മുറ്റത്തണിപ്പൂവിടല്‍ വേണ്ട വേറെ
മുറ്റത്തണിപ്പൂവിടല്‍ വേണ്ട വേറെ | |
---|---|
ഗ്രന്ഥകാരന്‍ | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | മോഹഭംഗങ്ങള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
പ്രസാധകർ | ഒലിവ് ബുക്‌സ് |
വർഷം |
2000 |
മാദ്ധ്യമം | Print (Paperback) |
പുറങ്ങൾ | 87 (first published edition) |
മുറ്റത്തണിപ്പൂവിടല്‍ വേണ്ട വേറെ
മഹാകവി ജി.ശങ്കരക്കുറിപ്പിനോടൊരുമിച്ചു ഞാനൊരു സമ്മേളനത്തിനു പോയപ്പോള്‍ അദ്ദേഹം സാഹിത്യത്തെക്കുറിച്ച് വിദ്വജ്ജനോചിതമായി പലതും എന്നോടു പറഞ്ഞു. ഒന്ന് വള്ളത്തോളിന്റെ പ്രതിഭാവിലാസത്തെക്കുറിച്ചായിരുന്നു. ബാലികയായ സീത രാമനെക്കൊണ്ട് എന്തിന് തന്നെ മഹര്‍ഷി വേള്‍പ്പിക്കുന്നു എന്ന് അമ്മയോടു ചോദിച്ചപ്പോള്‍ ʻപെണ്‍കുട്ടികള്‍ക്കമ്മട്ടിലുണ്ടൊരു കര്‍മ്മം കുഞ്ഞേʼ എന്നു മറുപടി നല്‍കി. അതു കേട്ടു ബാലിക പറഞ്ഞു, മറ്റാരും വേണ്ട, എന്നെ എന്നമ്മ മാത്രം വേട്ടാല്‍ മതിയെന്ന്. ഇതു കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. കുട്ടി അമ്മയുടെ കഴുത്തില്‍ കെട്ടിപിടിച്ചു. വള്ളത്തോളിന്റെ ഈ വര്‍ണന അദ്ദേഹത്തിനു മാത്രം നിര്‍വഹിക്കാനാവുന്നതാണെന്നും വേറെയാര്‍ക്കും അതിനു കഴിയുകയില്ലെന്നും ശങ്കരക്കുറുപ്പ് എന്നെ അറിയിച്ചു. മഹാകവി പറഞ്ഞതുകൊണ്ട് ഞാനതു വിശ്വസിച്ചു. ഇന്നും ആ വിശ്വാസത്തിന് ഇളക്കം തട്ടിയിട്ടില്ല. എന്തൊരാകര്‍ഷകത്വമാണ് ആ സംഭവ വര്‍ണനയ്ക്ക്! പദസന്നിവേശത്തിലും ബിംബ കല്‍പ്പനയിലും എന്തൊരു വൈഗ്ധ്യമാണു മഹാകവി വള്ളത്തോളിന്! ഇതുപോലെയൊരു ചിത്രീകരണം വേറൊരു മലയാള കവി നിര്‍വഹിച്ചിട്ടുണ്ടോ എന്നു ഞാന്‍ ആലോചിച്ചു നോക്കി. ഇല്ല. ശങ്കരക്കുറുപ്പ് പിന്നീടൊന്നും അതിനെക്കുറിച്ചു പറഞ്ഞില്ലെങ്കിലും ഞാന്‍ പൊടുന്നനെ ഇംഗ്ലീഷ് നിരൂപകന്‍ ചൂണ്ടിക്കാണിക്കുന്ന absolute imagination –- കേവല ഭാവന –- എന്നതിനെപ്പറ്റി ചിന്തിക്കുകയായി. കവികള്‍ക്ക് ആപേക്ഷിക ഭാവനയുണ്ട്, കേവല ഭാവനയുണ്ട്. ഭാവകാവ്യങ്ങള്‍ രചിക്കാന്‍ ഷെല്ലിക്കും കീറ്റ്സിനും ആപേക്ഷികഭാവന മതി. പരിമിതത്വമുള്ളതാണ് ആ ഭാവന. എന്നാല്‍ കവി ആവിഷ്കരിക്കുന്ന കഥാപാത്രമായി അയാള്‍ക്കു മാറണമെങ്കില്‍ കേവല ഭാവന സഹായത്തിന് എത്തണം. ഹാംലിറ്റ് രാജകുമാരന്റെ അച്ഛന്റെ പ്രേതം രാത്രി പ്രത്യക്ഷമായിയെന്നു സുഹൃത്ത് രാജകുമാരനെ അറിയച്ചതിനു ശേഷം It would have amazed you എന്നും കൂടി പറഞ്ഞു. അപ്പോള്‍ ഹാംലിറ്റ് Very like, Very like, Stayed it along? എന്നു ചോദിക്കുന്നു. ഹാംലിറ്റിന്റെ ഈ പ്രസ്താവം ഷെയ്ക്സ്പിയറിന്റെ കേവല ഭാവനയ്ക്ക് ഉദാഹരണമായി ഇംഗ്ലീഷ് നിരൂപകന്‍ എടുത്തു കാണിക്കുന്നു. ഷെയ്ക്സ്പിയര്‍ ആ സന്ദര്‍ഭത്തില്‍ ഹാംലിറ്റായി രൂപാന്തരപ്പെട്ട് അയാളുടെ ഭാഷയില്‍തന്നെ സംസാരിച്ചുവെന്നാന് നിരൂപകന്റെ മതം. കലാശക്തി കുറഞ്ഞ നാടകകാരനാണെങ്കില്‍ ദീര്‍ഘമായ പ്രഭാഷണം ഹാംലിറ്റിനെക്കൊണ്ടു നിര്‍വഹിപ്പിക്കുമായിരുന്നുവെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. വള്ളത്തോളിനും ഈ കേവലഭാവനയുണ്ടെന്നു സമ്മതിക്കാന്‍ ഞാന്‍ സന്നദ്ധനാണ്. പക്ഷേ –- അതൊരു വലിയ പക്ഷേയാണ്.
ഭാരതീയര്‍ ഏതു വിചാരത്തെയും പ്രകൃതി സംഭവത്തെയും അവാസ്തവികമോ എന്നു സംശയിക്കത്തക്കവിധം സ്ഥൂലീകരിക്കുന്നതില്‍ തല്‍പരരാണ്. അവര്‍ക്ക് അതിന്റെ കാല്‍പനിക വശത്തിലാണു കൗതുകം. അങ്ങനെ സ്ഥൂലികരിക്കപ്പെട്ടത് അതിന്റെയുമപ്പുറത്തുള്ള സത്യാത്മകതയിലേക്കു നയിക്കുമെന്നാണ് അവരുടെ വിശ്വാസം. ഒരുദാഹരണം ദാമ്പത്യ ജീവിതം തന്നെ. പതിന്നാലു ദിവസത്തെ ഹര്‍ഷോന്മാദം കഴിഞ്ഞാല്‍ ദമ്പതീവിഷയകമായ സ്നേഹത്തിനു ലോപം വരുന്നു. സത്യത്തില്‍ സത്യമായ ഇതിനെ ഭാരതീയന് അംഗീകരിക്കാന്‍ വയ്യ. അതുകൊണ്ട് അയാള്‍ അതിന് മനഃകല്‍പിതാവസ്ഥ വരുത്തുന്നു. (ഇംഗ്ലീഷിലെ idealisation) ആണ് മനഃകല്‍പിതാവസ്ഥ. ആദര്‍ശവത്കരണമെന്ന പ്രയോഗം അത്രകണ്ടു ശരിയല്ലാത്തതു കൊണ്ടാണ് മനഃകല്‍പിതാവസ്ഥ എന്നു പ്രയോഗിച്ചത്.) ʻഇയം സീതാ മമ സുതാ സഹധര്‍മ്മചരീ തവʼ എന്നു പറഞ്ഞ് ജനകന്‍ ശ്രീരാമനെ ഏല്‍പ്പിച്ച സീത തന്റെ ജീവിതാന്ത്യം വരെ അയഥാര്‍ഥ മണ്ഡലത്തിലാണ് ജീവിച്ചത്. ഇതു രാമായണകര്‍ത്താവിന് അറിയാന്‍ പാടില്ലാത്തതല്ല. എങ്കിലും ഇങ്ങനെയാന് ദമ്പതികള്‍ –- വിശേഷിച്ചും ഭാര്യ –- ജീവിക്കേണ്ടതെന്നു ഭംഗ്യന്തരേണ പറയുകയാണ് അദ്ദേഹം. പ്രകൃതിയും മനുഷ്യനും ഒന്ന്. എല്ലാത്തിലും സ്ഫുരിക്കുന്ന ചൈതന്യമെന്ന് എന്ന സങ്കല്പത്തിനും ഈ ഐഡിയലൈസേഷനുണ്ട്. അതംഗീകരിച്ചാല്‍ ജീവിതം കുറെക്കൂടി സുഖപ്രദമാകും, ജീവിതം നയിക്കേണ്ടത് എങ്ങനെയെന്നു വ്യക്തമാകും എന്നൊക്കെ മുന്‍കൂട്ടിക്കണ്ട് ആ താദാത്മ്യം പ്രാപിക്കലിനെ സ്ഥൂലീകരിക്കുകയാന് ഈ തത്വത്തിന്റെ ഉദ്ഘോഷകന്‍. ഇമ്മട്ടില്‍ മനഃകല്‍പിതാവസ്ഥയിലേക്കു കൊണ്ടു ചെന്നതാണ് കുഞ്ഞുങ്ങളുടെ നിഷ്കളങ്കത എന്ന ഭാവം. ഒരു കുഞ്ഞിനും നിഷ്കളങ്കതയോ നിരപരാധിത്വമോ ഇല്ല. പ്രായം ചെന്നവരെക്കാള്‍ കുഞ്ഞുങ്ങള്‍ക്കു ക്രൂരതയുണ്ട്. സ്വാര്‍ഥതല്‍പരത്വം അവര്‍ക്ക് ഏറും. ക്ഷുദ്രജീവികളെ നിര്‍ദ്ദയം കൊല്ലുന്നതും മധുരപലഹാരങ്ങള്‍ കിട്ടിയാല്‍ പ്രായം കൂടിയവര്‍ക്ക് ഒരു നുള്ളു പോലും കൊടുക്കാതെ
തിന്നുന്നതും ഒക്കെ സർവസാധാരണമാണ്. നൂറോളം പുസ്തകങ്ങൾ നിറച്ച സഞ്ചി മുതുകിലേറ്റിക്കൊണ്ട് പ്രായമായവരെ അതുകൊണ്ടിടിച്ചും കാലുകൊണ്ടു കരുതിക്കൂട്ടി ചവിട്ടിയും അവരെ ഉന്തി മാറ്റിയും കുട്ടികൾ ബസിൽ കയറുന്നതു സർവസാധാരണമായ കാഴ്ചയാണ്. അഞ്ചു വയസ്സായ കുട്ടികൾക്കുള്ള ലൈംഗികത്വം പ്രായം കൂടിയവർക്കില്ല. ആൺകുട്ടികൾക്കും പെൺകുട്ടിക്കും പ്രേമം ഏഴു വയസ്സുതൊട്ടു തുടങ്ങും. കുട്ടികൾക്കു സഹജാവബോധം (യുക്തിവിചാരത്തിന്റെ അവലംബമില്ലാതെ സത്യം ഗ്രഹിക്കുന്നതിനുള്ള കഴിവ്) കൂടുതലാണ്. അവർ പ്രായമെത്തുമ്പോൾ ഈ പ്രാഗത്ഭ്യത്തിനു ലോപം സംഭവിക്കുന്നുവെന്നേയുള്ളു.
ʻʻഅന്നുഷസ്സയൽവക്കക്കാരിയാണുണർന്നേറ്റ
തന്നുടെ വേലയ്ക്കെങ്ങോ സംഭ്രമിച്ചോടുമ്പോഴും
ചേലിൽത്തൻ തുടുത്ത കൈയെൻ നേർക്കു നീട്ടിടാതെ
വേലിക്കൽവന്നെത്തിച്ചു നോക്കാതെ പോകാറില്ല.
ഉന്മുഖം പനിനീർപ്പുചോരിവാ തുറന്നൽപ്പ-
മെന്മുന്നിൽ നിൽക്കും മുറ്റത്തൊന്നു ഞാൻ മുകരുവാൻ
കണ്മുന്നിൽ കുനിഞ്ഞൊന്നു നിന്നീടും ചിരിപ്പിപ്പാൻ
വെണ്മുകിൽ നരമീശവച്ചുകെട്ടിയ വാനും.
അറിവാൻ വെളിച്ചമേ ദുരെപ്പോ ദൂരെപ്പോ! നീ
വെറുതേ സൗന്ദര്യത്തെക്കാണുന്ന കൺപൊട്ടിച്ചു.ʼʼ
എന്നു മഹാകവി ജി. ശങ്കരക്കുറുപ്പ് ഹൃദയഹാരിയായി പാടുമ്പോൾ, ബാല്യത്തെ പ്രശംസിക്കുമ്പോൾ നമ്മൾ ആഹ്ലാദിക്കുന്നു. കവിതയുടെ ശക്തി, സൗന്ദര്യം എന്നല്ലാതെ എന്തു പറയാൻ! പക്ഷേ നിത്യജീവിത സത്യം അതിൽ നിന്ന് എത്രയോ ദൂരത്തിൽ വർത്തിക്കുന്നു. ഏതു കുഞ്ഞാണു സൗന്ദര്യം ആസ്വദിക്കുന്നത്? കള്ളം പറയാൻ, വഞ്ചിക്കാൻ, പ്രോഗ്രസ് കാർഡിലെ മാർക്കു തിരുത്തി അച്ഛനമ്മമാരെ പറ്റിക്കാൻ ഒരു കുട്ടിക്കും വൈഷമ്യമില്ല. വിദ്യാഭ്യാസം കൊണ്ടും സംസ്കാരത്തിന്റെ വികാസം കൊണ്ടും കുട്ടി മറ്റൊരു വ്യക്തിയായി മാറുന്നു പ്രായം കൂടുമ്പോൾ. അപ്പോൾ മാത്രമേ സത്യസന്ധതയുടെയും സന്മാർഗത്തിന്റെയും നേരിയ അംശം നമുക്കു പ്രതീക്ഷിക്കാനാവൂ. കുട്ടികളിൽ നിഷ്കളങ്കത ദർശിക്കുന്നത് അയഥാർഥമായ കാല്പനികതയുടെ പ്രേരണയാലാണ്.
ഈ സത്യം ഗ്രഹിച്ച ആധുനിക കലാകാരന്മാർ കുട്ടികളുടെ സ്വാഭാവിക മാനസിക നിലയെ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഹംഗറി–ഓസ്റ്റ്രേലിയൻ അതിർത്തിയിൽ ജനിച്ച ഗെയ്സാ ചാറ്റ് (Geza Csath) എന്ന മഹാ യശസ്കനായ സാഹിത്യകാരൻ കുഞ്ഞുങ്ങളുടെ ക്രൂരതയെ സ്ഫുടീകരിക്കുമാറ് ചില കഥകൾ എഴുതിയിട്ടുണ്ട്. ഒരോ കഥയും അനുവാചകനു ഞെട്ടലുളവാക്കും. ʻLittle Emmaʼ എന്നു പേരുള്ള കഥയിൽ ചില കുട്ടികൾ തൂക്കുമരമുണ്ടാക്കി കളിക്കുന്നതായി പ്രതിപാദിക്കുന്നു. ആദ്യം അവര്‍ ഒരു പട്ടിക്കുട്ടിയെ തൂക്കിക്കൊന്നു. അതു കഴിഞ്ഞ് അവിടെയെത്തിയ എമ എന്ന കൊച്ചു പെണ്‍കുട്ടിയെ തൂക്കിലേറ്റി. ʻLittle Emma swung there. At first, she flailed her arm about and kicked her short, thin, white- stockinged legs... Suddenly the movements ceased. Her body stretched, as though it were seeking something to stand on. And then she moved no moreˮ എന്നു ഗെയ്സാ ചാറ്റ്. ഇതേ മട്ടില്‍ ഞെട്ടലുണ്ടാക്കുന്ന വേറൊരു കഥയാണു ചാറ്റിന്റെ ʻMatricideʼ എന്നത്. ജീവികളെ കൊന്നു കൊന്ന് ക്രൂരതയാര്‍ജ്ജിച്ച രണ്ടു കുട്ടികള്‍ അവരുടെ അമ്മയെത്തന്നെ കൊല്ലുന്നതാണ് ഇക്കഥ. മൂത്ത മകന്‍ അമ്മയുടെ നെഞ്ചില്‍ കത്തി കുത്തിയിറക്കി. പ്രായം കുറഞ്ഞ കുട്ടി അമ്മയുടെ കാലുകള്‍ അനങ്ങാതെയിരിക്കാന്‍ പിടിച്ചു കൊടുത്തു. വധത്തിനുശേഷം അവര്‍ അമ്മയുടെ ആഭരണങ്ങള്‍ പങ്കിട്ടെടുത്തു. മൂത്ത കുട്ടിക്ക് ഒരു വേശ്യയുമായി ബന്ധമുണ്ട്. അവള്‍ക്കു പണം കൊടുക്കാനായിരുന്നു കൊലപാതകം നടത്തിയത് അവന്‍. അങ്ങനെ കുട്ടികളുടെ കൊലപാതകവാസനയെ അവരുടെ കാമവുമായി കൂട്ടിയിണക്കുന്നു ചാറ്റ്. സമുദായമാകെ ക്രൂരതയുടെ പ്രതീകം. സമുദായത്തിലെ അംഗങ്ങളായ കുട്ടികള്‍ക്കുമുണ്ട് വധാഭിലാഷവും കാമാര്‍ത്താവസ്ഥയും. ചാറ്റിന്റെ ഈ ചിത്രീകരണം റൊമാന്റിക് കലാകാരന്മാരുടെ ശൈശവാവസ്ഥയുടെ ചിത്രീകരണത്തെക്കാള്‍ സത്യസന്ധമാണ്.
കുട്ടികളുടെ അക്രമത്തെ മനഃശാസ്ത്രജ്ഞന്മാര്‍ പലതായി തരം തിരിച്ചിട്ടുണ്ട്. (1) ചില വസ്തുക്കളോ സ്ഥാനങ്ങളോ കൈവിട്ടുപോകാതിരിക്കാന്‍ വേണ്ടി നടത്തുന്നത്, (2) അതിരു കടന്ന പേടികൊണ്ടോ ദേഷ്യം കൊണ്ടോ ചെയ്യുന്നത്, (3) ഒരു കുറ്റം ചെയ്തിട്ടു വേറൊന്നു ചെയ്യുമ്പോള്‍ ഉണ്ടാകുന്നത്, (4) ഒരു വിഭാഗത്തിന്റെ സമ്മതിക്കു വേണ്ടി അനുഷ്ഠിക്കുന്നത്. ഈ നാലു തരത്തില്‍ പെട്ട അക്രമങ്ങളും സമകാലിക സമുദായത്തിലെ കുട്ടികള്‍ നടത്തുന്നുണ്ട്.
1993- ലെ ബുക്കര്‍ സമ്മാനം നേടിയ Roddy Doyle എഴുതിയ ʻʻPaddy Clarke Ha Ha Haˮ എന്ന നോവലില്‍ കുട്ടികളുടെ ഹിംസയെ ചിത്രീകരിക്കുന്നത് ഈ ലോകത്തെ ഏതു കുട്ടികള്‍ക്കും ചേരും. ചേട്ടന്‍ അനിയന്റെ വായില്‍ ലൈറ്റര്‍ കത്തിക്കാനുള്ള ഗ്യാസ് കടത്താന്‍ ശ്രമിക്കുകയാണ്. പ്ലാസ്റ്റിക് കവര്‍ കടിച്ചു പൊട്ടിച്ചാല്‍ ഒരു തരം എണ്ണയേ വായില്‍ നിറയൂ എന്നു ചേട്ടന്‍. ബലാല്‍ക്കാരമായിത്തന്നെ അത് അനിയന്റെ വായിലേക്കു കടത്തി തീപ്പട്ടി ഉരച്ചു കത്തിച്ചു. അനിയന്റെ ചുണ്ടുകള്‍ ഇല്ലാതായി. എന്തിന് ഈ ഹിംസ? മറ്റുള്ളവരുടെ സമ്മതി നേടാന്‍. ഇതാണ് ഇന്നത്തെ കുട്ടികളൂടെ മാനസിക നിലയും പ്രവര്‍ത്തനവും.
ʻʻപെറ്റമ്മമാര്‍ പിച്ച നടത്തിടുന്ന
കറ്റക്കിടാവിന്‍ പദപങ്കജങ്ങള്‍
ചെറ്റങ്ങുമിങ്ങും പതിയുന്ന വീട്ടിന്‍
മുറ്റത്തണിപ്പൂവിടല്‍ വേണ്ട വേറെˮ.
എന്നു വള്ളത്തോളും ʻʻനരജീവിതമായ വേദനയ്ക്കൊരുമട്ടര്‍ഭകരൗഷധങ്ങള്‍താന്‍ˮ എന്നു കുമാരനാശാനും എഴുതുമ്പോള്‍ കവിതയുടെ പക്ഷത്തു നില്‍ക്കുന്ന നമ്മള്‍ അവരോടു യോജിക്കുന്നു. പക്ഷേ അത് റൊമാന്റിസിസത്തോടു ബന്ധപ്പെട്ട വീക്ഷണഗതി മാത്രമാണ്. ചാറ്റും ഡൊയിലും മാത്രമേ സമകാലിക സാമൂഹികാവസ്ഥകളെ പ്രതിഫലിപ്പിക്കുന്നുള്ളൂ. കുട്ടികളുടെ നിഷ്കളങ്കമായ മനഃകല്‍പ്പിതാവസ്ഥ അംഗീകരിച്ചു വാഴ്ത്തിക്കൊള്ളൂ. അതില്‍ കവിതയുണ്ടെങ്കില്‍ ഞങ്ങള്‍ ആസ്വദിക്കും. അതല്ല യഥാര്‍ഥാവസ്ഥയെ കലാത്മകമായി ചിത്രീകരിക്കാനാണു ശ്രമമെങ്കില്‍ അതും ആയിക്കൊള്ളൂ. സമുദായത്തിന്റെ ജീര്‍ണതയെക്കുറിച്ച് അറിവുള്ള ഞങ്ങള്‍ ആ ചിത്രീകരണത്തോടായിരിക്കും യോജിക്കുക.
□