close
Sayahna Sayahna
Search

സാഹിത്യവാരഫലം 1991 09 22


സാഹിത്യവാരഫലം
Mkn-06.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1991 09 22
ലക്കം 836
മുൻലക്കം 1991 09 15
പിൻലക്കം 1991 09 29
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ആളുകള്‍ ബുദ്ധിശൂന്യരായി പ്രവര്‍ത്തിച്ചാലും അവരെ രക്ഷിക്കേണ്ട ചുമതലയുണ്ട് സര്‍ക്കാരിനെന്ന് അധികാരികള്‍ക്കറിയാം. എന്നാല്‍ ഹൃദ്രോഗത്തോടുകൂടി നമ്മുടെ ആശുപത്രികളില്‍ എത്തുന്നവര്‍ക്കു ചികിത്സ കിട്ടുന്നില്ല.

പാര്‍ശ്വപ്രകാശങ്ങള്‍

രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ചോദ്യങ്ങള്‍ ചോദിച്ച് അദ്ദേഹത്തെ കറക്കിക്കളഞ്ഞ പത്രപ്രവര്‍ത്തകനാണ് ആ പാകിസ്ഥാന്‍കാരനെന്നു സുഹൃത്തുക്കള്‍ എനിക്കു മുന്നറിയിപ്പു തന്നിരുന്നു. പക്ഷേ അതു കേട്ടിട്ട് എനിക്കൊരു പേടിയുമുണ്ടായില്ല. സാഹിത്യത്തില്‍ മാത്രം താല്‍പര്യമുള്ളവനാണു ഞാന്‍. എന്നോടു ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എനിക്കറിയാവുന്ന മട്ടില്‍ ഉത്തരങ്ങള്‍ നല്കും. അത്രേയുള്ളു. ഭയപ്പെടാന്‍ എന്തിരിക്കുന്നു? സ്വത്വത്തിന്റെ ആഘാതം എന്നില്‍ ഏല്പിച്ചുകൊണ്ട് ആ സ്ഥൂലഗാത്രന്‍ സാഹിത്യത്തെക്കുറിച്ചു പലതും ചോദിച്ചു. ഞാന്‍ മറുപടി പറയുകയും ചെയ്തു. അങ്ങനെയിരിക്കെ അദ്ദേഹം എന്റെ നേര്‍ക്ക് ബ്രഹ്മാസ്ത്രമയച്ചു: “രാജീവ് ഗാന്ധിയെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം?” ഞാന്‍ മറുപടി നല്കി: “അദ്ദേഹം നല്ല ഭരണകര്‍ത്താവായിരുന്നില്ല. പക്ഷേ നൂറിനു നൂറും മാന്യനായിരുന്നു.” “മാന്യനോ?” എന്നു പത്രപ്രതിനിധി. “അതേ” എന്നു എന്റെ ഉത്തരം. “നിങ്ങള്‍ക്ക് എങ്ങനെ അറിയാം മാന്യനാണെന്ന്?” എന്നു വീണ്ടും ചോദ്യം. ഉത്തരം നല്കേണ്ടതുണ്ടോ എന്ന് ഒരു നിമിഷം ഞാന്‍ ആലോചിച്ചു. പ്രതിഷേധിക്കേണ്ടിടത്തു പ്രതിഷേധിക്കാത്തവന്‍ മനുഷ്യനല്ലെന്ന് വെടിയേറ്റു മരിച്ച അമേരിക്കന്‍ പ്രസിഡന്റ് കെന്നഡി പറഞ്ഞത് എന്റെ മനസ്സില്‍ മിന്നല്‍ പിണര്‍പോലെ പാഞ്ഞു. ഞാന്‍ ഉടനെ പറഞ്ഞു: “സിയാ ഉള്‍ ഹക്ക് അമാന്യനാണെന്ന് നിങ്ങള്‍ എങ്ങനെ മനസ്സിലാക്കിയോ അതുപോലെ രാജീവ് ഗാന്ധി മാന്യനാണെന്ന് ഞാന്‍ മനസ്സിലാക്കി.” പിന്നീട് അദ്ദേഹം ഒന്നും മിണ്ടിയില്ല.

* * *

അവിടെ പെട്രോള്‍ വേണ്ടുവോളം കരുതാതെ ദൂരെ കാറോടിച്ചു പോകുന്നത് ആപത്താണ്. പെട്രോള്‍ തീര്‍ന്നാല്‍ അതു കിട്ടാന്‍ മാര്‍ഗ്ഗമൊന്നുമില്ല. കുറെനേരം കാറിനകത്തിരിക്കും. പിന്നെ ഇറങ്ങി നടക്കും. ചുട്ടുപഴുത്ത മണലില്‍ നടന്നു നടന്നു വഴിയില്‍ വീണു മരിക്കും. പിന്നീട് ആ മനുഷ്യന്റെ അസ്ഥിപഞ്ജരവും കാറിന്റെ അസ്ഥിപഞ്ജരവും കാണുമ്പോള്‍ മാത്രമേ അയാളുടെ ദുരന്തത്തെക്കുറിച്ച് അറിവുണ്ടാവൂ. കാര്യക്ഷമതയുടെ പരകോടിയിലെത്തിയ ഗവണ്‍മെന്റാണ് അവിടെയുള്ളത്. മനുഷ്യന് അങ്ങനെ ആപത്തുണ്ടായിട്ടുണ്ടോ എന്നറിയാന്‍ വേണ്ടി ഹെലികോപ്റ്റര്‍ കൂടക്കൂടെ മുകളില്‍ ചുറ്റിക്കറങ്ങും. പെട്രോള്‍ തീര്‍ന്ന കാറിന്റെ ഉടമസ്ഥന്‍ തെല്ലെങ്കിലും ബുദ്ധിയുള്ളവനാണെങ്കില്‍ റ്റയര്‍ കത്തിച്ച് ഉയര്‍ത്തിപ്പിടിക്കും. അങ്ങനെ ഹെലികോപ്റ്ററിലൂടെ പലരും രക്ഷിക്കപ്പെട്ടിട്ടുണ്ട്. ആളുകള്‍ ബുദ്ധിശൂന്യരായി പ്രവര്‍ത്തിച്ചാലും അവരെ രക്ഷിക്കേണ്ട ചുമതലയുണ്ട് സര്‍ക്കാരിനെന്ന് അധികാരികള്‍ക്കറിയാം. എന്നാല്‍ ഹൃദ്രോഗത്തോടുകൂടി നമ്മുടെ ആശുപത്രികളില്‍ എത്തുന്നവര്‍ക്കു ചികിത്സ കിട്ടുന്നില്ല. എന്റെ സഹധര്‍മ്മിണിയുടെ അനുജന്‍ — മാര്‍ക്സിസ്റ്റ് പഞ്ചായത്തു പ്രസിഡന്‍റായിരുന്ന എം. സോമശേഖരന്‍ നായര്‍ — സഹിക്കാനാവാത്ത നെഞ്ചുവേദനയുമായി ഡോക്ടറുടെ അടുത്ത് ഓടിച്ചെന്നപ്പോള്‍ “റ്റിക്കറ്റ് എടുത്തുകൊണ്ടു വരൂ” എന്ന് അദ്ദേഹം ആജ്ഞാപിച്ചു. റ്റിക്കറ്റ് എഴുതിച്ചുകൊണ്ടു വന്നപ്പോള്‍ “ക്യൂവില്‍ പോയി നില്കൂ” എന്നു കല്പിച്ചു. “നെഞ്ചുവേദന സഹിക്കുന്നില്ല” എന്നു അയാള്‍ പറഞ്ഞപ്പോള്‍ “ഇവിടെയുള്ളവരെല്ലാം നെഞ്ചു വേദനക്കാര്‍ തന്നെ. ക്യൂവില്‍ പോയി നില്കൂ” എന്നു വീണ്ടും ഭിഷഗ്വരകല്പന. അയാള്‍ വരിയുടെ ഏറ്റവും പിറകില്‍ച്ചെന്നു നിന്നു. ഉടനെ മറിഞ്ഞു വീണു മരിച്ചു. മണല്‍ക്കാട്ടിലെ സര്‍ക്കാരും സസ്യശ്യാമളകോമളമായ നമ്മുടെ നാട്ടിലെ സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം ഇതാണ്. [ആരും വഴക്കിനു വരരുതെന്ന് അപേക്ഷിക്കുന്നു. സോമശേഖരന്‍ നായര്‍ മരിച്ചിട്ടു കാലമേറെയായിരിക്കുന്നു. മൃതദേഹത്തിന്റെ ഹൃദയത്തില്‍ ഒരിന്‍ജെക്ഷന്‍ സ്വീകരിച്ചുകൊണ്ട് ആ യുവാവ് ഇഹലോകം വിട്ടുപോയതു വര്‍ഷങ്ങള്‍ക്കുമുന്‍പാണ്.‍]

* * *

കാമുകിയെ സ്നേഹിക്കുന്നവന്‍ ദുഃഖിച്ചു മരിക്കും. ഭാര്യയെ സ്നേഹിക്കുന്നവന്‍ ദുഃഖമില്ലാതെ മരിക്കും.

സര്‍വകലാശാല. എന്തൊരു മനോഹാരിത! എന്തൊരു ഔജ്ജ്വല്യം! ളോഹ ധരിച്ച് ഹെഡ് ഡ്രസ്സുമായി ഇരിക്കുന്നവര്‍ക്ക് ഇംഗ്ളീഷറിയാമോ? അവരുടെ ഭാഷ എനിക്കറിഞ്ഞുകൂടല്ലോ. അവര്‍ മുഖത്തു നോക്കാത്തതുകൊണ്ട് അതിനു തുനിഞ്ഞ ഒരു യുവതിയോട് — അവിടത്തെ വേഷം ധരിച്ച യുവതിയോട് — ഞാന്‍ വിനയത്തോടെ, ഇംഗ്ളീഷില്‍, സര്‍വകലാശാലയുടെ സ്വഭാവത്തെക്കുറിച്ചു ചോദിച്ചു. ഉത്തരം മലയാളത്തിലായിരുന്നു. “സാറിനെ എനിക്കറിയാം. ആഴ്ച തോറും ഞാന്‍ കലാകൌമുദിയിലൂടെ കാണുന്നുണ്ട്. എന്റെ പേരു ഗിരിജ. കൊടുങ്ങല്ലൂരാണ് എന്റെ നാട്.” മഹാമനസ്കതയോടെ ശ്രീമതി എന്നെ ചില പ്രഫെസര്‍മാരുടെ അടുത്തു കൊണ്ടുപോയി. ഇംഗ്ളീഷ് പ്രഫെസര്‍ ലണ്ടനിലുള്ളയാള്‍ ശംബളം എത്രയെന്നു ചോദിക്കുന്നതു മര്യാദയല്ലെങ്കിലും ഗ്രാന്റ്സ് കമ്മിഷന്റെ ശംബള സ്കെയിലിനു വേണ്ടി പടവെട്ടുന്ന നമ്മുടെ പാവപ്പെട്ട അധ്യാപകരുടെ സ്ഥിതിയറിയാന്‍വേണ്ടി ഞാനത് അദ്ദേഹത്തോട് ആരാഞ്ഞു. മറുപടി: “ഇന്‍ഡ്യന്‍ കറന്‍സിയിലാണെങ്കില്‍ ഒരു ലക്ഷം രൂപ.” ആത്മാഭിമാനത്തിന് അടിയേറ്റു. നിശ്ശബ്ദതയുടെ തരംഗങ്ങള്‍ എന്റെ ചുറ്റും ഉണ്ടായി. അങ്ങകലെ വെട്ടിത്തിളങ്ങുന്ന സൂര്യന്റെ ഉഷ്ണ രശ്മികളേറ്റ് ഞാന്‍ പ്രതിമപോലെ നിന്നുപോയി.

സാദൃശ്യം യാദൃച്ഛികം

പടിഞ്ഞാറന്‍ സാഹിത്യത്തിലെ ചില കൃതികള്‍ക്കും മലയാള സാഹിത്യത്തിലെ ചില കൃതികള്‍ക്കും തമ്മില്‍ സാദൃശ്യം കാണുന്ന വേളയില്‍ ഞാനിപ്പോള്‍ മൌനം അവലംബിക്കുകയാണ്. കാരണം പലതാണ്.

  1. അടിസ്ഥാനപരങ്ങളായി രണ്ടു വികാരങ്ങളേയുള്ളു. കാമവും വിശപ്പും. ഈ വികാരങ്ങളെ അവലംബിച്ചാണ് സാഹിത്യ സൃഷ്ടികള്‍ ഉണ്ടാവുക. അപ്പോള്‍ കഥയ്ക്കു പൊതുവേയും കഥാസന്ദര്‍ഭങ്ങള്‍ക്കു സവിശേഷമായും സാദൃശ്യങ്ങള്‍ വരും. ശ്രീ.കെ. ബാലകൃഷ്ണന്‍ ഒരിക്കല്‍ എന്നോടു പറഞ്ഞു: പത്തു മുക്കുവന്മാരുടെ കഥ പത്തു കഥാകാരന്മാര്‍ എഴുതിയാല്‍ പത്തും ഒന്നുപോലിരിക്കും.
  2. മുന്‍പ് എന്റെ വീട്ടില്‍ പതിവായി ഒരു ബന്ധു വരുമായിരുന്നു. തിരിച്ചുപോകുമ്പോള്‍ അയാള്‍ എന്തെങ്കിലും മോഷ്ടിച്ചുകൊണ്ടു പോകും. ഒരിക്കല്‍ ഒരു പുതിയ പാര്‍ക്കര്‍ പേന അയാള്‍ മേശയ്ക്കകത്തുനിന്ന് എടുത്തു ജൂബയുടെ പോക്കറ്റിലിടുന്നതു ഞാന്‍ കണ്ടു. തലതിരിച്ച് അതു കണ്ടില്ലെന്നു നടിച്ചതേയുള്ളു ഞാന്‍. ‘ഇതാ പേന മോഷ്ടിച്ചേ’ എന്നു പറയാന്‍ എനിക്കു കഴിയുമായിരുന്നില്ല. ഈ മാനസിക നിലയ്ക്ക് ഇപ്പോള്‍ കൂടുതല്‍ ശക്തി വന്നതുകൊണ്ട് പ്രത്യക്ഷത്തില്‍ ചൂഷണമെന്നു കാണുന്ന പല രചനകളെക്കുറിച്ചും ഞാന്‍ മിണ്ടാറില്ല.

വസ്തുത ഇതാണെങ്കിലും രണ്ടു ത്രികോണങ്ങള്‍ അനുരൂപതയുള്ളതാണെന്നു ക്ഷേത്ര ഗണിതത്തില്‍ സ്ഥാപിക്കുന്നതുപോലെ ഒന്നു മറ്റൊന്നിന്റെ ചൂഷണമാണെന്നു സ്ഥാപിക്കാം. ഒരു ത്രികോണത്തിന്റെ A B എന്ന രേഖ രണ്ടാമത്തെ ത്രികോണത്തിന്റെ D E രേഖയ്ക്കു തുല്യം. B C രേഖ E F നു തുല്യം. A C രേഖ D F നു തുല്യം. B A C എന്ന കോണും E D F എന്ന കോണും ഒന്നു തന്നെ. A B C എന്ന കോണും D E F എന്ന കോണും ഒന്ന്. B C A എന്ന കോണും E F D എന്ന കോണും ഒന്ന്. അതിനാല്‍ A B C എന്ന ത്രികോണം D E F എന്ന ത്രികോണത്തിനു സദൃശം. സാഹിത്യമോഷണം ഈ രീതിയില്‍ അനുരൂപത ആവഹിക്കുമ്പോള്‍ അതിനെക്കുറിച്ചെഴുതാനുള്ള പ്രലോഭനം എനിക്കുണ്ടാകാറുണ്ട്. എങ്കിലും ഞാന്‍ സ്വയം നിയന്ത്രിക്കുന്നു.

സി. അച്യുതമേനോന്‍: മനുഷ്യജന്‍മം കിട്ടിയാല്‍ ജീവിക്കേണ്ടത് എങ്ങനെയെന്നു നമ്മളെ പഠിപ്പിച്ചമഹാന്‍.

ഇത്രയും പറഞ്ഞത് ഇനി ഞാന്‍ എഴുതാന്‍ പോകുന്ന രണ്ടു കഥകളും സ്വതന്ത്രങ്ങളായ ഭാവനകളുടെ സൃഷ്ടികളാണെന്നു വ്യക്തമാക്കാനാണ്. ഒന്ന്, ഓസ്റ്റ്രിയന്‍ സാഹിത്യകാരന്‍ ആര്‍റ്റൂര്‍ ഷ്നിറ്റ്സ്ളറുടെ (Arthur Schnitzler, 1862–1931) “The Dead Are Silent” എന്ന ചെറുകഥ. രണ്ട്, ശ്രീ.കെ.എല്‍ മോഹനവര്‍മ്മ മാതൃഭൂമി വാര്‍ഷികപ്പതിപ്പിൽ എഴുതിയ “ഒളിച്ചോട്ടം” എന്ന ചെറുകഥ. കാമുകനും വിവാഹിതയായ കാമുകിയും കൂടി കുതിരവണ്ടിയില്‍ കയറി ദൂരെ ഒരുസ്ഥലത്തു സല്ലാപത്തിനു പോകുന്നതാണ് ഷ്നിറ്റ്സ്ളറുടെ കഥയിലെ പ്രഥമ ദ്യശ്യം. അവള്‍ പേടിച്ചവളാണ്. ഭര്‍ത്താവു രഹസ്യ പ്രവൃത്തി അറിയുമോ എന്ന പേടി. കാമുകന്‍ അവളെ സ്നേഹാതിരേകത്തോടെ ചുംബിച്ചു. തിരിച്ചു പോകണമെന്ന് അവള്‍ ശാഠ്യം പിടിച്ചെങ്കിലും അവളുടെ അബോധാത്മകവും അയാളുടെ ബോധാത്മകവുമായ അഭിലാഷം കൊണ്ടു കുതിരവണ്ടി മുന്‍പോട്ടു തന്നെ പൊയ്ക്കൊണ്ടിരുന്നു. വേഗത്തിലുള്ള പോക്ക്. പെട്ടെന്ന് ഒരു നാഴികക്കല്ലിലോ മറ്റോ ഇടിച്ച് വണ്ടി തകിടം മറിഞ്ഞു. അവള്‍ക്കൊന്നും പറ്റിയില്ല. പക്ഷേ കാമുകന്‍ മരണത്തെ ആശ്ളേഷിച്ചു കഴിഞ്ഞു. അയാളുടെ മുഖത്തിന്റെ വലതു ഭാഗത്തു നിന്നു രക്തമൊഴുകുന്നുണ്ട്. ആളുകള്‍ വന്നുകൂടും. താന്‍ ആരാണെന്ന് അന്യരറിയും, ഭര്‍ത്താവറിയും. ജീവിതം അതോടെ ഇല്ലാതാകും. ആംബ്യുലന്‍സ് വിളിക്കാന്‍ വണ്ടിക്കാരനെ പറഞ്ഞയച്ചിട്ട് അവള്‍ പട്ടണത്തിലേക്കു തിരിച്ചോടി. ഭര്‍ത്താവും കുഞ്ഞുമുള്ള അവള്‍ ഓടിയതു നന്നായി. ഇല്ലെങ്കില്‍ ആളുകള്‍ അറിയില്ലേ? വീട്ടില്‍ച്ചെന്നു ചേരണമെന്ന അഭിലാഷം മാത്രമേ അവള്‍ക്കുണ്ടായിരുന്നുള്ളൂ. വീട്ടിലെത്തി പരിചാരിക അറിയാതെ സ്വന്തം മുറിയില്‍ പ്രവേശിച്ചു. അല്പം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് എത്തി. അയാളും കുഞ്ഞുമായി അവള്‍ ഭക്ഷണത്തിനു മേശയ്ക്കടുത്ത് ഇരുന്നപ്പോള്‍ ചകിതയായി “the dead are silent” എന്ന് അയാള്‍ കേള്‍ക്കെ പറഞ്ഞു പോയി. “നീ എന്താണ് അങ്ങനെ പറയുന്നത്?” എന്ന് അയാള്‍ ചോദിച്ചപ്പോള്‍ “അതേ, അതേ” എന്നായിരുന്നു അവളുടെ മറുപടി. അവര്‍ രണ്ടു പേരും വളരെ നേരം തമ്മില്‍ത്തമ്മില്‍ നോക്കിക്കൊണ്ടിരുന്നു. വളരെക്കാലമായി ഭര്‍ത്താവിനെ വ‍ഞ്ചിക്കുന്ന അവള്‍ക്കു സത്യം മുഴുവനും അയാളെ അറിയിക്കണമെന്നു തോന്നുകയായി കഥയുടെ പര്യവസാനം പ്രതിഭാശാലിയായ ഷ്നിറ്റ്സ്ളറുടെ വാക്കുകളില്‍ത്തന്നെയാവട്ടെ. ഇംഗ്ളീഷ് തര്‍ജ്ജമ: ::“And, as she slowly went out through the door with her son and felt her husband’s eyes upon her, a feeling of quiet stole over her, as if everything was going to be put to rights again.” മോഹനവര്‍മ്മയൂടെ കഥയുടെ ചുരുക്കം നല്കാം. വിവാഹിതയായ അവള്‍ കാമുകനുമൊത്ത് കാറില്‍ കയറി ദൂരെ, വനപ്രദേശത്ത് പോകുകയാണ്. കാമുകന്‍ വിജയന്‍ അവളെ ചുംബിച്ചു. അപ്പോള്‍ കാമുകന്റെ ആദ്യചുംബനത്തിന്റെ “കോരിത്തരിപ്പ് അനുഭവപ്പെട്ടു.” വിജയന്‍ ഒരു കുഴിയില്‍ നിന്നു വെള്ളം കോരിയെടുക്കാന്‍ പോയി. പക്ഷേ തിരിച്ചു വന്നില്ല. പാറയുടെ മുകളില്‍ നിന്നു കാല്‍ തെറ്റി വീണിരിക്കണം. കാറിന്റെ താക്കോല്‍ അയാളുടെ മൃതദേഹത്തിലാണ്. അവള്‍ നടന്നു. “അദ്ദേഹമറിയും, നാട്ടുകാരറിയും, മക്കളറിയും.” ഓടിയോടി അവള്‍ ബസ്സില്‍ കയറി, വീട്ടിലെത്തി, വേലക്കാരി മുഖത്തു സൂക്ഷിച്ചു നോക്കിയപ്പോള്‍ അവള്‍ കുളിമുറിയില്‍ കയറി മുഖം കഴുകി. റ്റെലിഫോണ്‍ ശബ്ദിക്കുന്നു. പൊലിസാവാമെന്നു പേടിച്ച് അവള്‍ റിസീവറെടുത്തപ്പോള്‍ ബോംബെയില്‍ പോയിരുന്ന ഭര്‍ത്താവിന്റെ ശബ്ദം മോഹന വര്‍മ്മയുടെ കഥ പര്യവസാനത്തില്‍ എത്തുന്നു: “എന്തൊക്കെ പറയണമെന്നുണ്ടായിരുന്നു. പക്ഷേ അവളുടെ നാവില്‍നിന്ന് വാക്കുകള്‍ ഉതിര്‍ന്നു വീണില്ല.” ഓസ്റ്റ്രിയയിലെ ഒരു പ്രതിഭാശാലിയും കേരളത്തിലെ ഒരു പ്രതിഭാശാലിയും ഒരേ രീതിയില്‍ ചിന്തിച്ചുവെന്നു നമ്മള്‍ കരുതിയാല്‍ മതി. അതില്‍ക്കൂടുതലായി എനിക്കൊന്നും പറയാനില്ല.

ചോദ്യം, ഉത്തരം

Symbol question.svg.png “തയ്യല്‍ക്കാരന്‍ സൂചി കൊണ്ട് ആനയുടെ തുമ്പിക്കൈയില്‍ കുത്തിയപ്പോള്‍ അതു അടുത്ത ദിവസം വെള്ളം വായിലും തുമ്പിക്കൈയിലും സംഭരിച്ചു കൊണ്ടുവന്ന് അയാളുടെ കട മുഴുവന്‍ നനച്ചുവെന്നു ഒരു കഥ കൊച്ചിലേ പഠിച്ചിട്ടുണ്ട്.”

“എനിക്കറിഞ്ഞുകൂടാ. പകഷേ ആനയും സ്ത്രീയും ഒന്നും മറക്കില്ലെന്ന് വിജ്ഞന്മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.”

Symbol question.svg.png “വൈരൂപ്യമുള്ള വരനും വധുവും കല്യാണ മണ്ഡപത്തില്‍ കയറിയിരിക്കുന്നതു കാണുമ്പോള്‍ നിങ്ങള്‍ക്കെന്തു തോന്നും?”

“ഒന്നും തോന്നുകില്ല. പാവങ്ങള്‍! അവര്‍ കാണാന്‍ കൊള്ളാതെയായിപ്പോയത് അവരുടെ കുറ്റം കൊണ്ടല്ലല്ലോ എന്നു യൂഗോ പറഞ്ഞതു പോലെ ഞാനും പറയും. പക്ഷേ വല്ലാത്ത വണ്ണമുള്ള സുന്ദരിയായ വധുവും അതേ രീതിയില്‍ വണ്ണമുള്ള സുന്ദരനായ വരനും കല്യാണമണ്ഡപത്തിൽ ഇരിക്കുന്നതു കാണുമ്പോള്‍ എനിക്കവരോടു വെറുപ്പു തോന്നും.”

Symbol question.svg.png “കാമുകിയെ സ്നേഹിക്കുന്നതിന്റെ ഫലം ആഹ്ളാദം. ഭാര്യയെ സ്നേഹിക്കുന്നതിന്റെ ഫലം ദുഃഖം. നിങ്ങള്‍ യോജിക്കുന്നോ?”

“കാമുകിയെ സ്നേഹിക്കുന്നവന്‍ ദുഃഖിച്ചു മരിക്കും. ഭാര്യയെ സ്നേഹിക്കുന്നവര്‍ ദുഃഖമില്ലാതെ മരിക്കും.”

Symbol question.svg.png “എല്ലാവരെയും തെറി പറയുന്ന നിങ്ങള്‍, നിങ്ങളെ വിമര്‍ശിച്ചാല്‍ കോപിക്കുന്നതു ശരിയാണോ?”

“ഞാന്‍ ആരെയും തെറി പറയാറില്ല. ദേഷ്യപ്പെടുന്നതും ദേഷ്യപ്പെടാത്തതും പ്രയോഗിക്കുന്ന വാക്കുകള്‍ക്കു യോജിച്ച രീതിയിലാണ്. നിങ്ങള്‍ക്കു അടി കിട്ടിയോ എന്നു ചോദിക്കുന്നതിനും നിങ്ങളെ ആരാണ് അടിച്ചത് എന്ന് അന്വേഷിക്കുന്നതിനും തമ്മില്‍ വ്യത്യാസമില്ലേ?”

Symbol question.svg.png “അറുപതു കയറി പതിനേഴിനെ ആക്രമിച്ചാല്‍?”

“പതിനേഴിനു കാര്യമൊന്നും നേടാനില്ലെങ്കില്‍ പ്രതിഷേധിക്കും. കാര്യം നേടാനുണ്ടെങ്കില്‍ അറുപതിനല്ല, എഴുപതിനും കീഴ്പ്പെടും. നാബോക്കോഫിന്റെ ലോലീറ്റയ്ക്കു പന്ത്രണ്ടു വയസ്സേ ഉണ്ടായിരുന്നുള്ളു. മധ്യവയസ്കന്‍ ഉറക്കഗ്ഗുളിക അവൾക്ക് ആദ്യം കൊടുത്തെങ്കിലും പിന്നീട് പിന്നീട് ബാല്യം മധ്യവയസ്സിനെ ആക്രമിച്ചു എന്നാണ് എന്റെ ഓര്‍മ്മ.”

Symbol question.svg.png “മണ്ടത്തരങ്ങള്‍ കുറെ വര്‍ഷങ്ങളായി എഴുതുന്നല്ലോ. വയറ്റിപ്പാടിനാണെങ്കില്‍ തുടര്‍ന്നെഴുതൂ. ഇല്ലെങ്കില്‍ ഉടനെ നിറുത്തു.”

“കുറെ വര്‍ഷങ്ങളായി നിങ്ങള്‍ ഇതു വായിക്കുന്നുവെന്നു അങ്ങനെ മനസ്സിലായി. മണ്ടന്റെ പിറകേ എപ്പോഴും ചെല്ലുന്നതു മണ്ടനായിരിക്കും.”

Symbol question.svg.png “ചിലര്‍ സാഹിത്യനിരൂപണം നടത്തിയില്ലെങ്കില്‍ കോഴിക്കൃഷി നടത്തുമായിരുന്നു അല്ലേ?”

“എന്നെ ഉദ്ദേശിച്ചാണ് ഈ ചോദ്യമെങ്കില്‍ ഇല്ല’ എന്നാണുത്തരം. പക്ഷേ മറ്റു ചിലരെക്കുറിച്ച് ഇതു ശരിയാണു താനും. എനിക്കു കോഴിയെ ഇഷ്ടമില്ല. കോഴിമുട്ട പോലും ഞാന്‍ കഴിക്കാറുമില്ല.”

സി.വി. ശ്രീരാമന്‍

നവീന നിരൂപകന്‍: കലാസൃഷ്ടികളെന്ന ചിത്രശലഭങ്ങളെ പിടിച്ച് ജീവനോടെ അസ്തിത്വവാദത്തിന്റെ മൊട്ടുസൂചി തറയ്ക്കുന്നവന്‍.

വിശ്വവിഖ്യാതനായ ഉമ്പര്‍ടോ എകോയുടെ — “റോസിന്റെ പേര്”, “ഫൂക്കോയുടെ പെന്‍ഡുലം” ഈ നോവലുകളെഴുതിയ പ്രതിഭാശാലിയുടെ — ഒരു പ്രബന്ധസമാഹാരം വായിച്ച ഓര്‍മ്മയുണ്ടെനിക്ക്. “Travels in Hyperreality” എന്നാണെന്നു തോന്നുന്നു അതിന്റെ പേര്. അതിലെ ഒരു പ്രബന്ധത്തില്‍ സവിശേഷതയുള്ള ഓരോ ഗ്രന്ഥത്തെയും Cult Object ആയികാണാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കലാപരമായ ഔന്നത്യത്തിന്റെ അടിസ്ഥാനത്തില്‍ “The Divine Comedy” എന്ന കാവ്യം “The Three Musketeers” എന്ന നോവലിനെക്കാള്‍ എത്ര കേമം! “The Divine Comedy” ഒരു cult-വിശ്വാസപദ്ധതി - ഉണ്ടാക്കി. “The Three Musketeers” വേറൊന്നും ഓരോ വിഭാഗം ജനത ഓരോന്നിനെ ഉപാസിക്കുന്നു. കേരളത്തിലെ പൈങ്കിളിസ്സാഹിത്യം ഒരു Cult ജനിപ്പിച്ചു. സി.വി. രാമന്‍പിള്ളയുടെ ചരിത്രനോവലുകള്‍ വേറൊരു cult-ഉം. സമുദായത്തിലെ അധഃസ്ഥിതരുടെ കഷ്ടപ്പാടുകള്‍ വര്‍ണ്ണിച്ച് അവരുടെ നേര്‍ക്ക് അനുകമ്പ പ്രവഹിപ്പിക്കാന്‍ ശ്രമിക്കുന്ന ചെറുകഥകളെ വേറൊരു cult ആയി കരുതുന്നതില്‍ തെറ്റില്ല. ശ്രീ. സി.വി. ശ്രീരാമന്‍ ആ വിശ്വാസപദ്ധതിയുടെ ഉദ്ഘോഷകനായിട്ടാണ് പലപ്പോഴും നമ്മുടെ മുന്‍പില്‍ വരാറ്. ദേശാഭിമാനി ഒന്നാം വിശേഷാല്‍ പ്രതിയില്‍ അദ്ദേഹം എഴുതിയ “ഞങ്ങളെ തൊട്ടാല്‍ ഞങ്ങള്” എന്ന കഥയില്‍ അദ്ദേഹം അമ്മട്ടില്‍ത്തന്നെ പ്രത്യക്ഷനാകുന്നു. തന്ത നിത്യരോഗി. തള്ള അശക്ത. അവരുടെ നിഷ്കളങ്കയായ മകളെ മുതലാളിത്തത്തിന്റെ നൃശംസത മനുഷ്യരൂപം പൂണ്ട് ബലാത്സംഗം ചെയ്യുന്നു. മൂവായിരം രൂപ കൊടുത്ത് വഴക്ക് ഒതുക്കിക്കളയാനായി ശ്രമം. തള്ളയും തന്തയും മകളും അതിനു വഴങ്ങുന്നില്ല. ‘ഞങ്ങളെ തൊട്ടാല്‍ ഞങ്ങളു കൊല്ലും’ എന്ന പഴയ മുദ്രാവാക്യത്തിന്റെ ശക്തിക്ക് അവര്‍ വിധേയരാകുന്നു.

Cult എന്ന് എകോ പ്രയോഗിച്ചത് ആക്ഷേപ സ്വരത്തിലല്ല. ഓരോ സാഹിത്യവിഭാഗത്തിന്റെയും സവിശേഷത കാണിക്കാനാണ് സി.വി. ശ്രീരാമന്റെ വിശ്വാസപദ്ധതിക്ക് അനുരൂപമായ ഇക്കഥ അതിന്റേതായ രീതിയില്‍ നന്നായിട്ടുണ്ട്. തീര്‍ച്ചയായും അതില്‍ പ്രചാരണമുണ്ട്. പക്ഷേ ഉദ്ബുദ്ധമായ ആത്മലാഭത്തെ ലക്ഷ്യമാക്കിയുള്ള പ്രചാരണത്തിനു മേന്മയേയുള്ളു.

* * *

മഹാനായ നേതാവ് ശ്രീ.എ.കെ ഗോപാലനെക്കുറിച്ച് ഒരുകവി എഴുതി: “വരുന്നു വരുന്നു ചങ്ങല പൊട്ടിച്ചേക്കേ ഗോപാലന്‍.” അദ്ദേഹത്തെ (എ.കെയോ) എനിക്കറിയാമായിരുന്നു. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു: “അങ്ങയെക്കുറിച്ച് ഇങ്ങനെയെഴുതിയാല്‍ അതു കവിതയാണെന്ന് അങ്ങു കരുതുമോ?” എ.കെ. ചിരിച്ചു. എന്നാല്‍ “ഹിമവദ്വന്ധ്യാചലദേശത്തേകാണു ശമമേ ശീലിച്ചെഴുമിത്തരം സിംഹത്തിനെ ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്രമംഗളം കായ്ക്കും കല്പപാദമുണ്ടായ്വരൂ” എന്നു മഹാകവി എഴുതുമ്പോള്‍ ഗാന്ധിജിയെ വെറുക്കുന്നവര്‍ക്കും അതു കവിതയാണെന്നു സമ്മതിക്കേണ്ടി വരും.

നിര്‍വ്വചനങ്ങള്‍

സി. അച്യുതമേനോന്‍
മനുഷ്യജന്മം കിട്ടിയാല്‍ ജീവിക്കേണ്ടത് എങ്ങനെയെന്നു നമ്മളെ പഠിപ്പിച്ച മഹാന്‍.
സുരക്ഷിതത്വം
അങ്ങനെയൊന്നില്ല. ഗോര്‍ബച്ചേവ് അതു നമ്മളെ ഗ്രഹിപ്പിച്ചു.
നാക്ക്
വൈരുദ്ധ്യാത്മക സ്വഭാവമുള്ള ഒരു തുണ്ട് മാംസപേശി. ആ മാംസപേശി കൊണ്ടു എം എസ് സുബ്ബലക്ഷ്മി ശ്രോതാക്കളെ ഗന്ധര്‍വ്വലോകത്തേക്കു നയിക്കുന്നു; നവീനതമകവികള്‍ നരകത്തിലേക്കും.
ക്ഷമ
പ്രവര്‍ത്തനശേഷിയില്ലാത്തവന്റെ ദൗര്‍ബ്ബല്യം.
റ്റെലിവിഷന്‍
വാലിയം ഗുളികയ്ക്കു പകരം ഉപയോഗിക്കാവുന്നത്.
നേഴ്സ്
സുന്ദരിയാണെങ്കില്‍ സ്വന്തം സാന്നിദ്ധ്യം കൊണ്ടു മാത്രം പുരുഷനായ രോഗിയുടെ ഏതു രോഗവും മാറ്റുന്ന ഔഷധം ആന്റിബയോട്ടിക്ക്സിനെക്കാള്‍ ശക്തം.
നവീനനിരൂപകന്‍ 
കലാസൃഷ്ടികളെന്ന ചിത്രശലഭങ്ങളെ പിടിച്ച് ജീവനോടെ അസ്തിത്വവാദത്തിന്റെ മൊട്ടുസൂചി തറയ്ക്കുന്നവന്‍.
റ്റെലിഫോണ്‍
റോങ് നമ്പര്‍ എന്നു പറയുന്നതു സ്ത്രീശബ്ദമാണെങ്കില്‍ വിളിക്കുന്ന പുരുഷന് കൂടുതല്‍ മൃദുലമായും ദീര്‍ഘമായും സംസാരിക്കാന്‍ സൗകര്യം നല്കുന്ന ഒരു ഉപകരണം. കുളിമുറിയില്‍ കയറി തലയില്‍ വെള്ളമൊഴിക്കുമ്പോള്‍ മണിനാദം കേള്‍പ്പിച്ച് നമ്മളെ വൈഷമ്യത്തിലാക്കുന്ന ഒരു യന്ത്രം.
അതിഥി
വീട്ടില്‍ വന്നു മൂന്നു മണിക്കൂര്‍ നേരം അതുമിതും പറഞ്ഞിട്ട് പോകാനായി എഴുന്നേറ്റതിനു ശേഷം ഒരു മണിക്കൂര്‍ നിന്നു കൊണ്ടു സംസാരിക്കുന്ന പരമബോറന്‍.
ആതിഥേയന്‍
കസേരയില്‍ ഇരിക്കുന്ന അതിഥി ഇരുന്നുകൊണ്ടു തന്നെ യാത്ര പറയുമ്പോള്‍ അയാളെഴുന്നേല്ക്കുന്നതിനു മുന്‍പ് ചാടിയെഴുന്നേറ്റ് ഗെയ്റ്റിലേക്കു നടക്കുന്നവന്‍.

പ്രഭാവര്‍മ്മ

ഫ്രഞ്ചെഴുത്തുകാരന്‍ ആങ്ത്വാന്‍ ദ സാങ് ഗേത്‌സ്യൂപേരി (Antonie de saint exupery, 1900–1944) എഴുതിയ “Southern Mail”, “Night Flight”, “Wind, sand and Stars” ഈ ഗ്രന്ഥങ്ങള്‍ വായിച്ചിട്ടില്ലാത്തവര്‍ സാഹിത്യത്തിന്റെ മനോഹാരിത സമ്പൂര്‍ണ്ണമായും കണ്ടവരല്ല. നക്ഷത്രം നിറഞ്ഞ അന്തരീക്ഷത്തിലൂടെ വിമാനത്തില്‍ സഞ്ചരിച്ച് അതിനും അപ്പുറത്തുള്ള സത്യം തേടുകയായിരുന്നു മഹാനായ ഈ കലാകാരന്‍. അവസാനമായി കോഴ്‌സിക്കയുടെ മുകളിലൂടെ പറന്ന അദ്ദേഹം തിരിച്ചു വന്നില്ല. സാങ്തേഗ് സ്യൂപേരി സത്യം കണ്ടുവോ? ആര്‍ക്കറിയാം?

“Up there the stars serve as a measure of true distances. The simple life, one’s abiding love, the girlfriend we think we cherish-the North Star is once more there to light the way”

— ഈ രചനാരീതി അദ്ദേഹത്തിന്റെ കലയുടെ വൈശിഷ്ട്യം സ്പഷ്ടമാക്കിത്തരും.

സാങ്തേഗ് സ്യൂപേരിയെപ്പോലെ സത്യം തേടിയ മറ്റൊരു കലാകാരനാണ് മെല്‍വില്‍. പക്ഷേ എത്ര സത്യാന്വേഷണതല്‍പരത്വം കാണിച്ചാലും ഒടുവില്‍ തനിച്ചു മരിക്കും. തനിച്ചു ജനിക്കുന്ന മനുഷ്യന്‍ തനിച്ചു മരിക്കുന്നു. നിലവിളികള്‍ താല്‍കാലികം; ദുഃഖം താല്‍ക്കാലികം. ഏതു പ്രേമഭാജനം പോയാലും ഉടനെ വിസ്മരിക്കപ്പെടും. ശരീരം നിശ്ചേതനമായാല്‍ അതിന്റെ കണ്ണുകള്‍ തിരുമ്മിയടയ്ക്കുന്നു. വായ് തുറന്നു പോകാതിരിക്കാന്‍ വേണ്ടി തലയിലൂടെ താടിയിലൂടെ കെട്ടു കെട്ടുന്നു. ചിലര്‍ മൃതദേഹത്തിന്റെ മുഖവും മൂടുന്നു. മരിച്ചവരുടെ മുഖം മൂടുന്നതെന്തിന് എന്നു ശ്രീ പ്രഭാവര്‍മ്മ കാവ്യത്തിലൂടെ ചോദിച്ചു കൊണ്ട് ജീവിതവും മരണവും ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നു. അവ ചിന്തോദ്ദീപകങ്ങളായതു കൊണ്ടാണ് എനിക്ക് ഈ വരികള്‍ കുറിക്കേണ്ടി വന്നത്. ബിംബങ്ങളിലൂടെ വികാരവും ആശയവും ആവിഷ്കരിച്ചിരുന്നങ്കിലും കാവ്യം കൂടുതല്‍ ഹൃദ്യമാകുമായിരുന്നു (കാവ്യം കുങ്കുമം വാരികയില്‍).

മാജിക്

നമ്മുടെ ആഹ്ളാദദായകതമുള്ള ചെറുകഥയോ നോവലോ വായിക്കുമ്പോള്‍ ഗ്രന്ഥകാരനെ മറക്കുന്നു, ഗ്രന്ഥത്തെ മറക്കുന്നു... കലാസൃഷ്ടി ഭാവതലത്തില്‍ ഉത്കൃഷ്ടത നേടുമ്പോഴാണ് ഇത് സംഭവിക്കുക. എന്നാല്‍ നവീനന്‍മാരുടെ കഥകള്‍ വായിക്കുമ്പോള്‍ എന്റെ മുന്‍പില്‍ വാക്കുകളല്ലാതെ വേറൊന്നുമില്ല.

മുതുകാട് എന്ന പേരില്‍ അറിയപ്പെടുന്ന യുവാവായ മജീഷ്യന്‍ എന്റെ വീട്ടില്‍ വന്നു പല വിദ്യകളും കാണിച്ചു. അവ എ ന്നെ അദ്ഭുതപ്പെടുത്തി. പിന്നീട് ഞാന്‍ ചോദിക്കാതെതന്നെ അദ്ദേഹം പല വിദ്യകളുടെയും സൂത്രം പറ‍ഞ്ഞു തന്നപ്പോള്‍ അദ്ഭുത വികാരം ഇല്ലാതായിയെന്നു മാത്രമല്ല ആ വിദ്യകളോടു എനിക്കുണ്ടായിരുന്ന അനുകൂലമായ മാനസിക നില നഷ്ടമായിബ്ഭവിക്കുകയും ചെയ്തു. അതിനു ശേഷം ഞാനൊരു ‘ട്രിക്കി’നെക്കുറിച്ച് അദ്ദേഹത്തോടു ചോദിച്ചു. നാലു തൂണുകള്‍ അവയില്‍ ഒന്നില്‍ ഒരുത്തനെ ഇറുക്കിക്കെട്ടി വയ്ക്കുന്നു. എന്നിട്ട് മുകള്‍ ഭാഗവും നാലു വശവും തുണി കൊണ്ടു മറയ്ക്കുന്നു. അല്പം നേരം കഴിഞ്ഞു മുന്‍വശത്തെ തുണി ഉയര്‍ത്തുമ്പോള്‍ ഒരു തൂണില്‍ ബന്ധനസ്ഥനായിരുന്നവന്‍ മറ്റൊരു തൂണില്‍ അതേ രീതിയില്‍ കെട്ടപ്പെട്ടിരിക്കുന്നു. എങ്ങനെയാണ് ഇതു സാധിക്കുക? എന്റെ ചോദ്യത്തിനു മുതുകാട് മറുപടി നല്കി. ബലപ്പിച്ചു കെട്ടുന്നു എന്നതു പ്രേക്ഷകര്‍ക്ക് ഉണ്ടാകുന്ന തോന്നലാണ്. തുണി താഴ്ത്തിക്കഴിഞ്ഞാല്‍ പെട്ടെന്നു കെട്ടുകളഴിക്കുകയും മറ്റേത്തൂണില്‍ അതുപോലെ അയാളെ കെട്ടി വയ്ക്കുകയും ചെയ്യുകയാണ്. ഈ ട്രിക്ക് ആദ്യമായി കണ്ടപ്പോള്‍ ബഹുജനത്തോടൊപ്പം, പ്രായമായ ഞാനും കൈയടിച്ചു. ഇനി ആ വിദ്യ കാണേണ്ടതായി വന്നാല്‍ ഞാന്‍ കൈയടിക്കില്ല.

ശ്രീ. അഷ്ടമൂര്‍ത്തി നവയുഗം വാര്‍ഷികപ്പതിപ്പിൽ എഴുതിയ “അഭിമുഖ സംഭാഷണം” എന്ന ചെറുകഥ ഒരു തവണ വായിച്ചു. ഇനി വായിക്കില്ല. കാരണം അദ്ദേഹം ഇതില്‍ കഥാകാരനായിട്ടല്ല, മജീഷ്യനായിട്ടാണ് നില്ക്കുക. പ്രശസ്തയായ ഒരഭിനേത്രിയെ കാണാന്‍ പ്രശസ്തനായ ഒരുത്തന്‍ വരുന്നു. അവര്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ പണ്ടു സ്നേഹിച്ച അപ്പുവിനെക്കുറിച്ച് അവള്‍ പറയുകയായി. അവളെ കിട്ടിയില്ലെങ്കില്‍ അപ്പു ആറ്റില്‍ച്ചാടി ചത്തുകളയുമെന്ന് അറിയിച്ചത്രേ. പിന്നീട് അപ്പുവിനെ അവള്‍ കണ്ടിട്ടേയില്ല. ദക്ഷനെ വകവരുത്താന്‍ ശിവന്‍ ജടപിടിച്ച് തറയില്‍ അടിച്ചപ്പോള്‍ രണ്ടു ഭീകരസത്വങ്ങള്‍ ഉണ്ടായല്ലോ. ഇവിടെ അഷ്ടമൂര്‍ത്തി (ശിവനെന്ന് അഷ്ടമൂര്‍ത്തിക്കു അര്‍ത്ഥം) തൂലിക എടുത്ത് നവയുഗത്തിന്റെ താളില്‍ ഒരടി അടിച്ചപ്പോള്‍ വന്നവന്‍ പഴയ അപ്പുവായി നല്ക്കുന്നു. വായനക്കാരന്‍ എന്ന ദക്ഷനെ അയാള്‍ കൊല്ലുമെന്നതു തീര്‍ച്ച. മജീഷ്യന്‍ മുതുകാട്, മജീഷ്യന്‍ അഷ്ടമൂര്‍ത്തിയേക്കാള്‍ എത്രയെത്ര ഭേദം!

* * *

ഓസ്റ്റ്രിയന്‍ ഗാനരചയിതാവ് മൊറ്റ്സാര്‍ട്ടിന്റെ (Mozart) ജീവചരിത്രമെഴുതി പ്രഖ്യാതനായ ജര്‍മ്മന്‍ നാടകകര്‍ത്താവ് വൊള്‍ഫ്ഗാങ് ഹില്‍ഡെഷീമര്‍ (Wolfgang Hildesheimer) മരിച്ചെന്നു റ്റൈം വാരികയില്‍ കണ്ടു. അദ്ദേഹം സാഹിത്യപരമായ വിഷാദാത്മകത്വത്തിനു വിധേയനായിരുന്നത്രേ. അടുത്ത കാലത്ത് അന്തരിച്ച മാക്സ് ഫ്രിഷ് എന്ന വലിയ സാഹിത്യകാരനു സമര്‍പ്പിച്ച ഒരു പ്രബന്ധത്തില്‍ ഹില്‍ഡെഷീമര്‍ ഇങ്ങനെയെഴുതി: “എല്ലാ മായും... കാഴ്ചയും കേഴ്വിയും, പക്ഷേ ആദ്യം ഇല്ലാതാകുന്നത് ചിരിയാണ്” (സെപ്റ്റംബര്‍ 2, റ്റൈം). നാലു കഥയോ നാലു കവിതയോ എഴുതി പത്രാധിപരെക്കൊണ്ടു മഷി പുരട്ടിപ്പിച്ചിട്ട് ‘എന്നെ വെല്ലുന്ന കഥാകാരനുണ്ടോ? എന്നെ വെല്ലുന്ന കവിയുണ്ടോ?’ എന്ന മട്ടില്‍ തല വെട്ടിച്ചു ചോദ്യമെറിയുന്ന നമ്മുടെ എഴുത്തുകാര്‍ ഹില്‍ഡെഷീമറിന്റെ ഈ വാക്യം ഇന്‍ഡ്യന്‍ ഇങ്കില്‍ കടലാസ്സില്‍ എഴുതി ഫ്രെയിം ചെയ്തു മേശപ്പുറത്തു വയ്ക്കണം. അതിനു സൗകര്യമില്ലെങ്കില്‍ ഷേര്‍ട്ടിന്റെ പോക്കറ്റിലിട്ടു കൊണ്ടു നടക്കുകയും കൂടെക്കൂടെ അതെടുത്തു വായിക്കുകയും വേണം.

വെറും ക്രാഫ്റ്റ്

ഫ്രഞ്ച് ദാര്‍ശനികന്‍ മോറീസ് മെര്‍ലോ പൊങ്തീ (Maurice Merleau-Ponty, 1980–61) “The Prose of the World” എന്ന പേരില്‍ ഒരു മഹാഗ്രന്ഥം എഴുതാന്‍ തുടങ്ങി. അതിന്റെ പ്രാഥമികരൂപമായ ചില കുറിപ്പുകളേ അദ്ദേഹം എഴുതിയുള്ളു. ഗ്രന്ഥരചനയ്ക്കു മുന്‍പ് പൊങ്തീ മരിച്ചു പോയി. കുറിപ്പുകള്‍ ഇംഗ്ളീഷിലേക്കു തര്‍ജ്ജമ ചെയ്തു പ്രസാധനം ചെയ്തിട്ടുണ്ട്. അതുതന്ന ഇരുന്നുറ്റമ്പയോ മുന്നോറോ പുറങ്ങള്‍ വരും. ആ പുസ്തകത്തിലെ ഒരു വിവരണം ഓര്‍മ്മയിലെത്തുന്നു. അമ്മൂമ്മ പതിവായി പേരക്കുട്ടിക്കു പുസ്തകമെടുത്തു വായിച്ചു കഥ മനസ്സിലാക്കിക്കൊടുക്കും. അവന്‍ അതില്‍ രസിക്കും. ഒരു ദിവസം അമ്മുമ്മ ഇല്ലാതിരുന്നപ്പോള്‍ പേരക്കുട്ടി പുസ്തകമെടുത്തു വായിക്കാന്‍ തുടങ്ങി. പക്ഷേ കഥയില്ല. വെള്ളക്കടലാസ്സില്‍ കുറെ കറുത്ത അക്ഷരങ്ങള്‍ മാത്രം. ഭാഷയെ സംബന്ധിച്ച തത്ത്വമാണ് ഇത് സ്പഷ്ടമാക്കി തരുന്നത്. നമ്മള്‍ ആഹ്ളാദദായകത്വമുള്ള ചെറുകഥയോ നോവലോ വായിക്കുമ്പോള്‍ ഗ്രന്ഥകാരനെ മറക്കുന്നു. ഗ്രന്ഥത്തെ മറക്കുന്നു. “മാര്‍ത്താണ്ഡവര്‍മ്മ” വായിക്കുന്ന ആള്‍ സി.വി. രാമന്‍ പിള്ളയെ ഓര്‍മ്മിക്കുന്നില്ല. നോവല്‍ കൈയിലിരിക്കുന്നുവെന്ന് ഓര്‍മ്മിക്കുന്നില്ല. അയാളുടെ മുന്‍പിലുള്ളതു കാടും അതിന്റെ നടുവില്‍ വെട്ടു കൊണ്ടു ചോരയൊലിപ്പിച്ചു കിടക്കുന്ന യുവാവിനെയും മാത്രമാണ്.

തകഴി ശിവശങ്കരപ്പിള്ളയുടെ “വെള്ളപ്പൊക്കത്തില്‍” എന്ന ചെറുകഥ ഞാന്‍ പല പരിവൃത്തി വായിച്ചിട്ടുണ്ട്. വായിക്കുമ്പോഴൊക്കെ കുട്ടനാടന്‍ പ്രദേശവും വെള്ളപ്പൊക്കവും പട്ടിയുടെ പ്രാണവേദനയും മാത്രമേ ഞാന്‍ കാണുകയുള്ളു, അറിയുകയുള്ളു. കഥാകാരനെ ഓര്‍മ്മിക്കില്ല. കലാസൃഷ്ടി ഭാവതലത്തില്‍ ഉത്കൃഷ്ടത നേടുമ്പോഴാണ് ഇതു സംഭവിക്കുക. എന്നാല്‍ നവീനന്മാരുടെ കഥകള്‍ വായിക്കുമ്പോള്‍ എന്റെ മുന്‍പില്‍ വാക്കുകളല്ലാതെ വേറൊന്നുമില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ശ്രീ. രവി എഴുതിയ “മിഠായിമഴ” എന്ന ചെറുകഥയുടെയും സ്ഥിതി ഇതുതന്നെ. ഒരാള്‍ കുടുംബത്തോടെ ഒരു പുതിയ സ്ഥലത്തെത്തുന്നു. ഒരു ദിവസം സുഖിച്ചിട്ട് എല്ലാവരും ആത്മഹത്യ ചെയ്യണമെന്നാണ് പ്ളാന്‍ അതുപോലെ ആത്മഹത്യക്ക് നേരത്തേ അവിടെയെത്തിയ ഒരുത്തന്‍ കുടുംബത്തെ കൊന്നെങ്കിലും വിഷം തീര്‍ന്നു പോയതുകൊണ്ട് രക്ഷപ്പെടാന്‍ നിര്‍ബന്ധനായി. അയാള്‍ നവാഗതനോടു അല്പം വിഷം ചോദിക്കുമ്പോള്‍ കഥ അവസാനിക്കുന്നു.

ജീവശാസ്ത്രപരമായ വികാരമാണ് ആത്മഹത്യക്കുള്ള അഭിലാഷം. ആ വികാരത്തെ സാന്ദ്രരതയോടെ ആവിഷ്കരിക്കാതെ വികാരരഹിതങ്ങളായ വാക്യങ്ങള്‍ എഴുതി ഒരു ശില്പമുണ്ടാക്കി വയ്ക്കുകയാണ് രവി. ഈ ശില്പമുണ്ടാക്കല്‍ സര്‍ഗ്ഗാത്മകതയോടു ബന്ധപ്പെട്ടതല്ല; ക്രാഫ്റ്റിനോടാണ്, ടെക്നിക്കിനോടാണ് അതിനു ബന്ധം. അതിനാല്‍ കൃത്രിമമാണ്. ആര്‍ജ്ജവമില്ലാത്തതാണ്. കുടുംബത്തിന്റെ ആത്മഹത്യക്കുള്ള ശ്രമം നമ്മെ സ്പര്‍ശിക്കുന്നില്ല. വിഷം ചോദിക്കുന്നവന്റെ മട്ട് ഹാസോല്‍ പാദകവും.