സാഹിത്യം ജീര്‍ണ്ണിക്കുമ്പോള്‍ രാഷ്ടം ജീര്‍ണ്ണിക്കുന്നു
സാഹിത്യം ജീര്‍ണ്ണിക്കുമ്പോള്‍ രാഷ്ടം ജീര്‍ണ്ണിക്കുന്നു | |
---|---|
ഗ്രന്ഥകാരന്‍ | എം കൃഷ്ണന്‍ നായര്‍ |
മൂലകൃതി | മോഹഭംഗങ്ങള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
പ്രസാധകർ | ഒലിവ് ബുക്‌സ് |
വർഷം |
2000 |
മാദ്ധ്യമം | Print (Paperback) |
പുറങ്ങൾ | 87 (first published edition) |
അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകാരനുമായ ജോണ്‍ ചീവറുടെ (John Cheever, 1912–1982) മനോഹരമായ ഒരു ചെറുകഥയുണ്ട്. ʻʻThe Enormous Radioˮ എന്ന പേരില്‍. അതിന്റെ കഥ ഞാന്‍ ചുരുക്കിപ്പറയാം. ജിമ്മും അയാളുടെ ഭാര്യ ഐറീനും സാധാരണമായ ജീവിതമാണ് നയിച്ചു പോന്നത്. അവര്‍ക്ക് ഒരു പഴയ റേഡിയോ ഉണ്ടായിരുന്നു. ജീവിതവൈരസ്യം മാറ്റാന്‍ അവര്‍ അതു പ്രവര്‍ത്തിപ്പിച്ചു പാട്ടുകളും മറ്റും കേള്‍ക്കും. പക്ഷേ അതു കൂടെക്കൂടെ നിന്നുപോകും. അപ്പോഴെല്ലാം ജിം അതിന്റെ ഒരു വശത്ത് ഇടിക്കും. ഇടിയേറ്റ റേഡിയോ ചിലപ്പോള്‍ പ്രവര്‍ത്തിക്കും. ഒടുവില്‍ ഇടികൊണ്ടും പ്രയോജനമില്ലാതെയായി. റേഡിയോ തികഞ്ഞ മൗനം പാലിച്ചപ്പോള്‍ ഭാര്യയെ സന്തോഷിപ്പിക്കാനായി ജിം ഒരു പുതിയ റേഡിയോ വാങ്ങിക്കൊണ്ടുവന്നു. ഐറീന് അതിന്റെ ക്യാബിനെറ്റ് കണ്ടു വെറുപ്പുണ്ടായി. എങ്കിലും കുഞ്ഞുങ്ങള്‍ ഉറങ്ങിയതിനുശേഷം അവള്‍ അത് പ്രവര്‍ത്തിപ്പിക്കും. മനോഹരമായ ഗാനം അതില്‍ നിന്ന് ഒഴുകിവരും. ഐറീന്റെ ഈ ആഹ്ളാദം താല്‍കാലികം മാത്രമായിരുന്നു. ആ എപ്പാര്‍ട്ടുമെന്റിലെ സകല ശബ്ദങ്ങളും റേഡിയോ അവളുടെ മുറിയിലേക്കു കൊണ്ടുവന്നു. മറ്റു വീടുകളിലെ ശണ്ഠകള്‍, ശൃംഗാരം കലര്‍ന്ന സംഭാഷണങ്ങള്‍, ഡോര്‍ബെല്ലിന്റെ ശബ്ദങ്ങള്‍ ഇവയെല്ലാം റേഡിയോ തന്റെ മുറിയില്‍ കൊണ്ടുവന്നപ്പോള്‍ ഐറീന് അസ്വസ്ഥയായി. അവളുടെ ഭര്‍ത്താവ് റേഡിയോ വിറ്റവരുടെ കടയില്‍ നിന്നു റിപ്പയറെ കൊണ്ടുവന്ന് അതു നന്നാക്കിച്ചു. അയാള്‍ പോയിക്കഴിഞ്ഞയുടനെ ആ ഉപകരണം പഴയതു പോലെയായി. മറ്റുവീടുകളിലെ എല്ലാ വഴക്കുകളും സ്വകാര്യസംഭാഷണങ്ങളും വിവാഹാഭ്യര്‍ത്ഥനകളും ജിമ്മും ഭാര്യയും കേട്ടു തങ്ങളുടെ റേഡിയോയില്‍ക്കൂടി. ഒരു ദിവസം ജിം ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ ഐറീന്‍ കണ്ണീരോടെ പരഞ്ഞു: ʻʻ16-ആം നമ്പര്‍ ഫ്ളാറ്റിലേക്കു വേഗം പോകൂ ജിം. ഓസ്ബോണ്‍ അയാളുടെ ഭാര്യയെ തല്ലൂകയാണ്. പോകൂ. കോട്ട് പിന്നീട് ഊരിയിടാം. നാലുമണിക്കു തുടങ്ങിയതാണ് അവരുടെ വഴക്ക്. ഇപ്പോള്‍ അയാള്‍ ഭാര്യയെ തല്ലുകയാണ്. പോയി അതു നിര്‍ത്തു.ˮ നിലവിളികളും അശ്ലീലഭാഷാ പ്രയോഗങ്ങളും ജിം റേഡിയോയില്‍ നിന്നു കേട്ടു. എങ്കിലും അയാള്‍ ഭാര്യയെ കുറ്റപ്പെടുത്തി. അത് ജനലിലൂടെയുള്ള ഒളിഞ്ഞു നോട്ടമാണെന്നു പറഞ്ഞു റേഡിയോ സ്വിച്ച് ഓഫ് ചെയ്യാന്‍ അയാള്‍ ഭാര്യയോട് കല്പിച്ചു. അടുത്തദിവസം കാലത്തു റിപ്പയറര്‍ എത്തി റേഡിയോയുടെ കേടുമാറ്റി. പിന്നീട് മറ്റു ശബ്ദങ്ങള്‍ അതില്‍നിന്ന് ഉയര്‍ന്നില്ല. ടോക്കിയോയിലെ തീവണ്ടിയപകടത്തില്‍ ഇരുപത്തിയൊന്‍പതു പേര്‍ മരിച്ചു. ബഫലോയിലെ ഒരാശുപത്രിയില്‍ അഗ്നിബാധ. കന്യാസ്ത്രീകള്‍ അതു കെടുത്തി. ചൂട് 47. ഈര്‍പ്പം 89. ഇമ്മാതിരി വാര്‍ത്തകളേ പിന്നീടു കേട്ടുള്ളൂ.
ബോധമണ്ഡലം കൊണ്ട് ഐറീന്‍ മറ്റു ഭവനങ്ങളിലെ ശണ്ഠകളും തെറിവാക്കുകളും വെറുത്തിരുന്നുവെങ്കിലും അബോധമണ്ഡലത്തിന്റെ പ്രവര്‍ത്തനത്താല്‍ അവള്‍ അവയെ ഇഷ്ടപ്പെട്ടിരുന്നു എന്നതു സ്പഷ്ടമാണ്. അല്ലെങ്കില്‍ നാലുമണി തൊട്ടു ഭര്‍ത്താവു വീട്ടിലെത്തിയ ആറുമണിവരെ അവള്‍ അവ കേള്‍ക്കേണ്ടതില്ലല്ലോ. അബോധാത്മകമായ അഭിലാഷമില്ലെങ്കില്‍ വഴക്കു തുടങ്ങിയ ഉടന്‍ തന്നെ അവള്‍ക്കു റേഡിയോ സ്വിച്ച് ഓഫ് ചെയ്യാമായിരുന്നല്ലോ. നമ്മളെല്ലാവരും ഒരു തരത്തില്‍ സാഡിസ്റ്റുകളാണ്. ഒരു വീടു തീ പിടിച്ചെന്നു കേട്ടാല്‍ തീ കെടുത്താനായി ആളുകള്‍ ഓടും. പക്ഷേ വീടു ഭസ്മീഭവിച്ചില്ലെന്നു കണ്ടാല്‍ ഓടിച്ചെന്നവര്‍ക്ക് നൈരാശ്യമായിരിക്കും. ജിം റേഡിയോ നന്നാക്കിച്ചപ്പോള്‍ തൊട്ട് ഐറീന്‍ ദുഃഖിച്ചിരിക്കുമെന്നാണ് എന്റെ അനുമാനം. ഞാനിത്രയും പറഞ്ഞത് പൈങ്കിളി സാഹിത്യത്തിലേക്കു വരാനാണ്. ഇത്തരം സാഹിത്യം വായിക്കാന്‍ ജനങ്ങള്‍ക്കു താല്‍പര്യം. പക്ഷേ മുട്ടത്തു വര്‍ക്കിയുടെയും കാനം ഇ.ജെ.യുടെയും കൃതികള്‍ കണ്ടാല്‍ അവയെടുത്തു താലോലിക്കും. പണം കൊടുത്തു വാങ്ങും. വീട്ടില്‍കൊണ്ടുപോയി വായിക്കും. നെഞ്ചോടു ചേര്‍ക്കും അതിനെ. എന്തുകൊണ്ട് ശെമ്മാംകുടിയുടെയോ ബാലമുരളീകൃഷ്ണയുടെയോ ഗാനം കേള്‍ക്കാതെ ബഹുജനം ʻʻതങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി നിന്റെ തങ്കക്കുടമിന്നുടയ്ക്കും ഞാന്‍ˮ എന്ന സിനിമാപ്പാട്ടു കേള്‍ക്കാന്‍ ഓടുന്നു? ഹിമാലയ പര്‍വ്വതത്തില്‍ ആരോഹണം നടത്താതെ അതിന്റെ താഴ്വരയില്‍ ചെന്നിരിക്കുന്നു? മനുഷ്യന്റെ സ്വഭാവമതാണ്. അധമവാസനകളുള്ള അബോധമനസ്സിന്റെ ചലനങ്ങള്‍ക്കൊത്തു ചലനം കൊള്ളാനാന് മനുഷ്യനു കൗതുകം. പൈങ്കിളി സാഹിത്യത്തിന്റെ ഉദ്ഭവത്തിനും അതിന്റെ സര്‍വ്വവ്യാപകമായ പ്രചാരണത്തിനും ഹേതു മറ്റൊന്നല്ല. എന്തുകൊണ്ടാണ് ഈ സാഹിത്യം നിന്ദ്യമായി കരുതപ്പെടുന്നത്? ഇവിടെ മഹനീയമായ സാഹിത്യത്തെക്കുറിച്ചു പറയേണ്ടിയിരിക്കുന്നു. സാഹിത്യനിര്‍മ്മിതി സൗധനിര്‍മ്മിതി പോലെയാണ്. ʻʻസൗധം കെട്ടി ഉയര്‍ത്തുമ്പോള്‍ അതനുഷ്ഠിക്കുന്നവര്‍ ശൂന്യസ്ഥലത്തെ ആക്രമിച്ചു കീഴടക്കുകയാണ്. ഗോതിക്ക് ബെല്‍ ടവറിന്റെ അസ്ത്രം അന്തരീക്ഷത്തെ പിളര്‍ന്ന് അതിന്റെ ശൂന്യതയെ ശാസിക്കുന്നു.ˮ എന്നു വിശ്രൂതനായ ഒരു മഹാകവി പറഞ്ഞു. ചൈതന്യധന്യങ്ങളായ പദങ്ങള്‍ കൊണ്ട് സത്യത്തിന്റെ മണ്ഡലത്തെ ആവിഷ്കരിച്ച് സത്യാത്മക മണ്ഡലം സൃഷ്ടിക്കുകയാണ് യഥാര്‍ത്ഥ കലാകാരന്റെ ജോലി. ആ മണ്ഡലത്തിന്റെ ദര്‍ശനം നമ്മുടെ തണുത്ത ഞരമ്പുകളെ ചൂടുപിടിപ്പിക്കുന്നു. മാനസിക ലോകത്തിനു വിസ്തൃതി നല്കുന്നു. അതിനെ ഉന്നമിപ്പിക്കുന്നു. അങ്ങനെ നമ്മുടെ ജീവിതാവബോധത്തെ അത്തരം സൃഷ്ടികള്‍ തീക്ഷണതമാക്കുന്നു. വിക്തോര്‍ യൂഗോയുടെ ലേ മിസറേബ്ള്‍ എന്ന നോവല്‍ വായിച്ചു തീര്‍ക്കുന്നവന്‍ പാരായണത്തിനു മുമ്പുള്ള ആളല്ല. വേറെയൊരു വ്യക്തിയാണ്. പൈങ്കിളി സാഹിത്യകാരന്മാര്‍ അവാസ്തവികമായ ഒരു കഥാസന്ദര്‍ഭമെടുത്ത് പ്രയോഗിച്ചു പ്രയോഗിച്ചു രസം ചോര്‍ന്നുപോയ വാക്കുകള്‍ കൊണ്ട് അതിനെ ചിത്രീകരിക്കുന്നു. അടിസ്ഥാനം അവാസ്തവികം. നിര്‍മ്മിതി അവാസ്തവികം. അവാസ്തവികതകള്‍ നമ്മളെ ജീര്‍ണ്ണതയിലേക്കേ എറിയൂ. ഒരു തരം വിശുദ്ധീകരണ പ്രക്രിയയാണ് ഉത്തമസാഹിത്യം നിര്‍വ്വഹിക്കുക. പൈങ്കിളി സാഹിത്യം അവിശുദ്ധീകരണമാണ് നടത്തുന്നത്.
വിശ്രുതനായ മനഃശാസ്ത്രജ്ഞന്‍ റൊലൊ മേ എവിടെയോ പറഞ്ഞത് എനിക്കിപ്പോള്‍ ഓര്‍മ്മയിലെത്തുന്നു. പ്രായം കൂടിയ ഒരു സ്ത്രീ ചെറുപ്പക്കാരനായ അദ്ദേഹത്തെ അവളുടെ മുറിയിലേക്കു ക്ഷണിച്ചു. വാതില്‍ക്കല്‍ എത്തിയ ഉടനെത്തന്നെ അവള്‍ അദ്ദേഹത്തെ ആലിംഗനം ചെയ്തു. എന്നിട്ട് അകന്ന് നിന്നു. പിന്നീടും ആലിംഗനം. അതിനുശേഷം അകന്നുപോകല്‍. ഈ പ്രക്രിയ നിരന്തരം നടന്നപ്പോള്‍ അവരുടെ ഇടയില്‍ ഒരു ശക്തിമണ്ഡലം ഉണ്ടായി. കാമോത്സുകതയുടെ ശക്തിമണ്ഡലമായിരുന്നു അത്. മേ അതില്‍ നിന്നും രക്ഷപ്പെട്ടിരിക്കാന്‍ ഇടയില്ല. ʻപാടാത്ത പൈങ്കിളിʼയും ʻമയിലാടുംകുന്നുംʼ പ്രായംകൂടിയ വേശ്യകളാണ്. അവര്‍ നമ്മുടെ ചെറുപ്പക്കാരെ ആലിംഗനം ചെയ്തും താല്‍ക്കാലികമായി വിട്ടുമാറിയും പിന്നീട് ദൃഡമായി പുണര്‍ന്നും ശക്തിയുടെ മണ്ഡലം സൃഷ്ടിക്കുന്നു. മനഃശാസ്ത്രജ്ഞന്മാര്‍ പോലും അതില്‍ വീണു പോകുന്നു. പാവപ്പെട്ട ചെറുപ്പക്കാരുടെ കഥയെന്തു പറയാനിരിക്കുന്നു?
നാടകീയവും ഊര്‍ജ്ജഭരിതവുമായ പദങ്ങള്‍ പ്രയോഗിച്ചാണ് ഉത്തമസാഹിത്യകാരന്മാര്‍ കലാഗോപുരങ്ങള്‍ പണിയുന്നത്. ക്ലീഷേ പ്രയോഗിച്ചാണ് പൈങ്കിളിയെഴുത്തുകാര്‍ ശില്പമുയര്‍ത്താന്‍ ശ്രമിക്കുന്നത്. അതിനാല്‍ യഥാര്‍ഥ കലാകാരന്മാരുടെ സൃഷ്ടികള്‍ സുനിശ്ചിതത്വവും രൂപദാര്‍ഢ്യവും ആവഹിക്കുന്നു. പൈങ്കിളി എഴുത്തുകാരുടെ രചനകള്‍ക്കു സുനിശ്ചിതത്വമില്ലാത്തതും ദാര്‍ഢ്യമില്ലാത്തതും പൊള്ളയായ വാക്കുകളുടെ പ്രയോഗം കൊണ്ടാണ്.
റേഡിയോ സ്വിച്ചോഫ് ചെയ്യാതെ അശ്ലീല ഭാഷണങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നത് നമ്മുടെ ഇച്ഛയ്ക്ക് അനുസരിച്ച വിധത്തിലാന്. വിവേകമുള്ളവര്‍ അതിന്റെ നേര്‍ക്കുള്ള ഉപാലംഭങ്ങള്‍ ചൊരിഞ്ഞാല്‍ ഫലമുണ്ടാകാതിരിക്കില്ല. ഇവിടെയാണ് നിരൂപരുടെ ധീരശബ്ദത്തിനു പ്രസക്തിയുണ്ടാകുന്നത്. പണത്തിന് ആഗ്രഹമുള്ളവര്‍ പൈങ്കിളി സാഹിത്യകാരന്റെ പേരിലുള്ള ഭീമമായ സംഖ്യകള്‍ വാങ്ങട്ടെ. അതു മേടിക്കാനായി അവര്‍ അത്തരം സാഹിത്യത്തെ ജനപ്രീതിജനകമായ സാഹിത്യമെന്നു വാഴ്ത്തട്ടെ. നിരൂപകര്‍ നീതിയുടെ പനഥാവില്‍നിന്നു മാറാതെ ഇന്നതു ഉത്കൃഷ്ടം ഇന്നതു അപകൃഷ്ടം എന്ന് ഉച്ചത്തില്‍ ഉദ്ഘോഷിക്കണം. ഏതു രാജ്യത്തിന്റെയും മഹനീയതയിരിക്കുന്നത് അവിടത്തെ സാഹിത്യാദികലകളുടെ ഉത്കൃഷ്ടത്തിലാണ്.
അതിനെ പരിഗണിക്കാതെ അബോധമനസ്സിന്റെ പ്രേരണകള്‍ക്കു വശംവദരായി നമ്മള്‍ അരുതാത്ത വാക്കുകള്‍ കേള്‍ക്കരുത്. കേട്ടാല്‍ രാജ്യം ജീര്‍ണ്ണിക്കും.