close
Sayahna Sayahna
Search

Difference between revisions of "ആസക്തിയുടെ അഗ്നിനാളങ്ങൾ‍ 19"


(Created page with " ജ്ഞാനാനന്ദൻ തന്നെ ഒഴിവാക്കി നടക്കുകയാണെന്നു സരളയ്ക്കു തോന്നി. ...")
 
 
Line 1: Line 1:
 
+
{{EHK/AsaktiyudeAgninalangal}}
 
+
{{EHK/AsaktiyudeAgninalangalBox}}
 
ജ്ഞാനാനന്ദൻ തന്നെ ഒഴിവാക്കി നടക്കുകയാണെന്നു സരളയ്ക്കു തോന്നി. ഹാളിൽ ഭക്ഷണസമയത്തോ, ഗുരുവിന്റെ പർണ്ണശാലയിൽ പൂജാസമയത്തോ, പ്രഭാഷണവേളയിലോ ജ്ഞാനാനന്ദനെ കാണുമ്പോൾ അവൾ ചോദ്യപൂർവം നോക്കും. അവൻ ചിരിക്കും. അത്രമാത്രം. സരളയുടെ ഒപ്പം ഒറ്റയ്ക്കാവാൻ അവൻ ഭയപ്പെടുന്ന പോലെ തോന്നി. അവൾക്കാകട്ടെ ധാരാളം സംസാരിക്കാനുമുണ്ടായിരുന്നു.
 
ജ്ഞാനാനന്ദൻ തന്നെ ഒഴിവാക്കി നടക്കുകയാണെന്നു സരളയ്ക്കു തോന്നി. ഹാളിൽ ഭക്ഷണസമയത്തോ, ഗുരുവിന്റെ പർണ്ണശാലയിൽ പൂജാസമയത്തോ, പ്രഭാഷണവേളയിലോ ജ്ഞാനാനന്ദനെ കാണുമ്പോൾ അവൾ ചോദ്യപൂർവം നോക്കും. അവൻ ചിരിക്കും. അത്രമാത്രം. സരളയുടെ ഒപ്പം ഒറ്റയ്ക്കാവാൻ അവൻ ഭയപ്പെടുന്ന പോലെ തോന്നി. അവൾക്കാകട്ടെ ധാരാളം സംസാരിക്കാനുമുണ്ടായിരുന്നു.
  
Line 95: Line 95:
 
രാത്രി വളർന്നു. രതിമൂർച്ഛയുടെ നിമിഷങ്ങളിൽ, രജനിയുടെ ഗന്ധങ്ങൾ, ഭാവങ്ങൾ ആവാഹിക്കുന്ന ആകാശത്തിനു താഴെ പാറക്കെട്ട് ഒരു കിടപ്പറയായും, മലനിരകൾ നാലുകെട്ടായും മാറി. പാതിയടഞ്ഞ കണ്ണുകളോടെ കിടക്കുന്ന സരളയുടെ മുഖം ജ്ഞാനാനന്ദനിൽ ജന്മാന്തര സ്മരണകളുണർത്തി.
 
രാത്രി വളർന്നു. രതിമൂർച്ഛയുടെ നിമിഷങ്ങളിൽ, രജനിയുടെ ഗന്ധങ്ങൾ, ഭാവങ്ങൾ ആവാഹിക്കുന്ന ആകാശത്തിനു താഴെ പാറക്കെട്ട് ഒരു കിടപ്പറയായും, മലനിരകൾ നാലുകെട്ടായും മാറി. പാതിയടഞ്ഞ കണ്ണുകളോടെ കിടക്കുന്ന സരളയുടെ മുഖം ജ്ഞാനാനന്ദനിൽ ജന്മാന്തര സ്മരണകളുണർത്തി.
  
 
+
{{EHK/AsaktiyudeAgninalangal}}
 
{{EHK/Works}}
 
{{EHK/Works}}

Latest revision as of 07:00, 1 June 2014

ആസക്തിയുടെ അഗ്നിനാളങ്ങൾ‍ 19
EHK Novel 02.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ആസക്തിയുടെ അഗ്നിനാളങ്ങൾ‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 41

ജ്ഞാനാനന്ദൻ തന്നെ ഒഴിവാക്കി നടക്കുകയാണെന്നു സരളയ്ക്കു തോന്നി. ഹാളിൽ ഭക്ഷണസമയത്തോ, ഗുരുവിന്റെ പർണ്ണശാലയിൽ പൂജാസമയത്തോ, പ്രഭാഷണവേളയിലോ ജ്ഞാനാനന്ദനെ കാണുമ്പോൾ അവൾ ചോദ്യപൂർവം നോക്കും. അവൻ ചിരിക്കും. അത്രമാത്രം. സരളയുടെ ഒപ്പം ഒറ്റയ്ക്കാവാൻ അവൻ ഭയപ്പെടുന്ന പോലെ തോന്നി. അവൾക്കാകട്ടെ ധാരാളം സംസാരിക്കാനുമുണ്ടായിരുന്നു.

വീണ്ടും മഴപെയ്തു. മഴത്തുള്ളികൾ പാറക്കെട്ടുകളിൽ വീണുകൊണ്ടിരിക്കുന്നതു സരള മനസ്സിൽ കണ്ടു. ഇടിയുടെ ശബ്ദം അവളെ ഭയപ്പെടുത്തിയില്ല. താഴെ, മഴയാൽ കഴുകപ്പെട്ട പാറക്കെട്ടും പുനർജനീതീർഥവും അവളെ കാത്തുനിന്നു.

രാവിലെ അവൾ ഹാളിൽ പ്രാതലിനു പോയില്ല. ഒറ്റയ്ക്കിരിക്കാൻ തോന്നി. ആൾക്കൂട്ടത്തിൽ നിന്നുമകന്ന് ഏകയായി ഇരിക്കാൻ. അന്തേവാസികൾ ഹാളിൽ ഒത്തുകൂടിയ സമയത്ത് അവൾ പുറത്തിറങ്ങി, നനവുള്ള പാതയിലൂടെ നഗ്നപാദയായി നടന്നു. കാറ്റിൽ ഇലകളുടെയും പൂക്കളുടെയും ഗന്ധമുണ്ടായിരുന്നു. ആ ഗന്ധം ആസ്വദിച്ച് അവൾ നടന്നു.

പാറക്കെട്ടു കരിയിലകൾ പോലുമില്ലാതെ വൃത്തിയായി കിടന്നു. പുനർജനീതീർത്ഥം കുറച്ചുകൂടി വണ്ണത്തിൽ ആണ് വീണൊഴുകുന്നത്. അവൾ പാറമേൽ ചമ്രം പടിഞ്ഞിരുന്നു.

ജ്ഞാനാനന്ദൻ വരുമെന്നവൾക്കറിയാം. ഹാളിൽ കണ്ടില്ലെങ്കിൽ അന്വേഷിച്ചു മുറിയിൽ വരാതിരിക്കില്ല. അവിടെയും കണ്ടില്ലെങ്കിൽ എവിടെയാണുണ്ടാവുക എന്നവൻ ഊഹിക്കും.

ഇനി അവൻ വന്നില്ലെങ്കിലോ?

എന്താണ് ചെയ്യാനുള്ളതെന്നവൾ തീർച്ചയാക്കിക്കഴിഞ്ഞിരുന്നു. അവൾക്കു മനസ്സിൽ ശാന്തി അനുഭവപ്പെട്ടു. ജീവിതത്തിൽ ഒരിക്കലും ലഭിക്കാതിരുന്ന പ്രശാന്തി. അവൾ കണ്ണടച്ചിരുന്നു. ധ്യാനത്തിലെന്നപോലെ.

ജ്ഞാനാനന്ദൻ വരികതന്നെ ചെയ്തു. പാറയ്ക്കു മുകളിൽനിന്ന് അവൻ കണ്ണടച്ചു ധ്യാനത്തിലിരിക്കുന്ന സരളയെ നോക്കി. അവന്റെ മനസ്സ് ആർദ്രമായി. പാറക്കെട്ടുകൾ ഇറങ്ങിക്കൊണ്ടവൻ വിളിച്ചു.

‘ചേച്ചീ…’

അവൾ കണ്ണുതുറന്നു. അവളുടെ മുഖം ദീപ്തമായി. കാറ്റുവീശിയ കനലെന്നപോലെ അതു ജ്വലിച്ചു. ഉറങ്ങിക്കിടന്ന ഇന്ദ്രിയങ്ങൾ ഉണർന്നു തൃഷ്ണയെ ജ്വലിപ്പിച്ചു.

‘ചേച്ചി എന്താണിവിടെ ചെയ്യുന്നത്?’

പകുതി യുദ്ധം ജയിച്ചുകഴിഞ്ഞ സേനാനിയെപ്പോലെ അവൾ ചിരിച്ചു.

‘നീ വരുമെന്നെനിക്കറിയാം.’

പാറയുടെ ഒരരികിൽ ഇരുന്നുകൊണ്ട് ജ്ഞാനാനന്ദൻ ചോദിച്ചു.

‘ചേച്ചി എന്താണ് പ്രാതലിനു വരാതിരുന്നത്.’

സരള ആലോചിച്ചു. ഞാൻ എന്താണ് പ്രാതൽ കഴിക്കാതിരുന്നത്. എന്തിനാണിവിടേക്ക് ഇറങ്ങിപ്പുറപ്പെട്ടത്? എന്താണ് അന്വേഷിക്കുന്നത്? ഈ ചോദ്യങ്ങൾക്കു മുമ്പിൽ ഉത്തരമില്ലാതെ അവൾ ഇരുന്നു. നിമിഷങ്ങൾക്കു ശേഷം അവൾ പറഞ്ഞു.

‘ഞാൻ എന്താണ്, എന്തിനു ജീവിക്കുന്നു എന്നറിയാതെ ഭക്ഷണം കഴിക്കില്ലെന്നാണു തീർച്ചയാക്കിയിട്ടുള്ളത്. ഒന്നുകിൽ എനിക്ക് ഉത്തരം കിട്ടണം. അല്ലെങ്കിൽ ഇതെന്റെ അവസാനമാവണം.’

ജ്ഞാനാനന്ദനു സരള പറഞ്ഞത് ഇഷ്ടപ്പെട്ടു. ഞാനാരാണെന്നല്ല എന്താണെന്നാണ് അവരുടെ ചോദ്യം. ഋഷിതുല്യനായ ഒരാൾക്കു മാത്രം ചോദിക്കാൻ കഴിയുന്ന ചോദ്യമാണു യാതൊരു ബൗദ്ധികപശ്ചാത്തലവുമില്ലാത്ത ഒരു സാധാരണ സ്ത്രീ ചോദിക്കുന്നത്. അവരുടെ ചേതോവികാരം എന്തുതന്നെയാവട്ടെ തനിക്കതിനുള്ള ഉത്തരം ഇല്ലെന്നു ജ്ഞാനാനന്ദൻ കണ്ടു. അവൻ പറഞ്ഞു.

‘ചേച്ചി വരൂ, ഭക്ഷണം കഴിക്കൂ, മറ്റുള്ള അന്തേവാസികളെപ്പോലെ പെരുമാറൂ’.

‘ഞാൻ വരുന്നില്ല.’

ജ്ഞാനാനന്ദൻ ധർമ്മസങ്കടത്തിലായി. എന്തുകൊണ്ടോ അവന് ആ പാറക്കെട്ട് ഭയമായിരിക്കുന്നു. അവിടെ അധികനേരം നിൽക്കാൻ അവനു താൽപര്യമുണ്ടായിരുന്നില്ല. സരളയെ അവിടെ ഒറ്റയ്ക്കിട്ടു പോകാനും തോന്നുന്നില്ല.

‘ചേച്ചി വരൂ, നമുക്കു ഗുരുവിനോടു സംസാരിക്കാം, എന്തെങ്കിലും വഴിയുണ്ടാകും.’

‘ഞാൻ വരുന്നില്ല.’

ജ്ഞാനാനന്ദൻ എഴുന്നേറ്റ് അവളുടെ നേരെ കൈനീട്ടിക്കൊണ്ടു പറഞ്ഞു.

‘വരൂ.’

പെട്ടെന്നു കാറ്റിന്റെ വേഗത്തിൽ അവൾ ആ കൈകൾ പിടിച്ച് അവനെ തന്നിലേക്ക് വലിച്ചു. അടിതെറ്റാതിരിക്കാൻ ജ്ഞാനാനന്ദന് അവളുടെ അരികിൽ കൈകുത്തി ഇരിക്കേണ്ടിവന്നു. അവൾ തിരിഞ്ഞ് അവന്റെ മുഖം രണ്ടു കൈകൊണ്ടും പിടിച്ചു ചുണ്ടുകളിൽ ചുംബിച്ചു.

സരള ചെയ്തത് അവനെ അമ്പരിപ്പിച്ചു. എന്താണു സംഭവിക്കുന്നത് എന്നറിയുന്നതിനു മുമ്പ് അവൻ അവളുടെ കൈകളിലെത്തിയിരുന്നു. അവൻ വല്ലാതെ ക്ഷോഭിച്ചു. കുതറി എഴുന്നേറ്റുകൊണ്ട് അവൻ പറഞ്ഞു.

‘ചേച്ചി എന്താണീ ചെയ്യുന്നത്, ഞാൻ പോകുന്നു.’

അവൻ ധൃതിയിൽ പാറകൾ ചവിട്ടിക്കയറി, തിരിഞ്ഞുനോക്കാതെ നടന്നു.

സരള ഖിന്നയായി ഇരുന്നു. ജ്ഞാനാനന്ദനെ തിരിച്ചുവിളിക്കാൻ അവൾ ശ്രമിച്ചില്ല. കാര്യമില്ലെന്നറിയാം.

വെയിൽ മൂത്തു. പേരാലിന്റെ ചില്ലകളിലൂടെ അവളെ തേടിവന്ന വെയിൽ നാളങ്ങൾ ചൂടുള്ളവയായിരുന്നു. തപ്തമായ മനസുമായി അവൾ ഇരുന്നു. സൂര്യൻ ആകാശത്തിന്റെ പകുതി ഭാഗം യാത്രചെയ്തപ്പോഴും സരള അനങ്ങാതെ ഇരിക്കയായിരുന്നു.

പെട്ടെന്ന് ഒരു തീരുമാനമെടുത്തപോലെ അവൾ എഴുന്നേറ്റു പാറക്കെട്ടിനു നടുവിൽ വന്നു നിന്നു. ഒരനുഷ്ഠാനകർമ്മം പോലെ അവൾ പുടവ അഴിക്കാൻ തുടങ്ങി. പുടവ അഴിച്ചു വലിച്ചെറിഞ്ഞശേഷം അവൾ ബ്ലൗസിന്റെ കുടുക്കുകൾ വിടുവിച്ച് അഴിച്ചുമാറ്റി. അടിവസ്ത്രങ്ങൾ പാറകളിൽ ചിതറിക്കിടന്നു.

തുമ്പിക്കൈ വണ്ണത്തിലുള്ള നീർച്ചാലിനു താഴെ അവൾ നിന്നു. പുനർജനീതീർത്ഥത്തിന്റെ ശാപത്തെപ്പറ്റി അവൾ ആലോചിച്ചില്ല. തപ്തമായ മനസ്സും ദേഹവും തണുക്കുന്നതുവരെ അവൾ ജലധാരയ്ക്കു കീഴിൽ നിന്നു. പിന്നെ തോർത്തുകകൂടി ചെയ്യാതെ തിരിച്ചു പാറമേൽ വന്നു ചമ്രംപടിഞ്ഞിരുന്നു കണ്ണുകളടച്ചു.

ജന്മാന്തരങ്ങളുടെ നോവ് ഒരു കിനാവായി അവളുടെ കൺമുമ്പിലൂടെ കടന്നുപോയി. അനാദിയായ ദുഃഖത്തിന്റെ അനന്തമായ പരമ്പരകൾ, ശാപമോക്ഷം കിട്ടാതിരുന്ന സ്മൃതികൾ.

പർണ്ണശാലയുടെ മുറ്റത്തു ജ്ഞാനാനന്ദൻ കൂനിക്കൂടിയിരുന്നു. ഉച്ചഭക്ഷണത്തിനും സരള വന്നില്ല. അവൾ മുറിയിലെത്തിയിട്ടില്ലെന്ന് അവൻ മനസ്സിലാക്കിയിരുന്നു. സരള എന്തു ചെയ്യുകയായിരിക്കുമെന്ന് ഓർക്കാതിരിക്കാൻ അവൻ ശ്രമിച്ചു.

സൂര്യൻ പടിഞ്ഞാറു വൃക്ഷങ്ങൾക്കിടയിൽ മറഞ്ഞു. പ്രഭാഷണം കഴിഞ്ഞു തിരിച്ചെത്തിയ ഗുരു കൂനിക്കൂടിയിരിക്കുന്ന ശിഷ്യനെ ഒന്നുനോക്കി അകത്തുകടന്നു. ജ്ഞാനാനന്ദൻ എഴുന്നേറ്റു ഹോമകുണ്ഡത്തിൽ വിറകുകഷണങ്ങൾ അടുക്കാൻ തുടങ്ങി. അവന്റെ മുഖം മ്ലാനമാണ്. ഇച്ഛാശക്തി നഷ്ടപ്പെട്ടവനെപ്പോലെ അവൻ സാവധാനത്തിൽ വിറകിൻ കഷണങ്ങൾ ഒതുക്കിവച്ചു.

ഹോമകുണ്ഡം കൊളുത്തി, ശേഷം ജോലി പടിഞ്ഞാറുനിന്നു വരുന്ന കാറ്റിനെ ഏൽപ്പിച്ചു ജ്ഞാനാനന്ദൻ പുറത്തിറങ്ങി. ഒരു സ്വപ്‌നാടനത്തിലെന്നപോലെ അവൻ നടന്നു.

പാറക്കെട്ടിനു മുകളിൽ അവൻ നിമിഷനേരം നോക്കിനിന്നു. പാറമേൽ സരള ചമ്രം പടിഞ്ഞിരിക്കയാണ്. അവളുടെ നഗ്നമേനിയിൽ നാട്ടുവെളിച്ചം തുടിച്ചുനിന്നു. ആ കാഴ്ച ജ്ഞാനാനന്ദനെ വേദനിപ്പിച്ചു. അവൻ സാവധാനത്തിൽ പാറകളിറങ്ങി.

സരള കണ്ണുതുറന്നു. കണ്ണിൽ ഉരുണ്ടുവന്ന ജലകണങ്ങൾ കടക്കൺകോണിലൂടെ കവിളിലേക്കുരുണ്ടു, ചന്ദന നിറമുള്ള സ്തനങ്ങളിൽ ഇറ്റുവീണു.

‘ഇതെന്തു ശിക്ഷയാണു ചേച്ചി?’

അവൾ ഒന്നും പറയാതെ ജ്ഞാനാനന്ദനെ നോക്കിയിരുന്നു.

‘ചേച്ചി എഴുന്നേറ്റു വസ്ത്രം ധരിക്കൂ.’

അവൾ അനങ്ങാതെ നിർന്നിമേഷം ഇരുന്നു. ജ്ഞാനാനന്ദൻ അവളുടെ അടുത്തുപോയി ഇരുന്നു, അവളുടെ കൈ തന്റെ കൈകളിൽ എടുത്തു. അവൾ അനങ്ങിയില്ല.

‘ചേച്ചിയുടെ പരിഭവം മാറ്റാൻ ഞാൻ എന്താണു ചെയ്യേണ്ടത്?’

സരളയുടെ കണ്ണിൽനിന്നു കണ്ണീർ ധാരയായൊഴുകി. അവൾ അനാസക്തയായി ഇരുന്നു. ജ്ഞാനാനന്ദൻ അവളുടെ മുഖം കൈകളിലെടുത്തു വിറയ്ക്കുന്ന ചുണ്ടുകളിൽ തന്റെ ചുണ്ടുകൾ ചേർത്തു.

ആസക്തിയുടെ പരുക്കൻ പാറമേൽ വീണുരുളുമ്പോൾ ജ്ഞാനാനന്ദൻ ഓർത്തതു കഴുത്തിലെ രുദ്രാക്ഷമാലയെപ്പറ്റിയായിരുന്നു. കൈ സ്വതന്ത്രമായ ഒരു നിമിഷത്തിൽ അവൻ ആ മാല പൊട്ടിച്ചു കാട്ടിലേക്കെറിഞ്ഞു.

രാത്രി വളർന്നു. രതിമൂർച്ഛയുടെ നിമിഷങ്ങളിൽ, രജനിയുടെ ഗന്ധങ്ങൾ, ഭാവങ്ങൾ ആവാഹിക്കുന്ന ആകാശത്തിനു താഴെ പാറക്കെട്ട് ഒരു കിടപ്പറയായും, മലനിരകൾ നാലുകെട്ടായും മാറി. പാതിയടഞ്ഞ കണ്ണുകളോടെ കിടക്കുന്ന സരളയുടെ മുഖം ജ്ഞാനാനന്ദനിൽ ജന്മാന്തര സ്മരണകളുണർത്തി.