close
Sayahna Sayahna
Search

സാഹിത്യവാരഫലം 1993 05 09


സാഹിത്യവാരഫലം
MKrishnanNair3a.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1993 05 09
ലക്കം 921
മുൻലക്കം 1993 05 02
പിൻലക്കം 1993 05 16
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

വിശ്വസാഹിത്യത്തില്‍നിന്ന്

  1. ചാര്‍ലി ചാപ്ളിന്റെ ആത്മകഥ രസപ്രദമാണ്. അതില്‍ വര്‍ണ്ണിച്ച ഒരു സംഭവം ഇവിടെ എടുത്തെഴുതാന്‍ എനിക്കു താല്‍പര്യം. ചാപ്ളിന്റെ അമ്മ ഗായികയായിരുന്നു. എന്നാല്‍ ചെറിയ ജലദോഷം വന്നാല്‍ മതി അവരുടെ ശബ്ദം പോകും. ഒരു ദിവസം ശ്രോതാക്കളുടെ മുന്‍പില്‍ നിന്ന് അവര്‍ പാടുകയായിരുന്നു. പെട്ടെന്നു ശബ്ദം “പൊട്ടിപ്പോയി” അത് മന്ത്രിക്കലില്‍ അവസാനിക്കുകയും ചെയ്തു ആളുകള്‍ കൂവി; പൂച്ചകരച്ചിലാകെ. പാട്ടുകാരി വേദിയില്‍ നിന്ന് അകത്തേക്കു പോയി അഞ്ചു വയസ്സു മാത്രമുള്ള ചാപ്ളിനെ അവിടെ കൊണ്ടുനിറുത്തി പാടാന്‍ പറഞ്ഞു. കുട്ടി പാടി പാട്ടു പാതിയായില്ല. അതിനു മുന്‍പ് സ്റ്റെയ്ജിലേക്കു നാണയങ്ങളുടെ വര്‍ഷാപാതം. അതുകണ്ടു കൂട്ടി പറഞ്ഞു. ആദ്യം നാണയങ്ങള്‍ എടുക്കാം, പിന്നീടു പാടാമെന്ന്. അതുകേട്ടു സദസ്സാകെ ചിരിച്ചു. മാനേജര്‍ വന്നു കൈലേസില്‍ നാണയങ്ങളെടുത്തിട്ടപ്പോള്‍ ചാപ്ളിനു പേടി, അത് അയാള്‍ അമ്മയ്ക്കു കൊടുക്കില്ലെന്ന്. അകത്തേക്ക് അയാളുടെ കൂടെച്ചെന്ന് അമ്മയുടെ കൈയില്‍ നാണയങ്ങള്‍ ആയി എന്നു കണ്ടതിനു ശേഷമേ കുട്ടി വീണ്ടും സ്റ്റെയ്ജിലെത്തി പാടാന്‍ തുടങ്ങിയുള്ളു. അപ്പോള്‍ കൂടുതല്‍ ചിരി സദസ്സില്‍ നിന്ന്. നാണയങ്ങളുടെ വര്‍ഷാപാതം വളരെക്കൂടുതല്‍. പാട്ടു കഴിഞ്ഞ് അമ്മ വന്നു മകനെ എടുത്തപ്പോള്‍ ഉച്ചത്തിലുള്ള കരഘോഷം.
  2. മുകളില്‍പ്പറഞ്ഞ ആത്മകഥയില്‍നിന്ന് മറ്റൊരു സംഭവംകൂടിയാവട്ടെ. സ്വിറ്റ്സര്‍‌ലണ്ടിലെ ല്യൂസെണില്‍ വച്ചാണ് ജവാഹര്‍ലാല്‍ നെഹ്റുവും ചാര്‍ളി ചാപ്ളിനും തമ്മില്‍ക്കണ്ടത്. അവര്‍ രണ്ടുപേരും കാറില്‍ സഞ്ചരിക്കുകയാണ്. പിറകിലുള്ള കാറില്‍ നെഹ്റുവിന്റെ മകള്‍ ഇന്ദിരയും. “Nehru impressed me as a man of moods, austere and sensitive, with an exceedingly alert and appraising mind” എന്ന് ചാപ്ളിന്‍ പറയുന്നു.
    ചാര്‍ളി ചാപ്ളിൻ
    ഇന്ദിരാഗാന്ധിയെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായവും അറിയുന്നതു നന്ന്: “A charming quiet lady”. യാത്രാവേളയില്‍ നെഹ്റു തന്നോട് അത്യുജ്ജ്വലമായി സംസാരിച്ചുവെന്ന് ചാപ്ളിന്‍ പറയുന്നു. ഡ്രൈവര്‍ മണിക്കൂറില്‍ എഴുപതിലോ അതിലധികമോ മൈല്‍ വേഗത്തില്‍ കാറോടിക്കുകയാണ്. ചെങ്കുത്തായും വീതി കുറഞ്ഞതായുമുള്ള റോഡിലൂടെയാണ് ആ വേഗത്തില്‍ കാറ് പോകുന്നത്. വളവുകളില്‍പ്പോലും വാഹനത്തിനു മന്ദഗതിയില്ല. ഇന്ത്യയുടെ രാഷ്ട്രവ്യവഹാരത്തെക്കുറിച്ച് പറയുന്ന നെഹ്റു അതിലാകെ മുഴുകിയിരുന്നതു കൊണ്ടു വാഹനത്തിന്റെ വേഗമറിഞ്ഞില്ല. ബ്രെയ്ക്ക് കറകറശബ്ദം കേള്‍പ്പിച്ച് കാറ് പെട്ടെന്നു നില്ക്കുകയും നെഹ്റുവും ചാപ്ളിനും മുന്നോട്ടേക്ക് എറിയപ്പെടുകയും ചെയ്തിട്ടും നെഹ്റു തുടര്‍ന്നു സംസാരിച്ചുകൊണ്ടേയിരുന്നു. ഇന്ദിരയ്ക്കു തിരിഞ്ഞു പോകേണ്ട ക്രോസ് റോഡുകളില്‍ എത്തിയപ്പോള്‍ രണ്ടു കാറുകളും നിന്നു. ഇനി ചാപ്ളിന്റെ വാക്കുകള്‍ തന്നെയാവട്ടെ. “It was then that he became a loving and solicitous father, embracing his daughter as he said to her tenderly: ‘Take care of yourself’ — words which would have been more appropriate coming from the daughter to the father.” ഹൃദയസ്പര്‍ശിയായ വിവരണം. ഈ പട്ടുനൂലില്‍ വാഴനാരു ചേര്‍ക്കാന്‍ എനിക്ക് ഇഷ്ടമില്ല. എങ്കിലും അതു പ്രവര്‍ത്തിച്ചു കൊള്ളട്ടെ. ക്രാന്തദര്‍ശിയായ നെഹ്റു പറഞ്ഞത് മകള്‍ ചെവിക്കൊണ്ടില്ല. ചാപ്ളിന്‍ എഴുതിയതു പോലെ മകള്‍ അച്ഛനോട് അതു പറഞ്ഞില്ലെങ്കിലും നെഹ്റുവിന് ഒരാപത്തും സംഭവിച്ചുമില്ല. ചൈന വഞ്ചിക്കാതിരുന്നെങ്കില്‍ മഹാനായ നെഹ്റു പിന്നെയും വളരെക്കാലം ജീവിച്ചിരിക്കുമായിരുന്നു.
  3. എഡ്വേഡ് ഡബ്ല്യു സെയ്ദ്
    എഡ്വേഡ് ഡബ്ല്യു സെയ്ദ് പേരുകേട്ട നിരൂപകനാണ്. അദ്ദേഹം 1988-ല്‍ സാഹിത്യ രചനയ്ക്കു നോബല്‍ സമ്മാനം നേടിയ മഹ്ഫൂസിനെ വാഴ്ത്തുന്നതു കേട്ടാല്‍ നമുക്കു ചിരിവരും. മഹ്ഫൂസിന്റെ നോവലുകള്‍ ഇംഗ്ളീഷ് തര്‍ജ്ജമയിലൂടെ നമുക്കു കിട്ടിയിട്ടുണ്ട്. അവയെല്ലാം വായിച്ചിട്ടും ഒരു story teller എന്നല്ലാതെ അദ്ദേഹം വേറെ ആരെങ്കിലുമാണെന്ന് എനിക്ക് (ഈ ലേഖകന്) തോന്നിയിട്ടില്ല. ഇങ്ങനെ തോന്നുന്നവരെ ലക്ഷ്യമാക്കിയാവണം സെയ്‌ദ് പറയുന്നു ഇംഗ്ളീഷ് തര്‍ജ്ജമകള്‍ വികലങ്ങളാണെന്നും മൂലഭാഷയില്‍ കൃതികള്‍ വായിച്ചാലേ അവയുടെ മഹത്ത്വം ഗ്രഹിക്കാന്‍ കഴിയുകയുള്ളുവെന്നും. ഒരുറപ്പിനു വേണ്ടി അദ്ദേഹം പ്രഖ്യാപിക്കുന്നു. Yet Mahfouz, so to speak, patron and progenitor of subsequent Egyptian fiction is not by any means a provincial writer, nor simply a local influence. തര്‍ജ്ജമ എത്രവിലക്ഷണമായാലും അതിലൂടെ മൂലകൃതിയുടെ മഹത്ത്വം കാണാവുന്നതേയുള്ളു. ഉദാഹരണം: ഇബ്സന്റെ “പ്രേതങ്ങള്‍” എന്ന നാടകത്തിന്റെ തര്‍ജ്ജമ (എ. ബാലകൃഷ്ണപിള്ള). വൈരസ്യത്തിന്റെ പരകോടിയില്‍ വായനക്കാരെ എത്തിക്കുന്ന ഈ ഭാഷാന്തരീകരണത്തിലൂടെ ഇബ്സന്റെ മഹത്ത്വം നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നു. അതിനാല്‍ സെയ്ദിന്റെ വാദം നിരര്‍ത്ഥകമാണ്. മഹ്ഫൂസ് “പ്രാദേശിക ഗ്രന്ഥകാരനും തദ്ദേശ ശക്തിയും” മാത്രമാണ്. എന്നാല്‍ ചെറുകഥകളില്‍ തെല്ലു വിഭിന്നനായിട്ടാണ് അദ്ദേഹത്തിന്റെ നില. മഹ്ഫൂസിന്റെ “സാബാലാവി” എന്ന ചെറുകഥയില്‍ കേവലസത്യം സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്ന ഒരാളിനെ അദ്ദേഹം ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. പുണ്യാളനായ സാബാലാവിയെക്കുറിച്ചു കേട്ട ഷെയ്ക് ആലി അയാളുടെ അച്ഛന്റെ നിര്‍ദ്ദേശമനുസരിച്ച് ഷെയ്ക് ക്വാമറിനെ ചെന്നു കാണുന്നു. പണ്ട് അദ്ദേഹത്തെ തനിക്കു പരിചയമുണ്ടായിരുന്നെന്നും അപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് ഒരറിവുമില്ലെന്നും അയാള്‍ മറുപടി നല്കി. ആലി പലരോടും ചോദിച്ചു ചോദിച്ച് ജില്ലയിലെ ഷെയ്ക്കിന്റെ അടുത്തെത്തി. വര്‍ഷങ്ങളോളം അന്വേഷിച്ചാല്‍ സാബാലാവിയെ കാണില്ല.
    മഹ്‌ഫൂസ്
    ചിലപ്പോള്‍ രാജരഥ്യയിലേക്ക് ഇറങ്ങിയാല്‍ അദ്ദേഹത്തെ പൊടുന്നനെ കണ്ടെന്നു വരും എന്നായിരുന്നു അയാളുടെ മറുപടി. ആലി പല സ്ഥലങ്ങളിലും പോകുന്നു. “He might well come right now; on the other hand I mightn’t see him till death” എന്ന് വേറൊരാളിന്റെ മറുപടി. അന്വേഷിച്ച് അന്വേഷിച്ചു ഒട്ടും തളരാതെ ആലി “yes I have to find Zaabalawi” എന്നു പറയുമ്പോള്‍ കഥ അവസാനിക്കുന്നു. മതമേതായാലും ഐശ്വരമായ സത്യം (divine reality) എന്നതില്‍ എല്ലാം യോജിക്കുന്നുണ്ടല്ലോ. അല്‍ഡസ് ഹക്സിലി “Perennial Philosophy” എന്ന ഗ്രന്ഥത്തിലൂടെ സ്പഷ്ടമാക്കുന്നതും ഇതുതന്നെയാണ്. ഈ ഐശ്വരസത്യത്തെ സാക്ഷാത്കരിക്കാന്‍ യത്നിക്കുന്ന ഒരുവന്റെ താല്‍പര്യത്തെ മഹ്ഫൂസ് ചാരുതയോടെ ആലേഖനം ചെയ്തിട്ടുണ്ട് ഇക്കഥയില്‍, എന്നാല്‍ അദ്ദേഹത്തിന്റെ മറ്റു കഥകളില്‍ ഈ സാര്‍വജനീന സ്വഭാവം കാണുന്നില്ല. (അറബിക്കില്‍ Elias Khoury എഴുതിയ ലബ്‌നണ്‍ നോവല്‍ “Little Mountain” എന്നതിന് Edward W said എഴുതിയ Afterword നോക്കുക. U.K. £5.95, Spl. Price £3.95. Transalated by Maia Tebet, Collins Harvill. മഹ്ഫൂസിന്റെ കഥ അദ്ദേഹത്തിന്റെ “The Time and the Place and other Stories” എന്ന കഥാസമാഹാരത്തില്‍, Anchor Books, Price Rs 270.)

ചോദ്യം, ഉത്തരം

കാവ്യം ഹൃദയഹാരിയാകുന്നത് അതിലെ ധൈഷണികവും വൈകാരികവുമായ അംശങ്ങള്‍ ഒരു നിമിഷത്തില്‍ സംയോജിക്കു­മ്പോഴാണെന്നു ഒരു കവി പറഞ്ഞിട്ടുണ്ടു്. ആ സംയോജനം നടക്കുമ്പോള്‍ അതൊരു ബിംബമായി മാറുന്നു.

Symbol question.svg.png ഭഗവാന്‍ രജനീഷ് പറയുന്നു: ‘കാറല്‍ മാര്‍ക്സ് പൗരസ്ത്യദേശത്തല്ല ഉണ്ടായത്; നിഷേ പൗരസ്ത്യദേശത്തല്ല ഉണ്ടായത്; ഫ്രായിഡ് പൗരസ്ത്യദേശത്തല്ല ഉണ്ടായത്; യൂങ് പൗരസ്ത്യദേശത്തല്ല ഉണ്ടായത്.’ നിങ്ങളുടെ കിഴക്കന്‍ പ്രദേശത്ത് ആരുണ്ടു സാറേ?

ബുദ്ധന്‍ പാശ്ചാത്യദേശത്തല്ല ജനിച്ചത്; ചൈതന്യപ്രഭു പാശ്ചാത്യദേശത്തല്ല ജനിച്ചത്; ശങ്കരാചാര്യര്‍ പാശ്ചാത്യദേശത്തല്ല ജനിച്ചത്; ശ്രീരാമകൃഷ്ണന്‍ പാശ്ചാത്യദേശത്തല്ല ജനിച്ചത്; മഹാത്മാഗാന്ധി പാശ്ചാത്യദേശത്തല്ല ജനിച്ചത്. കാള പെറ്റു എന്നു കേട്ടാല്‍ കയറെടുക്കുരുതു സാറേ.

Symbol question.svg.png നിങ്ങളാണ് ഈ ലോകത്തെ ഏറ്റവും വലിയ മണ്ടന്‍ എന്നു പറഞ്ഞാല്‍ തര്‍ക്കമുണ്ടോ?

ഒരു തര്‍ക്കവുമില്ല. നമ്മളെല്ലാവരും മണ്ടന്മാര്‍ തന്നെ. ഒരു നഗരത്തിലെ കൗണ്‍സിലില്‍ ഒരംഗം മറ്റൊരംഗത്തോടു പറഞ്ഞു: “നിങ്ങളെക്കാള്‍ വലിയ ബുദ്ധിശൂന്യന്‍ വേറെ ആരുമില്ല. അതുകേട്ടു ക്ഷോഭിച്ച ആ മറ്റൊരംഗം മറുപടി പറഞ്ഞു:- “നിങ്ങളെക്കാള്‍ വലിയ കഴുത ഈ ലോകത്തില്ല.” ഇതെല്ലാം കേട്ടുകൊണ്ടിരുന്ന മേയര്‍ അവരോടു പറഞ്ഞു: ഞാന്‍ കൂടി ഇവിടെ ഇരിക്കുന്നുവെന്നു നിങ്ങള്‍ ഓര്‍മ്മിക്കാത്തതെന്ത്?

Symbol question.svg.png നിങ്ങളുടെ അമ്മ ഇപ്പോഴില്ലല്ലോ. ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അവരെക്കണ്ടു ചോദിക്കുമായിരുന്നു ഇങ്ങനെയൊരു മകനെ പ്രസവിച്ചത് എന്തിനെന്ന്? എന്റെ ചോദ്യം തെറ്റായിവരുമോ?

ഹേ, ഒരു തെറ്റുമില്ല. നിങ്ങളുടെ അമ്മ ജീവിച്ചിരിക്കുന്നുണ്ടല്ലോ, നിങ്ങള്‍ സദയം അനുമതി തരുമെങ്കില്‍ ആ മാന്യസ്ത്രീയെക്കണ്ടു എനിക്കും ചോദിക്കാമായിരുന്നു ഇത്ര മര്യാദകെട്ട ഒരുത്തന് അവരെന്തിനു ഇങ്ങനെയരുളിയെന്ന്; ലോകത്തെ ഈ വലിയ ആപത്തിന് അവരെന്തിനു കാരണക്കാരിയായി എന്നു്.

Symbol question.svg.png നവീന കവികള്‍ കവിതകളെഴുതി കവിയരങ്ങില്‍ ചൊല്ലുന്നതിനു മുന്‍പ് നിങ്ങള്‍ വാഴ്ത്തിയ അക്കിത്തത്തെ കൈയെഴുത്തു പണി കാണിക്കുന്നത് നല്ലതല്ലേ.

അക്കിത്തത്തിന് അതിനു സമയമുണ്ടോ എന്തോ? ഏതായാലും നല്ല കവികളെ കാണിക്കുന്നത് കൊള്ളാം. ക്ഷയരോഗാണുക്കൾ ശരീരത്തിൽ കടന്നോ എന്നറിയുന്നതിന് കഫം പരിശോധിക്കുന്നത് നന്ന്.

Symbol question.svg.png സിനിമ കാണാറുണ്ടോ നിങ്ങള്‍?

ഇല്ല. പക്ഷേ ചലച്ചിത്രശാലയിൽ ചെന്നിരിക്കാറുണ്ട്. വീട്ടുകാര്‍ക്ക് പൈങ്കിളിസ്സിനിമ കാണാന്‍വേണ്ടിയാണ് പോകുന്നത്. പോയാല്‍ ഒരു തടിയന്റെയോ തടിച്ചിയുടെയോ പിറകിലായിരിക്കും ഞാനിരിക്കുക. അപ്പോള്‍ വെള്ളത്തുണിയില്‍ വന്നുവീഴുന്ന വൈരുപ്യം എന്റെ കണ്ണില്‍ പതിയുകയില്ല.

Symbol question.svg.png ‘സ്വപ്നങ്ങള്‍ പങ്കുവയ്ക്കണം’ എന്നു ദാമ്പത്യജീവിതത്തെക്കുറിച്ചു കവി. എല്ലാം ഇങ്ങനെ പങ്കുവയ്ക്കണോ ഞാന്‍. ഈയിടെയാണ് ഞാന്‍ ഒരു സുന്ദരിയെ കല്യാണം കഴിച്ചത്.

എല്ലാം പങ്കുവയ്ക്കല്ലേ. വിശേഷിച്ചും റ്റൂത്ത് ബ്രഷ്. നിങ്ങള്‍ക്കും നിങ്ങളുടെ ഭാര്യക്കും വെവ്വേറെ റ്റൂത്ത് ബ്രഷ് ഉണ്ടായിരിക്കണം.

Symbol question.svg.png ഈ ലോകത്ത് എല്ലാം മറച്ചുവയ്ക്കാന്‍ കഴിയുമോ?

കഴിയുകയില്ല. അസൂയകൊണ്ടു മുഖം പെട്ടെന്നു കറുക്കുന്നത് ഒരുത്തനും ഒരുത്തിക്കും ഒളിച്ചു വയ്ക്കാനാവില്ല.

Symbol question.svg.png വാര്‍ത്ത വായിക്കുന്ന സ്ത്രീകളില്‍ ഏറ്റവും നന്നായി വായിക്കുന്നതാര്?

റ്റെലിവിഷനിലോ റേഡിയോയിലോ? റ്റെലിവിഷന്‍ ഞാന്‍ കാണാറില്ല. നാലുംകൂടുന്ന റോഡില്‍ വച്ച ലൗഡ് സ്പീക്കറിലൂടെ വാര്‍ത്തകള്‍ പ്രസരിക്കുന്നതു കേട്ടിട്ടുണ്ട്. ന്യൂഡല്‍ഹി റേഡിയോ സ്റ്റേഷനിലെ ശ്രീദേവിയാണ് ഏറ്റവും നല്ല ന്യൂസ്‌ വായനക്കാരി. നല്ല ശബ്ദം. സ്ഫുടമായ ഉച്ചാരണം. പ്രകടനാത്മകത ഒട്ടുമില്ല.

Symbol question.svg.png ശൈശവം, കൗമാരം, യൗവനം, വാര്‍ദ്ധക്യം ഇവയില്‍ ഏതവസ്ഥയിലാണ് നിങ്ങള്‍?

മനുഷ്യനു മൂന്നവസ്ഥകളുണ്ടെന്നു കവി റൂമി പറഞ്ഞിട്ടുണ്ട്. പ്രകൃതി, സ്ത്രീ, പക്ഷി, മൃഗം, എന്നല്ല ഏതിനേയും ആരാധിക്കുന്നത് ആദ്യത്തെ അവസ്ഥ. രണ്ടാമത്തെ അവസ്ഥ ഈശ്വരനെ മാത്രം ആരാധിക്കുന്നത്. മൂന്നാമത്തെ അവസ്ഥയില്‍ ഈശ്വരനെ നിന്ദിക്കുന്നില്ല ആരാധിക്കുന്നുമില്ല. ഞാന്‍ ഈ മൂന്നാമത്തെ അവസ്ഥയിലാണ്.

ബാലചന്ദ്രന്‍ ചുള്ളിക്കാട്

ബാലചന്ദ്രൻ ചുള്ളിക്കാട്

കാവ്യം ഹൃദയഹാരിയാകുന്നത് അതിലെ ധൈഷണികവും വൈകാരികവുമായ അംശങ്ങള്‍ ഒരു നിമിഷത്തില്‍ യോജിക്കുമ്പോഴാണെന്ന് ഒരു കവി പറഞ്ഞിട്ടുണ്ട്. ആ സംയോജനം നടക്കുമ്പോള്‍ അതൊരു ബിംബമായി മാറുന്നു. ‘നീയാരു സന്താനമരത്തില്‍ നിന്നും ഞെട്ടറ്റുവീഴും മലര്‍മൊട്ടുപോലെ’ എന്നു തുടങ്ങുന്ന കാവ്യത്തില്‍ ഈ അംശങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് ഒരു ബിംബമായി മാറുന്നില്ല. എന്നാല്‍ ‘തിരിക്കയായ് സന്ധ്യ വഴിക്കിടക്ക വിരിച്ചു ഞാന്‍ കേറിയ തോണിതാനും’ എന്നാരംഭിക്കുന്ന കാവ്യത്തിലെ ധൈഷണിക വൈകാരികാംശങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് കേന്ദ്രബിന്ദുവായി പരിണമിക്കുന്നു. അത് ഒറ്റബിംബമായി വിലസുന്നു. കാവ്യം ഒട്ടൊക്കെ ദീര്‍ഘമാണെങ്കിലും കാവ്യാംശങ്ങള്‍ വെവ്വേറെ നില്ക്കുന്നില്ല. ഞാന്‍ ബഹുമാനിക്കുന്ന ഗ്രീസിലെ കമ്മ്യൂണിസ്റ്റ് കവി യാനിസ് റിറ്റ്സോസിന്റെ ഒരു കൊച്ചു കാവ്യം കേട്ടാലും:

Posture

He was standing completely naked on the beach
The sky licked his hair.
The sea licked his feet. The sunset
tied a ribbon crosswise on his chest,
tightened it about his waist. One end
hung down to his left knee.

ഒറ്റ ബിംബമാണിവിടെ. ശ്രീ. [http://ml.wikipedia.org/wiki/Balachandran_Chullikkadu ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘സ്നാനം’ എന്ന കാവ്യത്തിന് (കലാകൗമുദി) ഈ ഗുണമുണ്ടെന്നു പറഞ്ഞുകൂടാ. അതുകൊണ്ടാണ് അതിനു സ്പഷടത ഇല്ലാതെ പോയതും. പല നിറത്തിലുള്ള പൂക്കള്‍ വാഴനാരില്‍ കോര്‍ക്കുമ്പോഴാണ് ഹാരമുണ്ടാകുന്നത്. ആ വാഴനാരു ദ്രഷ്ടാവു കാണുന്നുമില്ല, ബാലചന്ദ്രന്റെ കാവ്യഹാരത്തില്‍ വാഴനാരുണ്ടോ? അതോ അതില്ലാതെ പൂക്കള്‍ ചിതറിക്കിടക്കുന്നോ? റിറ്റ്സോസിന്റെ വേറൊരു കാവ്യം കൂടി എടുത്തെഴുതിക്കൊള്ളട്ടെ.

യാനിസ് റിറ്റ്സോസ്

A glass wall. Three naked girls
sit behind it. A man
climbs up the stairs. His bear soles
appear rhythmically one after the other, dusty
with red soil. Soon
the silent, short-sighted glare covers
the whole garden and you hear
the glass wall cracking up vertically
cut by a big, secret, invisible diamond.

എന്തൊരു ചാരുത! ഇവിടെ വര്‍ണ്ണനയുണ്ടെങ്കിലും ഈ കാവ്യം തികച്ചും വര്‍ണ്ണനാത്മകമല്ല. പല അനുഭൂതികളെ ഒരുമിച്ചു ചേര്‍ത്ത് ഒറ്റബിംബം സൃഷ്ടിക്കുകയാണ് കവി.

ബഹിഃസ്ഫുരണം

പറഞ്ഞാല്‍ ‘ഫിക്ഷ’നാണെന്നു തോന്നും. അല്ല. സത്യം തന്നെ. തിരുവനന്തപുരത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് ചൊവ്വാഴ്ച കാലത്തു കിട്ടും. പത്രാധിപര്‍ ദയാപൂര്‍വം അതിന്റെ ഒരു കോപ്പി എനിക്ക് അയച്ചു തരാറുള്ളതു ചൊവ്വാഴ്ച ഉച്ചയ്ക്കേ കിട്ടുകയുള്ളു. അതുകൊണ്ട് ഞാൻ കാലത്തു തന്നെ ഒരു പ്രതി കടയില്‍ നിന്നു വാങ്ങും. ഉച്ച തൊട്ടു റ്റെലിഫോണ്‍ വിളിയാണ്. സാര്‍,

പി.എഫ്. മാത്യൂസിന്റെ ‘ശലഭങ്ങളുടെ ആയുസ്സ്’ എന്ന കഥ മാതൃഭൂമിയില്‍ വായിച്ചോ? വായിച്ചെങ്കില്‍ അര്‍ത്ഥമെന്താണ്? ചൊവ്വാഴ്ച കാലത്തു തന്നെ ഞാനതു വായിച്ചെങ്കിലും അര്‍ത്ഥം എനിക്കും പിടികിട്ടിയില്ല എന്ന് റ്റെലിഫോണ്‍ കമ്പിയുടെ മറ്റേയറ്റത്ത് ഇരിക്കുകയോ നില്ക്കുകയോ ചെയ്യുന്ന പുരുഷനോടോ സ്ത്രീയോടോ പറയുന്നതെങ്ങനെ? ഞാന്‍ മോശക്കാരനാവില്ലേ? അതുകൊണ്ടു വായിച്ചില്ലല്ലോ എന്നു കള്ളം പറയും. ഇപ്പോള്‍ ഇതെഴുതാന്‍ തുടങ്ങിയപ്പോള്‍ കഥ രണ്ടു തവണ വായിച്ചു. എങ്ങനെ മനസ്സിലാകാനാണ്? അനിയന്ത്രിതമായ ജീവിതം നയിക്കുന്ന ഒരു സാറ ഒരു കിഴവന്റെ മുറിയില്‍ അകപ്പെടുന്നു. തന്ത മരിച്ചതും ഭാര്യ മരിച്ചതും അവളുടെ ശവം അരയ്ക്കുതാഴെ പട്ടടയില്‍ കരിയാതെ കിടന്നതും ഒക്കെപ്പറഞ്ഞ് കിഴവന്‍ അവളെ അലട്ടുന്നു. സാറ പഴയ കാലത്തെ കൂട്ടുകാരിയെ ഓര്‍മ്മിക്കുന്നു. ഒടുവില്‍ കിഴവന്‍ ഉറങ്ങിപ്പോയ സാറയെ കുലുക്കിയുണര്‍ത്തി താന്‍ പോകുന്നുവെന്നു പറഞ്ഞു ഇറങ്ങിയങ്ങു പോവുകയും ചെയ്യുന്നു. ഈ കഥാകങ്കാളത്തില്‍ ചിലപ്പോള്‍ ചിത്രശലഭത്തെ കൊണ്ടിരുത്തുന്നുണ്ട് മാത്യൂസ്. എന്തോ ഗഹനമായി പറയുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഭാവം. ഗഹനമായിരിക്കാം. പക്ഷേ ബുദ്ധി കുറഞ്ഞ എനിക്കിതു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ട് ആസ്വാദനവും നടന്നില്ല. മാത്യൂസിനെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. എന്റെ ബുദ്ധിരാഹിത്യം ഞാന്‍ ഗ്രഹിച്ച് എന്നെത്തന്നെ കുറ്റപ്പെടുത്തുന്നുതേയുള്ളു.

ചില ഐ.എ.എസ്. ഉദ്യോഗസ്ഥന്മാരും ഐ.പി.എസ്. ഉദ്യോഗസ്ഥന്മാരും സാഹിത്യത്തില്‍ വ്യാപരിക്കുന്നതില്‍ ചില നിരൂപകര്‍ക്ക് വൈരസ്യമുണ്ട്. ‘സന്ദര്‍ഭവശാല്‍ ഞങ്ങള്‍ മത്സരപ്പരീക്ഷ ജയിച്ച് ഉദ്യോഗസ്ഥരായി. ഞങ്ങള്‍ക്കും സാഹിത്യരചനയാകാം’ എന്നു ബഹുജനത്തെ ധരിപ്പിക്കാനാണ് അവര്‍ സാഹിത്യത്തിന്റെ മണ്ഡലത്തില്‍ പ്രവേശിക്കുന്നതെന്ന് ആ നിരൂപകര്‍ എന്നോടു പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഞാനതിനോടു യോജിക്കുന്നില്ല. ശ്രീ.സി.പി. നായരും ശ്രീ എന്‍. കൃഷ്ണന്‍നായരും ശ്രീ. റ്റി.എന്‍. ജയചന്ദ്രനും ശ്രീമതി ലളിതാംബികയും സാഹിത്യത്തില്‍ തല്‍പരരാണ്. കാര്‍മ്മേഘത്തിനടിയില്‍ നിന്ന് ചന്ദ്രക്കല എത്തിനോക്കുന്നതു പോലെ അവരുടെ കലാഭിരുചി ആധികാരിക കാളമേഘത്തിനടിയില്‍ നിന്നുകൊണ്ട് ബഹിഃസ്ഫുരണം നടത്തുന്നുവെന്നേയുള്ളു. അവരുടെ രചനകളുടെ ശക്തിയോ ശക്തിയില്ലായ്മോ ഇവിടെ പരിഗണനാര്‍ഹമാവുന്നില്ല. അതല്ല സാക്ഷാല്‍ സാഹിത്യകാരന്മാരുടെ സ്ഥിതി. സാഹിത്യകാരനായി ജനിച്ച്, സാഹിത്യകാരനായി വളര്‍ന്ന് വാരികകളില്‍ മഷിപുരട്ടിപ്പിക്കുന്നവര്‍ വായനക്കാരെ ക്ളേശിപ്പിച്ചു കൊണ്ടിരിക്കുന്നു. മാത്യൂസ് അവരിലൊരാളാണെന്നു ഞാനെഴുതിയാല്‍ അദ്ദേഹം പിണങ്ങുമോ എന്തോ?

* * *

സാഹിത്യവാരഫലം എന്ന വൃത്തികെട്ട പേരുള്ള ഈ ലേഖനത്തില്‍ എഴുതാന്‍ യോഗ്യതയുള്ള വിഷയമല്ല ഇനി കൈകാര്യം ചെയ്യുന്നത്. ബുദ്ധിശാലിനിയും ചെറുപ്പക്കാരിയുമായ ഒരുദ്യോഗസ്ഥ എന്നോടു പറഞ്ഞതു കൊണ്ടു മാത്രമാണ് ഇത് പ്രതിപാദിക്കാന്‍ ഞാന്‍ സന്നദ്ധനാവുക. അവര്‍ റ്റെലിഫോണിലൂടെ ചോദിച്ചു: ‘സാര്‍, ബസ് കാത്തു നില്ക്കുന്ന ചില സ്ത്രീകള്‍ കൂടക്കൂടെ തുപ്പുന്നതു കണ്ടിട്ടില്ലേ? ഈ സംസ്കാര ശൂന്യമായ പ്രവൃത്തിയെക്കുറിച്ച് ഒന്നെഴുതരുതോ?’ ചോദ്യം ചോദിച്ചവരോടുള്ള വാത്സല്യവും ബഹുമാനവും കൊണ്ട് മാത്രം എനിക്കു തോന്നുന്നത് എഴുതുന്നു: ആപന്നസത്വയായവര്‍ക്കു തുപ്പണമെന്നു തോന്നിയാല്‍ അതു ചെയ്തേ മതിയാവൂ. അല്ലെങ്കില്‍ അവര്‍ക്കു ഛര്‍ദ്ദിക്കേണ്ടതായി വരും. അടുത്തു നില്ക്കുന്ന ചില സ്ത്രീകളോടു വിരോധവും വെറുപ്പുമുണ്ടെങ്കില്‍ അതു വ്യക്തമാക്കാന്‍ സ്ത്രീ റോഡില്‍ തുപ്പും. യുവതിക്കു കിഴവന്‍, സുന്ദരിക്കു വിരൂപന്‍ എന്ന രീതിയിലാണ് ചില ദാമ്പത്യ ബന്ധങ്ങള്‍. വിരൂപനായ ഭര്‍ത്താവുള്ള സുന്ദരി ആകൃതിസൗഭഗമുള്ള വേറൊരു പുരുഷനെ റോ‍‍ഡില്‍ വച്ചു കണ്ടാല്‍ തന്റെ ഗതികേടില്‍ പരിതപ്തമാനസയായിബ്‌ഭവിക്കും. ആ വിഷാദം റോഡിലൂടെ പോകുന്ന സുന്ദരനോടുള്ള വെറുപ്പായി മാറും (സുന്ദരനായ മരുമകനെ അമ്മായി അമ്മ വെറുക്കുന്നതിന്റെ മാനസികനിലയും വിഭിന്നമല്ല). വെറുപ്പ് തുപ്പുക എന്ന പ്രക്രിയയില്‍ കലാശിക്കും. എന്തായാലും സ്ത്രീകള്‍ റോഡില്‍ നിന്നു തുപ്പുന്നതു സംസ്കാരരഹിതമായ കൃത്യമാണ്.

അസത്യം

റ്റീന്‍റ്റോറെറ്റോ

വെനീഷന്‍ ചിത്രകാരന്‍ റ്റീന്‍റ്റോറെറ്റോ (Tintoretto) വരച്ച “Woman with Bare Breasts” എന്ന ചിത്രത്തിന്റെ അച്ചടിച്ച രൂപം John Berger എഴുതിയ “Keeping a Rendezvous” എന്ന നല്ല പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട് അനാവരണം ചെയ്യപ്പെട്ട സ്തനങ്ങള്‍ എന്ന പേരു അത്ര യോജിക്കില്ല ഈ ചിത്രത്തിന്. കരുതിക്കൂട്ടി കഞ്ചുകം വലിച്ചുമാറ്റി നെഞ്ചുകാണിക്കുകയാണ് ഒരു സുന്ദരി. നെഞ്ചല്ല ചൂചുകവും അതിനടുത്ത ഭാഗവും കാണിക്കുകയാണ് അവള്‍. ഈ ചിത്രം നല്കുന്ന അനുഭൂതി കലയുടേതാണെന്നു പറയുക പ്രയാസം. ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്ന വരികള്‍ (യേറ്റ്സിന്റേറത്) തികച്ചും സംഗതം.

“You think it horrible that lust and rage Should dance attention upon my old age; They were not such a plague when I was young What else have I to spur me into song?”

യേറ്റ്സ് പാടട്ടെ, ചിത്രകാരന്‍ വക്ഷസ്സ് അനാവരണം ചെയ്യിക്കട്ടെ അത് പാട്ടായിരിക്കണം കലയാവണം എന്നേയുള്ളു. ശ്രീ. എന്‍. പ്രഭാകരനെ സമകാലിക നൃശംസതകള്‍ രചനയ്ക്കു പ്രേരിപ്പിക്കുന്നുവോ? എങ്കില്‍ നന്ന്. വളരെ നന്ന്. പക്ഷേ അതു കലയാവണമെന്നേ നിർബന്ധമുള്ളു. ദൗർഭാഗ്യത്താൽ അദ്ദേഹത്തിന്റെ “രാമൻ” എന്ന കഥ (ദേശാഭിമാനി വാരിക) കലയല്ല, പ്രചാരണമാണ്. രാഷ്ട്രവ്യവഹാരത്തിന്റെ കെടുതികളിൽപ്പെട്ട് രാമൻ എന്നൊരു ബാലൻ ദുരന്തത്തിൽ പെട്ടുപോകുന്നതാണ് കഥ. രാമന്റെ ചിത്രീകരണം അസ്സലായിട്ടുണ്ട്. പക്ഷേ കഥ വായിച്ചുതീരുമ്പോൾ ഒരു ‘ട്രാക്റ്റ്’ (ലഘു പ്രബന്ധം) വായിച്ച പ്രതീതി. പ്രചാരണത്തിന്റെ ഔന്നത്യമല്ല സാഹിത്യത്തിന്റെ ഔന്നത്യം. ആവർത്തനം വേണ്ടിവന്നിരിക്കുന്നു ഇവിടെ. മാർക്സിസ്റ്റ് കഥാകാരനായ സമരേഷ് ബോസ് പ്രചരണാംശം ഉൾക്കൊള്ളുന്ന കഥകൾ എഴുതിയിട്ടുണ്ട്. പക്ഷേ ഓരോന്നും താജ്‌മഹൽ പോലെ മനോഹരം. അദ്ദേഹം പ്രചാരണത്തിന്റെ ഉപത്യകയിൽ നിന്ന് കലയുടെ അധിത്യകയിലേക്ക് കയറുന്നു. പ്രഭാകരൻ സാഹിത്യപർവതത്തിന്റെ പ്രചാരണമെന്ന ഉപത്യകയിലേക്ക് തലകുത്തിവീഴുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ ഇക്കഥ വായനക്കാരനായ എന്നെ സ്പർശിക്കാത്തത്. സമരേഷ് ബോസിന്റെ ചെറുകഥകൾ – മാർക്സിസത്തിന്റെ ചിന്താഗതികൾ ഉളളവയായിട്ടും – എപ്പോഴും സത്യാത്മകങ്ങൾ. പ്രഭാകരന്റെ ചെറുകഥകൾ – മാനവികതയുടെ ചിന്താഗതികൾ ഉള്ളവയായിട്ടും – എപ്പോഴും അസത്യാത്മകങ്ങൾ.