close
Sayahna Sayahna
Search

സാഹിത്യവാരഫലം 1994 04 24സാഹിത്യവാരഫലം
MKrishnanNair3a.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1994 04 24
ലക്കം 971
മുൻലക്കം 1994 04 17
പിൻലക്കം 1995 05 01
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“ദൂരെയുള്ള വിളക്കുകളുടെ ചുറ്റും നൃത്തംചെയ്യുന്ന നിഴലുകളില്‍ ആഹ്ളാദത്താല്‍ തിമിര്‍ക്കുന്നവരാണോ അതോ ദുഃഖം കൊണ്ടു പരവശരായവരാണോ ഉള്ളതെന്നു നിങ്ങള്‍ക്കു പറയാനാവില്ല. മതിലുകളിലൂടെ താഴോട്ട് ഒഴുകുന്ന നിറം ചോരയുടേതാണോ അതോ റോസാപ്പൂക്കളുടേതാണോ എന്ന് ഇവിടിരുന്നു കൊണ്ട് നിങ്ങള്‍ക്കു പറയാനാവില്ല.” പാകിസ്ഥാനിലെ കവി ഫൈസ് അഹമ്മദ് ഫൈസ് എഴുതിയ ഈ കാവ്യം വായിച്ചപ്പോള്‍ ചോരയൊഴുകുന്ന ഒരു വിപ്ളവത്തിലും വിശ്വസിക്കാനാവാത്ത എനിക്ക് ഹര്‍ഹോന്മാദമുണ്ടായി. എന്താണ് അതിനു കാരണം? ഇന്‍ഡ്യയും പാകിസ്ഥാനും പരസ്പരം സ്നേഹത്തോടെ കഴിയണമെന്ന് ഉദ്ബോധിപ്പിച്ച ഫൈസിനോടുള്ള സ്നേഹം കൊണ്ടാണോ എനിക്കിത് ആഹ്ളാദമുളവാക്കിയത്? അല്ല. ഇന്‍ഡ്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത പരകോടിയിലെത്തിയിരുന്ന കാലയളവില്‍ ഗാന്ധിജിയുടെ ശവസംസ്ക്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ലാഹോറില്‍ നിന്ന് ഇന്‍ഡ്യയിലേക്കു ‘പറന്ന’ കവിയോടുള്ള് അതിരു കടന്ന സ്നേഹം കൊണ്ടാണോ എനിക്ക് ആ വികാരമുണ്ടായത്? അല്ല. ഇന്‍ഡ്യയെ നിന്ദിക്കുന്ന വിദേശത്തെ കവി പ്രതിഭാശാലിയാണെങ്കില്‍ ഞാന്‍ ആ കവിയെ കവിയെന്ന നിലയില്‍ ബഹുമാനിക്കാന്‍ സന്നദ്ധനാണ്. ഗാന്ധിജിയെ അതിശയിച്ച വേറോരു ലോകനേതാവില്ലെന്നു വിശ്വസിച്ച് അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മയുടെ മുന്‍പില്‍ എപ്പോഴും തലകുനിച്ചു നില്ക്കുന്ന ഞാന്‍ അദ്ദേഹത്തെ നിന്ദിക്കുന്നവന്‍ സര്‍ഗ്ഗാത്മക രചനയുടെ അധിത്യകയില്‍ നില്ക്കുന്നവനാണെങ്കില്‍ ആ വ്യക്തിയെ സര്‍ഗ്ഗാത്മക വൈദഗ്ദ്ധ്യത്തിന്റെ പേരില്‍ മാനിക്കാന്‍ മനസ്സുള്ളവനാണ്. അതിനാല്‍ ഫൈസിന്റെ വരികള്‍ വായിച്ചു പുളകപ്രസരമനുഭവിച്ചത് മറ്റു ഹേതുക്കളാലാണെന്നത് സ്പഷ്ടം. ആ കാരണങ്ങളിലൊന്ന് ഭാവാത്മകതതന്നെ. പ്രചാരണപരങ്ങളായ ആശയങ്ങളെപ്പോലും ഭാവാത്മകതയില്‍ ആമജ്ജനം ചെയ്യിച്ചാല്‍ സഹൃദയന്‍ രസിക്കും.

ഇന്‍ഡ്യയെ നിന്ദിക്കുന്ന വിദേശത്തെ കവി പ്രതിഭാശാലിയാണെങ്കില്‍ ഞാന്‍ ആ കവിയെ കവിയെന്ന നിലയില്‍ ബഹുമാനിക്കാന്‍ സന്നദ്ധനാണ്. ഗാന്ധിജിയെ അതിശയിച്ച വേറോരു ലോകനേതാവില്ലെന്നു വിശ്വസിച്ച് അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മയുടെ മുന്‍പില്‍ എപ്പോഴും തലകുനിച്ചു നില്ക്കുന്ന ഞാന്‍ അദ്ദേഹത്തെ നിന്ദിക്കുന്നവന്‍ സര്‍ഗ്ഗാത്മക രചനയുടെ അധിത്യകയില്‍ നില്ക്കുന്നവനാണെങ്കില്‍ ആ വ്യക്തിയെ സര്‍ഗ്ഗാത്മക വൈദഗ്ദ്ധ്യത്തിന്റെ പേരില്‍ മാനിക്കാന്‍ മനസ്സുള്ളവനാണ്.

Stars in the sky are scattered
like silvery powder,
Lamps in the windows are
sleepily fading,
Asleep in the road, weary of
waiting for walkers,
Indifferent dust has
covered in silence the tracks
Put out the light, pour out the
wine from the glasses,
Lock up the vigilant door.
For tonight he will not come to you!

ഈ കാവ്യത്തിലും ശുദ്ധമായ ഭാവാത്മകത്വമാണുള്ളത്. മുകളില്‍ ഭാഷാന്തരീകരണം ചെയ്തു ചേര്‍ത്ത കാവ്യത്തിന്റെ ഭാവാത്മകത അതേയളവില്‍ ഇവിടെയും പ്രകടമാകുന്നു. ഭാവത്തെ ധിഷണാപരമാക്കുമ്പോഴാണ് പ്രചാരണാംശമുള്‍ക്കൊള്ളുന്ന കവിതയും അതില്ലാത്ത കവിതയും ഒരുപോലെ പരാജയപ്പെടുന്നത്.

ഒരിക്കല്‍ സൂര്‍ക്കോവ് എന്ന റഷ്യന്‍ കവി ഫൈസിനോടു ചോദിച്ചു:‌

ഫൈസ്, സമീപഭാവിയില്‍ താങ്കള്‍ എന്തെല്ലാം നടത്താന്‍ ഉദ്ദേശിക്കുന്നു?

അഗാധതയിലുള്ള ദുഃഖത്തിന്റെ പ്രച്ഛന്നമായ തിളക്കത്തോടെ ഇരുണ്ട കണ്ണുകള്‍കൊണ്ടു സുര്‍ക്കോവിനെ നോക്കി അദ്ദേഹം പറഞ്ഞു:

ഞാന്‍ ലണ്ടനിലേക്കു പോകും... എന്നിട്ട് കറാച്ചിയിലേക്ക്, ലാഹോറിലേക്ക്, എന്റെ ജന്മഭൂമിയിലേക്കു പോകും.

... ... ... ... ...

“പക്ഷേ അതു സുനിശ്ചിതമായ കാരാഗൃഹവാസാമായിരിക്കില്ലേ?’’ എന്നു സുര്‍ക്കോവിന്റെ ചോദ്യം.

ആയിരിക്കാം... ഒരു മഹനീയമായ കാര്യത്തിനു വേണ്ടി തടവറയില്‍ പോകേണ്ടതായി വന്നാല്‍ പോകണമല്ലോ. എന്നു ഫൈസിന്റെ മറുപടി.

ഫൈസിന്റെ ഈ പ്രശാന്തത സൂര്‍ക്കോവിന്റെ അന്തരംഗത്തിന്റെ അഗാധത വരെ പ്രകമ്പനമുളവാക്കി. അദ്ദേഹത്തിന്റെ വിശ്വാസം — അത് മരണത്തിനോടുള്ള സാമീപ്യം കൊണ്ടും യാതനകൊണ്ടും ഉണ്ടായതാണ്. അതും സൂര്‍ക്കോവിന്റെ ആത്മാവിനെ പിടിച്ചുകുലുക്കി. ഫൈസ് പാകിസ്ഥാനിലേക്കു ‘പറന്നു’. തടവറയ്ക്കുള്ളിലാവുകയും ചെയ്തു.

നിരീക്ഷണങ്ങള്‍

1)ശമീവൃക്ഷത്തിന്റെ കടിച്ചാല്‍ പൊട്ടാത്ത ലാറ്റിന്‍ പേര് Prosopis spicigera എന്നാണ്. Mimosa suma എന്നാണു പേരെന്നു മറ്റു ചിലര്‍. കട്ടി വളരെക്കൂടിയ ആ മരത്തിനകത്ത് തീയുണ്ടു പോലും. ശമീവൃക്ഷത്തിന്റെ കഷണത്തിന് അരണിയെന്നു പേര്. രണ്ട് അരണിഖണ്ഡങ്ങള്‍ കൂട്ടിയുരച്ചാല്‍ തീയുണ്ടാകും. ഒരരണിക്ക് ഉത്തരാരണിയെന്നും രണ്ടാമത്തേതിന് അധരാരണി എന്നും വെവ്വേറെ നാമങ്ങളുണ്ട്. പുരുരവസ്സ് പ്രാക്തനാഗ്നിയുണ്ടാക്കിയത് രണ്ടു മുട്ടികള്‍ ചേര്‍ത്തുരച്ചാണെന്നു പുരാണം പറയുന്നു. ശ്രമീമിവാഭ്യന്തരലീനപാവകാം — ആഭ്യന്തരലീന പാവകാം ശമീം ഇവ എന്ന് അന്വയം. അകത്ത് അഗ്നി ലയിച്ചിരിക്കുന്ന ശമി എന്നപോലെ എന്ന് അര്‍ത്ഥം — കാളിദാസന്‍ ‘രഘുവംശ’ത്തില്‍ — മൂന്നാം സര്‍ഗ്ഗം) ഞാന്‍ ആലോചിക്കുകയാണ്. അരണിഖണ്ഡങ്ങള്‍ ചേര്‍ത്തുരച്ചു തീയുണ്ടാക്കി അതിനെ (അഗ്നിയെ) വര്‍ദ്ധിപ്പിച്ച് ഒരു വലിയ ശമിവൃക്ഷത്തെ അതിലേക്കിട്ടാലോ? ഏതാനും സമയംകൊണ്ട് ആ വൃക്ഷം ചാമ്പലായി മാറും. മരത്തിന്റെ ഉള്ളില്‍ മറഞ്ഞിരിക്കുന്ന ശക്തിവിശേഷംതന്നെ അതിനെ നശിപ്പിക്കുന്നു. ഏതു വസ്തുവിലും എന്നല്ല ഏതു പ്രതിഭാസത്തിലും അതിനെ എതിര്‍ക്കുന്ന ശക്തിവിശേഷം അടങ്ങിയിരിക്കുന്നുവെന്ന നവീന സിദ്ധാന്തം ഇവിടെയും ശരിതന്നെ. പ്രാചീന കലയെന്ന ശമിവൃക്ഷത്തില്‍നിന്നു മുട്ടികളെടുത്തു തമ്മിലുരച്ചാണ് ഇപ്പോഴുള്ളവര്‍ നവീന കലയെന്ന അഗ്നിയുണ്ടാക്കിയത്. അതുപയോഗിച്ച് അവര്‍ വൃക്ഷത്തെത്തെന്നെ ഭസ്മീകരിച്ചു കളഞ്ഞു. എന്നാല്‍ വൃക്ഷം ചാമ്പലാകുന്നതോടൊപ്പം അഗ്നിയും കെട്ടടങ്ങുമെന്ന തത്ത്വം അവര്‍ ഓര്‍മ്മിക്കുന്നില്ല.

പ്രാചീന കലയെന്ന ശമീവൃക്ഷത്തില്‍നിന്നു മുട്ടികളെടുത്തു തമ്മിലുരച്ചാണ് ഇപ്പോഴുള്ളവര്‍ നവീന കലയെന്ന അഗ്നിയുണ്ടാക്കിയത്. അതുപയോഗിച്ച് അവര്‍ വൃക്ഷത്തെത്തെന്നെ ഭസ്മീകരിച്ചു കളഞ്ഞു. എന്നാല്‍ വൃക്ഷം ചാമ്പലാക്കുന്നതോടൊപ്പം അഗ്നിയും കെട്ടടങ്ങുമെന്ന തത്ത്വം അവര്‍ ഓര്‍മ്മിക്കുന്നില്ല.

2)അങ്ങു വടക്കേയിന്ത്യയിലെ ഒരാശുപത്രി. ഭാര്യയും ഭര്‍ത്താവും അവിടെ ഡോക്ടര്‍മാര്‍. ഭാര്യ സീനിയര്‍ ഡോക്ടറായതു കൊണ്ട് അവര്‍ക്കായിരുന്നു ഭരണകാര്യം. അവര്‍ രണ്ടുപേരും മറ്റുള്ള ഡോക്ടര്‍മാരും ഇരിക്കുന്ന മുറിയില്‍ച്ചെന്ന് ഞാന്‍ ഒരു പെണ്‍കുഞ്ഞിന്റെ രോഗലക്ഷണങ്ങള്‍ ലേഡി ഡോക്ടറോടു പറയുകയായിരുന്നു. അപ്പോള്‍ അവരുടെ ഭര്‍ത്താവ് ഒരട്ടഹാസം നടത്തി എന്റെ നേര്‍ക്ക്. Don’t shout ഞാന്‍ അത്ര ഉറക്കെയൊന്നുമല്ല സംസാരിച്ചത്. എങ്കിലും സര്‍വീസില്‍ ഭാര്യയേക്കാള്‍ ജൂനിയറായിപ്പോയ ഡോക്ടര്‍ക്ക് അവരുടെ മുന്‍പില്‍വച്ച് എന്നെയൊന്നു ‘കൊച്ചാക്കേണ്ടത്’ മനസ്സിനെസ്സംബന്ധിച്ച ആവശ്യകതയായിരുന്നു. ആ തെമ്മാടിയുടെ ചെകിട്ടത്ത് ഒന്നു കൊടുക്കണമെന്നുണ്ടായിരുന്നു എനിക്ക്. എങ്കിലും ഗോസായിഭാഷ സംസാരിക്കുന്നവരുടെ ആധിക്യവും മലയാളികളുടെ വൈരള്യവും മദ്യപനായ ആ ഡോക്ടറുടെ ആരോഗ്യവും എന്റെ ആരോഗ്യക്കുറവുംകൊണ്ട് ആ ആഗ്രഹം അടക്കിവയ്ക്കേണ്ടതായി വന്നു. കുഞ്ഞിനെയുംകൊണ്ട് റോഡിലേക്കു പോന്നപ്പോള്‍ ഞാന്‍ ആത്മപരിശോധന നടത്തി. ഞാന്‍ അയാള്‍ പറഞ്ഞതുപോലെ ‘ഷൗട്ട്’ ചെയ്തോ? ഇല്ല. ഷൗട്ട് ചെയ്തെങ്കില്‍ തെറ്റ്. ഈ സംഭവത്തിനുശേഷമാണ്. എവിടെനിന്ന് അലര്‍ച്ചയുണ്ടായാലും എനിക്കതു സഹിക്കാന്‍ കഴിയുമായിരുന്നുല്ല. ഇപ്പോഴും കഴിയില്ല. നവീന ചിത്രകല പതിഞ്ഞ ശബ്ദത്തിലല്ല സംസാരിക്കുന്നത്. അത് എപ്പോഴും ഷൗട്ടിങ് നടത്തുന്നു. നമ്മുടെ ചില കവികള്‍ക്ക് ഷൗട്ടിങ്ങല്ലാതെ വേറൊന്നുമില്ല. ഷൗട്ടിങ്ങിനെ ആദരിക്കുന്ന കാലമെന്നല്ലാതെ എന്തു പറയാനാണ്?

അനുഗൃഹീതരായ കവികളും ചിത്രകാരന്മാരും അലര്‍ച്ചയെയും ആക്രന്ദനത്തെയും കാവ്യമോ ചിത്രമോ ആയി ആവിഷ്കരിച്ചാലും അത് വിശ്രാന്തിയേ ഉളവാക്കൂ സഹൃദയന്. അതിനു തെളിവു വേണമെങ്കില്‍ എക്സ്പ്രെഷനിസത്തിന്റെ ഉദ്ഘോഷകനായ മുങ്ക് (Edward Munch 1863-1944. Norwegian Painter) വരച്ച The Scream എന്ന ചിത്രം നോക്കിയാല്‍ മതി. (ചിത്രത്തിന്റെ തനിപ്പകര്‍പ്പ് എന്നേ ഉദ്ദേശിക്കുന്നുള്ളു.) മൂങ്ക് എഴുതി:- “ഒരു സായാഹ്നത്തില്‍ ഞാന്‍ ഒരു പാതയിലൂടെ നടക്കുകയായിരുന്നു. എനിക്കു ക്ഷീണം. രോഗമെന്നു തോന്നല്‍. സൂര്യന്‍ അസ്തമിക്കുകയായിരുന്നു. മേഘങ്ങള്‍ക്കു ചോരച്ചുവപ്പ്. പ്രകൃതിയിലൂടെ ഒരാക്രന്ദനം കടന്നുപോകുന്നുവെന്ന് എനിക്കു തോന്നി. ഞാന്‍ ആ നിലവിളി കേട്ടെന്നു തോന്നല്‍. ഞാന്‍ ഈ ചിത്രം വരച്ചു. മേഘങ്ങളെ ചോരയായിത്തന്നെ പെയിന്റ് ചെയ്തു. ചായം നിലവിളിച്ചു.” കണ്ണുകള്‍ മിഴിച്ച്, കാതുകള്‍ കൈകള്‍കൊണ്ടു പൊത്തി. നാസാരന്ധ്രങ്ങള്‍ വിടര്‍ത്തി. വായ് തുറക്കാവുന്നിടത്തോളം തുറന്ന് ഒരു വ്യക്തി താഴെയിരുന്നു. നിലവിളിക്കുകയാണ്. നിത്യ ജീവിതത്തിലെ ആക്രന്ദനം കാതടപ്പിക്കും. പക്ഷേ ഈ നിലവിളി അനുധ്യാനത്തിന്റെ മണ്ഡലത്തിലേക്കു നമ്മളെ നയിക്കുന്നു. ഇതാണു കല.

ചോദ്യം, ഉത്തരം

Symbol question.svg.png പണ്ടു മുക്കാലിയില്‍ കെട്ടി അടികൊടുത്തിരുന്നു കുറ്റം ചെയ്യുന്നവന്. ഇന്ന് ആ ശിക്ഷയില്ലാത്തത് തന്റെ ഭാഗ്യം അല്ലേ?

മുക്കാലിയില്‍ കെട്ടി മുതുകടിച്ചുപൊളിക്കുന്ന ശിക്ഷ ഇന്നും ചില രാജ്യങ്ങളിലുണ്ട്. ആ ശിക്ഷയെക്കാള്‍ പതിന്മടങ്ങ് അസഹനീയമാണ് മലയാളത്തിലുണ്ടാകുന്ന ചെറുകഥകള്‍ വായിക്കുക എന്നത്. ഈ ആഴ്ചത്തെ മാതൃഭൂമി വാരികയില്‍ രണ്ടു ചെറുകഥകളുണ്ട് (ലക്കം 5). രണ്ടും മുതുകു പൊളിക്കുന്ന അടിയെക്കാള്‍ ദുസ്സഹമാണ്.

Symbol question.svg.png ചന്ദ്രന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും എന്തുകൊണ്ട്?

സുന്ദരിമാര്‍ കൊതിക്കുന്നതുകൊണ്ട് ചന്ദ്രന്‍ ഉദിക്കുന്നു. നിങ്ങളെപ്പോലെയുള്ള കാമുകന്മാരുടെ ഗോഷ്ടികള്‍ ചന്ദ്രനെ അസ്തമിപ്പിച്ചു കളയുന്നു.

Symbol question.svg.png ‘ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസി’ ഇതു ചൊല്ലോ അതോ വല്ല പുസ്തകത്തിലുമുള്ളതോ?

നോക്കിയാലേ ഉറപ്പിച്ചു പറയാന്‍ പറ്റൂ.

‘അപി സ്വര്‍ണ്ണമയീ ലങ്കാ
ന മേ ലക്ഷ്മണ രോചതേ
ജനനീ ജന്മഭൂമിശ്ച
സ്വര്‍ഗ്ഗാദപി ഗരീയസി’

എന്ന് ശ്രീരാമന്‍ ലക്ഷ്മണനോടു പറഞ്ഞു എന്നാണ് ഓര്‍മ്മ (വാല്മീകി രാമായണം). അതോ വിഭീഷണനോടു ശ്രീരാമന്‍ പറഞ്ഞതോ? നോക്കിപ്പറയാം.

Symbol question.svg.png നിങ്ങളുടെ ചെറുപ്പകാലത്തെ സ്ത്രീകളും ഇപ്പോഴത്തെ സ്ത്രീകളും തമ്മില്‍ വ്യത്യാസമുണ്ടോ?

എന്റെ ചെറുപ്പകാലത്ത് പുരുഷന്മാര്‍ നിയമങ്ങളുണ്ടാക്കിയിരുന്നു. സ്ത്രീകള്‍ അവ അനുസരിച്ചു. ഇന്നു സ്ത്രീകള്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നു. പുരുഷന്മാര്‍ അനുസരിക്കുന്നു.

Symbol question.svg.png നായരല്ലേ നിങ്ങള്‍? ചട്ടമ്പിസ്വാമികള്‍ നിര്‍മ്മിച്ച നിയമങ്ങള്‍ നിങ്ങളും നിങ്ങളുടെ വര്‍ഗ്ഗക്കാരും പരിപാലിക്കുന്നോ?

ചട്ടമ്പിസ്വാമികളുടെ ഉപദേശങ്ങള്‍ ലംഘിക്കുന്നവരാണ് നായന്മാര്‍. വര്‍ഗ്ഗീയസ്വഭാവമുള്ള ചോദ്യങ്ങള്‍ ഇനി ചോദിക്കരുത്.

Symbol question.svg.png ചന്ദ്രന്റെ തലസ്ഥാനമേത്?

തലസ്ഥാനത്ത് ചികിത്സ വേണ്ടവര്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കും. ഡോക്ടര്‍ എം.ആര്‍.ആര്‍. മേനോനോടു ചോദിക്കൂ. അദ്ദേഹം ഉത്തരം തരും.

Symbol question.svg.png ചിരിയെന്നാല്‍ എന്താണു സാറേ?

തിരക്കുള്ള ബസ്സില്‍ കയറാനായി സുന്ദരി കണ്ടക്ടര്‍ക്കു നേരേ പ്രയോഗിക്കുന്ന ബ്രഹ്മാസ്ത്രം.

ഹാസ്യമില്ലാത്ത ചിരി

‘ഗ്രെയ്റ്റ്’ എന്ന വിശേഷണം ഒരു സംശയവും നല്കാവുന്ന നീണ്ടകഥയാണ് റ്റോള്‍സ്‌റ്റോയിയുടെ ‘ഫാദര്‍ സര്‍ജിയസ്’. ഒരു സൈനികോദ്യോഗസ്ഥന്‍ ഒരു സുന്ദരിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. പക്ഷേ, ബുദ്ധിശൂന്യയായ അവള്‍ തനിക്കു സാര്‍ച്ചക്രവര്‍ത്തിയോട് പണ്ടു ലൈഗികബന്ധമുണ്ടായിരുന്നുവെന്ന് അയാളെ അറിയിച്ചു. ആ സത്യസന്ധതയെ അംഗീകരിച്ച് അവളെ കല്യാണം കഴിക്കുന്നതിനു പകരം അയാള്‍ ഫാദര്‍ സര്‍ജിയസായി സന്ന്യാസിമഠത്തില്‍ ചേരുകയാണുണ്ടായത്. ദിവ്യത്വത്തിനു പേരുകേട്ട ആ ഫാദറിനെ വശീകരിച്ചു വീഴ്ത്താമെന്നു പന്തയം കെട്ടി വേറൊരു സുന്ദരിയായ തരുണി അദ്ദേഹം അപ്പോള്‍ താമസിക്കുന്ന ഗൃഹത്തിലെത്തി. കുടുക്കിടാതെ മാറു കാണിച്ചും അദ്ദേഹത്തെ സ്പര്‍ശിച്ചും ഹൃദ്യമായി ചിരിച്ചും അവള്‍ അദ്ദേഹത്തെ വ്യഭിചരിപ്പിക്കാന്‍ നോക്കി. താന്‍ വീഴുമെന്ന് തീര്‍ച്ചയായപ്പോള്‍ സര്‍ജീയസ് വെട്ടുകത്തിയെടുത്ത് വിരലില്‍ ആഞ്ഞുവെട്ടി. ചോരപുരണ്ട ആ വിരല്‍ അവളുടെ മുന്‍പില്‍ വന്നുവീണു. യുവതിയങ്ങു തിരിച്ചു പോകുകയും ചെയ്തു. പക്ഷേ, പിന്നീട്, ബുദ്ധിശൂന്യയായ മറ്റൊരു പെണ്ണിന് അദ്ദേഹം വിധേയനായി. അതോടെ സന്ന്യാസിയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി സാധാരണക്കാരന്റെ വസ്ത്രങ്ങള്‍ ധരിച്ച് അദ്ദേഹം പാര്‍പ്പിടത്തില്‍നിന്നിറങ്ങി നടന്നു. അലഞ്ഞുതിരിയുന്നതിനു ശിക്ഷ കിട്ടിയ അദ്ദേഹം സൈബീരിയയിലെത്തി കുഞ്ഞുങ്ങളെ പഠിപ്പിച്ചുകൊണ്ടു ജീവിതം നയിച്ചു. എല്ലാ വിധത്തിലും മഹത്ത്വമാര്‍ന്ന ഇക്കഥയില്‍ അദ്ദേഹത്തെ വശീകരിക്കാന്‍ ചെന്ന ആദ്യത്തെ യുവതി ചിരിച്ചതിന്റെ വര്‍ണ്ണനയുണ്ട്. സ്ത്രീകയുടെ ചിരി പുരുഷനെ എങ്ങനെ ചലനം കൊള്ളിക്കുമെന്ന് പുരുഷനറിയാമെന്നു റ്റോള്‍സ്റ്റോയി അവിടെ പറയുന്നുണ്ട്. അത് വശീകരണത്തിന്റേയും പ്രലോഭിപ്പിക്കലിന്റേയും ചിരിയാണ്. ആ ചിരിയുടെ പ്രഭവകേന്ദ്രം സെക്സാണ്. അതു വിജയം വരിക്കും.

അനുഗൃഹീതരായ കവികളും ചിത്രകാരന്മാരും അലര്‍ച്ചയെയും ആക്രന്ദനത്തെയും കാവ്യമോചിത്രമോ ആയി ആവിഷ്കരിച്ചാലും അതു വിശ്രാന്തിയേ ഉളവാക്കു സഹൃദയന്. അതിനു തെളിവു വേണമെങ്കില്‍ എക്സ്പ്രെഷനിസത്തിന്റെ ഉദ്ഘോഷകനായ മുങ്ക് (Edward Munch 1863-1944. Norwegian Painter) വരച്ച The Scream എന്ന ചിത്രം നോക്കിയാല്‍ മതി. (ചിത്രത്തിന്റെ തനിപ്പകര്‍പ്പ് എന്നേ ഉദ്ദേശിക്കുന്നുള്ളു.)


ഓടുന്ന ബസ്സിന്റെ മുന്‍പില്‍ സ്ത്രീ ‘എടുത്തു’ ചാടുന്നു. ഡ്രൈവര്‍ വാഹനം നിറുത്തുന്നു. രക്ഷപ്പെട്ട സ്ത്രീ തെറ്റുപറ്റിയെന്നു ഭാവിക്കാതെ ചിരിച്ചുകൊണ്ടു റോഡിന്റെ മറുഭാഗത്തേക്കു മെല്ലെ പോകുന്നു. ബസ്സ് കാത്തുനില്ക്കുന്ന സ്ത്രീ അതു നിറുത്താന്‍ കൈകാണിച്ചുവെന്നിരിക്കട്ടെ. ഡ്രൈവര്‍ നിറുത്താതെ പോയാല്‍ അവള്‍ ചിരിക്കുകയേയുള്ളൂ. പുരുഷനെപ്പോലെ കോപിക്കുകയില്ല. ഒരളവില്‍ ഈ രണ്ടു ചിരികള്‍ക്കും മാപ്പുകൊടുക്കാം. മൂഢതയെ മറയ്ക്കാനുള്ള മാംസപേശികളുടെ വക്രീകരണമാണല്ലോ അവ. എന്നാല്‍ അന്യരോടു സംസാരിക്കുമ്പോള്‍ ഒരു ഹേതുവുമില്ലാതെ ഒരു മിനിറ്റില്‍ അറുപതു സെക്കന്‍ഡും ക്ക് ക്ക് ക്ക് എന്നു ചിരിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകളുണ്ട്. അത് ദ്രഷ്ടാവിനെയോ ശ്രോതാവിനെയോ ‘ഇറിറ്റെയ്റ്റ്’ ചെയ്യും. ഹാസ്യത്തില്‍നിന്ന് സ്ത്രീകളുടെ ചിരിയുണ്ടാവട്ടെ. പുരുഷന്മാര്‍ക്ക് അത് രസകരമായിരിക്കും. ശ്രീ ജോസ് പനച്ചിപ്പുറം കലാകൗമുദിയില്‍ എഴുതിയ ‘രാധാകൃഷ്ണന്‍ പ്രാര്‍ത്ഥിക്കുന്നു’ എന്ന ചെറുകഥ ഹാസ്യമില്ലാതെയുള്ള സ്ത്രീയുടെ ക്ക് ക്ക് ക്ക് ചിരി മാത്രമാണ്. മതേതരത്വത്തിന്റെ പ്രതീകമായി ഹോട്ടല്‍ തുടങ്ങിയ രാധാകൃഷ്ണന്‍ സര്‍വദൈവങ്ങളെയും വച്ചു പൂജിക്കുന്ന സ്ഥലമാക്കി ഹോട്ടലിനെ മാറ്റുന്നത്രേ. ഭാരതത്തിന്റെ ആധുനികാവസ്ഥയെ ലാക്ഷണികമായി ചിത്രീകരിക്കാനാണ് കഥാകാരന്റെ ലക്ഷ്യമെങ്കില്‍ അതും പരാജയം. അതല്ല ഹാസ്യശൂന്യമായി മുപ്പത്തിരണ്ടു പല്ലുകളും കാണിച്ചുകൊണ്ടുള്ള ചിരിയാണെങ്കില്‍ വലിയ വിജയം. ആ വിജയമിരിക്കുനത് പൊള്ളയായ ചിരി വായനക്കാരന് അസഹ്യമായിബ്ഭവിക്കുന്നു എന്നതില്‍ മാത്രം.

* * *


കാക്ക

എന്റെ നിറം പേടിയുടേതാണ്. എന്റെ ശബ്ദം എല്ലിനെതിരേയുള്ള കത്തിയുടേതാണ്. ഞാന്‍ വിശ്രമിക്കുന്നത് നിങ്ങളെ ഉറ്റു നോക്കാന്‍ മാത്രം.

പറക്കുമ്പോള്‍ വലയെന്നപോലെ ഞാന്‍ ഇരുട്ടിനെ പിറകെ വലിച്ചിഴയ്ക്കുന്നു.

ഇപ്പോഴതു നിങ്ങളുടെ മുകളിലാണ്.

ഇപ്പോഴതു വീണുകൊണ്ടിരിക്കുന്നു — Stephen Dobyns എന്ന അമേരിക്കന്‍ കവി.

തരംതാഴ്ത്തല്‍

ഞാന്‍ താമസിച്ചിരുന്ന വീട്ടിനു തൊട്ടടുത്താണ് ആ ബ്രാഹ്മണകുടുംബം പാര്‍ത്തിരുന്നത്. ഒരു വൃദ്ധന്‍. അയാള്‍ ഏതോ തൊഴില്‍ശാലയില്‍ മാനേജറായിരുന്നു പെന്‍ഷന്‍ പറ്റി. തുച്ഛമായ പെന്‍ഷന്‍ തുക കൊണ്ടു ജീവിക്കാന്‍ പറ്റാത്തതു കൊണ്ട് അയാള്‍ മകന്റേയും അവന്റെ ഭാര്യയുടേയും കൂടെ താമസമാക്കിയിരിക്കുകയാണ്. മകന്‍ ഉദ്യോഗസ്ഥനാണ്. അയാള്‍ സ്ക്കൂട്ടറില്‍ കയറി ശ്ര്‍ എന്ന ശബ്ദം കേള്‍പ്പിച്ചുകൊണ്ട് ഓഫീസിലേക്കു പൊയ്ക്കഴിഞ്ഞാല്‍ മരുമകള്‍ ശരിയായ ഭരണം തുടങ്ങും കിഴവനെ. ‘അന്ത മനുഷന്‍ എങ്കേ? എന്ന് അവളുടെ ഉറക്കെയുള്ള ആത്മഗതപ്രശ്നം [പ്രശ്നം ചോദ്യമെന്ന അര്‍ത്ഥത്തില്‍]. ‘എന്ത മനുഷന്‍’? എന്നു മുറ്റമടിക്കുന്ന ജോലിക്കാരിയുടെ ചോദ്യം. അതു കേള്‍ക്കാത്ത മട്ടില്‍’ എങ്കേ ഒളിച്ചു പോനാന്‍?’ എന്നു വീണ്ടും ചോദ്യം. ഇതു കേള്‍ക്കുന്ന വൃദ്ധന്‍ പേടിയോടെ തരുണിയുടെ മുന്‍പിലെത്തുന്നു. മണ്ണെണ്ണ വന്നിട്ടുണ്ട്. വാങ്ങി വരൂ എന്ന മരുമോളുടെ നിര്‍ദ്ദേശം കേട്ട് അയാള്‍ രണ്ടു ടിന്നുകളെടുത്തു കടയിലേക്കു പോകുന്നു. തിരിച്ചു ഭാരംകൂടിയ ആ ടിന്നുകള്‍ വീട്ടില്‍ കൊണ്ടുവയ്ക്കുമ്പോള്‍ പഞ്ചാര കൊടുക്കുന്നു വാങ്ങി വാ എന്ന് ആജ്ഞ. ജോലിയിലിരുന്ന കാലത്ത് പല ശിപായിമാരെയും കടകളില്‍ അയച്ച് പഞ്ചസാരയും മണ്ണെണ്ണയും വാങ്ങിപ്പിച്ചിരുന്ന ആ പാവം ബ്രാഹ്മണന്‍ മണ്ണെണ്ണപ്പാട്ടകളും പ്ളാസ്റ്റിക് ബാഗുകളും ചുമന്നു കൊടുംവെയിലില്‍ ‘തേരാപ്പാരാ’ നടക്കുന്നത് ഞാന്‍ എത്ര തവണയാണ് കണ്ടിട്ടുള്ളത്. ഒരിക്കല്‍ മകന് ഡെപ്യൂട്ടേഷന്‍; മരുമകള്‍ക്കു ഉന്നത് വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള വിദേശവാസം. കിഴവന്‍ വെറും പരിചാരകനായി മാറി. അയാള്‍ വീട്ടിനകം അടിച്ചുവാരുന്നതും ചോറുവയ്ക്കുന്നതുമൊക്കെ ഞാന്‍ കണ്ടു. എന്താണ് ഇവിടെ സംഭവിക്കുന്നത്? മോനും മരുമകളുംകൂടി വൃദ്ധനെ വേലക്കാരനായി തരംതാഴ്ത്തുകയാണ്. ഈ പ്രക്രിയ ഈ

ധിഷണയോട് ബന്ധപ്പെട്ട ഭാവനയ്ക്കാണ് ഈ ശതാബ്ദത്തില്‍ പ്രാധാന്യം. റ്റോമസ് മാന്‍, ഫൂകോ ഇവരുടെ കൃതികളില്‍ ഈ ഭാവനയേ ഉള്ളു. ഇത്തരം കൃതികള്‍ ആവിര്‍ഭവിക്കുന്ന കാലയളവിലും തുടര്‍ന്ന് കുറെക്കാലത്തേക്കും ജനസമ്മതി നേടും. കാലം കഴിയുമ്പോള്‍ അവ വിസ്മരിക്കപ്പെടും.

ലോകമാകെയുണ്ട്. പരസ്യങ്ങള്‍ എപ്പോഴും കാണിച്ച് ദ്രഷ്ടാക്കളെ ‘മാനിപ്യുലേറ്റ്’ ചെയ്യുന്ന ദൂരദര്‍ശന്‍ അധികാരികള്‍, ഭാര്യയെക്കൊണ്ടു വീട്ടിലെ സകല ജോലികളും ചെയ്യിക്കുന്ന ഭര്‍ത്താവ്. സ്വതന്ത്ര പൗരന് വിദേശത്തു പോകാന്‍ അനുമതി നല്കാത്ത ഡിക്റ്റേറ്റര്‍, പാര്‍ട്ടിച്ചിട്ടയ്ക്കു യോജിക്കാത്ത വിധത്തില്‍ ഒന്നും ചെയ്യാന്‍ പാടില്ലെന്ന് മറ്റംഗങ്ങളോട് ആജ്ഞാപിക്കുന്ന കക്ഷിനേതാവ് ഇവരെല്ലാം തരംതാഴ്ത്തുന്നതില്‍ തല്‍പരരാണ്. അതിനു വിധേയനാകുന്ന വ്യക്തി അന്തസ്സ് ഇല്ലാത്തവനായി മാറുന്നു. പൈങ്കിളിക്കഥകളും മറ്റു ‘തല്ലിപ്പൊളി’ക്കഥകളും എഴുതി ‘ഇതൊക്കെ രസിച്ചോ’ എന്നു പരോക്ഷമായി നമ്മോടു പറയുന്ന എഴുത്തുകാരും ഈ പ്രക്രിയതന്നെ നടത്തുന്നു. ഉത്കൃഷ്ടമായ കഥ വായിക്കുമ്പോള്‍ നമ്മുടെ മനസ്സ് വിശാലതയാര്‍ജ്ജിക്കുന്നു. നമുക്കു സ്വാതന്ത്ര്യത്തിന്റെ തോന്നല്‍ ഉളവാകുന്നു. നമ്മുടെ അന്തസ്സ് വര്‍ദ്ധിക്കുന്നു. എന്നാല്‍ കുങ്കുമം വാരികയില്‍ ശ്രീ. സി.ആര്‍. പ്രഭാകരന്‍ വിയപുരം എഴുതിയ “ആരാച്ചാര്‍ക്കു വധശിക്ഷ” എന്ന കഥ വായിക്കുമ്പോള്‍ നമ്മള്‍ തരംതാഴ്ത്തപ്പെടുന്നു. അതോടെ നമ്മുടെ സ്വത്വം തകരുന്നു. ആത്മാഭിമാനം നശിക്കുന്നു. അനേകമാളുകളെ തൂക്കിക്കൊന്ന ഒരു ആരാച്ചാര്‍ ഭാര്യയെയും മകളെയും വധിക്കുന്നു. ആരാച്ചാര്‍ക്ക് കോടതി വധശിക്ഷ നല്കുന്നു. ഇതാണ് കഥ. ബോധമണ്ഡലം, പ്രവൃത്തികള്‍ ഇവയുള്‍പ്പെടെയുള്ള എല്ലാ ജീവിത “പ്രതിഭാസങ്ങളെ’യും ഫിസിക്സിലും കെമിസ്റ്റ്രിയിലും ഒതുക്കാമെന്നു പറയുന്ന തത്ത്വചിന്തയെ ‘റിഡക്ഷനിസം’ എന്നു വിളിക്കുന്നു. ശുദ്ധമായ നോണ്‍സെന്‍സാണിത്. ഇത്തരം ക്ഷുദ്രവിഷയങ്ങളിലേക്കു പാവപ്പെട്ട വായനക്കാരെ വലിച്ചിഴച്ച് അവര്‍ക്ക് ആകുലാവസ്ഥ ജനിപ്പിക്കുന്ന ഈ കഥാകാരനും ആ തത്ത്വചിന്തയില്‍ വിശ്വസിക്കുന്നു.

ഭാവന രണ്ടുവിധം

ഏതാണ്ട് നാല്പതു കൊല്ലം മുന്‍പാണ് ഞാന്‍ ഡിലമേറിന്റെ Rupert Brooke and the intellectual imagination എന്ന പ്രബന്ധം വായിച്ചത് അതുള്‍ക്കൊള്ളുന്ന ഗ്രന്ഥത്തിന്റെ പേര് ഇപ്പോള്‍ എന്റെ ഓര്‍മ്മയിലില്ല. ധിഷണാപരമായ ഭാവന, കാവ്യാത്മകമായ ഭാവന ഇങ്ങനെ രണ്ടു ഭാവനകളുണ്ടെന്നു പറഞ്ഞിട്ട് ഡിലമേര്‍ രണ്ടിന്റെയും സവിശേഷതകള്‍ വിദ്വജ്ജനോചിതമായും ഹൃദയഹാരിയായും എടുത്തുകാണിച്ചിട്ടുണ്ട്. ധിഷണയോടു ബന്ധപ്പെട്ട ഭാവനയ്ക്കാണ് ഈ ശതാബ്ദത്തില്‍ പ്രാധാന്യം. റ്റോമസ് മാന്‍, ഫൂകോ ഇവരുടെ കൃതികളില്‍ ഈ ഭാവനയേയുള്ളു. ഇത്തരം കൃതികള്‍ ആവിര്‍ഭവിക്കുന്ന കാലയളവിലും തുടര്‍ന്ന് കുറെക്കാലത്തേക്കും ജനസമ്മതി നേടും. കാലം കഴിയുമ്പോള്‍ അവ വിസ്മരിക്കപ്പെടും. എന്നാല്‍ കാവ്യാത്മകഭാവനയുടെ സന്തതിയായ മാജിക് മൗണ്ടന്‍ (റ്റോമസ് മാനിന്റേത്), മഹത്ത്വമുള്ള കൃതിയാണ്. അത് യൂറോപ്യന്‍ സംസ്കാരത്തിന്റെ പ്രതിഫലനവുമാണ്. പക്ഷേ നമ്മുടെ ചില നോവലുകള്‍ Indian context-ല്‍ പെട്ടവയല്ല. അവ യൂറോപ്യന്‍ നോവലുകളുടെ പ്രതിനിധ്വനികള്‍ മാത്രമാണ്. ഇവിടെ ഇത്രയും എഴുതിയത് ശ്രീ ഹരിഹരന്‍ പൂഞ്ഞാര്‍ ദേശാഭിമാനി വാരികയില്‍ എഴുതിയ ‘നോവല്‍ പുതിയ കാഴ്ചപ്പാടില്‍’ എന്ന ഭേദപ്പെട്ട ലേഖനം വായിച്ചതിനാലാണ്. യൂറോപ്പിലെ ധിഷണാപരങ്ങളായ കൃതികളെ വാഴ്ത്തിയിട്ട് ഇവിടത്തെ അത്തരം കൃതികളെ ഞാന്‍ നിന്ദിക്കുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതു ശരിയല്ല. ഭാരതത്തിന്റെ, കേരളത്തിന്റെ മണ്ണിന്റെ മണമുള്ള ധിഷണാപരങ്ങളായ നോവലുകള്‍ ഉണ്ടാകട്ടെ. അവയെ ആദരിക്കുന്നവരുടെ കൂട്ടത്തില്‍ ഈ എഴുത്തുകാരനും ഉണ്ടായിരിക്കും.