close
Sayahna Sayahna
Search

Difference between revisions of "പുതിയ ന്യായങ്ങള്‍"


 
Line 1: Line 1:
__NOMATHJAX__
 
 
[[Category:സഞ്ജയന്‍]]
 
[[Category:സഞ്ജയന്‍]]
 
[[Category:മലയാളം]]
 
[[Category:മലയാളം]]

Latest revision as of 17:27, 11 April 2014

പുതിയ ന്യായങ്ങള്‍
ഗ്രന്ഥകർത്താവ് സഞ്ജയന്‍ (എം ആര്‍ നായര്‍)
മൂലകൃതി സഞ്ജയന്‍
ഭാഷ മലയാളം
വിഭാഗം ഹാസ്യം
പ്രസിദ്ധീകരണ വര്‍ഷം 1935
മാദ്ധ്യമം പ്രിന്റ്
പിന്നോട്ട് പ്രസംഗത്തിന്റെ ബാക്കി

ഇടവപ്പാതിക്കുമുമ്പ് തലശ്ശേരിയില്‍വെച്ചു സമ്മേളിക്കുവാന്‍ പോകുന്ന ഒമ്പതാമത്തെ സമസ്തകേരളസാഹിത്യപരിഷത്തുവക പ്രദര്‍ശനസംഘാദ്ധ്യക്ഷന്‍ അവര്‍കളുടെ സംക്ഷ്മത്തിലേക്ക്.

പ്രഭോ!

അങ്ങ് ഏര്‍പ്പെടുത്തുവാന്‍ പോകുന്ന സാഹിത്യസംബന്ധമായ പ്രദര്‍ശനങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുവാനിടയുള്ള പന്തലിന്റെയോ ഹാളിന്റെയോ ഒരു ചെറിയ ഭാഗം അങ്ങയുടെ അക്രീതദാസനായ സഞ്ജയന്ന് ഒരു ലഘുവാടകയ്ക്ക് അനുവദിയ്ക്കുവാന്‍ സവിനയം അപേക്ഷിച്ചുകൊള്ളുന്നു.

സഞ്ജയന്നു കുറച്ചു ലൗകികന്യായങ്ങള്‍ വില്ക്കുവാനുണ്ട്. സൂചികടാഹന്യായം, ഉഷ്ട്രലഗുഡന്യായം, തിലതണ്ഡുലന്യായം മുതലായവ പഴക്കം കൊണ്ടു തുരുമ്പുപിടിച്ചു കിടക്കുന്നതിനാലും, അവയെല്ലാം സംസ്കൃതക്കാരുടെ പ്രത്യേകസ്വത്തായതുകൊണ്ട് വളര്‍ന്നുവരുന്ന നമ്മുടെ ഭാഷാഭിമാനത്തിനു ചേരാത്തവയാകയാലും, പുതിയതും ദേശകാലാവസ്ഥയ്ക്കു ചേര്‍ന്നതുമായ കുറെ ന്യായങ്ങളെ സഞ്ജയന്‍ വളരെ ബുദ്ധിമുട്ടി തേടിപ്പിടിച്ച് ഒരുക്കിവെച്ചിട്ടുണ്ട്. ഇവയെ പരിഷദവസരത്തില്‍ വന്നുചേരുന്ന മാന്യന്മാര്‍ക്കും മഹതികള്‍ക്കും ചുരുങ്ങിയ വിലയ്ക്കു വില്ക്കുവാന്‍ അങ്ങയുടെ അനുമതിയുണ്ടാകുമെന്നു വിശ്വസിക്കുന്നു. സഞ്ജയന്റെ കയ്യിലുള്ള പ്രധാന ന്യായങ്ങളുടെയും, ഉപയോഗക്രമത്തിന്റെയും വിലവിവരത്തിന്റെയും ഒരു ചുരുങ്ങിയ പട്ടിക താഴെ ചേര്‍ക്കുന്നു.—

ശാര്‍ദൂലലാംഗുലന്യായം

മലയാളത്തില്‍ ഇതിനു പുലിവാല്‍ന്യായമെന്നും പറയാം. വാലിന്റെ അങ്ങേ അറ്റത്ത് പുലിയുള്ളതിനാല്‍ പിടിച്ച ആളെ പിടിച്ചുകൊണ്ടിരിക്കുവാനും വിട്ടുപോകുവാനും സമ്മതിക്കാതെ ധര്‍മ്മസങ്കടത്തിലാക്കുന്ന ഘട്ടത്തില്‍ ഇത് ഉപയോഗിയ്ക്കാം. കോണ്‍ഗ്രസ്സുകാര്‍ മഹാത്മാഗാന്ധിയേയും, കോഴിക്കോട് മുനിസ്സിപ്പാലിറ്റി വിദ്യുച്ഛക്തിയേയും,കൌണ്‍സിലുകള്‍ കമ്മീഷണര്‍മാരേയും, ശ്രീ കേളപ്പന്‍ ക്ഷേത്രപ്രവേശനത്തേയും, കമ്മിറ്റിക്കാര്‍ പാഠപുസ്തകങ്ങളേയും സഞ്ജയന്‍ പത്രികയുടെ എട്ടാംപേയ്‌ജിനേയുംകൊണ്ട് ഉഴലുന്നത് ഈ ന്യായപ്രകാരമാണ്. ആര്‍ക്കും ഉപയോഗിയ്ക്കാം. പക്ഷേ പിന്നീട് ആവലാതി പറയരുത്. റാത്തല്‍ ഒന്നിന്, വിശപ്പധികമുള്ള പുലിയുടെ വാലാണെങ്കില്‍, 10–ക. അല്ലെങ്കില്‍, 5–ക.

ഗര്‍ദ്ദഭചരണന്യായം

കാര്യത്തിന്നു കഴുതക്കാലും പിടിക്കാമെന്ന ഉപനിഷദ്രഹസ്യത്തിന്മേല്‍ കെട്ടിയുണ്ടാക്കിയ ഒരു ന്യായമാണിത്. തിരഞ്ഞെടുപ്പവസരങ്ങളിലും മറ്റും ഇത്ര ഫലപ്രദമായ വേറൊരു ന്യായം ഉണ്ടായിട്ടില്ല. ആളുകളുടെ മുഷിച്ചല്‍ എളുപ്പത്തില്‍ നീക്കും. കാര്യസാദ്ധ്യത്തിന്നുശേഷം കഴുതയെ ചവിട്ടി പുറത്താക്കാം. പത്ഥ്യം:— കാലുപിടിക്കുമ്പോള്‍ കാലിന്റെ ഉടമസ്ഥന്‍ കഴുതയാണെന്ന വിവരം അദ്ദേഹത്തെ അറിയിക്കരുത്. അപായമുണ്ട്. “അവിടുന്ന് കാമധേനുവാണ്” എന്നു പറഞ്ഞു പിടിക്കണം. ഒരു ഡസന്‍ പിടുത്തതിന്ന് 100–ക. (അല്ലെങ്കില്‍ നാലു വോട്ട്.)

ശുനകപുച്ഛന്യായം

പട്ടിയുടെ വാല്‍ പന്തീരാണ്ട് ഓടക്കുഴലില്‍ കെട്ടിവെച്ചാലും പിന്നെയും വളഞ്ഞുതന്നെയിരിക്കുമെന്നുള്ള പ്രകൃതിതത്വമാണ് ഈ ന്യായത്തിന്റെ അടിസ്ഥാനം. നഗരശുചീകരണകാര്യത്തില്‍ യാതൊന്നും പ്രവര്‍ത്തിക്കാതെയും എന്തു പറഞ്ഞാലും കോട്ടമോ, വാട്ടമോ ഇല്ലാതെയും മുനിസിപ്പാല്‍ അധികൃതന്മാര്‍ ഇതൊന്നും തങ്ങളെപ്പറ്റിയല്ലെന്നുള്ള നാട്യത്തില്‍ നടക്കുന്നത് ഈ ന്യായത്തെ ആസ്‌പദിച്ചിട്ടാണ്. ഇച്ഛാപത്ഥ്യം മതി. എല്ലാ ദിക്കിലും ആവശ്യംപോലെ കിട്ടുന്നതുകൊണ്ട് വില വളരെ സഹായം. തുലാം ഒന്നിന്ന് 3–പൈ.

ക്ഷീരമാര്‍ജ്ജാരന്യായം

പാലു കടിക്കുമ്പോള്‍ പൂച്ച കണ്ണടച്ചുകളയും. താന്‍ ആരെയും കാണുന്നില്ലെങ്കില്‍ തന്നെയും ആരും കാണുന്നില്ലെന്ന ദൃഢവിശ്വാസംകൊണ്ടാണത്രെ പൂശകന്‍ ഇങ്ങനെ ചെയ്യുന്നത്. ഒന്നാന്തരം പ്രയോഗമാണ് ഭരണവിഷയത്തിലും മറ്റും ഇത് വളരെ ഫലപ്രദമായി കണ്ടിട്ടുണ്ടെന്ന് അനേകം ചേര്‍മാന്‍മാരുടെയും, അധികാരിമാരുടെയും, പ്രഭുക്കന്മാരുടെയും, വലിയ ഗവര്‍മ്മേണ്ടുദ്യോഗസ്ഥന്മാരുടെയും, സര്‍ട്ടിഫിക്കറ്റുകളുണ്ട്. പത്ഥ്യം— കാല്‍പ്പെരുമാറ്റം കേട്ടാല്‍ ഓടിക്കൊള്ളണം. ഔണ്‍സ് ഒന്നിന്ന് 5ക.

കാച്ചിക്കുറുക്കി പഞ്ചസാര ചേര്‍ത്ത പാലാണെങ്കില്‍ ഒരൌണ്‍സിന്നു 5–ക. 8–ണ.

താടിബീഡികാന്യായം

പണ്ട് ഒരു കിഴവന്റെ താടിക്കു തീപിടിച്ചപ്പോള്‍ അടുത്തു നിന്നിരുന്ന ഒരു ചെറുപ്പക്കാരന്‍: “ഹേയ്! തീക്കെടുക്കുവാന്‍ വരട്ടെ. എന്റെ ബീഡി ഒന്ന് കൊളുത്തേണ്ടിയിരുന്നു,” എന്ന് കിഴവനോട് പറഞ്ഞിരുന്നുവത്രേ. കിഴവന്‍ എന്തു ചെയ്തു എന്ന് കഥയില്‍ പറയുന്നില്ല. അവനവന്നു വല്ല അത്യാവശ്യവും നേരിടുമ്പോള്‍ ആളെ നോക്കി പ്രയോഗിപ്പാനുള്ള ഒരൊന്നാംതരം തന്ത്രമാണിത്. സൂക്ഷിച്ച് ഉപയോഗിക്കണം. ബലഹീനന്മാര്‍ക്ക് വിരോധിച്ചിരിക്കുന്നു. അടിയന്തിരാവശ്യങ്ങള്‍ക്കായി മറ്റു സ്ഥലങ്ങളിലേക്കു പോയ വോട്ടര്‍മാരെ ചില സ്ഥാനാര്‍ത്ഥികള്‍ ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുവന്നതും മറ്റും ഈ ന്യായപ്രകാരമാണ്. പത്തു പ്രാവശ്യം ഉപയോഗിപ്പാനുള്ള വഹയ്ക്ക് വില 10–ക.

30-9-’34