close
Sayahna Sayahna
Search

സാഹിത്യവാരഫലം 1992 05 03


സാഹിത്യവാരഫലം
Mkn-07.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1992 05 03
ലക്കം 868
മുൻലക്കം 1992 04 27
പിൻലക്കം 1991 05 10
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“മുസ്ലിങ്ങളല്ലാത്തവര്‍ നികുതി കൊടുക്കണമെന്ന നിയമം വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവന്ന ഔറംഗസീബിനെക്കുറിച്ച് ഹിന്ദുജനത എന്തു വിചാരിക്കും? മദ്യമാകെ നിരോധിച്ച അദ്ദേഹത്തോട് അവര്‍ക്ക് എന്തു സന്തോഷമാണു തോന്നുക? സഹോദരന്മാരുടെ രക്തത്തില്‍ നീന്തി സിംഹാസനത്തിലെത്തുകയും ഡെക്കാനിലും രാജസ്ഥാനിലും ദ്രാവിഡ ദക്ഷിണദേശത്തും ഹൈന്ദവജനതയുടെ വെറുപ്പിന്റെ പ്രചണ്ഡവാതം ഇളക്കിവിടുകയും ചെയ്തില്ലേ അദ്ദേഹം? ഇസ്ലാമിലേക്കു പരിവര്‍ത്തനം ചെയ്യാന്‍ കൂട്ടാക്കാത്ത ഒന്‍പതാമത്തെ സിക്ക് ഗുരുവിനെ മര്‍ദ്ദിച്ചു തലവെട്ടിക്കളഞ്ഞ ചക്രവര്‍ത്തിയല്ലേ ഔറംഗസീബ്.” (An Introduction to India എന്ന പുസ്തകത്തില്‍നിന്ന് സ്വതന്ത്ര തര്‍ജ്ജമ.)

ചരിത്രകാരന്റെ ഈ പ്രസ്താവത്തിലെ സത്യാത്മകതയോ അസത്യാത്മകതയോ ചര്‍ച്ചാവിഷയമല്ല ഇവിടെ. ഈ വാക്യങ്ങളിലടങ്ങിയ ആശയം സത്യമായാലും അസത്യമായാലും എന്റെ മനസ്സിന് വിമലീകരണം നല്കുന്നില്ല. എന്നാല്‍ മഹാകവി ജി. ശങ്കരക്കുറുപ്പ്

“ജപമാലയാരാജ്യലക്ഷ്മി തന്‍ ഗളത്തിങ്കല്‍
ജ്ജയിയാമറംഗസീബിറുകുംവരെച്ചുറ്റി;
ചോരയാല്‍, ക്കണ്ണീരിനാല്‍ പവിത്രം ജപമാല
ഘോരദര്‍ശനമായീ ചെങ്കോലും ഞെരിഞ്ഞല്ലോ
വിരലിന്നറ്റത്തോളം വീരനുമഗാധമാം
കരളിന്നടിവരെബ്ഭക്തനുമാണാ മഹാന്‍
എങ്കിലും ചരിത്രത്തില്‍ പ്രൗഢമാം സ്വപ്നം പോലെ
തന്‍ കണ്ണാല്‍ കാണ്‍കെത്തന്നെ തകര്‍ന്നു തല്‍ സാമ്രാജ്യം.”

എന്നെഴുതുമ്പോള്‍ അനിര്‍വാച്യമായ ആഹ്ലാദം. ആശയത്തോടു യോജിച്ചാലും ഇല്ലെങ്കിലും ഉദാത്തതയുടെ പ്രതീതി. ചരിത്രപുസ്തകത്തിലെ വര്‍ണ്ണന വിശേഷിച്ചൊരു വികാരവും ഉളവാക്കുന്നില്ല. എന്നാല്‍ മഹാകവിവചനം ഔറംഗസീബിനോട് വിരോധമുളവാക്കാതെ അനുവാചകനു വിശ്രാന്തിയരുളുന്നു. ചരിത്രപ്രസ്താവം സഹൃദയനെ അസ്വസ്ഥതയുടെ അഴുക്കുചാലിലേക്ക് എറിയുമ്പോള്‍ കവിവചനം അയാളെ കവിതയുടെ ഗന്ധര്‍വ്വലോകത്തേക്ക് ഉയര്‍ത്തുന്നു. ഇങ്ങനെയാണ് കവിത മനുഷ്യനെ ഉന്നമിപ്പിക്കുന്നത്.

ഇനി ശിവജിയുടെ വാക്കുകള്‍കൂടി കേള്‍ക്കുക:

“ഇനിയും ജ്വലിക്കയോ ഹിന്ദുരാജ്യത്തിന്‍ സ്വപ്ന
മനിവാര്യമാം ചരിത്രത്തിനെഗ്ഗണിക്കാതെ
മുസല്‍മാന്‍ സമുന്നതമായ ശിരസ്സിങ്കല്‍
മുടിചൂടിയതന്നു ഞാന്‍ സഹിച്ചില്ലാ; പക്ഷേ
ഹിന്ദുരാജ്യത്തിന്നടിത്തറ കെട്ടുവാന്‍ രക്ത
ബിന്ദു ഞാന്‍ ചൊരിഞ്ഞതു കാലവും പൊറുത്തീലാ.”

ഇതിനുശേഷം കവി:

“ശിവജി ജലാര്‍ദ്രമാം കണ്ണിമ ചിമ്മി; മുഖം
നിവരും മലകളീവാക്കു മൂകമായ് കേള്‍ക്കെ
ഇരുളിന്‍ നിര്‍മ്മാണമേ ഭേദഭാവനയെല്ലാം;
വിരിയും വെളിച്ചമാബ്‌ഭിത്തിയെസ്സഹിക്കുമോ.”

ശിവജിയുടേതായി മഹാകവി നല്കുന്ന ഈ വാക്കുകളും അവയെ അവലംബിച്ച് അദ്ദേഹം ആവിഷ്കരിക്കുന്ന സാമാന്യപ്രസ്താവവും ശരിയല്ലെന്നു കരുതുന്നവരുണ്ടാകാം. അവരും, സഹ്യദയരാണെങ്കില്‍ കവിവചനങ്ങളില്‍ ‘വിരിയും വെളിച്ച’മുണ്ടെന്നു സമ്മതിക്കും. മുകളില്‍ച്ചേര്‍ത്ത രണ്ടു കാവ്യങ്ങളും സുശക്തങ്ങളാണെന്ന് ഉദ്ഘോഷിക്കും. കവിത ജയിക്കുന്നു. ചരിത്രം ജയിക്കുന്നില്ല.

ചോദ്യം, ഉത്തരം

Symbol question.svg.png നിങ്ങളൊരു ഹിപ്പൊക്രാറ്റല്ലേ?

ഹിപ്പൊക്രാറ്റ് എന്നൊരു ഇംഗ്ലീഷ് വാക്ക് ഉണ്ടോ? ഹിപ്പക്രിറ്റ്–കാപട്യമുള്ളവന്‍–എന്നാവാം നിങ്ങള്‍ ഉദ്ദേശിച്ചത്. കുട്ടിക്കാലത്ത് ഞാന്‍ ഹിപ്പക്രിറ്റായിരുന്നു. ഇംഗ്ലീഷ് സിനിമ കാണാന്‍ പോകും. സംഭാഷണം ഒന്നും മനസ്സിലാവില്ല. എങ്കിലും മനസ്സിലായിയെന്നു ഭാവിച്ച് മറ്റുള്ളവര്‍ ചിരിക്കുമ്പോള്‍ ഞാനും ചിരിക്കുമായിരുന്നു.

Symbol question.svg.png സാഹിത്യവാരഫലം എഴുതിയെഴുതി ബോറായി തോന്നുന്നില്ലേ?

അഭിവന്ദ്യനായ ശ്രീ. എന്‍.ഇ. ബലറാമും ഇതേ ചോദ്യം എന്നോടു നേരിട്ടു ചോദിച്ചു. വര്‍ഷങ്ങളോളം ഒരു സ്ഥലത്തു തന്നെ നിന്ന് മഞ്ഞും മഴയും വെയിലും ഏല്ക്കുന്ന മരത്തിനു ഇല്ല.

Symbol question.svg.png ജലദോഷമോ പനിയോ വരാറുണ്ടോ? നിങ്ങളെ ഒരു വിവാഹത്തിനും കാണാറില്ല. ആരും ക്ഷണിക്കാത്തതു കൊണ്ടാണോ?

ക്ഷണിക്കാറുണ്ട്. ഒന്നിനും പോകാറില്ല. കാരണമുണ്ട്. വടയാറ്റുകോട്ട പരമേശ്വരന്‍പിള്ളയുടെ ഭീകര നോവല്‍ ‘അംഗനാചുംബനം’ ഒരിക്കലേ വായിക്കാന്‍ പറ്റു. അതോ അതു പോലുള്ള മറ്റു നോവലുകളോ കണ്ടാല്‍ എനിക്കു പേടിയാകും.

Symbol question.svg.png കിട്ടിയ ജോലി നല്ലതല്ലെന്നു എല്ലാവര്‍ക്കും തോന്നുന്നത് എന്തുകൊണ്ട്?

പ്രതിഫലത്തിന്റെ കുറവുകൊണ്ടോ ജോലിയുളവാക്കുന്ന ക്ലേശംകൊണ്ടോ ആവാം. പക്ഷേ ആ ജോലി ഉപേക്ഷിച്ചു പോകുമ്പോള്‍ വേറൊരാള്‍ ആ സ്ഥാനത്തു കയറിയിരുന്നാല്‍ നമുക്ക് അയാളോടു വെറുപ്പ് തോന്നും. ജോലിയുടെ കാര്യത്തില്‍ മാത്രമല്ല ഇതു ശരിയായി വരുന്നത്. കെമിസ്ട്രി ഐച്ഛികവിഷയമായി സ്വീകരിച്ചു കുറെക്കാലം ബി.എസ്‌സിക്കു പഠിച്ച ഞാന്‍ അതു കളഞ്ഞിട്ടു മലയാളം പഠിക്കാന്‍ പോയി. ഞാന്‍ പോയ ഒഴിവില്‍ കെമിസ്റ്റ്രി പഠിക്കാന്‍ വന്ന ഒരു പെണ്‍കുട്ടിയെ ഞാന്‍ വെറുത്തു.

Symbol question.svg.png നയാഗ്രാ വെള്ളച്ചാട്ടം കണ്ടിട്ടുണ്ടോ?

ഇല്ല. എന്റെ അഭിവന്ദ്യ സുഹൃത്തും ഉപകര്‍ത്താവുമായ ശ്രീ. എരുമേലി പരമേശ്വരന്‍പിള്ള സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് മീറ്റിങ്ങുകളില്‍ പ്രസംഗിക്കുന്നതു കേട്ടിട്ടുണ്ട്.

Symbol question.svg.png ഈ ഗവണ്‍മെന്റ്, ഗവണ്‍മെന്റ് എന്നു മന്ത്രിമാര്‍ പോലും പറയുന്നത് എന്താണ് സാറേ?

കൊച്ചു മനസ്സു മാത്രമുള്ളവര്‍ വിശാലഹൃദയരായ ജനങ്ങളെ ഭരിക്കുന്ന ഏര്‍പ്പാടാണ് ഗവണ്‍മെന്റ്. ആ സംവിധാനത്തില്‍ ‘ഞാന്‍ പങ്കുകാരനല്ലെ’ന്നു വരുത്താനാണ് മന്ത്രി തന്നെ അതില്‍നിന്നു വേര്‍പെടുത്തി ‘അതു ഗവണ്‍മെന്റിന്റെ തീരുമാനമാണ്’ എന്നു പറയുന്നത്.

Symbol question.svg.png കീഴ്ജീവനക്കാരനോട് എപ്പോഴും തട്ടിക്കയറുന്ന ഉദ്യോഗസ്ഥന്‍?

അയാള്‍ അയാളുടെ മേലുദ്യോഗസ്ഥന്റെ ദാസനായിരിക്കും. അല്ലെങ്കില്‍ ഭാര്യയെ പേടിക്കുന്നവനായിരിക്കും.

കഥയല്ല

ഈ ലോകം ക്ഷണികമാണ് എന്നു പറഞ്ഞാല്‍ ചിന്ത മാത്രമേയുള്ളു അതില്‍. എന്നാല്‍ ‘ഒന്നിന്നുമില്ല നില — ഉന്നതമായ കുന്നുമെന്നല്ല — ആഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍’ എന്ന് കേള്‍ക്കുമ്പോള്‍ ചിന്തയും വികാരവും ഒരുമിച്ചു ചേര്‍ന്നിരിക്കുന്നുവെന്നു നമുക്കു ഗ്രഹിക്കാം. “ഒരു മനുഷ്യന് എത്രയടി ഭൂമി വേണം” എന്ന ചെറുകഥയില്‍ ധനാര്‍ജ്ജനം തെറ്റാണെന്ന ആശയമുണ്ടെങ്കിലും വികാരവുമായി അതു കെട്ടുപിണഞ്ഞു കിടക്കുന്നതിനാല്‍ കലാത്മകത ഉണ്ടാകുന്നു. മോപസാങ്ങിന്റെ “ചന്ദ്രികയില്‍” എന്ന കഥയില്‍ മനോഹരമായ രാത്രി കാമുകനും കാമുകിയും രസിക്കാനുള്ളതാണെന്ന ആശയം വികാരവുമായി ആശ്ലേഷത്തിലമര്‍ന്നിരിക്കുന്നു. കമ്യൂവിന്റെ “അതിഥി” എന്ന കഥയില്‍ ആശയത്തിനു പരമപ്രാധാന്യം വന്നുപോയെങ്കിലും വികാരതരംഗങ്ങള്‍ അതില്‍ വേണ്ടുവോളം ചലനംകൊള്ളുന്നുണ്ട്. ശ്രീ.എന്‍. പ്രഭാകരന്‍ ഇന്‍ഡ്യ റ്റൂഡേയില്‍ എഴുതിയ “വേതാളത്തിന്റെ വിധി” എന്ന ചെറുകഥയില്‍ ആശയപരമായ സമീപനമേയുള്ളു; വികാരപരമായ സമീപനമില്ല. തൊഴിലാളി നേതാവ് ധനികനില്‍ നിന്നു പണം മേടിക്കുന്നതും പത്രാധിപര്‍ നാലക്കമുള്ള തുക കൈപ്പറ്റുന്നതും സുന്ദരിയായ യുവതി ബ്ളൂ ഫിലിമില്‍ അഭിനയിച്ച് അഞ്ചക്കമുള്ള തുക സ്വീകരിക്കുന്നതും പരിഹാസത്തിന്റെ മട്ടില്‍ നീതിമത്കരിക്കപ്പെടുന്നു. അങ്ങനെ കഥാകാരന്‍ സമുദായ മാലിന്യങ്ങളുടെ നേര്‍ക്കു കൈചൂണ്ടുന്നു. പക്ഷേ പ്രഭാകരന്‍ ഇവിടെ സംഭവങ്ങളെ യാന്ത്രികമായി കൂട്ടിച്ചേര്‍ക്കുന്നതേയുള്ളു. സമൂഹത്തിലെ മാലിന്യങ്ങള്‍ കഥാകാരന്റെ വ്യക്തിത്വത്തില്‍ വിലയം കൊണ്ട് വികാരപരമായി രൂപമാര്‍ജ്ജിക്കുന്നില്ല. ഇന്നത്തെ നിലയില്‍ ഇതൊരു ഉപന്യാസം മാത്രമാണ്. ആ പ്രബന്ധത്തിന്റെ ഛായ മാറ്റാനാണ് കഥാകാരന്‍ വേതാളത്തെ പിടിച്ചു കൊണ്ടു വന്ന് ഇക്കഥയെല്ലാം പറയിച്ച് ആഖ്യാനത്തിന്റെ ചാരുതയുണ്ടാക്കാന്‍ ശ്രമിക്കുന്നത്; ആ ശ്രമം പരാജയപ്പെടുന്നു. അതിമൂല്യനിര്‍ണ്ണയത്തിലൂടെ യശസ്സാര്‍ജ്ജിച്ചിരിക്കുന്ന പ്രഭാകരന്‍ എന്റെ ദൃഷ്ടിയില്‍ നല്ല കഥാകാരനല്ല. ഈ വിധത്തിലൊരു പ്രസ്താവം നിര്‍വഹിക്കുമ്പോള്‍ മറ്റുള്ള കഥാകാരന്മാരില്‍നിന്ന് അദ്ദേഹം വിഭിന്നനാണെന്ന് മുന്‍പു ഞാനെഴുതിയതുമായി ഇതു പൊരുത്തപ്പെടാതിരിക്കുന്നുമില്ല.

അലിഗറി

എന്റെ കുട്ടിക്കാലത്ത് തിരുവനന്തപുരത്താകെ ചെമ്മണ്ണു നിറഞ്ഞ പാതകളേ ഉണ്ടായിരുന്നുള്ളു. കാറില്ല, കാളവണ്ടികളും വിരളമായി കുതിരവണ്ടികളും. ഒരു കാളവണ്ടി പോയാല്‍ ചെമ്മണ്ണു ഉയര്‍ന്നു മറ സൃഷ്ടിക്കും. വെളുത്ത വസ്ത്രം ധരിച്ചു പാതയിലേക്ക് ഇറങ്ങുന്നവര്‍ പെട്ടെന്നു കാഷായ വസ്ത്രം ധരിച്ചവരാകും. വായ്ക്കകത്തും മൂക്കിനകത്തും ചെമ്മണ്ണു കയറും. വിദ്യുച്ഛക്തി വിളക്കുകളില്ലായിരുന്നു അന്ന്. കരിങ്കല്‍ത്തൂണുകളുടെ മുകളില്‍ ചേര്‍ത്തു വച്ച മണ്ണെണ്ണ വിളക്കുകള്‍ മാത്രം. ആ തൂണുകളില്‍ ഏണി ചാരി മുനിസിപ്പാലിറ്റി ജീവനക്കാരന്‍ വലിഞ്ഞു കയറി വിളക്കു കത്തിക്കും. മണ്ണെണ്ണയുടെ മുക്കാല്‍ ഭാഗവും അയാളുടെ വീട്ടിലേക്കു പോയിരുന്നതു കൊണ്ട് ഒരു ഫര്‍ലോങ്ങ് ഇടവിട്ട് ഉണ്ടായിരുന്ന കരിങ്കല്‍ത്തൂണുകളിലെ വിളക്കുകളില്‍ ചിലതേ മങ്ങിയ പ്രകാശം പരത്തിയിരുന്നുള്ളു. അതുകൊണ്ടു രാത്രി സഞ്ചാരം ആളുകള്‍ വര്‍ജ്ജിച്ചിരുന്നു. അത്യാവശ്യമായി പോകേണ്ടി വന്നാല്‍ ചുട്ടു കത്തിച്ചു കൊണ്ടാവും യാത്ര. തികച്ചും അപരിഷ്കൃതമായ ജീവിതം. പക്ഷേ അക്കാലത്തു കാറുകള്‍ മറിഞ്ഞ് ആളുകള്‍ മരിച്ചിരുന്നില്ല. അവ കൂട്ടിയിടിച്ച് അവര്‍ കാലപുരിക്കു പോയിരുന്നില്ല. വിദ്യുച്ഛക്തിയുടെ ആഘാതത്താല്‍ അവര്‍ ശവങ്ങളായി മാറിയിരുന്നില്ല. ഇലക്ട്രിക് ഇസ്തിരിപ്പെട്ടിയില്‍ നിന്നു ഷോക്ക്, റ്റേബിള്‍ ഫാന്‍ പ്രവര്‍ത്തിപ്പിച്ചു സ്ത്രീകള്‍ മുടിയുണക്കുമ്പോള്‍ അതില്‍ മുടിയുടക്കിയുള്ള മരണം, എപ്പോഴും എ.സി. മുറിയിലിരുന്ന് ശരീരം പഴുത്ത് പഴുത്ത് വലിയ ആളുകള്‍ക്ക് ഉണ്ടാകുന്ന ജീവിതാന്ത്യം ഇവയൊന്നും ഇല്ലേയില്ല. പരിഷ്ക്കാരം കൂടുമ്പോള്‍, ശാസ്ത്രം വികസിക്കുമ്പോള്‍ ആപത്തുകള്‍ കൂടും. ശാസ്ത്രീയമായ വികാസം വരുത്തുന്ന വിനയെ ഒരു തവളയുടെ ആത്മത്യാഗത്തിലൂടെ സ്പഷ്ടമാക്കുന്ന ശ്രീ. വി.ആര്‍. സുധീഷിന്റെ ‘വംശാനന്തര തലമുറ’ എന്ന ചെറുകഥ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) നല്ലൊരു അലിഗറി ആയിട്ടുണ്ട്. ഭംഗ്യന്തരേണ അത് വ്യക്തിയുടെ പരോപകാര തല്‍പരതയെയും സമുദായത്തിന്റെ നൃശംസതയെയും വ്യഞ്ജിപ്പിക്കുന്നു. ഞാന്‍ അലിഗറിയുടെ സ്തോതാവല്ല. തവളയെ കൊണ്ടു വരുന്നതും കീറുന്നതും കുട്ടികള്‍ അദ്ഭുതപ്പെടുന്നതും അതിനെ മുറിവു തച്ച് കുളത്തിലിടുന്നതും അത് വീട്ടിലെത്തി കുടുംബത്തോടു എല്ലാം വര്‍ണ്ണിച്ചിട്ട് മരിക്കുന്നതുമൊക്കെ കഥാകാരന്‍ പാടവത്തോടെ വര്‍ണ്ണിക്കുന്നുണ്ട്. എന്നാല്‍ തവളയ്ക്കു പകരം മനുഷ്യനെ ആ സ്ഥാനത്തു വയ്ക്കു. വായനക്കാരന്റെ താല്‍പര്യം നശിക്കും. അലിഗറിയില്‍ പ്രതീകത്തെ വേറൊന്നിലേക്കു സംക്രമിപ്പിക്കുന്ന മാനസികവ്യാപാരമാണ് താല്‍പര്യജനകമാകുന്നത്. ‘അതാ സിംഹം വരുന്നു’ എന്നു കേട്ടാല്‍ ശ്രോതാവ് അസ്വസ്ഥനാകും. എന്നാല്‍ സിംഹം ധീരതയുള്ള രാമനാണെന്നു ഗ്രഹിക്കുമ്പോള്‍ അസ്വസ്ഥത മാറുകയും മനസ്സ് പൂര്‍വസ്ഥിതിയില്‍ എത്തുകയും ചെയ്യും. അതോടെ താല്‍പര്യം ഇല്ലാതാകുന്നു. ആഴത്തില്‍ അനുഭവിച്ച വിചാരത്തെ ആഴത്തിലുള്ള വികാരവുമായി കൂട്ടിയിണക്കുമ്പോഴാണ് കലയുടെ ജനനം. അലിഗറിക്കു കലാത്മകതയില്ല.

വ്യക്തികള്‍

ബാലചന്ദ്രന്‍ ചുള്ളിക്കാട്

വിമര്‍ശനത്തില്‍ ക്ഷോഭിക്കാത്ത ഒരേയൊരു കവി. ക്ഷോഭിക്കില്ലെന്നു മാത്രമല്ല, സ്നേഹത്തോടു കൂടി പെരുമാറുകയും ചെയ്യും. ‘എനിക്കിത്ര മാത്രമേ കഴിയൂ’ എന്നു സ്വന്തം കാവ്യനിര്‍മ്മിതിയെക്കുറിച്ചു പറയാനും മടിയില്ല അദ്ദേഹത്തിന്. ‘പ്രരോദന’ത്തിലെ ശ്ലോകങ്ങള്‍ കാണുന്നവരെയെല്ലാം ചൊല്ലിക്കേള്‍പ്പിക്കും എന്നൊരു ദോഷമേയുള്ളു ബാലചന്ദ്രന്‍ ചുള്ളിക്കാടിന്.

ജി. ശങ്കരക്കുറുപ്പ്
ജി. ശങ്കരക്കുറുപ്പ്

എറണാകുളത്തെ ‘ഭദ്രാലയ’ത്തിന്റെ പൂമുഖത്ത് അദ്ദേഹം ഏകാഗ്രതയോടെ വിദൂര വീക്ഷണം നടത്തി ഇരിക്കുകയായിരുന്നു, ഞാന്‍ ചെന്നപ്പോള്‍. എന്റെ സാന്നിദ്ധ്യം അദ്ദേഹം അറിഞ്ഞില്ല. ജിയുടെ സഹധര്‍മ്മിണിയും ജാമാതാവ് പ്രഫെസര്‍ എം. അച്യുതനും അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും പട്ടണത്തിലെവിടെയോ പോയിരിക്കുകയായിരുന്നു. മഹാകവിയുടെ മുഖം ഞാന്‍ ഉറ്റുനോക്കി. ആന്തരമായ ശക്തിവിശേഷം അവിടെ പ്രഭ പ്രസരിപ്പിച്ചിരുന്നു. അദ്ഭുതപ്പെടാനില്ല. ആ ശക്തിവിശേഷം തന്നെയായിരുന്നു അദ്ദേഹത്തിന്റെ കവിതയിലാകെ.

പാലാ നാരായണന്‍ നായര്‍

‘താമരപ്പൂവാണ് അദ്ദേഹത്തിന്റെ കവിതയെങ്കിലും താമരയിലയില്‍ പറ്റിയ ജലകണത്തിന്റെ തിളക്കമേ അതിനുള്ളു എന്നു കരുതുന്ന കവി. ഈ അതിവിനയമാണ് അദ്ദേഹത്തിനു കിട്ടേണ്ടതെല്ലാം ഇല്ലാതാക്കിയത്. നന്മയുടെ പേരിലുള്ള വിനയം കൊള്ളരുതായ്മയുടെ താഴ്ചയായിട്ടാണ് മറ്റുള്ളവര്‍ കാണുക. സ്നേഹസമ്പന്നനായ മനുഷ്യന്‍. പാലാ നാരായണന്‍ നായര്‍ അര്‍ഹിക്കുന്ന കീര്‍ത്തി അദ്ദേഹത്തിനു കിട്ടാത്തത് കേരളീയരുടെ സ്വഭാവസവിശേഷതയാല്‍ മാത്രമല്ല; അദ്ദേഹത്തിന് ഒരു രാഷ്ട്രീയകക്ഷിയുടെയും പിന്‍ബലമില്ല എന്നതുകൊണ്ടുമാണ്.

എം.കെ.കെ. നായര്‍

ആകര്‍ഷകങ്ങളായ സ്വപ്നങ്ങള്‍ ഉണ്ടായാല്‍ അവയെ ആകര്‍ഷകങ്ങളായ മാര്‍ഗ്ഗങ്ങളിലൂടെ സാക്ഷാത്കരിക്കാമെന്നു തെളിയിച്ച ബുദ്ധിശാലി. ഇന്ത്യയെ പുരോഗതിയിലേക്കു നയിച്ച മഹാസ്ഥാപനങ്ങളുടെ പിറകില്‍ ഇദ്ദേഹത്തിന്റെ ധിഷണാവൈഭവമാണു പ്രവര്‍ത്തിച്ചത്. പക്ഷേ ചിലര്‍ മാത്രമേ അതറിയുന്നുള്ളു. അദ്ഭുതപ്പെടാനില്ല. പ്രധാനമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പ്രഭാവത്തിന്റെ മുന്‍പില്‍ യാഥാര്‍ത്ഥ്യത്തിനു മങ്ങലേല്ക്കുമല്ലോ. രാജ്യ കാര്യങ്ങളില്‍ തല്‍പരരായവര്‍ അപൂര്‍വമായേ കലയില്‍ തല്‍പരത്വം കാണിക്കൂ. എം.കെ.കെ. നായര്‍ കലയെ സ്നേഹിച്ചിരുന്നു. അതിനു സേവനമനുഷ്ഠിച്ചിരുന്നു. ഭിലായി സ്റ്റീല്‍ പ്ലാന്റിന്റെയും എഫ്.എ.സി.റ്റിയുടേയും നിര്‍മ്മാണത്തില്‍ ധിഷണാശാലി. കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും ചെങ്ങന്നൂര്‍ രാമന്‍ പിള്ളയുടെയും മുന്‍പില്‍ കലാരാധകന്‍.

സി. കേശവന്‍

ഒരു സ്ഥാപനം ചൂണ്ടിക്കാണിച്ചിട്ട് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു: “സര്‍ ഇത് ഒരാളിന്റെ നന്ദിയുടെ പ്രതീകമാണ്.” അതുകേട്ട അദ്ദേഹം എന്നോടൊരു ചോദ്യം. “ഈ ലോകത്ത് അങ്ങനെയൊന്നുണ്ടോ കൃഷ്ണന്‍ നായരേ?” കൃതജ്ഞതാരഹിതരെ ആ ചോദ്യത്തിലൂടെ അങ്ങനെ വിമര്‍ശിച്ചെങ്കിലും എല്ലാ മാനുഷികമൂല്യങ്ങളെയും ഉയര്‍ത്തിപ്പിടിച്ച മഹാനായിരുന്നു സി. കേശവന്‍. കൊച്ചുകുട്ടിയെപ്പോലെ ശുദ്ധന്‍. സ്നേഹത്തിന്റെ ഭാഷ മാത്രമേ അദ്ദേഹത്തിനു അറിയാമായിരുന്നുള്ളു. ‘ധിക്കൃതശക്രപരാക്രമനാകിന’ സി.പി.യെ വെല്ലുവിളിച്ച ദേശസ്നേഹി. ധീരന്‍.

പുതിയ പുസ്തകം

ആഴത്തില്‍ അനുഭവിച്ച വിചാരത്തെ ആഴത്തിലുള്ള വികാരവുമായി കൂട്ടിയിണക്കുമ്പോഴാണ് കലയുടെ ജനനം. അലിഗറിക്കു കലാത്മകതയില്ല.

പതിനഞ്ചിലധികം ഭാഷകളിലേക്കു തര്‍ജ്ജമചെയ്യപ്പെട്ട ഹിന്ദിനോവലാണ് ‘രാഗ് ദര്‍ബാറി’. ഈ വര്‍ഷം അതിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ ഇന്‍ഡ്യന്‍ പെന്‍ഗ്വിന്‍സ് പ്രസാധനം ചെയ്തിരിക്കുന്നു. ബ്രിട്ടീഷ്കാരിയായ Gillian Wright-ന്റെ ഈ തര്‍ജ്ജമ, തര്‍ജ്ജമയെന്ന നിലയില്‍ മനോഹരമാണ്. നോവലിന്റെ കര്‍ത്താവായ ശ്രീലാല്‍ ശുക്ല ഇന്‍ഡ്യന്‍ അഡ്മിനിസ്റ്റ്രേറ്റീവ് സര്‍വീസില്‍നിന്നു വിരമിച്ച ഉത്തര്‍പ്രദേശ്കാരനാണ്. പില്ക്കാത്ത് പ്രധാനമന്ത്രിയായ് ശ്രീ. വി.പി. സിങ്ങിന്റെ കീഴില്‍ സ്റ്റെയ്റ്റ് ഡയറക്ടര്‍ ഒഫ് ഇന്‍ഫര്‍മേഷനായി പ്രവര്‍ത്തിച്ചു, ശ്രീ ലാല്‍ ശുക്ല. അദ്ദേഹത്തിന് ഇപ്പോള്‍ അറുപത്തേഴു വയസ്സായി.

ലൈംഗികകാര്യങ്ങളില്‍ കുട്ടികള്‍ക്കുണ്ട് എന്നുപറയപ്പെടുന്ന നിഷ്കളങ്കത ശുദ്ധമായ ഭോഷ്കാണെന്നു തെളിയിച്ച നോവലിസ്റ്റാണ് ആല്‍ബര്‍ട്ടോ മൊറാവ്യ.

ഉത്തര്‍പ്രദേശിലെ സാങ്കല്പികഗ്രാമമായ ശിവ്പാല്‍ഗഞ്ചിലെ നാറുന്ന രാഷ്ട്രവ്യവഹാരത്തെ ഫലിതാത്മകമായി ചിത്രീകരിച്ച് ഇന്‍ഡ്യയില്‍ ആകെയുള്ള നാറ്റത്തെ അനുഭവപ്പെടുത്തിത്തരികയാണ് നോവലിസ്റ്റ്. അഴിമതിയും കൈക്കൂലിയും ഭാരതീയന്റെ ജീവിതത്തിലെ സര്‍വസാധാരണങ്ങളായ സംഭവങ്ങളായി മാറിയിരിക്കുകയാണല്ലോ. മദ്ധ്യയിന്‍ഡ്യയില്‍ ഒരു ചെറിയ തീവണ്ടിയാപ്പീസില്‍ റ്റിക്കറ്റ് മുന്‍കൂട്ടി വാങ്ങാന്‍ ഞാന്‍ ചെന്നു. റ്റിക്കറ്റിന്റെ സംഖ്യ കൃത്യമായി കൗണ്ടറിലൂടെ ക്ലാര്‍ക്കിന്റെ കൈയിലെത്തിച്ചപ്പോള്‍ അയാള്‍ Two rupees more എന്നു പറഞ്ഞു. ചാര്‍ജ്ജ് കൂട്ടിയിരിക്കുമെന്നു വിചാരിച്ച് ഞാന്‍ രണ്ടു രൂപ കൂടെ കൊടുത്തു. കിട്ടിയ റ്റിക്കറ്റ് നോക്കിയപ്പോള്‍ ചാര്‍ജ്ജ് കൂട്ടിയിട്ടില്ലെന്നും ആ രണ്ടു രൂപ ഒരു റ്റിക്കറ്റ് തരുന്നതിനുള്ള കൈക്കൂലിയാണെന്നും മനസ്സിലാക്കി. ഞാന്‍ കൊടുത്ത രണ്ടു രൂപ കൈകൂലിയല്ല, റ്റിക്കറ്റിന്റെ വിലയോടൊരുമിച്ചു തനിക്കു ന്യായമായി കിട്ടേണ്ട തുകയാണ് എന്നത്രേ ക്ലാര്‍ക്കിന്റെ വിചാരം. രണ്ടു രൂപയ്ക്കു പകരം രണ്ടര രൂപ കൊടുത്താല്‍ അര രൂപ കൈക്കൂലിയാകും. അപ്പോള്‍ പൊലിസിനു കെയ്സെടുക്കാം. തമിഴ്‌നാട്ടിലൊരു തീവണ്ടിയാപ്പീസില്‍ റ്റിക്കറ്റിന്റെ വിലയോടൊരുമിച്ചു പത്തു രൂപ കൂടെ വയ്ക്കണം. അതു ന്യായം. പതിനൊന്നു രൂപ കൊടുത്താല്‍ ഒരു രൂപ കൈക്കൂലിയായി പരിഗണിക്കപ്പെടും. തനിക്ക് കൈക്കൂലി തന്നുവെന്നു ക്ലാര്‍ക്കിനു പരാതിപ്പെടാം. ഒരു രൂപ കൂടുതല്‍ കൊടുത്തവന്‍ അതിന്റെ പേരില്‍ ജയിലില്‍ പോയെന്നു വരും.

നിത്യജീവിതത്തിന്റെ ഒരു ഭാഗമായിത്തീര്‍ന്ന ഈ ധനാധിക്യദാനവും അതിനോടു ചേര്‍ന്ന മറ്റഴിമതികളും ഹാസ്യസാഹിത്യത്തിന്റെ രീതിയില്‍ ഈ നോവലില്‍ വിമര്‍ശിക്കപ്പെടുന്നു. ഒരു കോളേജിന്റെയും സഹകരണസംഘത്തിന്റെയും പരമാധികാരിയോടു ബന്ധപ്പെടുത്തിയാണ് നോവലിസ്റ്റ് ഇതനുഷ്ഠിക്കുന്നത്. ഒരുപുറവും ചിരിക്കാതെ വായിച്ചു തീര്‍ക്കാന്‍ നമുക്കു സാധിക്കില്ല. പക്ഷേ ഇത് ഉത്കൃഷ്ടമായ കലയാണെന്ന് ഞാന്‍ കരുതുന്നില്ല. ജേണലിസം അല്ലെങ്കില്‍ സൂപര്‍ജേണലിസം; അത്രമാത്രം. എങ്കിലും നമ്മുടെ നാട്ടിന്റെ ദുഃസ്ഥിതി മനസ്സിലാക്കാന്‍ ഇതു പ്രയോജനപ്പെടും (വില 85 രൂപ).

ഏഴാച്ചേരി

ഏഴാച്ചേരി രാമചന്ദ്രന്‍

നമ്മുടെ പ്രാചീനഗാനങ്ങളുടെ സംസ്കാരം ഉള്‍ക്കൊണ്ട് നവീനതമകവിതയുടെ കാര്‍ക്കശ്യത്തെ പരിഹസിക്കുകയാണ് ശ്രീ. ഏഴാച്ചേരി രാമചന്ദ്രന്‍ തന്റെ ‘പാഴീണം’ എന്ന കാവ്യത്തിലൂടെ (ദേശാഭിമാനി വാരിക). നമുക്കൊരു പൈതൃകമുണ്ട്. അതിനെ ധ്വംസിക്കുന്നതാണ് നവീനതമകവിതയുടെ പരുക്കന്‍ സ്വഭാവം. ഭൂതകാലത്തെക്കുറിച്ചുള്ള ബോധമാണല്ലോ പാരമ്പര്യമെന്നത്. ആ പാരമ്പര്യത്തെ ലംഘിക്കുന്നു അധുനാതനന്മാര്‍. അവരെ തോളത്തു നെടുനീളന്‍ പൊക്കണം തൂക്കുന്നവരും ശീമരാഗത്തിലും ഹിന്ദുസ്ഥാനിയിലും അമറുന്നവരുമായി കവി കാണുന്നു. അവര്‍ വിഹരിക്കുമ്പോള്‍ പഴയ പാണനെ പാടാന്‍ ഉണ്ണിയാര്‍ച്ചമാര്‍ വിളിക്കുന്നു. ആ പഴയ പാണന്റെ പാട്ടാണ് യഥാര്‍ത്ഥമായ കവിത. ഉണ്ണിയാര്‍ച്ച കൈരളിയാണ്. പുതുക്കിപ്പണിഞ്ഞ പുത്തുരം വീട്ടില്‍ — നവീനതമ കവിതയുടെ മണ്ഡലത്തില്‍ — ചെന്നു നിന്നു പഴമ്പാട്ടു പാടാനാണ് ക്ഷണം. അറിവുള്ളവര്‍ പാണന്‍ പോകുന്നതിനെ തടുക്കുന്നു. അതു കവിയുടെ വാക്കുകളിലൂടെത്തന്നെ കേട്ടാലും:

ഉണ്ടിളമുറക്കാരാം പാട്ടുകാര്‍ പോകേണ്ടെന്നു
പെങ്ങളും പെണ്ണും പാണക്ക്ടാത്തനും വിലക്കുന്നു
വേച്ചുവേച്ചെങ്ങാന്‍ച്ചെന്നു വീഴുകില്‍പ്പഴേവിധം
നോക്കുവാനാവില്ലെന്നു ലോകനാര്‍ക്കുളിര്‍ കാറ്റും.

എന്നാലും പാണന്‍ പോയി. പക്ഷേ അപമാനവും നിന്ദനവും മാത്രമേ ഉണ്ടായുള്ളു. അതിലെന്ത് അദ്ഭുതപ്പെടാനിരിക്കുന്നു. “അപ്പൊഴും പുത്തൂരം വീടാകെയും മുഴങ്ങുന്നു വൃത്തഹീനരാം പുതുപ്പാണര്‍ തന്നലര്‍ച്ചകള്‍.” യഥാര്‍ത്ഥമായ കേരളകവിത പാടുമ്പോള്‍ നവീനതമകവിത ഗര്‍ജ്ജിക്കുകയാണ് എന്നത്രേ ഏഴാച്ചേരിയുടെ പരിഹാസം. എന്തു ചെയ്യാം? പാഴീണം പണ്ടേപ്പോലെ ഇപ്പോഴത്തെ മക്കള്‍ക്കു രസിക്കില്ല. അവര്‍ പാണരെ അധിക്ഷേപിക്കുന്നു പാടാന്‍ സമ്മതിക്കാതെ. അയാള്‍ തിരിച്ചു നടക്കുമ്പോള്‍ പൂക്കൈതപോലും തെച്ചിപോലും കളിയാക്കുന്നു.

പാരമ്പര്യത്തെ ലംഘിക്കുന്നവരോടുള്ള പരിഹാസം, യഥാര്‍ത്ഥമായ കവിത്വത്തോടുള്ള സ്നേഹം, ബഹുമാനം ഇവയെ പാഴീണത്തിലൂടെയല്ല സാര്‍ത്ഥകമായ പ്രതിപാദനത്തിലൂടെ സ്ഫുടീകരിക്കുന്നു ഏഴാച്ചേരിയുടെ ഈ കാവ്യം.

“എന്റെ പൊന്നാര്‍ച്ചേ നിന്റെ വാര്‍മുടി നരച്ചാവോ?
കണ്ണിലെയൊളിയമ്പിന്നൊളിയെങ്ങനെയിപ്പോള്‍?
അങ്കമോരോന്നും കഴിഞ്ഞെത്തി ഞാന്‍ പാടുന്നേരം
മംഗലേ സമ്മാനം നീ നീട്ടുമീ മന്ദസ്മേരം.”

ഇങ്ങനെയുള്ള ഹൃദ്യങ്ങളായ വരികള്‍ ഈ കാവ്യത്തിനു മോടികൂട്ടുന്നു.

ഹജൂര്‍ കച്ചേരിയിലെ ഫലിതം

ഞാന്‍ ഹജൂര്‍ കച്ചേരിയില്‍ ഗുമസ്തനായിരുന്നുവെന്നു പലപ്പോഴും എഴുതിയിട്ടുണ്ട്. ആദ്യമായി ഈ കോളം വായിക്കുന്നവര്‍ക്കു വേണ്ടി അത് ആവര്‍ത്തിക്കുകയാണ്. അക്കാലത്തെ അതിവിദഗ്ദധനായ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു എം.സി. തോമസ്. ഐന്‍സ്റ്റൈന്‍ തുടങ്ങിയ മഹാന്മാര്‍ക്ക് കത്തയയ്ക്കേണ്ടി വരുമ്പോള്‍ എം.സി. തോമസ് ഡ്രാഫ്റ്റ് തയ്യാറാക്കട്ടെയെന്നു ദിവാന്‍ സര്‍. സി.പി. കല്പിക്കും. അദ്ദേഹം എഴുതുന്ന ഡ്രാഫ്റ്റില്‍ ഒരു വാക്കു പോലും മാറ്റാതെ approved എന്നെഴുതി അത് ഓഫീസിലേക്ക് അയയ്ക്കും സി.പി. ചിലപ്പോള്‍ A very good draft എന്നും അദ്ദേഹം അതിലെഴുതുമായിരുന്നു.

ഒരു ദിവസം ഞാന്‍ ഫയലുമായി തോമസിന്റെ മുറിയില്‍ച്ചെന്നു. ഞാനെഴുതിയ ഒരു ഡ്രാഫ്റ്റിന്റെ കുറുകെ ഒരു വെട്ടുകിട്ടി. ‘കുന്നുകുഴി യൂണിവേഴ്‌സിറ്റിയിലല്ലേ നിങ്ങള്‍ പഠിച്ചത്’ എന്നു ദേഷ്യത്തില്‍ എന്നോടു അദ്ദേഹം ചോദിച്ചു. ദുഃഖത്തോടെ ഫയലെടുത്തുകൊണ്ടു തിരിച്ചു നടന്ന എന്നോട് അദ്ദേഹം മറ്റൊരു ഫയലെടുത്തു നോക്കി കോപിച്ചിട്ടു പറഞ്ഞു: ‘നിങ്ങള്‍ ആ കിങ് കോബ്രയോടു ഇങ്ങോട്ടു വരാന്‍ പറയൂ.’ അമ്പരന്നു നിന്നു പോയ എന്നോടു വീണ്ടും അദ്ദേഹം: നാഗഭൂഷണം. ഞാന്‍ ജോലി ചെയ്തിരുന്ന സെക്ഷനില്‍ നാഗഭൂഷണം എന്നൊരു ക്ളാര്‍ക്കുണ്ടായിരുന്നു. അദ്ദേഹത്തെയാണ് എം.സി. തോമസ് കോപത്തിലൂടെ കിങ് കോബ്രയായി കണ്ടത്.

യോസ (Llosa)

മാറ്യോ വാര്‍ഗാസ് യോസ

ലൈംഗികകാര്യങ്ങളില്‍ കുട്ടികള്‍ക്കുണ്ട് എന്നു കരുതപ്പെടുന്ന നിഷകളങ്കത ശുദ്ധമായ ഭോഷ്കാണെന്ന് തെളിയിച്ച നോവലിസ്റ്റാണ് ആല്‍ബര്‍ട്ടോ മൊറാവ്യ. അദ്ദേഹത്തിന്റെ Two Adolescents എന്ന നോവല്‍ കലാപരമായി ഇതു സ്പഷ്ടമാക്കുന്നു. യഥാര്‍ത്ഥത്തില്‍ രണ്ടു നോവലെറ്റുകളാണ് ഇത്. ഈ നോവലിന്റെ ആവിര്‍ഭാവത്തിനുശേഷം — നാല്പത്തിയഞ്ചു വര്‍ഷത്തിനു ശേഷം — നമുക്കു ലഭിച്ച “In Praise of the Stepmother” (മാറ്യോ വാര്‍ഗാസ് യോസ — Mario Vargas Llosa — എഴുതിയത്) എന്ന നോവല്‍ മൊറാവ്യയുടെ നോവലിനെ ബഹുദൂരം അതിശയിച്ചിരിക്കുന്നു. അതിലെ ഒരു വര്‍ണ്ണനയും എന്നുവേണ്ട ഒരു വാക്യവും അച്ചടിക്കാന്‍ വയ്യ. പക്ഷേ മഹാനായ യോസയുടെ സര്‍ഗ്ഗവൈഭവം അതിനെ കലാസൃഷ്ടിയാക്കി മാറ്റിയിരിക്കുന്നു. ലൂക്രിഷയ്ക്കു (Lucretia) നോവല്‍ തുടങ്ങുമ്പോള്‍ നാല്പതു വയസ്സാണ് പ്രായം. അവളുടെ ഭര്‍ത്താവ് റിഗോബര്‍ടോ. ആദ്യത്തെ ഭാര്യയില്‍ ജനിച്ച മകനോടു കൂടി അയാള്‍ ആഹ്ലാദനിര്‍ഭരമായ ജീവിതം നയിക്കുന്നു. മകന്‍ കൗമാരാവസ്ഥ കടന്നിട്ടില്ല. ചിറ്റമ്മയോടു അവനു തോന്നുന്ന കാമം നിഷ്ക്കളങ്ക സ്നേഹത്തിന്റെ രൂപമാര്‍ന്ന് ആദ്യം പ്രത്യക്ഷമാകുന്നു. പക്ഷേ അതു പ്രദര്‍ശിപ്പിക്കുന്ന ബാലന്‍ രാക്ഷസീയമായ ചിന്താഗതി വച്ചു പുലര്‍ത്തുകയാണ്. ചിറ്റമ്മ കുളിക്കുമ്പോള്‍ അവളുടെ നഗ്നമേനി പൊന്മേനി കണ്ടു രസിക്കും അവന്‍. മകന്‍ അങ്ങനെ നോക്കുന്നുവെന്നത് അറിഞ്ഞ് മേനിയാകെ അവനു കാണത്തക്കവിധത്തില്‍ ചിറ്റമ്മ നിന്നുകൊടുക്കുന്നു. ഒടുവില്‍ അവള്‍ തന്നെ മകനെ ലൈംഗികമായി സ്വീകരിക്കുന്നു. അതു കഴിഞ്ഞയുടനെ അവന്‍ അച്ഛന്റെ അടുക്കല്‍ച്ചെന്ന് ചിറ്റമ്മ അവനോടു പറഞ്ഞ ഒരു വാക്കിന്റെ — Orgasm എന്ന വാക്കിന്റെ — അര്‍ത്ഥം ചോദിക്കുന്നു. സംഭ്രമിച്ചു നിന്ന അച്ഛന് അവനെഴുതിയ In Praise of the Stepmother എന്ന രചന (ഫ്രീ കോമ്പൊസിഷന്‍ എന്ന് നോവലില്‍) കൊണ്ടു കൊടുക്കുന്നു. അതില്‍ ചിറ്റമ്മയുടേയും മകന്റേയും ലൈംഗികവേഴ്ച മുഴുവന്‍ വര്‍ണ്ണിച്ചിട്ടുണ്ട്. ചിറ്റമ്മ ഭവനത്തില്‍ നിന്ന് ബഹിഷ്കരിക്കപ്പെട്ടു. ഭവനത്തില്‍ പരിചാരികയുണ്ട്. അവളാണ് മകന്‍ കുളിമുറിയില്‍ ഒളിഞ്ഞുനോട്ടം നടത്തുന്നതു കണ്ടുപിടിച്ചത്. ആ പരിചാരിക ബാലനോടു ചോദിച്ചു അവന്റെ അമ്മയുടെ സ്ഥാനത്തെത്തിയ ചിറ്റമ്മയോടുള്ള പ്രതികാരനിര്‍വഹണമായിരുന്നോ ആ പ്രവൃത്തിയെന്ന്. “ഞാന്‍ നിനക്കു വേണ്ടിയാണ് അതു ചെയ്തത്. എന്റെ അമ്മയ്ക്കു വേണ്ടിയല്ല” എന്നു പറഞ്ഞ് അവന്‍ അവളെ ചുംബിക്കാനൊരുങ്ങി. ‘Because You’re the one I...” എന്ന വാക്യം പൂര്‍ണ്ണമാക്കിയില്ല ബാലന്‍. അവള്‍ അവനെ തള്ളിമാറ്റി, കുരിശു വരച്ചുകൊണ്ടു മുറിയില്‍ നിന്ന് ഓടിപ്പോകുമ്പോള്‍ നോവല്‍ അവസാനിക്കുന്നു.

നോവലില്‍ നിഷ്കളങ്കതയുടെ പ്രസ്താവമില്ല. വായനക്കാര്‍ അവനില്‍ സ്വാഭാവികമായും നിഷ്കളങ്കത ആരോപിക്കുകയാണ്. പക്ഷേ, അതൊരു വ്യാമോഹമാണെന്നും ഏതൊരു ശിശുവും ലൈംഗികകാര്യങ്ങളില്‍ പിശാചാണെന്നും വ്യക്തമാക്കുകയാണ് യോസ. ഈ സത്യം മനസ്സിലാക്കി ഏതൊരു നിരപരാധശിശുവിനെയും മനസ്സിലാക്കൂ എന്നാണ് ഗ്രന്ഥകാരന്റെ ഉപദേശം. ജീവിതം ‘ഇവിടെ ഭയജനകമായി പ്രത്യക്ഷമാകുന്നു. പൈശാചികമാണത്. ആ ഭയജനകത്വത്തിന്റെയും പൈശാചികത്വത്തിന്റെയും പിറകിലുള്ള സത്യത്തെ യോസ ചൂണ്ടിക്കാണിച്ചു തരുന്നു. തികഞ്ഞ വൈഷയികത്വത്തെ ശുദ്ധമായ കലയാക്കുന്ന രീതിയാണ് ഈ നോവലിസ്റ്റിന്റേത്. “I have very often had precisely the same reaction to a story: a novel that leaves out sexual experience annoys me as much as one that reduces life exclusively to sexual experience” എന്നു യോസ പറഞ്ഞിട്ടുണ്ടെങ്കിലും (The perpetual Orgy, Llosa, Faber and Faber), ലൈംഗികാനുഭവത്തിലേക്കു മാത്രം ജീവിതത്തെ ഒതുക്കുന്ന മനോഹരമായ നോവലാണ് ഇത് (In Praise of Stepmother, Translated by Helen Lane, Faber & Faber, Open market edition, 1992. £3.99.)

തമിഴ്‌നാട്ടിലൊരു തീവണ്ടിയാപ്പീസില്‍ ടിക്കറ്റിന്റെ വിലയോടൊരുമിച്ചു പത്തു രൂപ കൂടെ വയ്ക്കണം. അതു ന്യായം. പതിനൊന്നു രൂപ കൊടുത്താല്‍ ഒരു രൂപ കൈക്കൂലിയായി പരിഗണിക്കപ്പെടും. തനിക്കു കൈക്കൂലി തന്നുവെന്നു ക്ളാര്‍ക്കിനു പരാതിപ്പെടാം.