close
Sayahna Sayahna
Search

Difference between revisions of "മാർത്താണ്ഡവർമ്മ-04"


Line 1: Line 1:
 
__NOTITLE____NOTOC__←  [[മാർത്താണ്ഡവർമ്മ]]
 
__NOTITLE____NOTOC__←  [[മാർത്താണ്ഡവർമ്മ]]
{{SFN/Mvarma}}{{SFN/MvarmaBox}}
+
{{SFN/Mvarma}}{{SFN/MvarmaBox}}{{DISPLAYTITLE:അദ്ധ്യായം നാലു്}}
 
{{epigraph|
 
{{epigraph|
 
: “ഉർവ്വീസരാചലം പെരുതേ
 
: “ഉർവ്വീസരാചലം പെരുതേ

Revision as of 08:18, 22 August 2017

മാർത്താണ്ഡവർമ്മ

മാർത്താണ്ഡവർമ്മ
Mvarma-00.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി മാർത്താണ്ഡവർമ്മ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്ര നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവു്
വര്‍ഷം
1891
മാദ്ധ്യമം അച്ചടിപ്പതിപ്പു്
“ഉർവ്വീസരാചലം പെരുതേ
പാരിൽ സർവ്വവിദിതം കേവലം”

ചെമ്പകശ്ശേരി അറപ്പുരയ്ക്കുള്ളിൽ നിശ്ശബ്ദമായി കടന്നുചെന്ന ബ്രാഹ്മണൻ പാറുക്കുട്ടിയുടേയും കാർത്ത്യായനിഅമ്മയുടേയും ഭാവഭേദങ്ങൾ കണ്ടു സ്വൽപ്പം വല്ലാതെ ആയെങ്കിലും അബദ്ധനായെന്നുള്ള തന്റെ വിചാരത്തെ പുറത്തു പ്രദർശിപ്പിക്കാതെ അവരുമായി അനേക ചതുർയുഗകാലത്തെ പരിചയമുള്ളതുപോലെ ഒന്നു ലളിതമായി പുഞ്ചിരിക്കൊണ്ടു. ഈ അഭിനയാനന്തരം ‘എന്ന കൊളന്തൈ–’ ഇത്രയും പറഞ്ഞപ്പോഴേക്കു വേറൊരു വിചാരം തോന്നി താൻ ആരാണെന്നുള്ളതിനെക്കുറിച്ചു പീഠികയായി ഒരു പ്രസ്താവന അപ്രകാരം ആരംഭിച്ചു: ‘കൊച്ചമ്മക്കു നാൻ ആരെന്നു തെരിയാതാക്കും. കഴക്കൂട്ടത്തങ്കത്തെ അവാൾ മുതലാനവർക്കു് എന്നെ തെരിയും. പെരിയങ്കത്തെ ഇരുക്കെ–പെരിയതമ്പി അങ്കത്തെ–അവാളുടെ കുട്ടിപ്പട്ടർ ശുന്തരത്തെ തെരിയാവടിക്കിരിക്കവഴിയില്ലയേ.’

സുന്ദരയ്യൻ എന്നുപേരായ ആ ബ്രാഹ്മണൻ ചില അംഗവിക്ഷേപങ്ങളോടുകൂടി തന്റെ വാകു് സാമർത്ഥ്യത്തെ പ്രകടിപ്പിച്ചു തുടങ്ങിയപ്പോൾ, പാറുക്കുട്ടിയുടെ ഭയം മിക്കവാറും നീങ്ങി. എന്നാൽ മുൻകൂട്ടി അറിവുകൊടുക്കാതെയും അനുവാദമില്ലാതെയും അന്തഃപുരത്തിൽ ബ്രാഹ്മണൻ കടന്നുചെന്നതാകയാൽ, അദ്ദേഹത്തെക്കുറിച്ചു കാർത്ത്യായനിഅമ്മയ്ക്കും പുത്രിക്കും അത്ര ബഹുമതി തോന്നിയില്ല. എങ്കിലും അദ്ദേഹത്തിന്റെ തോളിൽ അതിശുഭവർണ്ണമായി കാണപ്പെട്ട ‘ബ്രഹ്മസ്വ’ത്തെ ആദരിച്ചു് ‘ഇരിക്കണം’ എന്നു സത്കരിച്ചിട്ടു് പാർവ്വതിഅമ്മ ഇരുന്നിരുന്ന മാന്തോലിനെത്തന്നെ അദ്ദേഹത്തിനു് ഇരിക്കാനായി കാർത്ത്യായനിഅമ്മ നീക്കി ഇട്ടു. ബ്രാഹ്മണനു് നാൽപതോളം വയസ്സു കാണും. മുന്നോട്ടു് ഒരു വളവുള്ളതു് ഇല്ലായിരുന്നു എങ്കിൽ, കെട്ടി അഗ്രത്തിൽ ഒരു മുല്ലമാലയും ചൂടിവിരിച്ചു പൂർവ്വശിഖയാക്കി വച്ചിരിക്കുന്ന പിൻകുടുമ ചെമ്പകശ്ശേരി അറപ്പുരയിലെ തട്ടുതുലാങ്ങളെ തടവുമായിരുന്നു. ലലാടാസ്ഥി അകത്തോട്ടു വളഞ്ഞുള്ളതാകയാൽ ഫാലദേശം ഉണ്ടോ എന്നു സംശയിക്കത്തക്ക സ്ഥിതിയിൽ അതിസൂഷ്മരേഖകളെന്നപോലെ കാണപ്പെടുന്ന പുരികങ്ങളും ക്ഷൗരകർമ്മത്താൽ ഏറ്റവും വെടിപ്പാക്കപ്പെട്ടിട്ടുള്ള കേശദേശവും സാധാരണയിലധികം സമീപസ്ഥമായിരിക്കുന്നു. കുങ്കുമംകൊണ്ടൊരു ഗോപിയും അതിന്മേൽ കറുത്ത കണ്ണാടിശകലംപോലെ തെളിയുന്ന ഒരു ചാന്തുപൊട്ടും വാനരസൗന്ദര്യത്തെ നാണിപ്പിക്കുന്ന ആ മുഖത്തിനു് അലങ്കാരമായി തൊട്ടിരുന്നു. കണ്ണുകളിൽ അഞ്ജനമണിഞ്ഞു തുടച്ചതുപോലെ സഹജമായ പ്രകാശം ആ നേത്രങ്ങളിൽനിന്നു വിദൂരമായിരിക്കുന്നു. കണ്ഠം മെലിഞ്ഞു നീണ്ടുള്ളതാണെങ്കിലും ആകപ്പാടെയുള്ള ആകൃതിക്കു് ഏറ്റവും അനുരൂപമായിട്ടുള്ളതാണു്. മാറത്തു് അഗാധമായി ഒരു കുഴിയുള്ളതു് ഉദരത്തിനു മുകളിൽ ചേർത്തു ധരിച്ചിരിക്കുന്ന കരയൻകവണികൊണ്ടു പാതിയും മറയ്ക്കപ്പെട്ടിരിക്കുന്നു. ഉദരത്തോടച്ചു പിടിച്ചിരിക്കുന്ന ഇടതു കൈയിൽ, മടക്കുനിവർക്കാതെ വിശേഷതരത്തിലുള്ള ഒരു തോർത്തുമുണ്ടു് അലക്ഷ്യമായി ഇട്ടിരിക്കുന്നു. കർണ്ണങ്ങളിൽ ഓരോ മുല്ലപ്പൂ തിരുകി കുണ്ഡലമാക്കി ഇട്ടിരിക്കുന്നതും കടുകളവെന്നു് ഏകദേശം പറയാവുന്നതായ ഒരു വെള്ളിത്താക്കോൽ പൂണൂലിൽ ബന്ധിച്ചിരിക്കുന്നതും ബ്രാഹ്മണ്യത്തോടുകൂടി വിടത്വവും ആ ബ്രാഹ്മണണാൽ സമർപ്പിതമായിട്ടുണ്ടെന്നു പ്രത്യക്ഷപ്പെടുത്തുന്നു. ‘മുട്ടാളനായ കമലോദ്ഭവനെന്റെരൂപം–സൃഷ്ടിച്ച മണ്ണിലധികം മഷികൂട്ടി ദുഷ്ടൻ’ എന്നു് അതിസരസനായ ഒരു കവി എഴുതിയിട്ടുള്ളതു സുന്ദരയ്യന്റെ നിരന്തരമായ മനഃക്ലേശത്തെ അറിഞ്ഞല്ലയോ എന്നു സുന്ദരയ്യന്റേയും ആ കവികുലോത്തംസത്തിന്റേയും ജീവിതകാലങ്ങൾക്കു വ്യത്യാസമില്ലാതിരുന്നുവെങ്കിൽ വിചാരിക്കാമായിരുന്നു. പരദേശത്താണു ജനനമെങ്കിലും മലയാളദേശത്തെ ആചാരങ്ങളെ അദ്ദേഹം വളരെ പരിശ്രമിച്ചു വശമാക്കീട്ടുണ്ടു്. എന്നാൽ സുന്ദരയ്യനു് ഈ ആചാരങ്ങളെ സംബന്ധിച്ചിടത്തോളം ഉള്ള വൈദൂഷ്യമോ പുച്ഛമോ ഏറുന്നതെന്നു ഗ്രഹിക്കുന്നതിനു് ഒരുവനും കഴിവുണ്ടായിട്ടില്ല. കേരളഭാഷാപരിജ്ഞാനവും തനിക്കു് അതിശയിക്കത്തക്ക വിധത്തിൽ വശമായിട്ടുണ്ടെന്നു സുന്ദരയ്യനു നാട്യമുണ്ടു്. അതിന്റെ വാസ്തവം കാകൻ ഹംസനട അഭ്യസിച്ചതിന്റെ പരിണാമംപോലെ കൈക്കലുണ്ടായിരുന്ന മാതൃഭാഷ ഭേദപ്പെട്ടു് പ്രാകൃതമായ ഒരു മിശ്രഭാഷ കൈവശമായെന്നതേ ഉള്ളു. ‘നന്നു്’ എന്നുള്ള പദത്തിലെ ‘ന’ എന്ന അക്ഷരത്തെ വഴിപോലെ ഉച്ചരിക്കുന്നതിനുള്ള സാമർത്ഥ്യംപോലും മലയാളഭാഷയിൽ അദ്ദേഹത്തിനു സമ്പാദിക്കാൻ കഴിഞ്ഞില്ല. അക്ഷരാഭായസവും ഭാഷാപരിജ്ഞാനവും ഒക്കെ പുല്ലല്ലേ! ഭാഗ്യം ഒന്നുണ്ടായാൽ പിന്നെ വിധിയും മിണ്ടാതിരിക്കയല്ലേ ഉള്ളു! മഹാഭാഘ്യവാനായ സുന്ദരയ്യനു യാതൊരു വിഷയത്തിലും പാണ്ഡിത്യമില്ലെന്നു പറയന്നതു വ്യാജമായിരിക്കും. എന്തെന്നാൽ സേവാക്രമങ്ങളിൽ അപാരമായ വൈദുഷ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതുമൂലം അദ്ദേഹം രാമവർമ്മ മഹാരാജാവിന്റെ ആദ്യപുത്രനായ ശ്രീപത്മനാഭൻതമ്പി അങ്ങുന്നു് അവർകളുടെ അസംഖ്യം സേവകജനങ്ങളിൽ മുമ്പനായി ഭവിച്ചു.

കാർത്ത്യായനിഅമ്മയുടെ ആദരപൂർവ്വമായ സൽക്കാരത്തെ കേട്ടു് ‘ഹ ഹ’ എന്നുള്ള ശബ്ദത്താലും ശിരഃകമ്പനസ്മിതാദികളാലും ക്ഷണസ്വീകാര്യത്തെ ആ സ്ത്രീയെ ധരിപ്പിച്ചിട്ടു് സുന്ദരയ്യൻ മാന്തോൽ നീക്കി ഇട്ടുകൊള്ളാതെ പടിമേൽത്തന്നെ വടക്കരികിലായിട്ടു് ആസനം ഉറപ്പിച്ചു. എന്നിട്ടു് ഇടത്തേക്കൈ മുറുക്കി മടക്കിവച്ചു് മുഴങ്കാലുകളുടെ മദ്ധ്യേ ആയിട്ടു് ഊന്നുകയും തല ഒരു വശത്തോട്ടു ചരിച്ചിടുകയും പൃഷ്ഠത്തെ അൽപ്പം ഉയർത്തുകയും ചെയ്തുകൊണ്ടു് നാളികേരവൃക്ഷങ്ങൾ കാറ്റിൽ അലയുമ്പോലെ ചാഞ്ചാടിത്തുടങ്ങി. സംഭാഷണത്തിനു മുടക്കം വരുത്തുകയും ചെയ്തില്ല. ‘വലിയങ്കത്തെ രാമാനംകൊണ്ടു താൻ കിഴക്കേ പോകുന്നു’–സ്ത്രീകൾക്കു മനസ്സിലാകുന്നതിനുവേണ്ടി തമിഴിനെ മുഴുവൻ ബ്രാഹ്മണൻ ഉപേക്ഷിച്ചിരിക്കുന്നു.വിശേഷിച്ചും സുന്ദരയ്യന്റെ നയനങ്ങൾ വളരെ വിഷമിച്ചു് പാർവ്വതിഅമ്മയുടെ കേശാദിപാദപരിശോധന തുടങ്ങിയിയിരിക്കുന്നു: ‘കാര്യത്തെ നാൻ ശൊല്ലവേണ്ടിയതില്ലല്ലോ. പെരിയവർ പടുത്തിരിക്കെ. ഇളയവർക്കു് ഊർദ്ധംതാൻ. അടുത്ത മുറൈ അങ്കത്തേക്കുതാൻ. ന്യായവും രീതിയും ലോകം മുച്ചൂടും വഴക്കവും, അപ്പടിത്താനെ. പ്രകൃതത്തുക്കും മറിച്ചു വരലാമാ? അവരോ? കണ്ണുക്കു കാമൻ, കൊടയിലെ കർണ്ണർ, വീര്യത്തിലെ ഇന്ദ്രശിത്തു്, നയത്തിലെ വിദുരർ, ധനത്തിലെ കുബേരർ, കീർത്തിയിലെ പാർത്ഥർ–എന്ന പ്രതാപം! അബ്ബ!’

ഇങ്ങനെ സുന്ദരയ്യൻ ചൊരിഞ്ഞുതുടങ്ങിയ വാഗ്വർഷംകൊണ്ടു് കാർത്ത്യായനിഅമ്മ കുറച്ചു് അസ്വസ്ഥയായി ചമഞ്ഞു. തന്റെ വാചാടോപത്തെ പ്രദർശിപ്പിക്കുന്നതിൽ സുന്ദരയ്യനു് ഒരിക്കലും അലംഭാവം തോന്നിയിട്ടില്ല. കാലദോഷത്താൽ സുന്ദരയ്യന്റെ ശ്രോതാക്കളായി ചെന്നുവീഴുന്ന ജനങ്ങളുടെ രസനീരസങ്ങളെക്കുറിച്ചു് ആലോചിക്കുന്നതിനു് സുന്ദരയ്യന്റെ മനസ്സു പഞ്ഞികൊണ്ടും വെണ്ണകൊണ്ടും ഉണ്ടാക്കപ്പെട്ടതുമല്ല. മറ്റുള്ളവരുടെ അസന്തോഷത്തെ ഗണ്യമാക്കുന്നതിനു് സുന്ദരയ്യൻ ഭീരുവോ മറ്റോ ആണോ? ‘എല്ലായിടത്തിലും ആലാപ്പറന്തു പൈത്യാ......’ എന്നിങ്ങനെ ബ്രാഹ്മണൻ തന്റെ സംഭാഷണത്തെ തുടർന്നു. ഈ വാക്കുകൾ കേട്ടു കാർത്ത്യായനിഅമ്മ ഒന്നു ഞെട്ടി. ഭയത്തോടു നാലുപാടും നോക്കീട്ടു് ഉള്ളിലുണ്ടായ കോപത്തോടുകൂടി ഇങ്ങനെ പറഞ്ഞു: ‘അങ്ങു് ആരെക്കുറിച്ചാണു് സംസാരിക്കുന്നതെന്നു മറന്നുപോയെന്നു തോന്നുന്നു. ആളും അവസ്ഥയും വിചാരിച്ചല്ലേ സംസാരിക്കേണ്ടതു്?’

സുന്ദരയ്യൻ
(കാർത്ത്യായനിഅമ്മയെ ഇളക്കി ഒന്നു സംസാരിപ്പിക്കണമെന്നുള്ള തന്റ ഉദ്ദേശ്യം സഫലമായതുകൊണ്ടുണ്ടായ സന്തോഷത്തോടുകൂടി) ‘അവരവർതാൻ ഉള്ള അവസ്ഥയെ കെടുത്തുപോട്ടാലോ? ഉള്ളതെ ശൊല്ലറവൻപേരിലാണോ പഴി? നല്ല ന്യായം! സ്ഥാനേ സ്ഥിതസ്യ പത്മസ്യഹ, മിത്രേ വരുണ ഭാസ്‌കരൗ; സാഥാനാതു് ഭ്രഷ്ടസ്യ തസൈവഹ, ശോഷകപ്ലോഷകാവപീഹി’ എന്നാക്കുമേ വിദ്യാംസാൾ ശൊല്ലിയിരിക്കറുതും.’

ശ്ലോകത്തിന്റെ അർത്ഥം കാർത്ത്യായനിഅമ്മയ്ക്കു തീരെ മനസ്സിലായില്ലെങ്കിലും സുന്ദരയ്യന്റെ മറുപടിയുടെ പൂർവ്വാർദ്ധത്തിനു് ഉത്തരമായി ഇങ്ങനെ പറഞ്ഞു: ‘എന്തുകൊണ്ടാണു് അവസ്ഥയെ നശിപ്പിച്ചിരിക്കുന്നതു്? വെറുതെ ആരെയും ദുഷിക്കരുതു്. പിന്നെയും ഉണ്ടാകുന്ന ദോഷങ്ങളെക്കൂടി വിചാരിച്ചു വേണം ഓരോന്നു പറയേണ്ടതു്.’

സുന്ദരയ്യൻ
‘ദോഷം നേക്കാ? നേക്കു് എന്താണു വരാൻപോകാനുള്ളതു്? വിരുത്തിയെ എടുത്തുപ്പോടുവാരോ? പോച്ചൊള്ളണം കൊച്ചമാമ. കഴുവേത്തിടുമോ? നേക്കു പയപ്പെടറുതുക്കു് ആൺപിള്ള ശിങ്കങ്കൾ അങ്കെ വേറെ ഇരിക്കു്.’
കാർത്ത്യായനിഅമ്മ
‘ഞങ്ങൾക്കു് അങ്ങനെ ഒക്കെ വിചാരിക്കാനും ധൈര്യപ്പെടാനും പാടില്ല. അതുകൊണ്ട് ആ വർത്തമാനം നിറുത്തിക്കളയണം.’
സുന്ദരയ്യൻ
‘സ്വകാര്യത്തിലേ ഓരോരുത്തർ എന്തെല്ലാം ശൊല്ലുന്നു! അതുക്കെല്ലാം നാക്കെ പിടുങ്കറതുണ്ടോ?’
കാര്യത്ത്യായനിഅമ്മ
‘അങ്ങുപോന്ന കാര്യമെന്താണു്? മറ്റേ സംഗതി വിട്ടുകളയണം. വഴിയേ പോകുന്ന അനർത്ഥം വലിയേ പിടിച്ചു തലയിൽ കേറ്റുന്നതെന്തിനു്?’

‘ആശാനും അടവു പിണങ്ങും’ എന്നൊരു പഴഞ്ചൊല്ലുണ്ടല്ലോ. അതിസമർത്ഥന്മാർക്കും ചിലപ്പോൾ അബദ്ധങ്ങൾ സംഭവിച്ചുപോകും. ആ വിധത്തിൽ സുന്ദരയ്യനും അടവൊന്നു പിണങ്ങി എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. കഴക്കൂട്ടത്തുപിള്ളയുടെ ഭാര്യയ്ക്കു് രാജദൂഷണം കർണ്ണപീയൂഷമായിരിക്കുമെന്നു വിചാരിച്ചു പ്രകടിപ്പിച്ച അഭിപ്രായങ്ങൾ കാർത്ത്യായനിഅമ്മയ്ക്കു് സന്തോഷപ്രദമായിരുന്നില്ലെന്നു കണ്ടപ്പോൾ സംഭാഷണത്തെ അന്യമാർഗ്ഗത്തിൽ തിരിക്കുന്നതിനു സുന്ദരയ്യൻ തരം നോക്കിത്തുടങ്ങി. അപ്രകാരമുള്ള ആലോചനയുടെ മദ്ധ്യേയാണു് കാർത്ത്യായനിഅമ്മ മേൽപ്രകാരം പറഞ്ഞതു്. ഇങ്ങനെ നല്ല അവസരം തന്റെ ഇച്ഛാനുകൂലമായി കിട്ടിയതിനെ സുന്ദരയ്യൻ സന്തോഷപൂർവ്വം സ്വീകരിച്ചു.

സുന്ദരയ്യൻ
‘ശരിതന്നെ ഹാകുന്നു. ആമാം. ശരിതാൻ. നല്ല ബുദ്ധി. ശരിയാന അഭിപ്രായം. ചെമ്പകശ്ശേറി വീട്ടുകാർ പേരിലെ പെരിയങ്കത്തേക്കുള്ള ഇതു്, അവർ ശൊല്ലറതേ കേട്ടാൽതാൻ തെരിയും. ഹങ്ങിനെ അല്ലാമൽ വര വഴിതല്ലിയേ. ഇന്ത വാക്കു്, ഇന്ത നിലൈ, ഇതെല്ലാം അവർ അറിയാവടിക്കിരിക്കുമോ? (പാർവ്വതിഅമ്മ തന്റെ അമ്മയുടെ പുറകിൽ നിന്നു് ദീപത്തിന്റെ പ്രഭയില്ലാത്ത സ്ഥലത്തേക്കു മാറിനിൽക്കയാൽ) കുഴന്തപൊയി എന്താകുന്നു, ഏൻ ഇരുളിൽ മറവാനേ? (പാർവ്വതിഅമ്മയുടെ കേശസമൃദ്ധിയെ ഉദ്ദേശിച്ചു്) ഒരിരുൾ പോരാതെന്നോ?’
കാർത്തായനിഅമ്മ
‘അദ്ദേഹവും ഇവളുടെ അച്ഛനുമായി കുറച്ചു പരിചയമുണ്ടായിരുന്നു.’
സുന്ദരയ്യൻ
‘കുറച്ചു പരിചയമോ? ആത്മസ്‌നേഹം! ഉശിരിക്കുശിർ. നാൻ കണ്ണാലെ പാർത്തിട്ടുണ്ടല്ലോ. അന്ത പരിശയം വളരപ്പോറതുണ്ടും. കൊച്ചമ്മ സാപ്പാടെല്ലാം ആഹലയോ?’
കാർത്ത്യായനിഅമ്മ
(എന്തോ ആലോചനയോടുകൂടി) ‘അദ്ദേഹം എന്തായാലും ശ്രീമാനാണല്ലോ.’
സുന്ദരയ്യൻ
‘അപാരശ്രീമാൻ! ശന്ദേഹമോ? അവർക്കൊന്നുതാൻ കുറെ അതുവും......’ എന്നു പറഞ്ഞുകൊണ്ടു സുന്ദരയ്യൻ പാർവ്വതിഅമ്മയെ ലക്ഷ്യമാക്കി ഒന്നു കടാക്ഷിച്ചു് തന്റെ വാക്കിന്റെ സാരം മനസ്സിലായോ എന്നു ചോദ്യംചെയ്യുന്ന ഭാവത്തിൽ കാർത്ത്യായനിഅമ്മയുടെ മുഘത്തു് ദൃഷ്ടി ഉറപ്പിച്ചു.
കാർത്ത്യായനിഅമ്മ
(ദീർഘമായ ആലോചനയിൽനിന്നു വിരമിച്ചിട്ടു്) ‘അദ്ദേഹത്തിനു് എന്തു കുറവാണു്? പത്മാനാഭൻ പ്രസാദിച്ചിരിക്കുന്നല്ലോ.’
സുന്ദരയ്യൻ
‘പത്മനാഭൻതാൻ യാവർക്കും തുണൈ. (പാർവ്വതിഅമ്മയോടു്) കുഴന്തയ്ക്കു് എന്നവോ പാരായണം ഇരിക്കുന്നപോലെ ഇരിക്കുന്നല്ലോ. വേണ്ടതുതന്നെ ഹാകുന്നു. (കാർത്ത്യായനിഅമ്മയോടു്) അണ്ണാവെക്കണ്ടു് എന്നവോ ശൊല്ലറതുക്കാക അങ്കത്തെതാൻ വരുവാർപോലിരുക്കു്.’

കാർത്ത്യായനിഅമ്മയുടെ മനസ്സു് ആ സ്ഥലത്തുനിന്നും പറന്നുപോയിരിക്കുന്നു. നിയമവിരുദ്ധമായ സുന്ദരയ്യന്റെ പ്രേശനവും ക്രമമല്ലാതുള്ള ദൂഷണവചനങ്ങളും എല്ലാം ആ സ്ത്രീ മറന്നു് അദ്ദേഹം ആകപ്പാടെ നല്ല കൂട്ടത്തിലാണെന്നു് വിചാരിച്ചുതുടങ്ങിയിരിക്കുന്നു. തന്റെ പുത്രിക്കുണ്ടായിരിക്കുന്ന വിരഹതാപ്രോദ്ഭൂതമായ രോഗത്തിനു് ഒരു സിദ്ധൗഷധം കിട്ടിയതുപോലെ സന്തോഷംകൊണ്ടു കാർത്ത്യായനിഅമ്മയുടെ മുഖകമലം വികസിക്കുന്നു. അഭീഷ്ടസിദ്ധിക്കുള്ള മാർഗ്ഗാന്വേഷണങ്ങളിൽ അവസ്ഥമുതലായ ശൂദ്മാത്രങ്ങളെയും ഗണ്യമാക്കുന്നതു നിസ്സാരന്മാരുടെ ലക്ഷണമാണെന്നാണല്ലോ, അമാനുഷരെന്നു നടിക്കുന്ന ചില ആധുനികപണ്ഡിതകേസരികൾ അൽപസുഖാഗ്രഹികളായിട്ടു് മാനാഭിമാനങ്ങളെയും പൗരുഷത്തെയും തിരിസ്‌കരിച്ചു നിന്ദാവഹമായ ഓരോ കൃത്യങ്ങളെ ആചരിച്ചുവരുന്നതുകൊണ്ടു് ദൃഷ്ടാന്തപ്പെടുന്നതു്. ഈ സ്ഥിതിക്കു് അറിവു തുലോം കുറഞ്ഞു് അബലാവർഗ്ഘത്തിൽ ചേർന്നുള്ള ഒരാൾ ഭൂതസംഗതികളെയും തന്റെ നിയമം, സ്ഥിതി ഇത്യാദികളെയും മറന്നു്, ഒട്ടുകിഴിഞ്ഞു എന്നു വന്നാൽ വായനക്കാർ ആശ്ചര്യപ്പെടേണ്ടതില്ലല്ലോ. ആഗ്രഹങ്ങളോ, സകല ജീവലോകത്തിനും സഹജമായിട്ടുള്ളതാണല്ലോ; വിശേഷിച്ചും സ്ത്രീകൾക്കു്. അതിലും യൗവനാരുഢയും അപരിഗൃഹീതമായുള്ള ഒരു പുത്രിയോടുകൂടിയ മാതാവിന്റെ മോഹങ്ങൾ ബ്രഹ്മാണ്ഡകടാഹത്തെത്തന്നെയും ഭേദിച്ചു എന്നു വന്നേക്കാം. അഷ്ടദിക്കുകളിലും പുത്രിക്കു സ്വഗുണാനുരൂപനായ രമണനെ ആരാഞ്ഞു വലയുന്ന ഒരു മാതാവിന്റെ മാനസനേത്രങ്ങൾക്കു് സുന്ദരനും ധനികനും പ്രബലനും കുലീനനുമായ ഒരു യുവാവു് ഗോചരനായാൽ തന്നെത്താൻ മറന്നുപോകുന്നതു് അസംഭവ്യമാണോ? മേൽപറഞ്ഞ ഗുണങ്ങളിൽ ധനം ഒന്നുമാത്രം ഉണ്ടായാൽത്തന്നെ സകല ലക്ഷണങ്ങളും തികഞ്ഞതായി വിചാരിച്ചു് മാനവും മര്യാദയും പണയത്തിലാക്കുന്നവർ ലക്ഷം ഉണ്ടല്ലോ. ‘ദ്രവ്യം ദൈവം’ എന്നാണല്ലോ കലിയുഗവേദജ്ഞരുടെ മതമായിരിക്കുന്നതും. അതിനാൽ ദ്രവ്യത്തിനു പുറമേ സൗന്ദര്യാദിലക്ഷണങ്ങൾകൂടി ഒരു യുവാവിൽ തികഞ്ഞു കാണപ്പെടുന്നുവെങ്കിൽ അയാളെക്കുറിച്ചു് സാമാന്യം അധികമായ ആഗ്രഹം സ്ത്രീകൾക്കുണ്ടാകുന്നതു ലോകനീതിയാണു്.

കാർത്ത്യായനിഅമ്മയെ ആകർഷിച്ചിരുന്ന അന്തർഗ്ഗതങ്ങൾ എന്താണെന്നു് അന്യസഹായംകൂടാതെ വായനക്കാർക്കു് ഊഹിക്കാവുന്നതാണു്. വലിയതമ്പിക്കു് ചെമ്പകശ്ശേരി വീട്ടുകാരോടുള്ള പ്രതിപത്തിയെക്കുറിച്ചു് സുന്ദരയ്യൻ പറഞ്ഞതു കേട്ടപ്പോൾ ആ സ്‌നേഹത്തെ ഒരു ബന്ധത്താൽ ഉറപ്പിച്ചെങ്കിൽ നന്നെന്നു് ആ സ്ത്രീക്കു തോന്നി. നാടുവാഴുന്ന മഹാരാജാവിന്റെ പുത്രൻ തന്റെ പുത്രിയുടെ ഭർത്താവായാൽ ചെമ്പകശ്ശേരിത്തറവാട്ടിനു് ‘ആചന്ദ്രതാരമേ സന്തതിപ്രവേശമേ’ സായൂജ്യമാണല്ലോ. ‘സാക്ഷാൽ ശ്രീപത്മനാഭൻതമ്പി അങ്ങത്തെ കൊച്ചമ്മ’ എന്നിങ്ങനെ നാടടക്കമുള്ള ജനങ്ങൾ തന്റെ പുത്രിയെക്കുറിച്ചു് ഘോഷിക്കും എന്നുള്ള ഫലം കൂടാതെ, ആപാദചൂഡം ആഭരണങ്ങളും അറ നിറയെ നെല്ലും പണവും ആകാശത്തോളം സ്ഥാനമാനങ്ങളും ഉണ്ടാകാനുള്ള തക്കം കിട്ടിയിരിക്കുന്നതു കൈവിടുന്നതു് ഭോഷത്വത്തിലും വലുതായ ഭോഷത്വമായിരിക്കും. എന്നുതന്നെയല്ല, തന്റെ പുത്രിക്കുണ്ടായിരിക്കുന്ന പരിതാപവും ശമിക്കുമല്ലോ. സുന്ദരയ്യൻ അഭിപ്രായപ്പെട്ടതുപോലെ പത്മനാഭൻ തന്നെ പ്രസാദിക്കണം–ലഷ്മീവല്ലഭനായ ശ്രീപത്മനാഭൻസ്വാമിയോ പാർവ്വതിവല്ലഭനാകാൻ പോകുന്ന ശ്രീപത്മമാനഭൻ തമ്പി അങ്ങുന്നോ പ്രസാദിക്കേണ്ടതെന്നു് അറിവാൻ പ്രയാസം. ആ–വൂ! വലിയൊരു സമുദ്രത്തിന്റെ മറുകര കാണാറായിരിക്കുന്നു. അതിനാൽ അമരക്കാരനായ സുന്ദരയ്യനെ കുറച്ചുകൂടി ബഹുമാനിക്കയല്ലേ വേണ്ടതു്?

ഇപ്രകാരമുള്ള വിചാരങ്ങളിലാണു് കാർത്ത്യായനിഅമ്മയുടെ മനസ്സു് വ്യാപരിച്ചുകൊണ്ടിരുന്നതു്. ഒടുവിലത്തെ ആലോചനയിൽ എത്തിയപ്പോൾ കനിവോടുകൂടി സുന്ദരയ്യനോടു് ആ സ്ത്രീ ഇപ്രകാരം പറഞ്ഞു: ‘ഹേ, എന്തുമാതിരിയാണിതു്? ബ്രാഹ്മണരുടെ ആസനം നിലത്തു തൊട്ടാൽ അവിടം മുടിഞ്ഞുപോകുമെന്നാണല്ലോ പറഞ്ഞുവരുന്നതു്. തോൽ നീക്കി ഇട്ടിരിക്കണം. ഇതേ–തോലിലിരിക്കണം.’

എന്നേ മഹാഭാഗ്യമേ വിവാഹദൗത്യം അനവധി സുഖങ്ങളെ പ്രദാനം ചെയ്യുന്ന ഒരു വ്യാപാരമാണല്ലോ. രാവും പകലും മുഷിഞ്ഞു് യജമാനന്മാരുടെ മുമ്പിൽ സേവതുള്ളുന്നതിനു് കൊതിക്കുന്നതിനെക്കാൾ ജനങ്ങൾ സുന്ദരയ്യനെ പിന്തുടർന്നാൽ നാം കാണുന്നതിൽ എത്ര കലഹങ്ങൾ ഇല്ലാതാകും? എന്തു സുഖങ്ങൾ അനുഭവിക്കാം. ഈ ഭൂലോകത്തിന്റെ സ്ഥിതി തന്നെ ആകപ്പാടെ ഒന്നു മാറി നാകലോകതുല്യമായി ഭവിക്കയില്ലയോ എന്നു സംശയമുണ്ടു്. അതു് എങ്ങനെയും ആകട്ടെ. കാർത്ത്യായനിഅമ്മയുടെ നൂതനസത്ക്കാരങ്ങൾ കേട്ടപ്പോൾ തന്റെ ആഗമനോദ്ദേശ്യം സഫലം എന്നു നിശ്ചയിച്ചു് ജയ ജയ കൈലാസോദ്ദേശ്യം സഫലം എന്നു നിശ്ചയിച്ചു് ‘ജയ ജയ കൈലാസോദ്ധാരകാരിൻ!’ എന്നുള്ള നാരദഗീതത്തെ കേട്ട രാവണനെപ്പോലെ സുന്ദരയ്യൻ താൻ അറിയാതെതൊന്നു ഞെളിഞ്ഞു് ഗംഭീരഭാവത്തോടുകൂടി ഇരിപ്പായി. ‘വേണ്ടാം. എങ്കെ ഇരുന്താലെന്ന? കുഴന്ത ഇപ്പോതും വല്ലാതെ നിക്കറതു് എന്ന കാരണത്താലോ?’ എന്നിങ്ങനെ പറകയും ചെയ്തു.

കാർത്ത്യായനിഅമ്മ
‘അവൾക്കു കുറേ നാളായി ഒരു വിഷാദം വന്നു കൂടിയിരിക്കുന്നു?–’

തന്റെ വ്യസനത്തിന്റെ ഹേതുവായും സുന്ദരയ്യനെ തെര്യപ്പെടുത്തിയേക്കും എന്നുള്ള ഭയത്തോടുകൂടി പാറുക്കുട്ടി ഈ വാക്കുകൾ കേട്ട ഉടനെ ധൃതിയിൽ കാർത്ത്യായനിഅമ്മയുടെ സമീപത്തോട്ടു് അണഞ്ഞു. പാറുക്കുട്ടി തന്റെ ശരീരത്തോടണഞ്ഞതു് സ്പർശനത്താൽ അറിഞ്ഞ കാർത്ത്യായനിഅമ്മ എഴുന്നേറ്റു് ‘സുന്ദരയ്യൻ മുറുക്കീല്ലല്ലോ, അപ്പുറത്തു പോയി മുറുക്കാം, വരണം. നൊയമ്പുകാരി ഉറക്കംകൊണ്ടു് കുപിത ആയിരിക്കുന്നു’ എന്നു പറഞ്ഞുകൊണ്ടു് വടക്കേകെട്ടിലേക്കു യാത്രയായി. ‘പടുത്തുക്കോ അമ്മാ, പടുത്തുക്കോ. ഇതെന്നേക്കും ഉതഹാതു്’ എന്നു പാറുക്കുട്ടിയെ ശാസിച്ചുകൊണ്ടു് സുന്ദരയ്യൻ എഴന്നേറ്റു് കാർത്ത്യായനിഅമ്മയ്ക്ക വഴി കൊടുത്തു് മാറി നിന്നു. മുമ്പിൽ കാർത്ത്യായനിഅമ്മയും പുറകേ സുന്ദരയ്യനും ആയി വടക്കേക്കെട്ടിലേക്കു പോകുന്നതിനിടയിൽ തന്റെ സ്വഭാവചാപല്യാതിക്രമത്താൽ ബ്രാഹ്മണൻ പിന്തിരിഞ്ഞു് താൻതന്നെ വലിയതമ്പി എന്നുള്ള നാട്യത്തിൽ ‘കൺമുനയെത്തന്നെ കാമലേഖനമാക്കി’ അയയ്ക്കുന്നതായിട്ടു് പാർവ്വതിഅമ്മയെ ഒന്നു കടാക്ഷിച്ചു. ആ സമയത്തു് കിഴക്കുവശത്തു് ആരോ കയർക്കുന്ന ശബ്ദം കേട്ടുതുടങ്ങി. ‘കുടിക്കാൻ പാടുണ്ടോ? ചൂത്ത മറവൻ! അടിച്ചു കുറുക്കിനെ ഞെരിച്ചൂടണം. കപ്പാൻ മടിക്കുമോ? ആളും തരവും ഇല്ലല്ലോ’ എന്നിങ്ങനെ ചില വാക്കുകൾ ഉച്ചത്തിൽ പുറപ്പെടുവിക്കുന്നതു കേട്ടപ്പോൾ സുന്ദരയ്യന്റെ ശൃംഗാരരസം പകർന്നു്, കൈകാൽ വിറച്ചു്, മുഖം വിളറി, കണ്ണുകൾ തുറിച്ചു് അയാൾ അങ്ങും ഇങ്ങും നോക്കിത്തുടങ്ങി. സുന്ദരയ്യന്റെ ശൃംഗാരചേഷ്ടകളെക്കുറിച്ചു കേവലം ഒരു വീടിന്റെ അർത്ഥമാക്കാനില്ലാത്ത ഗോഷ്ടികളെന്നു പാറുക്കുട്ടി വിചാരിച്ചു എങ്കിലും, പിന്നീടുണ്ടായ ഭാവഭേദങ്ങൾ കണ്ടു് സ്വല്പനേരം സ്തബ്ധയായി നിന്നു. എന്നാൽ ക്ഷണനേരംകൊണ്ടു് സുന്ദരയ്യൻ ധൈര്യം അവലംബിച്ചു് ഇടതുകൈയിൽ ഇട്ടിരുന്ന വസ്ത്രത്തെ സൂക്ഷിച്ചു സ്വസ്ഥാനത്താക്കീട്ടു് കാർത്ത്യായനിഅമ്മയോടുകൂടി എത്തുന്നതിനായി വേഗത്തിൽ വടക്കേക്കെട്ടിലേക്കു കടന്നുപോയി. എന്തുകഥയാണു് ഇക്കണ്ടതെല്ലാം എന്നുള്ള വിചാരത്തിൽ മഗ്നയായി പാറുക്കുട്ടി അറപ്പുരയ്ക്കകത്തുതന്നെ ഇരുന്നു. സുന്ദരയ്യൻ പുറത്തിറങ്ങി അൽപനേരം ആയപ്പോൾ ‘നാരായണ നാരായണ’ എന്നു കോപത്തോടുകൂടി ജപിച്ചുകൊണ്ടു് എഴുപതിൽപ്പരം വയസ്സായ ഒരു വൃദ്ധൻ പാറുക്കുട്ടിയുടെ മുമ്പിൽ എത്തി, കോപഭാവത്തെ ത്യജിക്കാതെ, അതിപുത്രനായ കോപമൂർത്തിയെപ്പോലെ ജ്വലിച്ചുകൊണ്ടു് ഇങ്ങനെ ചോദ്യം തുടങ്ങി– ‘എന്തൊരു മാതിരിയാണു് പിള്ളേ? വല്ല കോമട്ടിയേയും കണ്ടാൽ അങ്ങു മറിഞ്ഞുവീഴുന്നൂടണതോ? ഇത്ര നെഞ്ചുറപ്പില്ലിയോ? അതേതു പട്ടരാണു് അങ്ങനെ വന്നു കേറൂട്ടതു്? ഇത്ര എരട്ടക്കരളുള്ളവൻ ആരു്? ഈ അറപ്പുരയ്ക്കകത്തു്–ഈ ചെമ്പകശ്ശേരി അറപ്പുരയ്ക്കകത്തു്–രാത്രിയെങ്കിലും പകലെങ്കിലും അങ്ങനെ ഒരുത്തൻ കാലെടുത്തുവയ്ക്കുമോ? അവന്റെ തലമണ്ടയെ നെരിച്ചുവിടണ്ടയോ?’ എന്നിത്രയും പറഞ്ഞുകൊണ്ടു് ആ വയസ്സൻ തന്റെ വാക്കിനു ചേർച്ചയായി കൈയിലിരുന്ന വടിയെ ഒന്നു് ഓങ്ങിയപ്പോൾ അതു് ഊക്കോടുകൂടി തട്ടിൽ തട്ടുകയും ഉടൻതന്നെ ‘നാരായണ–നാരായണ’ എന്നുള്ള ശബ്ദത്തോടുകൂടി അതിനെ സ്വസ്ഥാനത്തിൽ വയ്ക്കുകയും ചെയ്തു. ഈ വൃദ്ധൻ ചെമ്പകശ്ശേരിവീട്ടിൽ ആയുധപ്പുരസൂക്ഷിപ്പുകാരനായിരുന്ന വിദ്വാൻ കുറുപ്പിനു് ആ ഭവനത്തിലുണ്ടായിരുന്ന ഒരു ഭൃത്യസ്ത്രീയിൽ ജാതനായ പുത്രനാണു്. ഈയാൾ ചെറുപ്പമായിരുന്നപ്പോൾ ആയുധാഭ്യാസത്തിൽ അതിനിപുണനായിരുന്നു. ചെമ്പകശ്ശേരി വീട്ടിൽത്തന്നെ ഒരു കളരിയിട്ടു് അവിടത്തെ മൂത്തപിള്ളയേയും തിരുമുഖത്തു വീട്ടുകാരേയും മറ്റു പലരേയും പോലെ വാൾ, പരിച, ഈട്ടി, കുന്തം, വില്ലു്, അമ്പു്, മുതലായ ആയുധങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രയോഗങ്ങളെ വളരെ സമർത്ഥതയോടു കൂടി ഗുരുസ്താനം വഹിച്ചു് അഭ്യസിപ്പിച്ചതിനാൽ ‘ആശാൻ’ എന്നു പേർ സമ്പാദിച്ചു. ചെറുപ്പകാലത്തെ പ്രതാപം ഹേതുവാൽ ഇപ്പോഴും ശങ്കു ആശാനോടു് എതിർപ്പാൻ ആരും തന്നെ തുനിഞ്ഞു ചെല്ലുകയില്ല. ആ ചെമ്പകശ്ശേരിഗൃഹം തന്റ സ്വന്തമാണെന്നാണു് ആശാന്റെ വിചാരം. വാർദ്ധക്യംകൊണ്ടു് അതികോപിഷ്ഠനായി ചമഞ്ഞിരിക്കുന്നതിനാൽ വൃദ്ധൻ ചെമ്പകശ്ശേരി മൂത്ത പിള്ളയെപ്പോലും ശാസിക്കും. പാറുക്കുട്ടിയോടു് ആശാനുള്ള വാത്സല്യത്തിനു് അതിരില്ല. പാറുക്കുട്ടി ചിരിച്ചു എങ്കിൽ വൃദ്ധനും ചിരിക്കും; കരഞ്ഞു എങ്കിൽ വൃദ്ധനും വഴിയെ. ഇത്രയൊക്കെ പാറുക്കുട്ടിയെക്കുറിച്ചു് ആശാനു് സ്‌നേഹമാണെങ്കിലും ആശാന്റെ അഭിപ്രായങ്ങൾക്കു പ്രതികൂലമായി ഒന്നു പറയുന്നതായാൽ പാറുക്കുട്ടിയോടും ആശാൻ കയർക്കും. എന്നാൽ ആശാന്റെ കോപം എത്ര വലുതായിരുന്നാലും പാറുക്കുട്ടിയുടെ വാക്കു കേട്ടാൽ ശാന്തപ്പെടുക പതിവായിരുന്നു. വാല്യക്കാർ മുതലായവർക്കു് ചിലപ്പോൾ ആശാന്റെ നെടവടിയുടെ രുചി അനുഭവിക്കുന്നതിനു് സംഗതി ആകാറുണ്ടു്. ആശാൻ സാധാരണ കൊണ്ടുനടന്നുവരുന്നതു് ഇളയതമ്പുരാൻ തിരുമനസ്സിനാൽ നൽകപ്പെട്ട സ്വർണ്ണക്കെട്ടുകളോടുകൂടിയ ഒരു വടിയാണു്. ആശാന്റെ വടികൊണ്ടു് പ്രഹരം കിട്ടുന്നതു് എളുപ്പത്തിൽ കഴിയുന്ന ഒരു കാര്യമാണു്. ‘എത്ര വയസ്സായി അമ്മാവാ?’ എന്നുള്ള ചോദ്യത്തിനു് സാധാരണ ഉത്തരം പ്രഹരമാണു്. തലയിൽ കുടുമയുടെ സ്ഥാനത്തു് മൂന്നോ നാലോ രോമം ഒരു വിരൽ നീളത്തിൽ പുറകോട്ടു വളഞ്ഞു നിൽക്കുന്നതു് ഒഴികെ ശേഷം രോമങ്ങൾ മിന്നുന്ന കഷണ്ടിയുടെ ആക്രമംകൊണ്ടു് നാസ്തിയായിരിക്കുന്നു. കാഴ്ച്ച അഞ്ചെട്ടു വർഷങ്ങൾക്കു മുമ്പു കുറഞ്ഞിരുന്നു എങ്കിലും ഇപ്പോൾ നേത്രങ്ങൾക്കു് ഒരു ദോഷവും ഇല്ല. പ്രായത്തിനു് ഒത്ത ക്ഷീണം ആശാന്റെ ദേഹത്തെ ബാധിച്ചിട്ടില്ല. ആരെയും അസഭ്യവാക്കുകൾകൊണ്ടു മർമ്മഭേദനം ചെയ്യുന്നതിനു് ആശാനു തരിമ്പും കൂസലില്ല. ചെമ്പകശ്ശേരി തറവാട്ടു കാര്യന്വേഷണങ്ങൾ മിക്കവാരും ആശാൻതന്നെയാണു്. മൂത്തപിള്ള കാരണവരെന്ന നാമമാത്രത്തെ വഹിക്കുന്നതേയുള്ളു.

ആശാന്റെ കോപത്തെക്കണ്ടു് പാറുക്കുട്ടി ഒരു അമർത്തിയ പുഞ്ചിരിയോടുകൂടി മിണ്ടാതെ ഇരിക്കയായിരുന്നു. തന്റെ ചോദ്യങ്ങൾക്കു് ഉത്തരമൊന്നും കാണാത്തതിനാൽ വൃദ്ധൻ വീണ്ടും കോപത്തോടുകൂടി, ‘എന്തു്, ഉർറക്കവും കിർറക്കവും ഒന്നുമില്ലയോ? ഇതൊന്നും കൊള്ളൂല്ല. വല്ലതുമൊക്കെ വിച്ചു വയ്ക്കും’ എന്നു പാറുക്കുട്ടിയുടെ മുഖത്തു നോക്കി പറഞ്ഞു. വൃദ്ധന്റെ രൗദ്രഭാവങ്ങൾക്കും കോപവചനങ്ങൾക്കും നേരേ വിപരീതമാംവണ്ണം പാറുക്കുട്ടി വളരെ ശാന്തയോടും വാത്സല്യത്തോടും ഒരു ചെറിയ മന്ദഹാസത്തോടും രാത്രിയുടെ നിശ്ശബ്ദാവസ്ഥയിൽ അവർണ്ണനീയ രസപ്രദമായ സ്വരത്തിൽ ഇപ്രകാരം പറഞ്ഞു: ‘എന്നോടെന്തിനാണു് കോപം ആശാനെ? ഞാൻ ഒന്നും ചെയ്തില്ലല്ലോ. ആശാനു ദേഷ്യത്തിനു് എപ്പോഴെങ്കിലും ഒരു കാരണം ഞാൻ ഉണ്ടാക്കിയിട്ടുണ്ടോ? ഇത്ര ഒക്കെ ദേഷ്യപ്പെടാൻ ഇവിടെ എന്തുണ്ടായി?’

ശങ്കു ആശാൻ
‘അമ്മേടെ അടുത്തു് ആരാണു് കുശുകുശാന്നു ചെവി കടിക്കണതു്?’
പാറുക്കുട്ടി
‘സുന്ദരയ്യനെ അറിയാത്തവരാരുമില്ലെന്നു് അദ്ദേഹംതന്നെ അൽപം മുമ്പേ പറകയുണ്ടായി. ആശാൻ അറികയില്ലെന്നു വരുമോ? എന്നാൽ അദ്ദേഹത്തിനെ അറിയാത്തതിൽ ഒരാളുണ്ടെന്നു് ആശാൻ ഒന്നു് അങ്ങോട്ടു ചെന്നു പറയണം. വലിയതമ്പി അദ്ദേഹത്തെിന്റെ കെട്ടുപൂട്ടുകാരനാണത്രേ.’
ആശാൻ
‘ശെന്നേ നാരയാണാ! ശെന്നേ നാരയാണാ!? വലിയതമ്പി അങ്ങത്തെ കുതിര കേറണവനോ? ഞാൻ അറിയൂല്ലയോ പിന്നെ? ആഭ്ഭാതക്കൂട്ടം! ഇയിത്തുങ്ങളെ ഇതിനകത്തു കാലെടുത്തു ചവുട്ടാൻ തമ്മസിച്ചൂടാ. എവൻ പട്ടരോ? അവന്റെ പൂണിലിനെ പിടുങ്ങി വലകെട്ടണം. എവനൊ ‘എവനെ ഞാൻ അറിയൂല്ലയോ? എവൻ, ആ കരിങ്കള്ളൻ, തലയിലിടിവീഴണ കറുത്തവാവിനു പിറന്ന ചുടലമാടൻ, പല്ലൻ കുറുപ്പു് എന്തൊരു കുറുപ്പു്? കുന്തക്കുറുപ്പോ? അല്ലാ വേലുക്കുറുപ്പു് അവന്റെ തന്ത്യാനാണു്. ഓ! മറ്റവന്റെ പേരു പറഞ്ഞപ്പം ഒരു പിള്ള മിഞ്ഞി കറുപ്പിച്ചല്ലോ. ഏഹേ! അവന്റെ കാര്യം കമാന്നു് ഞാൻ മൂളീല്ല. കരയീം വിളിക്കീം വേണ്ട!’
പാറുക്കുട്ടി
‘മുഖം കറുത്തുവെന്നു് ആശാൻ നിശ്ചയിച്ചുകൊള്ളുന്നതുതന്നെ. ആശാന്റെ വാക്കു കേട്ടാൽ എനിക്കു വേലുക്കുറുപ്പിനെ വലിയ പേടിയാണെന്നു തോന്നും.’
ആശാൻ
‘ആ കരിക്കട്ടപ്പൂതത്തിനെ എല്ലാർക്കും പേടി തന്നെ. അവന്റെ പല്ലും ചിറിയും കണ്ണും എല്ലാംകൂടി കണ്ടാൽ മൊകത്തു കാർക്കിച്ചു തുപ്പാൻ തോന്നും. അവൻ ചത്തല്ലാതെ പൂമിക്കു പാരം തീരൂല്ല. ചവത്തിന്റെ പുറകേ എത്രനാളു നടന്നു! നാ ചന്തയിൽ പോയതുപോലെ അലഞ്ഞില്ല്യോ? വെറുതെ നട്ടന്തിരിഞ്ഞിട്ടും ഒരു തീപ്പുമുണ്ടായില്ല. എന്തൊരു കട്ഠം? ചോതിഷം തെറ്റുമോ? പതിനേഴു വയതിലു് ഒരു കെരവപ്പുഴ ഒണ്ടെന്നു് അച്ഛൻ അല്ലയോ എഴുതിയതു്? ഏതെല്ലാം ആയാന്മാരെ കാണിച്ചു പിന്നെ? തല കീഴുമേലാ മറിഞ്ഞിട്ടും ഒരു ചുഴിപ്പു മാറ്റി ആരെങ്കിലും എഴുതിയോ? അച്ഛനെ പിള്ള കണ്ടിട്ടില്ലല്ലോ? അല്ലേ! കരയാനോ പാവിക്കണതു്? ചുമ്മാ അല്ലേ ചിണുങ്ങി അമ്മ എന്നു് എല്ലാവരും പറയണതു്. ഇതുമാത്രം എക്കു കണ്ടൂടാ. തങ്കം കരഞ്ഞിട്ടു കാര്യം വല്ലതുമുണ്ടോ? പെയ്യതു് പെയ്യു. ഏ...... അല്ലേ ഒരു പൊറുതി വേണ്ടയോ? എന്നും കൊച്ചോ? കൊള്ളാം!’
പാറുക്കുട്ടി
‘അമ്മ പറയുന്നതുപോലെ ഒക്കെ ആശാനും പറയുന്നതിനു തയ്യാറുണ്ടു്. രണ്ടുപേർക്കും ദയകൂടാതെ സംസാരിക്കുന്നതിൽ ഒരു മടിയും ഇല്ല. ആശാനേ, എന്നെങ്കിലും ഒരു തീർച്ചയായ അറിവു കിട്ടുന്നതുവരെ ഒരു വിധത്തിലും എന്റെ മനസ്സിനു സമാധാനം ഉണ്ടാകുന്നതല്ല. ദോഷമായ അറിവാണു കിട്ടുന്നതെങ്കിൽ ഈശ്വരകൽപിതമെന്നു വിചാരിച്ചുകൊള്ളാം.’
ആശാൻ
‘ഇനി എന്തൊരു തീർച്ചയാണു വരാനൊള്ളതു്? ചീവനോടിരിക്കണെങ്കിൽ ഇങ്ങു വന്നു കാണാതെ ഇരിക്കുമോ?’
പാറുക്കുട്ടി
‘അതില്ല. എങ്കിലും ദിവസേന എന്റെ മനസ്സിൽ മരിച്ചിട്ടില്ല എന്നൊരു വിശ്വാസം ക്രമേണ ഉറച്ചുവരുന്നു. അതു് അമ്മ പറയുംവണ്ണം അങ്ങനെ സംഭവിക്കണമെന്നുള്ള എന്റെ വിചാരംകൊണ്ടു് ഉണ്ടാകുന്നതായിരിക്കാം. എന്നാലും ചില സമയങ്ങളിൽ എന്റെ മനസ്സു് ചെമ്പകം അക്കന്റെ അഭിപ്രായത്തോടു യോജിച്ചുപോകുന്നു.’
ആശാൻ
‘ചെമ്പകം അക്കൻ! പ്രാന്തിയേ പ്രാന്തി, ശുത്ത പ്രാന്തി, പേറ്റം പിടിച്ച പയു! ആ ആട്ടക്കാറീടെ വാക്കിനെയാണോ ചെരിവച്ചുകൊണ്ടിരിക്കണതു്? അയ്യേ! ഇളിച്ചുപോയി. വേറേ പേരു കേക്കെട്ടു്.’
പാറുക്കുട്ടി
‘അത്ര വളരെ പുച്ഛിക്കണ്ട ആശാനെ. ചെമ്പകം അക്കനെ നല്ലവണ്ണം അറിയാതെ എല്ലാവരും വെറുതെ ദുഷിക്കയാണു്. ഏതെല്ലങ്കിലും ഒരു സംഗതി കേട്ടാൽ അതിന്റെ സൂഷ്മസ്ഥിതി എങ്ങനെ എന്നു് ആലോചിക്കുന്നതിനുള്ള ബുദ്ധിസാമർത്ഥ്യം ആ അക്കനു തുല്യം വേറേ ആർക്കുമില്ല. വേലുക്കുറുപ്പിന്റെ കഥ കളവാണെന്നും അതിന്റെ വാസ്തവം വെളിപ്പെടുത്തിത്തരാമെന്നും ആ അക്കൻ വാഗ്ദാനം ചെയ്തിട്ടുണ്ടു്. പക്ഷേ അഞ്ചാറുമാസമായി കാണാറില്ല.’
ആശാൻ
‘തുർപ്പുത്തി! തുർപ്പുത്തി! കലിയുഗം മുറ്റി അല്ലയോ വരണതു്! പെണ്ണുങ്ങളൊക്കെ കേറി നൂന്നുപോയി. പിള്ളരൊക്കെ അപ്പൂപ്പമ്മാരും അമ്മൂമ്മമാരും ചമയണൂന്നേ! അവളും പറഞ്ഞതിനെ വെള്ളത്തി എഴുതിക്കൊണ്ടാൽ മതി. അവള കാണാത്തതോ? അവളെ നായരു തൊലഞ്ഞു; ഇപ്പം ചിറിപപ്പനാവൻതമ്പി അങ്ങുന്നായി, ആ കാലമാടൻ കോടയിൽ കുളിക്കണ രാവണമ്മഠത്തിപ്പിള്ള ആയി, കണ്ട ആളുകളായി–കൊറച്ചിലു്! ആണുങ്ങളെ മെരട്ടാനുള്ള വിത്യ.’
പാറുക്കുട്ടി
‘അരുതാശാനെ, അതൊക്കെ വറുതെയാണു്. എല്ലാവരരോടും സംസാരിക്കയും തൻരെ അഭിപ്രായത്തെ മടികൂടാതെ പറകയും ചെയ്യുന്നതുകൊണ്ടാണു് ജനങ്ങൾ ദുഷ്‌പേരു് ഉണ്ടാക്കിത്തീർത്തതു്. ചെമ്പകം അക്കനു് എന്നെക്കുറിച്ചു് വലിയ കൂറാണു്. ആശാനെപ്പോലെ തന്നെ ആ അക്കനും എനിക്കുവേണ്ടി വളരെ മുഷിഞ്ഞിട്ടുണ്ടു്. ആശാൻ ഇങ്ങനെ ഒന്നും പറയരുതു്.’
ആശാൻ
‘ഉം? മൂക്കിനെ അറുത്തുകളയുമോ?’

ആശാനെ പറഞ്ഞുസമ്മതിപ്പിച്ചു് തന്റെ അഭിപ്രായത്തോടു ചേർക്കുക വിഷമമെന്നു വിചാരിച്ചു് പാറുക്കുട്ടി മിണ്ടാതെ ഇരിപ്പായി. ഉത്തരം പറയാതെ ഇരുന്നതു, തന്നെ അപമാനിച്ചതാണെന്നു നിശ്ചയിച്ചു് ആശാൻ ഒരാക്ഷേപസ്വരത്തിൽ ഇപ്രകാരം പറഞ്ഞു: ‘എന്റെ പിളള കലവിച്ചല്ലയോ പെയ്യി! ചെമ്പകം അക്കനെ തലയിലോ വച്ചിരിക്കണതു്! ഇതാരറിഞ്ഞു ഇച്ചനി? ചെമ്പകം അക്കനോ? ചീലാവതി–താവിത്രി–അരുന്തതി–ഇപ്പം കറന്ന പാലു്–പച്ചവെള്ളം ചവച്ചുകുടിക്കണ പൂച്ചക്കുട്ടി–മതിയോ?’

പാറുക്കുട്ടി
‘ആശാനു് തോന്നിയതൊക്കെ പറയണം. എന്തുകോപവുംകൊണ്ടാണു വന്നിരിക്കുന്നതു്? ഈ കോപത്തിനു് ഒരിക്കലും ഒരു കുറവില്ലെന്നോ? അരനാഴികനേരം സംസാരിച്ചുകൊണ്ടിരുന്നാൽ പത്തുപ്രാവശ്യം ദേഷ്യപ്പെടും.’
ആശാൻ
‘കിഴട്ടുകിളവനു് ഇവിടെ കാര്യമെന്തരു്? ചണ്ടപിടിക്കണതും തേക്ഷ്യപ്പെടണതും ആരെ അടുത്തു്? അടിക്കാനും പിടിക്കാനും അച്ചിയോ മക്കളോ ഇരിക്കണോ? നിങ്ങളെ ഒക്കെ തർമ്മങ്കൊണ്ടു് വെള്ളം മോന്തിക്കിടക്കണു.’ (തല സാധാരണയിലധികം വിറയ്ക്കുന്നു. ശ്വാസം മുട്ടി വാക്കുകൾ ശരിയായി പുറപ്പെടുന്നില്ല. വെളുത്ത ചക്രങ്ങൾ വീണിട്ടുള്ള കൃഷ്ണമണികൾ കണ്ണുനീർകൊണ്ടു മറഞ്ഞു് സ്ഫടികങ്ങൾപോലെ പ്രകാശിക്കുന്നു.) അ...... അറുപതും ചെന്നു പി–പി–പിറുപിറുത്ത കി–കിഴ–കിഴവനു ചാക്കാലയും പോക്കിടിയും ഇല്ലാഞ്ഞിട്ടല്ലയോ ഇതൊക്കെ കേപ്പാനും എട വന്നതു്!

പാറുക്കുട്ടി വൃദ്ധന്റെ ഈ വ്യസനം കണ്ട ഉടനെ എഴുന്നേറ്റു് അയാളുടെ കൈക്കുപിടിച്ചു് ഇപ്രകാരം പറഞ്ഞു: ‘ആശാനു് ഇത്ര വ്യസനം ഉണ്ടാകാൻ ഞാൻ എന്തു പറഞ്ഞു? എന്റെ വാക്കാണു് ഈ വ്യസനം ഉണ്ടാക്കിയതെങ്കിൽ–’

ആശാൻ
‘അയ്യോ–പിള്ളേടെ വാക്കു് എനിക്കു് വെഥനമുണ്ടാക്കുമോ?–ഞാൻ–ഞാൻ–എന്റെ പാടു പറയണു പിള്ളേ. പാതിരായ്ക്കുമേലായി. ഒറങ്ങാൻ പോവിൻ,’ എന്നിങ്ങനെ വ്യസനത്തോടും വാത്സല്യത്തോടും പറഞ്ഞിട്ടു് ആശാൻ വടക്കേകെട്ടിൽ എത്തിയപ്പോൽ സുന്ദരയ്യനെ യാത്രയാക്കീട്ടു്. കൃത്രിമമായുള്ള ഒരു സംഗതിയിൽ ബുദ്ധിയെ അധികമായി പ്രവർത്തിപ്പിച്ചു് നിവൃത്തിമാർഗ്ഗത്തെ നിർണ്ണയപ്പെടുത്തി സന്തുഷ്ടചിത്തനായിരിക്കുന്ന മന്ത്രിയുടെ പ്രൗഢഭാവത്തോടുകൂടി കാർത്ത്യായനിഅമ്മ ഒരു തൂണിനെ ആധാരമാക്കി വിശ്രമിച്ചുകൊണ്ടു നിൽക്കുന്നു. ആ സ്ത്രീയെ കണ്ടപ്പോൾ ആശാന്റെ കോപം വർദ്ധിച്ചു. കേവലം ഭ്രാന്തചിത്തനായിട്ടു് ഉച്ചത്തിൽ ഇങ്ങനെ പറഞ്ഞുതുടങ്ങി:

‘ഇതെന്തരു കൂത്തു പിള്ളേ? വല്ല പരക്കഴികളും വന്നു കേറിയാലക്കൊണ്ടു വീടാക്കുടിയാ പാർക്കണ പെണ്ണങ്ങളോ അവരെപ്പിടിച്ചിരുത്തി പൂയിക്കണതു്? എവിടത്തെ നടപ്പാണിതു്? പട്ടരു നമ്മുടെ മച്ചമ്പിക്കാറനോ? (തന്റെ അറപ്പുരയിലേക്കുള്ള പുറപ്പാടിൽ വടക്കേകെട്ടിൽവച്ചു സുന്ദരയ്യൻ തന്നെ ഒന്നു സൂക്ഷിച്ചു നോക്കി എന്നൊരപരാധത്തെ ആ ബ്രാഹ്മണൻ ചെയ്തിരുന്നതിനെയും ഓർത്തിട്ടു്) ‘അവനെ എന്നെ വച്ചു’ നോക്കണതു്! അവന്റെ കുണ്ടുകണ്ണു പൊട്ടും പൂമാലയുംകൊണ്ടു് ഇതിനകത്തു് ഇനി കേറട്ടു്. അവൻ ഇവിടത്തെ ആരു്?–ചിരിക്കണോ? കൊള്ളാം. കേൾക്കാൻ ആളുണ്ടോ എന്നറിയട്ടെ. ഉം!’

ഈ പ്രസംഗത്തിനു കാർത്ത്യായനിഅമ്മ ഉത്തരം ഉരിയാടാതെ ചിരിക്കമാത്രം ചെയ്തതിനെ കണ്ടിട്ടുണ്ടായ ക്രോധത്തെ സഹിക്കാൻ ശക്തനല്ലാതെയായി, വൃദ്ധൻ ചീറുകയും ഇടയ്ക്കിടെ ഓരോന്നു പറകയും വടികൊണ്ടു് ബലമായി നിലത്തു് ഊന്നുകയും ചെയ്തുകൊണ്ടു് തന്റെ ശയനസ്ഥലത്തേക്കു് പുറപ്പെട്ടു. കാർത്ത്യായനിഅമ്മ ഒരു വേലക്കാരനെ വിളിച്ചു് ‘ശങ്കു ആശാൻ അറപ്പുരയിൽ കേറരുതെന്നു ഞാൻ പറഞ്ഞു എന്നു പോയി പറയണം, കേട്ടോ’ എന്നു പറഞ്ഞു. കുറച്ചുകഴിഞ്ഞു് ‘ഫ’ എന്നൊരു ആട്ടും, ഒരു പ്രഹരവും വേദനയോടെ ഒരു നിലവിളിയും ആയുധപ്പുരയിൽ നടന്നു. കാരണം വ്യക്തമാണല്ലോ.