close
Sayahna Sayahna
Search

Difference between revisions of "കാലത്തിന്റെ അടയാത്ത വാതിലുകൾ"


(Created page with " അതൊരു നല്ല കാലമായിരുന്നു. തൊള്ളായിരത്തി അറുപതുകൾ. ആ ഇരുപത്തിനാല...")
 
 
Line 1: Line 1:
 
+
{{EHK/Vellithirayilennapole}}
 
+
{{EHK/VellithirayilennapoleBox}}
 
അതൊരു നല്ല കാലമായിരുന്നു. തൊള്ളായിരത്തി അറുപതുകൾ. ആ ഇരുപത്തിനാലു വയസ്സുകാരൻ കൽക്കത്തയിൽ ജോലിയെടുക്കുകയാണ്. മനസ്സിൽ നിറയെ സംഗീതവും ഹൃദയത്തിൽ സ്‌നേഹത്തിന്റെ നീരൊഴുക്കും അനുഭവപ്പെട്ടിരുന്ന കാലം. ഹൃദയത്തിൽ പെറ്റിയുല ക്ലാർക്കിന്റെയും നാൻസി സിനാത്രയുടെയും ഈണങ്ങൾ താരാട്ടു പാടി ഉറക്കിയിരുന്ന കാലം. പിറന്ന നാട്ടിൽനിന്ന് വളരെ ചെറുപ്പത്തിൽ വേരുപിടിയ്ക്കുന്നതിനു മുമ്പ് പിഴുതെടുത്ത് വലിച്ചെറിയപ്പെട്ട ഒരു ചെറുപ്പക്കാരന് ആശ്വാസം പകർന്ന ഈരടികൾ, പാട്ടുകാർ. ഫ്രാങ്ക് സിനാത്ര, എൽവിസ് പ്രെസ്‌ലി, സൈമൺ ഏന്റ് ഗാർഫങ്കൽ, കാർപന്റേഴ്‌സ്… കോളാമ്പിയിൽ നോക്കിയിരിയ്ക്കുന്ന നായയുടെ ചിത്രമുള്ള റെക്കോഡ് പ്ലെയർ അയാൾക്ക് വ്യക്തമായി ഓർമ്മയുണ്ട്. അതായിരുന്നു അയാളുടെ ഏറ്റവും വിലപിടിച്ച സമ്പാദ്യം. അതുപോലെ ഉച്ചഭക്ഷണം ഉപേക്ഷിച്ചുണ്ടാക്കിയ പണംകൊണ്ട് വാങ്ങിയ റെക്കോഡുകളും.
 
അതൊരു നല്ല കാലമായിരുന്നു. തൊള്ളായിരത്തി അറുപതുകൾ. ആ ഇരുപത്തിനാലു വയസ്സുകാരൻ കൽക്കത്തയിൽ ജോലിയെടുക്കുകയാണ്. മനസ്സിൽ നിറയെ സംഗീതവും ഹൃദയത്തിൽ സ്‌നേഹത്തിന്റെ നീരൊഴുക്കും അനുഭവപ്പെട്ടിരുന്ന കാലം. ഹൃദയത്തിൽ പെറ്റിയുല ക്ലാർക്കിന്റെയും നാൻസി സിനാത്രയുടെയും ഈണങ്ങൾ താരാട്ടു പാടി ഉറക്കിയിരുന്ന കാലം. പിറന്ന നാട്ടിൽനിന്ന് വളരെ ചെറുപ്പത്തിൽ വേരുപിടിയ്ക്കുന്നതിനു മുമ്പ് പിഴുതെടുത്ത് വലിച്ചെറിയപ്പെട്ട ഒരു ചെറുപ്പക്കാരന് ആശ്വാസം പകർന്ന ഈരടികൾ, പാട്ടുകാർ. ഫ്രാങ്ക് സിനാത്ര, എൽവിസ് പ്രെസ്‌ലി, സൈമൺ ഏന്റ് ഗാർഫങ്കൽ, കാർപന്റേഴ്‌സ്… കോളാമ്പിയിൽ നോക്കിയിരിയ്ക്കുന്ന നായയുടെ ചിത്രമുള്ള റെക്കോഡ് പ്ലെയർ അയാൾക്ക് വ്യക്തമായി ഓർമ്മയുണ്ട്. അതായിരുന്നു അയാളുടെ ഏറ്റവും വിലപിടിച്ച സമ്പാദ്യം. അതുപോലെ ഉച്ചഭക്ഷണം ഉപേക്ഷിച്ചുണ്ടാക്കിയ പണംകൊണ്ട് വാങ്ങിയ റെക്കോഡുകളും.
  
Line 130: Line 130:
  
 
അവൻ സംസാരിച്ചുകൊണ്ടിരിയ്ക്കയാണ്. അതങ്ങിനെ നീണ്ടുപോകും, ചിലപ്പോൾ അര മണിക്കൂർ, ചിലപ്പോൾ ഒരു മണിക്കൂർ. സ്വീകരണമുറിയിലെ എക്സ്റ്റൻഷനിൽ ശ്രദ്ധിച്ചുകൊണ്ടിരുന്ന നന്ദിനി ഏപ്പോഴോ സംസാരം ഏറ്റെടുത്തിരിയ്ക്കുന്നു. അയാൾ കാലത്തിന്റെ അദ്ഭുതസിദ്ധികളെപ്പറ്റി ആലോചിയ്ക്കയായിരുന്നു.
 
അവൻ സംസാരിച്ചുകൊണ്ടിരിയ്ക്കയാണ്. അതങ്ങിനെ നീണ്ടുപോകും, ചിലപ്പോൾ അര മണിക്കൂർ, ചിലപ്പോൾ ഒരു മണിക്കൂർ. സ്വീകരണമുറിയിലെ എക്സ്റ്റൻഷനിൽ ശ്രദ്ധിച്ചുകൊണ്ടിരുന്ന നന്ദിനി ഏപ്പോഴോ സംസാരം ഏറ്റെടുത്തിരിയ്ക്കുന്നു. അയാൾ കാലത്തിന്റെ അദ്ഭുതസിദ്ധികളെപ്പറ്റി ആലോചിയ്ക്കയായിരുന്നു.
 
+
{{EHK/Vellithirayilennapole}}
 
{{EHK/Works}}
 
{{EHK/Works}}

Latest revision as of 15:22, 31 May 2014

കാലത്തിന്റെ അടയാത്ത വാതിലുകൾ
EHK Story 15.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി വെള്ളിത്തിരയിലെന്നപോലെ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 81

അതൊരു നല്ല കാലമായിരുന്നു. തൊള്ളായിരത്തി അറുപതുകൾ. ആ ഇരുപത്തിനാലു വയസ്സുകാരൻ കൽക്കത്തയിൽ ജോലിയെടുക്കുകയാണ്. മനസ്സിൽ നിറയെ സംഗീതവും ഹൃദയത്തിൽ സ്‌നേഹത്തിന്റെ നീരൊഴുക്കും അനുഭവപ്പെട്ടിരുന്ന കാലം. ഹൃദയത്തിൽ പെറ്റിയുല ക്ലാർക്കിന്റെയും നാൻസി സിനാത്രയുടെയും ഈണങ്ങൾ താരാട്ടു പാടി ഉറക്കിയിരുന്ന കാലം. പിറന്ന നാട്ടിൽനിന്ന് വളരെ ചെറുപ്പത്തിൽ വേരുപിടിയ്ക്കുന്നതിനു മുമ്പ് പിഴുതെടുത്ത് വലിച്ചെറിയപ്പെട്ട ഒരു ചെറുപ്പക്കാരന് ആശ്വാസം പകർന്ന ഈരടികൾ, പാട്ടുകാർ. ഫ്രാങ്ക് സിനാത്ര, എൽവിസ് പ്രെസ്‌ലി, സൈമൺ ഏന്റ് ഗാർഫങ്കൽ, കാർപന്റേഴ്‌സ്… കോളാമ്പിയിൽ നോക്കിയിരിയ്ക്കുന്ന നായയുടെ ചിത്രമുള്ള റെക്കോഡ് പ്ലെയർ അയാൾക്ക് വ്യക്തമായി ഓർമ്മയുണ്ട്. അതായിരുന്നു അയാളുടെ ഏറ്റവും വിലപിടിച്ച സമ്പാദ്യം. അതുപോലെ ഉച്ചഭക്ഷണം ഉപേക്ഷിച്ചുണ്ടാക്കിയ പണംകൊണ്ട് വാങ്ങിയ റെക്കോഡുകളും.

ഇന്നെന്താണ് എനിയ്ക്കു പറ്റിയത്?

ഇത് 2008 ആണ്. ശരിയ്ക്കു പറഞ്ഞാൽ ഏപ്രിൽ മാസം 30–ാം തിയ്യതി. ഐ.സി.യു.വിലെ ഒരാഴ്ചത്തെ ഏകാന്തവാസം കഴിഞ്ഞ് അയാൾ ആശുപത്രി മുറിയിലെത്തിയതാണ്. രക്തധമനികളിലെ തടസ്സം നീങ്ങാനായി കുത്തിവച്ചിരുന്ന ആന്റിത്രോമ്പോസിസിന്റെ ഫലമാണെന്നു തോന്നുന്നു അയാളുടെ തലച്ചോറിൽ അടഞ്ഞുകിടന്ന പല വാതിലുകളും തുറക്കപ്പെട്ടു. കഴിഞ്ഞുപോന്ന ജീവിതം ഒരു സ്ലോമോഷൻ സിനിമ പോലെ മുമ്പിൽ കാണുകയാണ്. പലപ്പോഴും സന്തോഷിപ്പിയ്ക്കുന്ന, പലപ്പോഴും വേദനിപ്പിയ്ക്കുന്ന രംഗങ്ങൾ നിറഞ്ഞ സിനിമ.

‘എന്റെ ജീവിതത്തിൽ സന്തോഷിപ്പിയ്ക്കുന്ന സമയം വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളു.’ അയാൾ സ്വയം പറഞ്ഞു. ‘ആ സന്തോഷം തന്നെ വേദനയുടെ മുന്നോടിയായിരുന്നു.’

‘വേദനിയ്ക്ക്ണ്‌ണ്ടോ?’ കയ്യിന്മേലുള്ള ഐവി കാന്യുലയിൽ നിന്ന് സിറിഞ്ച് വലിച്ചെടുക്കുമ്പോൾ നഴ്‌സ് ചോദിച്ചു.

‘ഇല്ലല്ലോ?’ അയാൾ അദ്ഭുതത്തോടെ അവളെ നോക്കി. അയാൾ വേദനയെപ്പറ്റി ഒരിയ്ക്കലും പരാതിപ്പെട്ടിരുന്നില്ല.

‘അല്ലാ… വേദനേപ്പറ്റി എന്തോ പറഞ്ഞു.’

‘ഓ, അതു സാരല്ല്യ മോളെ. ഞാൻ ഇഞ്ചക്ഷനെപ്പറ്റിയല്ല പറഞ്ഞത്.’

‘ചേച്ചി എപ്പഴാ വര്വാ?’

‘അവളോ, അവള് പോയി കുളിച്ച് ചോറും കൂട്ടാനും വെച്ച് അതുമായിട്ട് ഒരു പന്ത്രണ്ട് മണിയോടെ വരും.’

‘പാവം ചേച്ചി. ഒറ്റയ്ക്കാണല്ലെ? വീട്ടില് വേറെ ആരുംല്ല്യേ?’

‘ഇല്ല, മകനും ഭാര്യയും സ്‌റ്റേറ്റ്‌സിലാണ്.’

‘ശരി, ഒറങ്ങിക്കോളു. എന്തെങ്കിലും ആവശ്യണ്ടെങ്കില് തലയ്ക്ക ൽ ഭാഗത്ത്ള്ള ബെല്ലടിച്ചാൽ മതി.’

‘നന്ദി, നിങ്ങൾ ദയാലുക്കളാണ്.’ അയാൾ കണ്ണടച്ചുകൊണ്ട് പറഞ്ഞു.

അയാൾ കളിപ്പിയ്ക്കുകയാണോ എന്നറിയാതെ ഒരു നിമിഷം അവിടെത്തന്നെ നിന്ന ശേഷം നഴ്‌സ് ഇഞ്ചക്ഷൻ ട്രേയുമായി നടന്നുപോയി.

എനിയ്ക്ക് എന്തോ സംഭവിയ്ക്കുന്നുണ്ട്. കണ്ണടച്ചുകൊണ്ട് കിടക്കെ അയാൾ ഓർത്തു. ഒരു ചിത്രം സ്‌കാൻ ചെയ്യുന്നപോലെ, തന്റെ തലച്ചോറ് ജീവിതത്തിന്റെ ഒരറ്റം മുതൽ സാവധാനത്തിൽ നീങ്ങുകയാണ്. ഇരുപതാം വയസ്സു തൊട്ട് ഇരുപത്തഞ്ചാം വയസ്സുവരെ വന്ന് അത് വീണ്ടും ഇരുപതാം വയസ്സിലേയ്ക്ക് തിരിച്ചു പോവുകയാണ്, അതേ ചിത്രങ്ങൾതന്നെ വീണ്ടും വീണ്ടും സ്‌കാൻ ചെയ്യുവാൻ. കാണുന്നത് ജീവിതവസന്തത്തിലെ നിറങ്ങൾ, കേട്ടു മറന്ന ഈണങ്ങൾ, മറന്നുവെന്ന് കരുതിയിരുന്ന മുഖങ്ങൾ. അതെല്ലാം കഴിഞ്ഞുപോയ, ഇനി തിരിച്ചുവരാത്ത കാര്യങ്ങളാണെന്ന് ഓർമ്മ വരികയാണ്. ഇനി തനിയ്ക്ക് ഒരു യൗവ്വനം വരാനില്ല, ആ മുഖങ്ങൾ, ഹൃദയത്തിൽ ആഴമുള്ള മുറിവും തന്ന് ഇനി കാണാൻ പറ്റാത്ത വിധം നഷ്ടപ്പെട്ടിരിയ്ക്കയാണ്. കേട്ടു മറന്ന ആ ഈണങ്ങൾ?

നിരാശയ്ക്കിടയിലും എല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്ന ബോധം വളർന്നു വരികയാണ്. അതിനു കാരണമെന്താണെന്നൊന്നും അയാൾക്കു പറയാൻ കഴിഞ്ഞില്ല. എവിടെയോ ഒക്കെ നന്മ കതിരിടുന്നുണ്ട് എന്ന തോന്നൽ.

‘ഒറങ്ങ്വാണോ?’

അയാൾ മയക്കത്തിൽനിന്നുണർന്നു. നന്ദിനി കട്ടിലിന്നടുത്തിട്ട കസേലയിൽ ഇരിയ്ക്കുകയാണ്.

‘ഒരു മണിക്കൂറായി ഒറങ്ങുണു.’ നന്ദിനി പറഞ്ഞു.

‘സമയം എത്ര്യായി?’

‘പന്ത്രണ്ടര. ഇന്നലെ നിങ്ങക്ക് നേർത്തെ വെശന്നൂന്ന് പറഞ്ഞില്ലെ. അപ്പൊ ഞാൻ നേരത്തെ ചോറ് കൊണ്ടന്നു. വെളമ്പട്ടെ?’

അയാൾ ഭാര്യയെ നോക്കി. ഇത് എത്രാമത്തെ ദിവസമാണ് അവൾ കഷ്ടപ്പെടുന്നത്. സ്വതവേ ക്ഷീണിച്ച പ്രകൃതമാണ്. ഇപ്പോൾ കൂടുതൽ ക്ഷീണിച്ചിരിയ്ക്കുന്നു.

‘ഇനി എനിയ്ക്ക് ഇവിടത്തെ കാന്റീൻ ഭക്ഷണം മതി. എന്തിനാ ഇങ്ങനെ കഷ്ടപ്പെടണത്?’

‘വേണ്ട, ഇനി കൊറച്ച് ദിവസൂംകൂട്യല്ലെ വേണ്ടു. വയറ് കേടു വര്ത്തണ്ട. നിങ്ങടെ ബി.പി. നോർമലായാൽ ഡിസ്ചാർജ്ജ് ചെയ്യാംന്നാ ഡോക്ടറ് പറഞ്ഞത്.’

‘കല്യാണി വരാൻ തൊടങ്ങ്യോ?’ അയാൾ ചോദിച്ചു.

‘ഇല്യാ. അവള്‌ടെ കുട്ടിടെ അസുഖം മാറീട്ടില്യ.’

‘ആ ജോലീം കൂടി നീ ചെയ്യേണ്ടി വരുണു അല്ലെ?’

‘അതൊന്നും സാരല്യ. ഞാനിന്ന് പോയ ഒടനെ വീട് മുഴുവൻ അടിച്ചുവാരി തൊടച്ചു. വല്ലാതെ വൃത്തികേടായിരുന്നു. നിങ്ങള് അതിനെപ്പറ്റിയൊന്നും ആലോചിക്കണ്ട. നന്നായി വിശ്രമിയ്ക്കു. ചോറ് വെളമ്പട്ടെ. പതുക്കെ എണീറ്റാ മതീട്ടോ.’

ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും അവൾക്ക് യാതൊരു പരാതിയുമില്ല.

രണ്ടാം ഭാര്യയെന്ന് നന്ദിനി വിശേഷിപ്പിയ്ക്കാറുള്ള കമ്പ്യൂട്ടറിനും യാതൊരു പരാതിയുമില്ല. ഡിസ്ചാർജ്ജു ചെയ്ത് വീട്ടിലെത്തിയ ഉടനെ ആദ്യം ചെയ്തത് അതിനു മുമ്പിലിരിയ്ക്കലായിരുന്നു. ഓണാക്കിയപ്പോൾ അല്പം നാണത്തോടെയാണെങ്കിലും അവൾ കണ്ണു മിഴിച്ചു ചിരിയ്ക്കാൻ തുടങ്ങി. അയാളുടെ മനസ്സിൽ അപ്പോഴും സജീവമായിരുന്ന അറുപതുകളുടെ ഈണങ്ങൾക്കു വേണ്ടി അയാൾ പരതുകയായിരുന്നു.

‘ഓ, അവള്‌ടെ അടുത്തെത്ത്യോ ഇത്ര വേഗം’ നന്ദിനി ചോദിയ്ക്കുന്നു. അയാൾ പക്ഷെ അതൊന്നും കേൾക്കാതെ ഇന്റർനെറ്റിലൂടെ അതിവേഗം പിന്നോട്ടു സഞ്ചരിയ്ക്കുകയാണ്. ഇപ്പോൾ കമ്പ്യൂട്ടറിനു മുമ്പിലിരിയ്ക്കുന്നത് ഒരു ഇരുപത്തഞ്ചുകാരനാണ്. അയാൾക്കു മുമ്പിൽ ഇന്റർനെറ്റിന്റെ കോട്ട വാതിൽ തുറന്ന് വരുന്നത് അറുപതുകളിലെ പോപ്പ് സംഗീതം, പാട്ടുകൾ, പാട്ടുകാർ. ഇതിത്ര എളുപ്പമായിരുന്നോ? താനിതുവരെ ശ്രമിച്ചിട്ടില്ലെന്നു പറഞ്ഞാൽ മതി. ആ പാട്ടുകളെല്ലാം നെറ്റിൽ തനിയ്ക്കായി കാത്തുനിൽക്കുകയായിരുന്നു. നഷ്ടപ്പെട്ടുവെന്നു കരുതിയ ഒരു കാലം, അതിന്റെ വർണ്ണപ്പൊലിമകൾ, എല്ലാംതന്നെ ഒരു കൊച്ചു ചെപ്പിൽ അടച്ചു മുദ്രവെച്ചിരിയ്ക്കയായിരുന്നു, ഭാവിയിൽ എന്നെങ്കിലുമൊരു ദിവസം തുറക്കപ്പെടാൻ, വീണ്ടും ആസ്വദിക്കപ്പെടാൻ.

സേർച്ചെഞ്ചിനിലെ കള്ളിയിൽനിന്ന് രക്ഷപ്പെട്ട് മോണിറ്ററിലെ കറുത്ത കള്ളി സജീവമാക്കിക്കൊണ്ട് വീഡിയോവിൽ എത്താൻ പെറ്റിയുല ക്ലാർക്കിന് അധികം സമയം വേണ്ടിവന്നില്ല. പരിചയമുള്ള ആ പാട്ട്, തന്നെ തേടി വരുന്നതയാൾ കണ്ണടച്ചുകൊണ്ട് ശ്രവിച്ചു. ‘… ഞാൻ നിന്നെ സ്‌നേഹിച്ചു, ഇപ്പോൾ നഷ്ടപ്പെട്ടു. നീ വിഷമിയ്ക്കരുത്, നീയതിൽ കുറ്റക്കാരനല്ല. വിട പറയും നേരം എനിയ്‌ക്കൊരു ചുംബനം തരു, ഞാൻ കരയാതിരിയ്ക്കാൻ ശ്രമിയ്ക്കാം… മറ്റൊരു പെൺകുട്ടിയാണ് നിന്റെ ഇന്ന്, ഞാൻ ഇന്നലെയിലേയ്ക്കു തള്ളപ്പെട്ടിരിയ്ക്കുന്നു. ഒരു നിമിഷം നിൽക്കു. ഞാനൊരു വെറും സ്‌നേഹിതയെപ്പോലെ പിരിയാം, ഒരു മന്ദഹാസത്തോടെ. അതുവരെ, അവസാനമായി, നീ എന്റേതാണെന്ന് ഭാവിയ്ക്കു. എനിയ്‌ക്കൊരു…’

ഈ പാട്ട് അയാളുടെ നഷ്ടത്തിന്റെ കഥയാണ്. നാലു കൊല്ലത്തെ പ്രണയത്തിന്റെ അന്ത്യത്തിൽ, കൽക്കത്തയിൽ നിന്ന് എന്നെന്നേയ്ക്കുമായി വിട പറയുമ്പോൾ ജീന സമ്മാനിച്ചതാണ് ആ സിംഗ്ൾസ്. ഒരു ജീവിതകാലം മുഴുവൻ വേദന തരാനായിട്ടാണോ പെറ്റിയുല ക്ലാർക്കിന്റെ ‘കിസ്സ് മി ഗുഡ്‌ബൈ’ തന്നെ സമ്മാനിച്ചത്? മുമ്പിൽ കാണുന്ന വീഡിയോവിൽ ജീനയുടെ ഛായയുള്ള പെറ്റിയുലയുടെ വിവിധ ഡിസ്‌കുകളിൽനിന്ന് എടുത്ത ചിത്രങ്ങൾ.

‘ഈ പാട്ട് എവിടന്നാ കിട്ട്യേ?’

അയാൾ ഒന്നും പറഞ്ഞില്ല.

‘ഇതൊക്കെ ഇന്റർനെറ്റില് കിട്ട്വോ?’

‘ഉം.’

നന്ദിനിയ്ക്ക് ഉത്സാഹമായി. കല്യാണം കഴിഞ്ഞ് ആ ഇരുപത്തെട്ടുകാരന്റെ ഒപ്പം ദില്ലിയിൽ പോയപ്പോൾ ആ കൊച്ചുവീട്ടിൽ സംഗീതമുണ്ടായിരുന്നു. പിന്നെ എപ്പോഴോ അതെല്ലാം നഷ്ടമായി. എങ്ങിനെ നഷ്ടമായെന്ന് അവൾക്കും അറിയില്ല. പ്രതീക്ഷിയ്ക്കാതെ ദില്ലി വിട്ടു നാട്ടിലെത്തി. അതിനിട്‌യ്ക്കാണോ അതെല്ലാം നഷ്ടമായത്? അല്ല, നാട്ടിൽ, മോൻ കുട്ടിയായിരുന്നപ്പോഴും അതെല്ലാമുണ്ടായിരുന്നു. ഈ പാട്ടുകളൊക്കെ അവൻ കേട്ട് ആസ്വദിച്ചിരുന്നവയാണ്.

‘നമ്മടെ അട്ത്ത് അന്ന്ണ്ടായിര്ന്ന പാട്ടുകളൊക്കെ കിട്ട്വോന്ന് നോക്കു.’

‘നോക്കാം.’

എല്ലാം നെറ്റിലുണ്ടായിരുന്നു. അയാൾ ഉത്സാഹത്തോടെ ഓരോന്നോരോന്നായി ഡൗൺലോഡ് ചെയ്യുകയാണ്.

‘മതി, അധികം നേരം കമ്പ്യൂട്ടറിന്റെ മുമ്പിലിരിയ്ക്കണ്ട. പോയി കിടക്കു. ഇപ്പോൾ ഡിസ്ചാർജ്ജ് ചെയ്ത് വന്നിട്ടേ ഉള്ളൂ. ഞാൻ കുറച്ച് ഹോർലിക്‌സ് കൂട്ടിത്തരട്ടെ?’

ഒറ്റയ്ക്കായപ്പോൾ ഓർമ്മകൾ അയാളെ അന്വേഷിച്ചെത്തി. തള്ളിവരുന്ന ഓർമ്മകളല്ല, ഞങ്ങൾ ഇവിട്യൊക്കെ ഉണ്ടേ എന്നു പറഞ്ഞ് ഒതുങ്ങിനിൽക്കുന്ന ഓർമ്മകൾ. അവ വീട്ടിനു മുമ്പിലെ ടെലഫോൺ കമ്പിമേൽ വരിവരിയായി നിൽക്കുന്ന കിളികളെപ്പോലെയാണ്. അയാൾക്കിപ്പോൾ അവയെ ഓരോന്നായി ശ്രദ്ധിയ്ക്കാം. ഇരുപതാം വയസ്സിൽ ഡൽഹൗസി സ്‌ക്വയറിലെ വലിയ ഓഫീസിൽ ഒഴിഞ്ഞ മേശയ്ക്കു മുമ്പിൽ ബോസിന്റെ വിളിയും കാത്ത് ഇരുന്ന ചെറുപ്പക്കാരനോട് അയാളുടെ ഇടതുവശത്തിരിയ്ക്കുന്ന ആംഗ്ലോ ഇന്ത്യൻ പെൺകുട്ടി ചോദിയ്ക്കുന്നു.

‘എന്താ പയ്യൻ, ആകെ ടെൻഷനടിച്ചിരിയ്ക്കണത്?’

ഓർമ്മകൾ അവിടെനിന്ന് തുടങ്ങുന്നു, നാലഞ്ചു വർഷങ്ങൾ മുന്നോട്ടു കുതിയ്ക്കുന്നു, വീണ്ടും അതെ ബിന്ദുവിൽ എത്തിച്ചേരാൻ. പ്രണയം ഇത്ര എളുപ്പമായിരുന്നുവെന്നവൻ കരുതിയില്ല, അതുപോലെത്തന്നെ വേദനിപ്പിയ്ക്കുന്നതാണെന്നും. ‘കിസ്സ് മി ഗുഡ്‌ബൈ’. ജീന തന്ന ആ റെക്കോഡിപ്പോൾ എവിടെയാണ്? പെറ്റിയുലയുടെതന്നെ ‘ദിസീസ് മൈ സോങ്’, ‘സാൻ ഫ്രാൻസിസ്‌കോ’. ആ ഡിസ്‌കുകളും മറ്റനേകം പാട്ടുകളുടെ ഒപ്പം എവിടേയോ നഷ്ടപ്പെട്ടു. പിന്നെ റഫിയും, ലതയും, ആശയും കിശോറും, ഒപ്പംതന്നെ തന്റെ ഇഷ്ടഗായകരായിരുന്ന അനേകം പടിഞ്ഞാറൻ പോപ് സംഗീതജ്ഞരും മറവിയിൽ മാഞ്ഞു. ഒരിയ്ക്കൽ കോളജിൽ നിന്ന് ഓണക്കാല അവധിയ്ക്കു വന്നപ്പോൾ മകനാ റെക്കോഡുകൾ പരതി വീട്ടിനുള്ളിൽ നടന്നിരുന്നു. അതിനിടയ്ക്ക് പെട്ടെന്നൊരു ദിവസമെന്നപോലെ റെക്കോഡ് പ്ലെയറുകൾ സി.ഡി. പ്ലെയറുകൾക്കു വഴി മാറിക്കൊടുത്തു.

‘ഇതാ ഈ ഹോർലിക്‌സ് കുടിച്ചു കിടന്നോളു. ഇന്ന് വൈകുന്നേരം മോൻ വിളിയ്ക്കും. ആറു മണിയ്ക്ക് വിളിയ്ക്കാംന്നാണ് പറഞ്ഞിട്ട്ള്ളത്. അപ്പഴേയ്ക്ക് ക്ഷീണൊക്കെ മാറട്ടെ.’

അയാൾ സ്വപ്നങ്ങൾക്കും യാഥാർത്ഥ്യങ്ങൾക്കുമിടയിലെ ഹൈവേയിൽക്കൂടി നടക്കുകയാണ്. പക്ഷെ ഏതു ഭാഗത്താണ് സ്വപ്നമെന്നോ എതു ഭാഗത്താണ് യാഥാർത്ഥ്യമെന്നോ പറയാൻ കഴിയുന്നില്ല. ഹൃദയം മിഡിയും ടോപ്പുമിട്ട ഒരു ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയോടുള്ള സ്‌നേഹം കൊണ്ട് നിറഞ്ഞു. അവൾ പറഞ്ഞു. ‘നിനക്ക് പോകണമെന്ന് നിർബ്ബന്ധമാണോ? നമുക്കിങ്ങനെ കഴിഞ്ഞുകൂടെ? എനിയ്ക്ക് നിന്റെ സ്‌നേഹം മാത്രം മതി.’

ആ സ്‌നേഹമാണ് താൻ തട്ടിക്കളഞ്ഞത്? എന്തിനായി? അതുകൊണ്ട് താൻ വല്ലതും നേടിയോ? ‘നമുക്കിങ്ങനെ കഴിഞ്ഞുകൂടെ’ എന്നത് കടലിനു നടുവിലെ ചെറിയൊരു ദ്വീപിനേക്കാൾ ദുർബലമായ ഒരു സങ്കല്പം മാത്രമായി അവനന്നു തോന്നിയിരുന്നു. ഒരു വലിയ തിര വന്നാൽ മുടിപ്പോകാനുള്ള ഉയരമേ അതിനുള്ളു. എങ്കിൽ എന്തുകൊണ്ടാണവളെ കല്യാണം കഴിക്കാതിരുന്നത്? അതിനയാൾക്ക് ഇന്നും ഉത്തരമില്ല.

‘നോക്കു എണീയ്ക്കു. ചായണ്ടാക്കീട്ടിണ്ട്?’ നന്ദിനി മൃദുവായി ചുമലിൽ തട്ടിക്കൊണ്ട് പറഞ്ഞു.

‘ചായയോ? സമയം എത്ര്യായി?’

‘അഞ്ചര. നല്ലോം ഒറങ്ങീരിയ്ക്കുണു. ക്ഷീണംണ്ട്ന്നർത്ഥം. ആറു മണിയ്ക്ക് മോൻ വിളിയ്ക്കും. അപ്പഴേയ്ക്ക് ചായ കുടിച്ച് ഉഷാറായി ഇരുന്നോളു. ശബ്ദത്തില് അല്പം ക്ഷീണംണ്ടെങ്കില് അവൻ കണ്ടുപിടിയ്ക്കും.’

‘നീ വല്ലാതെ കഷ്ടപ്പെട്ടു അല്ലെ?’ നന്ദിനിയുടെ കൈ പിടിച്ചു തലോടിക്കൊണ്ട് അയാൾ ചോദിച്ചു.

‘എന്തു കഷ്ടപ്പാട്? ഇതൊക്കെ ഒരു കഷ്ടപ്പാടാണോ? നിങ്ങടെ ആരോഗ്യം വേഗം തിരിച്ചു കിട്ട്യാ മതി.’ അവൾ അയാളുടെ നെറ്റി തലോടിക്കൊണ്ട് പറഞ്ഞു.

ആറു മണിയ്ക്കുതന്നെ മകൻ വിളിച്ചു.

‘എങ്ങിനെണ്ട് അച്ഛാ?’

‘ഏയ്, കൊഴപ്പൊന്നുംല്യ. അമ്മടെ പേടിയാണ്. അല്ലെങ്കിൽ ആശുപത്രിയിൽ പോണ്ട ആവശ്യൊന്നും ണ്ടായിര്ന്നില്യ.’ ശബ്ദം കഴിയുന്നത്ര നന്നാക്കിക്കൊണ്ട് അയാൾ സംസാരിച്ചു.

‘എനിയ്ക്കറിയാം അച്ഛാ. അമ്മ എല്ലാം പറഞ്ഞിട്ട്ണ്ട്. അവര് തമാശയ്ക്കുവേണ്ടി ഐ.സി.യുവില് ഒരാഴ്ച കെടത്തീതാ അല്ലെ? പിന്നേയ്, ഞാൻ കുട്ട്യായിരിയ്ക്കുമ്പോ അച്ഛൻ കണ്ണടച്ചിട്ട് എന്നെ പേടിപ്പിച്ചിരുന്നതോർമ്മണ്ടോ?’

അയാൾക്കതോർമ്മയുണ്ട്. അവൻ വന്ന് അവന്റെ കുഞ്ഞിക്കൈകൊണ്ട് കണ്ണിന്റെ പോളകൾ തുറന്നു നോക്കും.

‘ഇപ്പഴും ഒന്ന് പേടിപ്പിയ്ക്കാൻ നോക്കീതാ അല്ലെ? ഇപ്പൊ ഞാൻ വല്യേ കുട്ടിയായില്ലേ അച്ഛാ? ഇനി എന്നെ പേടിപ്പിയ്ക്കാനൊന്നും നോക്കണ്ട. അതോണ്ട് നല്ലോണം വിശ്രമിയ്ക്ക്യാ. നാട്ടുകാര്‌ടെ കാര്യങ്ങളൊക്കെ നോക്കി ടെൻഷനടിയ്ക്കാതിരിക്ക്യാ. അച്ഛൻ എടപെട്ടില്ലെങ്കിലും കാര്യങ്ങളൊക്കെ നടക്കും. ബി കൂൾ…’

ഉള്ളിൽ വന്ന തേങ്ങൽ കാരണം ഒന്നും പറയാൻ വയ്യാതെ അയാൾ നിന്നു.

‘പിന്നെ, ഞാൻ കൊറച്ച് മ്യൂസിക് വീഡിയോകള് അയച്ചിട്ട്ണ്ട്. അച്ഛന്റെ ഫേവറിറ്റ് പാട്ടൊക്കെണ്ട്. ഏതാന്നറിയോ?’

ഏതു പാട്ടാണവൻ ഉദ്ദേശിയ്ക്കുന്നത് എന്നറിയാതെ അയാൾ വിഷമിച്ചു. അവൻ തുടർന്നു.

പെറ്റിയുല ക്ലാർക്കിന്റെ ‘കിസ് മി ഗുഡ്‌ബൈ’. അതുപോലെ എൽവിസിന്റെ ‘ഇൻ ദ ഘെട്ടോ’, സി.സി.ആറിന്റെ ‘ഹൂ വിൽ സ്റ്റോപ്പ് ദ റെയിൻ’, …’

അവൻ സംസാരിച്ചുകൊണ്ടിരിയ്ക്കയാണ്. അതങ്ങിനെ നീണ്ടുപോകും, ചിലപ്പോൾ അര മണിക്കൂർ, ചിലപ്പോൾ ഒരു മണിക്കൂർ. സ്വീകരണമുറിയിലെ എക്സ്റ്റൻഷനിൽ ശ്രദ്ധിച്ചുകൊണ്ടിരുന്ന നന്ദിനി ഏപ്പോഴോ സംസാരം ഏറ്റെടുത്തിരിയ്ക്കുന്നു. അയാൾ കാലത്തിന്റെ അദ്ഭുതസിദ്ധികളെപ്പറ്റി ആലോചിയ്ക്കയായിരുന്നു.