close
Sayahna Sayahna
Search

റിയലിസത്തിന്റെ മരണം; ധിഷണാപരത്വത്തിന്റെയും


റിയലിസത്തിന്റെ മരണം; ധിഷണാപരത്വത്തിന്റെയും
Front page of PDF version by Sayahna
ഗ്രന്ഥകാരന്‍ എം കൃഷ്ണന്‍ നായര്‍
മൂലകൃതി മോഹഭംഗങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസാധകർ ഒലിവ് ബുക്‌സ്
വർഷം
2000
മാദ്ധ്യമം Print (Paperback)
പുറങ്ങൾ 87 (first published edition)

മോഹഭംഗങ്ങള്‍

ʻജാതീയമായ ഭിത്തികള്‍ കെട്ടിപ്പൊക്കിʼ അവയ്ക്കകത്ത് ഇരിക്കുന്നവര്‍ക്കു മാത്രമേ സി.വി.രാമന്‍പിള്ള വിശ്വസാഹിത്യകാരനാണെന്ന് തോന്നുകയുള്ളൂ. മലയാളസാഹിത്യത്തെസ്സംബന്ധിച്ച അതിരുകടന്ന അഭിമാനമുള്ളവര്‍ക്കേ ദസ്തെയെവ്സ്കിയുടെ ʻകാരമാസോവ് സഹോദരന്മാര്‍ʼ എന്ന നോവലിനു സദൃശ്യമാണ് സി.വി.യുടെ ʻരാമരാജാബഹദൂര്‍ʼ എന്നു പ്രസ്താവിക്കാനാവൂ. വിശ്വസാഹിത്യത്തിലെ മാഹാന്മാരായ നോവലിസ്റ്റുകള്‍ –- ടോള്‍സ്റ്റായി, ദസ്തെയെവ്സ്കി, വാള്‍ട്ടര്‍സ്കോട്ട്, മെല്‍വിന്‍, തെര്‍വാന്‍തേസ്, റ്റോമസ് മാന്‍, ഹെര്‍മാന്‍ ബ്രോഹ് ഇവരൊക്കെ –- ഘോഷയാത്രയായി പോകുന്നുവെന്ന് കരുതൂ. അവരുടെ കൂടെ സി.വി.രാമന്‍പിള്ളയ്ക്കു പോകാനായി കഴിയുമോ? ഇല്ലെന്നാണ് എന്റെ പക്ഷം. എങ്കിലും മലയാളസാഹിത്യത്തെസ്സംബന്ധിച്ചിടത്തോളം മഹാനായ നോവലിസ്റ്റാണ് അദ്ദേഹം. ഇന്നുവരെ ഒരു മലയാള നോവലെഴുത്തുകാരനും സി.വി.യെ അതിശയിച്ചിട്ടില്ല. എന്താണ് മറ്റുനോവലിസ്റ്റുകള്‍ക്കില്ലാത്ത സവിശേഷത സി.വി.ക്ക്? അദ്ദേഹം അസാമാന്യപാടവത്തോടെ ദുഷ്ടതയുടെ ലോകം സൃഷ്ടിക്കുന്നു. രണ്ടു ലോകങ്ങളും സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നതു ചിത്രീകരിക്കുന്നു. ആ സംഘട്ടനത്തില്‍ ദുഷ്ടതയുടെ ലോകം തകര്‍ന്നടിയുന്നതു നമുക്കു കാണിച്ചുതരുന്നു. സ്പഷ്ടമായി പറയുന്നില്ലെങ്കിലും ദുഷ്ടതയുടെ അന്തര്‍ദ്ധാനത്തിനു ശേഷം ശിഷ്ടത പരിലസിക്കുമെന്നു വ്യഞ്ജിപ്പിക്കുന്നു. അഷ്ടഗൃഹപ്രധാനരുടെ നാശം ʻʻമാര്‍ത്താണ്ഡവര്‍മ്മˮയുടെ പര്യവസാനത്തോട് അടുപ്പിച്ച്. അവരുടെ കുടുംബത്തില്‍പ്പെട്ട ഹരിപഞ്ചാനനദ്വയത്തിന്റെ നാശം ʻധര്‍മ്മരാജാʼയില്‍. മൈസൂര്‍രാജാവിന്റെ ദുരന്തം രാമരാജാബഹദൂറില്‍. ഈ നാശങ്ങള്‍ക്കു ശേഷം നൂതനവും വിശുദ്ധവുമായ ലോകങ്ങള്‍ ആവിര്‍ഭവിക്കുമെന്നാണ് സി.വി.രാമന്‍ പിള്ളയുടെ സൂചന. ദുഷ്ടതയുടെയും ശിഷ്ടതയുടെയും ഈ ലോകങ്ങള്‍ സൃഷ്ടിച്ച് ആദ്യത്തേതിന്റെ നാശവും രണ്ടാമത്തേതിന്റെ പ്രാദുര്‍ഭാവവും ആവിഷ്കരിക്കുന്നതില്‍ സി.വി.പ്രദര്‍ശിപ്പിച്ച പ്രാഗല്ഭ്യവും ഭാവനയും നമ്മുടെ സാഹിത്യത്തെ സംബന്ധിച്ചിടത്തോളം സമാദരണീയമെന്നേ പറഞ്ഞുകൂടാ. അദ്ദേഹത്തിനു ശേഷം ഒരു നോവലിസ്റ്റിനും ഈ പ്രാഗൽഭ്യത്തിന്റെയോ ഭാവനയുടെയോ ശതാംശം പോലും പ്രകടമാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് സി.വി.രാമന്‍ പിള്ളയുടെ കൃതികള്‍ മലയാളസാഹിത്യാന്തരീക്ഷത്തിലെ നക്ഷത്രങ്ങളാണെന്ന് നമ്മള്‍ പറയുക.

വെറും റ്റൈപ്പുകളായ –- തരങ്ങളായ –- കഥാപാത്രങ്ങളെയെടുത്ത് അവരെ വ്യക്തികളാക്കി മാറ്റുന്ന കലാവൈഭവമാണ് സി.വി.യുടേത്. ദുഷ്ടതയുടെ ശാശ്വത പ്രതീകങ്ങളായ റ്റൈപ്പുകള്‍ ലോകത്തു ധാരാളം. പക്ഷേ ഹരിപഞ്ചാനനന്‍ എന്ന അസാധാരണനായ വ്യക്തി സാന്ദ്രീകൃതമായ യഥാര്‍ത്ഥ്യത്തിനു പ്രതിനിധീഭവിച്ചു വര്‍ത്തിക്കുന്നു ʻധര്‍മ്മരാജാʼ എന്ന നോവലില്‍. അയാള്‍ക്കു ഈ വ്യക്തിത്വത്തിന്റെ പ്രഭാവം നല്കാനായി സി.വി. മറ്റു കഥാപാത്രങ്ങളോടുള്ള അയാളുടെ സംഘട്ടനങ്ങള്‍ ആവിഷ്കരിക്കുന്നു. ഒന്നിനൊന്നു ഹരിപഞ്ചാനനന്‍ തേജസ്സാര്‍ജ്ജിക്കുന്നു. നോവലിന്റെ പര്യവസാനത്തില്‍ അയാള്‍ പടത്തലവനോടു വാക്കുകള്‍ക്കൊണ്ടു പടവെട്ടി നിലം പരിശാകുന്നുണ്ടെങ്കിലും അതിന് അല്പം മുന്‍പുവരെ അസാമാന്യമായ തേജസ്സ് ആര്‍ജ്ജിച്ചാണ് നിലകൊണ്ടത്. രാജാധികാരത്തെ ധ്വംസനം ചെയ്യാന്‍ വന്ന ആയാളോട് രാജഭക്തരായ വായനക്കാര്‍ക്കു അഹിതമുണ്ടാകുമെങ്കിലും അവരുടെ കണ്ണഞ്ചിപ്പോകാതിരിക്കില്ല. കൂടുതലെഴുതാന്‍ നമുക്കു സ്ഥലമില്ല. ഇതൊക്കെക്കൊണ്ടാണ് സി.വി. രാമന്‍ പിള്ളയുടെ കൃതികള്‍ക്ക് ആഴമേറും എന്നു വിമര്‍ശകര്‍ പറഞ്ഞത്.

ഈ അഗാധതയില്ലായ്മയാണ് സി.വി.യുടെ റൊമാന്റിക് കൃതികള്‍ക്കു സ്വാഭാവിക പ്രതികരണമെന്ന നിലയില്‍ സംജാതമായ റീയലിസ്റ്റിക് കൃതികളുടെ സവിശേഷത. നോവലുകള്‍ക്കു മാത്രമല്ല, ചെറുകഥകള്‍ക്കുമുണ്ട് ഈ ഉത്താന സ്വഭാവം. പ്രസ്ഥാനങ്ങളുടെ രീതികള്‍ കൊണ്ട് പ്രൗഢതയും ആഴമില്ലായ്മയും വരാം. കാല്പനികമായി എഴുതുന്നവര്‍ക്കു സ്വന്തം അനുഭൂതികളല്ല പ്രധാനം. അവര്‍ക്ക് വിദൂരസ്ഥമായ കാഴ്ചയിലാണ് –- ദര്‍ശനത്തിലാണ് –- താല്‍പര്യം. ആ താല്‍പര്യത്തിനു അനുരൂപമായി അവര്‍ സര്‍ഗ്ഗപ്രക്രിയയില്‍ വ്യാപരിക്കുമ്പോള്‍ ഗഹനത അല്ലെങ്കില്‍ പ്രൗഢത ഒരു ഉപോല്‍പന്നമായി ആവിര്‍ഭവിക്കുന്നു. നേരെ മറിച്ചാണ് റിയലിസ്റ്റുകളുടെ രീതി. അവര്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ കിട്ടുന്ന അനുഭൂതികള്‍ക്കു പ്രാധാന്യം കല്പിക്കുന്നു. അനുഭൂതികളെ അതേ രീതിയില്‍ ആവിഷ്ക്കരിക്കുമ്പോള്‍ ഉള്‍ക്കാഴ്ചയ്ക്കു മാര്‍ഗ്ഗമില്ല. അതിനാല്‍ റീയലിസ്റ്റിക് കലാകാരന്മാരുടെ രചനകള്‍ ഉത്താനസ്സ്വഭാവമുള്ളതായി ഉത്ഭവിക്കുന്നു. മഹാന്മാരായ റീയലിസ്റ്റുകള്‍ ചിലപ്പോള്‍ പ്രൗഢമായി എഴുതാറുണ്ട്. ടോള്‍സ്റ്റോയി ആ വിധത്തില്‍ കലാകാരനായിരുന്നു. റീയലിസ്റ്റിക് കലാസങ്കേതത്തിലൂടെ അദ്ദേഹം പ്രതിപാദ്യവിഷയത്തിന്റെ സാകല്യാവസ്ഥ പിടിച്ചെടുത്തു. ചിത്തവൃത്തികളോടനുബന്ധപ്പെട്ട റീയലിസം കൊണ്ട് അദ്ദേഹം പ്രതിപാദ്യവിഷയത്തിന്റെ സമ്പൂര്‍ണ്ണാവസ്ഥയും ആലേഖനം ചെയ്തു. പക്ഷെ നമ്മുടെ റീയലിസ്റ്റുകള്‍ പരിമിതവിഭവന്മാരാണ്. അതുകൊണ്ട് അവര്‍ക്ക് ഒരു വിഷയത്തെയും സാകല്യാവസ്ഥയില്‍ കാണാന്‍ കഴിഞ്ഞില്ല. ഹരിപഞ്ചാനനെ സൃഷ്ടിച്ച സി.വി. രാമന്‍ പിള്ളയുടെ ഭാവന പ്രകൃതിദത്തമാണ്. നമ്മുടെ റീയലിസ്റ്റുകള്‍ക്കു ഭാവനയ്ക്ക് പകരമായി നോവലിനെസ്സംബന്ധിച്ചും ചെറുകഥയെസ്സംബന്ധിച്ചും സവിശേഷതയാര്‍ന്ന മാനസികനില മാത്രമേയുള്ളൂ. അതിന്റെ അവലംബത്തോടു കൂടി നോക്കുന്ന അവര്‍ക്കു ഹിമാലയം കാണാന്‍ ഒക്കുകയില്ല; അതിന്റെ താഴ്വരയിലെ ഒരു മണല്‍തരിയെമാത്രമെ ദര്‍ശിക്കാനാവൂ. ഉപരിപ്ലവമായ അല്ലെങ്കില്‍ ബഹിര്‍ഭാഗസ്ഥമായ അനുഭൂതികളെ ഒരിക്കല്‍ ആവിഷ്കരിച്ച് കൈയടി നേടാം. പിന്നീടും അതു തന്നെ ചെയ്യുമ്പോള്‍ ആവര്‍ത്തനം നല്കുന്ന വൈരസ്യത്തിനു വായനക്കാര്‍ വിധേയരാകും. പല റീയലിസ്റ്റുകള്‍ അതേ അനുഭൂതികള്‍ വീണ്ടും വീണ്ടും കൈകാര്യം ചെയ്യുമ്പോള്‍ അതു കാണുന്ന ജനങ്ങള്‍ക്ക് വൈരസ്യം പരകോടിയിലെത്തും. നമ്മുടെ റീയലിസ്റ്റിക് സാഹിത്യത്തിലെ നായകന്മാര്‍ക്ക് ഒരു കാലത്തുണ്ടായ സ്ഥാനം ഇല്ലാതാവാന്‍ കാരണം ഇതു തന്നെയാണ്. റീയലിസം ഉത്താനങ്ങളായ അനുഭൂതികളുടെ ആവര്‍ത്തിച്ചുള്ള പ്രകാശനം കൊണ്ട് വിരസമായി. അതു ജീര്‍ണ്ണിച്ചു. ഏതു സംഭവത്തിനും പ്രതികരണം സ്വാഭാവികമാണ്. റീയലിസത്തിന്റെ ഈ പരാജയമാണ് ധിഷണയ്ക്കു പ്രധാന്യം നല്കുന്ന ചില എഴുത്തുകാരുടെ രംഗപ്രവേശനത്തിനു ഹേതു. കഥ ആവിഷ്കരിക്കേണ്ടതും ഉദ്ദീപിപ്പിക്കേണ്ടതും വികാരത്തെയാണ്. എപ്പോള്‍ കഥ ആശയങ്ങളെ മാത്രം ആവിഷ്കരിക്കുമോ അപ്പോള്‍ അതു സഹൃദര്‍ക്കു അനഭിമാനമായിബ്ഭവിക്കും. ആശയാവിഷ്കാരം താല്‍കാലികമായ ചലനമേ ഉളവാക്കൂ. ക്രമേണ അതും വൈരസ്യജനകമാകും. അതുകൊണ്ട് റീയലിസ്റ്റുകള്‍ക്കു സംഭവിച്ച ട്രാജടി ധിഷണാപരമായി സാഹിത്യം സൃഷ്ടിക്കുന്നവര്‍ക്കുമുണ്ടാകും.

നമ്മുടെ റീയലിസ്റ്റിക് എഴുത്തുകാര്‍ സ്ഫുടീകരിച്ച ഉത്താനുഭൂതികള്‍ക്ക് ക്ഷണികസ്വഭാമേയുള്ളൂ. ആ ക്ഷണികതയാണ് റീയലിസത്തിന്റെ ഹന്താവായത്.

ബ്യൂറോക്രസി തുടങ്ങിയ ചിന്തകള്‍ക്കും ക്ഷണികാവസ്ഥയേയുള്ളൂ. അതിനെ പ്രതിപാദിക്കുമ്പോള്‍ ബ്യൂറോക്രസിയുടെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന നമ്മള്‍ കൈയടിക്കുന്നു. എന്ന് ബ്യൂറോക്രസി തീരുമോ അന്നു അത്തരം രചനകള്‍ നശിക്കും. നമ്മുടെ കൈയടിയും തീരും.

ദൈനംദിനജീവിതത്തിലെ റിയാലിറ്റി മാത്രം ലേഖനം ചെയ്താല്‍ മതിയെന്നു റീയലിസ്റ്റുകള്‍ വിചാരിച്ചു. ആ വിചാരം തെറ്റായതുകൊണ്ടാണു റീയലിസം നശിച്ചത്. ആശയങ്ങള്‍ പ്രദാനം ചെയ്യുന്ന റിയാലിറ്റി മാത്രം ചിത്രീകരിച്ചാല്‍ മതിയെന്ന് ഇന്നു ചിലര്‍ വിചാരിക്കുന്നു. അത്തരം ചിത്രീകരണങ്ങളും വിസ്മൃതങ്ങളാകുന്ന കാലം അത്ര ദൂരത്തല്ല.