close
Sayahna Sayahna
Search

സാഹിത്യവാരഫലം 1995 03 05സാഹിത്യവാരഫലം
Mkn-04.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1995 03 05
ലക്കം 1016
മുൻലക്കം 1995 02 26
പിൻലക്കം 1995 03 10
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“എല്ലാ മനുഷ്യരും ചിലപ്പോള്‍ തെറ്റുചെയ്യും. എന്നാല്‍ ഒരു വ്യത്യാസം. ബുദ്ധിയുള്ളവര്‍ തങ്ങള്‍ പ്രവര്‍ത്തിച്ചതു മറച്ചുവയ്ക്കും. മണ്ടന്മാര്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നതിനെപ്പോലും വെളിപ്പെടുത്തും സ്നേഹിതനോടുപോലും നിങ്ങളുടെ തെറ്റുകള്‍ പറയരുത്. കഴിയുമെങ്കില്‍ നിങ്ങളോടുതന്നെ അതു പറയരുത്. തെറ്റുകളില്‍നിന്നു പാഠങ്ങള്‍ പഠിക്കൂ എന്നിട്ട് അവയെ മറക്കാന്‍ ശീലിക്കൂ.” (ബാല്‍താസാര്‍ ഗ്രാത്യാന്‍ ഈ മൊറാലാസ് Baltsar Gracian y Morales, 1601–1658, Spanish Writer, Practical Wisdom for Perilous Times, Edited by J. Leonard Kaye.)

അധ്യാരോപം

കഥയുടെ അന്തരീക്ഷ­സൃഷ്ടിയില്‍ വിജയന്‍ നിസ്തുലനാണ്. സാഹിത്യ­പരമല്ലാത്ത ഭാഷ പ്രയോഗിച്ച് കലയുടെ പ്രകാശ­മുളവാക്കാന്‍ അദ്ദേഹത്തിനു കഴിയും.

ദിവസങ്ങള്‍ പരിണാമ­രമണീയങ്ങളാ­യിരിക്കണം അതുപോലെ കഥകള്‍ക്കും പരിണാമ­ഭംഗി വേണം. ശ്രീ. മുണ്ടൂര്‍ സേതുമാധവന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “കേട്ടുവോ ആ നിലവിളി” എന്ന കഥയ്ക്ക് ആ ഗുണമില്ലെന്നു മാത്രമല്ല ദുര്‍ഗ്രഹതയുടെ വൈരുപ്യമുണ്ടുതാനും. അതുകൊണ്ട് ഞാന്‍ ഗ്രഹിച്ച മട്ടില്‍ ചിലത് എഴുതുകയാണ് കഥയെക്കുറിച്ച്. മനഃശാസ്ത്രത്തില്‍ അധ്യാരോപം എന്നൊരു പ്രവര്‍ത്തനത്തെക്കുറിച്ചു പറയുന്നുണ്ട്. തനിക്കിഷ്ടമില്ലാത്ത ഒരു ചിന്തയാല്‍ വ്യക്തി അലട്ടപ്പെടുന്നുവെന്നു വിചാരിക്കുക. അയാള്‍ക്ക് അത് ഒഴിവാക്കിയാല്‍ കൊള്ളാമെന്നുണ്ട്. അബോധമനസ്സ് ആ ചിന്തയെ താലോലിക്കുന്നുണ്ട്. പക്ഷേ സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും പ്രേരണകള്‍ കൊണ്ട് അയാള്‍ അത് അബോധമനസ്സിലേക്കു തള്ളിനീക്കുന്നു. അങ്ങനെ അടിച്ചമര്‍ത്തപ്പെട്ട ചിന്ത വേറൊരുവിധത്തില്‍ പ്രാദുര്‍ഭാവം കൊള്ളുകയാണ് എവിടെനിന്നെങ്കിലും ഉണ്ടാകുന്ന ശബ്ദമായി അയാള്‍ ആ വിചാരം ശ്രവിക്കുന്നു. ഇതാണ് അധ്യാരോപം — projection. ഒരു ഭാര്യയെ വകവരുത്തിയ ഒരു ദുഷ്ടന്‍ രണ്ടാമതൊരു പാവത്തെക്കൊണ്ടുവന്നു വേഴ്ചയ്ക്കു ശ്രമിക്കുമ്പോള്‍ മരിച്ചവളുടെ ശബ്ദം കേള്‍ക്കുന്നു. എന്റെ ഈ വ്യാഖ്യാനം ശരിയാണെങ്കിലും തെറ്റാണെങ്കിലും മുണ്ടൂര്‍ സേതുമാധവന്‍ ചലനാത്മകമായ രീതിയില്‍ കഥ പറഞ്ഞിട്ടുണ്ട്. ആഖ്യാനത്തിന്റെ സവിശേഷതയാല്‍ ദ്വിതീയ വിവാഹം നടത്തിയവന്റെ ദൗഷ്ട്യം അഭിവ്യഞ്ജിക്കുന്നു. സംഭവവര്‍ണ്ണനയുടെ ഹ്രാസം കഥയുടെ തീക്ഷ്ണത വര്‍ദ്ധിപ്പിക്കുന്നുമുണ്ട്.

അഭിനവ നിഘണ്ടു

അടുക്കള
അത്രകണ്ടു സദാചാരതല്‍പരന്മാരല്ലാത്ത ചില അതിഥികള്‍ക്ക് ആതിഥേയന്റെ സാന്നിദ്ധ്യത്തെ വിസ്മരിച്ച് കൂടക്കൂടെ നോക്കാനുള്ള സ്ഥലം.
ചിക്കന്‍ ഫ്രൈ
ചില ഹോട്ടലുകളില്‍ കാക്കയെ കൊണ്ടുണ്ടാക്കുന്ന ഒരാഹാരസാധനം.
നെയ്റോസ്റ്റ്
നഗരസഭകള്‍ പ്രവര്‍ത്തിക്കുന്ന ചില പട്ടണങ്ങളിലെ ചായക്കടകളില്‍ ഉച്ചയ്ക്കു മിച്ചം വരുന്ന ചോറുകൊണ്ടുണ്ടാക്കുന്ന വൃത്താകൃതിയിലുള്ള ഒരാഹാരവസ്തു. മൊരിഞ്ഞ ആ സാധനത്തിലെ ഡാല്‍ഡാ പഴകിയ അന്നത്തിന്റെ സ്വാദ് മറച്ചുകളയും ‘പുനസ്തപ്തം വിഷോപമം’ എന്ന മുദ്രാവാക്യം നഗരസഭകളുടെ മുന്‍പില്‍ ചെന്നുവിളിക്കാന്‍ ആളുകള്‍ ഉണ്ടാവണം.
റ്റെലിവിഷന്‍ സെറ്റ്
വീട്ടില്‍ വരുന്ന നാലാളുകള്‍ കാണത്തക്കവിധത്തില്‍ ഇതു വച്ചില്ലെങ്കില്‍ എന്തു പ്രയോജനം?
ആംപ്ളേറ്റ്
അക്ഷരശൂന്യന്മാര്‍ ചായക്കടകളില്‍ച്ചെന്നു ചോദിക്കുന്നത്. ഓംലെറ്റ് എന്നു പറഞ്ഞാല്‍ ചായക്കടക്കാരനു മനസ്സിലാവുകയുമില്ല.
മലയാളം
സംസ്കൃതം മാത്രം പഠിച്ചവരാല്‍ ബലാത്സംഗം ചെയ്യപ്പെടുന്ന ഒരു ഭാഷ. ബലാത്കാരവേഴ്ചയുടെ സാമ്പിള്‍ ഇതാ: ‘ശോധിത ശേമുഷീകനായ പ്രകൃഷ്ടപണ്ഡിതന്റെ വിചാരധാരയില്‍ നിന്നു വിനിര്‍ഗ്ഗളിച്ച സൂക്തിമൗക്തികങ്ങളാണ് ഇവ.’ (ഇത് എഴുതിയത് ആരെന്നു പറയാന്‍ താല്‍പര്യമില്ല എനിക്ക്.)

“സ്ത്രീക്കോ പുരുഷനോ ഇച്ഛാശക്തി കൂടുതല്‍?” “സംശയമെന്ത്? സ്ത്രീക്ക് കാറ് വാങ്ങണമെന്നു പുരുഷന്‍ വിചാരിച്ചാല്‍ പണമില്ലാത്ത അയാള്‍ക്ക് അതു സാധിക്കില്ല. എന്നാല്‍ അയാളുടെ ഭാര്യയ്ക്ക് ആ വിചാരമുണ്ടായാല്‍ അവള്‍ കാറ് വാങ്ങിച്ചിരിക്കും. സ്ത്രീ എന്തു തീരുമാനിച്ചാലും അതു നടക്കും.”

ഹൃദ്രോഗം
സ്ഥലംമാറ്റം വരാതിരിക്കാന്‍വേണ്ടി ഓരോ അധ്യാപകനും വിദ്യാഭ്യാസമന്ത്രിയോട് എന്നും എപ്പോഴും പറയുന്ന ഒരു വാക്ക്.
ബട്ടണ്‍
കാമവെറിയുള്ള യുവാവ് കാമുകിയുമായി റോഡില്‍നിന്നു സംസാരിക്കുമ്പോള്‍ സ്വയം പിടിച്ചുതിരിച്ചുകൊണ്ടിരിക്കുന്നത്. ഒരു പ്രതിരൂപാത്മക പ്രവര്‍ത്തനം.
സെക്രട്ടറി
രാജവാഴ്ചയുണ്ടായിരുന്ന കാലത്ത് യാഥാര്‍ത്ഥമായ അധികാരമുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍. ഇപ്പോള്‍ വെറും ഗ്ളോറിഫൈഡ് ക്ളാര്‍ക്ക്.

ഒ.വി. വിജയന്‍

caption
ഒ.വി. വിജയന്‍

മക്കള്‍ പ്രായമായിക്കഴിഞ്ഞാല്‍ തങ്ങളില്‍ നിന്ന് അകന്നു നില്ക്കുന്നുവെന്ന് അച്ഛനമ്മമാര്‍ക്കു പരാതിയുണ്ടാവും. മനുഷ്യപ്രകൃതിയെക്കുറിച്ചുള്ള അജ്ഞതയാണ് അതിനു ഹേതു. ശിശുക്കളായിരിക്കുമ്പോള്‍ മാത്രമാണ് അവര്‍ അച്ഛനമ്മമാരോടു യോജിച്ചു നില്ക്കുക. പ്രായം കൂടുന്തോറും ശിശുക്കളുടെ ബോധമണ്ഡലം വികസിച്ചു വരും. ഒടുവില്‍ അച്ഛനില്‍ നിന്ന്, അമ്മയില്‍ നിന്ന് അവര്‍ തികച്ചും വേര്‍പെട്ട അവസ്ഥയിലാകും. ആ സന്ദര്‍ഭത്തില്‍ അച്ഛനമ്മമാരെ എതിര്‍ക്കാന്‍ പോലും അവര്‍ക്കു മടി കാണില്ല. പല മനഃശാസ്ത്രജ്ഞന്മാരും ചൂണ്ടിക്കാണിച്ച ഈ സത്യം മനസ്സിലാക്കാതെയാണ് അച്ഛന്‍, അമ്മ ഇവര്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും കുറ്റപ്പെടുത്തുന്നത്. ആ സന്താനങ്ങള്‍ യുവത്വത്തില്‍ നിന്നു വാര്‍ദ്ധക്യത്തിലേക്കും വാര്‍ദ്ധക്യത്തില്‍ നിന്നു ജീവിതാസ്തമയത്തിന്റെ അവസാനത്തെ അവസ്ഥയിലേക്കും ചെല്ലുമ്പോള്‍ ബോധമണ്ഡലം നശിച്ചവരായിത്തീരുന്നു. അപ്പോള്‍ Siegfried Sassoon — സീഗ്‌ഫ്രീഡ് സസൂണ്‍ — എന്ന ബ്രിട്ടീഷ് കവി പറഞ്ഞതുപോലെ

Alone... The world is life endured-and known
It is the stillness where our spirits walk
And all but inmost faith is overthrown

എന്ന രീതിയില്‍ ജീവിതം മാറിപ്പോകുന്നു. അപ്പോള്‍ സസൂണ്‍ വേറൊരു സന്ദര്‍ഭത്തില്‍ ഐറണിയോടെ എഴുതിയത് ഓര്‍മ്മയിലെത്തും. കാലുകള്‍ നഷ്ടപ്പെട്ടാലെന്ത് ജനങ്ങള്‍ എപ്പോഴും കാരുണ്യമുള്ളവരായിരിക്കുമല്ലോ. കാഴ്ചപോയാലെന്ത്? അന്ധന്മാര്‍ക്ക് എന്തെല്ലാം നല്ല ജോലികള്‍ ചെയ്യാനുണ്ട്? ജനത എപ്പോഴും ദയയുള്ളവരായിരിക്കുകയും ചെയ്യും. സ്നേഹവും ദയയും ജനത പ്രകടിപ്പിക്കുമെങ്കിലും ജീവിതാസ്തമയത്തിലെത്തിയവര്‍ ബോധമണ്ഡലം നശിച്ചവരായിബ്ഭവിക്കുന്നു. അപ്പോള്‍ വാള്‍ട് വിറ്റ്മാന്‍ പറഞ്ഞതുപോലെ മൃഗങ്ങളാകാനും അവര്‍ക്കു മടിയില്ല.

caption
സീഗ്‌ഫ്രീഡ് സസൂണ്‍
I think I could turn and
live with animals...
They do not sweat and
whine about their condition
They do not lie awake in the
dark and weep for their sins
(ചങ്ങമ്പുഴയുടെ ‘പാടുന്ന പിശാചി’ല്‍ ഇതിനു സദൃശമായ ആശയമുണ്ട്.)

ബോധമണ്ഡലം നശിച്ച്, മോഹഭംഗമാര്‍ന്നു കഴിഞ്ഞു കൂടുന്ന ഒരാളെ ശ്രീ. ഒ.വി. വിജയന്റെ ‘ഗൃഹാതുരത്വം’ എന്ന കഥയില്‍ കാണാം നമുക്ക്. കഥയിലാകെയല്ല ഓരോ വാക്യത്തിലുമുണ്ട് ഐറണി. ആ ഐറണിയിലൂടെ മോഹഭംഗത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും ബോധമണ്ഡലരാഹിത്യത്തിന്റെയും സവിശേഷതകള്‍ വിജയന്‍ അനായാസമായി ചിത്രീകരിക്കുന്നു. കഥയുടെ അന്തരീക്ഷസൃഷ്ടിയില്‍ വിജയന്‍ നിസ്തുലനാണ്. സാഹിത്യപരമല്ലാത്ത ഭാഷ പ്രയോഗിച്ച് കലയുടെ പ്രകാശമുളവാക്കാന്‍ അദ്ദേഹത്തിനു കഴിയും (കഥ കലാകൗമുദിയില്‍).

വിഷ്ണുനാരായണന്‍ നമ്പൂതിരി

അഭിമുഖസംഭാഷണത്തിന്റെ റിപോര്‍ട്ട് വായിച്ചിട്ട് ആരെയും വിമര്‍ശിക്കുന്നതു ശരിയല്ലെന്ന് എനിക്കറിയാം. ചോദ്യകര്‍ത്താവിന്റെ ചോദ്യത്തിന് സാഹിത്യകാരന്‍ നല്കുന്ന മറുപടി ഒരുതരമായിരിക്കും. ആ മറുപടി അച്ചടിച്ചു വരുമ്പോള്‍ അതു മറ്റൊരു തരമായിരിക്കും. അതുകൊണ്ട് ശ്രീ. വിഷ്ണുനാരായണന്‍ നമ്പൂതിരിയെ അദ്ദേഹത്തിന്റെ ഒരുത്തരം അവലംബിച്ച് വിമര്‍ശിക്കുന്നതു ശരിയല്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെ എഴുതുകയാണ്. കവിയുടെ പണ്ടത്തെ ഇടതുപക്ഷപ്രേമത്തെക്കുറിച്ച് ശ്രീ. രാജേഷ് നാരായണന്റെ ചോദ്യം. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ:

“വാര്‍ദ്ധക്യത്തില്‍ എന്നെ രക്ഷിക്കുന്നത് ആര്? മകനോ മകളോ?” “രണ്ടുപേരുമല്ല. ഭാര്യ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അവള്‍ മാത്രം സംരക്ഷിക്കും.”

“ഇടതുപക്ഷ പ്രസ്ഥാനത്തോട് അന്നും ഇന്നുമൊക്കെ താല്‍പര്യമുണ്ട്. ചെറുകാടിന്റെയാക്കെയൊപ്പം ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ ആദ്യകാലപ്രവര്‍ത്തനത്തിലൊക്കെ ഞാനുമുണ്ടായിരുന്നു. തീവ്രമായ അഭിനിവേശമൊന്നും ഉണ്ടായിരുന്നില്ലെന്നു മാത്രം.” (കുങ്കുമം) എന്നു പറഞ്ഞാലോ? പണ്ട് മാര്‍ക്സിസ്റ്റായിരുന്നെങ്കിലും മാര്‍ക്സിസത്തില്‍ അത്ര താല്‍പര്യമില്ലായിരുന്നുവെന്നു സാരം. ഇന്നത്തെ ആധ്യാത്മിക ജീവിതത്തിലും അത്ര തല്‍പരത്വമില്ല എന്നര്‍ത്ഥം.

അഗ്നിമീളേ പുരോഹിതം
യജ്ഞസ്യ ദേവമൃത്വിജം
ഹോതാരം രത്നധാതമം

[ഓര്‍മ്മയില്‍ നിന്നു കുറിക്കുന്നതാണിത്. ഇതില്‍ തെറ്റുണ്ടെങ്കില്‍ പണ്ഡിതന്മാര്‍ ക്ഷമിക്കണം.] ഈ ‘ഗായത്രി’ (ഗായത്രി എന്നത് ഛന്ദസ്സിന്റെ പേര്) ചൊല്ലിക്കൊണ്ട് യാഗമാരംഭിച്ചാല്‍ മഴ പെയ്യും. അനപത്യതയുടെ ദുഃഖമനുഭവിക്കുന്ന സ്ത്രീകള്‍ക്കു ഗര്‍ഭമുണ്ടാകും. Workers of all countries unite, you have nothing to lose but your chains എന്ന സൂക്തത്തിനു മുകളിലെഴുതിയ സൂക്തവുമായി ഒരു വ്യത്യാസവുമില്ല. തൊഴിലാളികള്‍ സംഘടിക്കുമ്പോള്‍ വിപ്ളവത്തിന്റെ ഝഞ്ഝാ മാരുതന്‍ ആഞ്ഞടിക്കുകയും വര്‍ഷാപാതം ഉണ്ടാകുകയും ചെയ്യും. തൊഴിലാളികള്‍ രണ്ടു സെക്സിലും ഉള്‍പ്പെടുന്നതുകൊണ്ട് ശാരീരിക വേഴ്ചയില്ലാതെ തന്നെ ഗര്‍ഭാധാനം സംഭവിച്ചെന്നു വരും. മേഘങ്ങള്‍ ചാതകങ്ങള്‍ക്കു ഗര്‍ഭോല്‍പാദനം നടത്തുന്നതുപോലെയാണത്. (ഗര്‍ഭാധാനക്ഷണപരിചയാത്... മേഘസന്ദേശം പത്താം ശ്ളോകം നോക്കുക.)

പിന്നെ മാര്‍ക്സിന്റെ Quality, Quantity സിദ്ധാന്തവും വിഷ്ണുനാരായണന്‍ നമ്പൂതിരി പ്രായോഗിക തലത്തില്‍ കൊണ്ടു വരുന്നുണ്ട്. കര്‍പ്പൂരത്തട്ടില്‍ കത്തിച്ചു വച്ച കര്‍പ്പൂരം താഴെയിരിക്കുമ്പോള്‍ അത് വെറും ക്വാണ്ടിറ്റിയാണ്. അദ്ദേഹം അതെടുത്തു വിഗ്രഹത്തിന്റെ മുന്‍പില്‍ ഭക്തിയോടെ കറക്കുമ്പോള്‍ ക്വാളിറ്റിയായി മാറുന്നു. ഇങ്ങനെ എല്ലാവിധത്തിലും വിഷ്ണുനാരായണന്‍ നമ്പൂതിരി ഈശ്വരവിശ്വാസിയും ഈശ്വരവിശ്വാസമില്ലാത്ത ഇടതുപക്ഷക്കാരനുമാണ്. രണ്ടു വള്ളത്തില്‍ കാലുചവിട്ടിക്കൊണ്ടുള്ള ഈ നില ഒന്നാന്തരമായിരിക്കുന്നു. അദ്ദേഹത്തെ ഞാന്‍ സാദരം സവിനയം അഭിനന്ദിക്കട്ടെ.

പാലാനാരായണന്‍ നായര്‍

ശ്രീ. പാലാ നാരായണന്‍ നായരുടെ കാവ്യങ്ങള്‍ വയിക്കുമ്പോള്‍ എ. ബാലകൃഷ്ണപിള്ളയുടെ ശൈത്യമാര്‍ന്ന ഞരമ്പുകള്‍ ഊഷ്മളമാകുമെന്ന് അദ്ദേഹം പറഞ്ഞതായി വക്കം അബ്ദുല്‍ ഖാദര്‍ (സാഹിത്യകാരനാണ്; വിപ്ളവകാരിയായി ജീവിതം അവസാനിപ്പിച്ച ആളല്ല) എന്നെ അറിയിച്ചിട്ടുണ്ട്. അക്കാലത്ത് ഞാന്‍ അതത്ര വിശ്വസിച്ചില്ല. പാലാ നാരായണന്‍ നായര്‍ ജന്മനാ കവിയാണെന്ന് എനിക്കറിയാമായിരുന്നെങ്കിലും ഇന്ന് ആ അനുഭവം എനിക്കുണ്ടായിരിക്കുന്നു. ദേശാഭിമാനി വാരികയില്‍ അദ്ദേഹമെഴുതിയ “സഖാക്കളേ മുന്നോട്ട്” എന്ന കാവ്യം പ്രചാരണാത്മകമാണെങ്കിലും ലയാനുവിദ്ധതയാല്‍ അനുഗൃഹീതമാണ്. ആ ലയാനുവിദ്ധതയിലൂടെ ധര്‍മ്മരോഷത്തിന്റെ ശബ്ദം നമ്മള്‍ ശ്രവിക്കുന്നു. ഒരു distinctive voice — സവിശേഷശബ്ദം — അദ്ദേഹം എപ്പോഴും കവിതയിലൂടെ കേള്‍പ്പിച്ചിട്ടുണ്ട് നമ്മളെ.

“മേലിസുമാലികളാസുര ഗാന്ധര്‍വ്വ
വേളിക്കു താവളം ലേലംപിടിച്ചിടം
മേനിമിടുക്കില്‍ കുടുങ്ങി വിശ്വാമിത്ര
മേനകാനൃത്തം വിവസ്ത്രമാടുന്നിടം
രാഷ്ട്രമാണത്രേ! ജനായത്ത മാതൃകാ
രാഷ്ട്രമാണത്രേ! വിചിത്രചാരിത്രമേ.”

എന്ന വരികള്‍ ഉറക്കെ വായിക്കു. കവിതാലയത്തിന്റെ തൊട്ടിലില്‍ കിടക്കുന്ന അനുവാചകശിശുക്കള്‍ തിളയ്ക്കുന്ന രക്തവുമായി ചാടിയെഴുന്നേല്ക്കും. രാഷ്ട്രവ്യവഹാരപരമായ ഒരവബോധം കാവ്യത്തിലൂടെ കേരളീയര്‍ക്ക് ഉണ്ടാക്കിക്കൊടുത്ത പാലാ നാരായണന്‍നായര്‍ക്ക് അഭിവാദനം.

ചോദ്യം, ഉത്തരം

Symbol question.svg.png “എന്നെ നിരന്തരം ഉപദ്രവിച്ചിരുന്ന എന്റെ പരമശത്രു ആപത്തില്‍ പെട്ടിരിക്കുന്നു. ഞാന്‍ എത്രശ്രമിച്ചിട്ടും അതില്‍ ആഹ്ളാദിക്കാന്‍ കഴിയുന്നില്ല എന്തുകൊണ്ടാണത്?”

“നിങ്ങള്‍ നല്ലവനായതുകൊണ്ട് പക്ഷേ കാരുണ്യംകൊണ്ട് അയാളെ സഹായിക്കാന്‍ ചെന്നാല്‍ ആ സഹായം അംഗീകരിച്ചുകൊണ്ട് അയാള്‍ പിന്നീടും നിങ്ങളുടെ ശത്രുവായി മാറും. ഒരു പ്രായം കഴിഞ്ഞാല്‍ സ്വാഭാവം മാറുകില്ല.”

Symbol question.svg.png “സ്ത്രീക്കോ പുരുഷനോ ഇച്ഛാശക്തി കൂടുതല്‍?”

“സംശയമെന്ത്? സ്ത്രീക്ക്. കാറ് വാങ്ങണമെന്നു പുരുഷന്‍ വിചാരിച്ചാല്‍ പണമില്ലാത്ത അയാള്‍ക്ക് അതു സാധിക്കില്ല. എന്നാല്‍ അയാളുടെ ഭാര്യയ്ക്ക് ആ വിചാരമുണ്ടായാല്‍ അവള്‍ കാറ് വാങ്ങിച്ചിരിക്കും. സ്ത്രീ എന്തു തീരുമാനിച്ചാലും അതു നടക്കും.”

Symbol question.svg.png “ഞാന്‍ അയയ്ക്കുന്ന കവിതകളെല്ലാം പത്രാധിപര്‍ തിരിച്ചയയ്ക്കുന്നു. താങ്കള്‍ക്ക് എന്നെ സഹായിക്കാമോ?”

“വയ്യ. നിങ്ങള്‍ നീണ്ട കവിതകളാവും അയയ്ക്കുക. അതു വായിച്ചുനോക്കാന്‍ പത്രാധിപര്‍ക്കു സമയം കാണില്ല. പിന്നെ ഇത്തരം കാര്യങ്ങളില്‍ ആരുടെയും സഹായം അഭ്യര്‍ത്ഥിക്കരുത്. നിങ്ങള്‍ക്കു സര്‍ഗ്ഗശക്തിയുണ്ടെങ്കില്‍ പത്രാധിപര്‍ നിങ്ങളെ അന്വേഷിച്ചു വരും.”

Symbol question.svg.png “നിങ്ങള്‍ കേട്ടിട്ടുള്ള രസകരമായ ഒരു ചൊല്ല് പറഞ്ഞുതരൂ?”

“ഫ്രാന്‍സിലെ ചാള്‍സ് അഞ്ചാമന്‍ ഒരിക്കല്‍ പറഞ്ഞു: ഞാന്‍ ഈശ്വരനോടു സ്പാനിഷ് സംസാരിക്കുന്നു. സ്ത്രീകളോടു ഇറ്റലിയിലെ ഭാഷ. പുരുഷന്മാരോടു ഫ്രഞ്ച്. എന്റെ കുതിരയോട് ജര്‍മ്മനും.”

Symbol question.svg.png “വാര്‍ദ്ധക്യത്തില്‍ എന്നെ രക്ഷിക്കുന്നത് ആര്? മകനോ മകളോ?”

“രണ്ടുപേരുമല്ല. ഭാര്യ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അവള്‍ മാത്രം സംരക്ഷിക്കും.”

Symbol question.svg.png “നിങ്ങള്‍ നല്ല സുഹൃത്തുക്കളെയും പിണക്കുന്നവനാണെന്ന് എല്ലാവരും പറയുന്നു. സത്യമാണോ?”

“സത്യമല്ല. അത്യുത്തമസുഹൃത്ത് എന്നു ഞാന്‍ കരുതിയിരുന്ന ഒരാള്‍ എനിക്കു വന്ന സ്വകാര്യക്കത്തുകള്‍ എടുത്തു വായിക്കുന്നതു കണ്ടു ഞാന്‍ റ്റെലിഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പോയപ്പോള്‍. അതിനുശേഷം ഞാന്‍ ആ മനുഷ്യനോടുള്ള ബന്ധം വിച്ഛേദിച്ചുകളഞ്ഞു.”

നിരീക്ഷണങ്ങള്‍

മൗനം വിദ്വാനു ഭൂഷണ­മാകുമ്പോള്‍ അയാളുടെ യശസ്സിന്റെ ചന്ദ്രിക നാലുപാടും പരന്നൊഴുകും. ബഹുജനവും ആ നിലിവിന്റെ സ്പര്‍ശ­ത്തില്‍ പുളകം കൊള്ളും. അതു ചെയ്യാതെ കിട്ടുന്ന സഭാവേദി­കളിലൊക്കെ കയറി നിന്ന് മറ്റുള്ളവരുടെ നേര്‍ക്ക് അസഭ്യങ്ങള്‍ ചൊരിയുന്നതു ശരിയല്ല.

  1. ശ്രീ. പവനന്‍ കര്‍പ്പൂരം വാരികയില്‍: ‘അകൃത്രിമലളിതമായ ഈ വിശേഷണത്തിന്റെ അര്‍ത്ഥപൂര്‍ണ്ണിമ വെച്ചു പറഞ്ഞാല്‍ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ —’

    — പൂര്‍ണിമാ എന്നാല്‍ വെളുത്തവാവ് എന്നാണര്‍ത്ഥം ‘നിഖിലാന്നിശി പൂര്‍ണിമാ...’ എന്നു നൈഷധ മഹാകാവ്യം ദ്വിതീയ സര്‍ഗ്ഗം, ശ്ളോകം 76. അര്‍ത്ഥത്തിന്റെ പൂര്‍ണത എന്നാവാം പവനന്‍ ഉദ്ദേശിച്ചത്.

  2. ‘സ്വ’മ്മിന്റെ സമകാലീനത (ശ്രീ. എ. സോമന്‍ ദേശാഭിമാനി വാരികയില്‍) — കാലത്തെ സംബന്ധിക്കുന്നത് കാലികമാണ്. കാലീനം ശരിയല്ല.
  3. ‘സമ്പന്നവും പരിഹാസ്യവുമായ പ്രകടനത്തോടുകൂടി ഇവിടെയാണ് ആ രാഷ്ട്രീയ നേതാവിന്റെ ശവം സംസ്കരിച്ചത്. അയാളുടെ പരിചയക്കാര്‍ അയാളെ പുച്ഛിച്ചു. ഞാന്‍ കരഞ്ഞു: അയാളെ തൂക്കിക്കൊല്ലുന്നതു കാണാനായിരുന്നു എന്റെ ആഗ്രഹം’ — Hilaire Belloc. ഇതെഴുതിയ കവി കേരളീയരുടെ മാനസികനില നേരത്തേ അറിഞ്ഞിരുന്നോ?
  4. പല സമ്മാനങ്ങള്‍ കിട്ടി ജോണ്‍ ഗ്രോസ്സിന് ‘ഷൈലക്ക്’ എന്ന പുസ്തകമെഴുതിയതിന്. അതില്‍ E.A.J Honigmann എഴുതിയ ‘Shakespeare’s Impact on His Contemporaries’ എന്ന പുസ്തകത്തെക്കുറിച്ചു പറയുന്നുണ്ട്. പിശുക്ക്, ബിസ്നെസ്‌കാരന്റെ ഹൃദയകാഠിന്യം, ഇവയൊക്കെ ഷെയ്ക്സ്പിയറിന് ഉണ്ടായിരുന്നുവെന്നാണ് ഹണിങ്മാന്റെ അഭിപ്രായം ഷൈലക്കിന്റെ ക്രൂരതയെ നിന്ദിച്ച ഷെയ്ക്‌സ്പിയര്‍ ഒരു തരത്തിലുള്ള മാനസികമായ ഐക്യം അയാളുമായി പുലര്‍ത്തിയെന്ന് ഗ്രോസ്സിനും അഭിപ്രായമുണ്ട്. He drew Shylock out of his own long pocket എന്ന് ജെയിംസ് ജോയിസ് Ulysses-ല്‍ ഒരു കഥാപാത്രത്തെക്കൊണ്ട് ഉദീരണം ചെയ്യിച്ചത് ശരിയാവാം എന്നും ഗ്രോസ്സ് കരുതുന്നു.

    ഇതിലൊന്നും തര്‍ക്കിക്കേണ്ട കാര്യമില്ല. എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്കയുടെ ഒരു പഴയ പ്രസാധനത്തില്‍ aesthetics-നെക്കുറിച്ചു ക്രോചെ എഴുതിയ ലേഖനത്തില്‍ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്. 1950-ലാണ് ഞാനതു വായിച്ചത്. കലാകാരന്‍ ആരല്ലയോ അതിന്റെ ആവിഷ്കാരമാണ് കല എന്ന് ക്രോചെ പറയുന്നു. വീരധര്‍മ്മാത്മകങ്ങളായ കാവ്യങ്ങള്‍ രചിക്കുന്ന കവികള്‍ യഥാര്‍ത്ഥത്തില്‍ ഭീരുക്കാളായിരിക്കാം. ലൈംഗികതയെ നിന്ദിക്കുന്ന കലാകാരന്‍ നിത്യജീവിതത്തില്‍ വൃഭിചാരിയായിരിക്കാം. ഷെയ്ക്‌സ്പിയര്‍ പലിശ വാങ്ങിയവനും പിശുക്കനും ആയിരുന്നിരിക്കാം. പക്ഷേ നാടകത്തില്‍ അദ്ദേഹം ധര്‍മ്മതല്‍പരനായിട്ടാണ് പ്രത്യക്ഷനാവുക (Shylock, John Cross, Vintage, UK 6.99).

  5. ‘നാലപ്പാട്ടു നാരായണമേനോനും കേസരി ബാലകൃഷ്ണപിള്ളയും നേരിട്ടു ഫ്രഞ്ച് ഭാഷയില്‍ നിന്നാണ് വിവര്‍ത്തനം ചെയ്തതെന്ന വസ്തുത വിസ്മരിക്കുന്നില്ല’ എന്ന് ശ്രീ. എം.കെ. സാനു കുങ്കുമം വാരികയില്‍. നാലപ്പാടന് ഇംഗ്ളീഷ് പോലും നല്ല പോലെ അറിഞ്ഞു കൂടായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന മലബാര്‍ ശങ്കരന്‍ നായര്‍ എന്നോടൊരിക്കല്‍ പറഞ്ഞത്. മറ്റുള്ളവരുടെ സഹായത്തോടു കൂടിയാണത്രേ അദ്ദേഹം പലതും ഇംഗ്ളീഷില്‍ നിന്നു തര്‍ജ്ജമ ചെയ്തത്. ബാലകൃഷ്ണപിള്ളയ്ക്കും ഫ്രഞ്ച് അറിയാമായിരുന്നില്ല. സകല ഫ്രഞ്ച് നാമങ്ങളും തെറ്റിച്ചാണ് അദ്ദേഹം എഴുതിയത്. സാനുവിന്റെ പ്രസ്താവം തെറ്റു തന്നെ എന്നു ഞാന്‍ പറയുന്നില്ല. അന്വേഷിച്ചതിനു ശേഷമേ തീരുമാനത്തിലെത്താന്‍ കഴിയൂ.
  6. ബീനാ ഭദ്രന്‍, ജി., ജനയുഗം വാരികയിലെഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് “നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി.” — ഏതെങ്കിലും പദമെഴുതി രണ്ടു കുത്ത് അതിനപ്പുറത്തിട്ടാല്‍ സംസ്കൃതമായി എന്നാണ് പലരുടെയും വിചാരം. അതുകൊണ്ടാണല്ലോ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്നത് നഃ എന്നു വിസര്‍ഗ്ഗത്തോടു കൂടിയ രൂപമാര്‍ജ്ജിച്ചത്. നഃ സ്ത്രീഃ സ്വാതന്ത്ര്യഃ അര്‍ഹതിഃ എന്ന് ബീനാ ഭദ്രന്‍ എഴുതാത്തത് എന്തേ? ശരിയായ സംസ്കൃതമാകുമായിരുന്നല്ലോ.

ജി. പ്രഫെസര്‍ എസ്. ഗുപ്തന്‍നായരോട്

ആകൃതി, പ്രകൃതി, അന്യരോടുള്ള പെരുമാറ്റം, കവിത്വം, പ്രഭാഷണം ഇവയിലെല്ലാം കോഹിനൂര്‍ രത്നത്തെ­പ്പോലെ മയൂഖ­മാലകള്‍ പ്രസരിപ്പിച്ച മഹാ­വ്യക്തി­യായിരുന്നു ജി. ശങ്കരക്കുറുപ്പ്. അദ്ദേഹം ശ്രീ. എസ്. ഗുപ്തന്‍ നായരോടു പറഞ്ഞ ഒരു വാക്യത്തിന് ഇന്ന് ഏറെ സാംഗത്യമുണ്ട്. “നക്ഷത്രങ്ങള്‍ അവയെ ചുഴലുന്ന അന്ധകാരത്തെ­ക്കുറിച്ച് ആവലാതി­പ്പെടുമ്പോള്‍ സ്വയം നക്ഷത്രങ്ങ­ളല്ലാതെയായി­ത്തീരുന്നു.” നമ്മുടെ സാഹിത്യ­കാരന്മാര്‍ ഈ വാക്യം ഇന്‍ഡ്യന്‍ ഇങ്കില്‍ എഴുതി ആ കടലാസ്സ് ഫ്രെയിം ചെയ്തു മേശപ്പുറത്തു വച്ചു കൂടക്കൂടെ വായിക്കണം. ‘‍ഞാന്‍ ഒന്നാന്തരം കഥാകാരനാണ്. എന്നിട്ടും എന്നെ അവഗണിക്കുന്നു നിരൂപകരും സമ്മാന­ദാതാക്കളും. ഞാന്‍ പ്രമുഖനായ കവിയാണ്. എന്നെ ഭര്‍ത്സിക്കുന്നു ചിലയാളുകള്‍’ എന്നു പലരും. ആരും ഇക്കൂട്ടരെ അവഗണി­ക്കുന്നില്ല. ഭര്‍ത്സിക്കുന്നില്ല. എങ്കിലും കഥാകാര­ന്മാര്‍ക്കും കവികള്‍ക്കും ഒരുതരം ‘പെഴ്സിക്യൂഷന്‍ മേനിയ’യാണ്. ഈ പീഡനോന്മാദം തങ്ങളുടെ അല്പത്വത്തില്‍ നിന്ന് ഉണ്ടാകുന്ന­താണെന്നു ഗ്രഹിക്കാന്‍ സാഹിത്യ­കാരന്മാര്‍ക്കു കഴിയുന്നില്ല. ഉന്മാദത്തള്ളല്‍ കൊണ്ട് അവര്‍ മറ്റുള്ളവരെ ആക്രമിക്കുന്നു. ലോകത്തുള്ള സകല തെറിവാക്കുക­ളുടെയും ഉടമസ്ഥരാണ് തങ്ങളെന്ന് പ്രഖ്യാപന­ങ്ങളിലൂടെ സ്പഷ്ടമാക്കുന്നു. ഈ പ്രവര്‍ത്തന­ങ്ങളിലൂടെ അവര്‍ സ്വയം താഴുകയാണ്. ബഹുജനത്തിന്റെ പുച്ഛം ക്ഷണിച്ചു വരുത്തുകയാണ്. കവിത­യെഴുതിയിട്ട് കഥ­യെഴുതിയിട്ട് അവര്‍ മിണ്ടാതിരിക്കണം. കാലം ഇന്നുവരെയും ഭാവനയെയും പ്രാഗല്ഭ്യത്തെയും അംഗീകരിക്കാ­തിരുന്നിട്ടില്ല. മൗനം — അതാണ് അഭികാമ്യം മൗനം വിദ്വാനു ഭൂഷണമാ­കുമ്പോള്‍ അയാളുടെ യശസ്സിന്റെ ചന്ദ്രിക നാലുപാടും പരന്നൊഴുകും. ബഹുജനവും ആ നിലാവിന്റെ സ്പര്‍ശത്തില്‍ പുളകം കൊള്ളും. അതു ചെയ്യാതെ കിട്ടുന്ന സഭാവേദിക­ളിലൊക്കെ കയറി നിന്ന് മറ്റുള്ളവരുടെ നേര്‍ക്ക് അസഭ്യങ്ങള്‍ ചൊരിയുന്നതു ശരിയല്ല.