Difference between revisions of "ഒരു നാലു വയസ്സുകാരന്റെ പ്രശ്‌നങ്ങൾ"
(Created page with " മൂന്നു വയസ്സു കഴിഞ്ഞപ്പോഴെ അപ്പുവിന് ഒരു കാര്യം വ്യക്തമായിരുന...") |
|||
Line 1: | Line 1: | ||
− | + | {{EHK/Vellithirayilennapole}} | |
− | + | {{EHK/VellithirayilennapoleBox}} | |
മൂന്നു വയസ്സു കഴിഞ്ഞപ്പോഴെ അപ്പുവിന് ഒരു കാര്യം വ്യക്തമായിരുന്നു. ലോകം താൻ വിചാരിക്കുന്ന മട്ടിൽ അത്ര എളുപ്പം ജീവിച്ചു പോകാൻ പറ്റുന്ന ഒന്നല്ല. അമ്മയ്ക്ക് തന്റെ കാര്യത്തിലുള്ള അശ്രദ്ധ അമ്മമ്മയുടെ അതിശ്രദ്ധയുമായി താരതമ്യപ്പെടുത്തുമ്പോൾ എത്ര ആശ്വാസകരമാണെന്ന് മനസ്സിലാവുന്നു. അമ്മമ്മ ഏതു നേരവും തന്റെ പിന്നാലെയാണ്. അച്ഛൻ അത്ര കുഴപ്പക്കാരനല്ല, പക്ഷേ അദ്ദേഹം ദൂരെ മുംബൈയിലാണ്. ഇതിൽ അല്പം ആത്മാവുള്ള കക്ഷി മുത്തച്ഛൻ മാത്രമാണ്. അമ്മമ്മ ഇഡ്ഡലി തിന്നാൻ നിർബ്ബന്ധിക്കുമ്പോഴും, കുളിപ്പിക്കാൻ പിടിച്ചുകൊണ്ടുപോകുമ്പോഴും തൽക്കാലത്തേയ്‌ക്കെങ്കിലും രക്ഷപ്പെടുത്തുന്നത് അദ്ദേഹമാണ്. വലിയ കാര്യമൊന്നുമില്ല. അര മണിക്കൂറിനുള്ളിൽ താൻ ഇഡ്ഡലിയ്ക്കു മുമ്പിലോ, മേലാസകലം എണ്ണയുമായി കുളിമുറിയിൽ അമ്മമ്മയുടെ സമരമുറകൾക്ക് ഇരയായി നിസ്സംഗതയോടെ നിൽക്കുകയോ ആവും. പിന്നെ നിരന്തരം സ്വീകരിക്കാൻ വിഷമമായ നിർദ്ദേശങ്ങളാണ്. എവിടെ പോകരുത്, എന്തു ചെയ്യരുത്, എന്തു ചെയ്യണം, എന്തു പറയണം. ഗതികെട്ടാൽ അപ്പു പറയുന്നു. | മൂന്നു വയസ്സു കഴിഞ്ഞപ്പോഴെ അപ്പുവിന് ഒരു കാര്യം വ്യക്തമായിരുന്നു. ലോകം താൻ വിചാരിക്കുന്ന മട്ടിൽ അത്ര എളുപ്പം ജീവിച്ചു പോകാൻ പറ്റുന്ന ഒന്നല്ല. അമ്മയ്ക്ക് തന്റെ കാര്യത്തിലുള്ള അശ്രദ്ധ അമ്മമ്മയുടെ അതിശ്രദ്ധയുമായി താരതമ്യപ്പെടുത്തുമ്പോൾ എത്ര ആശ്വാസകരമാണെന്ന് മനസ്സിലാവുന്നു. അമ്മമ്മ ഏതു നേരവും തന്റെ പിന്നാലെയാണ്. അച്ഛൻ അത്ര കുഴപ്പക്കാരനല്ല, പക്ഷേ അദ്ദേഹം ദൂരെ മുംബൈയിലാണ്. ഇതിൽ അല്പം ആത്മാവുള്ള കക്ഷി മുത്തച്ഛൻ മാത്രമാണ്. അമ്മമ്മ ഇഡ്ഡലി തിന്നാൻ നിർബ്ബന്ധിക്കുമ്പോഴും, കുളിപ്പിക്കാൻ പിടിച്ചുകൊണ്ടുപോകുമ്പോഴും തൽക്കാലത്തേയ്‌ക്കെങ്കിലും രക്ഷപ്പെടുത്തുന്നത് അദ്ദേഹമാണ്. വലിയ കാര്യമൊന്നുമില്ല. അര മണിക്കൂറിനുള്ളിൽ താൻ ഇഡ്ഡലിയ്ക്കു മുമ്പിലോ, മേലാസകലം എണ്ണയുമായി കുളിമുറിയിൽ അമ്മമ്മയുടെ സമരമുറകൾക്ക് ഇരയായി നിസ്സംഗതയോടെ നിൽക്കുകയോ ആവും. പിന്നെ നിരന്തരം സ്വീകരിക്കാൻ വിഷമമായ നിർദ്ദേശങ്ങളാണ്. എവിടെ പോകരുത്, എന്തു ചെയ്യരുത്, എന്തു ചെയ്യണം, എന്തു പറയണം. ഗതികെട്ടാൽ അപ്പു പറയുന്നു. | ||
Line 184: | Line 184: | ||
അപ്പു സ്വയം ആശ്വസിക്കാനായി പറഞ്ഞു. | അപ്പു സ്വയം ആശ്വസിക്കാനായി പറഞ്ഞു. | ||
− | + | {{EHK/Vellithirayilennapole}} | |
{{EHK/Works}} | {{EHK/Works}} |
Latest revision as of 15:28, 31 May 2014
ഒരു നാലു വയസ്സുകാരന്റെ പ്രശ്‌നങ്ങൾ | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | വെള്ളിത്തിരയിലെന്നപോലെ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 81 |
മൂന്നു വയസ്സു കഴിഞ്ഞപ്പോഴെ അപ്പുവിന് ഒരു കാര്യം വ്യക്തമായിരുന്നു. ലോകം താൻ വിചാരിക്കുന്ന മട്ടിൽ അത്ര എളുപ്പം ജീവിച്ചു പോകാൻ പറ്റുന്ന ഒന്നല്ല. അമ്മയ്ക്ക് തന്റെ കാര്യത്തിലുള്ള അശ്രദ്ധ അമ്മമ്മയുടെ അതിശ്രദ്ധയുമായി താരതമ്യപ്പെടുത്തുമ്പോൾ എത്ര ആശ്വാസകരമാണെന്ന് മനസ്സിലാവുന്നു. അമ്മമ്മ ഏതു നേരവും തന്റെ പിന്നാലെയാണ്. അച്ഛൻ അത്ര കുഴപ്പക്കാരനല്ല, പക്ഷേ അദ്ദേഹം ദൂരെ മുംബൈയിലാണ്. ഇതിൽ അല്പം ആത്മാവുള്ള കക്ഷി മുത്തച്ഛൻ മാത്രമാണ്. അമ്മമ്മ ഇഡ്ഡലി തിന്നാൻ നിർബ്ബന്ധിക്കുമ്പോഴും, കുളിപ്പിക്കാൻ പിടിച്ചുകൊണ്ടുപോകുമ്പോഴും തൽക്കാലത്തേയ്‌ക്കെങ്കിലും രക്ഷപ്പെടുത്തുന്നത് അദ്ദേഹമാണ്. വലിയ കാര്യമൊന്നുമില്ല. അര മണിക്കൂറിനുള്ളിൽ താൻ ഇഡ്ഡലിയ്ക്കു മുമ്പിലോ, മേലാസകലം എണ്ണയുമായി കുളിമുറിയിൽ അമ്മമ്മയുടെ സമരമുറകൾക്ക് ഇരയായി നിസ്സംഗതയോടെ നിൽക്കുകയോ ആവും. പിന്നെ നിരന്തരം സ്വീകരിക്കാൻ വിഷമമായ നിർദ്ദേശങ്ങളാണ്. എവിടെ പോകരുത്, എന്തു ചെയ്യരുത്, എന്തു ചെയ്യണം, എന്തു പറയണം. ഗതികെട്ടാൽ അപ്പു പറയുന്നു.
‘അമ്മമ്മ ന്റെ ബി.പി. കൂട്ടര്ത്.’
കേട്ടുവരുന്ന മുത്തച്ഛൻ അവന്റെ നാഡി പിടിച്ചു നോക്കുന്നു. ഗൗരവത്തിൽ തലയാട്ടുന്നു.
‘ശരിയാണ്. ബി.പി.ണ്ട്. എന്തിനാ ഈ കുട്ടിയ്ക്ക് ഇങ്ങിനെ ബി.പി.ണ്ടാക്കണത് അമ്മമ്മ? ആട്ടെ എന്റെ കയ്യിൽ മരുന്നുണ്ട്, തരാം.’
മുത്തച്ഛൻ എഴുന്നേറ്റു അകത്തു പോയി ചുമരിൽ തൂക്കിയിട്ട ഷർട്ടിൽ നിന്ന് ഗുളികകളടങ്ങുന്ന ഭംഗിയുള്ള പാക്കറ്റ് എടുത്തു. അതു ശരി! ഇതാണ് മുത്തച്ഛന്റെ ജാലവിദ്യയുടെ ഉറവിടം. ഇടയ്ക്കിടയ്ക്ക് കൈവഴക്കത്തോടെ ആകാശത്തുനിന്ന് എടുക്കുന്ന മിട്ടായികൾ ഇവിടെനിന്നാണല്ലേ വരുന്നത്. അതിനുശേഷം ജാലവിദ്യയുടെ ഭാഗം അപ്പുതന്നെ ഏറ്റെടുത്തു. വേദിയിലെത്താൻ ഒരു കസേല വലിച്ചിടണമെന്നു മാത്രം.
പോസ്റ്റ്മാൻ വന്നപ്പോൾ കുറച്ചു സസ്‌പെൻസുണ്ടായി. അയാൾ ചോദിച്ചു.
‘ആരാണ് ആനന്ദ്?’
മുംബൈയിൽനിന്ന് രണ്ടാഴ്ച മുമ്പ് വന്നശേഷം കത്തുകൾ വാങ്ങുന്ന ജോലി അപ്പുവിന്റെ കുത്തകയാണ്. അപ്പു പറഞ്ഞു.
‘ഞാനാണ്.’
പോസ്റ്റ്മാന്റെ മുഖത്ത് സംശയം.
‘മോന്റെ പേര് അപ്പൂന്നല്ലെ?’
‘എന്റെ പേര് അപ്പൂന്നാ, അല്ല ആനന്ദ് ന്നാ. എന്നെ വിളിക്കണ പേരാ അപ്പൂന്ന്.’
കണ്ടില്ലേ രണ്ടു പേരുണ്ടായതുകൊണ്ടുള്ള ആശയക്കുഴപ്പം? ഈ ഇരട്ടപ്പേര് തനിക്കൊരു ഇരട്ട വ്യക്തിത്വം നൽകുകയാണ്. അതിഥികൾ വന്നാൽ ചോദിക്കുന്നു.
‘മോനെവിടെ?’
അപ്പുവിനെ ആചാരപൂർവ്വം അവതരിപ്പിക്കുന്നു.
‘മോന്റെ പേരെന്താ?’
മടിച്ചു നിൽക്കുന്ന അപ്പുവിനെ അമ്മ പ്രോത്സാഹിപ്പിക്കുന്നു.
‘മോന്റെ പേര് പറഞ്ഞുകൊടുക്ക്.’
അവൻ സംശയിച്ചുകൊണ്ട് പറയുന്നു.
‘ആനന്ദ്.’
കാര്യമിങ്ങനെയാണ്. തന്നെ ആനന്ദ് എന്നു വിളിക്കുന്നവരോടും അപ്പു എന്നു വിളിക്കുന്നവരോടും രണ്ടുതരം പെരുമാറ്റമാണ് വേണ്ടത്. ആനന്ദ് എന്നു വിളിക്കുന്നവർ നഴ്‌സറി റൈം ചെല്ലാൻ പറഞ്ഞാൽ യാതൊരു സംശയവും കൂടാതെ തനിക്ക് മുഴുവനും അറിയുന്ന ഒരേയൊരു റൈമായ ‘ബാബാ ബ്ലാക് ഷീപ് ഹാവ്യു എനി വൂൾ…’ ചെല്ലണം. അമ്മയുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണ്. അവർ മിടുക്കൻ എന്നു പറഞ്ഞാൽ ‘താങ്ക് യു ആന്റി’ അല്ലെങ്കിൽ ‘താങ്ക് യു അങ്ക്ൾ’ എന്നു പറഞ്ഞ് പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാതെ സ്ഥലം വിടണം. മറിച്ച് അപ്പു എന്നു വിളിക്കുന്നവരുടെ അടുത്ത് യാതൊരു ഔപചാരികതയും ആവശ്യമില്ല. അതായത് തന്റെ ശരിക്കുള്ള സ്വഭാവം കാണിക്കാം. അമ്മയ്ക്കത് പ്രശ്‌നമാവുമെങ്കിലും.
ഒപ്പിട്ടു കൊടുക്കുക മുതലായ ചടങ്ങുകളെല്ലാം അമ്മയ്ക്ക് വിട്ടുകൊടുത്ത് പോസ്റ്റ്മാൻ തന്ന പാക്കറ്റുമായി അപ്പു അകത്തേയ്‌ക്കോടി. കാര്യമില്ല. പാക്കറ്റ് തുറക്കണമെങ്കിൽ അമ്മ തന്നെ വേണം. അച്ഛന്റെ ഒരു പാക്കിങ്! ഈ മുത്തച്ഛൻ ഇങ്ങിനെയുള്ള ആവശ്യങ്ങൾക്ക് സഹായിക്കാനുണ്ടാവില്ല. അമ്മ വന്നു, തന്റെ ക്ഷമ പരിശോധിച്ചുകൊണ്ട് പാക്കറ്റ് സാവധാനത്തിൽ അഴിച്ചു. ഭംഗിയുള്ള മഞ്ഞ ടീഷർട്ടും ട്രൗസറും. ഒപ്പം ഒരു ബർത്ത്‌ഡേ കാർഡും. നല്ല പിറന്നാൾ സമ്മാനം, പക്ഷേ അച്ഛന് കുറച്ചുകൂടി ഭാവനയുണ്ടാകുമെന്ന് അപ്പു പ്രതീക്ഷിച്ചിരുന്നു. സമ്മാനമായി കിട്ടേണ്ടത് എന്തെങ്കിലും കളിപ്പാട്ടങ്ങളാണ്, പിന്നെ ബോണസ്സായി ചോക്കളേറ്റും.
അപ്പു അല്പം നിരാശയോടെ എഴുന്നേറ്റു. അപ്പോഴാണ് അമ്മ പെട്ടിയുടെ അടിയിൽ ഉണ്ടായിരുന്ന തെർമോക്കോൾ കഷ്ണം പൊന്തിച്ചു നോക്കിയതും മൂന്നു ചോക്കളെറ്റ് ബാറുകളും രണ്ട് മിനിക്കാറുകളും പ്രത്യക്ഷപ്പെട്ടതും. അച്ഛന്റെ ഭാവനയെപ്പറ്റി പറഞ്ഞതെല്ലാം പിൻവലിച്ചിരിക്കുന്നു. അവൻ ഉടുപ്പും ചോക്കളേറ്റുകളും മാറ്റിവച്ച് തന്റെ കാർ ഫ്‌ളീറ്റിൽ പുതുതായി ചേർത്ത രണ്ടു കാറുകൾ ഓടിക്കാൻ തുടങ്ങി.
പിറന്നാൾ ദിവസം മറ്റെല്ലാ ദിവസത്തെയും പോലെ പിറന്നു. ഒരു മിനുറ്റ്… പറയാറായിട്ടില്ല. അമ്മമ്മയുടെ വരവുണ്ട്.
‘മോനെ ഇന്ന് മോന്റെ പിറന്നാളല്ലെ. നേരത്തെ കുളിച്ച് അമ്പലത്തിൽ പോണം. എണീക്ക്.’
ഞാൻ പറഞ്ഞില്ലെ? അപ്പു സ്വയം പറഞ്ഞു. രാവിലെ ഏഴുമണിയ്ക്ക് എഴുന്നേറ്റ് കുളിക്കുക! ഒരു നല്ല ദിവസത്തി ന്റെ തുടക്കത്തെപ്പറ്റി തനിക്കുള്ള സങ്കല്പമല്ല അമ്മമ്മയക്കുള്ളത്. ഇനി ഈ വയസ്സുകാലത്ത് അതു മാറ്റാൻ പറ്റുമോ? അമ്മമ്മയുടെ കയ്യിൽനിന്ന് അമ്മ എങ്ങിനെയാണ് രക്ഷപ്പെടുന്നത് എന്ന് പഠിക്കണമെന്ന് അപ്പു തീർച്ചയാക്കി. അമ്മമ്മ രാവിലെതൊട്ട് അമ്മയോട് കുളിക്കാൻ പറഞ്ഞുതുടങ്ങും, എന്നാലും അമ്മ കുളിക്കുന്നത് അടുക്കളയിലെ ജോലിയെല്ലാം കഴിഞ്ഞശേഷം പന്ത്രണ്ടു മണിക്കാണ്. അതും അന്ന് കുളിക്കാനുള്ള ഉദ്ദേശ്യമുണ്ടെങ്കിൽ മാത്രം.
മുത്തച്ഛന്റെ സമീപനവും തീരെ സഹായകമായിരുന്നില്ല. പിറന്നാൾ ദിവസം രാവിലെത്തന്നെ കുളിച്ച് അമ്പലത്തിൽ പോകണമെന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്. ഇനി ആരുടെ സഹായമാണ് തേടുക? അമ്മയുടെയോ? ശരിയായി! ദോശയുണ്ടാക്കുന്നതിനിടയിൽ ഉപദേശം തേടിയാൽ ഉപദേശത്തിനു പകരം കിട്ടുന്നത് ചന്തിമേൽ ചട്ടുകംകൊണ്ട് രണ്ടടിയായിരിക്കും. വിധിയോട് പൊരുത്തപ്പെടാൻ തന്നെ അപ്പു തീരുമാനിച്ചു.
അമ്പലത്തിൽവച്ച് അവൻ പ്രാർത്ഥിച്ചത് അമ്മമ്മയുടെ കിടികിടിയാക്കുന്ന സ്വഭാവം മാറ്റണേ എന്നാണ്. മറ്റെല്ലാ കാര്യങ്ങളും പ്രാർത്ഥിക്കാതെത്തന്നെ അവന് കിട്ടുന്നുണ്ട്. അച്ഛൻ വന്ന് തന്നേയും അമ്മയേയും വേഗം കൊണ്ടുപോകണമെന്നും അവൻ പ്രാർത്ഥിച്ചു. അപ്പോഴാണ് മുത്തച്ഛന്റെ ഓർമ്മ വന്നത്. മുത്തച്ഛനെ അവന് നല്ല ഇഷ്ടമായിരുന്നു. അതുപോലെത്തന്നെ അമ്മമ്മയേയും. പിന്നാലെ നടന്ന് സൈ്വരം കെടുത്തുന്ന പതിവില്ലെങ്കിൽ അമ്മമ്മയും നല്ലതുതന്നെ. അവരെ വിട്ടു പോകുന്ന കാര്യം ആലോചിക്കുമ്പോൾ വിഷമം. എന്തെങ്കിലുമാവട്ടെ അച്ഛൻ വന്ന് കൊണ്ടുപോകുന്ന ദിവസത്തിന്റെ കാര്യം അവൻ ദൈവത്തിനു വിട്ടുകൊടുത്തു.
അമ്പലത്തിൽനിന്നു തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് കണ്ടത്. അമ്മ മേശമേൽ പിറന്നാൾ കേക്ക് ഒരുക്കിയിരിക്കുന്നു. കേക്കിന്മൽ ഹാപ്പി ബർത്ത്‌ഡേ ടു ആനന്ദ് എന്നെഴുതി നാലു മെഴുകുതിരികൾ ഉറപ്പിച്ചത് കത്തിക്കാനുള്ള ശ്രമത്തിലാണ്. കേക്കു മുറിക്കാനുള്ള കത്തിയുടെ പിടിമേൽ ചുവപ്പു റിബ്ബൺ. എല്ലാം മുംബൈയിലെ ഫ്‌ളാറ്റിൽ ചെയ്യുന്നപോലെ. എല്ലാം? ഇല്ല അവന്റെ മുംബൈ കൂട്ടുകാരായ കുട്ടികളാരുമില്ല. ഉള്ളതാകട്ടെ വല്ല്യമ്മയുടെ മകൾ ശാലിനിയാണ്. അപ്പു മുഖം കനപ്പിച്ചു. ഇന്നലെ വൈകുന്നേരം അടിപിടികൂടി പോയതാണ്. ഇപ്പോൾ വന്നിരിക്കുന്നു! അമ്മ കൂട്ടിക്കൊണ്ടു വന്നതാവും.
ശാലിനി പറഞ്ഞു.
‘ഹാപ്പി ബർത്ത്‌ഡേ അപ്പൂ.’
ഇത് അമ്മ പഠിപ്പിച്ചുകൊടുത്തതാവാനെ വഴിയുള്ളൂ. ഇത്രയും സംസ്‌കാരമുള്ള വാക്കുകളൊന്നും ആ അഞ്ചുവയസ്സുകാരിയുടെ വായിൽ നിന്ന് വീഴാറില്ല. അവൻ മറുപടിയൊന്നും പറയാതെ മുഖം വീർപ്പിച്ചുനിന്നു. ഒരു പിറന്നാൾ ആഘോഷത്തിനു തുടക്കം കുറിക്കാൻ പറ്റിയ കമ്പനിയൊന്നുമല്ല മുമ്പിലുള്ളത്. അമ്മ വിളിച്ചു.
‘അപ്പൂ.’
ആ വിളിയിലെ നീട്ടലിൽ ഒളിച്ചിരുന്ന ഭീഷണി അവന്ന് അവഗണിക്കാൻ പറ്റിയില്ല. അവൻ ഓട്ടക്കണ്ണിട്ട് അമ്മയെ നോക്കി.
‘ശാലിനി വിഷ് ചെയ്തത് കേട്ടില്ലെ?’
അപ്പു തലയാട്ടി.
‘അവൾക്ക് താങ്ക്യു പറയൂ.’
അവൻ ചുറ്റും നോക്കി. തന്റെ ഭാഗത്താണെന്ന് വിശ്വസിക്കുന്ന മുത്തച്ഛനോ അമ്മമ്മയോ ചുറ്റുവട്ടമൊന്നും കാണാനില്ല. സ്ഥിതി കൂടുതൽ വഷളാകുന്നതിനുമുമ്പ് കാര്യം രമ്യമായി പരിഹരിക്കുന്നതായിരിക്കും ഭംഗി. അവൻ വളരെ ഔപചാരികമായി പറഞ്ഞു.
‘താങ്ക്യു.’
പക്ഷേ കേക്ക് മുറിച്ചപ്പോൾ ഏറ്റവും ചെറിയ കഷ്ണം ശാലിനിക്ക് കൊടുത്തുകൊണ്ട് അപ്പു പകരം വീട്ടി. അതുകൊണ്ട് കാര്യമില്ലെന്നറിയാം, കാരണം കേക്കിന്റെ പകുതിയും പോകുക വല്ല്യമ്മയുടെ വീട്ടിലേയ്ക്കു തന്നെയായിരിക്കും. അവിടെ ശാലിനിയുടെ സാമ്രാജ്യമാണ്. എങ്കിലും സ്വന്തം വിശ്വാസപ്രമാണങ്ങൾ കാത്തുസൂക്ഷിക്കാൻ ശ്രമം നടത്തിയെന്നെങ്കിലും ആശ്വസിക്കാമല്ലൊ.
ഉച്ചത്തെ സദ്യ ഗംഭീരമായിരുന്നു. മുംബൈയിൽ ഇത്ര നല്ല സദ്യയൊന്നും അവൻ കഴിച്ചിട്ടില്ല. ഊണുകഴിഞ്ഞപ്പോൾ ശാലിനിയുടെ പ്രലോഭനങ്ങൾക്കു വഴങ്ങി പാമ്പും കോണിയും കളിക്കാനിരുന്നു, തന്റെ കരുക്കൾ പാമ്പുകൾ വിഴുങ്ങുന്നതിനിടയിൽ എപ്പോഴോ ഉറങ്ങിപ്പോവുകയും ചെയ്തു.
എഴുന്നേറ്റപ്പോൾ സമയം വൈകുന്നേരമായിരുന്നു. അടുക്കളയിൽ അമ്മയുടെയും അമ്മമ്മയുടെയും ബഹളം കേൾക്കാനുണ്ട്. ആ ഭാഗത്തേയ്ക്കു പോകാൻ താല്പര്യമില്ലാതെ അവൻ ഉമ്മറത്തേയ്ക്കു നടന്നു. കോലായിൽ ഇരിക്കാറുള്ള മുത്തച്ഛനെ അവിടെ കണ്ടില്ല. ഇനി? വേണമെങ്കിൽ അടുക്കളയിൽ പോയി എന്തെങ്കിലും കാരണം പറഞ്ഞ് ബഹളമുണ്ടാക്കാം. അപ്പോഴാണ് മുത്തച്ഛന്റെ വിളി കേട്ടത്.
‘അപ്പൂ.’
മുത്തച്ഛൻ മുറ്റത്ത് നടക്കുകയാണ്. മുണ്ടും, തോളത്തിട്ട തോർത്തും വേഷം.
‘അപ്പു ഇവിടെ വാ.’
‘മുത്തച്ഛൻ എന്താ ചെയ്യണത്?’ അവൻ ചോദിച്ചു. എന്നും ഈ സമയത്ത് ഉമ്മറത്ത് ചാരുകസേലയിൽ ഇരിക്കാറുള്ള മുത്തച്ഛൻ ഇന്നെന്താണ് എഴുന്നേറ്റു നടക്കുന്നത്? അവൻ മുറ്റത്തേയ്ക്ക് ഇറങ്ങിച്ചെന്നു.
‘ഉച്ചയ്ക്ക് കുറച്ചു കൂടുതൽ ഊണുകഴിച്ചു.’ വയർ തലോടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ‘കുറച്ചു നേരം നടക്കട്ടെ.’
ശരിയാണ്, അപ്പുവിന് ഓർമ്മ വന്നു. മുത്തച്ഛൻ കുടുതൽ ഊണുകഴിച്ചിട്ടുണ്ട്. പാവം തോന്നിയിട്ടായിരിക്കണം അമ്മമ്മയുടെ സാധാരണ ഇടപെടൽ ഇന്നുണ്ടായിരുന്നില്ല. മുത്തച്ഛന്റെ വയർ നല്ലവണ്ണം വീർത്തിരുന്നു. പറഞ്ഞപ്പോഴാണ് ഓർത്തത്. താനും നന്നായി ഊണു കഴിച്ചിരുന്നു. പായസവും രണ്ടു ഗ്ലാസ്സ് കുടിച്ചിട്ടുണ്ട്. കുറച്ചു നടത്തം തനിക്കും ആകാം. അവൻ മുത്തച്ഛന്റെ ഒപ്പം നടക്കാൻ തുടങ്ങി. അമ്മമ്മ ഉമ്മറത്തു വന്ന് കുറച്ചുനേരം ഈ രംഗം വീക്ഷിച്ചു. മുത്തച്ഛന്റെ ഇടത്തുവശത്തായി പേരക്കുട്ടിയും നടക്കുന്നു. കൈകൾ പിന്നിൽ കെട്ടിക്കൊണ്ട് വലിയൊരാളെപ്പോലെയാണ് നടത്തം.
‘എന്താ മുത്തച്ഛനും പേരക്കുട്ടീം കൂടി നടക്ക്വാ?’
അവൻ അമ്മമ്മയെ ഒന്നു നോക്കി മുഖം തിരിച്ചു. അമ്മമ്മ പറയുന്ന എല്ലാ കാര്യങ്ങളും ഗൗരവമായി എടുക്കരുതെന്ന് അപ്പുവിന്നറിയാം. ഇത് അവനും മുത്തച്ഛനും കൂടിയുള്ള ഇടപാടാണ്. അതിൽ അമ്മമ്മയ്‌ക്കെന്തു കാര്യം? പിന്നീട് നടത്തം തുടർന്നപ്പോൾ ഒരു വീണ്ടുവിചാരത്തോടെ അവൻ പറഞ്ഞു. ഒരു കാര്യം പറഞ്ഞേയ്ക്കാം. ഇനി ഇതിൽ ഫെമിനിസമൊന്നും വലിച്ചിഴക്കേണ്ട.
‘എന്താ മോൻ പിറുപിറുക്കണത്?’ മുത്തച്ഛൻ ചോദിച്ചു.
‘ഒന്നുംല്ല്യ.’
അമ്മമ്മ പോയി. ഇത്രയേള്ളു കാര്യം. അവൻ സ്വയം പറഞ്ഞു.
മുത്തച്ഛൻ നിന്ന് അപ്പുവിന്റെ മുഖത്ത് കണ്ണടയുടെ വിടവിലൂടെ നോക്കി.
‘മോൻ എന്തോ പറയ്ണ്ണ്ട്‌ല്ലോ. എണീറ്റ്ട്ട് പാല് കുടിച്ച്വോ?’
‘പാലോ? ഞാൻ ചായ്യാണ് കുടിക്കാറ്. രാവിലെ മാത്രെ പാല് കുടിക്കൂ.’
‘എന്നാൽ വരൂ. നമുക്ക് അടുക്കളേല് പോയി നോക്കാം ചായ കിട്ട്വോന്ന്. മുത്തച്ഛൻ നാല് മണിക്ക് ഒരു ചായ കുടിച്ചു. ഇപ്പൊ ആറായില്ലെ. ഇനി മോന്റെ ഒപ്പം ഒരു ചായ കൂടി ആവാം.’
‘ഇപ്പൊ വേണ്ട മുത്തച്ഛാ, നമുക്ക് നടക്കാം.’
മുത്തച്ഛന്റെ ഒപ്പമുളള ആ നടത്തം അവന് ഇഷ്ടമായി.
അമ്മയും അമ്മമ്മയും അടക്കളയിൽ പാത്രങ്ങളുമായി പൊരുതുമ്പോൾ മുത്തച്ഛനും പേരക്കുട്ടിയും പുരുഷമേധാവിത്വത്തിന്റെ ചിഹ്നമായ സായാഹ്നസവാരി തുടർന്നു.
കുറച്ചുനേരം അങ്ങിനെ നടന്നപ്പോൾ ഒരു കുട്ടിയുടെ ശബ്ദം കേട്ടു.
‘വെശക്കുണൂ, എന്തെങ്കിലും തിന്നാൻ തര്വോ?’
അപ്പു ആലോചിച്ചു, ഇത് ഞാൻ പറയുന്നതല്ലല്ലോ. കാരണം തനിക്ക് വിശക്കുന്നില്ല. മുത്തച്ഛനും കരുതിയത് അപ്പുവാണത് പറഞ്ഞതെന്നായിരുന്നു. അദ്ദേഹം അവന്റെ മുഖത്തു നോക്കി. അവൻ തലയാട്ടി.
‘ഞാനൊന്നും പറഞ്ഞില്ല മുത്തച്ഛാ.’
അവർ തിരിഞ്ഞുനോക്കി.
ഗെയ്റ്റിൽ ഒരു കുട്ടി നിൽക്കുന്നു. അപ്പുവിനെക്കാൾ ഒന്നോ രണ്ടോ വയസ്സു കൂടുതൽ കാണും. ഒരു ട്രൗസർ മാത്രമിട്ട് ഇരുമ്പുഗെയ്റ്റിന്റെ അഴികൾ പിടിച്ച് അവൻ നില്ക്കുകയാണ്. അവർ ഗെയ്റ്റിലേയ്ക്കു നടന്നു. ഇരുണ്ട നിറം, എണ്ണമയമില്ലാത്ത പാറിപ്പറന്ന മുടി. മെലിഞ്ഞ ശരീരത്തിൽ ഒട്ടിയ വയർ വാചാലമായി.
‘വെശക്കുണു…’ അവൻ വീണ്ടും പറഞ്ഞു.
ഗെയ്റ്റിനടുത്തെത്തിയപ്പോൾ മുത്തച്ഛൻ പറഞ്ഞു.
‘പോ, പോ, ഇപ്പൊ ഒന്നുംല്ല്യ.’ പിന്നെ തന്നോടുതന്നെ എന്ന മട്ടിൽ പറഞ്ഞു. ‘സന്ധ്യാനേരത്ത് ഓരോരുത്തര് കേറി വരും. അശ്രീകരം.’
അപ്പു വല്ലാതായി. ആ കുട്ടിയുടെ സ്ഥിതി വളരെ കഷ്ടമായിരിക്കണം. താൻ ഉച്ചയ്ക്ക് സദ്യയുണ്ടതുകൊണ്ടാണ് ഇത്രയും നേരം വിശപ്പില്ലാതിരുന്നത്. എന്നിട്ടും ഇപ്പോൾ വിശന്നു തുടങ്ങിയിരിക്കുന്നു. മുത്തച്ഛന്റെ ഒപ്പം നടക്കാനുള്ള രസംകൊണ്ട് മാത്രമാണ് അടുക്കളയിലേയ്‌ക്കോടാതിരിക്കുന്നത്. ആ കുട്ടിയ്ക്ക് ശരിക്കും വിശക്കുന്നുണ്ടാവും. മുത്തച്ഛൻ അമ്മമ്മയെ വിളിച്ച് വല്ലതും കൊടുക്കാൻ പറയുമെന്നാണവൻ പ്രതീക്ഷിച്ചത്.
‘എന്തെങ്കിലും തരൂ, വെശന്നിട്ടാണ്.’ അവൻ കെഞ്ചുകയാണ്.
‘പോവാൻ പറഞ്ഞില്ലെ?’ മുത്തച്ഛൻ ശബ്ദമുയർത്തി.
അവൻ ഗെയ്റ്റിൽ പിടിച്ച മെലിഞ്ഞ കൈകൾ അടർത്തിയെടുത്തു തിരിഞ്ഞു. നിരത്തിലെത്തിയപ്പോൾ ഒരിക്കൽ തിരിഞ്ഞു നോക്കി. ഉള്ളവരുടെ ദയാദാക്ഷിണ്യമുണരുകയും അവനെ തിരിച്ചു വിളിക്കുകയും ചെയ്യുമെന്ന് ആ കുട്ടി കരുതിയിരിക്കണം. തിരിച്ചുവിളിയുണ്ടായില്ല.
മുത്തച്ഛൻ തിരിച്ചു നടക്കാൻ തുടങ്ങി. അപ്പു ഗെയ്റ്റും പിടിച്ചുകൊണ്ട് നിന്നു. അവന്റെ മുഖം വാടിയിരുന്നു. അപ്പു കുറച്ചുനേരം എന്തോ ആലോചിച്ചു. മുംബൈയിൽ അവന്റെ വീടിനെപ്പറ്റി, അച്ഛനെപ്പറ്റി, അവന്റെ നഴ്‌സറി സ്‌കൂളിനെപ്പറ്റി. രാവിലെ ഏഴു മണിയ്ക്ക് പ്രാതൽ കഴിഞ്ഞ് സ്‌കൂളിൽ പോകുമ്പോൾ സ്‌കൂൾബാഗിൽ രണ്ട് ലഞ്ചു ബോക്‌സുകളുണ്ടാവും. സ്‌കൂളിലെത്തിയാലുടൻ ഒരെണ്ണം തുറന്ന് കാലിയാക്കുന്നു. സ്‌കൂൾ ബസ്സിൽവെച്ച് ലഞ്ചു ബോക്‌സ് തുറക്കുന്നവരും ഉണ്ട്. രണ്ടാമത്തേത് പതിനൊന്നു മണിയ്ക്ക് ലഞ്ചുടൈമിലും. അതുകഴിഞ്ഞ് ഒരു മണിയ്ക്ക് യാത്ര തുടങ്ങുന്ന സ്‌കൂൾ ബസ്സ് എല്ലായിടത്തും കറങ്ങി കുട്ടികളെ ഇറക്കി അപ്പു താമസിക്കുന്നിടത്തെത്തുമ്പോൾ സമയം ഒന്നരയാകുന്നു. സ്‌കൂൾ ബാഗ് വലിച്ചറിഞ്ഞ് അടുക്കളയിലേയ്‌ക്കോടി ഫ്രിജ്ജിൽനിന്നോ, അലമാറികളിൽനിന്നോ കിട്ടാവുന്നതൊക്കെയെടുത്ത് വാരിത്തിന്നുന്നു. കടും വിശപ്പ് ഒരുമാതിരി മാറിയാലെ, അപ്പോഴേയ്ക്ക് അമ്മ മേശപ്പുറത്ത് നിരത്തിയ ഭക്ഷണത്തിനു മുമ്പിലിരിക്കൂ.
രണ്ടു ചാൽ നടന്നശേഷം മുത്തച്ഛൻ അവന്റ അടുത്തു വന്ന് ചോദിച്ചു.
‘എന്താ മോൻ നടക്ക്ണ്‌ല്ല്യേ?’
അവന്റെ മറുപടി കിട്ടാതിരുന്നപ്പോൾ മുത്തച്ഛൻ ചോദിച്ചു.
‘എന്താ അപ്പൂ?’
അവന്റെ മുഖം അപ്പോഴാണ് മുത്തച്ഛൻ ശ്രദ്ധിക്കുന്നത്. അദ്ദേഹം ചോദിച്ചു.
‘എന്താ അപ്പൂന്റെ മുഖത്തൊരു വല്ലായ?’
‘മുത്തച്ഛനെന്താ ആ കുട്ടിക്ക് ഒന്നും കൊടുക്കാതിരുന്നത്? അവന് നല്ല വെശപ്പ്ണ്ട്ന്ന് തോന്നുണു.’
‘മോനെ, സന്ധ്യയ്ക്ക് വിളക്കു കൊളുത്തണ നേരത്ത് ഭിക്ഷ കൊടുക്കാൻ പാടില്ല. അശ്രീകരാണ്.’
‘പക്ഷേ മുത്തച്ഛാ അവന് നല്ല വെശപ്പ്ണ്ടായിരുന്നു. അതോണ്ടല്ലെ അവൻ ചോദിച്ചത്?’
മുത്തച്ഛൻ ഒന്നും പറഞ്ഞില്ല.
അപ്പു ആലോചിക്കുകയായിരുന്നു. മുതിർന്നവർക്കു മനസ്സിലാവാത്ത വിശപ്പിനെപ്പറ്റി. അവൻ പറഞ്ഞു.
‘മുത്തച്ഛാ…’
‘എന്താ മോനേ.’
‘ഞാനാണ്‌പ്പൊ ആ കുട്ടിടെ സ്ഥാനത്ത് ഇങ്ങനെ നടക്ക്ണ്ച്ചാലോ? എന്നിട്ട് ഈ വീട്ടിലെത്ത്യാ അപ്പഴും മുത്തച്ഛൻ ഇത് പറയ്വോ?’
‘അയ്യോ, മോൻ എന്തൊക്ക്യാണ് പറേണത്?’ അദ്ദേഹം അവനെ കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു. ഒരു നിമിഷം എന്താണ് ചെയ്യേണ്ടതെന്നറിയാതെ പകച്ചു നിന്നശേഷം അദ്ദേഹം ഗെയ്റ്റ് തുറന്ന് നിരത്തിലേയ്ക്കിറങ്ങി. ധൃതിയിൽ ആ കുട്ടി പോയ വഴിയിൽ കുറച്ചു നേരം നടന്നു. ഒപ്പം അപ്പുവുമുണ്ടായിരുന്നു. പക്ഷേ ആ കുട്ടി എവിടെയുമുണ്ടായിരുന്നില്ല. ഒരഞ്ചു മിനിറ്റുനേരത്തെ തിരച്ചിലിനു ശേഷം തിരിച്ചു നടക്കുമ്പോൾ മുത്തച്ഛൻ അദ്ഭുതപ്പെട്ടു.
‘അല്ലാ, ഇത്രവേഗം അവൻ എങ്ങോട്ടു പോയി?’
‘ആർക്കെങ്കിലും സങ്കടം തോന്നി അവന് ഭക്ഷണം കൊട്ക്ക്ണ്ണ്ടാവും.’
അപ്പു സ്വയം ആശ്വസിക്കാനായി പറഞ്ഞു.
|