close
Sayahna Sayahna
Search

വഞ്ചന, ജനവഞ്ചന


വഞ്ചന, ജനവഞ്ചന
Front page of PDF version by Sayahna
ഗ്രന്ഥകാരന്‍ എം കൃഷ്ണന്‍ നായര്‍
മൂലകൃതി മോഹഭംഗങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസാധകർ ഒലിവ് ബുക്‌സ്
വർഷം
2000
മാദ്ധ്യമം Print (Paperback)
പുറങ്ങൾ 87 (first published edition)

മോഹഭംഗങ്ങള്‍

മുല്ലാനാസറുദീന്‍ മുട്ടിലിഴഞ്ഞ് കൈ കൊണ്ട് പുല്ലുകള്‍ക്കിടയില്‍ തപ്പുകയായിരുന്നു. അതുകണ്ട് അദ്ദേഹത്തിന്റെ അയല്ക്കാരന്‍ ചോദിച്ചു: ʻഅങ്ങ് എന്താണ് കളഞ്ഞത്?ʼ മുല്ല മറുപടി നല്‍കി, ʻഎന്റെ താക്കോല്‍.ʼ ʻഎവിടെയാണ് താക്കോല്‍ കളഞ്ഞത്?ʼ എന്നു അയല്ക്കാരന്‍ വീണ്ടും ചോദിക്കുകയുണ്ടായി. ʻഎന്റെ വീട്ടില്‍ʼ എന്നു മുല്ലയുടെ മറുപടി. ʻഈശ്വര, പിന്നെ എന്തിന് ഇവിടെ തപ്പുന്നു?ʼ നാസറുദീന്‍ പറഞ്ഞു: ʻഇവിടെ പ്രകാശം കൂടുതലുണ്ട്.ʼ

പ്രകാശത്തിന്റെ അതിപ്രസരമുണ്ടെന്നു വിചാരിച്ച് നമ്മുടെ നിരൂപകര്‍ ക്ഷുദ്രങ്ങളായ മലയാള കൃതികളെടുത്ത് കലയുടെ താക്കോല്‍ അന്വേഷിക്കുന്നു. അവര്‍ക്ക് അതു കിട്ടുന്നില്ല. എങ്കിലും കിട്ടിയെന്നു അവര്‍ നടിക്കുന്നു. ആ നാട്യം കാപട്യമല്ല, യാഥാര്‍ത്ഥ്യം തന്നെ. താക്കോല്‍ അവര്‍ക്കു കിട്ടി എന്നു ബഹുജനം വിചാരിക്കുന്നു. കിട്ടിയ താക്കോല്‍ എവിടെയെന്നു ചോദിച്ചു നോക്കൂ. അതു കാണിക്കാന്‍ അവര്‍ക്കു സാധിക്കില്ല.

ഞാന്‍ പണ്ട് കുടുംബവുമായി മധ്യപ്രദേശത്ത് ഒരു ബന്ധുവിന്റെ വീട്ടില്‍ പോയി താമസിക്കുമായിരുന്നു. വീട്ടുകാര്‍ക്കു കള്ളന്‍ കയറി എല്ലാം കൊണ്ടുപോകുമെന്നു പേടിയുണ്ടായിരുന്നു. ʻപേടിക്കാനൊന്നുമില്ല, ആര്‍ക്കും വേണ്ടാത്ത കുറെ ചവറു പുസ്തകങ്ങളേ നമ്മുടെ വീട്ടിലുള്ളൂ. അതുകള്ളന്‍ തൊടുകയുമില്ലʼ എന്നുപറഞ്ഞ് ഞാന്‍ വീട്ടുകാരെ സമാധാനിപ്പിക്കും. എന്നിട്ടു തീവണ്ടി കയറി ഞങ്ങള്‍ മധ്യപ്രദേശിലേക്കുപോകും. ഒരു ദിവസം ഇങ്ങനെ പോയപ്പോള്‍ വരാന്‍ പോകുന്ന കള്ളനുവേണ്ടി ഒരെഴുത്ത് എഴുതി റ്റീപ്പോയില്‍ വച്ചാലെന്ത് എന്നു ഞാന്‍ ആലോചിച്ചു. അത് ഇങ്ങനെയാവാം:

ʻപ്രിയപ്പെട്ട കള്ളാ, താങ്കള്‍ വന്നതു നന്നായി. എന്റെ അലമാര പൂട്ടിയിട്ടില്ല. അതു തുറന്നാല്‍ ഒരു കൊച്ചു ഡ്രായര്‍ കാണും. അതിന്റെ ഇടതുവശത്ത് ഒരു കള്ളയറയുണ്ട്. അതിന്റെ അടപ്പ് ഇടത്തോട്ട് മാറ്റൂ. പത്തു പവന്‍ വച്ചിട്ടുണ്ട്. അതില്‍. ʻഎടുത്തു കൊള്ളൂ. താങ്കള്‍ എന്റെ വീട് സന്ദര്‍ശിച്ചതിനിനു നന്ദി.ʼ യാഥാര്‍ത്ഥ്യത്തില്‍ എഴുത്ത് എഴുതിവെച്ചില്ല ഞാന്‍. വച്ചിരുന്നെങ്കില്‍, കള്ളന്‍ വന്നെങ്കില്‍ അയാള്‍ എഴുത്തുവായിച്ചു അലമാരിയിലെ കള്ളയറ പരിശോധിക്കും. ബാങ്കില്‍ ഒരു മോതിരം പണയം വച്ച രസീതുമാത്രം കാണും അവന്‍. നിരാശനായി തിരിച്ചുപോകുകയും ചെയ്യും.

എന്റെ സങ്കല്‍പ്പത്തിലുള്ള ഈ കത്തുപോലെയാണ് മലയാളത്തിലെ നിരൂപകര്‍ പ്രബന്ധങ്ങള്‍ രചിച്ച് വായനക്കാരോടു കള്ളം പറയുന്നത്. താക്കോല്‍ ഇല്ലാത്തിടത്ത് അവര്‍ താക്കോല്‍ അന്വേഷിക്കുന്നു. പവനില്ലാത്തിടത്ത് അതു എടുക്കാന്‍ ശ്രമിക്കുന്നു. ʻഇതാ ഈ നോവലിന്റെ രചനയോടെ നോവലിസ്റ്റ് മലയാളസാഹിത്യത്തിലെ മുടിചൂടാമന്നനായി പരിണമിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസാണിത്. അതിന്റെ മയൂഖമാലകളേറ്റ് സാഹിത്യാന്തരീക്ഷം വെട്ടിത്തിളങ്ങുന്നു! അല്ലെങ്കില്‍ കവിതാ സമാഹാരങ്ങളെക്കുറിച്ച് ഉദ്ദീരണം: ʻഉദാത്തʼ മായ കവിതകള്‍. മഹാകവിത്രയത്തിനു പോലും അപ്രാപ്യമായ അധിത്യകയില്‍ ഈ കവി എത്തിയിരിക്കുന്നു.ʼ ഈ ജല്പനങ്ങള്‍ വിശ്വസിച്ച് നമ്മള്‍ ഇല്ലാത്ത പണമുണ്ടാക്കി പുസ്തകങ്ങള്‍ വാങ്ങിവായിച്ചാലോ? നിരാശത.

പരിഹാസത്തിന്റെ ഛായയുള്ള ഈ പ്രതിപാദനം വിട്ടിട്ട് കാര്യത്തിലേക്കു കടന്നാലോ എന്നാണ് ഇപ്പോഴത്തെ എന്റെ ചിന്ത. ആ ചിന്തയുടെ അര്‍ത്ഥനയ്ക്കു അനുരൂപമായി ഞാന്‍ തൂലിക ചലിപ്പിച്ചു കൊള്ളട്ടെ. മുതലാളികള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതുപോലെയാണ് ചിലര്‍ സാഹിത്യനിരൂപണം നിര്‍വ്വഹിക്കുന്നത്. തൊഴിലാളികളുടെ നിര്‍ദ്ധനാവസ്ഥയെ, അതു ജനിപ്പിക്കുന്ന ദയനീയാവസ്ഥയെ ചൂഷണം ചെയ്യുന്ന മുതലാളികള്‍. അതുപോലെ വായനക്കാരന്റെ വിശ്വാസം എന്ന ഗുണത്തെ ചൂഷണം ചെയ്താണ് ഇക്കൂട്ടര്‍ നിരൂപണത്തില്‍ വ്യാപരിക്കുന്നത്. അടുത്ത കാലത്തിറങ്ങിയ ഒരു നോവലിനെക്കുറിച്ച്, അതു ബഹുജനത്തിന്റെ കൈയ്യില്‍ എത്തുന്നതിനുമുമ്പ് നിരൂപണം വന്നു വാരികയില്‍. അദ്ദേഹമെഴുതുന്നതെല്ലാം ഞാന്‍ അവഗണിക്കുകയാണ് പതിവ്. എങ്കിലും ആ ലേഖനം വായിച്ചുപോയി. അതിലെ പ്രൗഢപ്രതിപാദനവും നോവല്‍ അദ്വിതീയമാണെന്നു പ്രഖ്യാപിച്ചുകൊണ്ടുള്ള അഭിപ്രായ പ്രകടനവും ലോകസാഹിത്യത്തിലെ പല മാസ്റ്റര്‍ പീസുകളും വായിച്ച എന്നില്‍ സ്വാധീനത ചെലുത്തി. രണ്ടാഴ്ച കൂടി കാത്തിരിക്കേണ്ടി വന്നു എനിക്കു നോവല്‍ കിട്ടാന്‍. വാങ്ങി, വായിച്ചു. ട്രാഷാണ് അതെന്നു ഗ്രഹിക്കുകയും ചെയ്തു. നോവല്‍ ചവറാണെന്ന് എനിക്ക മാത്രമല്ല തോന്നിയത്. പരിപാകമാര്‍ന്ന മനസ്സും ഹൃദയവുമുള്ള പല പ്രഖ്യാതന്മാരും റ്റെലിഫോണിലൂടെ നോവലിന്റെ ക്ഷുദ്രത്വത്തെക്കുറിച്ച് എന്നോടു പറഞ്ഞു. Hell is other people നരകം മറ്റൂള്ളവരാണ് –- എന്ന് ഒരു ചിന്തകന്‍ പണ്ടു പറഞ്ഞല്ലോ. അതു മാറ്റി Hell is Literary Critics in Kerala എന്നു പറയണമെന്ന് എനിക്കുതോന്നി. അത്രകണ്ട് അത്യക്തിപരവും അവാസ്തവികവും ജുഗുപ്സാവഹവുമായിരുന്നു ആ നിരൂപണം. നിരൂപകര്‍ കൃതികളെക്കുറിച്ചു പറയുന്നതിലൊക്കെ അര്‍ദ്ധസത്യമെങ്കിലും കാണും എന്നുള്ള വായനക്കാരുടെ വിശ്വാസത്തെ ചൂഷണം ചെയ്താണ് ഇങ്ങനെയുള്ള പ്രബന്ധകാരന്‍മാര്‍ വിരാജിക്കുക. നമ്മുടേതു Producer Society അല്ല –- ഉല്‍പാദകക്ഷ്മതയാര്‍ന്ന സമുദായമല്ല: Consumer Society ആണ് –- ഉപഭോക്താക്കള്‍ക്കു ഉപയോഗിക്കത്തക്ക വിധത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്കു പ്രചാരം നല്കുന്ന സമുദായമാണ്. ജനനിരക്കു വളരെ കൂടിയിരിക്കുന്നു. ജനസംഖ്യയുടെ വര്‍ദ്ധനയ്ക്ക് അനുരൂപമായി വായിക്കാനുള്ള താല്പര്യം കൂടിയിരിക്കുന്നു. സാമ്പത്തിക ശാസ്ത്രത്തിലെ Demand and Supply എന്ന നിയമമാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നതെന്ന് അല്‍ഡസ് ഹക്സ്ലിലി പറഞ്ഞിട്ടുണ്ട്. ആവശ്യകതയെ തൃപ്തിപ്പെടുത്താന്‍ അവിദഗ്ദരും സാഹിത്യസൃഷ്ടി നടത്തുന്നു. വിദഗ്ദരും അക്കൂട്ടത്തിലുണ്ട്. അവരുടെ കലാശൂന്യമായ കൃതി ആവിര്‍ഭവിച്ചാലുടന്‍ ഇക്കൂട്ടര്‍ പ്രശംസ വാരിക്കോരിച്ചൊരിയുന്നു. തിരുവനന്തപുരത്തെ രാജവീഥികളില്‍ പുഴുത്ത ഓറഞ്ചും, പുഴുത്ത ആപ്ളും, പുഴുത്ത ഏത്തപ്പഴവും കൈവണ്ടിയില്‍ കയറ്റി ഫുട്പാത്തില്‍ കൊണ്ടുവെച്ച് വില്‍പ്പന നടത്തുന്നവരുമുണ്ട്. കടയില്‍ കിലോക്കു നാല്പതു രൂപ വിലയുള്ള ആപ്ള്‍ ആ കൈവണ്ടിയില്‍ നിന്നെടുത്താല്‍ ഇരുപതു രൂപ കൊടുത്താല്‍ മതി. ʻആപ്പിള്‍ കിലോക്കു ഇരുപതു രൂപʼ എന്ന വിളി ഉയരുന്നു വില്‍പ്പനക്കാരില്‍ നിന്ന്. ബഹുജനം കഴുതകളും അന്യരെ വിശ്വസിക്കുന്നവരുമാണ്. അവര്‍ ചീഞ്ഞു നാറുന്ന ആപ്ള്‍ വാങ്ങി വീട്ടില്‍ കൊണ്ടു വന്നു നോക്കിയിട്ട് പറമ്പിലേക്ക് എറിയുന്നു. കല തൊട്ടു തേച്ചിട്ടില്ലാത്ത കൃതി ഉത്കൃഷ്ടമാണെന്നു തൊണ്ട കീറിപ്പറയുന്ന ലേഖകന്റെ മതം ശരിയാണെന്നു കരുതി വായനക്കാര്‍ കൃതി വാങ്ങുകയും മോഹഭംഗമാര്‍ന്ന് അതു തലയ്ക്ക് മൂന്നു ചുറ്റുചുറ്റി ദൂരെയെറിയുന്നു. ഇതാണ് വഞ്ചന, ജനവഞ്ചന.

കേരളത്തില്‍ ഇന്ന് എല്ലാവരും എഴുത്തുകാരാണ്. എഴുത്തുകാരല്ലാത്തവര്‍ ചിലരുണ്ടെങ്കില്‍ അവരെല്ലാം നിരൂപകരാണ്. അവര്‍ പേരുകള്‍ അച്ചടിച്ചു കാണാനോ മലയാള സാഹിത്യത്തിലെ കൃതികള്‍ ഉത്കൃഷ്ടങ്ങളാണെന്നു വരുത്താനോ വേണ്ടി ഇവിടത്തെ ഒരു ഛോട്ടാക്കഥയെടുത്ത് ദെറിദയും ഫൂക്കോയും പറഞ്ഞിട്ടുള്ളതൊക്കെ അതിലേക്കു ആനയിക്കുന്നു. അല്ലെങ്കില്‍ ആ കഥയെ വിശ്വസാഹിത്യത്തിലെ ഒരു പരമോന്നത കലാസൃഷ്ടിയുമായി താരതമ്യപ്പെടുത്തി മലയാളിയുടെ രചനയെ ഉത്കൃഷ്ടമാക്കി പ്രദര്‍ശിപ്പിക്കുന്നു. അങ്ങനെ ബഹിര്‍ഭാഗസ്ഥമായ മലയാളം കഥ പ്രൗഢമായ പടിഞ്ഞാറന്‍ കഥയുടെ മുന്‍പില്‍ അടിയറവു പറയുന്നു. ഞാന്‍ അടുത്തകാലത്ത് ഫ്രാങ്കോ മൊറേത്തി എന്ന നിരൂപകന്‍ എഴുതിയ ʻModern Epicʼ എന്ന ഗ്രന്ഥം വായിച്ചു. നവീനങ്ങളായ ഇതിഹാസങ്ങളില്‍ ഒന്നാണ് ഗാര്‍സിആ മാര്‍കേസിന്റെ ʻവണ്‍ഹണ്‍ഡ്രഡ് ഈയേഴ്സ് ഒഫ് സോളിറ്റ്യൂഡ്ʼ എന്ന നോവലെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. നോവലിസ്റ്റ് ചിത്രീകരിച്ച സ്ഥലത്തിന് ആ സ്ഥലത്തെ അതിലംഘിക്കുന്ന മാനങ്ങള്‍ (dimension) ഉണ്ടാകുമ്പോള്‍ ആ നോവല്‍ ഇതിഹാസമായി മാറുന്നുവെന്നാണ് ഗ്രന്ഥകാരന്റെ മതം. ആ നിലയില്‍ മാര്‍കെസിന്റെ നോവല്‍ വിശ്വഗ്രന്ഥമാണെന്ന് –- World Text ആണെന്ന് –- ഫ്രാങ്കോ മൊറേത്തി എഴുതുന്നു. ഈ രീതിയില്‍ ഗഹനതയുള്ള നോവലിനെ ഇവിടുത്തെ ഒരു നോവലിസ്റ്റിന്റെ നോവലിനോടു താരതമ്യപ്പെടുത്തിയാല്‍ എങ്ങനെയായിരിക്കും? ആ ചിന്തകൂടാതെയാണ് ഇവിടുത്തെ നിരൂപകര്‍ താരതമ്യപഠനം നിര്‍വഹിക്കുന്നത്. നിരൂപകര്‍ താക്കോലില്ലാത്തിടത്ത് അത് അന്വേഷിച്ച് ʻതാക്കോല്‍കിട്ടിʼ എന്നു ഉദ്ഘോഷിക്കരുത്. പവനില്ലാത്തിടത്ത് പവനുണ്ടെന്നു എഴുതിവെച്ചു കള്ളനെപ്പോലും പറ്റിക്കരുത്.