close
Sayahna Sayahna
Search

മലയാള പുസ്തക പ്രസാധനത്തിലെ പുതിയ സാങ്കേതികതകൾ, സാദ്ധ്യതകൾ


അശോൿകുമാർ, പി.കെ., ഹുസൈൻ, കെ.എച്ച്.

പി.കെ. അശോക്‌കുമാർ
കെ.എച്. ഹുസൈൻ


സ്വതന്ത്ര പ്രസാധനം

ആധുനിക വിവരസാങ്കേതികത ഉപയോഗപ്പെടുത്തി ‘സ്വയം പ്രസാധനം’ (സെൽഫ് പബ്ലിഷിംഗ്) ആരംഭിച്ചിട്ട് ഒരു ദശകത്തോളമായിരിക്കുന്നു. വൻകിട പ്രസാധകർക്ക് വലിയൊരു വെല്ലുവിളിയായി തീർന്നിട്ടില്ലെങ്കിലും ചില കാര്യങ്ങൾ ഇതിനകം അത് സാധിച്ചെടുത്തിട്ടുണ്ട്. അംഗീകൃത പ്രസാധകർ അച്ചടിച്ചു വിതരണം ചെയ്തില്ലെങ്കിൽ എഴുത്തുകാർ നിസ്സഹായരായിപ്പോകും എന്നൊരവസ്ഥ പത്തു കൊല്ലം മുമ്പ് നിലനിന്നിരുന്നു. ഇന്നതിനു മാറ്റം വന്നിരിക്കുന്നു. ആയിരമോ രണ്ടായിരമോ അച്ചടിച്ച് വർഷങ്ങളെടുത്ത് വായനക്കാരിലെത്തുന്ന പതിവു രീതികൾ തകിടം മറിഞ്ഞിരിക്കുന്നു. ഒരു കോപ്പി പോലും അച്ചടിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇ-ബുക്കായി ആയിരക്കണക്കിന് വായനക്കാരിലേക്ക് സോഷ്യൽ മീഡിയ മുഖേന പുസ്തകമെത്തിക്കാം. വായിച്ച് ഇഷ്ടപ്പെട്ടാൽ അച്ചടിച്ച പുസ്തകം വാങ്ങിക്കണം എന്ന് സൗഹൃദപൂർവ്വം എഴുത്തുകാരന് ആവശ്യപ്പെടാം. അഞ്ചു കോപ്പിയാണെങ്കിൽപോലും ഓഫ്‌‌സെറ്റിനു സമാനമായി അച്ചടിക്കാനുള്ള പ്രിന്റ് ഓൺ ഡിമാന്റ് (POD—Print On Demand) സാങ്കേതികത ഇന്ന് കയ്യെത്തും ദൂരത്തുണ്ട്. ഏറ്റവും പ്രധാനം, അഞ്ചു നൂറ്റാണ്ടായി തുടർന്നുപോരുന്ന പരമ്പരാഗത പകർപ്പവകാശം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ (Creative Commons Attribution ShareAlike License 4.0) എന്ന പേരിലറിയപ്പെടുന്ന പുതിയ പകർപ്പവകാശ നിയമം അറിവിന്റെയും എഴുത്തുകാരന്റേയും വായനക്കാരന്റെയും സ്വതന്ത്ര്യ പ്രഖ്യാപനമാണു്. മനുഷ്യന്റെ അറിവ് അടച്ചു വെക്കാനുള്ളതല്ലെന്നും, പകർത്തുന്നതും കൈമാറുന്നതും വായനക്കാരുടെ അവകാശമാണെന്നും വരുന്നതോടെ പകർപ്പവകാശം ‘പകർപ്പിഷ്ട’മായി മാറുന്നു. അതോടെ എഴുത്തുകാരൻ കൂടുതൽ പേരിലേക്ക് എത്തിപ്പെടുന്നു.

കടലാസ്സു പുസ്തകങ്ങളുടെ പ്രസക്തി ഇല്ലാതാകുന്നില്ല എന്നത് ഇ-ബുക്കുകളുടെ കാലത്തെ പുതിയൊരു പ്രതിഭാസമാണ്. വായനക്കാരന് സ്വന്തം എന്നു പറയാൻ ഇപ്പോഴും കടലാസ്സിലടിച്ച പുസ്തകം തന്നെ വേണം. നെറ്റിലൂടെ സ്വതന്ത്രമായി എത്തിച്ചേരുന്ന പുസ്തകങ്ങൾ കമ്പ്യൂട്ടർ സ്ക്രീനിൽ വായിച്ച് ഇഷ്ടപ്പെട്ടാൽ അത് ഓൺലൈനായി വാങ്ങി മേശപ്പുറത്തും അലമാരയിലും വയ്ക്കാനുള്ള പ്രവണത പുതുതലമുറയിൽ ഏറിവരുന്നു. കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാർ ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അവിശ്വസനീയമാണ്. അവരുടെ ഗ്രന്ഥങ്ങളെല്ലാം അംഗീകൃത പ്രസാധകർ അച്ചടിക്കുന്നുണ്ട്. വിപുലമായ മാർക്കറ്റിങ് സംവിധാനങ്ങളുപയോഗിച്ച് സമർത്ഥമായി വിൽക്കപ്പെടുന്നുണ്ട്. മലയാളത്തിൽ അച്ചടിക്കുന്ന പുസ്തകങ്ങൾ വർഷംതോറും വർദ്ധിച്ചു വരുന്നു. വായനക്കാർ പണം കൊടുത്തവ വാങ്ങുന്നുമുണ്ട്. പുസ്തകപ്രസാധനം എന്തുകൊണ്ടും ശോഭനമായ ഒരു വ്യവസായമാണിന്ന്. പണ്ടത്തെപ്പോലെ നഷ്ടം വന്ന് പൂട്ടിപ്പോകുന്ന പ്രസാധകർ ഇന്നില്ല. പുതിയ പ്രസാധകർ നാൾക്കുനാൾ രംഗത്തെത്തുന്നു. എഴുത്തുകാർ പക്ഷെ പണ്ടത്തേക്കാൾ കഷ്ടത്തിലാണിന്ന്. വർഷാവസാനം പ്രസാധകരിൽ നിന്നും എന്തെങ്കിലും കിട്ടിയാലായി. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളുടെ കണക്കുകൾ ഒപ്പം കേൾക്കുകയുംവേണം. താനറിയാതെ കൂടുതൽ കോപ്പികൾ അടിക്കുന്നതിനെക്കുറിച്ചുള്ള എഴുത്തുകാരന്റെ സംശയങ്ങൾ അതോടെ അസ്ഥാനത്തായിപ്പോകുന്നു.

സാങ്കേതിക മുന്നേറ്റങ്ങൾ

എത്രയോ കൊല്ലത്തെ അനുഭവങ്ങളും ചിന്തകളും ഉല്പാദിപ്പിച്ചെടുക്കുന്ന കൃതികളുടെ കർത്താക്കൾ ഇത്തരത്തിൽ പറ്റിക്കപ്പെടാൻ പാടില്ല. അടുത്തൊരു പുസ്തകത്തിന്റെ പണിചെയ്യാനുള്ള കൂലിയെങ്കിലും എഴുത്തുകാർക്കു കിട്ടിയേ പറ്റൂ. മലയാളത്തിൽ പുസ്തകം ടൈപ്‌‌സെറ്റ് ചെയ്യാനും അച്ചടിക്കാനുമുള്ള മികച്ച സാങ്കേതികത അംഗീകൃത പ്രസാധകരേക്കാൾ ഇന്ന് വ്യക്തിപരമായി എഴുത്തുകാർക്ക് പ്രാപ്യമാണ്. യൂണികോഡ് ഭാഷാസാങ്കേതികതയും മലയാളത്തിന്റെ തനതു ലിപിയിലുള്ള മികച്ച ഫോണ്ടുകളും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് പോലെയുള്ള സന്നദ്ധസംഘടനകളുടെ ശ്രമഫലമായി മലയാളികൾക്കിന്ന് സൗജന്യമായി ലഭിക്കുന്നു. (ഈ ലഘുലേഖയിലെ അക്ഷരങ്ങളും ടൈപ്‌‌സെറ്റിങും ശ്രദ്ധിക്കുക. നൂറു പേജുള്ള പുസ്തകം പഴയ ലിപിയിൽ അക്ഷരങ്ങൾക്ക് വലിപ്പക്കുറവില്ലാതെ എൺപതു പേജായി ചുരുങ്ങുന്നതു് ഒരു ഹരിത നീതിയാണ്). മാതൃഭൂമിയും ഡിസിയും കറന്റും ഇതിലേക്കെത്താൻ ഇനിയും വർഷങ്ങളെടുക്കും.

വിപണനത്തിലെ പുതിയ മാനങ്ങൾ

വൻകിട പ്രസാധകർ അച്ചടിച്ചു വിറ്റാലേ അംഗീകൃത എഴുത്തുകാരനായിത്തീരൂ എന്ന വിശ്വാസം ഉപേക്ഷിക്കാൻ എഴുത്തുകാരൻ സന്നദ്ധനാകണം. നൂറോ ഇരുനൂറോ പ്രതികൾ അച്ചടിച്ച് സുഹൃത്തുക്കൾക്കു കൊടുത്ത് വക്കുംതുമ്പും പൊടിയാതെ യഥാർത്ഥവില ചോദിച്ചുവാങ്ങാനുള്ള മനസ്സ് എഴുത്തുകാരനുണ്ടാവണം. സുഹൃത്തുക്കൾ സൗജന്യവായനയുടെ ശീലം ഉപേക്ഷിക്കാനിടയായാൽ, പ്രസാധകർ രണ്ടു കൊല്ലം കൊണ്ട് കൊടുക്കുന്ന റോയൽറ്റിയേക്കാൾ എത്രയോ മടങ്ങ് രണ്ടാഴ്ചകൊണ്ട് കിട്ടുന്ന ഒരവസ്ഥ മലയാളത്തിലെ എഴുത്തുകാർക്കുണ്ടാവും. സുഹൃത്തുക്കളോടെങ്ങനെ കാശു ചോദിക്കും എന്ന എഴുത്തുകാരന്റെ സങ്കടം പുസ്തകം വിൽക്കുന്ന പ്രസാധകർക്കില്ലെന്ന കാര്യം എഴുത്തകാരൻ ഓർമ്മിച്ചേ മതിയാകൂ.

ഇരുന്നൂറു വായനക്കാരിലായി മാത്രം സ്വന്തം ചിന്തയും എഴുത്തും ഒതുങ്ങിപ്പോകുമെന്ന എഴുത്തുകാരുടെ ആശങ്കകളും അസ്ഥാനത്താണ്. ഒരാഴ്ചക്കകം ഇ-ഗ്രന്ഥം ഇരുപതിനായിരം മലയാളികളിലേക്കെത്തിക്കാൻ നെറ്റിലൂടെ ഇന്നു കഴിയും. അഞ്ചു ശതമാനമെങ്കിലും അതു വായിക്കാനിടയായാൽ ആയിരം പേരായി. ഒരു ശതമാനമെങ്കിലും പുസ്തകം ആവശ്യപ്പെട്ടാൽ ഇരുനൂറുപേരായി. അഥവാ, പത്തുപേരേ ആവശ്യപ്പെടുന്നുള്ളുവെങ്കിലും രണ്ടു ദിവസത്തിനകം അതച്ചടിച്ചു കൊടുക്കാനുള്ള പ്രസ്സും സാങ്കേതികതയും അരികത്തുണ്ട്. ഈ സാദ്ധ്യത പരീക്ഷിച്ചു നോക്കുകയെന്നത് മലയാളത്തിലെ എഴുത്തിനു വേണ്ടിയുള്ള ഒരു പ്രതിരോധ പ്രവർത്തനമാണു്. പ്രസാധനത്തിലെ ഈ ബദലന്വേഷണം വൻകിടക്കാരെ ഇല്ലാതാക്കാനുള്ള ഒരു പദ്ധതിയല്ല. അവർ നിലനിൽക്കട്ടെ. അവരുടെ വിതരണ ശൃംഖലകളിലൂടെ പുസ്തകങ്ങൾ മലയാളികളുടെ കൈകളിലെത്തിച്ചേരട്ടെ. എഴുത്തുകാർക്ക് മറ്റൊരു വഴിയുണ്ടെന്നു വരുന്നതോടെ റോയൽറ്റി കൃത്യമായി കൊടുക്കാനും എഴുത്തുകാരറിഞ്ഞുകൊണ്ട് പുതിയ പതിപ്പുകളിറക്കാനും അംഗീകൃത പ്രസാധകർ നിർബ്ബന്ധിതരാകം. എഴുത്തുകാരെ മാന്യമായും സത്യസന്ധമായും സംരക്ഷിക്കുകയെന്നത് അവരുടെ നിലനില്പിന്റെ അടിസ്ഥാനമാണെന്ന് അവരറിയാനിടവരും.

സ്വതന്ത്രപ്രസാധനത്തിന്റെ ഇന്നത്തെ പ്രസക്തി

മലയാളികളുടെ സർഗ്ഗാത്മകതയെ തുറന്ന ഒരിടത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് സ്വതന്ത്ര പ്രസാധനം. സൗഹൃദങ്ങളുടെ തിരിച്ചു പിടിക്കലാണത്. സൃഷ്ടികർത്താവിന് പ്രസാധകന്റെ ഔദാര്യത്തിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയൊരുക്കലാണ്. പകർപ്പിഷ്ടത്തിനായുള്ള വായനക്കാരുടെ അവകാശ പ്രഖ്യാപനമാണ്.

പഴയ കാല സ്വഭാവം മലയാളിയെ വീണ്ടും ഒരു സംഘടനയുടേയെ സ്ഥാപനത്തിന്റേയോ ആരംഭമാകാമിത് എന്ന് തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നു തോന്നുന്നു. എന്നാൽ ഈ പ്രവർത്തനം പൂർണ്ണമായും സ്വന്തം ഉത്തരവാദിത്വത്തിൽ ആയിരിക്കണം. സുഹൃത്തുക്കളുടേയും വായനക്കാരുടേയും സഹായം തേടാമെന്നു മാത്രം. ഇന്നാവശ്യം തുറന്ന ഒരു പ്ലാറ്റ്ഫോം എന്ന നിലയിൽ ഒരു വെബ്സൈററ് മാത്രമാണ്. അതിൽ സ്വതന്ത്ര പകർപ്പവകാശമുള്ള കൃതികൾ അപ്‌‌ലോഡു ചെയ്യാനും ഹാർഡ് കോപ്പിയെപ്പറ്റിയുള്ള അന്വേഷണങ്ങൾ കൈകാര്യം ചെയ്യാനുമുള്ള സംവിധാനം മാത്രം ഒരുക്കിയാൽപോലും മലയാളത്തിലെ പ്രസാധനരംഗം അടിമുടി മാറിമറിയും.

പുതിയ സാങ്കേതികവിദ്യകളും കമ്പ്യൂട്ടറൈസേഷന്റെ അനന്തസാദ്ധ്യതകളും നമുക്കു മുന്നിൽ വെച്ചുനീട്ടുന്ന ഈ സാദ്ധ്യതകൾ വേണ്ടത്ര ഉപയാഗിക്കാനുള്ള മനസ്ഥിതി മാത്രമേ വേണ്ടൂ. ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെടാതെ പോകുന്ന ഒട്ടനവധി ചവറുകളും ഇക്കൂട്ടത്തിൽ കയറി വരാനുള്ള സാദ്ധ്യതയുണ്ട്. പക്ഷേ അക്കാര്യം വിവരമുള്ള വായനക്കാരും കാലവും നേരിട്ടുകൊള്ളും.

വനസംരക്ഷണദിനമായ ഇന്ന് സ്വതന്ത്രപ്രസാധനത്തെക്കുറിച്ചുള്ള ചിന്തകൾക്ക് പ്രത്യേകം പ്രസക്തിയുണ്ട്. ആവശ്യമില്ലാത്തത്ര കോപ്പികൾ അച്ചടിയുടെ ലാഭം മാത്രം പരിഗണിച്ച് അടിച്ചുകൂട്ടി വെക്കുമ്പോഴുണ്ടാകുനന്ന പരിസ്ഥിതി വിനാശമെങ്കിലും ഒഴിവാക്കാൻ ഈ പുതിയ പ്രസാധനരീതി നമുക്ക് പ്രയോജനപ്പെടുമെന്നു കുരുതാം.

1945-ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രവർത്തനം ആരംഭിക്കുമ്പോൾ ലോകത്തിലെ തന്നെ ആദ്യത്തെ സംരംഭമായിരുന്നു അത്. എഴുത്തുകാർക്കു വേണ്ടി എഴുത്തുകാർ തന്നെ നടത്തുന്ന പ്രസാധനശാല. ഇന്ന് ലോകത്തെ പിന്നോക്കമെന്ന് നാം പുച്ഛിക്കുന്ന പല ഭാഷകളിലും സ്വതന്ത്ര പ്രസാധനം സ്വാഭാവികമായി നടക്കുമ്പോൾ നാം ഇപ്പോഴും പഴയ മട്ടിൽ തന്നെ ചിന്തിക്കുന്നു എന്നത് വിചിത്രമായി തോന്നുന്നു.

200 പേജുള്ള ഒരു പുസ്തകം, മാർക്സിസ്റ്റ് തത്ത്വചിന്താപരമായത്, 200 രൂപവിലയിട്ട് 200 കോപ്പി അച്ചടിച്ചു. രണ്ടാഴ്ചകൊണ്ട് കോപ്പികൾ വിറ്റുപോയി. 40,000 രൂപ സ്വരൂപിക്കാൻ കഴിഞ്ഞു. അച്ചടിക്കും ടൈപ്‌‌സെറ്റിങിനും 20,000 രൂപ. ബാക്കി 20-ൽപരം പുസ്തകങ്ങൾ വിവിധ പ്രസാധകർ പ്രസിദ്ധീകരിച്ച ആ എഴുത്തുകാരനു കിട്ടിയ ആദ്യത്തെ 5,000-നു മിതെയുള്ള വരുമാനമായി.

അപൂർവ്വം ചില യുവ എഴുത്തുകാർ ഈ വഴി സ്വയം തെരഞ്ഞെടുത്തിട്ടുണ്ട്. പക്ഷെ മലയാള സ്വതന്ത്ര പ്രസാധനത്തിനായി ഒരു വെബ് പ്ലാറ്റ്ഫോം സാദ്ധ്യമായാൽ ഈ രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു.