close
Sayahna Sayahna
Search

2014 04 05


ഉള്ളൂര്‍: കേരളസാഹിത്യചരിത്രം

2014-ല്‍ ആണ് മഹാകവി ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിന്റെ ആദ്യത്തെ രണ്ട് ഭാഗങ്ങള്‍ പൊതുസഞ്ചയത്തിലാകുന്നത്. അപ്പോള്‍ തന്നെ ഈ മഹദ്ഗ്രന്ഥത്തിന്റെ പകര്‍പ്പവകാശപരിധിക്ക് പുറത്തായ ഭാഗങ്ങള്‍ വിവിധ ഇലക്ട്രോണിക് രൂപങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നത് ഞങ്ങളുടെ നീണ്ട കാലത്തെ ആഗ്രഹമായിരുന്നു. ഈ പുതുവത്സരദിനത്തില്‍ തന്നെ ആദ്യത്തെ രണ്ട് ഭാഗങ്ങള്‍ പുറത്തിറക്കുവാന്‍ കഴിഞ്ഞതില്‍ അങ്ങേയററം ചാരിതാര്‍ത്ഥ്യമുണ്ട്. വെറും പതിനഞ്ചില്‍ താഴെ മാത്രം സജീവപ്രവര്‍ത്തകരുടെ ഏതാനും മാസത്തെ പരിശ്രമമാണ് ഇത് സാദ്ധ്യമാക്കിയത്. അപ്പോള്‍ കുറെയധികം മനുഷ്യരുടെ സഹകരണമുണ്ടെങ്കില്‍ എന്തുമാത്രം പുസ്തകങ്ങള്‍ നമ്മുടെ വായനക്കാരിലേയ്ക്ക് എത്തിക്കാനാവുമെന്ന് ചിന്തിക്കുക.

ഡിജിറ്റൈസേഷന് വിക്കിസോഴ്സിന്റെ മാതൃകയാണ് ഞങ്ങള്‍ സ്വീകരിച്ചത്. എന്‍‌ട്രിക്കും, തെറ്റ് തിരുത്തലിനും, സാങ്കേതികപിഴവുകള്‍ ഇല്ലായ്മ ചെയ്യാനും മീഡിയവിക്കിയും അതിന്റെ അനുബന്ധ സോഫ്റ്റ്‌വെയറുകളുമാണ് ഞങ്ങള്‍ ആശ്രയിച്ചത്. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പക്ഷപാതികളായ ഞങ്ങളുടെ കമ്പ്യൂട്ടിങ്ങ് ദര്‍ശനങ്ങളോട് ഇതൊക്കെ വളരെ യോജിക്കുന്നതുമായിരുന്നു. സ്വതന്ത്ര ടൈപ്‌സെറ്റിങ്ങ് സംവിധാനമായ ടെക് (TeX) ആണ് പിഡി‌എഫ്, ഈപബ് എന്നി ഇലക്ട്രോണിക് രൂപങ്ങളുടെ നിര്‍മ്മിതിക്ക് ഉപയോഗിച്ചത്. ഇത്രയുമൊക്കെയാവുമ്പോള്‍ ലിനക്സ് തന്നെയായിരിക്കും ഓപ്പറേറ്റിങ്ങ് സിസ്റ്റമെന്ന് ഊഹിച്ചിരിക്കുമല്ലോ.

മലയാള ഭാഷയിലെ ശുഷ്ക്കമായ പൊതുസഞ്ചയ ഡിജിറ്റല്‍ രൂപങ്ങളുടെ പട്ടിക അല്പം കൂടി വലുതാക്കാന്‍ ഈ സംരംഭം സഹായിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകരെ ഈ സംരഭത്തിന് ആകര്‍ഷിക്കുവാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ നല്ല പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് എത്തിക്കുവാനാവും, മറ്റ് ഇന്ത്യന്‍ ഭാഷകള്‍ക്ക് മാതൃകയാവാനും, മലയാളത്തിന്റെ ശ്രേഷ്ഠഭാഷാപദവി കൂടുതല്‍ അന്വര്‍ത്ഥമാക്കാനും അതുമൂലം നമുക്ക് കഴിയും.

  1. കേരള സാഹിത്യചരിത്രം ഭാഗം ഒന്ന്
  2. കേരള സാഹിത്യചരിത്രം ഭാഗം രണ്ട്