close
Sayahna Sayahna
Search

വടക്കുനിന്നൊരു സ്ത്രീ


വടക്കുനിന്നൊരു സ്ത്രീ
EHK Story 06.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ശ്രീപാർവ്വതിയുടെ പാദം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 63

ചിങ്ങപ്പിറവിയിലൊരു നാൾ പാടത്തെ വരമ്പിൽ കൂടി രണ്ടു സ്ത്രീകൾ നടന്നുവന്നു. മൂത്ത സ്ത്രീക്ക് മുപ്പത് മുപ്പത്തിരണ്ട് വയസ്സായിട്ടുണ്ടാവും, ചെറുപ്പക്കാരിക്ക് പതിനാറോ പതിനേഴോ വയസ്സ്. മൂത്ത സ്ത്രീ മുണ്ടും വേഷ്ടിയുമാണ് ഉടുത്തിരുന്നത് ബ്ലൗസിടാതെ മാറു മറച്ചിരുന്നത് മേൽമുണ്ടു കൊണ്ടാണ്. ചെറുപ്പക്കാരി ചുവന്ന ദാവണിയും വളരെ പഴഞ്ചൻ ഫാഷനിൽ തുന്നിയ ബ്ലൗസുമാണിട്ടിരുന്നത്. ബ്ലൗസിന്റെ കയ്യിൽ ഞൊറികൾ. കതിരിട്ട നെൽച്ചെടികൾ കാറ്റിൽ ഉലയുന്ന പാടത്ത് തെളിവെള്ളം. അവയിൽ മഴക്കാലത്ത് കവിഞ്ഞൊഴുകിയ കുളങ്ങളിൽ നിന്നും തോടുകളിൽനിന്നും ചാടി രക്ഷപ്പെട്ട മീനുകൾ നീന്തിക്കളിച്ചു. പാടം വിരിച്ചുകൊടുത്ത പച്ചപ്പരവതാനിയിലൂടെ ഏതോ ഗതകാലത്തിൽനിന്നു വന്ന ആ സ്ത്രീകൾ നടന്നു. എതിരെ വന്നവർ അവരെ അത്ഭുതത്തോടെ നോക്കി. ഇന്നാട്ടുകാരല്ലാ അവർ എന്ന് പെട്ടെന്ന് മനസ്സിലായി. അവരുടെ വസ്ത്രധാരണവും അന്നാട്ടുകാരെ വിസ്മയത്തിലാഴ്ത്തി. അതുകൊണ്ട് ആ സ്ത്രീകൾ കടന്നുപോയിട്ടും അവർ വരമ്പിന്റെ അരുകിൽ വഴിമാറിക്കൊടുത്തപാട് നോക്കി നിന്നു.

പാടത്തിന്നറ്റത്ത് രണ്ടരുകിലും പൂക്കൈതകൾ തഴച്ചു വളരുന്ന തോടിന്നപ്പുറത്തെത്തിയപ്പോൾ അവർ നടത്തം പതുക്കെയാക്കി. തോടിനപ്പുറത്തും കണ്ണെത്താദൂരത്ത് പാടങ്ങൾ തന്നെയാണ്. പാടങ്ങളുടെ ഇരുകരയിലും മുള്ളുവേലികൾക്കുള്ളിൽ മരങ്ങൾ തഴ ച്ചു വളരുന്ന പറമ്പുകൾ. അവയ്ക്കു നടുവിൽ ഓടിട്ട വീടുകൾ, മരംകൊ ണ്ടോ ഇരുമ്പുകൊണ്ടൊ ഉള്ള പടി വാതിലുകൾ. ഇടയ്ക്ക് ഒന്നു രണ്ടു പടിപ്പുര. വെള്ള വലിച്ച ചുമരുകളുള്ള ഒരു പടിപ്പുരയ്ക്കു മുമ്പിൽ ആ സ്ത്രീകൾ സംശയിച്ചുനിന്നു, ഓർമ്മയുടെ കവാടത്തിൽ അവർ ഒരു നിമിഷം പക ച്ചുനിന്നു. അപ്രതീക്ഷിതമായ എന്തോ കണ്ടപോലെ. അവർ ആ പടിപ്പുരയും അതിന്റെ തുറന്ന വാതിലിലൂടെ കാണു ന്ന മുറ്റവും വീടിന്റെ പൂമുഖത്തിന്റെ മുൻവശവും നോക്കി നിന്നു. മുറ്റത്തിന്റെ അതിരുകളിൽ ചുവന്ന വലിയ ചെമ്പരത്തിപ്പൂക്കൾ വിരിഞ്ഞുനിന്നു. പടിപ്പുര പടിഞ്ഞാട്ട് തിരിഞ്ഞാണ് നിന്നിരുന്നത്. സമയം ഏകദേശം മൂന്നു മണിയായിട്ടുണ്ടാകും. വെയിൽ പടിപ്പുരയുടെ ചുമരിൽ തട്ടി ആ സ്ത്രീകളുടെ മുഖം പ്രകാശിപ്പിച്ചു. അവർ പടിപ്പുര യുടെ തേഞ്ഞ മരപ്പടി കവച്ചു കടന്ന് മുറ്റത്തേക്കുള്ള വഴിയിലൂടെ നടന്നു.

മുറ്റത്തേക്ക് ഇറങ്ങുന്ന ഒതുക്കുകൾക്കിരുവശവും പഗോഡച്ചെടികൾ പൂത്തു നിന്നു. അവയ്ക്കരുകിൽ ആ അമ്മയും മകളും സംശയിച്ചു നിന്നു. പ്രതീക്ഷിച്ചതൊന്നുമല്ല കണ്ടതെന്ന് അവരുടെ മുഖം വിളിച്ചുപറഞ്ഞു. കടഞ്ഞെടു ത്ത ചെറിയ അഴികളുള്ള ഇരുത്തിയ്ക്കു പിന്നിൽ ചുവന്ന സിമന്റിട്ട പൂമുഖത്ത് ചാരുകസേരയിൽ ഇരുന്ന് നാണു നായർ സ്വർണ്ണ ഫ്രെയ്മിട്ട കണ്ണട അല്പം താഴ്ത്തി കണ്ണടയ്ക്കു മുകളിലൂടെ അവരെ നോക്കിപ്പഠിച്ചു. പിന്നെ കുറച്ചുറക്കെ ചോദിച്ചു.

ആരാ?

മറുപടിയൊന്നുമുണ്ടായില്ല, അദ്ദേഹം അകായിലേക്കു നോക്കി വിളിച്ചു.

കല്യാണി.

അകത്ത് ഇടനാഴിയിലെവിടേയൊ നിന്ന് ഒരു മറുപടിയുണ്ടായി.

മിറ്റത്ത് ആരോ വന്നിട്ടുണ്ട്, ഒന്ന് നോക്കു. പരിചയമില്ലാത്തോരാ തോന്നുണു.

പിന്നെ തിരിഞ്ഞ് മുറ്റത്തേക്കു നോക്കി വിളിച്ചു പറഞ്ഞു.

ഇങ്ങോട്ട് കേറി വന്നോളു.

ആ സ്ത്രീകൾ പിന്നെയും സംശയിച്ചു നിന്നു. അപ്പോഴേയ്ക്ക് കല്യാണിയമ്മ അകത്തുനിന്ന് വന്ന് പൂമുഖത്ത് ഇറയത്തേക്കിറങ്ങി നിന്നു.

ആരാ? ആര്യാ കാണണ്ടത്?

ആ സ്ത്രീകൾ ചെത്തുകല്ലിന്റെ ഒതുക്കുകൾ ഇറങ്ങി ചരൽ പാകിയ മുറ്റത്തേക്കിറങ്ങി, തുളസിത്തറയുടെ അരികിലൂടെ നടന്നുവന്നു.

അമ്മയാണ് സംസാരിച്ചത്. അവർ മേൽമുണ്ട് ഒന്നുകൂടി ഒതുക്കിപ്പിടിച്ച് പൂമുഖത്തിനെതിരെ പറമ്പിലേയ്ക്ക് ചൂണ്ടിക്കാട്ടി ചോദിച്ചു.

ഇവിടെ ഒരു നാലുകെട്ടുണ്ടായിരുന്നുവല്ലൊ.

നാണുനായർ പറഞ്ഞു.

ഇങ്ങട് കടന്നിരിക്യാ വന്ന കാല്മ്മല് നിൽക്കണ്ട. സ്ത്രീകൾ പൂമുഖത്തേക്കു കയറി, ഇരുത്തിമേൽ സ്ഥലം പിടിച്ചു.

നാണുനായർ കണ്ണടയ്ക്കു മുകളിലൂടെ അവരെ നോക്കി.

അപ്പൊ എവിടുന്നാ വരവ്?

ഞങ്ങള് കുറ്റിയാടീന്നാ.

ഓ അങ്ങ് വടക്ക്ന്നാണല്ലെ? ആര്യാ കാണണ്ടത്?

അതിനു മറുപടി പറയാതെ അവർ തെക്കെ പറമ്പിലേക്ക് നോക്കി.

ഇവിടെ… ഒരു നാല് കെട്ട്ണ്ടായിരുന്നൂലൊ?

നാലുകെട്ടോ?

അതെ.

ഇല്ലല്ലൊ.

നാണുനായർ പറഞ്ഞു. നിങ്ങൾക്ക് സ്ഥലം തെറ്റീതായിരിക്കും.

അല്ല, ഇവിടേത്തന്ന്യാ, ആ സ്ത്രീ പറഞ്ഞു. അവരുടെ സ്വരം വളരെ അസ്വാഭാവികമായിരുന്നു. മധുരമാണ്, പക്ഷേ എന്തോ അസാധാരണത്വം ഉണ്ടതിന്. അത് കാലങ്ങളെ അതിജീവിച്ചു വന്ന സംഗീതത്തിന്റെ പ്രാചീനമായ സ്രോതസ്സുകളെ ഓർമ്മിപ്പിച്ചു.

എനിക്ക് ഓർമ്മണ്ട്. അവർ തുടർന്നു. എന്റെ മുമ്പില് കാണുന്നപോലെ ഓർമ്മണ്ട്. ഇതാ മുമ്പില് തുളസിത്തറണ്ടാ യിരുന്നു. നെറയെ മുല്ലവള്ളി പടർന്നുകയറിയ തുളസിത്തറ. അത്മ്മല് ശ്രീകൃഷ്ണന്റെ വെണ്ണക്കല്ലുകൊണ്ടുള്ള വിഗ്രഹംണ്ടായിരുന്നു. അതിനു മുമ്പില് എന്നും സന്ധ്യയ്ക്ക് തിരിവെയ്ക്കാറുണ്ട്. ഒരു തിരി കൃഷ്ണന്, പിന്നെ തെക്കോട്ട് രണ്ടു തിരി പിതൃക്കൾക്ക്, വടക്കോട്ട് ഒരു തിരി പരമശിവന്, പടിഞ്ഞാട്ട് ഒരു തിരി സൂര്യഭഗവാന്, പിന്നെ താലത്തിൽ മുല്ലപ്പൂക്കളും തുളസിപ്പൂവും എടുക്കും ശ്രീഭഗവതിക്ക് വെക്കാൻ.

നാണുനായർ കുഴങ്ങി. ഈ സ്ത്രീകൾ വഴിതെറ്റിവന്നതാണെന്നു തീർച്ച. ആ പറമ്പിൽ ഒരു നാലുകെട്ടുണ്ടായി രുന്നു. പക്ഷേ അത് പൊളിച്ചു കളഞ്ഞിട്ട് പത്തമ്പത് വർഷമായി. തന്റെ കുട്ടിക്കാലത്താണത്. എട്ടോ പത്തോ വയസ്സ് പ്രായമുള്ളപ്പോൾ. ഇപ്പോൾ ഒന്നും ഓർമ്മയില്ല പറഞ്ഞുകേട്ട അറിവേയുള്ളു.

നിങ്ങള് ഉദ്ദേശിക്കുന്ന വീട് ഇതല്ലാട്ടോ.

നാണുനായർ ചാരുകസേരയിൽ നിന്നെഴുന്നേറ്റു. ഉതിർന്നുവീണ തോർത്തുമുണ്ട് വാരി ചുമലിലിട്ട് അദ്ദേഹം സ്ത്രീകളുടെ അടുത്തുചെന്നു.

ഇവടെ അടുത്തൊന്നും നാലുകെട്ടില്ലല്ലോ. ഇവിടിന്ന് നാലു പറമ്പപ്പുറത്ത് കാരപ്പുറത്ത്കാര്‌ടെ വീട്ണ്ട്. നടുമുറ്റം ഒക്കെണ്ട്. പക്ഷേ നാലുകെട്ട്ന്ന് പറയാൻ വയ്യ. നിങ്ങൾക്ക് സ്ഥലം തെറ്റിയത് തന്ന്യായിരിക്കും.

അല്ലല്ല എനിയ്ക്ക് നല്ല നിശ്ശണ്ട്.

അവരുടെ സംസാരത്തിൽ വടക്കൻ ചുവയുണ്ട്.

എനിയ്ക്ക് നല്ല ഓർമ്മണ്ട്. പൂമുഖത്തിന്റെ നിലം കറുപ്പായിരുന്നു. ചുമരില് തളത്തിലേക്കുള്ള വാതിലിന്റെ ഇടത്തുവശത്തായി ഒരു കിളിവാതിലുണ്ട് ചിത്രപ്പണീള്ള വാതില്. വാതിലിന് മൊകളില് ഒരു കലമാനിൻ കൊമ്പ് തൂക്കീട്ട്ണ്ട്. തളത്തിലെ നെലം ചൊമപ്പായിരുന്നു. നടുമിറ്റത്തിനു ചുറ്റും തിണ്ണയുണ്ടായിരുന്നു. തിണ്ണേമ്മല് തെക്കോറത്ത് ചന്ദനം അരയ്ക്കാൻ വട്ടത്തില് ഒരു ചാണ ഒറപ്പിച്ചിരുന്നു. അതിനടുത്ത് ഒരു ഓട്ടുകിണ്ടീല് എപ്പൊഴും വെള്ളം വെച്ചിട്ടുണ്ടാവും. അതിന് മോളില് കഴുക്കോലിന്മേൽ തേക്കുകൊട്ടേടെ ആകൃതീല് ഭസ്മത്തിന്റെ പാത്രം തൂക്കിയിട്ടുണ്ട്. അതിന് എതിർവശത്തെ ചൊമരിമ്മ്‌ലാണ് ശ്രീഭഗവതീടെ കൂട്. അടുത്ത് തന്നെ പൂജാമുറി. എനിക്കെല്ലാം നല്ല ഓർമ്മണ്ട്.

നിങ്ങൾക്ക് എന്തോ തെറ്റ് പറ്റീട്ട്ണ്ട്. ഇവിടെ അടുത്തൊന്നും അങ്ങിനെ ഒരു വീടില്ല.

പെൺകുട്ടി അക്ഷമയായി എന്നു തോന്നുന്നു. അവൾ അമ്മയോട് പറഞ്ഞു.

അമ്മേ നമുക്ക് പോവാം.

നാണുനായർ അവളെ നോക്കി. കൗതുകമുള്ള മുഖം. വലിയ കണ്ണുകൾ. നെറ്റിമേൽ ചുവന്ന ചാന്ത്.

എന്താ മോളടെ പേര്?

ശ്രീദേവി

അമ്മയാണ് പറഞ്ഞത്.

നാണുനായർ കുറച്ചുനേരം ആലോചിച്ചു. പകച്ചുനില്ക്കുന്ന ഭാര്യയെ നോക്കി. പിന്നെ നടന്ന് മുമ്പിലിട്ട കയ്യുള്ള ഒരു കേസരയിൽ കയറിയിരുന്നു. കുറ്റിരോമമുള്ള തല ആകെയൊന്നുഴിഞ്ഞു പറഞ്ഞു,

ആട്ടെ നിങ്ങള് ഏതു തറവാട്ടുകാരുടെ കാര്യാ പറയണത്?

പുത്തംമഠത്തിലെ തറവാട്.

നാണുനായർ ശരിക്കും ഞെട്ടി. അദ്ദേഹം മുണ്ടും വേഷ്ടിയുമായി ശാന്തമായി ഇരിക്കുന്ന സ്ത്രീയെ നോക്കി. വട്ടമുഖം കാതിൽ ചുവന്ന കല്ലുള്ള വലിയ കമ്മൽ. കറുത്തു നീണ്ട തലമുടി.

ഇത് തന്ന്യാ പുത്തംമഠത്തിലെ തറവാട്, ആട്ടെ നിങ്ങള് എവിട്ന്നാ വരണത്.

കുറ്റ്യാടി.

ആ, നിങ്ങള് ആദ്യം പറഞ്ഞൂലോ, ആരെ കാണാനാവന്നത്?

കൃഷ്ണൻകുട്ടിയാര്.

ആ സ്ത്രീയുടെ മറുപടി എപ്പോഴും പെട്ടെന്നായിരുന്നു. അവർക്ക് ആലോചിക്കാൻ സമയം ആവശ്യമായിരു ന്നില്ല.

കൃഷ്ണൻകുട്ട്യാരോ?

അതെ.

അദ്ദേഹം ന്റെ അമ്മാവനാ. ഇപ്പൊ കെടപ്പാ. ഒരു ഭാഗം തളർന്നിരിക്കുന്നു. വയസ്സും തൊണ്ണൂറു കഴിഞ്ഞില്ലെ. ആട്ടെ നിങ്ങള് അമ്മാവന്റെ ആരാ?

ഒന്ന് കാണാൻ പറ്റ്വോ?

ഉവ്വ് നമുക്കങ്ങോട്ട് പോവാം.

തിരിഞ്ഞ് ഭാര്യയോട് പറയുകയും ചെയ്തു.

കല്യാണി ഇവര് അമ്മായീടെ വീട്ട്വാരായിരിക്കും. അമ്മാവന്റെ സംബന്ധം കുറ്റിയാട്യായിരുന്നു. ഒക്കെ പഴേ കാര്യങ്ങളല്ലെ.

നാണുനായർ മുമ്പിലും അമ്മയും മകളും പിന്നി ലും, ഏറ്റവും പിന്നിലായി കല്യാണിയമ്മയും നടന്നു. തളത്തിലേക്ക്. തളത്തിൽനിന്ന് നരിച്ചീറുകളുടെ ഗന്ധമുള്ള ഇടനാഴിയിലേയ്ക്ക്. ഇടനാഴിയിലെ തട്ടി ന്റെ വളകളിൽ വെള്ളരിയ്ക്ക തൂക്കിയിട്ടിരുന്നു. മച്ചിന്റെ അടഞ്ഞ വാതിലിന്മേൽ നിറപറ നടത്തി കതിർകുല ഒട്ടിച്ചുവെച്ചിരുന്നു. ഇടനാഴിയുടെ അറ്റത്തുള്ള ചാരിയ വാതിലിനു മുമ്പിൽ നാണുനായർ നിന്നു.

ഇവിടെ നിൽക്കൂ. ഞാൻ പറഞ്ഞുവരാം.

സ്ത്രീകൾ വാതിലിനു പുറത്തു കാത്തുനില്‌ക്കെ നാണുനായർ അകത്തു പോയി. അമ്മാവൻ ഉണർ ന്നു കിടക്കുകയായിരുന്നു. നാണുനായർ മരത്തിന്റെ ചതുരൻ അഴികളുള്ള ജനലിന്റെ പാളികൾ തുറന്നിട്ടു. സായാഹ്ന സൂര്യന്റെ ഒരു കഷ്ണം കാവിതേച്ച നിലത്തു പതിച്ചു.

അമ്മാവനെ കാണാൻ രണ്ടു സ്ത്രീകൾ വന്നിട്ടുണ്ട്. ഒരമ്മയും മോളുമാണ്.

കട്ടിലിൽ അനങ്ങാതെ കിടക്കുന്ന വൃദ്ധന്റെ പുതപ്പ് ശരിയാക്കിക്കൊണ്ട് നാണു നായർ പറഞ്ഞു.

എനിക്കറിയാം. വൃദ്ധൻ മന്ത്രിച്ചു. അകത്തു വരാൻ പറയൂ.

സ്ത്രീകൾ അകത്തു കടന്നു. മുതിർന്ന സ്ത്രീ കട്ടിലിൽ ഇരുന്നു. മകൾ കട്ടിലിന്നരികിൽ നിന്നു.

ഞങ്ങൾ വന്നു.

എന്തേത്ര വൈകിയേ?

വൃദ്ധന്റെ സ്വരം പരിക്ഷീണമെങ്കിലും വ്യക്തമായിരുന്നു. നാണുനായർ ഭാര്യയെ നോക്കി. ഭാര്യ അത്ഭുതം കൂറുന്ന കണ്ണുമായി ഈ കൂടികാഴ്ച നോക്കിനില്ക്കുകയായിരുന്നു.

നിങ്ങൾ പൊയ്‌ക്കോളു. വൃദ്ധൻ നാണു നായരോട് പറഞ്ഞു.

നാണുനായർ ഭാര്യയേയും കൂട്ടി പുറത്തു കടന്നു. വാതിൽ ചാരി ഇടനാഴിയിലൂടെ തളത്തിലേക്കും, ഉമ്മറത്തേ ക്കും നടന്നു. ഉമ്മറത്ത് തെക്കേതിലെ മാധവിയമ്മ നില്ക്കുന്നുണ്ടായിരുന്നു. അവർ ചോദിച്ചു.

ഏതാ രണ്ട് സ്ത്രീകള് വര്ണ കണ്ടത്? ഒരമ്മയും മോളും പോലെ.

നാണുനായർ തലയാട്ടിക്കൊണ്ട് ചാരു കസേരയിലേയ്ക്ക് താഴ്ന്നു. പിന്നെ സാവധാനത്തിൽ ഗൗരവത്തോടെ പറഞ്ഞു.

അത്ന്ന്യാ ഞാനും ആലോചിക്കണത്.

അദ്ദേഹം നിലത്തുവെച്ച ചെല്ലപ്പെട്ടി എടുത്ത് മടിയിൽ വെച്ചു. വെറ്റിലയെടുത്ത് ഞെട്ടി കളഞ്ഞ് ഞരമ്പ് ഞെരടി ക്കളയാൻ തുടങ്ങി.

കുറ്റിയാടീന്നാന്നാ പറഞ്ഞത്. അമ്മാവൻ കല്യാണം കഴിച്ചിരിക്കുന്നത് കുറ്റ്യാടിന്നാ. അമ്മാവൻ ഇരുപത്തിനാല് വയസ്സിലോ മറ്റൊ കല്യാണം കഴിച്ചിരുന്നു. അന്ന് അമ്മായീടെ കുടുംബക്കാര് ഇവിടെ അടുത്തെവിട്യോ വന്ന് താമസിക്കായിരുന്നു. കണ്ട് ഇഷ്ടായിട്ട് കല്യാണം കഴിച്ചതാ. നല്ല ഭംഗീള്ള സ്ത്രീയായിരുന്നത്രെ. ഞാൻ കുട്ടി ക്കാലത്ത് കണ്ടിട്ടുണ്ടാവും. ഓർമ്മല്ല്യ.

നാണുനായർ വെറ്റിലയിൽ നൂറു തേച്ചു അടയ്ക്കക്കഷ്ണങ്ങൾ നിരത്തിവെച്ചു. വെറ്റില ചുരുട്ടി വായ്ക്കക ത്താക്കി. പേനക്കത്തിയെടുത്ത് പുകയിലയുടെ ഒരു ചെറിയ കഷ്ണം അരിഞ്ഞെടുത്ത് വായിലിട്ടു. പിന്നെ വളരെ സാവധാനത്തിൽ തുടർന്നു.

അവര്‌ടെ വല്ല ബന്ധുക്കളും ആവും. അവര് വളരെ ചെറുപ്പത്തില് മരിച്ചു. ഒരു പെൺകുട്ട്യേണ്ടായിരുന്നുള്ളു. അവൾക്ക് പതിനാറോ പതിനേഴോ വയസ്സുള്ളപ്പഴാ മരിച്ചത്. രണ്ടു പേരും ഒപ്പം. എന്തോ അപകടമരണമായിരുന്നു. മരിച്ചേന്റെ മൂന്നാം ദിവസാ അമ്മാവന് വിവരം കിട്ടണത്. പോയപ്പോഴേയ്ക്ക് ശവദാഹവും കഴിഞ്ഞിരിക്കുന്നു. എന്തൊക്ക്യോ കഥകള് കേട്ടിരുന്നു. അന്നൊക്കെ വടക്ക് കുറ്റിയാടീല് എത്തിക്കിട്ട്വ എളുപ്പല്ല. അമ്മാമൻ പിന്നെ ജീവിച്ചില്ല്യാന്നു തന്നെ പറയാം. അത്രഷ്ടായിരുന്നു. ഒന്നു രണ്ടു പ്രാവശ്യം ആത്മഹത്യക്കു ശ്രമിച്ചു.

ഇപ്പോന്താ ബന്ധുക്കള് വന്നിരിക്കണത്? കല്യാണിയമ്മ തളത്തിലേക്ക് നോക്കിക്കൊണ്ട് പതുക്കെ പറഞ്ഞു. വല്ല ഭാഗോം ചോദിക്കാനായിരിക്ക്യോ.

നാണുനായർ എഴുന്നേറ്റ് ജനലിലൂടെ നീട്ടിത്തുപ്പി, തിരിച്ചു വന്ന് ചാരുകസേരയിൽത്തന്നെ ഇരുന്നു.

ഏയ്, അതിനൊന്നും ആയിരിക്കില്ല. ഒന്ന് കാണാച്ചിട്ട് വന്നതായിരിക്കും. മനുഷ്യ ബന്ധങ്ങള് അങ്ങിന്യാണല്ലൊ. കർമ്മപാശം മൂക്കുകയറ് മാതിര്യാണ്. വലിക്കുംതോറും മുറുക്വേള്ളു.

അപ്പൊ അവരെന്തേ ഒരു നാലുകെട്ടിന്റെ കാര്യം പറഞ്ഞത്?

എന്തെങ്കിലും ഓർമ്മപ്പിശകാവും. അവർക്ക് പത്ത് മുപ്പത്തഞ്ച് വയസ്സല്ലെ ആയിട്ടുണ്ടാവു. ഇവിടുത്തെ നാലു കെട്ട് പൊളിച്ചു കളഞ്ഞത് ആയിരത്തി ഒരുനൂറ്റിപ്പത്തിനു മുമ്പാണ്. അതായത് അമ്പത്തഞ്ചു കൊല്ലം മുമ്പെ. അപ്പൊ അവരൊന്നും ജനിച്ചിരിക്കാൻ തന്നെ വഴിയില്ല.

അകത്ത് വൃദ്ധൻ കണ്ണീരൊഴുക്കി.

നിങ്ങള് ഒരു ദിവസം വരുംന്നറിയായിരുന്നു. എന്തേത്ര വൈകീത്?

ആ സ്ത്രീ വൃദ്ധന്റെ കൈയെടുത്തു മടിയിൽ വെച്ചു തലോടി.

ഞങ്ങള് വന്നൂലോ.

വൃദ്ധന്റെ കണ്ണുകൾ ക്രമേണപ്രകാശ പൂർണ്ണായി. വർഷങ്ങളായി നഷ്ടപ്പെട്ട ചൈതന്യം മുഖത്ത് തിരിച്ചു കിട്ടി. ഒരു വില്ലടിച്ചാൻ പാട്ടിന്റെ ഈണം കാതുകൾ ഏറ്റുവാങ്ങി. ഓർമ്മകൾ സമയത്തിന്റെ കാന്തവീചികളിലൂടെ പിന്നോക്കം കുതിച്ചു. ജീവിതം ആനന്ദപൂർണ്ണവും അർത്ഥഗർഭവുമായിരുന്ന ഒരു കാലത്തെത്തി ഉറച്ചുനിന്നു. കാവുകളിൽ ഉത്സവം കൊടിയേറി. താലപ്പൊലിയിൽ താലമെടുത്ത മാറുമറയ്ക്കാത്ത പെൺകുട്ടികളിലൊരുവളു ടെ കണ്ണുകൾ ക്ഷണിക്കുന്നതായിരുന്നു.

വൃദ്ധൻ തിരിച്ചു വന്നു; കാത്തിരിക്കുന്ന അമ്മയേയും മകളേയും നോക്കി ചോദിച്ചു.

എന്തേ ഉണ്ടായത്?

സ്ത്രീയുടെ മുഖഭാവം മാറി. ഒരു കാളരാത്രിയുടെ ഭയം മുഴുവൻ അവരുടെ മുഖത്ത് കണ്ടു.

അവർ തീവെട്ടിയും ആയുധങ്ങളുമായാണ് വന്നത്. അവർ വരുമ്പോൾ വീട്ടിൽ ആണുങ്ങളാരുമുണ്ടായി രുന്നില്ല…

അമ്മയും മകളും തളത്തിലൂടെ നടന്നു വരുന്നതു കണ്ടപ്പോൾ നാണുനായർ സംസാരം നിർത്തി. അവർ ഉമ്മറത്തേക്കു കടന്നുകൊണ്ടു പറഞ്ഞു.

ഇനി ഞങ്ങള് ഇറങ്ങട്ടെ.

അയ്യോ ചായ കുടിക്ക്യാത്യോ. കല്യാണിയമ്മ പറഞ്ഞു. ഞാൻ ചായ വെക്കാൻ പറഞ്ഞിട്ടുണ്ട്.

അയ്യോ അതിനൊന്നും നേരല്ല്യ. സാരല്ല്യ, ഇനി ഒരിക്കൽ വരാം. ഇപ്പൊ പോട്ടെ.

അവർ ഒതുക്കു കല്ലിറങ്ങി മുറ്റത്തെത്തിയിരിക്കുന്നു. അവർ ഒരു നിമിഷം തെക്കെപ്പറമ്പിലേക്കു നോക്കിനിന്നു, എന്തോ കാഴ്ച കാണുന്നപോലെ. പിന്നെ മകളേയും കൂട്ടി പടിയ്ക്കലേക്കു നടന്നു. പോക്കുവെയിൽ അവരുടെ ദേഹം സ്വർണ്ണമയമാക്കുന്നത് നാണു നായരും ഭാര്യയും മാധവിയമ്മയും നോക്കിനിന്നു.

വളരെ അത്ഭുതായിരിക്കുണു.

നാണുനായർ പറഞ്ഞു. അദ്ദേഹം തിരിച്ച് ചാരുകസേരയിൽ താണിറങ്ങി. അപ്പോഴാണ് പണിക്കാരി സ്ത്രീ ഓടിക്കൊണ്ടു വന്നത്.

അമ്മേ ഒന്നിവിടം വരെ വരൂ.

കല്യാണിയമ്മ അകത്തേക്കു പോയി. ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ അവരും ഓടിക്കൊണ്ടു വന്നു.

നോക്കൂ ഒന്നിങ്ങോട്ടു വരു. അമ്മാവൻ…

നാണുനായർ എഴുന്നേറ്റില്ല. ഒരു ഭാവഭേദവും കാണിച്ചതുമില്ല. ഒരു നിമിഷം ആലോചിച്ച ശേഷം അദ്ദേഹം പറഞ്ഞു.

വടക്കേല് മോഹനൻ ഡോക്ടറ് ആശുപത്രീന്ന് തിരിച്ചുവന്നിട്ടുണ്ടാവും. നീ മാളുനെ പറഞ്ഞയച്ചിട്ട് അദ്ദേഹ ത്തോട് ഒന്നിവിടം വരെ വരാൻ പറയൂ,

മാളു ഓടിപ്പോയി. അഞ്ചുമിനിറ്റിനകം ഡോക്ടർ വന്നു, അദ്ദേഹം നേരെ അമ്മാവൻ കിടക്കുന്ന മുറിയിലേക്കു ചെന്നു. പിന്നാലെ നാണുനായരും, അമ്മാവൻ കണ്ണടച്ചു കിടന്നിരുന്നു, അടച്ച കണ്ണുകൾക്കുമീതെ രണ്ടു തുളസി യിലകൾ!

ഡോക്ടർ പൾസ് നോക്കി മെലിഞ്ഞു വെറുങ്ങലിച്ച കൈ കിടക്കമേൽ വെച്ച് സ്റ്റെത്ത് മടക്കി കയ്യിൽവെച്ച് ഡോക്ടർ എഴുന്നേറ്റു,

ഒന്നു രണ്ടു മണിക്കൂർ മുമ്പെങ്കിലും മരിച്ചിട്ടുണ്ടാകണം.

നാണുനായർ ഒന്നും പറഞ്ഞില്ല, പതിനഞ്ചു മിനിറ്റ് മുമ്പ് താൻ അമ്മാവനുമായി സംസാരിച്ചുവെന്നു പറയാൻ ഓങ്ങി. പക്ഷേ അതിനിടയിൽ സ്ഥലകാലദുരൂഹതയുടെ ഇരുണ്ട നരിച്ചീർ ഗന്ധമുള്ള ഇടനാഴികകളിൽനിന്ന് എഴുന്നേറ്റു വന്ന ഒരു ചെറുപ്പക്കാരി അമ്മയേയും മകളേയും അയാൾക്ക് ഓർമ്മ വന്നു. അകാലത്തിൽ സ്‌നേഹം തട്ടിപ്പറിക്കപ്പെട്ടതിന്റെ ഓർമ്മയിൽ ഉരുകിക്കഴിഞ്ഞ ഒരു വൃദ്ധനേയും.