close
Sayahna Sayahna
Search

സാഹിത്യവാരഫലം 1993 01 03


സാഹിത്യവാരഫലം
MKrishnanNair2.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1993 01 03
ലക്കം 903
മുൻലക്കം 1992 12 27
പിൻലക്കം 1993 01 10
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക


ഞാന്‍ ബാലനായിരിക്കെ, ആ കൊച്ചു ജലാശയത്തില്‍ ഒഴുക്കിയ കടലാസ്സുതോണി പെട്ടെന്നു നിശ്ചലമായി. അത് ഉറങ്ങുന്നതുപോലെ തോന്നി. ജലാശയവും ഉറങ്ങുകയാണ്. ഒരു കാറ്റു വന്നെങ്കില്‍ രണ്ടും ഉണരുമായിരുന്നു. ഉള്ളൂര്‍ക്കവിത ഭാരത സംസ്കാരത്തില്‍ ഉറങ്ങുകയാണ്. ഭാരത സംസ്കാരം അതില്‍ ചലനരഹിതം. വള്ളത്തോള്‍ക്കവിത വൈഷയികത്വത്തില്‍ നിദ്രാധീനം. വൈഷകത്വത്തിനും സുഷുപ്തി. വിമര്‍ശനത്തിന്റെ കാറ്റു വീശുമ്പോഴാണ് ഇവയെല്ലം ചലനം കൊള്ളുന്നത്. അതിനാല്‍ കവിതാവിമര്‍ശനം നമുക്കു ഒഴിവാക്കാവുന്നതല്ല.

നവീന കവിത പടിഞ്ഞാറന്‍ കവിതയില്‍ ഉറങ്ങുകയല്ല; അതില്‍ താണ്ഡവമാടുകയാണ്. ആ നൃത്തം അനുസ്യൂതമായി നടത്താനാവില്ല. ഇപ്പോള്‍തന്നെ അതിന്റെ കാലു കഴച്ചു തുടങ്ങി; മേനി വിയര്‍ത്തു തുടങ്ങി. ഏറെ വൈകാതെ ഈ പടിഞ്ഞാറന്‍ മങ്കയോടു പി. കുഞ്ഞിരാമന്‍ നായര്‍ മറ്റൊരു സന്ദര്‍ഭത്തില്‍ ചോദിച്ചതുപോലെ നമുക്കും ചോദിക്കേണ്ടിവരും. മൂര്‍ച്ഛാജനകമായ മരുന്നുകൊടുത്തു മയക്കപ്പെട്ടു മേശമേല്‍ കിടത്തിയിരിക്കുന്ന രോഗിണിയെപ്പോലെ സായാഹ്നം അന്തരീക്ഷത്തില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നതു കാണുന്ന നിങ്ങള്‍ ആമ്പലപ്പൂ പൂത്തുനില്ക്കുന്ന കേരളത്തിലെ വാപികളെ കാണുന്നില്ലേ?

“നയാഗ്രാ”

സംസ്കൃതത്തിലെ അപസ്മാരശബ്ദത്തിനു സ്മരണശക്തിയുടെ അഭാവം എന്നാണ് അര്‍ത്ഥം. സ്മരണയെ നശിപ്പിക്കുന്നത് നമ്മുടെ അഹംബോധമാണ്. നടരാജവിഗ്രഹത്തിലെ ശിവപാദത്തിന്റെ താഴെക്കിടക്കുന്നത് അപസ്മാരന്‍ എന്ന രാക്ഷസനാണെന്നും അങ്ങനെ ആ രൂപം അഹംബോധത്തെ സൂചിപ്പിക്കുന്നുവെന്നും ഏതോ പണ്ഡിതന്‍ എഴുതിയതു ഞാന്‍ വായിച്ചിട്ടുണ്ട്. അഹംബോധത്തെ ചവിട്ടി നശിപ്പിക്കുകയാണു ശിവന്‍. നടരാജന്റെ നൃത്തം പ്രപഞ്ചലയത്തെയും വിഗ്രഹത്തിനു ചുറ്റുമുള്ള അഗ്നി, പ്രപഞ്ചസൃഷ്ടിയെയും സൂചിപ്പിക്കുന്നു. ഉടുക്ക് ഭാഷയെയും അഭയമുദ്ര സംരക്ഷണശക്തിയെയും കാണിക്കുന്നു. ഉയര്‍ത്തിയ ഒരു കാലിനെ ഒരു കൈ ചൂണ്ടിക്കാണിക്കുന്നതു ഭക്തജനപരിപാലനത്തെയാണ് സൂചിപ്പിക്കുക. ഒരു കൈയിലെ അഗ്നിനാളം വിനാശാത്‌മകതയുടെ പ്രതീകമത്രേ. ശ്രീമതി സുഗതകുമാരിയുടെ നയാഗ്രാ എന്ന കാവ്യത്തില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) നടരാജന്റെ വേറൊരു നൃത്തരൂപത്തെയാണ് ആലേഖനം ചെയ്തിട്ടുള്ളത്. ജടാഭരം കുടഞ്ഞെഴുന്നേറ്റു നിന്ന് തൃക്കൈകള്‍ അരക്കെട്ടില്‍ അപ്പുറവുമിപ്പുറവും കുത്തി നൃത്തമാടി ജലദുര്‍ഗയെ പ്രവഹിപ്പിക്കുന്ന ശിവനെയാണ് ഇവിടെ കാണുക. ആ നടരാജനെയും ഗംഗാപ്രവാഹത്തെയും നയാഗ്രാ വെള്ളച്ചാട്ടവുമായി കവി ഭാവനാത്മകമായി കൂട്ടിയിണക്കുന്നു. ആദരം കലര്‍ന്ന ഭയത്തെ ഇംഗ്ലീഷില്‍ awe എന്നു പറയുന്നു. ആ രീതിലുള്ള വികാരമാണ് ശിവന്റെ നൃത്തം ഉളവാക്കുന്നത്. അതു വെറും ‘മിത്താ’ ണെന്നു (myth) ഞാന്‍ സമ്മതിക്കുന്നു. പക്ഷേ ആ മിത്ത് അവാസ്തവികത കൂടാതെ ഒരു വിഭാഗം ജനതയെ സമാക്രമിച്ചുകൊണ്ടിരിക്കുന്നു. നയാഗ്രാ ജലപാതം മിത്തല്ല. അത് യഥാർത്ഥമായ ആദരസമ്മിശ്രമായ ഭയവികാര മുളവാക്കുന്നു. അവാസ്തവികമെങ്കിലും ജനതയ്ക്കു വാസ്തവികമായ മിത്തിനെയും യഥാര്‍ത്ഥമായ ജലപാതത്തെയും നിരക്ഷീര ന്യായമനുസരിച്ച് സമ്മേളിപ്പിച്ച് അനുവാചകനെ ഉദാത്തമണ്ഡലത്തിലേക്കു നയിക്കുന്ന കാവ്യമാണ് ‘നയാഗ്രാ’.

“അടിമുടി നനഞ്ഞുനിന്നലിവിലഴകില്‍, നിന്റെ
യതുലതുമുലഗംഭീരാരവാരത്തില്‍
പരമാനന്ദത്തില്‍ മുങ്ങിക്കുളിച്ചു കണ്ണീരൊതുക്കി
യറിയുന്നേന്‍; സ്വര്‍ഗഗംഗാ വരവു കണ്ടേന്‍.”

ആ സ്വര്‍ഗ്ഗഗംഗയുടെ ആഗമനം അനുവാചകനും കാണുന്നു എന്നതാണ് ഈ കാവ്യത്തിന്റെ സവിശേഷത. ഇതിന്റെ മൗലികത അഭിനന്ദനാര്‍ഹമായിരിക്കുന്നു.

അസാന്നിദ്ധ്യം

കേരളത്തിലെ ചിലര്‍ സാഹിത്യവ്യവസായം തുടങ്ങിയില്ലെങ്കില്‍?

അവര്‍ റബര്‍ വ്യവസായത്തില്‍ തല്‍പരരാകുമായിരുന്നു.

ഞാന്‍ യൂണിവേ‌ഴ്‌സിറ്റി കോളേജില്‍ (കൊളീജ്) എന്ന് ശരിയായ ഉച്ചാരണം) പഠിച്ച കാലത്ത് എന്നെ കെമിസ്റ്റ്രി പഠിപ്പിച്ച അധ്യാപകനെ കുട്ടികള്‍ ബുണ്‍സണ്‍ എന്നു വിളിച്ചിരുന്നു. ജര്‍മ്മന്‍ കെമിസ്റ്റായിരുന്നു ബുണ്‍സണ്‍. സാറിന്റെ ക്ലാസ്സില്‍ എപ്പോഴും ബഹളം. ‘ഹാജരെടുക്കുമ്പോള്‍’ സ്വന്തം നമ്പര്‍ തക്കസമയത്തു പറയാന്‍ മറന്നുപോയ വിദ്യാര്‍ത്ഥി പിന്നീട് അതു പറഞ്ഞാല്‍ സാറ് വകവയ്ക്കില്ല. You are absent എന്നാവും അദ്ദേഹത്തില്‍നിന്നു വരുന്ന വാക്കുകള്‍. വിദ്യാര്‍ത്ഥി No, Sir, I am present എന്നു മറുപടി നല്കിയാല്‍ No you are absent എന്ന് അദ്ദേഹം പറയും. ക്ലാസ്സില്‍ ഇരിക്കുന്ന കുട്ടിയെ ഇല്ലാതാക്കുന്ന ഏര്‍പ്പാടായിരുന്നു സാറിന്റേത്. എന്റെ അധ്യാപകനെപ്പോലെയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ “മരണക്കളി” എന്ന ചെറുകഥ എഴുതിയ ശ്രീ. സോക്രട്ടീസ് വാലത്ത്. വാരികയുടെ മൂന്നു പുറം അദ്ദേഹം അക്ഷരങ്ങള്‍കൊണ്ടു നിറച്ചുവച്ചിരിക്കുന്നു. എന്നാല്‍ ആ പുറങ്ങളാകെ ശൂന്യം. ഒരു വ്യത്യാസം മാത്രം. അച്ചടിമഷി പുരളാത്ത വെറും താളുകള്‍ ദ്രഷ്ടാക്കളെ പീഡിപ്പിക്കില്ല. സോക്രട്ടീസിന്റെ മുദ്രിതപത്രങ്ങള്‍ (printed pages) വല്ലാതെ പീഡിപ്പിക്കുന്നു. ഒരു ക്രിക്കറ്റ് കളിക്കാരന്റെ ജീവിതം മറ്റൊരുത്തനെക്കൊണ്ട് എഴുതിപ്പിക്കുന്നതായി പ്രസ്താവം നടത്തി സാമാന്യമായി ജീവിതത്തെയും മരണത്തെയും കുറിച്ച് വായനക്കാരന് അവബോധം ഉണ്ടാക്കിക്കൊടുക്കാനാണ് സോക്രട്ടിസിന്റെ യത്നം. ആ യത്നത്തില്‍ അദ്ദേഹം പരാജയപ്പെടുന്നുവെന്നു മാത്രമല്ല, നിരപരാധരായ വായനക്കാരെ യാതനയില്‍ കൊണ്ടുചെല്ലുകയും ചെയ്യുന്നു. ഇത്രത്തോളം അസഹനീയമായ വേറൊരു കഥ വായിക്കേണ്ട ദൗര്‍ഭാഗ്യം അടുത്തകാലത്തെങ്ങും എനിക്കുണ്ടായിട്ടില്ല. ഞാന്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായിരുന്ന കാലയളവില്‍ സോക്രട്ടീസ് വാലത്ത് അവിടെ വിദ്യാര്‍ത്ഥിയായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. അന്ന് നമ്പര്‍ പറഞ്ഞ അദ്ദേഹത്തെ പ്രെസന്റായി ഞാന്‍ സ്ളിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. ഇന്നു ചെറുകഥ രചിച്ച് I am present എന്ന് അദ്ദേഹം പറഞ്ഞിട്ടും ഞാന്‍ No you are absent എന്നു മറുപടി പറയുന്നു.

ചോദ്യം, ഉത്തരം

Symbol question.svg.png ചില സ്ത്രീകള്‍ റെബലുകളായി മാറുന്നത് എന്തുകൊണ്ട്?

ജീവിതത്തിന്റെ ആദ്യത്തെ കാലയളവില്‍ അവര്‍ പാപം ചെയ്യുകയില്ല. നല്ലവരായി ജീവിക്കും. പക്ഷേ ക്രമേണ അച്ഛനമ്മമാരും ബന്ധുക്കളും പിന്നീടു ഭര്‍ത്താവും അവരോടു ക്രൂരമായി പെരുമാറും. അതിന്റെ ഫലമായി അവര്‍ വഴക്കാളിത്തസ്വഭാവമുള്ളവരായി മാറും.

Symbol question.svg.png നിങ്ങളെന്തിനാണ് എപ്പോഴും സ്ത്രീകളെക്കുറിച്ച് എഴുതുന്നത്?

സൗന്ദര്യമുള്ള ആളുകളെക്കുറിച്ച്, സൗന്ദര്യമുള്ള വസ്തുക്കളെക്കുറിച്ചു ഞാന്‍ എഴുതുന്നു. തിരുവനന്തപുരം എന്ന നാറുന്ന നഗരത്തെക്കുറിച്ചു ഞാന്‍ എഴുതണമെന്നാണോ ഞങ്ങള്‍ പറയുന്നത്?

നവീന കവിത പടിഞ്ഞാറന്‍ കവിതയില്‍ ഉറങ്ങുകയല്ല; അതില്‍ താണ്ഡവമാടുകയാണ്. ആ നൃത്തം അനുസ്യൂതമായി നടത്താനാവില്ല. ഇപ്പോള്‍തന്നെ അതിന്റെ കാലു കഴച്ചുതുടങ്ങി; മേനി വിയര്‍ത്തു തുടങ്ങി.

Symbol question.svg.png ഗള്‍ഫ് രാജ്യങ്ങളിലെ വര്‍ത്തമാനപ്പത്രങ്ങള്‍ എങ്ങനെ?

ഇന്‍ഡ്യയില്‍നിന്നു ചെല്ലുന്നവരെ അവര്‍ കൂടുതല്‍ മാനിക്കും. അതിന്റെ പേരില്‍ എനിക്കും അനര്‍ഹമായ പ്രാധാന്യം കിട്ടി. ഖലീജ് റ്റെംസ് എന്ന ദിനപത്രത്തില്‍ (ഇന്‍ഡ്യയില്‍ അതിനു തുല്യമായ ഒരു പത്രമില്ല). ശ്രീ സുരേഷ് മേനോന്‍ എന്റെ പ്രഭാഷണം റിപോര്‍ട് ചെയ്തതു കണ്ടപ്പോള്‍ ഞാന്‍ അദ്ഭുതപ്പെട്ടുപോയി.പടത്തോടുകൂടി വെണ്ടയ്ക്ക അക്ഷരത്തില്‍ തലക്കെട്ടോടുകൂടി. നേരെമറിച്ചാണ് കേരളത്തിലെ സ്ഥതി.

Symbol question.svg.png ഭൂതകാലം അസഹ്യമാകുന്നതു പുരുഷനോ സ്ത്രീക്കോ?

പുരുഷന്‍ ഭൂതകാലത്തെ അത്രകണ്ടു ഓര്‍മ്മിക്കുന്നില്ല. സ്ത്രീയെ അത് വേദനിപ്പിച്ചുകൊണ്ടിരിക്കും. മാത്രമല്ല അവളുടെ മകളുടെ ജീവിതത്തെപ്പോലും അതില്ലാതെയാക്കും.

Symbol question.svg.png കേരളത്തിലെ ചിലര്‍ സാഹിത്യവ്യവസായം തുടങ്ങിയില്ലെങ്കില്‍?

അവര്‍ റബര്‍ വ്യവസായത്തില്‍ തല്‍പരരാകുമായിരുന്നു.

Symbol question.svg.png നിങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചാല്‍ എഴുതിവയ്ക്കുന്ന കത്തിന്റെ സ്വഭാവം?

ഞാന്‍ ഒറ്റയ്ക്കു വന്നു. ഒറ്റയ്ക്കു പോകുന്നു.

Symbol question.svg.png ഒരുപദേശം തരൂ.

ഒന്നും അതിരുകടക്കരുതെന്ന് കുമാരനാശാന്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ മകന്‍ പ്രഭാകരന്‍ എന്നോടു പറഞ്ഞിട്ടുണ്ട്. ഒരു ഹ്രസ്വമായ കാലയളവിന് അപ്പുറത്തേക്കു പത്രപംക്തിയോ കാര്‍ട്ടൂണോ നീട്ടികൊണ്ടു പോകരുതെന്ന് ഫിലിം ഡയറക്ടര്‍ അരവിന്ദന്‍ എന്നോടൊരിക്കല്‍ പറഞ്ഞു. അരവിന്ദന്റെ നിര്‍ദ്ദേശം ലംഘിച്ച് ഞാന്‍ എഴുതിക്കൊണ്ടിരുന്നു. താന്‍ ഉപദേശിച്ച സത്യം തന്റെ ജീവിതത്തില്‍ പകര്‍ത്തി അരവിന്ദന്‍ ഹാസ്യ ചിത്രപരമ്പര (മാതൃഭൂമി വാരികയില്‍) നിറുത്തി. ആശാന്റെയും അരവിന്ദന്റെയും ഉപദേശം സ്വീകരിക്കൂ. ഒന്നിലും അതിരുകടക്കാതിരിക്കൂ.
* * *

ആത്മപ്രശംസയ്ക്ക് ഒരിക്കലും അംഗീകാരം കിട്ടില്ല. വായനക്കാര്‍ സദയം ക്ഷമിക്കണം. ഞാന്‍ ഒരാത്മശ്ലാഘ നടത്തിക്കൊള്ളട്ടെ. കൃതജ്ഞത എന്റെ സ്റ്റ്രോങ്ങ് പോയിന്റാണ്. എനിക്കൊരു ഉപകാരം ചെയ്ത ആളിനെ, എന്നല്ല എന്നെക്കുറിച്ചു ഒരു നല്ലവാക്കു പറഞ്ഞ ആളിനെ എനിക്കു വിസ്മരിക്കാനാവില്ല. പല വിധത്തിലും എന്റെ ഉപകര്‍ത്താവായ പ്രഫെസര്‍ എം.കെ. സാനു എന്നെക്കുറിച്ചു കുങ്കുമം വാരികയില്‍ (20 ഡിസംബര്‍) നല്ല വാക്കുകള്‍ എഴുതിയിരിക്കുന്നു. ആ സൗമനസ്യത്തിനു ഞാന്‍ അദ്ദേഹത്തോടു നന്ദി പറയുന്നു.

അവിശ്വാസ്യം

“ജലഘടവും നിറച്ചുകൊൻടീവഴിക്കവള്‍ വരാത്തതിനെന്തിന്നു കാരണം”എന്ന് കവി വാക്യം ചൊല്ലിക്കൊണ്ട് പമ്പാനദിയുടെ തീരത്ത് അരശതാബ്ദത്തിനു മുന്‍പ് ഞാനെത്ര ദിവസങ്ങളിലാണ് നിന്നിട്ടുള്ളത്. പലപ്പോഴും വരില്ല അവള്‍. വരുമ്പോള്‍ എന്തൊരു ഭംഗി! നേര്‍ത്ത പുരികക്കൊടികള്‍, നീണ്ടു ചുരുണ്ട തലമുടി, ഋജുതയാര്‍ന്ന മൂക്ക്, നേരിയ ചുണ്ടുകള്‍. ആ വേഷത്തിനുതന്നെ എന്തൊരു കേരളീയത! മുണ്ടും ബ്ലൗസും. ഒക്കത്തു നിറഞ്ഞ കുടം. “ലളിത ലജ്ജ പുരണ്ട കണ്‍കോണുകളെറിഞ്ഞ് അവള്‍ മെല്ലെ നീങ്ങും. ഇക്കാലത്ത് എനിക്ക് അമ്പതുകൊല്ലം മുന്‍പുള്ള പ്രായം കൈവന്നെങ്കില്‍ കാമുകി വരുന്നതു മറ്റൊരു വിധത്തിലായിരിക്കും കാണുക. കഴുത്തറ്റം വച്ചു മുറിച്ചു കളഞ്ഞ തലമുടി. ഷേവ് ചെയ്തിട്ട് ആ സ്ഥാനത്തു വരച്ചുവച്ച പുരികങ്ങള്‍, ചുണ്ടില്‍ തേച്ച കടും ചായം“കുട്ടിക്കുറയ്ക്കുമേല്‍ റൂഷ്”. വേഷമോ? ഭയാനകം! ഏതാണ്ട് കണങ്കാല്‍ വരെ എത്തുന്ന ളോഹ. ളോഹയുടെ അടിവശത്തു കാണുന്ന പൈജാമയുടെ അറ്റം. പൊട്ടില്ല നെറ്റിയില്‍. ധിക്കാരത്തോടുള്ള നടത്തം. സര്‍വപുച്ഛം. ഈ ഓവര്‍ ഡ്രെസ്സിങ്ങാണ് നമ്മളുടെയും പുച്ഛം ക്ഷണിച്ചു വരുത്തുന്നത്.

സാഹിത്യത്തിലും പാടില്ല ഈ Sartorial splendour (വേഷത്തെസ്സംബന്ധിച്ച ഉജ്ജ്വലത). നിത്യജീവിതത്തില്‍, അന്യരോടുള്ള പെരുമാറ്റത്തില്‍, നൂറുശതമാനവും ജെന്റില്‍മാനായ ശ്രീ. ടി.വി. കൊച്ചുബാവയുടെ ‘പുലര്‍കാലം’ എന്ന ചെറുകഥയുടെ ന്യൂനത ഇതാണ് (കുങ്കുമം). ശരിയായ മാനസികപ്രേരണയില്ലാതെ ഒരുത്തന്‍ ദുഷ്ടതയോടെ പെരുമാറുന്നു. മകനെ അയാള്‍ ആത്മഹത്യയിലേക്കു നയിക്കുന്നു. മകന്റെ ഭാര്യാപിതാവിനോടു ശണ്ഠ കൂടുന്നു. ഭാര്യയെ നിഗ്രഹിക്കുന്നു. കഥ പറയുന്ന ആള്‍ ആ ദുഷ്ടനെ ശിക്ഷിക്കുമ്പോള്‍ കഥ പര്യവസാനത്തിലെത്തുന്നു. കസവാര്‍ന്ന മുണ്ടിനും ബ്ളൗസിനും പകരം സെല്‍വാറും കമ്മീസും. പിച്ചിപ്പൂ ചൂടിയ നീണ്ടു ചുരുണ്ട തലമുടിക്കു പകരം തോളറ്റം വച്ചു മുറിച്ച ഹ്രസ്വാകേശം. ലിപ്‌സ്റ്റിക്, റൂഷ് ആകെയൊരു സാര്‍ടോറിയല്‍ സ്പ്ളെന്‍ഡര്‍. അതു വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു.

നിരീക്ഷണങ്ങള്‍–വിശ്വസാഹിത്യത്തിലൂടെ

  1. ഗ്രീക്ക് ജീവചരിത്രകാരനും പ്രബന്ധകാരനുമായ പ്ളൂട്ടാക്ക് ബുദ്ധിശക്തിയുള്ള ആനകളെക്കുറിച്ചു പറഞ്ഞത് ഓര്‍മ്മയിലെത്തുന്നു. പ്ളൂട്ടാക്കിന്റെ കാല്ത്തിനു വളരെക്കാലം മുന്‍പല്ലാതെ റോമില്‍ ആനകളെ പല വിദ്യകളും പഠിപ്പിച്ചിരുന്നു. പെട്ടന്നു തിരയുക, വട്ടംകറങ്ങുക ഇവ സ്ഥൂലശരീരമുള്ള ആനകള്‍ ചെയ്യണം. ആപത്തുണ്ടാക്കുന്ന അഭ്യാസങ്ങള്‍. ഈ ആനകളുടെ കൂട്ടത്തില്‍ ഒരാനയ്ക്ക് ഒട്ടും ബുദ്ധിയില്ലായിരുന്നു. അതുകൊണ്ടു വിദ്യകള്‍ പഠിപ്പിച്ച ആശാന്മാര്‍ അതിനെ കളിയാക്കുകയും ചെയ്തു. ആ ആന ആരും പറയാതെ, ആരും അറിയാതെ നിലാവുള്ള സമയത്തു കടല്‍ക്കരയില്‍ ചെന്നുനിന്ന് കൂട്ടുകാരുടെ വട്ടംകറങ്ങുക തുടങ്ങിയ വേലകള്‍ തനിയെ അഭ്യസിച്ചിരുന്നു. പാവം ആന- നമ്മുടെ ചില കവികള്‍ക്ക് ഈ ആനയുടെ വിവേകമുണ്ടായെങ്കില്‍! അവര്‍ ഓരോരുത്തരായി ഏകാന്തത്തിലിരുന്നു കവിതയെഴുതാന്‍ അഭ്യസിക്കുമായിരുന്നു.
  2. തിയോജിനിസ് എന്ന മെഗാരയിലെ കവി തലമുടി നരച്ചു വൃദ്ധനായാല്‍ തലമുടി കറുത്ത ചെറുപ്പക്കാരിയായ ഭാര്യയെ ഒഴിവാക്കൂ. നങ്കൂരമിട്ടാലും അനുസരിക്കാത്ത യാനപാത്രത്തെപ്പോലെ അവള്‍ ഏതുസമയത്തും കെട്ടുപൊട്ടിച്ചു മറ്റൊരു തുറമുഖത്ത് അടുക്കും. യുവതിയായ ഭാര്യയ്ക്ക് യുവാവായ ഭര്‍ത്താവിന്റെ തീക്ഷണകിരണങ്ങളാണു വേണ്ടത്, അതില്‍ മാത്രമേ അവള്‍ വാടാതിരിക്കൂ എന്ന് പ്രൂസ്തും പറഞ്ഞിട്ടുണ്ട്- പടുവൃദ്ധനായ ഒരു പത്രാധിപരെ അയാളുടെ പേരക്കുട്ടി പ്രേമിക്കുന്നുവെന്ന് നടിച്ച് കത്തുകളയച്ചു. രചനകള്‍ പ്രസിദ്ധപ്പെട്രുത്തിക്കിട്ടാനുള്ള തന്ത്രമാണ് അതെന്നു മനസ്സിലാക്കാതെ അയാള്‍ അവളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അസ്റ്റ്രോണമി പഠിപ്പിക്കുന്ന ഡോക്ടര്‍ എസ്. പരമേശ്വരന്‍ അസ്റ്റ്രോളജറാണെന്നു തെറ്റിദ്ധരിച്ച് അയാള്‍ ഗ്രഹനില നോക്കാന്‍ അദ്ദേഹത്തെ ഏല്പ്പിച്ചു. സരസനായ പ്രൊഫെസര്‍ പറഞ്ഞു:‌ ‘ഇത്രയും പ്രായമുള്ള പുരുഷന്‍ ഇത്രയും പ്രായം കുറഞ്ഞ തരുണിയെ വിവാഹം കഴിക്കുന്നത് അയാളുടെ ആവശ്യത്തിനല്ല. അടുത്ത വീട്ടുകാരന്റെ ആവശ്യത്തിനാണ്.
  3. സൂക്തരചയിതാവായ മാര്‍ഷല്‍ (Martial) എന്ന റോമന്‍ കവി: മോളിയുടെ പല്ലുകള്‍ കുറഞ്ഞത്; സൂസന്റേതു വെളുത്തതും. കാരണമുണ്ട്. സൂസന്റെ പല്ലുകള്‍ വിലയ്ക്കു വാങ്ങിയവ. മോളിയുടേതു സ്വന്തവും നിരൂപകര്‍ വാഴ്ത്തുന്ന പല മലയാള ചെറുകഥകളും പരകീയങ്ങളാണ്. അതുകൊണ്ട് അവ ശോഭാവഹങ്ങളും.
  4. കലാനിരൂപകനും നോവലിസ്റ്റുമായ John Berger: സമ്പൂര്‍ണ്ണ നഗ്നതയുള്ള, അര്‍ദ്ധനഗ്നതയുള്ള രൂപങ്ങള്‍ വരയ്ക്കുന്നതിനുള്ള താല്‍പര്യം ലൈംഗികമല്ലാതെ മറ്റൊന്നുമല്ല. പണിതീര്‍ന്ന ശില്പം ആസ്വദിക്കുന്നതും അതുതന്നെ. ആധ്യാത്മികത്വം, രാഷ്ടവ്യവഹാരം ഇവ ഉള്‍ക്കൊള്ളുന്ന കൃതികളുടെ ആസ്വാദനവും ഇതുപോലെ ഉള്ളടക്കത്തെര് അവലംബിച്ചാണ് നടത്തുക. ശുദ്ധമായ കലാസ്വാദനം വൈഷമ്യമുള്ള പ്രക്രിയയാണ്.

അഴുക്കുചാല്

“കലാസൃഷ്ടിയെ സ്വീകരിക്കാം; പ്രയോജനപ്പെടുത്താം. നമ്മള്‍ അതിനെ സ്വീകരിക്കുമ്പോള്‍ കലാകാരന്‍ കണ്ടുപിടിച്ച പാറ്റേണ്‍ അനുസരിച്ച് ഇന്ദ്രിയങ്ങള്‍, ഭാവന, മറ്റു ശക്തികള്‍ ഇവയെ നമ്മള്‍ അതിലേക്കു ചെലുത്തുകയാണ്. നമ്മള്‍ അതിനെ പ്രയോജനപ്പെടുത്തുമ്പോള്‍ നമ്മുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ അതിനെ കൂട്ടുവിളിക്കുകയാണ്. പ്രയോജനപ്പെടുത്തല്‍ സ്വീകരിക്കലിനെക്കാള്‍ തരംതാണതാണ്. പ്രയോജനപ്പെടുത്തല്‍ ജീവിതത്തെ സഹായിക്കുന്നു. ജ്വലിപ്പിക്കുന്നു. പക്ഷേ സ്വീകരിക്കല്‍ ജീവിതത്തെ സമ്പന്നമാക്കുന്നു.” ഏതാണ്ട് ഇതേ വിധത്തില്‍ C.S. Lewis എഴുതിയിട്ടുണ്ട്.

ഡോക്ടര്‍ ഓഫ് ഫിലോസഫി: എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, പുനംനമ്പൂതിരി, വള്ളത്തോള്‍, കുമാരനാശാന്‍, ഉള്ളൂര്‍ ഇവരൊക്കെ കവികളായിരുന്നുവെന്നു നമുക്കു പറഞ്ഞുതരുന്ന ആള്‍.

ശ്രീ. സി.ആര്‍. പ്രഭാകരന്‍ ദേശാഭിമാനി വാരികയിലെഴുതിയ “പാര്‍വ്വതിപുരം ശാന്തം” എന്ന ചെറുകഥ പ്രചാരണാത്മകം മാത്രമാണ്. നിരപരാധനായ ഒരു തോട്ടിത്തൊഴിലാളിയെ ലഹളയുണ്ടാക്കുമ്പോള്‍ പൊലീസ് മര്‍ദ്ദിക്കുന്നു; അയാളുടെ ഭാര്യയെ വസ്ത്രമില്ലാതെയാക്കുന്നു. വെറുമൊരു ചിത്രീകരണം. പുതിയ ഭാഷയില്‍ പറഞ്ഞാല്‍ ആ ചിത്രീകരണത്തില്‍ അനുവാചകന്‍ ജീവിക്കുമ്പോഴാണല്ലോ അതു കലയുടെ മണ്ഡലത്തിലേക്കു ചെല്ലുന്നത്. കഥാകാരന്‍ വര്‍ണ്ണിക്കുന്ന സംഭവങ്ങള്‍ ചരിത്രപരമായി ശരിയായിരിക്കാം. സാമൂഹികമായി സത്യാത്മകമായിരിക്കാം. അതുകൊണ്ടു മാത്രം ആ ചിത്രീകരണം കലയാവില്ല. ഇതേ വിഷയം സമരേഷ് ബാസു (മാര്‍ക്സിറ്റ് സാഹിത്യകാരന്‍, Farewell എന്ന കഥ) സുനില്‍ ഗാംഗുലി (The Fugitive and the Followers) ഇവര്‍ കൈകാര്യം ചെയ്യുമ്പോള്‍ അവ ഉത്കൃഷ്ടങ്ങളായ കലാസൃഷ്ടികളായി മാറുന്നു. അവ രണ്ടും എന്റെ ഹൃദയത്തെ സമ്പന്നമാക്കുന്നു. പ്രഭാകരന്റെ രചന എന്നെ കലാരാഹിത്യത്തിന്റെ അഴുക്കുചാലിലേക്ക് എറിയുന്നു.

നിര്‍വചനങ്ങള്‍

ശംബളം
അമ്പതുകൊല്ലം മുന്‍പ് ഞാന്‍ ഹജൂര്‍ കച്ചേരിയില്‍ ഗുമസ്തനായിരുന്ന കാലത്ത് ഗുമസ്തന്മാര്‍ക്കു കന്‍റീനില്‍ ചെന്നിരിക്കുന്നതിനു സര്‍ക്കാര്‍ നല്കിയിരുന്ന പണം.
ഡീസന്റ്
തങ്ങള്‍ക്ക് ഉപകാരം ചെയ്യുന്ന എതു വൃത്തികെട്ടവനെയും വിശേഷിപ്പിക്കാന്‍ സ്ത്രീകള്‍ പ്രയോഗിക്കുന്ന ഒരു ഇംഗ്ലീഷ് വാക്ക്.
കണ്ണാടി
ഭക്ഷണശാലയില്‍ കൈകഴുകുമ്പോള്‍ പിറകിലിരിക്കുന്ന തരുണിയെ അവളും അവളുടെ ഭര്‍ത്താവും അറിയാതെ നോക്കാന്‍ സഹായിക്കുന്ന ഒരു വസ്തു.
ദുര്‍ദ്ദിനം
സംസ്കൃതത്തില്‍ മഴയുള്ള ദിവസം കേരളത്തില്‍ ശംബളം കിട്ടുന്ന ദിവസം.
ഡോക്ടര്‍
സ്വന്തം പ്രമേഹ രോഗം ചികിത്സിച്ചു മാറ്റാനാവാതെ മറ്റു പ്രമേഹരോഗികളെ ചികിത്സിക്കുന്ന ആള്‍.
ബാലചന്ദ്രന്‍ ചുള്ളിക്കാട്
കവികളില്‍ മാന്യന്‍.
ഡോക്ടര്‍ ഓഫ് ഫിലോസഫി
എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, പുനംനമ്പൂതിരി, വള്ളത്തോള്‍, കുമാരനാശാന്‍, ഉള്ളൂര്‍ ഇവരൊക്കെ കവികളായിരുന്നുവെന്നു നമുക്കു പറഞ്ഞുതരുന്ന ആള്‍.
അനുശോചന സന്ദേശം
പച്ചക്കള്ളമെന്ന് പദത്തിന്റെ പര്യായം.
നായ്
വീട്ടില്‍ മറ്റുള്ളവര്‍ വരാതിരിക്കാന്‍ വേണ്ടി വീട്ടുടമസ്ഥന്‍ വളര്‍ത്തുന്ന മൃഗം അല്ലെങ്കില്‍ കടുവ.
വൃദ്ധ
എഴുപതു കഴിഞ്ഞാലും തന്നെ ചെറുപ്പക്കാര്‍ അഭിലാഷത്തോടെ നോക്കുന്നുവെന്നു വിചാരിക്കുന്ന മധുരപ്പതിനേഴുകാരി.

എന്‍.എസ്. മാധവന്‍

നവീന മലയാള ചെറുകഥയുടെ തടവറയില്‍ കിടന്ന് അവിടെയുള്ള ഒറ്റ ജന്നലില്‍ക്കൂടി ഞാന്‍ നോക്കുമ്പോള്‍ കാണുന്ന പച്ചപിടിച്ച പ്രദേശമാണ് ശ്രീ. എന്‍.എസ്. മാധവന്റെ ‘വിലാപങ്ങള്‍’ എന്ന ചെറുകഥ. അത് ഹൃദയഹാരിയാണ്; ഉജ്ജ്വലമാണ്. ചരിത്രാതീത സ്വേച്ഛാധിപത്യകാലംതൊട്ടു ഇന്നുവരെയുള്ള സ്വേച്ഛാധിപത്യത്തെയും അതിന്റെ തകര്‍ച്ചയെയും കാണിക്കാന്‍ കഥാകാരന്‍ ഒരു ദേശാധിപതിയെ ചിത്രീകരിക്കുന്നു. അയാളുടെ നൃശംസതയെ വരച്ചു കാണിക്കുന്നു. സ്വേച്ഛാധിപതികള്‍ക്കു സ്വാഭാവികമായി സംഭവിക്കുന്ന ദുരന്തത്തിലേക്കു അദ്ദേഹം അനുവാചകരുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഫലമോ? മാനസികമായ ഉന്നമനം. എക്സിസ്റ്റെന്‍ഷ്യൽ മാംസപേശികള്‍ കാണിച്ചു കഥാരചന എന്ന വ്യായാമത്തിലൂടെ ആ മാംസപേശികളെ വലുതാക്കി കാണിക്കുന്ന ഇന്നത്തെ എഴുത്തുകാര്‍ മാധവന്റെ ഇക്കഥ വായിച്ചു നോക്കണം.

പെറ്റുവീണ കുഞ്ഞുവിരലുകള്‍ മുറുക്കിപ്പിടിച്ചിരിക്കുന്നു. ബാലന്‍ മുഷ്ടികൊണ്ട് കൂടെക്കളിക്കുന്നവനെ ഇടിക്കുന്നു. യുവാവ് ബലം കാണിക്കാന്‍ മുഷ്ടി പ്രദര്‍ശിപ്പിക്കുന്നു. ഇവയെല്ലാം സ്വേച്ഛാധിപത്യത്തിനെതിരായുള്ള ശക്തിപ്രകടനമായി ഞാന്‍ പരിഗണിക്കുന്നു. എന്‍.എസ്. മാധവന്‍ മുഷ്ടിമുദ്രയുടെ കലാത്മകതയിലൂടെ സ്വേച്ഛാധിപത്യത്തെ എതിര്‍ക്കുന്നു.

അധഃപതനം

ഗുന്റര്‍ ഗ്രൗസ്സിന്റെ Tin Drum എന്ന നോവല്‍ ലോകമാകെ ഒരുതരത്തിലുള്ള ‘സെന്‍സേഷന്‍’ ഉളവാക്കുകയും അതോടെ അദ്ദേഹം മഹായശസ്കനായിത്തീരുകയും ചെയ്തു. അതിനു ശേഷം അദ്ദേഹം പല നോവലുകളുമെഴുതി. അവയെല്ലാം ക്രമാനുഗതമായ അധഃപതനത്തെയാണ് കാണിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ കീര്‍ത്തിക്കു മങ്ങലേറ്റിരിക്കുന്നു. ഗ്രാസ്സിന്റെ The Call of the Toad എന്ന കൃതി നോവലിന്റെ രൂപത്തിലുള്ള വെറും വിമര്‍ശനമാണെന്ന് — സര്‍ക്കാരിനോട് വിപ്രതിപത്തി കാണിക്കുന്ന വിമര്‍ശനമാണെന്ന് — The Economist വാരിക എഴുതുന്നു. പെട്ടന്നു പേരെടുത്ത മറ്റൊരു നോവലിസ്റ്റാണ് Julian Barness. അദ്ദേഹത്തിന്റെ Flaubert’s Parrot എന്ന നോവല്‍ ധിഷണാപരമായ ആഹ്ളാദമരുളുന്നുവെന്ന് ഞാന്‍ ഈ പംക്തിയില്‍ മുന്‍പ് എഴുതിയിരുന്നു. ഒരോ അദ്ധ്യായമെന്നല്ല ഒരോ ഖണ്ഡികയെന്നല്ല, ഓരോ വാക്യവും ധിഷണയുടെ സ്ഫുലിംഗം ചിതറിക്കുന്നു. അദ്ദേഹത്തിന്റെ പുതിയ നോവലാണ് The Porcupine എന്നത്. മഞ്ഞപ്പിത്തം പിടിച്ച അനേകം തവണ മറ്റുള്ളവര്‍ കൈകാര്യം ചെയ്ത വിഷയത്തെ അപ്രഗൽഭമായി പ്രതിപാദിക്കുകയാണ് ഈ കൃതിയെന്ന് The Economist വാരികയില്‍ കാണുന്നു. ഈ വാരികയിലെ സാഹിത്യനിരൂപണം ഒട്ടൊക്കെ വിശ്വസനീയമാണ്. ഒരുകാലത്ത് റ്റൈം വാരികയിലെ നിരൂപണങ്ങളെ വിശ്വസിക്കാമായിരുന്നു. ഇന്ന് അതു വയ്യ. ശോഭാ ഡേ എന്ന പൈങ്കിളി സാഹിത്യകാരിയെ ഭേദപ്പെട്ട എഴുത്തുകാരിയെന്ന മട്ടില്‍ അതില്‍ അവതരിപ്പിച്ചിരുന്നു. അതോടെ റ്റെം വാരികയിലെ നിരൂപണങ്ങള്‍ ഞാന്‍ വായിക്കാതെയായി. The Economist-ലെ നിരൂപണങ്ങള്‍ ഇപ്പോഴും വായിക്കുന്നു.

സംഭവങ്ങള്‍

  1. ശ്രീ. ഒ.എന്‍.വി. കുറുപ്പ് വിദേശങ്ങളില്‍പ്പോലും എത്ര പ്രശസ്തനാണെന്ന് ഞാന്‍ ആദ്യമായി മനസ്സിലാക്കിയത് മസ്കറ്റില്‍ ചെന്നപ്പോഴാണ്. കേരള കള്‍ച്ചറല്‍ സെന്ററിന്റെ അന്നത്തെ പ്രതിനിധിയായിരുന്ന ശ്രീ. സി.എന്‍.പി. നമ്പൂതിരി ഓടിച്ചിരുന്ന മനോഹരമായ കാറില്‍ നിന്ന് ഞാന്‍ ഓ.എന്‍.വി. യുടെ ശബ്ദം കേട്ടു. സാധാരണയായി കാറില്‍നിന്നു ഗാനമുയരുന്നത് എനിക്കിഷ്ടമല്ല. പക്ഷേ ആ കാവ്യം ചൊല്ലല്‍ എനിക്കു ആഹ്ളാദദായകമായി. പിന്നീടു മസ്കറ്റിന്റെ നാനാഭാഗങ്ങളിലേക്കു സി.എന്‍.പിയുടെ കാറിൽ സഞ്ചരിച്ചപ്പോളെല്ലാം ഞാൻ ഒ.എൻ.വി.യുടെ കവിത കേട്ടിരുന്നു.
    ഇക്കഴിഞ്ഞ നവംബര്‍ 25-ആം തീയതി ഞാന്‍ ദുബായി വിമാനത്താവളത്തിലെത്തി. അവിടത്തെ ശ്രീ. എം. ജബാര്‍, ഷാര്‍ജയിലെ ശ്രീ. ടി.വി. കൊച്ചുബാബ, എയര്‍പോര്‍ട്ട് കസ്റ്റംസ് ഓഫീസര്‍ ശ്രീ. രവിപിള്ള, ശ്രീ. വെണ്‍കുളം മണി ഇങ്ങനെ എത്രയെത്ര സ്നേഹസമ്പന്നര്‍ സ്വീകരിക്കാൻ എത്തിയിരിക്കുന്നു. അല്പസമയം കൊണ്ടു ‘തൂലിക’യുടെ വൈസ് പ്രസിഡന്റ് ശ്രീ. റോബിന്‍ ഓടിക്കുന്ന ജാപ്പനീസ് കാറില്‍ സഞ്ചാരം തുടങ്ങി. കൂടെ പ്രസിഡന്റ് സോമന്‍, ശ്രീ. സൈനുലബ്ദീന്‍, ശ്രീ. പ്രസന്നകുമാര്‍ ഇവരെല്ലാം. കാറ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഓ.എന്‍.വി.യുടെ ഗാനധാര ഉണ്ടായി. 150 കിലോമീറ്റര്‍ സഞ്ചരിച്ച് അല്‍ ഐനില്‍ എത്തുന്നതുവരെയും ആ കവിതാസ്രോതസ്വിനി.
  2. ഒരു മണല്‍ക്കൂന ആകര്‍ഷകമായി നിര്‍മ്മിക്കാന്‍ മനുഷ്യനു ദിവസങ്ങളല്ല, ആഴ്ചകള്‍ തന്നെ വേണം. പക്ഷേ ദുബായി അല്‍ ഐന്‍ റോഡിന്റെ രണ്ടുവശങ്ങളിലും പ്രകൃതി എത്ര വേഗത്തിലാണ് കലാഭംഗിയാര്‍ന്ന മണ്‍ല്‍ക്കൂനകള്‍ നിര്‍മ്മിച്ചിരിക്കുന്നത്! അവയുടെ ബാഹ്യരേഖകള്‍ക്കും ചരിഞ്ഞവശങ്ങള്‍ക്കും എന്തൊരു ലയാത്മകത. ആ മണ്‍ല്‍ക്കൂനകള്‍ക്കപ്പുറത്തായി വരിവരിയായി നീങ്ങുന്നു ഒട്ടകങ്ങള്‍. മനുഷ്യമനസ്സ് രൂപമില്ലാത്തിടത്ത് രൂപമുണ്ടാക്കാന്‍ ശ്രമിക്കുന്നു. അവന്റെ നേത്രങ്ങള്‍ രൂപശില്പത്തികവു കാണാന്‍ കൊതിക്കുന്നു. ഗള്‍ഫ് രാജ്യത്തെ പട്ടുപോലുള്ള റോഡില്‍ സഞ്ചരിക്കുമ്പോള്‍ ഏതു വശത്തേക്കു നോക്കിയാലും രൂപശില്പത്തികവ്.
    ഗളനാളങ്ങള്‍ താളാതമകമായി ചലിപ്പിച്ചു നീങ്ങുന്ന, മണ്‍ല്‍ക്കാട്ടിലെ യാനപാത്രങ്ങളെ — ഒട്ടകങ്ങളെ — കണ്ടപ്പോള്‍ ഞാന്‍ ആലോചിച്ചു അവ സൂചിക്കുഴികളിലൂടെ കടക്കുമോയെന്ന്. നമ്മുടെ നാട്ടില്‍ പാപം ചെയ്യുന്നവര്‍ സ്വര്‍ഗത്തു ചെല്ലുന്നല്ലോ. പാപം ചെയ്യാത്ത ഈ പാവപ്പെട്ട മൃഗങ്ങള്‍ക്കു സൂചിയുടെ തീരെച്ചെറിയ സുഷിരത്തിലൂടെ കടന്നിറങ്ങാന്‍ എന്തേ പ്രയാസം?