ങിയപ്പോൾ പാറുക്കുട്ടി കർണ്ണങ്ങൾ പൊത്തി. തമ്പി അങ്ങുന്നു് പ്രസംഗം അവസാനിപ്പിച്ചില്ല. പറയാനുള്ളതെല്ലാം പാറുക്കുട്ടിയോടു് പറഞ്ഞു തീരാറായപ്പോഴേ പാറുക്കുട്ടി തന്റെ വാക്കുകൾ കേൾക്കുന്നില്ലെന്നു തമ്പിക്കു മനസ്സിലായുള്ളു. പാറുക്കുട്ടി തന്നോടു കാണിച്ച നിർദ്ദയത്വം തന്റെ ഭാര്യ ആകാൻ പോകുന്നവൾക്കു് ഒരു ഭൂഷണം തന്നെ എന്നു വിചാരിച്ചുകൊണ്ടു് തമ്പി ഒട്ടും മടിക്കാതെ പാറുക്കുട്ടിയുടെ ശ്രവണനിരോധികളായിരിക്കുന്ന കരവല്ലികളെ അകലത്താക്കുന്നതിനു് തന്റെ കരദണ്ഡങ്ങളെ നിയോഗിച്ചു. പാറുക്കുട്ടി സംഭ്രമം അധികം കാണിക്കാതെ, ‘പൊന്നേ നില്ലു്, തങ്കമേ നില്ലു്’ എന്നുള്ള തമ്പിയുടെ അപേക്ഷകളേയും ഗണ്യമാക്കാതെ, ആ സ്ഥലത്തു നിന്നു് വടക്കേക്കെട്ടിലേക്കു യാത്രയായി. തമ്പി കുറച്ചു നേരം അറപ്പുരയിൽ നിന്നിട്ടു് നാണം പൂണ്ടു് പൂമുഖത്തേക്കു തിരിച്ചു. അവിടെ ചെന്നപ്പോൾ ചെമ്പകശ്ശേരി മൂത്തപിള്ളയും സുന്ദരയ്യനും അവിടെ നിൽക്കുന്നതു കണ്ടു്, തന്റെ ഉദ്ദേശ്യം സഫലമായതു പോലെ സന്തോഷം നടിച്ചുകൊണ്ടു്, തമ്പി കട്ടിലിന്മേൽ ചെന്നിരുന്നു്, മൂത്തപിള്ളയോടു് രാജ്യകാര്യങ്ങൾ പറഞ്ഞു തുടങ്ങി.

മഴ അതികഠിനമായി പിന്നെയും ആരംഭിച്ചു. ധാര മുറിയാതെ വർഷിച്ചു മുറ്റങ്ങളിൽ മുട്ടോളം വെള്ളം പൊങ്ങി. തിരിച്ചു യാത്രയ്ക്കു് ഒട്ടും തന്നെ സുഖമില്ലെന്നു തമ്പി നടിച്ചു. തമ്പിക്കു പാറുക്കുട്ടിയിൽ വാസ്തവമായ പ്രേമം ജനിച്ചിരിക്കുന്നു. ‘തങ്കം’ എന്നുള്ള നാമം ജപിക്കുന്നതു തന്നെ ഒരു സുഖമായിത്തീർന്നിരിക്കുന്നു. പാറുക്കുട്ടിയുടെ സഞ്ചാരസ്ഥലങ്ങളെ ചുംബനം ചെ‌‌യ്‌‌വാനും തമ്പി സന്നദ്ധനായിരിക്കുന്നു. താൻ ഇരിക്കുന്ന കട്ടിലിന്മേൽ കിടക്കുന്ന ഉപധാനങ്ങളെ പ്രേമപൂർവ്വം തമ്പി തലോടുന്നു. ചെമ്പകശ്ശേരിയിൽ നിന്നു പോകുന്നതിനു മനസ്സില്ലാതെയും വന്നിരിക്കുന്നു. പാറുക്കുട്ടിയുമായി ഒരേ ഗൃഹത്തിൽത്തന്നെ താമസിക്കുന്ന സുഖമെങ്കിലും സിദ്ധിക്കുന്നതിനു് ആശ മുഴുത്തിരിക്കുന്നു. ആ ആഗ്രഹസിദ്ധിക്കായി മാർഗ്ഗം ആലോചിച്ചു മഴയോടു കയർത്തു തുടങ്ങി. അതുകണ്ടിട്ടു് ‘ഇവിടെ കിടക്കാമല്ലോ’ എന്നു ലൗകികത്തിനായി മൂത്തപിള്ള പറഞ്ഞു. ‘അങ്ങനെ തന്നെ’ എന്നു സന്തോഷപൂർവ്വം തമ്പി സമ്മതിച്ചു. തമ്പി പൂമുഖത്തു തന്നെ കിടന്നു. മൂത്തപിള്ള ചാവടിയിലേക്കു പോയി, സുന്ദരയ്യൻ കട്ടിലിനു സമീപത്തു കിടന്നു കൂർക്കം വലിച്ചു തുടങ്ങി.

തമ്പിക്കു മേൽപറഞ്ഞ വിചാരങ്ങൾ നിമിത്തം ഉറക്കമില്ലാതായിത്തീർന്നു. കാർത്ത്യായനി അമ്മ അത്താഴം പോലും കഴിക്കാത്ത പാറുക്കുട്ടിയുടെ ശാഠ്യം കണ്ടു പതിവു പോലെ പുത്രിയുടെ സമീപത്തു ചെല്ലാതെ കോപത്തോടും വ്യസനത്തോടും വടക്കേ തളത്തിൽ കിടന്നു് ഉറക്കമായി. തമ്പിയുടെ പരിവാരങ്ങളും ചെമ്പകശ്ശേരിയിലെ വാല്യക്കാരും ഓരോ മൂലകളിൽ ഒതുങ്ങി കുംഭകർണ്ണസേവ തുടങ്ങി.

പാറുക്കുട്ടിയുടെ കഥ എന്താണെന്നു് അന്വേഷിക്ക തന്നെ. തമ്പി പൂമുഖത്തിലേക്കു പോയതിന്റെ ശേഷം പാറുക്കുട്ടി ഉള്ളിൽ തിങ്ങി നിന്നിരുന്ന വ്യസനം സഹിക്കാൻ വഹിയാഞ്ഞ് ശയ്യയിന്മേൽ ചെന്നു നിന്നു വീണു. തന്റെ പ്രിയതമന്റെ അകാലമൃതി സംശയസ്ഥാനത്തിലായിരുന്നപ്പോഴും തന്നെ ബാധിച്ച വ്യസനത്തിനു്, തിരുമുഖത്തു പിള്ളയുടെ എഴുത്തു നിമിത്തമുണ്ടായ ആധിക്യം, വാത്സല്യസമേതം തന്റെ ഹിതങ്ങളെ അനുവർത്തിച്ചു വന്നിരുന്ന മാതുലൻ പോലും തന്റെ ഇഷ്ടത്തിനു വിരുദ്ധമായി നിന്നു് ഒഴിയാൻ പാടില്ലാത്ത നിലയിൽ തന്നെക്കൊണ്ടു മുട്ടിച്ചിരിക്കുന്നതിനെക്കൊണ്ടു് അതിരില്ലാതെ ആവുകയാൽ, പാറുക്കുട്ടിയുടെ മനോഗാംഭീര്യവും ധൈര്യവും പാടേ വിപാടനം ചെയ്യപ്പെട്ടു. ദിനംപ്രതി ക്ഷീണിച്ചു വന്നിരുന്ന പാറുക്കുട്ടിയുടെ ശരീരം, മനസ്സിനു ദുസ്സഹമായുള്ള വ്യസനാതിരേകം നേരിട്ടപ്പോൾ നിസ്സീമമായുള്ള അധീനമായി. ഇപ്രകാരം മനഃകായശക്തികൾ ക്ഷയിച്ചു തന്റെ ശയ്യയിന്മേൽ ഉറക്കം വരാതെ കിടന്നു് ഇടയ്ക്കിടെ ഉരുളുന്നതിനിടയിൽ തന്റെ മാതാമാതുലന്മാരാൽ തനിക്കു നിശ്ചയിക്കപ്പെട്ട വല്ലഭന്റെ ക്രൂരത, ഡംഭം, വിടത്വം ആദിയായുള്ള അനേക സ്വഭാവദോഷങ്ങൾക്കും സ്വാത്മാനാ സ്വീകരിക്കപ്പെട്ട പ്രിയതമന്റെ സത്യം, സ്നേഹം, വിനയം, ശൗര്യം, വൈഭവം, മനോനൈർമ്മല്യം മുതലായ അനേക ശ്രേഷ്ഠഗുണങ്ങൾക്കും തമ്മിലുള്ള വിപരീതാന്തങ്ങളുടെ അതിക്രമത്തെക്കുറിച്ചു പാറുക്കുട്ടി മനോവ്യാപാരം തുടങ്ങി. ഈ വ്യത്യാസം ഗ്രഹിക്കാതെ തന്നെ വലപ്പിക്കുന്ന ദുർമ്മോഹികളോടു മനസാ കോപിച്ചും ആജീവനാന്തം ദുഃസ്ഥിതിമാക്കാൻ പാടില്ലാത്ത വിധത്തിൽ തന്റെ ഹൃദയത്തിൽ പ്രതിഷ്ഠിതമായിട്ടുള്ള പ്രാണപ്രിയതമന്റെ ദേഹവിയോഗത്തെ ഓർത്തു കരഞ്ഞും ആ തേജോരൂപന്റെ വിഗ്രഹത്തെ ധ്യാനിച്ചു വിഹ്വലചിത്തയായി പലതും പ്രേമപൂർവ്വം പറഞ്ഞും തന്നെ ആ യുവാവിൽ നിന്നു വേർപെടുത്തിയ കർമ്മദോഷങ്ങളേക്കുറിച്ചു് അപാരമായി ഖേദിച്ചു പുലമ്പിയും നിരപരാധിയായ തന്നെ ആധിസമുദ്രത്തിൽ നിന്നും ആയുരന്തം വരുത്തിയെങ്കിലും കരകേറ്റുന്നതിനു വിശ്വനാഥനെ പ്രാർത്ഥിച്ചും ഈവിധമുള്ള മനഃക്ലേശങ്ങൾകൊണ്ടു പാറുക്കുട്ടിയുടെ ബുദ്ധി ക്ഷോഭിച്ചപ്പോൾ, ഹൃദയത്തിൽ അഗ്നിസ്പർശനം ഉണ്ടായതു പോലെ ഒരു ചൂടു് ഉദ്ഭവിച്ചു. കൈകാൽ തളരുകയും മനസ്സു വ്യസനവിചാരങ്ങളുടെ കുഴപ്പങ്ങൾക്കു് ഒരു കളിപ്പാത്രമായിത്തീരുകയും ചെയ്തു. ഒന്നിലും ഓർമ്മയില്ലാതെ ആകുന്നു എന്നു തോന്നി. ഇങ്ങനെ കുറേനേരം കഴിഞ്ഞപ്പോൾ ഒരു വലിയ സാഹസത്താൽ താൻ കട്ടിലിന്മേലാണു കിടക്കുന്നതെന്നു് ഓർമ്മയുണ്ടായി. ആ കട്ടിലന്മേൽത്തന്നെ നേരത്തെ തമ്പി ഇരുന്നിരുന്നു എന്നുള്ള വിചാരവും ക്രമേണ ഓർമ്മയിൽ തെളിഞ്ഞു. ഈ വിചാരം തന്റെ നിരന്തരമായുള്ള മനഃക്ലേശ വിഷയത്തെ വീണ്ടും പ്രകാശിപ്പിച്ചു. ശൈശവം മുതൽ താരുണ്യാരംഭം വരെ തന്റെ പ്രിയസഖാവായിരുന്ന ആളുടെ പ്രതിരൂപത്തിൽ മനസ്സു് വീണ്ടും ഉറച്ചു. അതു പഞ്ചവങ്കാട്ടിലെ കഥയെ ഓർമ്മപ്പെടുത്തി. മഴ ഘോരമായി ചൊരിയുന്നു. വിളക്കിന്റെ പ്രഭ മങ്ങിത്തുടങ്ങി. പാറുക്കുട്ടി ഭയം കൊണ്ടു് ഏറ്റവും വിവശയായി. മഴ ചൊരിയുന്ന ആരവമല്ലാതെ വേറേ ഒരു ശബ്ദവും കേൾപ്പാനില്ല. തന്റെ ദാസി കൂടി തന്നെ അന്നുപേക്ഷിച്ചതിനെക്കുറിച്ചു മനസ്താപത്തോടുകൂടി എഴുന്നേൽക്കാൻ ശ്രമിച്ചു. പാദങ്ങൾ ഇളകുന്നില്ല. അർദ്ധനിദ്രാവസ്ഥപോലെ ഒരു ബോധക്ഷയം പാറുക്കുട്ടിയെ ബാധിച്ചു. അന്ധകാരത്താൽ മൂടപ്പെട്ട അതിഭയങ്കരമായ ഒരു വനപ്രദേശത്തു് അസാധാരണവും അമാനുഷമായുള്ള ചില രൂപങ്ങളുടെ സമ്മിശ്രമായ ഭ്രമണം എന്നപോലെ, അവ്യക്തമായും ഭയജനകമായും ചില വിചാരങ്ങൾ പാറുക്കുട്ടിയുടെ മനസ്സിൽ സഞ്ചരിച്ചുതുടങ്ങി. കർണ്ണങ്ങളിൽ ഘണ്ടാനാദത്തിന്റെ അവസാനധ്വനി പോലെ ഒരു മുഴക്കം ആരംഭിച്ചു. നേത്രങ്ങൾ അടഞ്ഞിട്ടില്ല. വല്ലതും വിളിച്ചു പറയുന്നതിനു നാവും വശമില്ലാതായി. കൈകൊണ്ടു മഞ്ചത്തിൽ അടിച്ചു് അങ്ങനെ എന്തെങ്കിലും ശബ്ദം പുറപ്പെടുവിച്ചു വല്ലവരെയും ഉണർത്താമെന്നു വിചാരിച്ചു കരങ്ങൾ പൊക്കാൻ ശ്രമിച്ചതിൽ അതും സാധിച്ചില്ല. ഹൃദയത്തിൽ ഉദ്ഭവിച്ച ചൂടു് ക്ഷണനേരം കൊണ്ടു വർദ്ധിച്ചു ദേഹത്തെങ്ങും വ്യാപിച്ചു. അറപ്പുര മുഴുവൻ അഗ്നിജ്വാല നിറഞ്ഞിരിക്കുന്നതു പോലെ പാറുക്കുട്ടിക്കു തോന്നി. സൂചികൾ കൊണ്ടു രോമകൂപങ്ങൾ തോറും കുത്തിയാലുണ്ടാകുന്നതു പോലുള്ള വേദനയും ദേഹം ആസകലം ഉണ്ടായി. ഈ സ്ഥിതിയിൽ കുറച്ചു നേരം കഴിഞ്ഞപ്പോൾ ഉന്നതമായുള്ള ഒരു പുരുഷസ്വരൂപം തന്റെ സമീപത്തോട്ടു് അണയുന്നതായി പാറുക്കുട്ടിക്കു തോന്നി. ആ സ്വരൂപം മഞ്ചത്തിനടുത്തു തന്റെ മുമ്പിലായി നിൽക്കുന്നതു കണ്ടിട്ടു താൻ ഉറക്കെ വാവിട്ടലറി വിളിച്ചുവെന്നു പാറുക്കുട്ടിയ്ക്കു തന്നെ തോന്നി. വാസ്തവത്തിൽ പാറുക്കുട്ടി അപ്പോൾ ഒരു ശബ്ദവും പുറപ്പെടുവിച്ചില്ല. തന്റെ മാറു പിളർക്കാനെന്ന പോലെ ആ സ്വരൂപം കൈനീട്ടി എന്നു് അവൾക്കു തോന്നുകയും ചെയ്തു. അപ്പോൾ വേറൊരു സ്വരൂപം കൂടി അറപ്പുരയിൽ നിൽക്കുന്നതായി തോന്നി. ഈ സ്വരൂപത്തിൽ തന്റെ ദൃഷ്ടികളെ വിശേഷമായി ആകർഷിക്കുന്നതിനു ശക്തിയുള്ളതായ ഒരു ഛായ കാണപ്പെട്ടതു പോലെയും തോന്നി. രണ്ടാമത്തെ സ്വരൂപം ആദ്യത്തെ സ്വരൂപത്തെ ബലേന വലിച്ചിഴച്ചു വടക്കോട്ടു കൊണ്ടു പോയി. രണ്ടു സ്വരൂപങ്ങളും മുൻപിൽ നിന്നു മറഞ്ഞതായി തോന്നി. അൽപം കഴിഞ്ഞപ്പോൾ രണ്ടാമത്തെ സ്വരൂപം പിന്നെയും പ്രത്യക്ഷമായി തന്റെ ശിരസ്സിൽ ഒന്നു ചുംബിക്കയും ശിരസ്സു മുതൽ പാദത്തോളം അൻപു കലർന്നു പലവുരു തലോടുകയും തന്റെ മേൽ ബാഷ്പധാര ചൊരികയും ചെയ്തിട്ടു മറഞ്ഞു എന്നു പാറുക്കുട്ടിയ് തോന്നി. സാധുശീലയായ പാറുക്കുട്ടിയുടെ നേത്രങ്ങൾ അടഞ്ഞു. കൈകൾ കുഴഞ്ഞു് ഇരുഭാഗത്തും വീണു.

സൂര്യോദയത്തിനു മുമ്പിൽ തമ്പിയും പരിവാരങ്ങളും യാത്രയായി. സൂര്യരശ്മികൾ അറപ്പുരയിൽ പ്രവേശിച്ചു തുടങ്ങിയിട്ടും അതിനകത്തു യാതൊരു സഞ്ചാരശബ്ദവും കേൾക്കുന്നില്ല. കാർത്ത്യായനി അമ്മ പാറുക്കുട്ടിയെ കഠിനമായി ശാസിക്കുന്നതിനു തക്കതായ അവസരം ഉണ്ടാവട്ടെ എന്നുറച്ചു കാത്തിരിക്കയായിരുന്നു. ഉണരാൻ താമസിക്കുന്നതിനെക്കുറിച്ചു് ശണ്ഠകൂട്ടുക തന്നെയെന്നു നിശ്ചയിച്ചുകൊണ്ടു് കാർത്ത്യായനി അമ്മ വട്ടം ചവുട്ടി, കലാശം മുറുക്കി, അറപ്പുരയിലേക്കു പുറപ്പാടായി. അറപ്പുരയിൽ പ്രവേശിച്ചു് കുറച്ചു കഴിഞ്ഞപ്പോൾ ‘എന്റെ പൊന്നു മകളേ–എന്നെ ഇട്ടേച്ചു പോയോ തങ്കം–എന്റെ തലയിൽ തീ കോരി ഇട്ടേ–അയ്യോ ഞാൻ ചെയ്ത ദുരിതമേ!-’ എന്നും മറ്റും അതിദയനീയമായുള്ള മുറവിളികൾ ആ സ്ഥലത്തു നിന്നു പുറപ്പെടുന്നതു കേൾക്കാറായി.